(രചന: നിഹാരിക നീനു)
പൈഡ് ടാക്സിയിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഒരു നീണ്ട ശ്വാസം എടുത്തു സഹസ്ര….
അപ്പുറത്ത് കൂടെ പോയാൽ മുറ്റത്തിറങ്ങാം… ന്നാലും വേണ്ട.. ഈ തോട്ടിൻ കരയിലൂടെ നടക്കുന്ന സുഖമൊന്നും അതിനില്ല….
തോട്ടിനിരു വശവും പാടമാണ് ഓണത്തിന് വിരിയേണ്ട നെല്ലിപ്പൂക്കൾ കാലം തെറ്റി വിരിഞ്ഞ് നിൽക്കുന്നു…..
തന്റെ ജീവിതം പോലെ….
ചെമ്പി മുത്തശ്ശി വരമ്പിനപ്പുറം നിന്ന് നെറ്റിയിൽ കൈ വച്ചു സൂക്ഷിച് നോക്കുന്നുണ്ട്….
ചുക്കി ചുളിഞ്ഞ് ആകെ കോലം കെട്ടിരിക്കുന്നു…. പണ്ടിവരെ കാണുന്നതേ ദേഷ്യമായിരുന്നു….
കാണുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾ തന്നെ കാരണം…മനക്കലെ കുട്ടി വയസ്സറിയിച്ചോ?എന്ന് എത്ര തവണ മുഖത്ത് നോക്കി കാണുമ്പോഴൊക്കെ ചോദിച്ചിരിക്കുന്നു…
അത് കേൾക്കുമ്പോ ദേഷ്യം എവിടുന്നൊക്കെയോ വരും ചവിട്ടി തുള്ളി നടന്നു പോകുമ്പോ ഏടത്തി വാ പൊത്തി എന്നെ കാണാണ്ട് ചിരിക്കുന്നുണ്ടാവും….ഒപ്പം അവർക്കുള്ള മറുപടിയും…
ആദ്യം പാവാടമേൽ ചെഞ്ചായം പൂശിയപ്പോൾ മനസ്സിൽ വന്നതും ദേഷ്യം തോന്നിയതും ചെമ്പി മുത്തശ്ശിയോടായിരുന്നു…
എല്ലാം മാറി… ഇപ്പൊ ഇവിടത്തെ എല്ലാത്തിനോടും സ്നേഹാണ്…..””മനക്കലെ കുട്ടിയാ…?”
കണ്ണട പോലും വക്കാതെ.. എത്രയോ മുമ്പ് കണ്ടയാളെ ഇത്ര പെട്ടെന്ന് ഗ്രഹിച്ച മുത്തശ്ശിയെ അത്ഭുതത്തോടെ നോക്കി…”മ്മ് “”എന്ന് മൂളി….””അവിടന്ന് വരണ വഴിയ???”
എന്ന് മുറുക്കാൻ ചവച്ചു ചുവന്ന പല്ലുകൾ വിടർത്തി ചോദിച്ചു…””ഹാ അതേ “”കുട്ടീടെ ആള് വന്നില്യേ.???”ഇത്തവണ മാത്രം ചിരിയൊന്നു മങ്ങി…”ഇല്ല്യ…””
അതും പറഞ്ഞു ധൃതിയിൽ പോകാൻ ഒരുങ്ങിയപ്പോ പ്രതീക്ഷയോടെ നീണ്ട കണ്ണുകൾ കണ്ടത്….
ഒന്ന് ചിരിച്ച് പേഴ്സിൽ നിന്നും രണ്ട് നൂറു രൂപ നോട്ടുകൾ എടുത്ത് ആ കയ്യിൽ കൊടുത്ത്,മുറുക്കാൻ വാങ്ങിക്കോളൂ “””
എന്ന് പറഞ്ഞപ്പോൾ ആ കണ്ണുകൾ സംതൃപ്തിയോടെ തിളങ്ങുന്നുണ്ടായിരുന്നു….
മെല്ലെ ഇളം കാറ്റേറ്റ് നടക്കുമ്പോൾ ഉള്ളിലെ വേവിനിത്തിരി ആശ്വാസം കിട്ടും പോലെ…പടികൾ കയറി പടിപ്പുര വാതിക്കൽ എത്തും നേരം തന്നെ കണ്ടു ഏടത്തിയെ….
പണ്ടും ഇങ്ങനാണ് എങ്ങോട്ട് ഇറങ്ങിയാലും ഇതുപോലെ വന്ന് കാത്ത് നിൽക്കും വീടിന്റെ മുറ്റത്ത്….
അമ്മ ഇല്ലാത്ത ഒരു കുഞ്ഞിന് അക്ഷരാർത്ഥത്തിൽ അമ്മ ആവുകയായിരുന്നു ഏടത്തി.. അമ്മയില്ല എന്ന് പറഞ്ഞുകൂടാ അച്ഛന്റെ മ,ര,ണ,ത്തിനുശേഷം മുഴുഭ്രാന്തി ആവുകയായിരുന്നു അമ്മ….
