” മരുമോള് നേഴ്സ് ആണെന്ന് പറഞ്ഞ നിന്നെ ഇവിടെ കെട്ടിക്കൊണ്ട് വന്നത്. ജോലിക്ക് പോയി നാല് കാശ് കൊണ്ട് വരാൻ ഉള്ളതിന് അവൾ വല്യ എഴുത്തുകാരി ചമഞ്ഞു നടക്കുന്നു.

(രചന: പുഷ്യാ. V. S)

“” വൈഫിന് എന്താ ജോലി “” വഴിയിൽ വച്ചു ജയദേവിന്റെ പഴയൊരു ഫ്രണ്ടിനെ കണ്ടത്. സംസാരത്തിനിടെ അയാൾ ആണ് ഈ ചോദ്യം ചോദിച്ചത്നീരജ ഒരു പുഞ്ചിരിയോടെ ജയദേവിനെ നോക്കി.

“” ഏയ്‌ അവൾക്ക് ജോലി ഒന്നും ഇല്ല. വീട്ടിൽ തന്നെയാണ് “” ജയദേവൻ വളരെ നിസാരമായി അത് പറഞ്ഞത് കണ്ട് നീരജയുടെ മുഖത്തെ ആ പുഞ്ചിരി അണഞ്ഞു.

“” നീരജ നല്ല എഡ്യൂക്കേറ്റഡ് അല്ലേ. പിന്നെന്താ ജോലിക്ക് ശ്രമിക്കാത്തത്”” ആ സുഹൃത്ത് ചോദിച്ചു.

“” ആഹ് ജോലി ഉണ്ടായിരുന്നു. മോൻ ജനിച്ചപ്പോൾ ജോബ് വിട്ടതാ. പിന്നീട് കയറിയില്ല “” ജയദേവ് പറഞ്ഞു.

“” ആഹ് ഇത് എല്ലാ സ്ത്രീകളും പറയുന്ന റീസൺ ആണ്
കുഞ്ഞുങ്ങൾ ഉണ്ടായിട്ടും ജോലി മൈന്റൈൻ ചെയ്യുന്നവർ ഇല്ലേ. സൊ താനും വൈഫിനോട്‌ എവിടേലും ട്രൈ ചെയ്യാൻ പറ “” അയാൾ പറഞ്ഞു.

“” ആ മോന് ഒരു രണ്ട് വയസ് ഒക്കെ ആയപ്പോ ഞാൻ പറഞ്ഞതാ. അപ്പൊ ഇവൾക്ക് മടി. ഒരു ബ്രേക്ക്‌ എടുത്തിട്ട് വീണ്ടും കയറാൻ. പിന്നെ കുഞ്ഞിന്റെ കാര്യങ്ങൾ ഒക്കെ പ്രശ്നം ആകും ശ്രദ്ധിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു അവൾ തന്നെയാ മടിച്ചേ. “” ജയദേവൻ പറഞ്ഞു

“” ആഹ് ഇതാണ് ഒരു കരിയർ ബ്രേക്ക്‌ വന്നാൽ ഉള്ള പ്രോബ്ലം. മടി ആകും. ഇത്രയും ക്വാളിഫിക്കേഷൻസ് ഒക്കെ വച്ചിട്ട് വീട്ടിൽ ഇരിക്കുന്നത് മോശം ആണ്.

അതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു. അപ്പൊ ശെരി. ഞാൻ പോകുവാ “” അത്രയും പറഞ്ഞു അയാൾ അവിടെ നിന്ന് പോയി.

പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവും ഇല്ലാതെ കാറിലേക്ക് കയറുന്ന ജയദേവിനെ കാണവേ നീരജയ്ക്ക് ബുദ്ധിമുട്ട് തോന്നി.അവൾ ഒന്നും പറഞ്ഞില്ല.

