(രചന: മഴമുകിൽ)
കുറച്ചു നാൾ മനസ്സിൽ കൊണ്ടുനടന്നതുകൊണ്ട് തന്നെ പെട്ടെന്ന് അയാളെ മറക്കാൻ കഴിയുന്നില്ല.
ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോകുമ്പോഴാണ് ആദ്യമായി അയാളെ കാണുന്നത്.
അയാൾ വന്ന ഉടനെ തന്നെ കാഷ്യർ പറഞ്ഞു ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് എടുക്കാൻ കൂടെ ചെല്ലാൻ… അങ്ങനെ അയാൾക്ക് പിന്നിൽ ട്രോളിയും ഉരുട്ടി നടക്കുമ്പോഴാണ് ആദ്യമായി അയാളെ ശ്രദ്ധിക്കുന്നത്….
തന്നെക്കാൾ ഏകദേശം നാലു അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ. ചുരുണ്ട മുടിയും നീട്ടി വളർത്തിയ താടിയും. ഓരോ സാധനങ്ങളായി നോക്കിയെടുത്ത് ശ്രദ്ധയോടെ ട്രോളിയിൽ വയ്ക്കുന്നുണ്ട്.. പിന്നാലെ നടക്കുന്ന തന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെയുള്ള അയാളുടെ നടപ്പ് കണ്ടപ്പോൾ ദേഷ്യം വന്നു.
സാധനങ്ങൾ എല്ലാം ക്യാഷ് കൗണ്ടറിൽ കൊണ്ടുവച്ച് അവൾ പിന്തിരിഞ്ഞു നടക്കുമ്പോഴാണ്…..
താങ്ക്സ്… എന്നൊരു വാക്ക് അയാളിൽ നിന്നും പുറത്തേക്ക് വന്നത്..ഒരു പുഞ്ചിരിയോടുകൂടിയാണ് കണ്മണി അത് സ്വീകരിച്ചത്….
കണ്മണി പിൻതിരിഞ്ഞു പോകാൻ ഭാവിക്കുമ്പോഴാണ് കാഷ്യറുടെ അടുത്ത അജ്ഞ…..
വേറെ സെയിൽസ് ബോയ് ആരുമില്ലാത്തതുകൊണ്ട് കൺമണി ഇതൊന്ന് ആ കാറിൽ വച്ച് കൊടുക്കണം….
ഒന്നും മിണ്ടാതെ ബാഗുകൾ എല്ലാം എടുത്ത് ആ കാറിന്റെ ഡിക്കിയിൽ വച്ച് കൊടുത്ത് അവൾ പിൻതിരിഞ്ഞു നടന്നു..
പിന്നെ പലതവണ അയാളെ ആ സൂപ്പർ മാർക്കറ്റിൽ വച്ച് കാണാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. പക്ഷേ അന്നൊന്നും അയാൾക്ക് പിന്നാലെ ട്രോളിയുംഉരുട്ടി കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായിട്ടില്ല..
അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം മൊബൈലിൽ പുതിയൊരു നമ്പരിൽ നിന്നും.. മെസ്സേജ് വന്നു..
ഹായ്…അത്രമാത്രം……രിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് തന്നെ കണ്മണി പ്രതികരിച്ചില്ല.ടോ ഇതു ഞാനാണു.. സൂപ്പർമാർക്കറ്റ്..
കൺമണിക്ക് അത് കേട്ടപ്പോൾ ചിരിയാണ് വന്നത്.കുറച്ചുദിവസമായി തന്നെ കണ്ടില്ലല്ലോ അതുകൊണ്ട് ഞാൻ സൂപ്പർമാർക്കറ്റിൽ അന്വേഷിച്ചപ്പോഴാണ് താൻ സുഖമില്ലാത്തതുകൊണ്ട് ലീവിലാണെന്ന് അറിഞ്ഞത്. അപ്പോൾ പിന്നെ ആ ക്യഷ്യറോട് തന്റെ നമ്പർ ചോദിച്ചു വാങ്ങി..
പകൽ ഒന്നുതന്നെ തവണ വിളിച്ചു നോക്കിയപ്പോൾ റിപ്ലൈ ഒന്നുമില്ല ഇപ്പോൾ ഓൺലൈനിൽ കണ്ടതുകൊണ്ടാണ് മെസ്സേജ് ഇട്ടത്..
പകൽ മുഴുവനും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. ഇപ്പോഴാണ് ഓൺ ചെയ്തത്…
പിന്നീട് സംസാരം ഒരുപാട് സമയം നീണ്ടുനിന്നു… ഒടുവിൽ രണ്ടുപേരും ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞുഎം..
ദിവസങ്ങൾ പോയി കഴിയുന്തോറും ആ നമ്പറിൽ നിന്നുള്ള മെസ്സേജുകൾ തുടരെത്തുടരെ വന്നുകൊണ്ടിരുന്നു.
കണ്മണി എന്റെ പേര് ശ്യാം ഞാനിവിടെത്തെ ശ്യാം കൺസ്ട്രക്ഷൻസ് വർക്ക് ചെയ്യുന്നു…
തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നമുക്ക് നല്ല ഫ്രണ്ട്സ് ആയി തുടരാം…
സന്തോഷത്തോടുകൂടി അവൾ ആ സൗഹൃദം ഏറ്റെടുത്തു.അവിടുന്നങ്ങോട്ട് അവർ തമ്മിലൊരു സൗഹൃദം കെട്ടിപ്പടുക്കുകയായിരുന്നു. ദിവസത്തിന്റെ നിശ്ചിത സമയം അവർതമ്മിൽ ചാറ്റുചെയ്യും…….
സൗഹൃദത്തിനപ്പുറം സൗന്ദര്യ വർണ്ണനയിലേക്ക് ആ ബന്ധം നീങ്ങി… ചാറ്റുകൾക്കിടയിൽ ഇമോജികൾ സ്ഥാനം പിടിച്ചു……
ഒടുവിൽ പരസ്പരം ഫോട്ടോസ് കൈമാറിതുടങ്ങി….. പരിധിവിട്ടു തുടങ്ങിയിരുന്നു ഇരുവർക്കിടയിലും.
ഇടയ്ക്കുകുറച്ചു നാൾ അയാൾക്ക് ബിസിനസ് ആവശ്യവുമായി ബന്ധപെട്ടു മാറി നിൽക്കേണ്ടി വന്നു.
അതിനുശേഷം ആ വിളിയും മെസ്സേജും നിലച്ചു….ഇടക്കയാൾ ഓൺലൈനിൽ തുടരുന്നത് കാണുമ്പോൾ ഒരു മെസ്സേജ്നായി കാത്തിരിക്കും…
അല്പം നേരം കഴിയുമ്പോൾ അയാൾ ഓൺലൈനിൽ നിന്നു അപ്രത്യക്ഷമാകും….അയാൾ ഓൺലൈനിൽ തുടരുന്നത് മറ്റാർക്കോ വേണ്ടിയാണെന്നും ….. മറ്റാരുടെയോ മെസ്സേജ്നു വേണ്ടിയാണു അയാൾ കാത്തിരിക്കുന്നതെന്നും ഓർത്തപ്പോൾ അവളുടെ കണ്ണ് നിറയും… മനസ് വേദനിക്കും.
അയാളിപ്പോൾ മറ്റാർക്കോവേണ്ടിയാണു ഓൺലൈനിൽ വരുന്നതും മെസ്സേജ് അയക്കുന്നതും മറുപടിക്കായ് കാത്തിരിക്കുന്നത്.
ദിവസങ്ങൾ ഓടി മറഞ്ഞു.. വീട്ടുകാർ അവൾക്കായി വിവാഹ ആലോചനകൾ കൊണ്ടുവന്നു. അതിൽ നിന്നു സാമാന്യം ഭേദപ്പെട്ട ആലോചന ഉറപ്പിച്ചു.
വിവാഹം വളരെ പെട്ടെന്ന് നടന്നു… ആദ്യം മനസ്സിൽ തോന്നിയ ഇഷ്ടം മറവിക്കു വിട്ടുകൊടുക്കാൻ കഴിഞ്ഞില്ല.
വിധി കരുതിവച്ച ജീവിതവുമായി മുന്നോട്ടു പോകുമ്പോൾ ഇടയ്ക്കു ഓർമപ്പെടുത്തൽ പോലെ വീണ്ടും അയാൾ തന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് കരുതിയില്ല.
മെസ്സേജുകൾ പരിധിവിട്ട് തുടങ്ങി…. അവൾ കൈമാറിയ പല ഫോട്ടോസ് അയാൾ അവൾക്കു സെന്റ് ചെയ്യാൻ തുടങ്ങി….
ഒടുവിൽ മൊബൈൽ കയ്യിലെടുത്താൽ തന്നെ കണ്മണിക്കു പേടി തോന്നി…..രാവിലെ വിനോദ് പണിക്കുപോയ സമയം നോക്കി ശ്യാം കൺമണിയുടെ മൊബൈലിലേക്ക് വിളിച്ചു…
ഹലോ നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ വിളിച്ച് ശല്യം ചെയ്യുന്നത്. എനിക്ക് കിട്ടിയ ജീവിതം ഇല്ലാതാക്കാൻ ആണോ നിങ്ങളുടെ ശ്രമം. ഒരിക്കൽ ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടിരുന്നു.
പക്ഷേ എന്റെ ഇഷ്ടം തട്ടി നീക്കിക്കൊണ്ട് നിങ്ങൾ തന്നെയാണ് പോയത്. അന്ന് മനസ്സിൽ ഏറ്റ മുറിവിൽ നിന്നും ഇന്നിവിടം വരെ എത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു.
ഇപ്പോൾ കിട്ടിയ ജീവിതവുമായി ഞാൻ എങ്ങനെയെങ്കിലും പൊരുത്തപ്പെട്ട് പോകട്ടെ.. അതിനിടയിലേക്ക് ദയവുചെയ്ത് ഇനിയും നിങ്ങൾ കയറിവരരുത്…എന്റെ ജീവിതം നിങ്ങൾ നശിപ്പിക്കരുത്.
കണ്മണി നീ എന്തൊക്കെയാണ് ഈ പറയുന്നത്. നിന്റെ സ്നേഹം ഞാൻ എപ്പോഴും മനസ്സിലാക്കിയിരുന്നു.
പക്ഷേ എനിക്ക് ഇടയ്ക്ക് വെച്ച് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് ഇവിടെ നിന്നും മാറി നിൽക്കേണ്ടി വന്നു… നിന്നോട് അത് പറയാനും അറിയിക്കാനും ഉള്ള സാഹചര്യം എനിക്ക് ഇല്ലായിരുന്നു…
നിങ്ങൾ പറയുന്നതൊക്കെ പച്ചക്കള്ളമാണ് എത്രയോ ദിവസം ഞാൻ നിങ്ങളുടെ ഒരു മെസ്സേജിനും വിളിക്കുമായി കാത്തിരുന്നിട്ടുണ്ട്.
ഓൺലൈനിൽ നിങ്ങൾ ഉള്ളപ്പോഴൊക്കെ നിങ്ങളുടെ ഒരു മെസ്സേജിനായി കൊതിച്ച് ഞാൻ കാത്തിരുന്നിട്ടുണ്ട്. പക്ഷേ അന്നെല്ലാം നിങ്ങൾ മറ്റാരുടെയോ മെസ്സേജിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു…
ഇതൊക്കെ മനസ്സിലാകാതിരിക്കാൻ ഞാൻ അത്ര പൊട്ടി ഒന്നുമല്ല.. ടൈംപാസിന് വേണ്ടിയാണ് നിങ്ങളെന്നെ അന്വേഷിക്കുന്നെങ്കിൽ എനിക്ക് അതിന് ഇനി സമയമില്ല….
അതുകൊണ്ട് എന്റെ ഫോണിലേക്ക് വിളിക്കരുത്..കൊള്ളാം നിന്റെ ശബ്ദത്തിലെ മൂർച്ച എനിക്ക് ഇഷ്ടപ്പെട്ടു. നീ എന്നോട് ഇതൊക്കെ പറയുന്നതിന് മുൻപ് പല കാര്യങ്ങളും ആലോചിക്കണം. നിന്റെ കുറെ ഫോട്ടോസും നമ്മൾ തമ്മിലുള്ള ചാറ്റും ഒക്കെ എന്റെ കയ്യിൽ ഇപ്പോഴും ഭദ്രമായി ഉണ്ട്…
അതുവെച്ച് എന്നെ ഭീഷണിപ്പെടുത്തി എന്തെങ്കിലും കാര്യസാധ്യത്തിന് ആണെങ്കിൽ… അതിനുവച്ച വെള്ളം വാങ്ങി വെക്കുന്നതായിരിക്കും നല്ലത്.
വിവാഹം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോൾ തന്നെ എന്റെ ഭർത്താവിനോട് ഞാൻ കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചതാണ്..
അതിനുശേഷം ആണ് നിങ്ങൾ വീണ്ടും എനിക്ക് മെസ്സേജ് അയക്കുന്നതും എന്റെ കുറെ ഫോട്ടോസ് അയച്ചു തരുന്നത്…
ആദ്യം ഞാൻ എന്ത് ചെയ്യണം എന്ന് വേവലാതിപ്പെട്ടെങ്കിലും പിന്നീട് അദ്ദേഹത്തിനോട് ഞാൻ നിങ്ങളെ അയച്ച മെസ്സേജുകളും ഫോട്ടോസ് ഒക്കെ കാണിച്ചു കൊടുത്തു…
പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ എനിക്ക് പറ്റിയ തെറ്റിനെ കുറിച്ച് ഏറ്റു പറഞ്ഞു… അദ്ദേഹം എന്നെ മനസ്സിലാക്കിയത് കൊണ്ട് മാത്രം ഞങ്ങൾ എന്നും സന്തോഷമായി ജീവിക്കുന്നു. നിങ്ങളുടെ ഈ കോളുകൾ എല്ലാം ഞാൻ റെക്കോർഡ് ചെയ്യുന്നുണ്ട്.
നിങ്ങൾ ഇപ്പോൾ അയച്ചുകൊണ്ടിരിക്കുന്ന എല്ലാ മെസ്സേജ് ഞാൻ സേവ് ചെയ്ത ഹസ്ബന്റിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്… അതുകൊണ്ട് എന്നെ ബ്ലാക്ക് മെയിൽ ചെയ്യാം എന്നുള്ള നിങ്ങളുടെ ചിന്തയും മനസ്സിൽ വച്ചിരുന്നാൽ മതി…..
ഇതൊക്കെ നിങ്ങളോട് പറയുന്നത് എന്തെന്ന് വെച്ചാൽ… ഒന്ന് ഒരു രണ്ട് ഫോട്ടോസ് അയച്ചു തന്നോ ചാറ്റ് ചെയ്തു എന്നു വച്ചു ജീവിതം നശിച്ചു എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ എനിക്ക് കഴിയില്ല……
ഒന്ന് സംസാരിച്ചെന്ന് വെച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് മാത്രമേ ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഉള്ളൂ ……
ശ്യാമിനു എന്തു മറുപടി പറയണമെന്ന് അറിയില്ലായിരുന്നു…. മൊബൈൽ കട്ട് ചെയ്ത് ഒരാശ്വാസത്തോട് കൂടി കണ്മണി ശ്വാസം വലിച്ചു വിട്ടു… ഇതെല്ലാം വിനോദ് അവൾക്ക് നൽകിയ ധൈര്യം ആയിരുന്നു…
അവൾ ശ്യമിനോട് പറഞ്ഞ മറുപടി കേട്ട് നിറഞ്ഞ പുഞ്ചിരിയുമായി വിനോദ് പുറത്തുനിൽക്കുന്നുണ്ടായിരുന്നു…..