ബാപ്പിച്ചീടെ മോട്ടിവേഷൻ
(രചന: Atharv Kannan)
” പ്രായ പൂർത്തി ആയിട്ടില്ല, എന്നിട്ടു രണ്ടും കൂടെ ഞങ്ങള് നോക്കുമ്പോ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കെട്ടിപ്പിടിച്ചു… ഛെ” സ്റ്റാഫ് റൂമിൽ മറ്റു ടീച്ചർമാരുടെയും അനഘയുടെയും അജ്മലിന്റെയും പേരെന്റ്സിന്റെയും മുന്നിൽ വെച്ചു അറപ്പോടെ പ്രിൻസി പറഞ്ഞു നിർത്തി.
അനഘ നിറ കണ്ണുകളോടെ പേരെന്റ്സിന് പിന്നിൽ വിറയലോടെ നിന്നു. അജ്മൽ മിണ്ടാട്ടം ഇല്ലാതെ മുന്നിൽ തന്നെ നിന്നു. അജ്മലിന്റെ ബാപ്പ അനഘയുടെ പേരെന്റ്സിനെ നോക്കി. അവർ കലി അടക്കാനാവാതെ അജ്മലിനെ തന്നെ തുറിച്ചു നോക്കുന്നത് അയാളിൽ ഭയം ഉളവാക്കി.
” എന്ത് വേണമെന്ന് നിങ്ങള്ക്ക് തീരുമാനിക്കാം ” പ്രിൻസി ടേബിളിലേക്ക് ചാരി നിന്നുകൊണ്ട് പറഞ്ഞു. പുറത്ത് വരാന്തയിൽ അകത്തു നടക്കുന്നത് കേൾക്കാനായി കുട്ടികൾ നിശ്ശബ്ദരായി നിക്കുന്നതും എത്തി നോക്കുന്നതും അങ്ങയുടെ മാതാപിതാക്കൾ ശ്രദ്ധിച്ചു.
” ഇനി ഇവളെ ഇവിടെ പഠിപ്പിക്കുന്നില്ല ടീച്ചറെ… ടിസി തന്നേക്കു “ഞെട്ടലോടെ അനഘ അജ്മലെ നോക്കി.. അത് വരെ അടക്കി വെച്ചിരുന്ന കണ്ണു നീർ തുള്ളികൾ അവളുടെ കണ്ണുകളിൽ നിന്നും താഴേക്കു വീണു. അജ്മൽ തകർന്ന ഹൃദയത്തോടെ നിസ്സഹായനായി നിന്നു.
അവളുടെ കൈകളിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ടു പോകുമ്പോഴും തിരിഞ്ഞു തന്നെ തന്നെ നിറ കണ്ണുകളോടെ നോക്കുന്ന അനഘയെ കണ്ടു ലോകാവസാനം കാണുന്ന പോലെ അജ്മൽ നിന്നു.
” അവൻ വന്നതിൽ പിന്നെ ഒന്നും കഴിച്ചിട്ടില്ല… നിങ്ങൾ അവനോടൊന്നു സംസാരിക്കു ” ഉമ്മ ബാപ്പയോട് മുറിയിൽ വന്നു പറഞ്ഞു. വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ബാപ്പ ജനാലയിലൂടെ പുറത്തേക്കു എറിഞ്ഞു.
” ചെറുപ്പം മുതലേ ഉമ്മേടേം ബാപ്പെടേം പ്രണയ കഥകൾ കേട്ടു വളർന്ന അവനോടു ഞാൻ എന്ത് പറയാനാടി.. പ്ലസ്ടു ആയുള്ളൂ എങ്കിലും പരസ്പരം സ്നേഹിക്കുന്നവരുടെ വേദന നല്ല പോലെ അറിയുന്നവർ അല്ലേ നമ്മളും? ” ഉമ്മ ഒന്നും മിണ്ടാതെ താഴേക്കും നോക്കി ഇരുന്നു.
” അവര് പൈസ ഉള്ളോരാ.. നമ്മുട കൊച്ചിനെ എങ്ങാനും ഉപദ്രവിക്കുവോ? “തെല്ലും ഭയത്തോടെ ഉള്ള ഉമ്മയുടെ പറച്ചിൽ അതെത്രത്തോളം ആഴത്തിൽ ഉള്ളതായിരുന്നു എന്ന് ആ കണ്ണുകളിലൂടെ ബാപ്പ വായിച്ചെടുത്തു.
” ഞാൻ ജീവനോടെ ഉള്ളപ്പോഴോ? ” മെല്ലെ കട്ടിലിൽ നിന്നും എണീറ്റു ഒരു ചിരിയോടെ ഉമ്മയുടെ കണ്ണുകളിൽ നോക്കി തോളിൽ കൈവെച്ചു കൊണ്ടു ബാപ്പ അത് പറഞ്ഞതോടെ ആ നെഞ്ചിലെ ഭാരം ഇറങ്ങിയിരുന്നു.
അത് എന്നും അങ്ങനായിരുന്നു. ഉള്ളിൽ എത്ര ഭയം ഉണ്ടായാലും തന്റെ പ്രിയപ്പെട്ടവളെ അദ്ദേഹം അറിയിച്ചിരുന്നില്ല.
എത്ര വലിയ പ്രതിസന്ധി വന്നാലും ഒരു ചിരിയോടെ ചേർത്തു പിടിച്ചുകൊണ്ട് ഞാനില്ലേ കൂടെ എന്ന് പറയുമ്പോഴേക്കും ആ മനസ്സ് ശാന്തമാവും. കാരണം ഉമ്മക്കും അറിയാം അദ്ദേഹത്തിന് ജീവനുള്ളടിത്തോളം ബാപ്പയെ മറികടന്നു ഒന്നും തനിക്കു നേരെ വരില്ലെന്ന്.
എങ്കിലും ബാപ്പയുടെ ആ വാക്കുകൾക്കായി ഉമ്മ ഉള്ളിലെ ആ നൊമ്പരം അറിയിക്കും.
” നീ ബാക്കി പണികൾ തീർത്തു വെക്ക്… ഞാൻ അവനോടു സംസാരിക്കാം “ഉമ്മ അടുക്കളയിലേക്കു നടന്നു… അവനോടു എന്ത് സംസാരിക്കണം എന്നാലോചിച്ചു ബാപ്പ തലങ്ങും വിലങ്ങും നടന്നു.
” അജു ” തൊടിയിലെ പാറക്കല്ലിൽ കുത്തി ഇരുന്ന അവനരുകിലേക്കു വന്നു കൊണ്ടു ബാപ്പ വിളിച്ചു.
” എണീക്കണ്ട.. ഇരുന്നോ ” അവനെ തോളിൽ പിടിച്ചു ഇരുത്തിക്കൊണ്ട് അദ്ദേഹവും ഒപ്പം ഇരുന്നു.
തന്റെ കണ്ണുനീർ മറക്കാനായി ബാപ്പക്ക് മുഖം കൊടുക്കാതിരിക്കാൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു.
” വിഷമായോ? ” ആ ഒറ്റ ചോദ്യം തീരും മുന്നേ കരഞ്ഞു കൊണ്ടു അവൻ ബാപ്പയുടെ തോളിലേക്ക് ചാഞ്ഞു…
” ആഹാ കരയുവാണോ… ഡാ… ” ബാപ്പ അവനെ ആശ്വസിപ്പിക്കണം എന്ന് ചിന്തിച്ചെങ്കിലും ആ വിഷമം അവൻ കരഞ്ഞു തീർക്കട്ടെ എന്ന് കരുതി അല്പ നേരം മൗനം പാലിച്ചു.” എനിക്ക് അവളില്ലാതെ പറ്റില്ല വാപ്പി ”
” അതിനു അവളില്ലാതെ ജീവിക്കണം എന്ന് നിന്നോടു ഞാൻ പറഞ്ഞില്ലാലോ? ” കരച്ചിൽ നിർത്തി തല ഉയർത്തി അവൻ വാപ്പിയെ നോക്കി.
” എന്ന് വെച്ചാ? “” നീ ആദ്യം കണ്ണു തുടക്ക് ” അവൻ കണ്ണുകൾ തുടച്ചു…” ഞാനും ഉമ്മേം ആദ്യമായി കാണുന്നതു എപ്പോഴാന്നു അറിയുവോ? “” ഉമ്മാടെ വീട്ടിൽ വലിയുപ്പാടെ കൂടെ പണിക്കു ചെന്നപ്പോ “ബാപ്പ ഒന്ന് ചിരിച്ചു…
” പണിക്കു എന്ന് വെച്ച സ്ഥിരം പണിക്കല്ല.. പഠിത്തം കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിൽ… സ്ഥിരം കണ്ടു കണ്ടു ഞങ്ങള് തമ്മിൽ അധികം വൈകാതെ ഇഷ്ടത്തിൽ ആയി… പ്രായത്തിന്റെ ഒരു ആവേശം, ഞങ്ങള് രണ്ടും ഒരേ പ്രായമായിരുന്നു.. അന്ന് പതിനെട്ടു കാണും. രാത്രി ഒക്കെ ഉമ്മാനെ കാണാൻ ഒളിച്ചും പാത്തും വരും..
