ആകെ രണ്ടു പൊരുത്തം മാത്രം. നടക്കില്ലെന്നും, നടക്കാൻ പാടില്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു. കരഞ്ഞു കാലുപിടിച്ചപ്പോൾ, അദ്ദേഹവും കനിഞ്ഞു.

മിഥുനം
രചന: രഘു കുന്നുമ്മക്കര പുതുക്കാട്

മിഥുനത്തിലെ രാത്രി.
പെരുമഴ പെയ്തു തോർന്നിരുന്നു.
പോയ്മറഞ്ഞ മഴയുടെ തിരുശേഷിപ്പായി, ഒരു ചെറുചാറൽ ചിണുങ്ങിക്കൊണ്ടിരുന്നു.

വിനോദ്, കിടപ്പുമുറിയിലെ ജാലകങ്ങളിലൊന്നു പാതി തുറന്ന്, വെളിയിലേക്കു മിഴികൾ പായിച്ചു.
തെക്കേത്തൊടിയിലെ ചെറുവാഴകൾക്കും, തൈത്തെങ്ങുകൾക്കും മീതെ, റോഡിന്നപ്പുറത്തേ വഴിവിളക്കിലെ പ്രകാശം ഊർന്നു പതിക്കുന്നു.

തെങ്ങോലത്തുമ്പിൽ, ഉറഞ്ഞു കൂടി നിലം തൊടാനൊരുങ്ങുന്ന മഴത്തുള്ളികൾ, വെട്ടമേറ്റു തിളങ്ങുന്നു.
തണുത്ത കാറ്റിൽ, നീർത്തുള്ളിയടർന്നു നിപതിച്ചു.

തെല്ലുപോലും താമസം കൂടാതെ, മറ്റൊരു ജലകണം പിറവിയെടുക്കുന്നു.
ദ്യുതിയിൽ മിന്നുന്നു.
വഴിവിളക്കിന്റെ വെട്ടത്തിനു ചുറ്റും ഈയലുകൾ ആർത്തിരമ്പുന്നു.
തെല്ലുനേരത്തേ ചിറകടികൾക്കിപ്പുറം, മണ്ണിൽ വീണമരുന്നു.

നാട്ടുമാവിൽ നിന്നും, ഒരു മാമ്പഴം താഴെ വീണു.
ചില്ലയുലച്ച്‌, ഒരു വച്ചാൽ പറന്നകന്നു.
അനുവാദം തേടാതെ കടന്നുവന്ന കാറ്റിൽ, ദേഹം കുളിരുന്നു.

വിനോദ്, ജനലടച്ച് കട്ടിൽത്തലയ്ക്കലിരുന്നു.
അടുക്കളയിലെ കലമ്പലുകൾ അവസാനിച്ചിരിക്കുന്നു.
സുകന്യ, കുളിക്കാൻ കയറിയിരിക്കും.
അപ്പുറത്തേ മുറിയകത്ത്,

മോളുറക്കമായിട്ടുണ്ടാകും.
ഇന്നവൾ, ഒരുപാടു നേരം മദിച്ചു കളിച്ചിട്ടുണ്ട്.
തന്റെ രണ്ടു ചേച്ചിമാരും, അനുജനും സകുടുംബം ഇവിടെയിന്നുണ്ടായിരുന്നു.
അത്താഴം കഴിച്ചാണ്, അവരെല്ലാം മടങ്ങിയത്.

അവരുടെ മക്കളുടെ കൂടെ, മോള് ഇന്നൊത്തിരി നേരം കളിച്ചിട്ടുണ്ട്.
ആ ക്ഷീണമാകാം, തെല്ലു നേരത്തേയുറങ്ങാൻ കാരണമായത്.

ഇന്ന്, പത്താം വിവാഹവാർഷികമായിരുന്നു.
ആറു വർഷത്തേ പ്രണയം, സുകന്യയുടെ വീട്ടുകാരെ അറിയിക്കാതെ എത്ര രഹസ്യമായാണ് കൊണ്ടുനടന്നത്.

ഇവിടെ വീട്ടുകാർക്കെല്ലാം തന്റെയിഷ്ടം അറിയാമായിരുന്നു.
സ്വർഗ്ഗത്തിലിരുന്ന്, മാതാപിതാക്കളും സമ്മതം മൂളിയിട്ടുണ്ടാകും.
രണ്ടളിയൻമാരേയും,

ഒരു ദല്ലാളെയും കൂട്ടിയാണ് സുകന്യയുടെ വീട്ടിൽ പെണ്ണുകാണാൻ ചെന്നത്.
ആറുവർഷം ഒപ്പം നടന്നവളോട്,

“എന്തൂട്ടാ പേര് ?
എത്ര വരെ പഠിച്ചു?”തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ചോദിച്ചു.

പെൺകുട്ടിയേ ഇഷ്ടമായിയെന്നും,
വീട്ടിലേക്കു വേണ്ടപ്പെട്ടവരോടു വരാനും പറഞ്ഞു.
സുകന്യയുടെ വീട്ടുകാർ വന്നു.
അവർക്കിഷ്ടമായി.പക്ഷേ,
അവർക്കു ജാതകച്ചേർച്ച നിർബ്ബന്ധമായിരുന്നു.

