ആവേശത്തോടെ അവളുടെ ശരീരത്തിൽ പാഞ്ഞു കയറുമ്പോഴും തന്നെ ആക്രമിക്കുന്ന പ്രതിയോഗിയെ പോലെ അവൾ അവനെ നോക്കിക്കൊണ്ടിരുന്നു.

ഭ്രാന്തിന്റെ ലോകം
(രചന: Kannan Saju)

“അവൻ നിന്നെ കെട്ടിക്കൊണ്ടു വന്ന അന്ന് തുടങ്ങിയ മോഹം ആണു എന്റെ ഉള്ളിൽ…. പ്ലീസ് നിരസിക്കരുത് ”

ആര്യയുടെ ഭർത്താവ് കണ്ണന്റെ കൂട്ടുകാരൻ നിധിൻ അവളുടെ പിറന്നാൾ രാത്രിയിൽ കണ്ണനും മറ്റുള്ളവരും എത്തുന്നതിനും ഒരു മണിക്കൂർ മുന്നേ വീട്ടിൽ ഗിഫ്റ്റുമായി എത്തി തന്റെ ഇഷ്ടം അവളോട് പറഞ്ഞു കൊണ്ടിരിക്കുന്നു.

” മതി നിർത്തു… ” അവളുടെ മുഖത്തെ ഭവമാറ്റം നിധീൻ ശ്രദ്ധിച്ചു… എങ്കിലും പിന്മാറാൻ അവൻ തയ്യാറായിരുന്നില്ല.

” ആര്യ… പ്ലീസ്…. ആരും ഒന്നും അറിയില്ല… നമ്മള് രണ്ട് പേരും മാത്രം ”” നിധീൻ എന്റെ കൈ തരിക്കുന്നുണ്ട്.. കണ്ണേട്ടൻ എത്ര കാര്യായിട്ടാ നിന്നെ കൊണ്ടു നടക്കുന്നെ.. എന്നിട്ടു നീ എന്നോടിങ്ങനെ… ചെ”

” നോക്ക് ആര്യ…. കണ്ണൻ ഇതൊന്നും അറിയാൻ പോണില്ല… അതോർത്തു താൻ പേടിക്കണ്ട.. ”

” ഛി നിർത്തടാ …. എന്നെ പറ്റി നീ എന്നാ വിചാരിച്ചതു? കണ്ണേട്ടന് നിന്നോടുള്ള അടുപ്പം കൊണ്ടാ ഞാനും നിന്നോടു ഫ്രീ ആയിട്ട് മിണ്ടിയതും കൂടപ്പിറപ്പിനെ പോലെ കണ്ടതും…

മുത്തേ തേനേ എന്നൊക്കെ വിളിച്ചു അവസരം മുതലെടുക്കുന്നവന്മാർക്ക് വളഞ്ഞു വീഴുന്നവളെ മാത്രേ നീ കണ്ടിട്ടുണ്ടാവു… എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട ”

” അതെ… അങ്ങനെ ഒറ്റ അടിക്കു വളയാത്തതാണ് നിന്നോടെനിക്ക് ഇത്രയും ആരാധന തോന്നാൻ കാരണം ”

” നിധീൻ മര്യാദക്ക് പുറത്ത് പോ… അതാ നിനക്ക് നല്ലത് ”” അങ്ങനെ പോവാൻ അല്ലല്ലോ ഞാൻ വന്നത് ” അവൻ അവളുടെ അടുത്തേക്ക് ചെന്നു

” നീ കുടിച്ചിട്ടുണ്ടോ? ” മൂക്കിൽ തുളച്ചു കയറിയ മണം സഹിക്കാനാവാതെ അവൾ മുഖം പൊത്തിക്കൊണ്ടു പറഞ്ഞു.

അവന്റെ അരികിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ച അവളുടെ കൈകളിൽ അവൻ കയറി പിടിച്ചതും കണ്ണനും മറ്റു കൂട്ടുകാരും വാതിൽ തുറന്നു അകത്തേക്ക് കയറിയതും ഒപ്പം ആയിരുന്നു.

