(രചന: മഴമുകിൽ)
എത്ര നാളായി പറയുന്നു ജോലിക്ക് ഒരാളിന്റെ വയ്ക്കാമെന്നു… എനിക്കിവിടെ കിടന്നു ജോലിചെയ്ത് വയ്യ. എല്ലാം ഞാൻ തന്നെ ചെയ്യണം എന്നിട്ടും നടുവേദന അല്ലാതെ വേറൊന്നുമില്ല.
എടി ആരെയെങ്കിലും ഒക്കെ ജോലിക്ക് വെച്ചാൽ അവർക്കു ഒരുപാട് ശമ്പളം കൊടുക്കണം. കിട്ടുന്ന കാശ് മുഴുവൻ ശമ്പളവും കിമ്പളവും ഒക്കെ കൊടുത്തുകൊണ്ടിരുന്നാൽ നമുക്ക് ഒരു സേവിങ്സ് ഉണ്ടാവില്ല.
എന്റെ ചേട്ടാ എനിക്കും നിങ്ങൾക്കും കഴിയാൻ ഉള്ളതിൽ കൂടുതൽ സ്വത്ത് ഇവിടെ ഉണ്ടല്ലോ പിന്നെ എന്തിനാ നിങ്ങൾക്ക് പിന്നെയും പിന്നെയും പണത്തിനോട് ഇങ്ങനെ ആർത്തി.
നമ്മൾ ഉണ്ടാക്കുന്നത് മുഴുവൻ അനുഭവിക്കാൻ നമുക്കൊരു കുഞ്ഞു പോലുമില്ല പിന്നെയും നിങ്ങളെന്തിനാ ഇങ്ങനെ ആർത്തിയോടുകൂടി സമ്പാദിക്കുന്നത്.
അത് പറയുമ്പോഴേക്കും ശോഭയുടെ കണ്ണുകൾ നിറഞ്ഞു എത്രമാത്രം സ്ഥലത്ത് ചെക്കപ്പും ട്രീറ്റ്മെന്റ് ഒക്കെ എടുത്തതാണ് എന്നിട്ടും നമുക്ക് മാത്രം എന്താ ദൈവം ഇങ്ങനെ ഒരു വിധി വെച്ചത്.
നമ്മൾ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ ഒരുപാട് ഗൈനക്കോളജിസ്റ്റ് മാരെ നമ്മൾ കണ്ടില്ലേ. രണ്ടുപേർക്കും കുഴപ്പമൊന്നുമില്ല എന്നല്ലേ ഡോക്ടർ പറഞ്ഞത് ഇനി ദൈവം കൂടി കനിയണം.
എന്റെ ശോഭേ ഇങ്ങനെ ട്രീറ്റ്മെന്റ് നടത്തിക്കൊണ്ടിരുന്ന കയ്യിലെ കാശ് പോകും എന്നല്ലാതെ പ്രയോജനം ഒന്നുമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല നമുക്ക് ഏതെങ്കിലും അനാഥാലയത്തിൽ നിന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കാം.
അത് വേണ്ട അങ്ങനെ അനാഥാലയത്തിൽ നിന്ന് ദത്തെടുക്കുന്ന കുഞ്ഞുങ്ങൾക്ക് നമ്മളെ സ്വന്തമായി കരുതാൻ കഴിയുമോ നാളെ ഒരുകാലത്ത് നമ്മളല്ല അച്ഛനും അമ്മയും എന്ന് അറിഞ്ഞു കഴിഞ്ഞാൽ അവർ പിന്നെ നമ്മളെ സ്നേഹിക്കുമോ.
നീ ഇങ്ങനെയൊക്കെ ചോദിച്ചു കഴിഞ്ഞാൽ എനിക്ക് പറയാൻ മറുപടിയില്ല എന്തുമാത്രം ആൾക്കാർ അങ്ങനെ ജീവിതത്തിലേക്ക് കുഞ്ഞുങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഇനിയിപ്പോൾ നമ്മൾ അതിനെക്കുറിച്ച് സംസാരിച്ചു വഴക്ക് ആവണ്ട ആദ്യം വീട്ടിൽ ജോലിക്ക് നിൽക്കാൻ ഒരാളെ കിട്ടുമോ എന്ന് നോക്ക്. അത് കഴിഞ്ഞിട്ട് മതി ബാക്കി..
ശോഭയുടെയും രവിയുടെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി പക്ഷേ ഇതുവരെയും ഒരു കുഞ്ഞ് ഇല്ല. ഒരുപാട് നേർച്ചയും വഴിപാടുമൊക്കെ നടത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.
