(രചന: Rajitha Jayan)
മരങ്ങൾ പോലും തണുത്ത്കോച്ചുന്ന മകരമാസ തണുപ്പിൽ പുലർച്ചെ എഴുന്നേറ്റ് കുളിച്ചമ്പലത്തിലേക്ക് പോവുന്ന ഗോപികയെ നോക്കി നിൽക്കുന്ന ജാനകിയെ,
രൂക്ഷഭാവത്തിലൊന്ന് നോക്കിയിട്ട് ശേഖരൻമാഷ് വീടിനകത്തേക് കയറിപോയി..
“മാഷെ….മാഷെ…. ,ശേഖരൻമാഷിന് പിന്നാലെ ചെന്ന ജാനകി മാഷെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി. ….
“എന്താണ് ജാനകി,രാവിലെ നിനക്ക് അടുക്കളയിൽ പണിയൊന്നുമില്ലേ…? ബാക്കി ഉളളവൻ ഒരു ചായകിട്ടാനിനി ചായക്കട നോക്കി പോണോ..?
” ദേ മാഷെ ,,ഞാൻ ഒരു കാര്യം പറഞ്ഞേക്കാം, നിങ്ങളിവിടെ ചായയും കുടിച്ച് പത്രവും വായിച്ച് കാലും നീട്ടി ഇരുന്നോളൂ…,,
പ്രായം തികഞ്ഞൊരുപെണ്ണ് ദിവസേന എന്റെയും നിങ്ങളുടെയും മുമ്പിലൂടെയാണ് കുളിച്ചൊരുങ്ങി അമ്പലത്തിലേക്കെന്ന് പറഞ്ഞീ പോണത്….
അതെന്താടീ ജാനൂ നീ അങ്ങനെയൊരു പറച്ചിൽ….?
അവളപ്പോ ദിവസേനെ പോണത് അമ്പലത്തിലേക്കല്ലേ…..?
“ദേ മാഷെ രാവിലെ തന്നെ നിങ്ങൾ എന്നെക്കൊണ്ട് ഓരോന്നും പറയിപ്പിക്കല്ലേ ട്ടോ. മകള് രാവിലെ കുളിച്ചൊരുങ്ങി പോണത് അമ്പലത്തിലേക്ക് തന്നെയാണ്, പക്ഷെ അവള് കാണാൻ പോവുന്ന ദേവൻ അവിടെ അമ്പലത്തിലല്ല ഇരിക്കണത്…
നമ്മുടെ നാലു വീടപ്പുറത്തുളള ദേവകിയമ്മയുടെ വീടിനകത്താണ് ,അവരുടെ മകന്റെ രൂപത്തിൽ. അല്ല പിന്നെ. ..
ശേഖരൻമാഷെ ദേഷ്യത്തിലൊന്ന് നോക്കിയിട്ട് ജാനകി ധൃതിയിൽഅടുക്കളയിലേക്ക് നടന്നു. ..
“ഹ,,അങ്ങനങ്ങ് പോയാലോടീ….നിന്റ്റെ മകൾ രാവിലെ ആണൊരുത്തനെ ദർശിക്കാനാണ് അമ്പലത്തിലേക്കെന്ന് പറഞ്ഞിവിടെ നിന്നിറങ്ങുന്നതറിഞ്ഞിട്ടും നീയെന്താടീ അതിനെതിരെ പ്രതികരിക്കാത്തത്. ..?
ഈ വീട്ടിൽ എന്റെ വാക്കുകൾക്ക് എന്ത് വിലയാണ് ഉള്ളത്. ..? എല്ലാം മാഷിന്റെ ഇഷ്ടവും തീരുമാനങ്ങളും അല്ലേ. …?