നിധീഷ് പിടുത്തം വിട്ടു കുതറി മാറി… ആര്യ ഞെട്ടലോടെ നിന്നു…” നിധീനെ നീ ” കണ്ണന്റെ കയ്യിൽ ഇരുന്ന കേക്ക് നിലത്തേക്ക് വീണു…” എടാ…. നീ എന്നോട് ക്ഷമിക്കണം.. ഞാൻ ”

കണ്ണൻ ഒന്നും മിണ്ടാനാവാതെ നിന്നു… കൂട്ടുകാർ പരസ്പരം നോക്കി…” ഇവള് വിളിച്ചപ്പോ…. ഞാൻ വരരുതായിരുന്നെടാ… പറ്റിപ്പോയി ”

” ഞാനോ? ” ആര്യ ഞെട്ടലോടെ അവനെ നോക്കി.. ശേഷം കണ്ണന് നേരെ തിരിഞ്ഞു” കണ്ണേട്ടാ… ഇല്ല കണ്ണേട്ടാ ഞാൻ വിളിച്ചിട്ടല്ല ഇവൻ വന്നത്… ഇവിട വന്നിട്ട് ഇവനാണ് എന്നോട്…

പറഞ്ഞു തീരും മുന്നേ നിർത്തു എന്ന് കണ്ണൻ കൈ കൊണ്ടു ആംഗ്യം കാണിച്ചു…

” കണ്ണേട്ടാ ” ആര്യയുടെ കണ്ണുകൾ നിറഞ്ഞു” എത്ര നാളായി തുടങ്ങിയിട്ടു? ”” കണ്ണേട്ടാ എന്നൊക്കയാ ഈ ചോയ്ക്കണേ? ” അവൾക്കു നിയന്ത്രണം നഷ്ടമായി തുടങ്ങിയിരുന്നു…

” നീയും ഇവനും തമ്മിൽ ഈ രഹസ്യ ബന്ധം തുടങ്ങിയിട്ട് എത്ര നാളായി എന്ന്? ”” ദേ കണ്ണേട്ടാ വേണ്ടാട്ടോ… എനിക്കൊന്നും അറിയില്ല.. ഇവനാണ് ”

“ഇല്ല… ദാ നോക്ക് ഇവള് പത്തു മണിക് എന്നെ വിളിച്ചെനു തെളിവുണ്ട്… ദാ ” നിധിൻ അവരെ കാൾ ലിസ്റ്റ് കാണിച്ചു.

” കണ്ണേട്ടാ ഇത് സത്യായിട്ടും ഞാൻ വിളിച്ചതല്ല ”കണ്ണൻ അവളെ തന്നെ നോക്കി” ഇല്ല കണ്ണേട്ടാ.. കണ്ണേട്ടനെങ്കിലും എന്നെ വിശ്വാസിക്ക് പ്ലീസ് ”

” മതിയടി… മതി വിശ്വസിച്ചതിനൊക്കെ കിട്ടി… സന്തോഷായി… കണ്ണൻ സോഫയിലേക്ക് ഇരുന്നു നിറ കണ്ണുകളോടെ മുഖം പൊത്തി ”

ആര്യ സോഫയിൽ അവനരികിൽ വന്നിരുന്നു… അവന്റെ തോളിൽ കൈ വെച്ചു കൊണ്ടു ” കണ്ണേട്ടാ നിങ്ങളണേ നമ്മുടെ മോനാണെ സത്യം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല കണ്ണേട്ടാ ”

” എന്നെ തൊടരുത് നീ… എനിക്കിനി നിന്നെ കാണണ്ട.. നിന്റെ മുഖം കാണുന്നത് പോലും എനിക്ക് വെറുപ്പാണിപ്പോ”

ഞെട്ടലോടെ അവൾ കൈ വലിച്ചു… കണ്ണൻ ഇരു കൈകളും മടിയിൽ ഊന്നി മുഖം പൊതി തല താഴ്ത്തി ഇരുന്നു.” നിന്റെ മുഖം കാണുന്നത് പോലും എനിക്ക് വെറുപ്പാണിപ്പോ”

ആ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു… അവൾ ഒരു പ്രതിമ പോലെ ചലനമില്ലാതെ ഇരുന്നു.
പൂർണ്ണ നിശബ്ദത… ഒരു പൊട്ടി ചിരി ഉയർന്നു… കണ്ണൻ മെല്ല മുഖം പൊക്കി ചിരിച്ചു കൊണ്ടു അവളെ നോക്കി…” എടി പൊട്ടി… ഹാപ്പി ബര്ത്ഡേ… ”

കൂട്ടുകാരും ക്യാമെറകളും ആയി ഒളിച്ചു നിന്നവരും എല്ലാം പുറത്തേക്കു വന്നു കൈ തട്ടിക്കൊണ്ടു പിറന്നാൾ ആശംസകൾ നൽകി… എന്നാൽ ഇതൊന്നും ശ്രദ്ധിക്കാനാവാതെ അവൾ പ്രതിമ പോലെ ഇരുന്നു.

ചുറ്റും ഹാപ്പി ബിർത്ഡേ പാടുന്നവരുടെ മുഖത്തേക്ക് അവൾ അന്യഗ്രഹ ജീവികളെ കാണുന്ന പോലെ നോക്കി. മറ്റുള്ളവർ വീഡിയോ കണ്ടു ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി. കണ്ണൻ അവളെ പിടിച്ചെണീപ്പിച്ചു…

അവളുടെ കൈ പിടിച്ചു കേക്ക് മുറിപ്പിച്ചു. അപ്പോഴും അവൾ ഒന്നും മനസ്സിലാവാതെ എല്ലാവരെയും മാറി മാറി നോക്കി.

ഗിഫ്റ്റുകൾ ഓരോന്നായി മേശപ്പുറത്തു കൂടിക്കൊണ്ടിരുന്നു. അവൾ അതിലേക്ക് നോക്കിയതേ ഇല്ല.

ആളും ആരവവും ഒഴിഞ്ഞു… കണ്ണൻ കട്ടിലിൽ അവൾക്കു അരികിൽ വന്നിരുന്നു… തൊട്ടിലിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കി. മെല്ലെ അവളുടെ ശരീരത്തിൽ തലോടി.

ആ വാക്കുകൾ അവളുടെ ചെവിയിൽ വീണ്ടും മുൻഴങ്ങി ” നിന്റെ മുഖം കാണുന്നത് പോലും എനിക്ക് വെറുപ്പാണിപ്പോ” നിന്റെ മുഖം കാണുന്നത് പോലും എനിക്ക് വെറുപ്പാണിപ്പോ”…

കണ്ണൻ ആവേശത്തോടെ അവളുടെ ശരീരത്തിൽ പാഞ്ഞു കയറുമ്പോഴും തന്നെ ആക്രമിക്കുന്ന പ്രതിയോഗിയെ പോലെ അവൾ അവനെ നോക്കിക്കൊണ്ടിരുന്നു.

” ഇതാണ് ഡോക്ടർ അന്ന് രാത്രിയിൽ നടന്നത്… ഞങ്ങൾ ചുമ്മാ ഒരു തമാശക്ക് പ്രാങ്ക് പോലെ ചെയ്തതാണ്.. ഇതൊക്കെ ഉള്ളിൽ ഇട്ടു നടന്നു മനുഷ്യന്മാർ ആരെങ്കിലും ആ ത്മഹത്യക്ക് ശ്രമിക്കുവോ? ”

ഡോക്ടറുടെ ആവശ്യ പ്രകാരം അന്ന് നടന്നതെല്ലാം അദ്ദേഹത്തോട് വിവരിച്ച ശേഷം കണ്ണൻ പറഞ്ഞു നിർത്തി.

” മനസ്സിന് നിയന്ത്രണം ഇല്ലാത്തവർ ചെയ്തെന്നിരിക്കും.. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് ”” എനിക്ക് മനസ്സിലായില്ല ഡോക്ടർ… അവക്കെന്താ കുഴപ്പം? ”

” കുഴപ്പം അല്ല കണ്ണൻ… ശരീരത്തിന് അസുഖം വരുന്നത് പോലെ തന്നെ ആണു നമ്മുടെ മനസ്സിനും…. ജീവിത ശൈലി രോഗങ്ങൾ ഉണ്ടാവുന്നത് പോലെ നമ്മുടെ ജീവിതാനുഭവങ്ങൾ വെച്ചു മനസിനും രോഗങ്ങൾ ഉണ്ടാവും.. ”” എന്ന് വെച്ചാ? ”

” ആര്യയിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു ഇൻസിഡന്റ് പറയാം… അവൾക്കു ഏഴ് വയസ്സുള്ളപ്പോ ഒരു പിറന്നാൾ ദിവസം ആണു ആദ്യമായി അവൾ മറ്റുള്ളവരാൽ പറ്റിക്കപ്പെടുന്നത്.

അവളുടെ അമ്മയും അമ്മയുടെ കൂട്ടുകാരും കൂടി ആ പിറന്നാൾ വന്നവരെയെല്ലാം പറഞ്ഞു റെഡി ആക്കി ആര്യയോട് ഒരു നാടകം കളിച്ചു. ആര്യയെ മറ്റാർക്കും കാണാൻ കഴിയുന്നില്ല ആര്യ അവിടെ ഇല്ല എന്ന രീതിയിൽ…

ഞാൻ ഇവിടെ ഉണ്ടന്ന് അവൾ പറഞ്ഞു നോക്കി…. എല്ലാവരെയും മാറി മാറി തട്ടി നോക്കി.. എല്ലാ ശ്രമങ്ങളും അവസാനിച്ചപ്പോ അവൾ കടുത്ത മാനസിക സംഘർഷത്തിൽ ആയി…

പൊട്ടി കരഞ്ഞു… അതിനെ ചിരിച്ചുല്ലസിച്ചു തമാശയാക്കി എല്ലാവരും അവളെ കൊണ്ടു കേക്ക് മുറിപ്പിച്ചു.
ആ കൂട്ടത്തിൽ എല്ലാവരും പൊട്ടിച്ചിരിച്ചു.. ഒരാൾ ഒഴികെ ”

കണ്ണൻ ഡോക്ടറുടെ മുഖത്തേക്ക് ഉറ്റു നോക്കി” ആര്യ…. അവളുടെ മനസ്സിൽ ആ മുറിവ് ആഴത്തിൽ പതിഞ്ഞിരുന്നു… കാലങ്ങൾക്കും ഉണക്കനാവത്ത അത്ര ആഴത്തിൽ.

തനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ഉള്ള പ്രായം ഇല്ലായിരുന്നെങ്കിലും അവൾക്കത് ഫീൽ ചെയ്യാൻ കഴിയുമായിരുന്നു.

ഒരു മനുഷ്യന് വിശപ്പും ദാഹവും ര തിയും പോലെ തന്നെ പ്രധാനമാണ് കണ്ണൻ മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുക എന്നുള്ള വികാരവും. എല്ലാ മനുഷ്യരും ആത്മാഭിമാനികളാണ്..അവന്റെ ആത്മാഭിമാനത്തിന് ഏൽക്കുന്ന കളങ്കം എത്ര മനക്കട്ടി ഉള്ളവനും താങ്ങില്ല.

അഞ്ചാം ക്ലാസ്സിൽ വെച്ചു ക്ലാസ്സിലെ വികൃതി ആയ ഒരു കുട്ടി മറ്റു കുട്ടികളുടെ മുന്നിൽ വെച്ചു ആര്യയുടെ പാ വാ ട പൊക്കിയതും അത് കണ്ടു എല്ലാവരും ചിരിച്ചതും,

പത്താം ക്ലാസ്സിൽ ചോദ്യം ചോദിച്ചതിന് ഉത്തരം പറയാതെ സാറ് എണീപ്പിച്ചു നിർത്തി അവളുടെ തടിച്ച ശരീരം നോക്കി തീറ്റയെ പറ്റി പറഞ്ഞു അപമാനിച്ചതും അത് കണ്ടു മറ്റു കുട്ടികൾ ചിരിച്ചതും,

പ്രേമം നിരസിച്ചതിന്റെ വാശിയിൽ സഹപാഠി കോളേജിലെ ബാത്റൂമിൽ അവളുടെ മുഖം വെച്ചു വരച്ച ന ഗ്ന ചിത്രം കണ്ടു എല്ലാവരും അവളെ കളിയാക്കിയതും തുടങ്ങി ഒരുപാട് വേട്ടയാടുന്നുണ്ട് അവളെ.

പ്രാങ്ക് എന്നും പറഞ്ഞു കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ മറ്റുള്ളവരെ മാനസികമായി ബാധിക്കുന്നുണ്ടന്നു മനസ്സിലാക്കണം. കല്യാണ വേദികളിൽ തൊട്ടു കിടപ്പാറയിലും മരണ വീട്ടിലും വരെ ആയി അഭ്യാസങ്ങൾ “…

കണ്ണൻ എന്ത് പറയണം എന്നറിയാതെ ഇരുന്നു….” കണ്ണൻ, വാക്കുകൾ ശരം പോലെയാണ്… അത് ഒരാളിൽ തളച്ചു കയറിയിട്ട് ഊരി എടുത്താലും മുറിവ് അവിടെ തന്നെ ഉണ്ടാവും.

ശരീരത്തിലെ മുറിവ് കാലങ്ങൾ കൊണ്ടു ഉണങ്ങുമായിരിക്കും പക്ഷെ വാക്കുകൊണ്ട് ഉണ്ടാവുന്ന മുറിവുകൾ കാലാ കാലം നില നിൽക്കും… ”

” ഡോക്ടർ എനിക്കവളെ പഴയ പോലെ വേണം.. ഇനി ഒന്നും ഉണ്ടാവാതെ നോക്കിക്കോളാം ഞാൻ.. ഇത്രേം ചെറിയ കാര്യത്തിന് ഇങ്ങനൊന്നും ഉണ്ടാവുന്നു ഓർത്തില്ല ”

” ച്ചി നിർത്തഡോ… ചെറിയ കാര്യോ? നീയൊക്കെ ഒരു ഭർത്താവാണോ?
ഭാര്യയെ സ്നേഹിക്കുന്ന ഏതെങ്കിലും ഭർത്താക്കന്മാർ ചെയ്യുന്ന പണിയാണോടോ താനാ കൊച്ചിനോട് കാണിച്ചേ????

ഏഹ് എന്നിട്ടവന്റെ ഒരു കുമ്പസാരോം… ഈ പ്രാങ്ക് എന്നും പറഞ്ഞു ഇമോശണലി ടോർചർ ചെയ്യാൻ നടക്കുന്നവന്മാരെ ആണു ആദ്യം പിടിച്ചു ജയിലിൽ ഇടേണ്ടത്… ”

കണ്ണൻ തല താഴ്ത്തി ഇരുന്നു…” ഇനി ഒരു തിരിച്ചു വരവുണ്ടാവണമെങ്കിൽ അവളു തന്നെ വിചാരിക്കണം… അല്ലെങ്കിൽ ഇനിയെങ്കിലും ആത്മാർത്ഥമായി ഒന്നു സ്നേഹിച്ചു നോക്ക്.. ചെയ്ത തെറ്റിനുള്ള പ്രായശ്ചിതം എങ്കിലും ആവട്ടെ… ”

കണ്ണൻ മുറിക്കു പുറത്തേക്കിറങ്ങി വരാന്തയിലൂടെ നടന്നു. കാറിനരികിൽ ആലിന് ചുവട്ടിൽ ആര്യ ഇരിക്കുന്നുണ്ടായിരുന്നു.

” സൈക്കാട്ട്രിസ്റ്റ് എന്ന പറഞ്ഞെടാ? ” കൂട്ടുകാർ ഓടി വന്നു…” ഒന്നും ഇല്ല… എല്ലാം ശരിയാവും… നിങ്ങളു പൊക്കോ.. ഞാനിവളേം കൊണ്ടു ഒന്നു നടന്നിട്ടു പതിയെ വന്നോളാം… ”

ആദ്യം മടിച്ചെങ്കിലും അവരെ ഒരു വിധത്തിൽ പറഞ്ഞു കണ്ണൻ ഒഴിവാക്കി… നടക്കുന്നതിനിടയിൽ കണ്ണൻ ആര്യയെ തോളിൽ ചേർത്തു പിടിച്ചു.

ഒരു നിമിഷം അവൾ ഞെട്ടലോടെ അവനെ നോക്കി.. കണ്ണൻ ഒന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവളുടെ ചിന്തകൾ മാറും മുന്നേ കണ്ണൻ പിടുത്തം ഒന്നു കൂടെ മുറുക്കി…

ഇരുവരും തോളോട് തോൾ ചേർന്ന് മുന്നോട്ടു നീങ്ങി.. പക്ഷെ അപ്പോഴും ഇടയ്ക്കിടെ തന്റെ കൂടെ ഉള്ളത് ആരെന്ന മട്ടിൽ അത്ഭുദത്തോടെ അവൾ കണ്ണനെ നോക്കിക്കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *