ഭർത്താവിന്റെ വീട്ടിൽ എന്ത് പ്രശ്നമുണ്ടാക്കി എന്നാണ് നീ പറയുന്നത്..? ” വിമല ഓരോന്നായി ഓർത്തെടുത്തു

(രചന: ആവണി)

” ഹ്മ്മ്… ആരോടും മിണ്ടാതെ മിണ്ടാപൂച്ചയെ പോലെ ഇരുന്ന ഒരു പെണ്ണാ.. ഇപ്പോ കണ്ടില്ലേ..? അഹങ്കാരം എന്നല്ലാതെ എന്ത് പറയാൻ..? ”

ശ്യാമള പറയുന്നത് കേട്ടപ്പോൾ വിമല അവരെ ഒന്ന് ശ്രദ്ധിച്ചു.” നീ ഇത് ആരുടെ കാര്യമാ ഈ പറയുന്നത്..? ” വിമല ആകാംഷയോടെ ചോദിച്ചു.

” ആഹാ.. അപ്പോ ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ..? ” ശ്യാമള ചോദിച്ചപ്പോൾ വിമല ജാള്യതയോടെ ചിരിച്ചു.

” നമ്മുടെ മനോഹരന്റെ മോളില്ലേ.. മൃദുല.. അതിന്റെ കാര്യമാ പറഞ്ഞെ.. “ശ്യാമള അത് പറഞ്ഞപ്പോൾ വിമലക്ക് സംശയം അധികമായി.

” ആ കൊച്ചിന് എന്താ കുഴപ്പം..? കല്യാണം കഴിഞ്ഞു കെട്ടിയോന്റെ കൂടെ നന്നായി ജീവിക്കുന്നില്ലേ ആ കൊച്ച്..? ഇപ്പോ പിന്നെന്താ..? ”

വിമല തന്റെ സംശയം പ്രകടിപ്പിച്ചു.” പറഞ്ഞത് ശരിയാ.. വളരെ നല്ലൊരു ജീവിതമായിരുന്നു ആ പെൺകുട്ടിക്ക് കിട്ടിയത്.

പക്ഷേ എന്താ കാര്യം… നല്ലത് നായക്ക് അറിയില്ല എന്ന് പറയുന്നതു പോലെ കിട്ടിയ ജീവിതത്തിന്റെ ഗുണദോഷങ്ങൾ ഒന്നും അറിയാത്ത ഒരു കുട്ടിയായി പോയി ആ പെൺകുട്ടി. ”

ശ്യാമള പറഞ്ഞപ്പോൾ വിമലയ്ക്ക് സംശയമായി.”ശരിക്കും അവിടെ എന്താ പ്രശ്നം..?”വിമല ചോദിച്ചപ്പോൾ ശ്യാമള വിമലയുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്നു നിന്നു.

” നിലത്ത് ഒന്ന് അമർത്തി ചവിട്ടി നടക്കുക പോലും ചെയ്യാത്ത ഒരു പെൺകുട്ടിയാണ്. ആരോടും മുഖം കറുപ്പിച്ച് ഒരു വാക്കു പോലും അത് പറഞ്ഞതായി എനിക്കറിയില്ല.

നമ്മൾ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ ചിരിച്ചുകൊണ്ട് മാത്രമേ ആ കുട്ടി മറുപടി പറയാറുള്ളൂ. അത്രയും തങ്കപ്പെട്ട സ്വഭാവമാണ് ആ കൊച്ചിന്റേത്.അങ്ങനെയുള്ള പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ എന്ത് പ്രശ്നമുണ്ടാക്കി എന്നാണ് നീ പറയുന്നത്..? ”

വിമല ഓരോന്നായി ഓർത്തെടുത്തു കൊണ്ട് പറഞ്ഞപ്പോൾ ശ്യാമള ചിരിച്ചു.” അത് നീ പറഞ്ഞത് നേര് തന്നെയാണ്. മനോഹരൻ മോളെ വളർത്തിയത് അത്രയും അച്ചടക്കത്തോടെ തന്നെയാണ്.

ഒരാളിനോടും മുഖം കറുപ്പിച്ച് ഒരു വാക്കു പോലും പറയാതെ എല്ലാവരോടും സ്നേഹത്തോടെ തന്നെ ഇടപെടണം എന്നു പറഞ്ഞാണ് മനോഹരൻ കുഞ്ഞിനെ വളർത്തിയത്. അച്ഛനും അമ്മയും പറയുന്ന വാക്കിനപ്പുറത്തേക്ക് ഒരു ചിന്ത പോലും ആ കുട്ടിക്ക് ഉണ്ടായിരുന്നില്ല.

അതുകൊണ്ടാണല്ലോ പഠിച്ചു കൊണ്ടിരുന്ന കൊച്ചിനോട് പഠിച്ചത് മതി ഇനി കല്യാണം എന്ന മനോഹരൻ പറഞ്ഞപ്പോൾ ഒരു വാക്കു പോലും എതിർത്തു പറയാതെ അവൾ സമ്മതിച്ചത്.

ഉള്ളത് പറയാമല്ലോ ഇപ്പോഴും വീട്ടിൽ എന്റെ മോൻ ഉണ്ണി പറയാറുണ്ട് ആ കുട്ടി കോഴ്സ് കംപ്ലീറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ആ വർഷത്തെ യൂണിവേഴ്സിറ്റി ടോപ്പർ മൃദുല ആകുമായിരുന്നു എന്ന്.

ഉണ്ണി അവളെ പഠിപ്പിച്ചിട്ടുണ്ടല്ലോ.. അതിനുള്ള അവസരം പോലും കൊടുക്കാതെയാണ് ജാതകത്തിന്റെ പേരും പറഞ്ഞ് മനോഹരൻ ആ കുട്ടിയെ കല്യാണം കഴിപ്പിച്ചു വിട്ടത്. ”

അതൊക്കെ ഓർത്ത് ശ്യാമള നെടുവീർപ്പിട്ടു.” അത് പിന്നെ അന്ന് ജോത്സ്യൻ പറഞ്ഞത് അങ്ങനെയാണ് എന്നല്ലേ അവർ പറയുന്നത്..? ആ സമയത്ത് വിവാഹം നടന്നില്ലെങ്കിൽ പിന്നീട് അവൾക്ക് 25 വയസ്സ് ആയതിനു ശേഷം മാത്രമേ നടക്കൂ എന്നാണ് പറഞ്ഞത്.

ശരിക്കും പറഞ്ഞാൽ പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ വാങ്ങിയിട്ട് ആ പ്രായമാകുമ്പോൾ അവളുടെ കല്യാണം നടത്തിയാൽ മതിയായിരുന്നു.

ഇത് ഇവരെല്ലാവരും കൂടി തിരക്കു പിടിച്ചു നടത്തിയതല്ലേ. പിന്നെ ആ കാര്യത്തിൽ അവരെ പൂർണമായും കുറ്റം പറയാനും പറ്റില്ല.

ഈ കുട്ടിയുടെ ജാതകം നോക്കിയ ജോത്സ്യൻ തന്നെ ഇവൾക്ക് ചേരുന്ന ഒരു ബന്ധം എന്നു പറഞ്ഞു ആ പയ്യന്റെ ഗ്രഹനില ഇവിടേക്ക് കൊടുത്തയച്ചതാണ് പ്രശ്നമായത്. ഇവർ നോക്കിയപ്പോൾ ചെക്കന് നല്ല ജോലിയും സാമ്പത്തികവും ഒക്കെയുണ്ട്.

ഈ കല്യാണത്തോടെ മോളുടെ ഭാവി സുരക്ഷിതമാകും എന്ന് മനോഹരൻ കരുതി കാണും. ആ പയ്യനും അവളോട് നല്ല സ്നേഹമാണെന്ന് പലപ്പോഴും കണ്ടപ്പോൾ മനോഹരനും മിനിയും പറഞ്ഞിട്ടുണ്ട്. ”

വിമല പറഞ്ഞപ്പോൾ ശ്യാമള ഒരു നിമിഷം ആലോചിച്ചു.” പണ്ടൊക്കെ കാണുമ്പോൾ മിനി എന്നോടും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞിരുന്നത്. കാര്യം എന്തൊക്കെ പറഞ്ഞാലും ആ കൊച്ചിന് നല്ലൊരു ജീവിതം കിട്ടി എന്ന് അറിഞ്ഞപ്പോൾ എനിക്കും സന്തോഷമായിരുന്നു.

നമ്മുടെ കണ്ണിന്റെ മുന്നിൽ കളിച്ചു വളർന്ന കുട്ടികൾ അല്ലേ.. അവർക്കൊക്കെ നല്ലത് എന്നല്ലാതെ മോശമായി എന്തെങ്കിലും സംഭവിക്കണം എന്ന് നമ്മൾ ആരെങ്കിലും ആഗ്രഹിക്കുമോ..?

