ഈ വയസക്കാലത്തു നിന്റെ അച്ഛന് ഇത് എന്താ?””എന്താ ഉജ്ജ്വൽ എന്ത് പറ്റി ഇപ്പോ?” “അപ്പൊ നീ ഒന്നുമറിഞ്ഞില്ലേ…

In An Open Relationship With
(രചന: Sarya Vijayan)

എന്തിനാ പത്രത്തിലാക്കുന്നേ.. മാട്രിമോണിയൽ സൈറ്റിൽ കൊടുത്താൽ വരുമല്ലോ ആയിരക്കണക്കിന്.. ഉജ്ജ്വൽ മനസിൽ പറഞ്ഞു കൊണ്ട് ഫോൺ എടുത്തു നമ്പർ ഡയല് ചെയ്തു..

” ഹലോ മൃദുൽ ഈ വയസക്കാലത്തു നിന്റെ അച്ഛന് ഇത് എന്താ?””എന്താ ഉജ്ജ്വൽ എന്ത് പറ്റി ഇപ്പോ?”

“അപ്പൊ നീ ഒന്നുമറിഞ്ഞില്ലേ… ഞാൻ എന്തിനാ പറയുന്നത് നീ നിന്റെ അച്ഛനോട് തന്നെ ചോദിച്ചു നോക്കു…”

“നീ പറ എന്താ?””ഇന്ന് നിന്റെ അച്ഛൻ എന്റെ ഓഫീസിൽ വന്നിരുന്നു ഒരു മാട്രിമോണിയൽ പരസ്യം തരാൻ വേണ്ടി..””മാട്രിമോണിയലിലോ ആർക്കു വേണ്ടി..”ജിജ്ഞാസയോടെ മൃദുൽ ചോദിച്ചു.

“നിന്റെ അച്ഛന് തന്നെ അല്ലാതെ ആർക്ക്.. അല്ലാട ഈ വയസാക്കാലത്ത് നിന്റെ അച്ഛനിത് എന്തിന്റെ കേടാ.. ഫേ സ്ബുക്ക് സ്റ്റാറ്‌സ് കൂടി ഓപ്പണ് റിലേഷൻഷിപ്പ് ആക്കാൻ പറഞ്ഞിട്ടുണ്ട് ഞാൻ.”

ഊറി ചിരിച്ചു കൊണ്ട് ഉജ്ജ്വൽ ഫോൺ കട്ട് ചെയ്തു . മൃദുൽ അടുത്ത നമ്പർ എടുത്തു ഡയല് ചെയ്തു.”ഹലോ മോനെ…എന്താ…?”

“അച്ഛൻ ഇത് എവിടെയാ? എത്ര നേരമായി ഞാൻ അച്ഛനെ വിളിക്കുന്നു.. അച്ഛൻ ഇന്ന് ഉജ്ജ്വലിനെ കണ്ടോ?”

“കണ്ടു.. എന്തുപറ്റി?””അച്ഛൻ എന്താ അവനോട് പറഞ്ഞത്?””ഞാൻ വീട്ടിൽ വന്നിട്ടു പറയാം..”കോളിംഗ് ബെല്ല് നീട്ടി അടിക്കുന്ന ശബ്‌ദം കേട്ടാണ് ശ്രേയ വന്നു കതകു തുറന്നത്..

“എന്തിനാ മൃദുൽ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് നിനക്ക് അറിയില്ലേ ഞാൻ വന്നു കതകു തുറക്കുമെന്ന്..?”

അവൾക്ക് മറുപടി കൊടുക്കാതെ അവൻ വേഗം അകത്തേയ്ക്ക് കയറി. ഹാളിലും ഡൈനിങ് റൂമിലും നോക്കി …ശേഷം ശ്രേയയെയും

“അച്ഛൻ എവിടെ?””എവിടെയോ പോയി കുറച്ചു മുന്നേ വന്നതെ ഉള്ളൂ . റൂമിൽ ഉണ്ട്..””നീ പോകുന്നില്ലേ ..”

“ഞാൻ ഉച്ചയ്ക്ക് ശേഷം പോകുമെന്ന് അല്ലെ പറഞ്ഞിരുന്നത്…””അതു സാരമില്ല നേരത്തെ പോയിട്ട് വാ.. ഞാൻ ഇന്ന് ലീവ് എടുത്തു..”

അവൾ പതുക്കെ അവന്റെ അടുത്തേയ്ക്ക് നീങ്ങി കൊണ്ടു ചോദിച്ചു.”എന്തുപറ്റി മൃദുൽ നിനക്ക് വയ്യേ..??”

“ചെറിയ ഒരു തലവേദന ഒന്നു കിടന്നാൽ മാറും..””നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ??””ഇപ്പോ ഒന്നും വേണ്ട..നീ പോയിട്ടു വാ..””നീ എന്തിനാ അച്ഛനെ തിരക്കിയത്?”

“എവിടെ എന്നു ചോദിച്ചതാണ്..””അപ്പോ ഞാൻ പോയിട്ടു വരാം..” അവനോട് യാത്ര പറഞ്ഞു അവൾ ഇറങ്ങി..

അവൾ പോയെന്നു ഉറപ്പു വരുത്തിയ ശേഷം അവൻ നേരെ അച്ഛന്റെ റൂമിലേയ്ക്ക് പോയി. വാതിൽ തള്ളി തുറന്നു അകത്തേയ്ക്ക് കയറി.

“അച്ഛാ….””ഉം എന്താ???””എനിക്ക് അച്ഛനോട് ഒന്നു സംസാരിക്കണം.””എന്താ കാര്യം??””അച്ഛൻ ഇന്ന് ഉജ്ജ്വലിനെ കണ്ടിരുന്നോ??”

“കണ്ടല്ലോ …എന്തേ???””എന്തിനാ അവനെ കണ്ടത്??””ഞാൻ അവനെ കണ്ടുന്ന് അറിഞ്ഞിട്ടും, എന്തിനാണെന്ന് മാത്രം നീ അറിഞ്ഞില്ലേ??”

“പറഞ്ഞത് കൊണ്ടു തന്നെയാണ് ചോദിക്കുന്നത്?””അച്ഛന് ഈ വയസക്കാലത്തു എന്തിന്റെ കേട് ആണെന്നാണ് എന്നോട് അവൻ ചോദിച്ചത്. അവനു മാത്രമല്ല എനിക്ക് അതു തന്നെയാണ് ചോദിക്കാൻ ഉള്ളത്?”

“ഓഹ് അപ്പൊ ആ വയസക്കാലത്തു അച്ഛന്റെ കേട് അറിയാൻ വേണ്ടിയാണ് അല്ലെ 5 വർഷത്തിന് ശേഷം എന്റെ മോൻ എന്നോട് സംസാരിച്ചത്.”

“നിങ്ങൾ നാഴികയ്ക്ക് നാൽപ്പത് വട്ടം എന്നെ ഒറ്റയ്ക്ക് വളർത്തിയ കഥ പറയാറുണ്ടല്ലോ.

ഇപ്പോ ഈ തോന്നിയ അത് അന്നേ ആരെങ്കിലും കെട്ടി നിങ്ങൾക്ക് തീർത്തു കൂടായിരുന്നോ? ഇപ്പോ എനിക്ക് രണ്ടു പിള്ളേര് ആയപ്പോഴാണോ നിങ്ങൾക്ക് തോന്നിയത്..

അല്ലെങ്കിൽ തന്നെ വയസു കൂടുമ്പോൾ ആണല്ലോ ഇങ്ങനെ ഓരോ തോന്നലുകൾ ഉണ്ടാവുന്നത്?”

പത്രം തുറന്നാൽ കാണുന്ന പീഡന വാർത്തകളിൽ എങ്ങനെ കി ള വ ന്മാർ പ്രതികൾ ആവുന്നുവെന്നു ഇങ്ങനെ ഒക്കെ ഓരോ അവസരം വരുമ്പോഴാണ് മനസ്സിലാവുന്നത്…”

“ഫാ…. നിർത്തട നീ എന്താ എന്നെ കുറിച്ചു ധരിച്ചു വച്ചിരിക്കുന്നത്…. എനിക്ക് കൂടെ കി ടക്കാൻ ഒരു പെ ണ്ണില്ലാത്തതിന്റെ കേടാണെന്നോ?”

നീ ആരോടാണ് സംസാരിക്കുന്നത് എന്നു നിനക്ക് ബോധം ഉണ്ടോ?””ഉണ്ട് നല്ല ബോധം ഉണ്ട്..അതു ഉള്ളത് കൊണ്ടാണ് എനിക്ക് ഇത്രയും സംസാരിക്കേണ്ടി വന്നത്..”

“നിനക്ക് എന്നെ കുറിച്ചു ഇത്രയൊക്കെ അറിയൂ അല്ലേ..””അതേ.. അതു തന്നെ അങ്ങനെ ഒരു ചിന്ത ഇല്ലാതെ പോയി വിവാഹാലോചന ഷണിച്ചുകൊണ്ടു പത്രത്തിൽ പരസ്യം കൊടുക്കില്ലല്ലോ.

ഇതിലും നല്ലത് ഫേ സ്ബുക്ക് ഒരു ഓപ്പണ് റിലേഷൻഷിപ്പ് കൊടുക്കമായിരുന്നില്ലേ. വരുമായിരുന്നല്ലോ പലതരത്തിൽ ഉള്ളത്.”

“നീ നോക്കുമ്പോൾ നിനക്ക് അങ്ങനെയേ തോന്നു, ഈ പ്രായത്തിൽ എനിക്ക് സംസാരിച്ചു ഇരിക്കാൻ എനിക്ക് ഒരു കൂട്ടു വേണമെന്ന് തോന്നി,

എന്നോട് സ്നേഹമുള്ള എന്റെ കാര്യങ്ങൾ അന്വേഷിക്കുന്ന ഒരു കൂട്ടുകാരി.. അങ്ങനെ ഒരാൾക്ക് വേണ്ടിയാണ് ഞാൻ പത്രത്തിൽ പരസ്യം കൊടുത്തത്…”

“ഇനി നിങ്ങൾ കൂടുതൽ ഒന്നും പറയണ്ട..ഈ വയസക്കാലത്തു വെറുതെ ഇരുന്നു തിന്നുമ്പോൾ അങ്ങനെ പലതും തോന്നും.”

“മൃദുൽ നീ കരുതുന്നത് ഈ ലോകത്തു ആണും പെണ്ണും തമ്മിൽ ഒരു ബന്ധം മാത്രമാണ് ഉള്ളത് എന്നാണോ??

“അതേ അതു തന്നെ അല്ലാതെ ഇപ്പോ കെട്ടാൻ മുട്ടി നിൽക്കുക എന്നു പറഞ്ഞാൽ വേറെ ഒന്നുമല്ലല്ലോ…”

“അപ്പോ ശ്രേയ ..നിനക്ക് അങ്ങനെ ആയിരിക്കുമല്ലേ.. ജീവിതത്തിന്റെ നീ ഈ പറഞ്ഞ ഭാഗം കഴിഞ്ഞാൽ പിന്നെ ആരും തമ്മിൽ ഒരു ബന്ധവുമില്ല അല്ലേ… എനിക്ക് ഇതൊന്നും മനസിലാവുന്നില്ല..

നീയും നിന്റെ ഭാര്യയും നോക്കുമ്പോൾ എന്റെ ആവശ്യങ്ങൾ ഞാൻ തന്നെ ചെയ്യുന്നുണ്ട്..പക്ഷെ എനിക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടെന്നു നീ അന്വേഷിച്ചിട്ടുണ്ടോ??”

മൃദുൽ പല്ലുകൾ പരസ്പരം കൂട്ടി പിടിച്ചു ദേഷ്യത്തോടെ അച്ഛനെ നോക്കി.”നീയും നിന്റെ കൂട്ടുകാരനും നോക്കുമ്പോൾ ശരിയാണ്‌ എനിക്ക് ഈ വയസാക്കാലത്ത് തോന്നിയ ഏനകേട് ..

പക്ഷെ എനിക്ക് … ഈ വീട്ടിൽ ഈ മുറിയിൽ ഞാനെന്നൊരാൾ ഉണ്ടോ എന്നു നീ ഒരിക്കൽ എങ്കിൽ അന്വേഷിച്ചിട്ടുണ്ടോ?

നീയും നിന്റെ ഭാര്യയും രാവിലെ പോയാൽ ഇവിടെ എനിക്ക് സംസാരിക്കാൻ പോലും ആരുമില്ല. എന്നോട് ഈ വീട്ടിൽ സംസാരിച്ചിരുന്നത് നിന്റെ മക്കൾ ആയിരുന്നു. വൊക്കേഷൻ കഴിഞ്ഞു അവർ പോയപ്പോൾ. ഞാൻ വീണ്ടും തനിച്ചായി…”

“ഓഹ്.. നിങ്ങൾക്ക് സംസാരിക്കാൻ ആണ് ആളെ വേണ്ടതെങ്കിൽ ഒരു വേലക്കാരിയെ കൊണ്ടു വന്നു നിർത്തി തരാം മതിയല്ലോ..”

“വേലക്കാരി വന്നു കൂലി വാങ്ങി പോകുമ്പോൾ ചിലപ്പോൾ അവരും മറക്കും എന്നോട് സംസാരിക്കാൻ.. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നീ മറന്ന പോലെ..”

“എന്തെങ്കിലും നിങ്ങളോട് ചോദിച്ചാൽ നിങ്ങൾക്ക് ഇങ്ങനെ ഓരോ സാഹിത്യങ്ങൾ പറഞ്ഞു നടന്നാൽ മതിയല്ലോ.

എന്ത് വന്നുവെന്നു പറഞ്ഞാലും നിങ്ങൾ ഈ പറയുന്നത് ഞാൻ സമ്മതിക്കില്ല. നിങ്ങൾ ആരോടെങ്കിലും പറയാതെ എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലും കുഴപ്പമില്ലായിരുന്നു. എന്നാൽ ഇത്.”

“വയസായ അച്ഛൻ എവിടെക്കെങ്കിലും ഇറങ്ങി പോയാലും വേണ്ടിയില്ല അല്ലെ. എന്റെ കാര്യങ്ങൾക്ക് നിന്റെ സമ്മതം എന്തിനാ എനിക്ക്.. എന്നോട് ചോദിച്ചിട്ടല്ല നീ നിന്റെ പല തീരുമാനങ്ങളും എടുക്കുന്നത് .അപ്പൊ പിന്നെ ഞാൻ മാത്രം എന്തിന് അത് നോക്കണം.”

“നിങ്ങൾക്ക് ഈ പ്രായത്തിൽ വല്ല കാശിയിലോ മറ്റും പോയാൽ പോരേ. നിങ്ങൾക്ക് സംസാരിച്ചു ഇരിക്കാൻ ആരെങ്കിലും കിട്ടും അവിടുന്നു.”

ദേഷ്യത്തോടെ വാതിലുകൾ തള്ളി തുറന്നു കൊണ്ടു മൃദുൽ പുറത്തേയ്ക്ക് പോയി.’5 വർഷത്തിന് ശേഷം ദേഷ്യപ്പെടാൻ വേണ്ടിയെങ്കിലും എന്റെ മോൻ എന്നോട് സംസാരിച്ചിരിക്കുന്നു ഇതിൽ കൂടുതൽ ഇനി ഒന്നും തന്നെ വേണ്ട.’

കട്ടിലിനടിയിൽ ഒതുക്കി വെച്ചിരുന്ന പെട്ടിയും ഭിത്തിയിൽ തൂക്കിയിരുന്ന മാസ്കും എടുത്തു പുറത്തേയ്ക്ക് ഇറങ്ങി.

കൂടെ കൊണ്ടു പോകാനായി ഇനി വേറെ ഒന്നും തന്നെ ബാക്കിയില്ല.. വേണമെന്ന് ആഗ്രഹിച്ചത് അവസാനമായി അവന്റെ വായിൽ നിന്ന് വന്ന കുറച്ചു വാക്കുകൾ മാത്രമായിരുന്നു. അതും കിട്ടി..

ഗേറ്റ് തുറന്നു പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ആരും തിരികെ വിളിക്കാൻ ഉണ്ടായിരുന്നില്ല. ആകെ ശബ്‌ദിച്ചത് റൂമിന്റെ ഒരു മൂലയിൽ ഇരുന്ന അലാറം മാത്രം. അതൊരു ക്ഷണക്കത്തായിരുന്നു.

ഞാനെന്ന വൃദ്ധന്റെ വയ്യായ്മകളെ സ്നേഹിച്ചിരുന്ന നൂറായിരം മരുന്നുകൾക്കും ലോപനങ്ങൾക്കും…

അതേ ഞാൻ ഓപ്പൺ റിലേഷൻഷിപ്പിലാണ് എനിക്ക് ചുറ്റുമുള്ള നൂറായിരം രോഗങ്ങളും മരുന്നുകളുമായി…

Leave a Reply

Your email address will not be published. Required fields are marked *