(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“നീ എന്താ അശ്വതി പറയുന്നത് അപ്പോൾ നിങ്ങൾ തമ്മിൽ അങ്ങിനൊന്നും ഉണ്ടായിട്ടേ ഇല്ല എന്നാണോ.. അപ്പോ പിന്നെങ്ങനാ കുഞ്ഞ്… ”
അശ്വതിയുടെ വാക്കുകൾ അതിശയമായിരുന്നു അനീഷിന്.” അങ്ങിനല്ലെടോ.. ഉണ്ടായിട്ടുണ്ട്.. പക്ഷെ അതൊക്കെ ഒരു തരം ബലാത്സംഗം ആണെന്ന് വേണേൽ പറയാം. ചേട്ടൻ അങ്ങിനെയാണ്.
രാത്രികളിൽ കള്ളും കുടിച്ച് വരും എന്നിട്ട് ബലമായി സ്വന്തം ഇഷ്ടത്തിന് കാട്ടിക്കൂട്ടും ഉറങ്ങും അത്ര തന്നെ.. എന്റെ ഇഷ്ടം നോക്കാറില്ല.. സത്യം പറയാലോ വിവാഹം കഴിഞ്ഞു വർഷം മൂന്നായി പക്ഷെ എനിക്കിപ്പോഴും പേടി ആണ്..വേദനയാണ് ”
അശ്വതിയുടെ മിഴികളിൽ നനവ് പടരുമ്പോൾ എന്ത് പറയണം ന്ന് അറിയാതെ കുഴഞ്ഞു അനീഷ്.
” എടോ… കേട്ടിട്ട് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല.. എന്റെ കാഴ്ചപ്പാടിൽ നിങ്ങൾ വിവാഹിതരാണ് ഒരു കുഞ്ഞുണ്ട് സുഖായി സന്തോഷത്തോടെ ജീവിക്കുന്നു.. ബട്ട് അതിനിടയിൽ ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഉണ്ടെന്ന് കേട്ടപ്പോ വിശ്വസിക്കാൻ പറ്റുന്നില്ല ”
” അതങ്ങിനെയാണ് അനീഷ് പുറമെ കാണുന്നത് ഒന്നും സത്യം ആകണമെന്നില്ല… ചേട്ടന് എന്നോട് സ്നേഹം തന്നെയാണ്. പക്ഷെ ഈ കള്ളുകുടി അതാണ് പ്രശ്നം..
പലപ്പോഴും കുടിച്ചിട്ട് വന്ന് എന്നെ ഉപദ്രവിക്കാറുണ്ട്.. കുടിച്ച് കഴിഞ്ഞാൽ അയാൾ പിന്നെ മറ്റൊരാളാണ്.. ഒരു മൃഗം.. കുറേ സഹിച്ചു ഞാൻ.. വീട്ടിൽ വന്ന് നിന്നിട്ട് സുഖമില്ലാത്ത അച്ഛനെ വരെ കൈ വച്ചു അയാൾ. ”
വെറുപ്പോടെയാണ് അശ്വതി പറഞ്ഞവസാനിപ്പിച്ചത്. ഒക്കെയും കേട്ട് മറുപടിയില്ലാതെ മൗനമായി തന്നെയിരുന്നു അനീഷ്..
” എടോ തനിക്കു അറിയോ.. എന്റെ മോള് ജനിച്ചത് പോലും പോലും ഞങ്ങൾ പ്ലാൻ ചെയ്തപോലെ അല്ലായിരുന്നു.
വിവാഹം കഴിഞ്ഞു ആറു മാസം കുട്ടികൾ വേണ്ട എന്റെ പഠനം പൂർത്തിയാക്കിയിട്ട് മതി കുട്ടികൾ എന്നൊക്കെ വിവാഹത്തിന് മുന്നേ ഞങ്ങൾ തീരുമാനിച്ചതാണ്.പക്ഷെ വിവാഹ ശേഷം രണ്ടാം മാസം ഒരു രാത്രി കള്ളും കുടിച്ച് വന്ന് കേറി അയാൾ….
എനിക്ക് തടുക്കാൻ പറ്റിയില്ല.. വേദനയോടെ ഞാൻ നിലവിളിച്ചു പക്ഷെ അതൊക്കെ അയാൾക്ക് ഒരു ഹരമായിരുന്നു. ബലമായി എന്റെ വായ് പൊത്തിപ്പിടിച്ചു. ഒടുവിൽ ഞാൻ പ്രഗ്നന്റ് ആയി അതോടെ എന്റെ പഠിപ്പ് നിന്നു… സ്വപ്നങ്ങൾ അവസാനിച്ചു. ”
അവൾ തേങ്ങുമ്പോൾ പതിയെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു അനീഷ്.” പോട്ടെടോ.. എല്ലാം ശെരിയാകും. താൻ ഇങ്ങനെ വിഷമിക്കാതെ ”
” എനിക്കൊരു ജോലി വേണം അനീഷ്. അല്ലാതെ പിടിച്ചു നിൽക്കാൻ പറ്റില്ല. ഞാൻ ഇപ്പോൾ എന്റെ വീട്ടിലാണ്.
ചേട്ടൻ നേരെ ജോലിക്ക് പോലും പോകാതെ വീട്ടിൽ എന്നും കള്ളും കുടിച്ച് വന്ന് വഴക്കും ഉപദ്രവവും ആയപ്പോൾ ഞാൻ കുഞ്ഞുമായി എന്റെ വീട്ടിലേക്ക് പോന്നു… ഇനി അയാളുമായി ഒത്തു പോകുവാൻ എനിക്ക് കഴിയില്ല.. ”
ആ കേട്ടത് അനീഷിന് ഒരു നടുക്കമായി.” അപ്പോൾ.. നിങ്ങൾ പിണങ്ങി നിൽക്കുവാണോ ഇപ്പോൾ ”
സംശയത്തോടെ നോക്കി അവൻ പെട്ടെന്ന് അവളിൽ നിന്നും പെട്ടെന്ന് അടർന്നു മാറി. അത് കണ്ട് ചിരിച്ചു പോയി അശ്വതി.
” പേടിക്കേണ്ടടോ.. കെട്ട്യോനെ ഉപേക്ഷിച്ചെന്ന് കരുതി നിന്റെ തലയിൽ ആകില്ല ഞാൻ.. അത് ഉറപ്പ്.. ”
ആ മറുപടി കേട്ട് അനീഷ് ഒന്ന് ചൂളി പോയി..” അല്ല.. അതുകൊണ്ട് അല്ലടോ.. പെട്ടെന്ന് കേട്ടപ്പോൾ… ”
വിശദീകരണങ്ങൾക്ക് ശക്തിയില്ലായിരുന്നു. ആ പതർച്ച കണ്ട് പതിയെ അവന്റെ മുടിയിഴകളെ തലോടി അശ്വതി.
” എടോ.. വിവാഹം കഴിഞ്ഞു ഒരു കുഞ്ഞുള്ള ഞാൻ ഇങ്ങനെ ഒരു മുറിയിൽ നിനക്കൊപ്പം ഒരു പുതപ്പിൻ കീഴിൽ പറ്റിച്ചേർന്നു കിടക്കുന്നത് തെറ്റാണെന്ന് അറിയാം പക്ഷെ.. പക്ഷെ ഈ സുഖമൊക്കെ ഒന്ന് ആസ്വദിക്കുവാൻ കൊതിയാടോ..
നീ വിളിക്കുമ്പോൾ എന്നോട് ഓരോന്ന് പറയില്ലേ നിനക്ക് സുഖത്തിനായി അതൊക്കെ കേട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല കാരണം ഈ സുഖം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല.
എനിക്കെന്നും വേദന മാത്രമായിരുന്നു… നിന്നിലൂടെ ഓരോന്ന് അറിഞ്ഞപ്പോൾ ഒരു കൊതി.. അതാ നീ വിളിച്ചപ്പോൾ ഞാൻ വന്നേ..”
മറുപടി ഇല്ലാതെ അല്പസമയം അവളെ തന്നെ നോക്കി കിടന്നു അനീഷ്. അത് കണ്ടിട്ട് പതിയെ അവന്റെ കരങ്ങൾ കവർന്നു തലോടി അശ്വതി .
” എടോ.. താൻ പേടിക്കേണ്ടടോ ഞാൻ പ്രോമിസ് ചെയ്ത് പറയുന്നു ഒരിക്കലും തനിക്കു ഞാനൊരു ബാധ്യതയാകില്ല. നമ്മുടെ ഈ ബന്ധം ആരും അറിയുകയുമില്ല.
കാരണം അത്രത്തോളം കടപ്പാടുണ്ട് എനിക്ക് നിന്നോട്.. ജീവിതം വഴിമുട്ടി എന്ത് ചെയ്യുമെന്നറിയാതെ നിന്ന എനിക്ക് ആശ്വാസ വാക്കുകൾ പകർന്നത് നീ ആണ്.
നിന്നോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ ആണ് എനിക്ക് ഏറെ ആശ്വാസം തോന്നിയത്. അതുകൊണ്ടാണ് നീ ഇങ്ങനൊരു ആഗ്രഹം പറഞ്ഞപ്പോ ഒരു മടിയും കൂടാതെ ഈ ഹോട്ടൽ മുറിയിൽ നിനക്കൊപ്പം വന്നത് ഞാൻ. ”
അവളുടെ ഓരോ വാക്കുകളും അനീഷിന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു. പക്ഷെ അപ്പോഴും ഒരു ചെറിയ പേടി അവന്റെ മനസ്സിൽ അവശേഷിച്ചു.
” അശ്വതി.. നിന്റെ ജീവിതത്തിൽ ഇത്രത്തോളം പ്രോബ്ലംസ് ഉണ്ടെന്ന് ഇപ്പോഴാണ് ഞാൻ അറിഞ്ഞത്. എല്ലാം അറിഞ്ഞപ്പോ നിന്നെ എന്റെ ജീവിതത്തിൽ കൂട്ടണം എന്ന് പോലും തോന്നുന്നുണ്ട് പക്ഷെ.. നിന്റെ കുഞ്ഞ് ….”
അനീഷിന്റെ വാക്കുകൾ മുറിയവേ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു അശ്വതി. ശേഷം അവന് അഭിമുഖമായി ഇരുന്നു
” നോക്ക് അനീഷ്.. എനിക്ക് നിന്റെ സഹദാപം വേണ്ട.. നിന്റെ എന്നല്ല ആരുടേയും.. ഞാനും എന്റെ മോളും.. അതാണ് ഇപ്പോൾ എന്റെ ലോകം..
അതിലേക്ക് മറ്റൊരാളെ ക്ഷണിക്കാനും ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നില്ല.. ഞാൻ പറഞ്ഞില്ലേ.. ഒരു ജോലി.. അത് അത്യാവശ്യമാണ് എനിക്ക് എന്റെ കുഞ്ഞിനെ പൊന്ന് പോലെ നോക്കും ഞാൻ.. ”
അത്രയും പറഞ്ഞു പതിയെ എഴുന്നേറ്റു അവൾ. അനീഷും ചാടി പിടഞ്ഞെഴുന്നേൽക്കുമ്പോൾ തന്റെ വസ്ത്രങ്ങൾ എടുത്തണിഞ്ഞിരുന്നു അശ്വതി.
” എടോ ഞാൻ.. സഹദാപം കൊണ്ട് പറഞ്ഞതല്ല.. എന്തായാലും ജോലി. അത് നമുക്ക് സെറ്റ് ആക്കാം.. എന്തിനും ഞാനുണ്ട് ഒപ്പം. ”
അവന്റെ വാക്കുകൾക്ക് മുന്നിൽ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണാടിക്ക് മുന്നിലേക്ക് ചെന്നു അശ്വതി.ശേഷം പാറി പറക്കുന്ന മുടിയിഴകൾ ഭംഗിയായി ചീകി കെട്ടി.. നെറ്റിയിൽ ഒരു പൊട്ടു കൂടി തൊട്ട് അവൾ തിരിയുമ്പോൾ കൊതിയോടെ നോക്കി നിൽക്കുകയായിരുന്നു അനീഷ്.
“എടോ.. താൻ പോകുവാണോ.. വൈകിട്ട് പോയാൽ പോരെ.. “ആ നോട്ടം അശ്വതിയെ ചിരിപ്പിച്ചു.
” എടോ.. മതിയെടോ.. എന്ത് കൊതിയാ നിനക്ക് അധികമായാൽ അമൃതും വിഷമാണ്. ഇനിയും സമയം ഉണ്ടല്ലോ നമുക്ക് വീണ്ടും കാണാം.. ”
ആ വാക്കുകൾ കേട്ട് നിരാശയോടെ അനീഷ് റെഡിയാകുമ്പോൾ അവനെ തന്നെ നോക്കി ബെഡിൽ ഇരുന്നു അവൾ
” എടോ.. നമ്മൾ ചെയ്തത് വലിയ തെറ്റ് ആകാം. പക്ഷെ നീ വിളിച്ചാൽ എപ്പോൾ വേണേലും വരും ഞാൻ. കാരണം ഇന്നാണ് ജീവിതത്തിൽ സുഖവും സന്തോഷവും ഞാനറിഞ്ഞത്.. ഒരുപാട് നന്ദിയുണ്ട്.. ”
അശ്വതി ആ പറഞ്ഞത് കേട്ട് പതിയെ അവൾക്കൊപ്പം ബെഡിലേക്കിരുന്നു അനീഷ്. അവളെ വാരി പുണർന്ന ശേഷം നെറുകയിൽ ഒന്ന് മുത്തി.
” നമ്മുടെ ഈ ബന്ധം മരണം വരെ നില നിൽക്കും… വിവാഹ ജീവിതത്തിൽ തനിക്കു കിട്ടാതെ പോയ ആ സുഖം ഞാൻ തരും നിനക്ക്.. ഞാൻ ഉണ്ടാകും തനിക്കൊപ്പം.. ഉറപ്പ് ”
ആ മറുപടി ഏറെ സന്തോഷിപ്പിച്ചെങ്കിലും പതിയെ അവനിൽ നിന്നും അടർന്നു മാറി അശ്വതി.
” അത് വേണ്ട അനീഷ്… എന്റെ ജീവിതം ഇങ്ങനൊക്കെ ആയി.. നിനക്ക് നല്ലൊരു ജീവിതം ഉണ്ട് അതിൽ ഒരു ശല്യമായി ഞാൻ ഉണ്ടാകില്ല. നിന്റെ വിവാഹം നിശ്ചയിക്കുന്ന ദിവസം..
നിന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി എത്തുന്ന ദിവസം.. അന്ന് തീരും നമ്മുടെ ഈ ബന്ധം പിന്നേ നിന്റെ കണ്മുന്നിൽ പോലും ഞാൻ ഉണ്ടാകില്ല.. ഉണ്ടാകാൻ പാടില്ല.. ”
ആ വാക്കുകൾ ഉറച്ചതായിരുന്നു. അല്പം നിരാശ തോന്നിയെങ്കിലും മുഖത്തേക്ക് ആ ഭാവം നിഴലിക്കാതിരിക്കുവാൻ ശ്രദ്ധിച്ചു അനീഷ്.
“ഓക്കേ.. തന്റെ ഇഷ്ടം പോലെ.. ഞാൻ എതിരു പറയുന്നില്ല… എന്തായാലും ഞാൻ ഒരു വിവാഹത്തെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല.. ഇനിയും ഒരു വർഷമെങ്കിലും എടുക്കും. അത്രയും നാൾ നമുക്ക് ഇത്പോലെ വല്ലപ്പോഴുമൊക്കെ കാണാം..
മറുപടിയായി ഒരു പുഞ്ചിരി നൽകി യാത്ര പറഞ്ഞ് അശ്വതി പതിയെ മുറിക്കു പുറത്തേക്ക് പോയി. അല്പസമയം അങ്ങിനെ നിന്ന ശേഷം അനീഷ് തിരികെ ബെഡിലേക്കിരുന്നു. ശേഷം ഫോൺ എടുത്ത് സുഹൃത്ത് ദീപകിന്റെ നമ്പറിലേക്ക് കോൾ ചെയ്ത് കാതോട് ചേർത്തു.
” അളിയാ എന്തായി കാര്യം നടന്നോ “കോൾ എടുത്തപാടെ ദീപക്കിന് ചോദിക്കുവാനുണ്ടായിരുന്നത് അതായിരുന്നു.
” നടന്നു അളിയാ.. പൊളിച്ചു.. അന്ന് അക്ഷയയെ കൊണ്ട് വന്നിലെ അതേ ലോഡ്ജിൽ അതേ മുറിയിൽ.. അവള് ദേ ഇപ്പോൾ പോയെ ഉള്ളു.. ”
മറുപടി പറയുമ്പോൾ സംതൃപ്തിയിൽ ബെഡിലേക്ക് ചാഞ്ഞു അനീഷ്.” ഹോ.. പൊന്നളിയാ.. നിന്റെ ഒരു ഭാഗ്യം.. ഇവളെങ്ങിനെ സഹകരിക്കോ ”
ദീപക്കിന്റെ വാക്കുകളിൽ അസൂയ നിഴലിച്ചു.” പിന്നല്ലാണ്ട്.. ഇനി എപ്പോ വിളിച്ചാലും വരും.. പക്ഷെ ഞാൻ ഒന്ന് പേടിച്ചു. അവള് കെട്ടിയോനേം ഉപേക്ഷിച്ചു വീട്ടിൽ വന്ന് നിൽപ്പാണെന്ന്.
തലയിൽ ആകുമെന്നാ ആദ്യം കരുതിയെ. ബട്ട് സീനില്ല.. അവള് തന്നെ ഒഴിഞ്ഞു. ഇനി ആകെ ഒരു പ്രശ്നം ഉള്ളത് എന്റെ കല്യാണം ഉറപ്പിച്ചത് അവള് അറിയാതെ നോക്കണം. അത് അറിഞ്ഞാൽ അതോടെ അവള് കോൺടാക്ട് കളയും… ”
അനീഷിന്റെ മറുപടി കേട്ട് ചിരിച്ചു പോയി ദീപക്.” നിനക്ക് അതൊക്കെ ഒരു പ്രശ്നം ആണോടാ.. നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ഇപ്പോ വർഷം ഒന്നാകാൻ പോകുവല്ലേ. ഇനി രണ്ട് മാസം കഴിഞ്ഞാൽ വിവാഹവും. ഇതിനിടക്ക് ഇതിപ്പോ മൂന്നാമത്തെ പെണ്ണല്ലേ.. ആ നിനക്ക് ആണോ ഇതൊക്കെ ഡീൽ ചെയ്യാൻ ബുദ്ധിമുട്ട് ”
ആ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് പതിയെ എഴുന്നേറ്റു അനീഷ്.’ ശെരിയാണ്.. ഇതിപ്പോ ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ പെണ്ണാണ്.. എന്റെ ഒരു ഭാഗ്യം.’
ആത്മഗതത്തോടെ കോൾ കട്ട് ആക്കി കണ്ണാടിക്ക് മുന്നിൽ ഒരിക്കൽ കൂടി ഒന്ന് നോക്കി പോകുവാനായി ഇറങ്ങി അവൻ.
ആ സമയം റോഡിലൂടെ നടക്കുമ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു അശ്വതിക്ക്. തന്റെ വിഷമങ്ങളും ഷെയർ ചെയ്യാൻ നല്ലൊരു സുഹൃത്ത് ഉണ്ടെന്നുള്ള ആശ്വാസവും, പക്ഷെ അവൾ അറിയുന്നുണ്ടായിരുന്നില്ല പോയി ചെന്നത് വലിയ ചതിക്കുഴിയിലേക്കാണ് എന്ന്.