അവൾ ആലോചിച്ചു. സ്കൂൾ കാലഘട്ടം മുതലേ നല്ല രീതിയിൽ കഥകൾ എഴുതുമായിരുന്ന അവളെ വീട്ടുകാർ നിർബന്ധിച്ചു നഴ്സിങ്ങിന് വിട്ടത്. ഭാഷയെ സ്നേഹിച്ചവളുടെ തലയിലേക്ക് മരുന്നുകളും ചികിത്സാവിധികളും അടിച്ചേൽപ്പിച്ചപ്പോൾ അവൾക്ക് ആ ചെറുപ്രായത്തിൽ എതിർക്കാൻ ആയില്ല.

കോഴ്സ് കഴിഞ്ഞതും ട്രെയിനിങ് പീരീടും അത് കഴിഞ്ഞുടനെ ജോലിയും ആയി അവൾക്ക് നന്നേ തിരക്കായി. ആഗ്രഹിച്ചതല്ലെങ്കിലും വന്നു ചേർന്ന സാഹചര്യവുമായി ഇണങ്ങാൻ അവൾ ശ്രമിച്ചു.

രോഗികളുടെയും നൈറ്റ്‌ ഷിഫ്റ്റിന്റെയും ജോലി ഭാരത്തിന്റെയും ഇടയിലൂടെ ഉള്ള നെട്ടോട്ടത്തിൽ അവൾ താനൊരു എഴുത്തുകാരി ആകാൻ ആഗ്രഹിച്ചിരുന്നു എന്നുപോലും മറന്നുപോയി.

ശേഷം വിവാഹം. അധികം വൈകാതെ തന്നെ ഒരു കുഞ്ഞും തന്റെ ജീവിതത്തിലേക്ക് വരവായി. പക്ഷേ ആ ഗർഭകാലത്തു ആയിരുന്നു ആ മടുപ്പിക്കുന്ന ജീവിതത്തിൽ നിന്ന് ആദ്യമായി മോചനം ലഭിച്ചത്.

ആ സമയം യാത്ര നല്ലൊരു ബുദ്ധിമുട്ട് ആയി തോന്നിയതിനാൽ ആറു മാസം ആയപ്പോഴേക്കും ഡ്യൂട്ടി ലീവ് എടുത്തു. അടുത്ത മൂന്നു മാസം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നതിനാൽ ഒത്തിരി കഥകൾ എഴുതി.

മനസിന്‌ ഒത്തിരി സന്തോഷം ലഭിക്കുന്നത് അപ്പോഴാണ് എന്ന് താൻ മനസിലാക്കിയത് അന്നേരമാണ്.

കുഞ്ഞു ജനിച്ച ശേഷം ലീവ് കഴിഞ്ഞു വീണ്ടും അങ്ങോട്ട് പോകാൻ തോന്നിയില്ല. കുഞ്ഞിന്റെ കാര്യം പറഞ്ഞു വാശി പിടിച്ചു.

പിന്നെ ജയേട്ടന്റെ വീട്ടുകാർ ആയിട്ട് നല്ല ചേർച്ച ആയതിനാൽ മോന്റെ കാര്യങ്ങൾ ഞാൻ ഒറ്റയ്ക്ക് തന്നെ നോക്കേണ്ടി വരും. നഴ്സിംഗ് ജോലിയും അതും കൂടെ ഒന്നിച്ചു പറ്റില്ല എന്ന് പറഞ്ഞു ഒരുവിധം മനസിലാക്കി.

പക്ഷേ ജോലി നിർത്തി ഒരു അമ്മയും കുടുംബിനിയും ആയി ഒതുങ്ങാൻ അല്ലായിരുന്നു എന്റെ പ്ലാൻ.

എഴുതിക്കൂട്ടിയ കഥകൾ ഒക്കെയും സമയമെടുത്തു തിരുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വായനക്കാരിൽ എത്തിച്ചു. ഒപ്പം താൻ തന്നെ ശബ്ദം കൊടുത്തു കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. അത് പോഡ്കാസറ്റ് ആയിട്ടും അപ്‌ലോഡ് ചെയ്യാൻ തുടങ്ങി.