പക്ഷേ കാര്യങ്ങൾ അങ്ങനെയൊന്നുമല്ല എന്ന് അറിഞ്ഞത് എന്റെ ഒരു ബന്ധു വഴിയാണ്.ഈ മൃദുലയെ കെട്ടിക്കൊണ്ടു പോയിരിക്കുന്ന വീടിന്റെ തൊട്ടടുത്താണ് എന്റെ നാത്തൂന്റെ വീട്.

ഒരിക്കൽ ഞാൻ അവിടെ പോയപ്പോഴാണ് യാദൃശ്ചികമായി അവിടെ വച്ച് മൃദുലയെ കാണുന്നത്. അങ്ങനെ പറഞ്ഞു കേ ട്ട് വന്നപ്പോഴാണ് അറിയുന്നത് ഇവിടെയുള്ള സ്വഭാവം ഒ ന്നുമല്ല ഈ പെൺകൊച്ചിന് അവിടെയെന്ന്.

ഭർത്താവിന്റെ വാക്കിന് യാതൊരു വിലയും കൽപ്പിക്കാറില്ല എന്നൊക്കെയാണ് അ വർ പറയുന്നത്. മിക്കവാറും എല്ലാ ദിവസങ്ങളിലും അവരുടെ വീട്ടിൽ വഴക്കാണ്.

അവൻ എന്തെങ്കിലുമൊക്കെ പറഞ്ഞു വന്നാൽ ഇവൾ അതിന്റെ ഇരട്ടി അവനോട് പറയും. ചുരുക്കം പറഞ്ഞാൽ സമാധാനം ഇല്ലാത്ത ഒരു ജീവിതമാണ് ചെറുക്കനും വീട്ടുകാർക്കും ഇവൾ ചെന്ന് കയറിയതിനു ശേഷം.”

ശ്യാമള പറഞ്ഞപ്പോൾ വിമല അമ്പരപ്പോടെ താടിക്ക് കൈ കൊടുത്തു.” അങ്ങനെയൊക്കെ ആണോ.. എനിക്കെന്തോ വിശ്വാസം വരുന്നില്ല.. “വിമല അമ്പരപ്പ് മാറാതെ പറഞ്ഞപ്പോൾ ശ്യാമള അവളെ നോക്കി ഒന്ന് ചിരിച്ചു.

” ഇതൊക്കെ കേട്ടപ്പോൾ എന്റെ അവസ്ഥയും അങ്ങനെയൊക്കെ തന്നെയായിരുന്നു. പക്ഷേ നിനക്ക് ഞെട്ടാൻ വേറൊരു വാർത്ത കൂടി ഞാൻ പറയാം. ഗാർഹിക പീ ഡനം എന്ന് പറഞ്ഞ് ആ ചെറുക്കന്റെ പേരിൽ ഇവൾ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്.

അതിന്റെ അന്വേഷണവും വിചാരണയും ഒക്കെ നടക്കുന്നത് കാരണം മൃദുല ഇപ്പോൾ ഇവിടെ വീട്ടിലുണ്ട്. പുറത്തേക്കൊന്നു ഇറങ്ങാതെ വീടിനകത്ത് തന്നെയാണ് മുഴുവൻ സമയവും.”

ശ്യാമള അതുകൂടി പറഞ്ഞപ്പോൾ വിമലയ്ക്ക് ആകെ ഒരു വല്ലായ്മ തോന്നി. എന്നാലും ആ പെൺകുട്ടിക്ക് എന്തുകൊണ്ടാണ് ഇത്രയും വലിയ മാറ്റം വന്നത്..?

വിമല ചിന്തിക്കുന്നുണ്ടായിരുന്നു.നാട്ടിൽ നടക്കുന്ന ചർച്ചകൾ പലതും അറിയുന്നുണ്ടെങ്കിലും അതിനെക്കുറിച്ചൊന്നും ഒരിക്കലും മൃദുല ചിന്തിച്ചിരുന്നില്ല.

തന്റെ ഭർത്താവിനെതിരെ ഗാർഹിക പീ ഡനത്തിന് കേസ് കൊടുത്തത് ആലോചിച്ച് ഈ നിമിഷം വരെയും യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല.

ഒരുപക്ഷേ ഇത് ഇതിനേക്കാൾ ഒരുപാട് മുൻപ് തന്നെ ചെയ്യേണ്ടിയിരുന്നതാണ് എന്നൊരു തോന്നൽ മാത്രമാണ് അവൾക്കുള്ളത് .