“അതേടീ ,,എല്ലാം എന്റെ ഇഷ്ടവും തീരുമാനവും തന്നെയാണ്. പക്ഷേ എന്റെ ഇഷ്ടങ്ങളുടെ കൂട്ടത്തിലൊരിക്കലും എന്റെ മകളുടെ പ്രണയം കടന്നു വന്നിട്ടില്ല. …
എന്റെ തീരുമാനങ്ങളിലൊരിടത്തും ഗോപിക എന്ന എന്റെ മകളെ, വാവത്ത് വീട്ടിലെ ദേവകിയമ്മയുടെ മകൻ ദേവനെകൊണ്ട് വിവാഹം കഴിപ്പിക്കാംമെന്നും ഇല്ല…
എനിക്ക് ഓരോന്നിനെ പറ്റിയും വ്യക്തമായ തീരുമാനങ്ങൾ ഉണ്ട്, അതിലെന്റെ മകളുടെ വിവാഹം എങ്ങനെ ആവണം എന്നും അവൾ ആരെ കെട്ടണമെന്നും ഉണ്ട്…മനസ്സിലായോ ജാനകിക്ക്….?
“എനിക്ക് ഇതെല്ലാം എന്നോ മനസ്സിലായതാണ് മാഷേ….,,,എനിക്ക് മാത്രമല്ല ഗോപികയ്ക്കും ….
നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് മാത്രമേ അവളെ വിവാഹം കഴിപ്പിക്കൂ എന്നറിഞ്ഞിട്ടും വെറുമൊരു കൃഷിക്കാരനായ ദേവന്റ്റെ പിന്നാലെ അവൾനടക്കണതെന്താണെന്നെനിക്കറിയില്ല….?
അവള് നടക്കട്ടെ ജാനൂ….അവളെത്ര നടന്നാലും അവളുടെ നേരെ ദേവന്റ്റെ കണ്ണുകൾ നീട്ടുചെല്ലില്ല.. അതെനിക്കുറപ്പാണ്…. , ദേവകിയുടെ വയറ്റിലവൻ വളർന്നു തുടങ്ങിയ നാളുകളിൽ അവന് അവന്റെ അച്ഛനെ നഷ്ടപ്പെട്ടതാ. ..
അന്ന് തൊട്ട് ഇന്നുവരെ അവന്റെ ദൈവം അവന്റെ അമ്മയാണ്… ..ആ അമ്മയുടെ ദൈവം ഈ ശേഖരൻ മാഷും…
“ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോഴെല്ലാം അവരെ താങ്ങി കൂടെനിർത്തിയൊരു, സഹോദരനെ പോലെ കടമകളോരോന്നും ഞാൻ ചെയ്തതിന്റ്റെ പ്രതിഫലം ഒരു നന്ദിക്കേടാവില്ലഎന്നെനിക്കുറപ്പുണ്ട്…
എന്റെ ഉപദേശങ്ങൾ കേട്ട് വളർന്നവനാണ് ദേവൻ… ഗോപിക എത്രയെല്ലാം ശ്രമിച്ചാലും എന്റ്റെ തീരുമാനങ്ങൾക്ക് മുകളിൽ ദേവനും അമ്മയും വളരില്ല….
“എനിക്കൊന്നും അറിയില്ല എന്റ്റെ കൃഷ്ണാ. …
ഇതെല്ലാം എവിടെ ചെന്നവസാനിക്കുമോ ആവോ. ….?
നിസ്സഹായതയോടെ ശേഖരൻ മാഷെ നോക്കിയിട്ട് ജാനകി അകത്തേക്ക് പോയപ്പോൾ ചുണ്ടിലൊരു പുഞ്ചിരിയോടെ ശേഖരൻ മാഷ് പത്രം കയ്യിലെടുത്തുമ്മറത്തേക്ക് നടന്നു.
“ഇന്ന് ഇത്തിരി വൈകീലോ ഗോപികേ….സാധാരണ ഞാൻ നടതുറന്ന് അൽപം കഴിഞ്ഞാലുടനെ എത്തണ ആളല്ലേ ഇന്നിപ്പോ …?