കുറച്ചു കാലതാമസം എടുത്തുവെങ്കിലും പോകെ പോകെ അതിൽ നിന്ന് നല്ല വരുമാനം ലഭിച്ചു തുടങ്ങി.എല്ലാത്തിലും ഉപരി ആഗ്രഹിച്ച ജോലി ചെയ്തു നേടുന്ന കാശിനു കൂടുതൽ മൂല്യം ഉണ്ടെന്നും താൻ തിരിച്ചറിഞ്ഞു.

പക്ഷേ വിചാരിച്ച പോലെ എളുപ്പം ആയിരുന്നില്ല അതും. എഴുത്തിനോട് എന്തോ ശത്രുത ഉണ്ടെന്ന് തോന്നും അവിടുത്തെ അമ്മയുടെ പെരുമാറ്റം കണ്ടാൽ.

ജയേട്ടന് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല. ചുമ്മാ ഇരിക്കുവല്ലേ. എഴുതുവോ വരയ്ക്കുവോ എന്താണ് എന്നുവച്ചാൽ ചെയ്തോ എന്നാ മനോഭാവം.

സ്വസ്ഥം ആയിട്ട് ഒന്ന് എഴുതാൻ ഇരുന്നാൽ ഉടനെ ഇല്ലാത്ത ജോലി ഉണ്ടാക്കിയിട്ട് ആണേലും എന്നെ അവിടെ നിന്നും എഴുന്നേൽപ്പിക്കും ഇവിടുത്തെ അമ്മ.

വെറുതെ ഇരുന്ന് കുത്തിക്കുറിക്കുന്നത് അല്ല. മകന് കിട്ടുന്ന പോലെ വരുമാനം തനിക്കും കിട്ടുന്നുണ്ട് ഈ കുത്തിക്കുറിക്കലിൽ നിന്ന് അതും കൂടെ ചേർത്താണ് ഈ വീടിന്റെ ചിലവ് നടന്നു പോകുന്നത് എന്ന് അവരോട് തർക്കിച്ചിട്ട് കാര്യമില്ല.

മാത്രമല്ല മറ്റുള്ളവരോട് വഴക്കടിച്ചു സമയം കണ്ടെത്തി വന്നിരുന്നു ചെയ്യാവുന്ന ഒരു ജോലി അല്ലല്ലോ അത്.

ഒരു അമ്മയുടെ മാനസികാവസ്ഥ എങ്ങനെയാണോ അവളുടെയുള്ളിലെ ഗർഭസ്ഥ ശിശുവിനെ ബാധിക്കുന്നത് അതുപോലെയല്ലേ ഒരു എഴുത്തുകാരിയുടെ മാനസികാവസ്ഥ പിറക്കാനിരിക്കുന്ന കഥയെയും ബാധിക്കുന്നത്.

എങ്കിലും കഴിവതും പകൽ സമയം കണ്ടെത്തി എഴുതാറുണ്ടായിരുന്നു. എല്ലാ ജോലിയും കഴിഞ്ഞു ക്ഷീണിച്ചാലും ഉറങ്ങാൻ തോന്നാറില്ല.

എഴുത്തും പിന്നെ കഥയ്ക്ക് ശബ്ദം നൽകലും കൂടുതലും രാത്രിയിൽ ആണ് ചെയ്യാൻ കഴിയാറ്. ഒക്കെ കഴിഞ്ഞു വെളുപ്പാൻ കാലം ആവും പല ദിവസങ്ങളിലും ഉറങ്ങുക.

“” നീ അവൻ പറഞ്ഞത് കേട്ടില്ലേ. ജോലിക്ക് ശ്രമിക്കാൻ. മോൻ ഇത്രയും വലുതായില്ലേ ഇനി നീ ജോലിക്ക് കയറാൻ നോക്ക് “” ജയദേവ് പറഞ്ഞു.