ഒരു കുഞ്ഞ് ഇല്ലാത്തതിനെ കുറിച്ച് ആലോചിക്കുമ്പോൾ ശോഭയ്ക്ക് വല്ലാത്ത വിഷമമാണ് പക്ഷേ എങ്കിൽ പോലും അനാഥാലയത്തിൽ നിന്നും ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നതിന് അവളുടെ മനസ്സ് അനുവദിച്ചില്ല.
രവിയുടെ വീട്ടുകാരുടെ കുത്തുവാക്കിൽ നിന്നും ഓടി ഒളിക്കുന്നതിന് വേണ്ടിയാണ് ശരിക്കും ഇവർ വീട് മാറി താമസിക്കുന്നത് തന്നെ. വീട്ടിൽ നിന്ന് കഴിഞ്ഞാൽ അമ്മ കുഞ്ഞില്ലാത്തതിനെ കുറിച്ചോക്കെ പറഞ്ഞു അമ്മ ശോഭയെ കുറ്റപ്പെടുത്തും.
ഓരോന്നോർത്ത് അങ്ങനെ ഇരിക്കുമ്പോൾ ആണ് ഏകദേശം ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി രവി എത്തുന്നത്. രവി വളരെ സന്തോഷത്തിൽ വന്നതാണ് ശോഭയെ വിളിച്ചത്.
എന്റെ രവിയേട്ട നിങ്ങൾ എന്തഈ കാണിക്കുന്നേ കയ്യിന്ന് വിട്ടേ ഞാൻ നടന്നു വരുമല്ലോ…
നിനക്ക് ഏറ്റവും സന്തോഷമുള്ള ഒരു കാര്യമാണ് അതുകൊണ്ട് നീ വേഗം വാ.ഹാളിലേക്ക് വന്നു നോക്കുമ്പോൾ ശോഭ കണ്ടത് ഏകദേശം 12 വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി. ഇതാരാ ഈ പെൺകൊച്ച് ഇതിനെ നിങ്ങൾക്ക് എവിടുന്ന് കിട്ടി.
നിന്റെ കുറെ നാളായുള്ള സങ്കടം അല്ലേ വീട്ടിൽ ജോലിക്ക് ആളെ കിട്ടുന്നില്ല എന്ന്.നമ്മുടെ കമ്പനിയിൽ പണി ചെയ്യുന്ന ഓമനക്കുട്ടന്റെ മകളാണ് .
അയാളും ഭാര്യയും വർഷങ്ങളായി നമ്മളുടെ കമ്പനിയിലെ പണിക്കാരാണ് ഇടയ്ക്ക് അയാളുടെ വൈഫ് ഒരു ആക്സിഡന്റൽ മരിച്ചു. പിന്നെ അയാൾ ഈ പെൺകൊച്ചിനെയും കൊണ്ടാണ് ജോലിക്ക് വരുന്നത്.ഈ കുട്ടി പഠിക്കുന്നില്ലേ….
അതിനു മറുപടി പറഞ്ഞത് ആ പെൺകുട്ടിയാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. പിന്നെ പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അമ്മ മരിച്ചതുകൊണ്ട് അപ്പാ പിന്നെ പഠിക്കേണ്ട എന്ന് പറഞ്ഞു.
എന്താ നിന്റെ പേര്.എന്റെ പേര് രാജി…..നിനക്ക് ജോലിയൊക്കെ ചെയ്യാൻ അറിയാമോ.വീട്ടിലെ എല്ലാ ജോലികളും ഞാനും അപ്പായും കൂടിയാണ് ചെയ്യുന്നത്.
എന്റെ പൊന്നു ശോഭ നീ ചോദ്യങ്ങൾ ചോദിച്ച് ആ കൊച്ചിനെ വട്ടം കറക്കാതെ. ഇത് ആകുമ്പോൾ ഒരുപാട് കാശ് ഒന്നും കൊടുക്കേണ്ട കഴിക്കാൻ എന്തെങ്കിലും കൊടുത്ത് മാസം വല്ലതും കയ്യിൽ കൊടുത്താൽ മതി.
വിശ്വസിക്കാവുന്ന കൂട്ടരാണോ രവിയേട്ടാ.എടി വിശ്വസിക്കാo….വർഷങ്ങളായി എനിക്ക് അറിയാവുന്ന ആൾക്കാരാണ്…. നീ കൊച്ചിനെ അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോ….
ദിവസങ്ങൾ ഓരോന്നായി കടന്നു പോയിക്കൊണ്ടിരുന്നു.ശോഭ നോക്കുമ്പോൾ ഏകദേശം പണികളും അവളെ കൊണ്ട് അറിയാവുന്ന രീതിയിലൊക്കെ ചെയ്യുന്നുണ്ട്. ശോഭയ്ക്ക് അവളോട് ഒരു വാത്സല്യം തോന്നിയെങ്കിലും പുറമേ കാട്ടിയില്ല.
ഇടയ്ക്ക് ഒന്നോ രണ്ടോ തവണ മാത്രമേ അവളുടെ അച്ഛൻ വന്ന് അവളെ കണ്ടുള്ളൂ. അയാൾ വന്നിട്ട് പോയിക്കഴിഞ്ഞാൽ ഒന്ന് രണ്ട് ദിവസം അവൾക്ക് ആകെ സങ്കടമാണ്. അത് ഒഴിച്ചു കഴിഞ്ഞാൽ അവളെ കൊണ്ട് യാതൊരു ശല്യവും ഇല്ല.
ജോലികൾ എല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷം എന്തൊക്കെയോ ബുക്കുകൾ എടുത്ത് വെച്ചുകൊണ്ടിരിക്കുന്നത് കാണാം. പഠിക്കാനുള്ള അവളുടെ ആഗ്രഹത്തെ ശോഭയ്ക്ക് മനസ്സിലായി.
രവിയേട്ടാ ആ കൊച്ചിന് പഠിക്കണമെന്ന് താല്പര്യമുണ്ട് നമുക്ക് അതിനെ സ്കൂളിലേക്ക് അയച്ചാലോ.
നീ എന്ത് ഭ്രാന്താണ് ഈ പറയുന്നത് ഇതിന് സ്കൂളിൽ വിട്ട് ഇനി പഠിപ്പിക്കാനോ വേറെ പണിയൊന്നുമില്ല. എടി ഇവളെ നമ്മൾ വീട്ടുജോലിക്ക് കൊണ്ടുവന്നതാണ് അല്ലാതെ സ്കൂളിൽ പഠിപ്പിക്കാൻ അല്ല.
എനിക്ക് എന്തോ ആ കൊച്ചിനോട് ഒരു വാത്സല്യം തോന്നുന്നു. ആ കുട്ടിക്ക് പഠിക്കാൻ വലിയ ആഗ്രഹമാണെന്ന് തോന്നുന്നു അതിനെ നമുക്ക് പഠിപ്പിക്കാo രവിയേട്ട..
നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ഇടപെടാൻ നിൽക്കരുത്…പിന്നെ ശോഭ അതിനെക്കുറിച്ച് യാതൊന്നും തന്നെ അയാളോട് സംസാരിച്ചില്ല.
ഒരു ദിവസം അടുക്കളയിൽ തകൃതിയായി തിരക്കിലായിരുന്നു ശോഭ അപ്പോഴാണ് രവിയുടെ ഫോൺ വന്നത്.എന്താ രവിയേട്ടാ.
എടി ഒരു പ്രശ്നമുണ്ട്. ആ രാജിയുടെ അച്ഛൻ പണിക്കിടയിൽ മുകളിൽ നിന്ന് താഴേക്ക് വീണു.. ഉടനെയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും മരണ സംഭവിച്ചു.
നീ ആ പെൺകൊച്ചിനോട് കാര്യമൊന്നും പറയേണ്ട ഒന്നിറക്കി നിർത്തിയെക്ക് ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം.
ശോഭയ്ക്ക് കേട്ടത് വിശ്വസിക്കാനായില്ല അച്ഛനും അമ്മയും നഷ്ടപ്പെട്ട് ഇപ്പോൾ അവൾ അനാഥയായി മാറിയിരിക്കുന്നു.
ആ 12 വയസ്സുകാരിയോട് എങ്ങനെയാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത് ശോഭ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് രാജിയുടെ അടുത്തേക്ക് ചെന്നു.
എന്താ ആന്റി….ആന്റിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്..ഒന്നുമില്ലരാജി നീ ചെന്നു ഡ്രസ്സ് മാറു നമുക്കൊരിടം വരെ പോകാം ..
എവിടെയോ പുറത്തേക്ക് പോകുന്നു എന്നുള്ള സന്തോഷത്തിൽ അവൾ വേഗം ഡ്രസ്സ് മാറി വന്നു.
വണ്ടി നേരെ ഹോസ്പിറ്റലിലാണ് വന്നുനിന്നത് പുറത്തു തന്നെ രവി അവരെയും കാത്തുനിൽപ്പ് ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ എന്ന് കണ്ടതും രാജിയുടെ മുഖം വാടി..
അവൾ വേഗം ശോഭയുടെ കൈകളിൽ അമർത്തിപ്പിടിച്ചു.. രവി അവരെയും കൊണ്ട് മോർച്ചറിയുടെ ഭാഗത്തേക്ക് പോയി. അവിടെ വെള്ള തുണിയിൽ പൊതിഞ്ഞു കിടക്കുന്ന രൂപത്തിനടുത്തേക്ക് രാജിയെക്കൊണ്ട് നിർത്തി.
അറ്റൻഡർ വന്ന് മുഖത്ത് നിന്നും തുണി മാറ്റി. രാജി നോക്കുമ്പോള് രണ്ട് അവളുടെ അച്ഛൻ.ആ 12 വയസ്സുകാരിക്ക് കൂടുതലായി ഒന്നും മനസ്സിലായില്ല അച്ഛൻ മരിച്ചു എന്ന് മാത്രമേ പറഞ്ഞുള്ളൂ. എങ്ങി കരയുന്ന പെൺകൊച്ചിനെ കണ്ടപ്പോഴേക്കും ശോഭയ്ക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
കോർപ്പറേഷൻകാരാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്കാരം നടപടികൾ ഒക്കെ ചെയ്തത്.
രാജിയെ പിന്നെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനോട് രവിക്ക് എത്ര യോജിപ്പില്ലായിരുന്നു എങ്കിലും ശോഭയുടെ നിർബന്ധത്തിനു വഴങ്ങി രാജിയെ വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു.
ദിവസങ്ങൾ പോയി മറയും തോറും രാജി സങ്കടക്കയത്തിൽ മുങ്ങിക്കൊണ്ടേയിരുന്നു.
അവൾ ഇനിയും വീട്ടിൽ നിന്നാൽ തങ്ങൾക്ക് അത് ബാധ്യതയാകും എന്ന് മനസ്സിലാക്കിയ രവി അവളെ അനാഥാലയത്തിന് കൈമാറി. പക്ഷേ രാജിയുടെ അഭാവം ഏറ്റവും കൂടുതൽ തളർത്തിയത് ശോഭയെ ആയിരുന്നു .
അവൾ പിന്നെ ആരോടും മിണ്ടാതെ ആയി രവിയോട് പോലും മിണ്ടാത്ത അവസ്ഥ. ഏതുനേരം നോക്കിയാലും രാജിയുടെ മുറിയിൽ ചെന്ന് അവൾ ഉപയോഗിച്ചിരുന്ന സാധനങ്ങൾ നോക്കിയിരിക്കും.
മാനസികമായി അവൾ ഡിപ്രഷൻ എന്നൊരു അവസ്ഥയിലേക്ക് പോകുന്നത് ഡോക്ടർ മുഖേന രവി മനസ്സിലാക്കി. അവളുടെ ഈ അവസ്ഥ രവിക്ക് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു.
ഏതിനും നിങ്ങൾക്ക് ഒരു കുഞ്ഞില്ല.എങ്കിൽ പിന്നെ എന്തുകൊണ്ട് ആ കുട്ടിയെ നിങ്ങൾക്ക് ദത്തെടുത്തു കൂടാ ഡോക്ടർ അങ്ങനെ ചോദിച്ചപ്പോഴേക്കും രവി ഒന്നും മിണ്ടാതെ ഇരുന്നു.
ഒടുവിൽ ശോഭയ്ക്ക് വേണ്ടി രവി ആ കുട്ടിയെ ഏറ്റെടുക്കാം എന്ന നിഗമനത്തിൽ എത്തി. അനാഥാലയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒക്കെ പൂർത്തിയാക്കി. രാജിയെ ഏറ്റുവാങ്ങുമ്പോൾ ശോഭയുടെ ഹൃദയം സന്തോഷം കൊണ്ട് തുടി കോട്ടി..
ആദ്യമൊക്കെ രവിക്ക് രാജിയെ അംഗീകരിക്കാൻ പ്രയാസമായിരുന്നു.പക്ഷേ പോകെ പോകെ അവൾ തങ്ങളോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും എല്ലാം മനസ്സിലാക്കി രവിയും ആ കുട്ടിയെ സ്നേഹിക്കാൻ തുടങ്ങി.. ഇന്ന് രവിക്കും ശോഭയ്ക്കും രാജിയില്ലാത്ത ഒരു ജീവിതം ഇല്ല…
അവളുടെ അച്ഛാ അമ്മ കൊഞ്ചിക്കൊണ്ടുള്ള വിളി കേൾക്കുമ്പോൾ.. ഇതുവരെയും അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭൂതി തങ്ങളിൽ വന്നു നിറയുന്നത് ഇരുവരും അറിഞ്ഞു…..
തങ്ങൾക്ക് വേണ്ടി ദൈവം കാത്തുവെച്ച നിധിയാണ് രാജിയെന്ന് ഇപ്പോൾ അവർക്കറിയാം…