നല്ല കുടിയനും .ഗർഭിണി ആയ സമയം കുഞ്ഞിനെ നശ്ശിപ്പിച്ചു കളയാൻ പറഞ്ഞിട്ട് അമ്മാളുഅമ്മ അനുസരിച്ചില്ല.


മുൻവിധി
(രചന: Nisha Pillai)

പതിവുപോലെ കൈതമുക്കിൽ ബസിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴ .സമയം അഞ്ചു കഴിഞ്ഞതേ ഉള്ളൂ .പക്ഷെ ആകാശമാകേ കാർമേഘത്താൽ മൂടി കെട്ടിയിരുന്നു .

നല്ല ഇരുട്ട് പരന്നു.രാവിലെ ഇറങ്ങുമ്പോൾ മഴയുടെ ലക്ഷണമേ ഉണ്ടായിരുന്നില്ല.വീട്ടിലേക്കു എങ്ങനെ പോകും.കുടയെടുത്തില്ല.പാട വരമ്പ് കാണാൻ പറ്റാത്ത വിധം പാടത്തു വെള്ളം നിറഞ്ഞിരിക്കുന്നു. അടുത്ത് കണ്ട വെയ്റ്റിംഗ് ഷെഡിലേക്കു അവൾ നനയാതെ കയറി നിന്നു.

സമയം കുറെ കടന്നു പോയി.മഴയ്ക്ക് ശമനം ഇല്ല.ഇനി എത്ര നേരം ഇങ്ങനെ നിൽക്കണം .ഇരുട്ടിയാൽ അച്ഛൻ വിളിക്കാൻ വരുന്ന പതിവുണ്ട്.ഇന്ന് എന്ത് പറ്റിയോ ആവൊ ?സ്ഥലത്തു ഉണ്ടാകില്ല.

എറണാകുളത്തു ഒരു കവി സമ്മേളനം നടക്കുന്നുണ്ട് .അവിടെ പോയതാകും.കവികളും കവിതയും അച്ഛൻറെ ദൗർബല്യമാണ് .അതാണ് അച്ഛൻറെ മുൻഗണന .രണ്ടാമതെ ഞാനും അമ്മയും വരുന്നുള്ളു. അച്ഛനെ കാണാഞ്ഞു അവൾ അവിടെ കണ്ട പൊളിഞ്ഞ ബെഞ്ചിൽ ഇരുന്നു.

ആരോ മഴയത്തു ഓടി വരുന്ന പദനിസ്വനം .വെള്ളം തെറിപ്പിക്കുന്ന ശബ്ദം .ഒരാൾ ഓടി വന്നു ഷെഡിൽ കയറി.അവൾ പേടിച്ചു ഒരു മൂലയിലേക്ക് മാറി .ആളുടെ മുഖം വ്യക്തമല്ല.ആ ഭാഗത്തു വല്ലാതെ ഇരുട്ട് കട്ട പിടിച്ചു നില്കുന്നു

ഒരു വിഡ്ഢി ചിരിയുടെ അകമ്പടിയോടെ ഒരു ചോദ്യം മാത്രം കേട്ടു.”ഗൗരികുട്ടി പോയില്ലേ?”

മഴയുടെ ആരവത്തിൽ മുങ്ങി പോയ ചോദ്യം . അവ്യക്തമായി കേട്ടു .പരിചിതമായ ശബ്ദം .പക്ഷെ സാധാരണ പോലെ മുഴക്കമില്ല.അയാള് തന്നെയാണോ ?
അമ്പല നടയിൽ കച്ചവടം നടത്തുന്ന അമ്മാളുഅമ്മയുടെ മകൻ .നാരായണൻ .എന്നും കാണാറുണ്ട്.കല്യാണം ഒന്നും കഴിച്ചിട്ടില്ല .

നാല്പതോളം വയസ്സ് .ഇത്തിരി ബുദ്ധിവളർച്ച കുറവുണ്ട് .കേൾവിക്കുറവുള്ളതുകൊണ്ടാകും ഉച്ചത്തിലുള്ള സംസാരം .പക്ഷെ എല്ലാരേയും വെല്ലുന്ന ഓർമശക്തി .
പരിസരങ്ങളിലുള്ള എല്ലാ വീടുകളും അയാൾക്ക് പരിചിതമാണ്. എല്ലാ മനുഷ്യരുടേം പേരും ജനന തീയതിയും ജോലിയും ആനിവേഴ്സറി ദിനങ്ങളും ഒക്കെ മനഃപാഠം ആണ് .

അമ്മാളു ‘അമ്മ ഭർത്താവു വാസുകൊച്ചാട്ടൻ അറിയപ്പെടുന്ന ഒരു ആനക്കാരൻ ആയിരുന്നു , നല്ല കുടിയനും .ഗർഭിണി ആയ സമയം കുഞ്ഞിനെ നശ്ശിപ്പിച്ചു കളയാൻ പറഞ്ഞിട്ട് അമ്മാളുഅമ്മ അനുസരിച്ചില്ല.ഒരു രാത്രി അയാൾ അവരെ നിർബന്ധിച്ചു എന്തോ കുടിപ്പിക്കുകയും നേരം വെളുക്കുന്നത് വരെ ഉപദ്രവിക്കുകയും ചെയ്തു .

അത് കാരണം ആണ് നാരായൺ ഇങ്ങനെ ആയതെന്നു സംസാരമുണ്ട് നാട്ടിൽ
പിന്നെ ആരുംവാസുകൊച്ചാട്ടനെ കണ്ടിട്ടില്ല.അമ്മാളുഅമ്മ വക വരുത്തി എന്നാണ് എല്ലാരും പറയുന്നത് .”ഗൗരികുട്ടിക്കെന്നെ മനസ്സിലായില്ലേ ?അച്ഛൻ വന്നില്ലേ വിളിക്കാൻ ?”

ഒന്നും പറഞ്ഞില്ല .പേടിച്ചിട്ടു കൈകാലുകൾ വിറക്കുന്നു .മഴ കുറയുന്ന ലക്ഷണം കാണുന്നില്ല .സ്വന്തം ഹൃദയമിടിപ്പിന്റെ ശബ്ദം സ്പഷ്ടമായി കേൾക്കാം .അവൾ മൂലയിലേക്ക് ഒന്നും കൂടെ ഒതുങ്ങി.

പെട്ടെന്ന് വേലിക്കരികിൽ നിന്നു അന്നമ്മ ചേച്ചിയോട് സംസാരിക്കുന്ന നാരായണന്റെ രൂപം അവളുടെ മുന്നിലെത്തി .

“നീയെന്താ നാരായണാ കല്യാണം കഴിക്കാത്തത് “”അത് അമ്മ പറഞ്ഞു വേണ്ടെന്നു ,എന്നെ കൊണ്ട് ഒന്നും പറ്റില്ലെന്ന് “”അതെന്തേ

“”പെണ്ണിന്റെ എല്ലാ ആവശ്യങ്ങളും എന്നെ കൊണ്ട് പറ്റില്ലെന്നാ അമ്മച്ചി പറയുന്നേ .അതൊക്കെ പിന്നെ പ്രശ്നം ആകുമെന്ന് “”എന്താവശ്യം ”

അന്നമ്മ ചേടത്തീടെ ചോദ്യം കേട്ടു അന്നവൾ പൊട്ടി വന്ന ചിരിയടക്കാൻ വാ പൊത്തി നിന്നു .

മഴ കുറയുന്നില്ല.മഴയിലൂടെ ഓടി പോയാലോ .പക്ഷെ മഴ തുള്ളികൾ കരിങ്കൽ ചീളുകൾ പോലെ വെയ്റ്റിംഗ് ഷെഡിന്റെ മേൽക്കൂരയിൽ പതിക്കുന്ന ശബ്ദം.ചുറ്റും മഴയുടെ സംഹാര താണ്ഡവം.ഒന്നും വ്യക്തമായി കാണാൻ വയ്യെങ്കിലും ,നല്ല പോലെ മഴയുടെ ഗാംഭീര്യം അറിയുന്നു .

‘അമ്മ എപ്പോഴോ പറഞ്ഞത് ഓർക്കുന്നു .ബുദ്ധി വളർച്ച ഒക്കെ കുറഞ്ഞവർക്ക് ശാരീരിക ക്ഷമത കൂടുമെന്ന്.അവർ സ്ത്രീകളോട് ആകർഷണം കൂടുമെന്ന് . അവർ സ്ത്രീകളെ ഉപദ്രവിക്കുമെന്നു.

പിന്നെ ഒന്നും ആലോചിച്ചില്ല .ഇറങ്ങി ഓടി.നല്ല ശക്തിയോടെ മഴ ആർത്തു പെയ്യുന്നു .ഒരു ലക്ഷ്യവുമില്ലാതെ ഓടി.പിന്നിൽ നിന്നു വിളി.

“ഗൗരികുട്ടീ “തിരിഞ്ഞു നോക്കാതെ ഓടി .തോട് നിറഞ്ഞു ഒഴുകുന്നു .പാടവും റോഡും തോടും എല്ലാം ഒരേ പോലെ .തിരിച്ചറിയാത്ത വിധം വെള്ളത്തിന്റെ കുത്തൊഴുക്ക് .മുന്നോട്ടു തന്നെ ഓടി .നാരായണൻ പിന്നാലെ ഓടി വരുന്നു

കാല് തെറ്റി വെള്ളത്തിൽ മുഖം അടിച്ചു വീണു .വായിലും മൂക്കിലും ചെളിവെള്ളം.കണ്ണടച്ചത് കൊണ്ട് കണ്ണിൽ ചെളി ആയില്ല .കണ്ണുകൾ മുറുക്കി അടച്ചു.

ആരോ കയ്യിൽ പിടിച്ചു ഉയർത്തുന്നു”ഈശ്വരാ, ഇനി എന്താ സംഭവിക്കുക “”എന്തരോട്ടമാ ഇത് ,ഞാൻ കുറെ വിളിച്ചു ,കുട്ടി കേട്ടില്ലേ ,മഴയുടെ ഒച്ച കൊണ്ടാകും ”

കയ്യിലെ കുട നീട്ടി പിടിച്ചു .”ഇതാ കുട ,ഇത്ര നനയേണ്ടിയിരുന്നോ ,”ട്രൗസറുടെ പോക്കറ്റിൽ നിന്നു ഒരു വെള്ളികൊലുസു എടുത്തു നീട്ടി .”ഇത് കുട്ടിയുടെ ആണോ ”

അവൾ തന്റെ രണ്ടു കാലിലും തപ്പി നോക്കി .ഒരു കൊലുസു കാണുന്നില്ല.അച്ഛൻ പിറന്നാളിന് വാങ്ങി തന്നത് .അവൾ അത് അയാളുടെ കയ്യിൽ നിന്നു വാങ്ങി .

നന്ദി സൂചകമായി അയാളെ നോക്കി ചിരിച്ചു”കുട്ടി എന്റെ പുറകെ വരൂ ,ഞാൻ വീട്ടിൽ കൊണ്ട് വിടാം.റോഡിൽ വെള്ളം കുറവുണ്ട് .ഞാൻ ആ വഴിയാ വന്നത് ”

അവൾ ചുറ്റും നോക്കി .മഴ ശമിച്ചിരിക്കുന്നു.പാടത്തേക്കിറങ്ങി നടക്കുന്ന നാരായണന്റെ രൂപത്തെ അവൾ പിൻതുടർന്നു

Leave a Reply

Your email address will not be published. Required fields are marked *