“” ഇപ്പോൾ ജോലിക്ക് കയറേണ്ട ആവശ്യം എന്താ. പഠിച്ചു ഇറങ്ങിയ സമയത്ത് തന്നെ വളരെ ബുദ്ധിമുട്ടിയ ഞാൻ ആ ജോലിക്ക് പോയ്കൊണ്ടിരുന്നേ.

ഇനി ഇത്രേം നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും കയറുക എന്നൊക്കെ പറഞ്ഞാൽ… എന്നെ സംബന്ധിച്ചു അത് അത്ര പ്രാക്ടിക്കൽ അല്ല. “” നീരജ പറഞ്ഞു

“” പിന്നെ നിനക്ക് എന്താ പ്രാക്ടിക്കൽ. ഏത് നേരവും എന്തേലും കുത്തിക്കുറിച്ച് മുറിയിൽ ഇരുന്നാൽ അത് പ്രാക്ടിക്കൽ ആകുമോ. “” ജയദേവ് ദേഷ്യപ്പെട്ടു.

“” ഏത് നേരവും മുറിയടച്ചു ഇരിക്കുന്നെന്നോ. എന്ത് വർത്തമാനം ആണ് ജയേട്ടാ ഇത്. ഇവിടുത്തെ കാര്യങ്ങളിൽ എന്തേലും കുറവ് വരുത്തിയിട്ട് ആണോ ഞാൻ എഴുതാൻ ഇരിക്കുന്നെ. എല്ലാം ഭംഗിയായ് നടക്കുന്നില്ലേ ഇപ്പോൾ ” നീരജ ചോദിച്ചു.

“” എന്ത് നടക്കുന്നില്ലേ എന്ന്. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുവാ ഞാൻ. രണ്ടാൾക്കും ജോലി ഉണ്ടലെ നേരെ ചൊവ്വേ കാര്യങ്ങൾ നടക്കു “” അയാൾ പറഞ്ഞു.

“” ഇപ്പോൾ നേരെ ചൊവ്വേ കാര്യങ്ങൾ നടക്കാത്തതെ നിങ്ങള് അവശ്യം ഇല്ലാത്ത കടം മുഴുവൻ ഉണ്ടാക്കി വച്ചിട്ടാ.

ആവശ്യത്തിനും അനാവശ്യത്തിനും ലോൺ പലിശ ഇതൊക്കെ കാരണം അല്ലെ കാര്യങ്ങൾ നേരെ ചൊവ്വേ നടക്കാത്തത്. കിട്ടുന്ന ശമ്പളം മുഴുവൻ പല വഴിക്കാ പോകുന്നെ. പലപ്പോഴും എന്നോട് ചോദിക്കാറുണ്ടല്ലോ അത്യാവശ്യത്തിന് കാശ് ഇരിപ്പുണ്ടോ എന്ന്.

അപ്പൊ ഞാൻ എവിടുന്നാ എടുത്തു തരണേ. നിങ്ങൾ പറയുന്ന പോലെ ഈ കുത്തിക്കുറിച്ച് ഉണ്ടാക്കണ കാശ് തന്നെയാണ്. എന്നിട്ട് ആ ചെയ്യുന്ന പ്രവർത്തിക്ക് വില ഇല്ല. “” നീരജ പറഞ്ഞു.

“” നിനക്ക് ഇപ്പോൾ ഈ ഫോണും ലാപ്ടോപ്പും പിടിച്ചോണ്ട് ഇരിക്കുമ്പോ കിട്ടുന്ന കാശ് തന്നെ അല്ലെ ജോലിക്ക് പോയാലും കിട്ടുന്നത് “” അത്ര നേരം അവരുടെ സംസാരം കേട്ട ജയദേവിന്റെ അമ്മയാണ് അത് പറഞ്ഞത്.

“” മരുമോള് നേഴ്സ് ആണെന്ന് പറഞ്ഞ നിന്നെ ഇവിടെ കെട്ടിക്കൊണ്ട് വന്നത്. ജോലിക്ക് പോയി നാല് കാശ് കൊണ്ട് വരാൻ ഉള്ളതിന് അവൾ വല്യ എഴുത്തുകാരി ചമഞ്ഞു നടക്കുന്നു. ഫോണിന്ന് എന്തോ ഇച്ചിരി കാശ് കിട്ടി എന്ന് പറഞ്ഞു ആണ് ഈ അഹങ്കാരം “” അവർ പറഞ്ഞു.

“” ഇത്തിരി കാശാണോ ഒത്തിരി കാശാണോ കിട്ടുന്നെ എന്ന് മകനോട് തന്നെ ചോദിച്ചു നോക്ക്. അതെങ്ങനെ അപകർഷതാ ബോധം തലയ്ക്കു പിടിച്ചു നിക്കുവല്ലേ. ഭാര്യക്ക് ജോലി ഇല്ല എന്ന് പറയാൻ എളുപ്പം ആണ്.

എന്നാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിച്ചു നേടുന്നത് ഞാൻ ഈ കുടുംബത്തിന് വേണ്ടി തന്നെയാ ചിലവാക്കുന്നത് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.

ഇഷ്ടം ഇല്ലാത്ത ജോലി നിർബന്ധിച്ചു ചെയ്യിക്കാതെ സ്വന്തം പാഷൻ സ്വീകരിക്കുന്നതിൽ മറ്റുള്ളവർക്ക് എന്താ ഇത്ര പ്രശ്നം എന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ദാരിദ്ര്യം ഇല്ലാതെ ജീവിക്കാൻ ഉള്ള വക സാമ്പാതിച്ചാൽ പോരെ

ഞാൻ പുറത്ത് ജോലിക്ക് പോകുന്നതിനേക്കാൾ സന്തോഷവും സമാധാനവും വരുമാനവും ഇപ്പോൾ എനിക്ക് കിട്ടുന്നുണ്ട്. ആകെ കിട്ടാത്തത് നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ്. അത് കിട്ടിയാലും ഇല്ലെങ്കിലും ഞാനിത് തുടരും.

പിന്നെ രാവിലെ പോയി വൈകിട്ട് വരുന്ന ജോലി ആണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ പറഞ്ഞാൽ മതി. ഞാൻ രാവിലെ റെഡി ആയി പുറത്ത് വല്ല ലൈബ്രറിയിലോ മറ്റൊ ചെന്നിരുന്നു സ്വസ്ഥം ആയി എഴുതിക്കോളാം.

എന്നിട്ട് വൈകുന്നേരം വരാം. മാസാവസാനം കാശ് വരുമ്പോൾ ശമ്പളം കിട്ടി എന്ന് കരുതിയാൽ മതി.

അല്ലേലും ഇവിടെ ഇരുന്ന് എഴുതുന്നതിനേക്കാൾ എനിക്ക് സമാധാനം അത് തന്നെയാ ആരും ചെയ്ത ജോലി തന്നെ വീണ്ടും വീണ്ടും ചെയ്യാൻ പറഞ്ഞു ശല്യം ചെയ്യില്ലല്ലോ “” അത് അവൾ അമ്മയെ നോക്കിയാണ് പറഞ്ഞത്.

ഒരു കലാകാരന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് അയാളുടെ കഴിവ്. എന്ത് തരം കലയോ ആയിക്കോളട്ടെ മരണം വരെ അത് അയാളുടെ സിരകളിലൂടെ ഒഴുകും എന്നത് ഉറപ്പാണ്.

മറ്റൊരാൾക്ക് തടയാൻ കഴിയില്ല എന്ന് സ്വയം ഉറപ്പിച്ചാൽ പിന്നെ അയാളുടെ ഉള്ളിൽ നിന്ന് ആ കഴിവ് പുറത്തേക്ക് ഒഴുകുന്നതിനെ തടയുന്നത് അത്ര എളുപ്പം അല്ല. അത് മനസിലായതിനാൽ ആയിരിക്കണം അവർ പിന്നീട് അവളെ തടയാൻ മെനക്കെട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *