താനും മോളും ഇവിടെ വെറും വേലക്കാരികൾ മാത്രമായി തീരുമെന്ന്…. ഈ വീടും ഇവിടുത്തെ ഭരണവും സഹോദര ഭാര്യയ്ക്കാണ്…

പ്രണയാന്ത്യം
(രചന: Rajitha Jayan)

“ചേച്ചീ. ..എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടമാണ്… ചേച്ചിയെ കൂടാതൊരു വിവാഹ ജീവിതമെനിക്ക് ചിന്തിക്കാൻ കൂടി വയ്യ അത്രയ്ക്ക് ഇഷ്ടമാണെനിക്ക് ചേച്ചിയെ….”

വരുണിന്റ്റെ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ മുഴങ്ങുന്നതായ് തോന്നി റാണിക്ക്…

അസ്ഥികൾ പോലും തുളച്ചിറങ്ങുന്ന ആ മകര മാസ തണുപ്പിലും അവളുടെ ശരീരത്തിലൂടെ വിയർപ്പുചാലുകളൊഴുകി ..

ഉറക്കം വരാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ റാണി കട്ടിലിൽ ശാന്തമായുറങ്ങുന്ന ഭർത്താവ് അനിലിനെയും..

അദ്ദേഹത്തിന്റെ ചൂടുപറ്റി കിടന്നുറങ്ങുന്ന രണ്ടു വയസ്സുക്കാരൻ മകനെയും നോക്കി, അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുക്കാൻ തുടങ്ങി………

നഗരത്തിലെ ഒരു പ്രശസ്ത ബാങ്കിൽ ജോലി നോക്കുകയാണ് റാണി….അവിടെ അടുത്ത കാലത്തായി ജോലി കിട്ടി വന്നതാണ് വരുൺ. …

ജോലിയിലെ പരിചയക്കുറവു മൂലം സ്ഥിരമായി തെറ്റ് സംഭവിച്ച് ഉയർന്ന ഉദ്യോഗസ്ഥനിൽ നിന്ന് സ്ഥിരം വഴക്കു കേൾക്കുന്നൊരാളായി വരുൺ മാറിതുടങ്ങിയപ്പോൾ അവന്റെ ജോലിയിലവനെ സഹായിക്കാൻ റാണി, കൂടിയതോടെയാണ് വരുണും റാണിയും സുഹൃത്തുക്കളായത്…

എല്ലാവരിൽ നിന്നും എപ്പോഴും ഒരകലം പാലിച്ചൊതുങ്ങി നിന്നിരുന്ന വരുൺ റാണിയുമായ് സൗഹൃദമായതിൽ പിന്നെ ബാങ്കിൽ സജീവമായി. ….

ചെറുപ്പത്തിൽ തന്നെ ഒരപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വരുണിനോടവളുടെ മനസ്സിൽ സഹതാപമായിരുന്നു……

ഒരനിയനെ പോലെ അവനെകണ്ടതുകൊണ്ടു മാത്രമാണവൾ അവനായോരോ കാര്യങ്ങളും ചെയ്തു നൽകിയത്. …

വീട്ടിൽ നിന്നവനുളള ഉച്ച ഭക്ഷണംകൊണ്ടു വരുമ്പോഴും സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന അവനെ പരിചരിക്കുമ്പോഴും അവളുടെ മനസ്സിലവന്റ്റെ സ്ഥാനമൊരു കൂടപ്പിറപ്പിന്റ്റേതു മാത്രമായിരുന്നു..

പക്ഷേ റാണിയിൽ നിന്ന് ലഭിച്ച സ്നേഹവും പരിഗണനയും വരുൺ കണ്ടത് വേറെ ഒരു രീതിയിലാണ്, ജീവിതത്തിലെന്നും ഒറ്റയാനായ് ജീവിച്ച വരുണിന് റാണിയൊരു പൂക്കാലമായിരുന്നു,

അവന്റെ വിഷമങ്ങളും, സങ്കടങ്ങളും മനസ്സിലാക്കുന്ന അവന്റെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കുന്ന അവളിലവൻ കണ്ടത് അമ്മയെയോ, സഹോദരിയേയോ ആയിരുന്നില്ല ഒരു ഭാര്യയെയായിരുന്നു….

ആദ്യമാദ്യം വരുണിന്റ്റെ മനസ്സിലെന്തെന്ന് മനസ്സിലാക്കാൻ റാണിക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളിലവനവളോട് കൂടുതൽ കൂടുതൽ സ്വാതന്ത്ര്യം കാണിക്കാൻ തുടങ്ങി. ..

ഓരോ ദിവസവും ഏതു വസ്ത്രം ധരിക്കണമെന്നും ആരോടെല്ലാം മിണ്ടാം ആരോടൊക്കെ മിണ്ടരുത് എന്നെല്ലാം അവൻ നിബന്ധനകൾ വെക്കാൻ തുടങ്ങിയപ്പോൾ ആദ്യമായി റാണിയുടെ മനസ്സിലൊരപായ സിഗ്നൽ മുഴങ്ങി

ഒരു ദിവസം ബാങ്കിൽ നിന്ന് നേരത്തെ ഇറങ്ങി അനിലിനും മകനുമൊപ്പം ഷോപ്പിംഗ് നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് അവിടേക്ക് വരുൺ കടന്നു വന്നത്. ….

അനിലേട്ടൻ തന്നോട് സംസാരിക്കുമ്പോഴും തന്നെ സ്നേഹത്തോടെ ചേർത്ത് നിർത്തുമ്പോഴും വരുണിന്റ്റെ കണ്ണിൽ അനിലിനോടുളള പകയെരിയുന്നത് ഞെട്ടലോടെയാണ് റാണി കണ്ടത്. ..

എത്രയെല്ലാം അകലം പാലിച്ചാലും ആട്ടിയകറ്റിയാലും ഭീഷണിപ്പെടുത്തിയാലുംവീണ്ടും വീണ്ടും കൂടുതൽ സ്വാതന്ത്ര്യത്തോടെ വരുൺ റാണിയുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറി കൊണ്ടിരുന്നു…

ഒടുവിലിന്നവൻ അവളോട് തുറന്നു പറഞ്ഞു അവന്റെ ഇഷ്ടവും അവളോടുളള അവന്റെ അടങ്ങാത്ത പ്രണയവും.. . അവളെക്കൂടാതൊരു ജീവിതം ഇല്ലെന്ന കാര്യവും. ..

എത്ര ഒഴിഞ്ഞു മാറിയിട്ടും വരുൺ റാണിയിലേക്ക് തന്നെ വീണ്ടും തിരികെയെത്തിയപ്പോൾ അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു വരുണെത്രമാത്രം അപകടകാരിയാണെന്ന്…

തനിക്കില്ലെങ്കിലാർക്കും വേണ്ട എന്ന അവന്റെ വാക്കുകളുടെ പൊരുൾ അറിഞ്ഞ അവളുടെ മനസ്സിൽ അനിലിന്റ്റെയും മോന്റ്റെയും മുഖങ്ങൾ തെളിഞ്ഞു വന്നു. ……

ദിവസങ്ങളെത്ര വേഗമാണ് ഓടി മറയുന്നത്. …ഇന്ന് വരുണിന്റ്റെ വിവാഹമാണ്…. റാണിയുടെ ബാങ്കിൽ തന്നെ ജോലിയുളള ഗീതുവുമായ്….

വരുൺ അണിയിച്ച താലിയിലും സിന്ദൂരത്തിലും സുന്ദരിയായി നിൽക്കുന്ന ഗീതുവിനെ നിറഞ്ഞ സന്തോഷത്തോടെ റാണിയൊരു നിമിഷം നോക്കി നിന്നു. ..പിന്നെ അവളെക്കൂട്ടി തിരക്കൊഴിഞ്ഞരിടത്തേക്ക് നടന്നു. ..

“ഗീതൂ ഞാൻ നിന്നോടിനി പറയുന്ന കാര്യങ്ങൾ നീ ശ്രദ്ധിച്ചു കേൾക്കണം, കാരണം നിന്റ്റെ ജീവിതമാണിത്…

ഒരേ ബാങ്കിൽ ജോലി നോക്കുന്ന വരുണിനോട് നിനക്കുണ്ടായ ഇഷ്ടത്തിന്റ്റെ സാക്ഷാത്ക്കാരമാണീ വിവാഹം. …

വരുണിന്റ്റെ മനസ്സിൽ നിന്നൊടൊരു ഇഷ്ടം ഉണ്ടെന്ന് ഞാൻ പറഞ്ഞത് കേട്ടിട്ടാണ് നീ അവനെ സ്നേഹിക്കാനും അവന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും തുടങ്ങിയത്..

നിന്റ്റെ പതിവായുളള ശ്രമത്തിന്റെ ഫലമാണ് അവന് നിന്നോടു തോന്നിയ ഇഷ്ടം. ..നീ എന്നോട് മുമ്പ് ചോദിച്ചിരുന്നു നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ വരുൺ നീ സ്നേഹം കാണിക്കുമ്പോൾ ദേഷ്യം കാണിക്കുന്നതെന്താണെന്ന്. .. ?

അന്ന് ഞാനൊന്നും പറഞ്ഞില്ലെങ്കിലും ഇപ്പോൾ പറയാം അതിന്റെ കാരണം. ., നീ അവനെ നേടിയെടുത്തതാണെന്ന് വിശ്വസിക്കാനാണവൻ ഇഷ്ടപ്പെടുന്നത്…

കാരണം അനാഥനായ അവനെ നീ പ്രണയത്തിലൂടെ സനാഥനാക്കിയെന്ന ചിന്ത അവനു കൂടുതൽ സന്തോഷം നൽക്കുന്നു..

അവന്റെ മനസ്സിൽ നിന്നോടു തോന്നിയ ഇഷ്ടം ഞാൻ നിന്നോടു പറഞ്ഞത് കൊണ്ടാണ് ,നീ അവനെ സ്നേഹിച്ച് തുടങ്ങിയതെന്ന് അവനൊരിക്കലും അറിയരുത്,

കാരണം ആ അറിവൊരു പക്ഷേ നിങ്ങളുടെ സ്നേഹത്തെ ബാധിക്കാം, ജീവിതത്തെ ബാധിക്കാം….നിങ്ങളുടെ പ്രണയത്തിലോ വിവാഹത്തിലോ എനിക്ക് യാതൊരു പങ്കുമില്ല മനസ്സിലായോ…?

വരുണെനിക്കേറെ പ്രിയപ്പെട്ടനാണ് .. അവനെന്നും സന്തോഷവാനായിരിക്കണം..അവനെ വിഷമിപ്പിക്കരുതൊരിക്കലും .. മനസ്സിലായോ ഗീതുവിന് ..?

മനസ്സിലായെന്ന് ഗീതു പറഞ്ഞപ്പോഴൊരു പുഞ്ചിരി റാണിയുടെ ചുണ്ടിൽ തെളിഞ്ഞു.

ആ വിവാഹ വീടിന്റെ പടിയിറങ്ങുമ്പോൾ റാണിയ്ക്കുറപ്പായിരുന്നു ഇനി വരുണിന് തന്നിലേക്കൊരു മടക്കമുണ്ടാവില്ലെന്ന്…

കാരണം സ്വന്തം ഭർത്താവിന് തന്നിൽ കവിഞ്ഞൊരടുപ്പവും സ്നേഹവും വേറൊരു പെണ്ണിനോട് ഉണ്ടാവുന്നതൊരു ഭാര്യയ്ക്കും സഹിക്കില്ല…

അതുകൊണ്ട് തന്നെ തനിക്കും വരുണിനുമിടയിലൊരു മതിലായെന്നും ഗീതുവുണ്ടാവും തീർച്ച. ..

തികഞ്ഞ ആത്മവിശ്വാസത്തോടെ വിവാഹവീടിന് പുറത്തു അവളെ കാത്തുകിടന്ന കാറിനുളളിലേക്കവൾ കയറിയിരുന്നപ്പോൾ അതിനുളളിലിരുന്നവളെ നോക്കി സ്നേഹത്തോടെ അനിൽ ചിരിച്ചു. …

വരുണെന്ന അഗ്നികുണ്ഡമവരുടെ കുടുംബജീവിതത്തെ വിഴുങ്ങാനായി പാഞ്ഞടുത്തപ്പോൾ അവന്റെ ശ്രദ്ധ റാണിയിൽ നിന്ന് ഗീതുവിലേക്ക് മാറ്റിവിടുവാനുളള ബുദ്ധി അവൾക്ക് ഉപദേശിച്ചതവനായിരുന്നു അനിൽ. ..

ഗീതുവിന്റ്റെ മനസ്സിൽ വരുണെന്നെ ചിന്ത ഉണർത്തി അതീ വിവാഹംവരെ കൊണ്ടെത്തിച്ചതും ആ ബുദ്ധിയുടെ ബലമാണ്….

സന്തോഷപ്രദമായ തന്റെ കുടുംബജീവിതം തിരികെകിട്ടിയ സന്തോഷത്തിൽ റാണി അനിലിനൊപ്പം യാത്ര തുടരവേ…

തട്ടിപ്പറിച്ചെടുക്കുന്നതിനെക്കാൾ നല്ലത് തേടിവന്നതാണെന്ന വിശ്വാസത്തിൽ വരുണും തന്റ്റെ ജീവിതയാത്ര തുടങ്ങുകയായിരുന്നു ഗീതുവുമൊന്നിച്ച്…..

Leave a Reply

Your email address will not be published. Required fields are marked *