രചന: അംബിക ശിവശങ്കരൻ
“എടാ രാഹുലേ ഇന്ന് ഞാൻ നിന്റെ അമ്മയെ ശകുന്തള ടെക്സ്റ്റൈൽസിൽ വച്ച് കണ്ടിരുന്നു.പക്ഷേ അമ്മ തനിച്ചായിരുന്നില്ല കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. ആരാടാ അത്?”
കോളേജ് അവധിയായതുകൊണ്ടുതന്നെ ഫോണിലൂടെ സുഹൃത്ത് ആദർശമായി കത്തിവച്ചുകൊണ്ടിരിക്കവേയാണ് അവനത് ചോദിച്ചത്.
“അത് അമ്മയുടെ കൂടെ വർക്ക് ചെയ്യുന്ന ഏതെങ്കിലും ആന്റി ആയിരിക്കുമെടാ..””ഏയ് ലേഡി ആയിരുന്നില്ല.. അത് ആന്റിയുടെ ടെ കൂടെ വർക്ക് ചെയ്യുന്ന ആരെങ്കിലും ആകും. ഞാൻ പറഞ്ഞെന്നേയുള്ളൂ.. പിന്നെ..നാളെ നീ വരാതിരിക്കില്ലല്ലോ.. നീ വന്നില്ലെങ്കിൽ പിന്നെ ഞാൻ പോസ്റ്റ് ആകും അതാണ്.”
“ഞാൻ എന്തായാലും വരുമെടാ.. അപ്പോൾ നാളെ കാണാം.”ആ കോൾ അവസാനിച്ചതും അവന്റെ മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥതപ്പെട്ടു കൊണ്ടിരുന്നു.
“എന്നാലും ആരായിരിക്കും അത്? അമ്മ എന്തിനായിരിക്കും അയാളോടൊപ്പം ഷോപ്പിങ്ങിന് പോയത്? ഇതേപ്പറ്റി ഇത്ര നേരമായിട്ടും തന്നോട് ഒന്നും തന്നെ അമ്മ സംസാരിച്ചിട്ടില്ലല്ലോ.. അവന്റെ ഉള്ളിൽ വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉരു തിരിഞ്ഞു കൊണ്ടിരുന്നു.”
” മോനെ നീ ആഹാരം കഴിക്കാൻ വരുന്നില്ലേ? എത്ര നേരമായി ഭക്ഷണവും വിളമ്പി വെച്ച് ഞാൻ കാത്തിരിക്കുന്നു. കഴിഞ്ഞില്ലേ നിന്റെ ഫോൺ വിളി? ഇനി ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം.. ” അവരുടെ ശബ്ദം ഉയർന്നതും അവൻ ഭക്ഷണം കഴിക്കാൻ ചെന്നിരുന്നു.
“ആരോടായിരുന്നു സാർ ഇത്ര സീരിയസ് ആയുള്ള ചർച്ച?”” അത് ആദി വിളിച്ചതായിരുന്നു. അവൻ ഇന്ന് അമ്മയെ കണ്ടെന്നു പറഞ്ഞു. ”
ഒരു സൂചന നൽകും പോലെ അവൻ ആ കാര്യം അവതരിപ്പിച്ചു. അപ്പോഴെങ്കിലും കൂടെ ഉണ്ടായിരുന്നത് ആരായിരുന്നു എന്ന് അവർ പറയും എന്ന് അവൻ കരുതി.
” ആണോ എവിടെവച്ച്? എന്നിട്ട് അവൻ എന്താ എന്നോട് സംസാരിക്കാതിരുന്നത്? ” അവർ സാധാരണ മട്ടിൽ ചോദിച്ചു.” എവിടെവച്ച് ആണെന്ന് ചോദിക്കാൻ ഞാൻ വിട്ടുപോയി. ”
അത്രമാത്രം പറഞ്ഞുകൊണ്ട് അവൻ ആ സംഭാഷണം അവിടെ വച്ച് അവസാനിപ്പിച്ചു. പിറ്റേന്ന് ക്ലാസിൽ ഇരിക്കുമ്പോഴും അവന്റെ മനസ്സു മുഴുവൻ ആ ഒരാളിൽ ഉടക്കി നിന്നു.
“എന്നാലും ആരായിരിക്കും ആ മനുഷ്യൻ? അമ്മ എല്ലാം തന്നോട് തുറന്നു പറയുന്നതാണ്. പക്ഷേ ഇതുമാത്രം തന്നിൽ നിന്നും മറച്ചു വയ്ക്കണമെങ്കിൽ അതിൽ എന്തെങ്കിലും രഹസ്യം ഉണ്ടാകില്ലേ? അച്ഛൻ മരിച്ചിട്ട് ഇരുപത് വർഷം തികയുന്നു.
ചെറുപ്രായത്തിൽ തന്നെ വിധവയാകേണ്ടി വന്നപ്പോഴും അമ്മ മറ്റൊരു വിവാഹം കഴിക്കാതിരുന്നത് തനിക്ക് വേണ്ടി മാത്രമായിരുന്നു. തനിക് വേണ്ടി മാത്രമാണ് ഇക്കാലമത്രയും അമ്മ ജീവിച്ചത്…
ഇനിയൊരു കൂട്ട് ജീവിതത്തിൽ വേണമെന്ന് അമ്മയ്ക്ക് തോന്നിക്കാണുമോ? പക്ഷേ അതിനു എന്തിനാണ് ഈ ഒളിച്ചുകളി? അമ്മയ്ക്ക് ഇനിയൊരു ദാമ്പത്യം വേണമെന്ന ആഗ്രഹത്തെ താൻ എതിർക്കും എന്നുള്ള ഭയം കൊണ്ടായിരിക്കുമോ?”
“രാഹുൽ…”ക്ലാസ് എടുക്കുന്ന അധ്യാപികയുടെ ശബ്ദം ഉയർന്നതയോടെയാണ് അവൻ ചിന്തകളിൽ നിന്നും മുക്തനായത്.
“വാട്ട് ഈസ് മാർഷൽ ലേണർ കണ്ടീഷൻ?””മിസ്… അത്…” അവൻ നിന്ന് പരുങ്ങി.
” ക്ലാസിൽ ഇരിക്കാൻ താല്പര്യമില്ലെങ്കിൽ തനിക്ക് പുറത്തുപോകാം. വെറുതെ നേരംപോക്കിന് വേണ്ടി ആരും എന്റെ ക്ലാസ്സിൽ ഇരിക്കണം എന്നില്ല. ”
അവൻ പിന്നെ മറത്തു ഒന്ന് ചിന്തിച്ചില്ല. വേഗം ബാഗും എടുത്തു പുറത്തേക്കിറങ്ങി.ഇവനു ഇതെന്തുപറ്റി എന്നുള്ള ഭാവത്തിൽ ആദർശും ക്ലാസിലെ മറ്റു സുഹൃത്തുക്കളും അവനെ അന്തം വിട്ടു നോക്കി.
അവൻ കുറെ സമയം അവിടെയും ഇവിടെയും ചുറ്റി പറ്റി സമയം കളഞ്ഞു ശേഷം നേരെ പോയത് അമ്മ ജോലി ചെയ്യുന്ന ഓഫീസിന് അടുത്തേക്കാണ്. ഓഫീസ് കഴിയാൻ സമയമായിരിക്കുന്നു. സത്യാവസ്ഥ എന്താണെന്ന് ഇന്ന് മനസ്സിലാക്കിയേ പറ്റൂ..
ഓഫീസിലെ ഡ്യൂട്ടി എല്ലാം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നവരെ കണ്ടതും അവൻ അവിടെ മറഞ്ഞു നിന്നു. അക്കൂട്ടത്തിൽ തന്റെ അമ്മയും ഉണ്ടായിരുന്നു. അമ്മയോട് കളിചിരികൾ പറഞ്ഞു ഒപ്പം ഒരു പുരുഷനും. കാഴ്ചയിൽ സുന്ദരൻ,സുമുഖൻ..
അവരുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് അവൻ അവിടെ തന്നെ നിന്നു. അവിടെ നിന്നതും തന്റെ അമ്മയും അയാളും പോകുന്നത് അടുത്തുള്ള കോഫി ഷോപ്പിലേക്ക് ആണ് എന്ന് അവനു മനസ്സിലായി. അവിടെയിരുന്ന് കോഫി കുടിക്കുന്നതിനോടൊപ്പം തന്നെ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
അവനു തന്റെ അമ്മയോട് ഒരല്പം നീരസം തോന്നി”അമ്മ എന്താണ് ചെയ്യുന്നത്?ആളുകൾ കണ്ടാൽ എന്താണ് കരുതുക? ഈ പ്രായത്തിൽ നാട്ടുകാരെക്കൊണ്ട് പറയിക്കാൻ എന്തിനാണ് അമ്മ അയാളോടൊപ്പം നടക്കുന്നത്?”
അവർ അവിടെ നിന്ന് ഇറങ്ങുവോളം അവൻ അവിടെ തന്നെ കാത്തുനിന്നു. അമ്മയോട് യാത്ര പറഞ്ഞു മടങ്ങുന്ന അയാളുടെ പുറകെ അയാൾ അറിയാതെ തന്നെ അവൻ പിന്തുടർന്നു. അവിടുന്ന് കുറച്ചു ദൂരം ഉള്ളിലേക്ക് ചെല്ലുമ്പോൾ റോഡ് അരികിലായി ഒരു ചെറിയ ടെറസ് വീട്ടിലാണ് താമസം.
” ഇപ്പോൾ തന്നെ പോയി ഇനി മേലാൽ തന്റെ അമ്മയോടൊപ്പം നടക്കരുത് എന്ന് താക്കീത് നൽകിയാലോ?
വേണ്ട… അയാളുടെ കുടുംബത്തിന് ഒരു നാണക്കേടാകും. ചിലപ്പോൾ അയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെങ്കിലോ? അവരുടെ അവസ്ഥ എന്താകും? ”
അവൻ വീട് ഓർത്തു വച്ചുകൊണ്ട് തിരികെ മടങ്ങിപ്പോന്നു. വീട്ടിലെത്തിയതും അമ്മയോട് ഇതേപ്പറ്റി ചോദിക്കണമെന്ന് കരുതിയെങ്കിലും മനസ്സ് അതിനനുവദിച്ചില്ല. അമ്മ സംസാരിക്കാൻ വന്നപ്പോഴൊക്കെ അവൻ മനപൂർവം ഒഴിഞ്ഞുമാറി.
പിന്നീടുള്ള ദിവസങ്ങളിലും അവൻ തന്റെ അമ്മയെ ശ്രദ്ധ പൂർവ്വം നിരീക്ഷിച്ചുകൊണ്ടിരുന്നു. വീട്ടിലെത്തിയാലും ഫോൺ സംഭാഷണങ്ങൾ നീളുന്നു… അവനത് വീണ്ടും വീണ്ടും അസ്വസ്ഥത ഉണ്ടാക്കി കൊണ്ടിരുന്നു.
“താൻ ഇവിടെ ഉണ്ടെന്നറിഞ്ഞിട്ടും ഇത്ര സമയം ഫോൺ ചെയ്തുകൊണ്ടിരിക്കാൻ അമ്മയ്ക്ക് നാണമില്ലേ?അമ്മയ്ക്ക് അയാളെ ഇഷ്ടമാണെങ്കിൽ താൻ അതിനു എതിരെ നിൽക്കുകയൊന്നും ഇല്ല.
അച്ഛന്റെ സ്ഥാനത്ത് താൻ ഒരിക്കലും മറ്റൊരാളെ അംഗീകരിക്കില്ലെന്നേ ഉള്ളൂ… അമ്മയുടെ ഭർത്താവ് എന്ന നിലയിൽ അമ്മയ്ക്ക് ഇഷ്ടം തോന്നിയ ഏതൊരാളെയും അംഗീകരിക്കുന്നതിൽ വിരോധമില്ല.
പക്ഷേ അതിനെന്തിനാണ് ഈ കാമുകി കാമുകന്മാരെ പോലെയുള്ള പെരുമാറ്റ രീതികൾ? ഭർത്താവ് മരിച്ച ഒരു സ്ത്രീ മറ്റു പുരുഷന്മാരുമായി അടുത്തിടപഴകുന്നത് കാണുമ്പോൾ തന്നെ സമൂഹം മറ്റെന്തൊക്കെയോ വിധിയെഴുതും.
അത് അമ്മയ്ക്ക് ബോധ്യം ഇല്ലാഞ്ഞിട്ടാണോ?
എല്ലാത്തിനുമുപരി ഇത്രയും പ്രായമായ തന്നെ പോലും അമ്മ ഗൗനിക്കാത്തത് എന്താണ്?”
അവന് ഉള്ളിൽ എന്തെന്നില്ലാത്ത അമർഷം തോന്നി.
പിറ്റേന്ന് വൈകുന്നേരം രണ്ടും കൽപ്പിച്ചാണ് അവൻ അയാളുടെ വീട്ടിലേക്ക് പോയത്. അവനെ കണ്ടതും കുറെ നാളത്തെ പരിചയമുള്ള ആരെയോ കണ്ടപോലെ അയാൾ ഓടിവന്നു.
” ഇതാര് രാഹുലോ? മോനെന്താ ഈ വഴിക്ക്? “ഇത്തരം ഒരു സന്ദർഭം തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൻ ഒന്ന് പതറി.”എന്നെ… എന്നെ എങ്ങനെ അറിയാം?”
“അത് ശരി ചാരുവിന്റെ മകനെ ഞാൻ എങ്ങനെയാ അറിയാതിരിക്കുന്നത്? നമ്മൾ നേരിൽ കണ്ടില്ലെന്ന് ഉള്ളൂ മോനെപ്പറ്റി എല്ലാം ചാരു പറഞ്ഞിട്ടുണ്ട്. ഫോട്ടോ കാണിച്ച് തന്നിട്ടുമുണ്ട്.”
ഓഹോ അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ.”ഇവിടെ വേറെ ആരുമില്ലേ?” അകത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.
“ഇവിടെ ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ… അച്ഛനും അമ്മയും നേരത്തെ അങ്ങ് പോയി. പിന്നെ ഒരു പ്രണയം ഉണ്ടായിരുന്നു പഠിക്കുന്ന കാലത്ത്. അനാഥനായ ഒരുവനു മകളെ കെട്ടിച്ചു കൊടുക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ആകാം ആ പെൺകുട്ടിയെ അവരുടെ വീട്ടുകാർ നിർബന്ധിച്ചു മറ്റൊരു വിവാഹം കഴിപ്പിച്ചു.
വർഷങ്ങൾ കുറെ അവളുടെ ഓർമ്മയിൽ ജീവിച്ചു പിന്നെ ആരോടൊക്കെയോ ഉള്ള വാശിക്ക് പഠിച്ച് നല്ലൊരു ജോലി വാങ്ങി. ജീവിക്കാനുള്ള തിരക്കിനിടയിൽ വിവാഹം കഴിക്കാൻ മനപ്പൂർവം മറന്നു. പക്ഷേ ഇപ്പോൾ വീണ്ടും അതേപ്പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വൈകാതെ ഇവിടെ ഒരാളെ പ്രതീക്ഷിക്കാം.”
അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“അപ്പോൾ അന്ന് ഇയാൾ പ്രണയിച്ചിരുന്നത് തന്റെ അമ്മയെയാകാം.. വർഷങ്ങൾക്കിപ്പുറം രണ്ടുപേരും വീണ്ടും ഒന്നിക്കാൻ തീരുമാനമെടുത്തിരിക്കുന്നു.”
“അങ്കിൾ ഞാനൊരു കാര്യം പറയാനാണ് വന്നത്. എന്റെ അച്ഛൻ മരിച്ചിട്ട് ഇരുപത് വർഷം കഴിഞ്ഞു. ഇന്നേവരെ ഒരു ചീത്ത പേരും കേൾപ്പിക്കാതെയാണ് എന്റെ അമ്മ എന്നെ വളർത്തി വലുതാക്കിയത്. എന്നാൽ കുറച്ചുനാളുകളായുള്ള
അമ്മയുടെ പെരുമാറ്റം കാണുമ്പോൾ എനിക്ക് പേടിയാകുന്നുണ്ട്. ഒന്നുകൂടി വ്യക്തമാക്കിയാൽ അങ്കിൾ വന്നതിനുശേഷം അമ്മ മറ്റൊരാളാണ്.
നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ വിവാഹം കഴിച്ചോളൂ… പിന്നെ നാട്ടുകാർ അതും ഇതും ഒന്നും പറയില്ലല്ലോ. ഞാനും അതിനു കൂടെ നിൽക്കാം. പക്ഷേ അല്ലാതെയുള്ള കണ്ടുമുട്ടലുകൾ അത് അമ്മയെ മാത്രമല്ല എന്നെ കൂടിയാണ് ബാധിക്കുന്നത്. ഇനി മേലാൽ അത് ഉണ്ടാകരുത് പ്ലീസ്..”
അയാൾ ഒന്നും മിണ്ടിയില്ല. അതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ അവനു അല്പം ആശ്വാസം തോന്നി. വീട്ടിൽ എത്തുമ്പോൾ അമ്മ ഉമ്മറത്ത് തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.
“എന്താടാ പോയ കാര്യം എന്തായി? അമ്മയുടെ കല്യാണം ഉറപ്പിച്ചോ നീ?””എന്റെ ഒരു ഭാഗ്യം നോക്കണേ സാധാരണ മാതാപിതാക്കൾ ആണ് മക്കളുടെ കല്യാണം തീരുമാനിച്ച് ഉറപ്പിക്കുന്നത് ഇവിടെ മകൻ എനിക്ക് വേണ്ടി വിവാഹം നടത്താൻ മുന്നിട്ടിറങ്ങിയിരിക്കുന്നു.”
അവൻ തലകുനിച്ചു.”ദിലീപ് എന്നെ വിളിച്ചിരുന്നു.അപ്പോൾ മോനെ കീർത്തന, ചിത്തിര, നിത്യ, മീനു, ആതിര ഇവരിൽ ആരുമായാണ് ഞാൻ നിന്റെ വിവാഹം ഇനി ഉറപ്പിക്കേണ്ടത്?”
“വിവാഹമോ അമ്മ എന്തൊക്കെയാണ് പറയുന്നത് അവർ എന്റെ നല്ല സുഹൃത്തുക്കൾ മാത്രമാണ്.”
” അല്ല അപ്പോൾ എന്റെ ഏറ്റവും നല്ല സുഹൃത്തിനോട് ഞാൻ മിണ്ടുന്നതും കൂടെ നടക്കുന്നതും എങ്ങനെയാണ് വിവാഹം വരെ എത്തിയത്? ”
” അതുപോലെയാണോ ഇത് എന്റെ പ്രായമാണോ അമ്മയ്ക്ക്? ”
അവന്റെ ശബ്ദം ഉയർന്നു.
” അതാരാണ് സൗഹൃദങ്ങൾക്ക് പ്രായപരിധി നിശ്ചയിച്ചത്?ഇത്ര വയസ്സ് വരെ മാത്രമേ ആൺ സുഹൃത്തുക്കൾ പാടുള്ളൂ എന്ന് ആരാണ് വിധിയെഴുതിയത്? സ്ത്രീകൾ, പ്രത്യേകിച്ചും ഭർത്താവും മരിച്ച സ്ത്രീകൾ തന്റെ ആൺ സുഹൃത്തിനോട് സംസാരിക്കുമ്പോൾ പോലും അതിന് വേറൊരു അർത്ഥം കൽപ്പിക്കുന്നത് എന്തിനാണ്? ”
“അന്ന് ആദർശ് ഞങ്ങളെ ടെക്സ്റ്റൈൽസിൽ വെച്ചാണ് കണ്ടതെന്ന് എനിക്കറിയാം. നീ അത് മനപ്പൂർവം പറയാൻ മടിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി നിന്റെ ഉള്ളിൽ എന്തോ മറക്കുന്നുണ്ട് എന്ന്.”
” അമ്മ രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് ഇഷ്ടമായില്ലെങ്കിൽ നിനക്കത് നേരിൽ ചോദിക്കാമായിരുന്നു. അമ്മ ആരുമായാണ് ഫോണിൽ സംസാരിക്കുന്നത് എന്ന്. ഞാൻ എല്ലാം നിന്നോട് പറഞ്ഞേനെ..
പകരം നീയത് അമ്മയുടെ കാമുകനായി വ്യാഖ്യാനിച്ചു കഥ ഇവിടെ വരെ എത്തിച്ചു.എന്നെ പൂർണമായും മനസ്സിലാക്കുന്നവനാണ് എന്റെ മകൻ എന്ന് ഞാൻ എപ്പോഴും ദിലീപിനോട് വീമ്പ് പറയുമായിരുന്നു. ഇനി എങ്ങനെയാണ് ഞാൻ ദിലീപിന്റെ മുഖത്ത് നോക്കുന്നത്? ”
” ഇനി ഒന്നുകൂടെ പറയാം ദിലീപിന് മറ്റാരുമില്ല സ്വന്തമെന്ന് പറയാൻ… നീ ഉദ്ദേശിക്കും പോലെ പഠിക്കുന്ന കാലത്ത് അവൻ എന്നെ അല്ല സ്നേഹിച്ചത്. അവൻ ഇങ്ങോട്ട് സ്ഥലം മാറി വന്നപ്പോഴാണ് വർഷങ്ങൾക്ക് ശേഷം ഞാൻ അവനെ വീണ്ടും കാണുന്നത്.
അവന്റെ വിവാഹം നിശ്ചയിച്ചു. കൂടെപ്പിറപ്പായി എല്ലാത്തിനും കൂടെ വേണമെന്ന് അവൻ എന്നോട് പറഞ്ഞു. വിവാഹത്തിന് വസ്ത്രം എടുക്കാൻ ആണ് ഞങ്ങൾ അന്ന് ടെക്സ്റ്റൈൽസിൽ പോയത്..
നാട്ടുകാർ അമ്മയെ അവിശ്വസിച്ചാൽ അമ്മയ്ക്ക് വിഷമമുണ്ടാകില്ലായിരുന്നു പക്ഷേ നീ എന്നെ ആ കണ്ണ് കൊണ്ട് കാണുമെന്ന് ഞാൻ കരുതിയില്ല. വേറൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കണം ആയിരുന്നെങ്കിൽ ഇത്രയും വർഷം അമ്മയ്ക്ക് കാത്തിരിക്കേണ്ട ആവശ്യമില്ലായിരുന്നു. ”
അവരുടെ കണ്ണുകൾ നിറഞ്ഞതും അവന്റെ ഹൃദയം നുറുങ്ങി. മാപ്പ് പറഞ്ഞുകൊണ്ട് അവൻ കാൽക്കൽ വീണപ്പോൾ അവർ അവനെ വാത്സല്യപൂർവ്വം ചേർത്ത് നിർത്തി.അമ്മയേക്കാൾ ഏറെ തന്റെ കുഞ്ഞിന്റെ മനസ്സ് അറിയാൻ മറ്റാർക്കാണ് കഴിയുക?