അതിനുള്ള കാരണം മറ്റൊന്നുമായിരുന്നില്ല. വിവാഹം കഴിഞ്ഞ നാൾ മുതൽ അവൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീ ഡനങ്ങൾ തന്നെയായിരുന്നു അവളെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത്.

വിവാഹം കഴിയുന്നതിനു മുൻപ് താൻ കണ്ട ആളെ ആയിരുന്നില്ല വിവാഹത്തിനു ശേഷം.. ഇവിടെ ഈ നാട്ടിലേക്ക് വരുമ്പോൾ മാത്രമാണ് പലപ്പോഴും അയാൾ സ്നേഹത്തോടെ തന്നോട് ഇടപെടാറുള്ളത്.

അല്ലാത്ത സമയത്തൊക്കെയും താൻ അയാളുടെ ശത്രുവാണ് എന്ന രീതിയിലാണ് പെരുമാറ്റം. രാത്രിയിൽ അയാളുടെ വികാരങ്ങൾ ശമിപ്പിക്കാനുള്ള ഒരു പാവ മാത്രമായി താൻ ആ കിടപ്പുമുറിയിൽ ഇരിക്കണം.

ഇതൊന്നും പോരാഞ്ഞിട്ട് പല ആവശ്യങ്ങളും പറഞ്ഞ് തന്റെ സ്വർണം മുഴുവൻ സമയത്തിനുള്ളിൽ തന്നെ നശിപ്പിച്ചു കഴിഞ്ഞു.

വീണ്ടും ഓരോന്നോരോന്നായി തന്റെ വീട്ടിൽ നിന്ന് അവിടേക്ക് വാങ്ങിക്കൊണ്ടു കൊടുക്കണം എന്ന് പറയുമ്പോൾ അതിൽ എന്ത് മര്യാദയാണ് ഉള്ളത്.. താൻ അത് ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ മുതലാണ് ആ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായത്.

പലപ്പോഴും തന്റെ വീട്ടുകാരെ അയാൾ അധിക്ഷേപിക്കുമ്പോൾ കേട്ട് നിൽക്കാൻ തനിക്ക് കഴിയില്ലായിരുന്നു. അതോടെ ആ നാട്ടിൽ താൻ ഭർത്താവിനെ വിലവക്കാത്തവൾ ആയി. അതിൽ യാതൊരു പരാതിയുമില്ല.

ഇപ്പോൾ അറിഞ്ഞും അറിയാതെയും അയാളും അമ്മയും അച്ഛനും ഒക്കെ പലപ്പോഴും ശാരീരികമായി ഉപദ്രവിക്കുന്നുണ്ട്.

അടുക്കളയിൽ എൽപിജി ഗ്യാസ് കണക്ഷൻ ഓണാക്കി ഇടുക , അത് പൊട്ടിത്തെറിപ്പിച്ച് എന്നെ കൊന്നു കളയാൻ ശ്രമിക്കുക അങ്ങനെ അയാളിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത പലതുമാണ് ഇപ്പോൾ അരങ്ങേറുന്നത്.

ഇങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെങ്കിൽ അധികം വൈകാതെ എന്റെ ജീവൻ എനിക്ക് നഷ്ടപ്പെടും എന്ന് തോന്നിയപ്പോഴാണ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്.

എന്റെ വീട്ടുകാർ പോലും കാര്യങ്ങൾ മുഴുവൻ അറിയുന്നത് ആ പോലീസ് സ്റ്റേഷനിൽ വച്ച് ആയിരുന്നു.

ഈ വീട്ടിലേക്ക് മടങ്ങി വരുമ്പോൾ അവരുടെയൊക്കെ പ്രതികരണം എങ്ങനെയായിരിക്കും എന്നോർത്ത് എനിക്കൊരു ഭയം ഉണ്ടായിരുന്നു.

പക്ഷേ അതിനെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് നിന്നോടൊപ്പം അവസാനം വരെയും ഞങ്ങൾ ഉണ്ടാകും എന്നാണ് അച്ഛൻ പറഞ്ഞത്. അതുതന്നെയാണ് തന്റെ ഏറ്റവും വലിയ ധൈര്യവും..!

മൃദുല സന്തോഷത്തോടെ ചിന്തിച്ചു.പിന്നെ ഇത്രയും നല്ലൊരു കുടുംബത്തിനെ തനിക്ക് തന്ന ദൈവങ്ങളോട് അവൾ മനസ്സുകൊണ്ട് നന്ദി പറഞ്ഞു.

അപ്പോഴും നാട്ടിൽ അവളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ പാറിപ്പറന്നു നടക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *