നിന്റെ ഭാര്യ വീട്ടുകാരെ സംരക്ഷിക്കുന്നതാണ് നിന്റെ ആവശ്യം..! നിന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്

മരുമകൻ
(രചന: കാശി)

” എന്നാലും നീ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ..? നിന്നെ വളർത്തി ഇത്രയും വലുതാക്കിയത് കൊണ്ട് എനിക്ക് എന്ത് ലാഭമാണ്..?

ജോലി ചെയ്ത പണം പോലും വീട്ടിലേക്ക് വരാറില്ല.. അതൊക്കെ കൈനീട്ടി വാങ്ങാൻ വേറെ ആളുകൾ ഉണ്ടല്ലോ.. ”

അമ്മയുടെ പതം പറച്ചിൽ കേൾക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നുണ്ടായിരുന്നു.

” അമ്മ ഇത് എന്തൊക്കെയാ വിളിച്ചു പറയുന്നത്..? അനാവശ്യമായി ഒരു രൂപയെങ്കിലും ചെലവാക്കുന്നതായിട്ട് അമ്മയ്ക്ക് അറിയാമോ..? ”

നിവർത്തികെട്ട് ചോദിച്ചു പോയി.” അപ്പോൾ നീ ചെലവാക്കുന്നത് മുഴുവൻ ആവശ്യങ്ങൾക്കാണ് എന്നാണോ നീ പറയുന്നത്..? “അമ്മ രൂക്ഷമായി ചോദിച്ചു.

“അതെ ആവശ്യങ്ങൾക്ക് തന്നെയാണ് ചെലവാക്കുന്നത്.”ഒട്ടും മടിക്കാതെ മറുപടി കൊടുത്തു. അതോടെ അമ്മയുടെ ഭാവം മാറി..

” നിന്റെ ഭാര്യ വീട്ടുകാരെ സംരക്ഷിക്കുന്നതാണ് നിന്റെ ആവശ്യം..! നിന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്.. അതിൽ നിന്ന് ഒളിച്ചോടി കൊണ്ട് നീ നിന്റെ ഭാര്യ വീട്ടുകാരെ സംരക്ഷിക്കുന്നതു എന്തിനാണ്..?”

ദേഷ്യത്തോടെ അമ്മ ചോദിക്കുമ്പോഴാണ് ഇത്രയും നേരത്തെ പ്രകടനത്തിന് പിന്നിലുള്ള കാരണം മനസ്സിലായത്.

” എന്റെ വീട്ടുകാരെ എന്റെ ഭാര്യ സ്വന്തമായി കാണുന്നുണ്ടെങ്കിൽ, അവളുടെ വീട്ടുകാരെ ഞാനും സ്വന്തമായി കാണണ്ടേ..? ഞാൻ പണം ചെലവഴിക്കുന്നുണ്ടെങ്കിൽ അത് എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ്.. ”

അപ്പോഴേക്കും അമ്മ പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു.”അമ്മയുടെ ഈ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായി.ഞാൻ അവരെ എത്രയൊക്കെ സ്വന്തമായി കാണാൻ ശ്രമിച്ചാലും, നാട്ടുകാരുടെയും എന്തിനധികം പറയുന്നു എന്റെ അമ്മയുടെ കണ്ണിൽ വരെ അവർക്ക് ഞാൻ മരുമകൻ ആണ്..

ഒരു മരുമകൾക്ക് മകൾ ആകാമെങ്കിൽ, മരുമകന് മകനുമാകാം..”അവന്റെ വാക്കുകൾ കേൾക്കവേ അമ്മയ്ക്ക് അവനോട് പരിഹാസം ആണ് തോന്നിയത്.

“നീ എന്ത് കാര്യത്തിനാണ് അവർക്കുവേണ്ടി ചെലവഴിക്കുന്നത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല. സ്ത്രീധനം ഒന്നും തരാതെ ആ പെണ്ണിനെ നിന്റെ മേൽ കെട്ടിവച്ചതാണ് എന്ന് ഞാൻ പറഞ്ഞാൽ നിനക്ക് എതിർക്കാൻ പറ്റുമോ..? ”

അമ്മ പരിഹസിച്ചു.” അമ്മേ..അമ്മ തല മറന്ന് എണ്ണ തേക്കരുത്.ഈ പറയുന്ന എനിക്ക് എന്ത് യോഗ്യത ഉണ്ടായിട്ടാണ് അവളെപ്പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടിയത്..? അവൾ നല്ല ശമ്പളം വാങ്ങുന്ന ഒരു ജോലിക്കാരിയാണ്. അതും ഒരു ഗവൺമെന്റ് ജോലിക്കാരി.

ഈ ഞാനോ..? എനിക്ക് അവളെ വിവാഹം കഴിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്..? ഗൾഫുകാരനാണ് എന്ന യോഗ്യതയോ..? ഗൾഫുകാരനായ എന്റെ ശമ്പളത്തിനേക്കാൾ കൂടുതൽ അവൾ ഈ നാട്ടിൽ വാങ്ങുന്നുണ്ട്.”

അവൻ അത് പറയുമ്പോൾ തന്റെ ആത്മാഭിമാനത്തിന് ക്ഷീണമേറ്റത് പോലെയാണ് അമ്മയ്ക്ക് തോന്നിയത്.

” അതിന് അവൾക്ക് ആ സമയത്ത് ജോലിയുണ്ടായിരുന്നില്ലല്ലോ..? നിങ്ങളുടെ വിവാഹ സമയത്ത് അവൾക്ക് ജോലി ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ പിന്നെ അന്ന് നിനക്ക് തന്നെ ആയിരുന്നില്ലേ യോഗ്യത..? ”

” അമ്മ എന്ത് അടിസ്ഥാനത്തിലാണ് ഈ പറയുന്നത്..? വിവാഹം ഉറപ്പിക്കുന്ന സമയത്ത് അവൾക്ക് പിഎസ് സി ലിസ്റ്റിൽ പേരുണ്ടായിരുന്നു.

അത് അമ്മയ്ക്കും അറിയാവുന്ന കാര്യമല്ലേ..? ആ ലിസ്റ്റ് പ്രകാരമാണ് അവൾക്ക് ജോലി കിട്ടിയത്. അപ്പോൾ പിന്നെ അവൾക്ക് യോഗ്യതയില്ല എന്ന് എങ്ങനെ ഉറപ്പിച്ചു പറയാം..? ”

” ശരി അങ്ങനെയെങ്കിൽ അങ്ങനെ തന്നെ.. നാട്ടുനടപ്പ് അനുസരിച്ച് കല്യാണം കഴിഞ്ഞ പെണ്ണിനു ജോലി കിട്ടിക്കഴിഞ്ഞാൽ, അതുകൊണ്ട് ഗുണമുണ്ടാകേണ്ടത് ഭർത്താവിന്റെ വീട്ടുകാർക്ക് ആണ്.

എന്നിട്ട് ഇവിടെ നടക്കുന്നത് അങ്ങനെ വല്ലതുമാണോ..? കല്യാണം കഴിഞ്ഞിട്ടും അവളുടെ പണം മുഴുവൻ അവളുടെ വീട്ടിലേക്ക് തന്നെ.

ഈ വീട്ടിൽ അവൾ എന്തെങ്കിലും ഒരു സാധനം വാങ്ങി വെച്ചതായിട്ടോ ഒരു രൂപയെങ്കിലും ചിലവാക്കിയത് ആയിട്ടോ നിനക്കറിയാമോ..?”

അവർക്ക് അവനോട് തോൽവി സമ്മതിക്കാൻ ബുദ്ധിമുട്ടായിരുന്നു.” അമ്മ കുറെ നേരമായി പറയുന്നുണ്ടല്ലോ ഇവിടെക്ക് അവൾ ഒന്നും ചെലവാക്കിയിട്ടില്ല എന്നൊക്കെ..

ഇവിടെ നമുക്ക് അതിനുമാത്രം ചെലവ് എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് ജോലിയും ശമ്പളവും ഉണ്ട്. അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു അതുകൊണ്ട് തന്നെ അതിന്റെ പെൻഷൻ അച്ഛന് കിട്ടുന്നുണ്ട്.

പിന്നെ നമ്മുടെ പറമ്പിൽ നിന്ന് അത്യാവശ്യം ആദായവും കിട്ടുന്നുണ്ട്. ഇങ്ങനെ പല വഴിക്കും നമുക്ക് വരുമാനമുണ്ട്. എന്നിട്ടും ഇവിടെ എന്തു ബാധ്യതകളാണ് നമുക്കുള്ളത്..? ”

അമ്മയുടെ സംസാരം എനിക്ക് വല്ലാത്തൊരു അലോസരം സൃഷ്ടിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അച്ചൻ കൂടി അവിടേക്ക് കടന്നുവന്നതോടെ അമ്മയുടെ നോട്ടം അച്ഛന്റെ നേർക്കായി.

” നമ്മൾ വളർത്തി വലുതാക്കി കൊണ്ടുവന്നത് വല്ലവനും വേണ്ടിയാണോ ഏട്ടാ..? ഇവനെ കൊണ്ട് എന്തെങ്കിലും ഒരു ഉപകാരം ഈ വയസ്സുകാലത്ത് ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നത് അത്ര വലിയ തെറ്റാണോ..? ”

അച്ഛനെ കണ്ടതോടെ കള്ള കണ്ണീരൊഴുക്കി അമ്മ പറയുന്നത് അമ്പരപ്പോടെയാണ് നോക്കിനിന്നത്.

” താൻ ഇങ്ങനെ ചിന്തിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. നമ്മുടെ മകനെ പോലെ ആശിച്ചു മോഹിച്ച വളർത്തിക്കൊണ്ടു വന്നതല്ലേ നമ്മുടെ മരുമകളെയും..? അവളുടെ അച്ഛനും അമ്മയ്ക്കും രണ്ടു പെൺമക്കളാണ് ഉള്ളത്.

നമുക്കുള്ളത് ഒരു മകനും..! അവർ തങ്ങളുടെ മക്കളെ നല്ല രീതിയിൽ തന്നെ പഠിപ്പിച്ചു. അവർക്ക് രണ്ടു മക്കൾക്കും നല്ല ജോലികൾ കിട്ടുകയും ചെയ്തു.

ഇപ്പോൾ നീ ആഗ്രഹിക്കുന്നത് പോലെ തന്നെ അവർക്കും ആഗ്രഹമുണ്ടാവില്ലേ തങ്ങളുടെ മകൾ പണിയെടുക്കുന്ന പണത്തിൽ നിന്ന് തങ്ങൾക്കും കിട്ടണമെന്ന്..? ”

അച്ഛൻ അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.”അതെങ്ങനെ നടക്കും..? പെൺമക്കളുടെ വരുമാനം ഒന്നും അച്ഛനും അമ്മയ്ക്കും അവകാശപ്പെട്ടതല്ല..”

വീറോടെ അമ്മ പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു.” എന്നിട്ടാണോ കഴിഞ്ഞ ആഴ്ചയിലും നിന്റെ വീട്ടിൽ പോയപ്പോൾ നിന്റെ അച്ഛന്റെ കയ്യിൽ പണം ഏൽപ്പിച്ചിട്ട് വന്നത്..?

അതും ഞാൻ പണിയെടുത്ത് ഉണ്ടാക്കുന്ന പണമാണ്.. എന്നിട്ട് അത് നിന്റെ വീട്ടിൽ കൊടുക്കാൻ നിനക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലല്ലോ..? ”

അച്ഛൻ ചോദിക്കുമ്പോൾ അമ്മയുടെ തല താഴ്ന്നു പോകുന്നത് കണ്ടു.” നിങ്ങൾ എവിടെനിന്നോ കയറിവന്ന ആ പെണ്ണിന് വേണ്ടി സ്വന്തം ഭാര്യയെ വരെ തള്ളി പറയാൻ തുടങ്ങി അല്ലേ..? ”

വാശിയോടെ അമ്മ ചോദിക്കുന്നത് കേട്ട് എനിക്ക് വല്ലായ്മ തോന്നി.” ഇവിടെ അങ്ങനെ എവിടെനിന്നോ കയറി വന്ന പെൺകുട്ടികൾ ഒന്നുമില്ല. ഇവിടെ കയറി വന്ന പെൺകുട്ടി നമ്മുടെ മകന്റെ ഭാര്യയായി അവന്റെ കൈപിടിച്ചു കയറി വന്നതാണ്.

നമ്മുടെ മകളുടെ സ്ഥാനത്താണവൾ. നമുക്ക് ഇവിടെ സാമ്പത്തികമായി യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്ന് തനിക്കും എനിക്കും അറിയാം.

എന്നിട്ടും നമ്മുടെ മകൻ അവന്റെ ഭാര്യ വീട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെലവഴിക്കുമ്പോൾ താൻ ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് ശരിയാണെന്ന് തനിക്ക് തോന്നുന്നുണ്ടോ..? ”

അച്ഛൻ ചോദിക്കുമ്പോൾ അമ്മയ്ക്ക് മറുപടിയില്ല.” അമ്മേ, നമ്മളെപ്പോലെ സാമ്പത്തികമായി ഒരുപാട് ഉയർന്ന ചുറ്റുപാടിൽ ഉള്ളവരൊന്നും അല്ലല്ലോ അവർ.

രണ്ടു മക്കളെയും പഠിപ്പിച്ചു കഴിഞ്ഞപ്പോൾ തന്നെ ആ അച്ഛന്റെയും അമ്മയുടെയും നടു ഒടിഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ മക്കൾ രണ്ടുപേരുടെയും ആഗ്രഹമാണ് അച്ഛനും അമ്മയ്ക്കും കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട് വച്ചു കൊടുക്കണം എന്നുള്ളത്.

ആ ഒരു സ്വപ്നത്തിന് വേണ്ടി ആ പെൺകുട്ടികൾ ഓടി നടക്കുമ്പോൾ അതിന് കൈത്താങ്ങ് ആകാൻ ശ്രമിക്കേണ്ടത് ഞാനല്ലേ..? ഒന്നുമില്ലെങ്കിലും അവരുടെ മകന്റെ സ്ഥാനത്ത് അമ്മേ ഞാൻ..?

ഇവിടെ അങ്ങനെ ഒരു സിറ്റുവേഷൻ ആയിരുന്നെങ്കിൽ നമ്മോടൊപ്പം നിൽക്കുന്നത് എന്റെ ഭാര്യയായിരിക്കും.. അത് അവൾ ഇവിടെ ഒരു മകളുടെ സ്ഥാനത്ത് ആയതുകൊണ്ടാണ്. മരുമകൾക്കുള്ള അതേ കടമകൾ തന്നെ മരുമകനും ഉണ്ട്.

പക്ഷേ പലരും അത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം..നമ്മുടെ കയ്യിൽ ആവശ്യത്തിലധികം ഉള്ള ഒരു സാധനമാണ് അതില്ലാത്തവർക്ക് വേണ്ടി ഞാൻ ചെലവാക്കുന്നത്.

അതിന് അമ്മ ഇങ്ങനെ കുറ്റം കണ്ടുപിടിക്കാൻ തുടങ്ങിയാൽ ഇത് എവിടെയെങ്കിലും ചെന്ന് അവസാനിക്കും എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ..? ”

അമ്മയ്ക്ക് കുറ്റബോധം തോന്നുന്നുണ്ട് എന്ന് തോന്നി.”ഇനി എന്റെ ഭാര്യയെ സംബന്ധിച്ച്, നിങ്ങളൊക്കെ ദൈവതുല്യരാണ്. നേരത്തെ അമ്മ പറഞ്ഞതുപോലെ കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ വരുമാനത്തിന് അവകാശി ഭർത്താവിന്റെ വീട്ടുകാർ ആണെന്ന് ഉള്ള ധാരണ അവൾക്കുമുണ്ട്.

അവളുടെ പണം അവളുടെ വീട്ടിൽ കൊടുക്കാൻ സമ്മതിച്ചത് നിങ്ങളാണെന്നാണ് ഞാൻ അവളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ നിങ്ങളെയൊക്കെ അവൾക്ക് വലിയ കാര്യമാണ്.

അങ്ങനെയുള്ളപ്പോൾ അമ്മ ഇങ്ങനെയൊക്കെ സംസാരിച്ചു എന്നറിഞ്ഞാൽ അവൾക്ക് തന്നെ ആകെ വല്ലാതെ തോന്നില്ലേ..?”

ഞാൻ ചോദിക്കുമ്പോൾ അവർക്ക് ഒരു നിമിഷം മറുപടിയുണ്ടായിരുന്നില്ല.എങ്കിലും പിന്നീട് എന്നെ നോക്കി ചിരിച്ച ആ ചിരിയിൽ ഉണ്ടായിരുന്നു അമ്മയുടെ ഉത്തരം. ഒരു പ്രശ്നം ഒഴിവായി പോയതിന്റെ സന്തോഷത്തോടെ ഞാൻ ദീർഘനിശ്വാസം ഉതിർത്തു…

Leave a Reply

Your email address will not be published. Required fields are marked *