ജാതകപ്പൊരുത്തം നോക്കിയ, കണിയാന്റെ കുറിപ്പവർക്കു നൽകി.
സകല പൊരുത്തങ്ങളുമുണ്ട്.
വിവാഹം, സമംഗളം നടന്നു.

കണിയാന്റെ വീട്ടിൽ, ജാതകങ്ങൾ ചേർച്ച നോക്കാൻ,
പെണ്ണുകാണാൻ പോകുന്നതിനു മുമ്പേത്തന്നേ പോയിരുന്നു.
സുകന്യയുടെ തലക്കുറി, എത്രയോ കാലം മുന്നേ അവൾ നൽകിയിരുന്നു.

ജാതകത്തിലെ, പൊരുത്തങ്ങൾ നോക്കി.
ആകെ രണ്ടു പൊരുത്തം മാത്രം.
നടക്കില്ലെന്നും, നടക്കാൻ പാടില്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു.
കരഞ്ഞു കാലുപിടിച്ചപ്പോൾ, അദ്ദേഹവും കനിഞ്ഞു.

പ്രണയം സഫലമാവട്ടേയെന്നു,
അദ്ദേഹവും നിനച്ചു കാണണം.
പത്തിൽ, എട്ടു പൊരുത്തമാണ് നൽകിയത്.

“ആശാനെ, ഇതു സുകന്യയുടെ വീട്ടുകാർ അവരുടെ നാട്ടിൽ നോക്കിയാൽ കള്ളി വെളിച്ചത്താവില്ലേ?”

ആശങ്കയോടെയാണു, ചോദിച്ചത്.”സുകന്യയുടെ നാട്ടിലെ, നോട്ടക്കാർ രണ്ടുപേരും എന്റെ അമ്മാവൻമാരാണ്.

എന്റെ കൈപ്പടയും, മുദ്രയും കണ്ടാൽ അവർ തിരുത്തില്ല”അദ്ദേഹം, ആശ്വസിപ്പിച്ചു.വിവാഹം നടന്നു.

ജീവിതത്തിലെ സകലകാര്യങ്ങളിലും മേൽഗതിയുണ്ടായി.
മരുമകന്റെ സ്വഭാവഗുണങ്ങൾ,
സുകന്യയുടെ വീട്ടുകാരേയും സന്തോഷിപ്പിച്ചു.
വീടു പുതുക്കിപ്പണിതു.
വാഹനങ്ങൾ ഒന്നുരണ്ടെണ്ണം,വേറെയും വാങ്ങിച്ചു.

“സുകന്യയുടെ ഭാഗ്യം.
അവരു തമ്മിൽ, പത്തിൽ പത്തു പൊരുത്തമാണ്.
അതു തന്ന സൗഭാഗ്യങ്ങളാണ്”

അവളുടെ വീട്ടുകാർ അഭിമാനത്തോടെ പറഞ്ഞു.
ജീവിതം, ഇണങ്ങിയും പിണങ്ങിയും പത്തുവർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
മോൾക്ക്, ഒമ്പതു വയസ്സായി.
അവൾ, പഠിക്കാൻ ഏറെ മിടുക്കിയാണ്.

സുകന്യ, കുളി കഴിഞ്ഞ്, മുറിയകത്തേക്കു വന്നു.
വാതിലടച്ചു.
പ്രിയമുള്ളൊരു ഷാമ്പൂ ഗന്ധം മുറിയിൽ നിറഞ്ഞു.”എന്താ മോനെ ഓർക്കുന്നേ?”അവളുടെ ചോദ്യത്തിൽ കുസൃതി.

“ഒന്നൂല്ല്യഡീ, ഞാൻ നമ്മുടെ കണിയാനെക്കുറിച്ച് ഓർക്കുകയായിരുന്നു.”അവൾ ചിരിച്ചു.

“ന്റെ, വീട്ടാരെ പറ്റിച്ച കഥയോർക്കുകയായിരുന്നൂലേ?
പാവങ്ങൾ,
ദൈവം, ശിക്ഷിക്കും ട്ടാ”

“എട്യേ, അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, ഇന്നിങ്ങനെയൊരാഘോഷം നടക്കുമോ?”വിനോദ്, സുകന്യയുടെ തോളിൽ കൈ വച്ചു.

“അല്ല മോനേ, ഇന്നുറങ്ങണില്ലേ?
എന്തൂട്ടാ, ഉദ്ദേശം?”അവൾ, ചോദിച്ചു.”ഒന്നൂല്ല്യഡീ, വെറുതെ നിന്നെ കാത്തിരുന്നതാ””ഉം, ഉവ്വാ ഉവ്വാ”അവൾ ചിരിച്ചു.

വിനോദ്, കയ്യെത്തിച്ചു മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു.
ഇരുളു പടർന്നു.
മിഥുനമഴ ഇരമ്പിയാർത്തു പെയ്തു.
പത്തുവർഷം മുന്നേയുള്ള, അതേ രാവിന്റെ ചേലിൽ…..

Leave a Reply

Your email address will not be published. Required fields are marked *