“ഒന്നും പറയണ്ടെന്റ്റെ തിരുമേനി. …,രാവിലെ ഉള്ള ഈ യാത്ര എന്തുരസമാണെന്നറിയോ..? വരുന്ന വഴിയിൽ നിറയെ പലതരം കിളികളുടെ പാട്ട്…,
റോഡിലാണെങ്കിൽ തലയിലൊരു തോർത്തുമുണ്ടും ചുണ്ടിലൊരു ജോക്കർ ബീഡിയുമെരിച്ച് കയ്യിൽ പാൽപാത്രവും തൂക്കി നടന്നു പോവുന്ന നമ്മുടെ നാട്ടുകാർ…, ഇതെല്ലാം ആസ്വദിച്ച് പോന്നപ്പോൾ സമയം പോയതറിഞ്ഞില്ല തിരുമേനി. ..
“ഹാ….. ഇതാപ്പോ രസായത്,കുട്ടി പറഞ്ഞ ഈ കിളികളുടെ പാട്ടും നമ്മുടെ നാട്ടിലെ ആളുകളും ഇന്നാദ്യമായിട്ടൊന്നും അല്ലല്ലോ കുട്ടി കാണത് ഇത്രമാത്രം ആസ്വദിക്കാൻ. ..?
ആണോ…?
അത് തിരുമേനി ഞാൻ. …,,”പുതിയ കളളങ്ങൾ പറയാൻ ശ്രമിക്കണ്ട കുട്ടീ. ..,എനിക്ക് അറിയാം ഇന്ന് വരും വഴിയിൽ ദേവനെ കണ്ടില്ല അല്ലേ. …?
“അതെങ്ങനെ തിരുമേനിക്ക് മനസ്സിലായി. ….ഇന്ന് ഞാൻ ദേവേട്ടനെ കണ്ടില്ലാന്ന്…..?ഗോപികയുടെ ആകാംക്ഷയോടെുളള ചോദ്യത്തിന് തിരുമേനിയുടെ മുഖത്തൊരു വാടിയ പുഞ്ചിരി വിടർന്നു. …
“അത് കുട്ട്യേ, കുട്ടി ഇങ്ങനെ ദേവന്റ്റെ പിന്നാലെ നടക്കണത് ഈ നാട്ടിലുളള എല്ലാവർക്കും അറിയണകാര്യം അല്ലേ..?
അപ്പോൾ തനിക്ക് കൂടുതൽ ചീത്തപേര് ഉണ്ടാക്കാനായിട്ടിനി മുതൽ രാവിലെ അമ്പലത്തിലേക്ക് വരുന്നില്ലാന്ന് ദേവൻ ഇന്നലെ പറഞ്ഞിരുന്നു….,, ഇവിടേക്കാവശ്യമായ പാൽ രാവിലെ ഒരു ചെക്കനിങ്ങട് എത്തിക്കുംന്ന് പറഞ്ഞു. ..
കുട്ടി വെറുതെ അയാളുടെ പുറകെ നടന്നു സമയം കളയണ്ട….തന്റെ മനസ്സിൽ അയാളോടു തോന്നണപോലൊരു ഇഷ്ടം അയാൾക്ക് കുട്ടിയോടില്ല പിന്നെ എന്തിനാ വെറുതെ. …,,,
“എന്നെ ദേവേട്ടൻ ഇഷ്ടപ്പെടണംന്ന് എനിക്ക് ആഗ്രഹിക്കാലോ തിരുമേനി…? അതുകൊണ്ട് എന്റെ പതിവ് വഴിപാടുകൾ വേഗം കഴിച്ചു തരൂ തിരുമേനി,സമയം വൈകി. …
തിരുമേനിയുടെ വാക്കുകൾനിറച്ച, കണ്ണുകൾ തുടച്ച് പുഞ്ചിരിയോടതു പറയുമ്പോഴും അവളുടെ മുഖത്ത് നിഴലിക്കുന്ന വേദന തിരുമേനി തിരിച്ചറിയുന്നുണ്ടായിരുന്നു…
“ദേവേട്ടന്റ്റമ്മേ….ദേവേട്ടന്റ്റമ്മേ…”ഹല്ലാ. …ആരിത് ഗോപിമോളോ….?മോളെന്താ രാവിലെ. ..?
ഗോപികയെ കണ്ട സന്തോഷത്തോടെ അത് ചോദിക്കുമ്പോൾ ദേവകിയമ്മയുടെ കണ്ണുകൾ അറിയാതെ അകത്തേക്ക് നീണ്ടു ചെന്നു. ..അവിടെ വാതിലിനരികെ മറഞ്ഞെന്ന പോലെ ദേവൻ നിൽക്കുന്നുണ്ടായിരുന്നു…
“ഞാൻ അമ്പലത്തിൽ പോയി വരണ വഴിയാ ദേവേട്ടന്റ്റമ്മേ…,,സാധാരണ ഞാൻ പോവുമ്പോൾ ക്ഷേത്രത്തിൽ പാൽകൊടുത്ത് വരുന്ന ദേവേട്ടനെ വഴിയിൽ കാണാറാണ് പതിവ്. ..ഇന്ന്കണ്ടില്യാ….,
അമ്പലത്തിൽ ചെന്നപ്പോൾ തിരുമേനി പറഞ്ഞു എന്നെ പേടിച്ച് ദേവേട്ടൻ അമ്പലത്തിൽ പോണത് നിർത്തീന്ന്….
“എന്നെ പേടിച്ച് പതിവായുളള ആ ശീലം നിർത്തണ്ട എന്ന് അമ്മ ദേവേട്ടനോട് പറയ്യോ….? ഞാൻ ഇനി അമ്പലത്തിലേക്ക് ചെല്ലില്ലാന്ന് ദേവിയോട് പറഞ്ഞിട്ടാണ് പോന്നത്….
ഞാൻ എന്റേതാക്കാൻ ആഗ്രഹിക്കുന്ന ദേവേട്ടൻ എന്നെങ്കിലുംഎന്റേതാവുകയാണെങ്കിൽ അന്ന് ഞങ്ങൾ ഒരുമ്മിച്ച് വന്നോളാം എന്ന് ഞാൻ ദേവിയോട് പറഞ്ഞിട്ടുണ്ട്,
എന്നെ ഇനി കാണണമെങ്കിൽ അമ്മയുടെ മകന്റെ മനസ്സിൽ ഈ ഗോപികയ്ക്കൊരു സ്ഥാനംദേവിഉണ്ടാക്കട്ടെ. .. അപ്പോൾ ശരി അമ്മേ ഞാൻ പോണൂ…..
നിറയുന്ന കണ്ണുകൾ ദേവകിയമ്മ കാണാതെ തുടച്ച് കയ്യിലെ ഇലചീന്ത് അവിടെ വെച്ച് ധൃതിയിൽ ഗോപിക നടന്നു മറയുന്നത് വേദനയോടെ ദേവകിയമ്മ നോക്കി നിന്നു. …
“ദേവാ. …മോനെ കേട്ടില്ലേടാ നീയ്യാ കുട്ടി പറഞ്ഞത്…? അതിന്റെ കണ്ണു നിറഞ്ഞു കാണുമ്പോൾ എന്റെ നെഞ്ചിനകത്തെ വേദന എത്രയാണെന്ന് നിനക്കറിയാമോടാ….?
“സാരമില്ല അമ്മേ….അവളുടെ പ്രായത്തിന്റ്റെ എടുത്ത് ചാട്ടമാണിത്…കുറച്ചു കഴിഞ്ഞ് നല്ലൊരു ചെക്കനെ ഭർത്താവായ് കിട്ടുമ്പോൾ ഇതെല്ലാം അവള് മറന്നോളും….
വിങ്ങുന്ന മനസ്സിന്റെ വേദന പുറത്ത് കാണിക്കാതെ ദേവനത് പറഞ്ഞപ്പോൾ ദേവകിയമ്മ അവന്റെ മുഖം വലംകയ്യാൽ പിടിച്ചുയർത്തി….
“നിനക്കൊരു വിഷമവും ഇല്ലാന്ന് ഈ അമ്മയെ കാണിക്കാൻ നീയിങ്ങനെ വേദന തിന്നണ്ട മോനെ…. എനിക്ക് അറിയാം മോനെ നിന്റ്റെ മനസ്സ്….,
“വിശപ്പാണെങ്കിലും വിഷമം ആണെങ്കിലും അത് പുറത്തറിയാതെ ജീവിക്കാൻ അമ്മ അല്ലേ എന്നെ പഠിപ്പിച്ചത്…? ….ചെറുചിരിയോടെ ദേവൻ ദേവകിയമ്മയെ നോക്കി പറഞ്ഞു
“അമ്മേ ഞാൻ ജനിക്കുന്നതിനുമുമ്പേ എനിക്ക് നഷ്ടമായതാണെന്റ്റെ അച്ഛനെ,അന്ന് മുതൽ ഇന്നുവരെ നമ്മുടെ ഏത് കാര്യത്തിനും എന്നും എപ്പോഴും സഹായഹസ്തവുമായ് മുന്നിൽ നിന്നത് ശേഖരൻമാഷും കുടുംബവും ആണ്. ..,,
“കുഞ്ഞു നാൾ മുതൽ കൂട്ടുകൂടി നടക്കുന്നതിനിടയിലെപ്പോഴോ ഗോപികയുടെ മനസ്സിൽ അവളുടെ പുരുഷന്റെ സ്ഥാനത്ത് ഞാൻ കയറി പറ്റിയെന്ന് എന്നെക്കാൾ മുമ്പ് തിരിച്ചറിഞ്ഞത് അവളുടെ അച്ഛൻ ശേഖരൻമാഷാണ്…
അന്ന് അദ്ദേഹം എന്നെ വിളിച്ച് മാറ്റി നിർത്തി പറഞ്ഞൊരു കാര്യം ഉണ്ട് ,ആരാരും ഇല്ലാത്തൊരു അമ്മയേയും മകനെയും സ്വന്തമായി കണ്ടു സ്നേഹിച്ചതിനുളള കൂലി ഒരു നന്ദിക്കേടായ് ഞാൻ തിരികെ കൊടുക്കരുതെന്ന്…
സ്വന്തം മകളുടെ ജീവിതത്തെ പറ്റി ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരച്ഛനാണ് താനെന്ന്. ….ആ മാഷോട് ഈ ജീവിതം കൊണ്ട് കടപ്പെട്ടിരിക്കുന്ന ഞാൻ എങ്ങനെ ആണമ്മേ അദ്ദേഹത്തിന്റെ മകൾക്കൊരു ജീവിതം കൊടുക്കുക. ..?
മാഷ് എപ്പോഴുംഉപദേശ രൂപേണ പറയുന്ന ഒരു കാര്യമുണ്ട് “”ആഗ്രഹിക്കാൻ നമ്മുക്ക് അർഹത വേണംന്ന്….അർഹതയില്ലാത്തവൻ യാതൊന്നും ആഗ്രഹിക്കാൻ പാടില്ല എന്ന്.””” …അതിന്റെ അർഥം അമ്മയ്ക്ക് മനസ്സിലായോ….?
ദേവന്റ്റെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ ദേവകിയമ്മ നിൽക്കുമ്പോൾ വാതിൽ പടിയിൽ ഗോപിക വച്ചിട്ടുപോയ ഇലചീന്ത് തുറന്നു നോക്കുക ആയിരുന്നു ദേവൻ….
അതിലവന്റ്റെ പേരിൽ ഗോപിക കഴിപ്പിച്ച വഴിപാട് പ്രസാദത്തിലെ ചന്ദനം അപ്പോഴും നനവോടെയിരുന്നിരുന്നു…
ഗോപികേ…..ഗോപികേ…… വീടിനുചുറ്റും ഗോപികയെ പേരെടുത്ത് വിളിച്ചു കൊണ്ട് നടക്കുന്ന ജാനകിയെ നോക്കിനിന്നപ്പോൾ ശേഖരൻ മാഷിന്റെ ശരീരത്തിലൂടൊരു വിറയൽ പാഞ്ഞു പോയി. …
“എന്താ ജാനൂ നീ രാവിലെ മോളെ വിളിച്ചു കൊണ്ട് വീടിന് ചുറ്റും നടക്കണത്….?”അത് മാഷെ….ഗോപികയെ ഇവിടെ എവിടെയും കാണുന്നില്ല. …”കാണുന്നില്ലാന്നോ….? നീയെന്താണ് ജാനൂ ഈ പറയണത്…..?
“ഞാൻ പറഞ്ഞത് സത്യംതന്നെയാണ് മാഷെ…. ഗോപിക ഈ വീട്ടിൽ ഇല്ല. ..ഇന്ന് അവളെ പെണ്ണുകാണാനൊരുകൂട്ടർ വരുന്നുണ്ടെന്ന് മാഷിന്നലെ രാത്രി പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഉണ്ടായ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചതാണ്.
അതുകൊണ്ട് അവളെ ഞാൻ അപ്പോൾ മുതൽ ശ്രദ്ധിക്കണുണ്ട്,,പക്ഷേ ഇപ്പോൾ രാവിലെ മുതൽ അവളെയിവിടെ എവിടെയും കാണുന്നില്ല….
മാഷെ…നമ്മളിനി എന്താണ് ചെയ്യുക…..?
ആളുകൾ അറിയുന്നതിന് മുമ്പ് അവളെ കണ്ടെത്തണം…. എനിക്ക് ഉറപ്പുണ്ട് അവളാ ദേവന്റ്റെ കൂടെ പോയതാവും….
ഞാൻ എത്ര പ്രാവശ്യം മാഷോട് പറഞ്ഞതാണ്. അപ്പോൾ എല്ലാം ദേവനെ മാഷിന് ഭയങ്കര വിശ്വാസം ആയിരുന്നൂലോ…ഇപ്പോൾ എങ്ങനെ ഉണ്ട്. …?ജാനകിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ എന്തോ തീരുമാനിച്ചുറപ്പിച്ച
പോലെ ശേഖരൻമാഷ് വീടിന് പുറത്തേക്ക് ഇറങ്ങവേ ഗോപികയുടെ കൈപിടിച്ച് ദേവകിയമ്മ മുമ്പിലും ദേവൻ പുറകിലുമായ് അകത്തേക്ക് കയറി വന്നു. .
ആരെയും നോക്കാതെ തലക്കുനിച്ച് നിൽക്കുന്ന ഗോപികയുടെ കണ്ണുനീർതുളളികൾ താഴെ തറയിൽ വീണ് ചിതറികൊണ്ടിരുന്നു…
“മാഷെ….ദേവകിയമ്മയുടെ ശബ്ദം ആ വീടിനെ പൊതിഞ്ഞ നിശബ്ദതയെ ഭംഗിച്ചു…..
“രാവിലെ ദേവൻ പശുവിനെ കറക്കാനായ് തൊഴുത്തിൽ ചെന്നപ്പോൾ അവിടെ ഗോപികുഞ്ഞ് ഉണ്ടായിരുന്നു. ..ചോദിച്ചപ്പോൾ രാത്രി വന്നതാണെന്ന് പറഞ്ഞു…
ദേവനെ മനസ്സിൽ വെച്ച് കൊണ്ട് വേറൊരുത്തന്റ്റെ മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കാൻ വയ്യെന്ന് പറഞ്ഞ് അപ്പോൾ തുടങ്ങിയ കരച്ചിലാണ്….,,,
ഇങ്ങോട്ട് തിരികെ വരില്ലാന്ന് വാശിപിടിച്ചവിടെ നിൽക്കുകയായിരുന്നു….ഒരു വിധം കൊണ്ട് വന്നതാണ്. …മാഷ് പൊറുക്കണം…..””
ശേഖരൻമാഷെ നോക്കി കൈകൾകൂപ്പിയത് പറഞ്ഞു കൊണ്ട് ദേവകിയമ്മ ദേവനൊപ്പം തിരിഞ്ഞു നടന്നു.
“ദേവാ. .. നീ വിളിച്ചിട്ടല്ലേടാ എന്റ്റെ മകൾ നിനക്കൊപ്പം ഇറങ്ങി വന്നത്. ..?കത്തുന്ന മിഴിയോടെ മാഷത് ചോദിച്ചപ്പോൾ ദേവന്റ്റെ മുഖത്തൊരു പുച്ഛചിരി വിടർന്നു…
“ഒരിക്കലും അല്ല മാഷെ….,ഞാൻ വിളിച്ചിട്ടല്ല മാഷുടെ മകൾ എനിക്കരികിലേക്കെത്തിയത്… അവളുടെ മനസ്സിൽ എന്നോടുളള സ്നേഹം ആണവളെ എനിക്കരിലെത്തിച്ചത്….,,
എന്നെ തേടി ഞാൻ പ്രാണനെക്കാളേറെ സ്നേഹിക്കുന്ന പെണ്ണ് എനിക്കരികിലെത്തിയിട്ടും ഞാനവളെ തിരികെ എത്തിച്ചത് ഒരച്ഛനായ മാഷിന്റെ മനസ്സെനിക്ക് തിരിച്ചറിയാൻ സാധിച്ചതുകൊണ്ടാണ്….ദേവനൊരിക്കലും നന്ദി കേട് കാട്ടില്ല മാഷെ….
എന്റെ അമ്മയോളം തന്നെ ഞാൻ സ്നേഹിക്കുന്നതാണ് ഗോപികയെ….നമ്മൾ തീവ്രമായിട്ടെന്തെങ്കിലും ആഗ്രഹിച്ചാൽ അത് നമ്മളെ തേടിയൊരിക്കൽവരുമെന്ന് എനിക്ക് ആദ്യം പഠിപ്പിച്ചു തന്നത് മാഷ് തന്നെയാണ്…,
അതു ശരിയാണ് മാഷെ, ഞാൻ തീവ്രമായി ആഗ്രഹിച്ചതെന്നെ തേടി എനിക്ക് അരികിലെത്തി…, പക്ഷേ ദേവനത് തൊട്ട് പോലും അശുദ്ധമാക്കാതെ തിരിച്ചു കൊണ്ട് വന്നേൽപ്പിച്ചിട്ടുണ്ട്….
നിറഞ്ഞ കണ്ണുകൾ തുടച്ചുനീക്കാതെ ദേവനത് പറഞ്ഞു കൊണ്ട് ഗോപികയുടെ മുമ്പിലെത്തീ….
“ഗോപികേ…..അവന്റെ നിറമിഴിയിലേക്ക് നോക്കവേ ഗോപിക കണ്ടു തന്നോടുളള ഇഷ്ടത്താൽ പെയ്യതൊഴിയുന്ന ദേവന്റ്റെ മുഖം. …
“എനിക്ക് ഇഷ്ടമാണ് നിന്നെ.. എന്റെ അമ്മയോളം….. പക്ഷേ ആരുടെയും മനസ്സ് വേദനിപ്പിച്ച് ഒന്നും നേടിശീലിച്ചിട്ടില്ലിതുവരെ.. അതുകൊണ്ട് ഇത് ഇവിടെ നമുക്ക് അവസാനിപ്പിക്കാം….
ഞാൻ എന്റെ ഇഷ്ടം ഇപ്പോൾ എങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ അതൊരു വലിയ തെറ്റാവുമെന്ന് തോന്നി. പറഞ്ഞു. ..എല്ലാം ഇവിടെ കൊണ്ട് അവസാനിക്കുകയാണ്…. ഇനിയൊരിക്കലും കുട്ടിയുടെ മനസ്സിൽ ഈ ദേവനുണ്ടാവാൻ പാടില്ല. ….
ദേവകിഅമ്മയെ ചേർത്ത് പിടിച്ച് ദേവൻ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ശേഖരൻമാഷ് പെട്ടന്നാണ് ഇരുകൈകൾകൊണ്ടും ദേവനെ വാരിപുണർന്ന് നെഞ്ചോടു ചേർത്തത്…
എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചു തന്നെ നോക്കുന്ന ദേവന്റ്റെ കവിളിലരുമയോടെ തട്ടിക്കൊണ്ട് മാഷവനെ നോക്കി. …
“ദേവാ. …എന്റെ മകൾ നിന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയ കാലത്ത് തന്നെ അവളുടെ ഭർത്താവായ് ഞാൻ നിന്നെ കണ്ടു തുടങ്ങിയതാണ്…
സ്വന്തം അമ്മയെ നെഞ്ചോടു ചേർത്ത് നിർത്തി പൊന്നുപോലെ നോക്കുന്ന നിന്നെ പോലെ വേറെ ആരുണ്ടാവും എന്റ്റെ മകളെ ഇത്രയും സ്നേഹിക്കാൻ…. പക്ഷേ എനിക്ക് അറിയണമായിരുന്നു എന്നോട് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയുന്ന ഒരുത്തനാണോ നീയ്യെന്ന്….
“എന്റെ വാക്കിന് വിലകൽപ്പിക്കുന്നവരാണോ നിങ്ങളെന്ന്…. കാരണം നിങ്ങൾക്ക് വേണ്ടിയോരോന്ന് ചെയ്യുമ്പോഴും എന്റെ ഭാര്യയടക്കം എന്നോട് പറയുക,തിരിച്ചു കിട്ടുന്നത് നന്മയാവില്ല,നന്ദിക്കേടാവുമെന്നാണ്….
അതൊന്നറിയാൻ വേണ്ടിമാത്രമാണ് മോനെ ഞാനിത്രയും കാലം എന്റെ മകളുടെ കണ്ണുനീർ കണ്ടില്ലാന്ന് നടിച്ചത്. … ഞാൻ പോറ്റിവളർത്തിയ എന്റ്റെ മകളെക്കാൾ എനിക്ക് ഇപ്പോൾ നിന്നെ വിശ്വാസമാണ് മോനേ….
“മാഷെ….ഞാൻ. ..എനിക്ക്. …”മാഷൊ….അടി കിട്ടും നിനക്ക്.., അച്ഛൻ അങ്ങനെ വിളിച്ചാൽ മതി ….
ദേവനെ തന്നോട് ചേർത്ത് നിർത്തി മാഷത് പറഞ്ഞപ്പോൾ ഗോപിക ആ നെഞ്ചിൽവീണ് പൊട്ടികരയുകയായിരുന്നു….
നെറുകയിൽ ദേവൻ ചാർത്തിയ ഒരു നുള്ള് സിന്ദൂരവും കഴുത്തിൽ ദേവനണിയിച്ച ആലിലതാലിയുമായ് ദേവന്റ്റെ കൈപിടിച്ച് അമ്പലത്തിലേക്ക് ഒരു പുലർച്ചെ നടന്നു പോവുമ്പോൾ…
ഗോപിക തിരിച്ചറിയുന്നുണ്ടായിരുന്നു തനിക്ക് ചുറ്റുമുള്ള പ്രകൃതിയുടെ പ്രണയഭാവം…. അവളെപോലെ തന്നെ പ്രകൃതിക്കും അപ്പോൾ പ്രണയഭാവമായിരുന്നു…..