എട്ടു വയസ്സുകാരി അനിയത്തിക്ക് അമ്മയാവാൻ അന്ന് ഏട്ടൻ വേട്ടതാണ് ഏട്ടത്തിയെ….
ദൈവം കനിഞ്ഞവർക്ക് ഒരു കുഞ്ഞിനെ കൊടുത്തില്ലെങ്കിലും… അവരുടെ എല്ലാം ഞാനായിരുന്നു… അവരുടെ എല്ലാ സന്തോഷവും ഞാനായിരുന്നു…
അതുകൊണ്ട് തന്നെയാണ് അവരുടെ മനസ്സിനെ വിഷമിപ്പിക്കാതെ അവർ ചൂണ്ടിക്കാണിച്ചു തന്ന ആൾക്ക് കഴുത്തു നീട്ടി കൊടുക്കേണ്ടി വന്നതും….
കണ്ടാൽ മാന്യൻ ആരും മോഹിക്കുന്ന ജോലിയും ചുറ്റുപാടും വേറെ എന്ത് വേണം എന്ന് അവർ ചിന്തിച്ചുകാണും… സഹോദരി സുഖം ആയിരിക്കും എന്ന് കരുതി കാണും….
തന്നെ ഒരു ഭാര്യയായി അംഗീകരിക്കാൻ കഴിയില്ല എന്ന് ആദ്യരാത്രിയിൽ തന്നെ വെളിപ്പെടുത്തിയിരുന്നു അയാൾ….
സ്വന്തം മനസ്സിലുള്ള പെൺകുട്ടിയെ വീട്ടുകാരുടെ മുന്നിൽ തുറന്നു പറയാൻ പോലും ഉള്ള ധൈര്യമില്ലാത്ത ഒരുത്തൻ…അവരുടെ മുന്നിൽ ഭാര്യയായി ഞാൻ അഭിനയിക്കണം പോലും…..
അയാള് അയാൾക്ക് ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം മറ്റൊരു ദിക്കിൽ ജീവിതം ആരംഭിക്കുമെന്നും പറഞ്ഞപ്പോൾ എന്റെ ഉള്ളിലെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു…..
അയാൾ പറഞ്ഞത് പോലെ ഞാനും അഭിനയിച്ച് തകർത്തു……ഏട്ടന് വേണ്ടി വേണ്ടി ഇനിയും ഞാൻ തിരിച്ചു വന്നാൽ എന്റെ ജീവിതം തകർന്നു എന്നു കരുതി അവർക്കുണ്ടാകുന്ന വിഷമം കാണാതിരിക്കാൻ വേണ്ടി…..
ഇടയ്ക്കെങ്കിലും എന്നിലെ പെണ്ണ് ഉണർന്നിരുന്നു….. അയാളുടെ തിരസ്കരണം എന്നിലെ പെണ്ണിന്റെ ആത്മാഭിമാനത്തിൽ ഏല്പിക്കുന്ന മുറിവ് നീറിനീറി…
ഒടുവിൽ അത് പൊട്ടിത്തെറിയായി പുറത്തേക്ക് വന്നുസഹനത്തിനും ഒരു കാലാവധിയുണ്ട് അത് കഴിഞ്ഞാൽ ആ ചങ്ങല പൊട്ടിക്കുക തന്നെ ചെയ്യും ആരും…..ഏട്ടനും ഏടത്തിയും വിഷമിക്കുമല്ലോ എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ….
പക്ഷേ പറഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞത് നീ എന്തിനാണ് ഇത്രയും നാൾ സഹിച്ചത്….. നിനക്കിത് ആദ്യമേ പറയാമായിരുന്നല്ലോ എന്നാണ്….
ഒരു ഭാര്യയായി ഒതുങ്ങിക്കൂടൽ അല്ല ഒരു പെണ്ണിന്റെ ജീവിതാഭിലാഷം എന്നും….. ഇനിയും നിനക്ക് ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്ന് പറഞ്ഞത് ചേട്ടൻ ആയിരുന്നു….
വലിയൊരു ബന്ധനം ഭേദിച്ച് വരുന്ന വഴിയാണ്…ഒന്നും ഒറ്റക്ക് സഹിക്കാം എന്ന് കരുതരുത്… ചിലതെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരോടെങ്കിലും തുറന്നു പറയുക….
സ്വയം നഷ്ടമാവാതിരിക്കാൻ എങ്കിലും അത് ഉപകരിച്ചാലോ…..ഏടത്തിയുടെ തണലിൽ ഏട്ടൻ തന്ന ധൈര്യത്തിൽ പഠിച്ചു തുടങ്ങി നിർത്തിയിടത്തു നിന്നും…ഇന്നൊരു കോളേജ് ലെക്ചർ ആണ് ഞാൻ…..
പൊരുത്തം നോക്കാതെ… മുഹൂർത്തം കുറിക്കാതെ ഒരാൾ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുകയാണ്.കൂടെ വർക്ക് ചെയ്യുന്ന സർ… ഇനിയെല്ലാം നല്ലതിനാവട്ടെ അല്ലെ…