ഒന്നുല്ല ചിലപ്പോ വല്ലോ നാരങ്ങ മിട്ടായി കൊടുക്കാൻ ഒക്കെ ആയിരിക്കും.. അതങ്ങനെ പതിവായി… അപ്പൂഴൊക്കെ ഞങ്ങള് രണ്ടാളും നന്നായി പഠിക്കുവായിരുന്നു.
പക്ഷെ പ്രായം അതല്ലേ, ഒരു മഴയുള്ള ദിവസം രാത്രി ഞങ്ങള് പോലും വിചാരിക്കാതെ ചില കാര്യങ്ങൾ നടന്നു പോയി…
ഉമ്മ ഗർഭിണി ആയി.എത്ര ചോദിച്ചിട്ടും ഉമ്മ എന്റെ പേര് പറഞ്ഞില്ലെങ്കിലും പിഴച്ചു പോയവൾ എന്ന പേര് വീഴാതിരിക്കാൻ ഞാൻ എല്ലാം ഏറ്റു പറഞ്ഞു. പക്ഷെ ജോലിക്കാരന്റെ മോനു കെട്ടിച്ചു തരാൻ വീട്ടുകാർ തയ്യാറായിരുന്നില്ല.
ഒടുവിൽ കൂട്ടുകാരായ കൃഷ്ണനും , മുസ്തഫയും, അഞ്ചലും എല്ലാം ചേർന്ന് ഞങ്ങടെ കല്ല്യാണം നടത്തി. പക്ഷെ എന്റെ വീട്ടിലും ഞങ്ങളെ കയറ്റിയില്ല.
ഇറക്കി വിട്ടു.പഠിത്തം മുടങ്ങി.കുറച്ചു ദിവസം കൂട്ടുകാരുടെ വീട്ടിൽ മാറി മാറി നിന്നു. പട്ടിണി ആയി. കിട്ടിയ ജോലികൾ രാപകൽ ഇല്ലാതെ ചെയ്യേണ്ടി വന്നു. ഉമ്മയുടെ വയറ്റിൽ നീ വളർന്നു കൊണ്ടേ ഇരുന്നു… അവളുടെ വീട്ടുകാരും ഇല്ല എന്റെ വീട്ടുകാരും ഇല്ല. ആശുപത്രിയിൽ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ഓടി നടന്ന ദിവസങ്ങൾ…
അതിനിടയിൽ നീ ഉണ്ടായെന്നറിഞ്ഞപ്പോ ഓടി വരും എന്നറിഞ്ഞ ഉമ്മയുടെ വീട്ടുകാർ നിന്റെ മുഖം കാണും മുന്നേ എന്നെ കൊന്നു കളയാനായി ആശുപത്രിക്ക് പുറത്ത് റോഡിൽ ഇട്ടു വെട്ടി. ചോ രയിൽ കുളിച്ചു കിടന്ന ഞാൻ മരിച്ചെന്നു കരുതിയ അവർക്കു തെറ്റി. ”
അജ്മലിന്റെ മുഖം ആകാംഷയാൽ നിറഞ്ഞു” പിന്നീട് ആറേഴു മാസം കിടക്കയിൽ.. ഒരു വരുമാനവും ഇല്ല… കടം തലയ്ക്കു മുകളിൽ കയറി. ഉറക്കമില്ലാത്ത രാത്രികൾ… നിനക്ക് പാല് വാങ്ങാൻ പോലും പൈസ ഇല്ലാത്ത ദിവസങ്ങൾ… അതിനിടയിൽ നല്ല സൗഹൃദങ്ങൾ എന്ന് തെറ്റിദ്ധരിച്ച ചിലർ ഉമ്മയോട് മോശമായി പെരുമാറാൻ തുടങ്ങി.. ”
അത്രയും പറഞ്ഞപ്പോഴേക്കും അയ്യാളുടെ കണ്ണുകൿ നിറഞ്ഞിരുന്നു.” മോനേ, എടുത്ത തീരുമാനം തെറ്റായിരുന്നില്ല… പക്ഷെ അതിനുള്ള ജീവിത സാഹചര്യങ്ങൾ ഉണ്ടോ എന്നു ചിന്തിച്ചില്ല.. നല്ല മാർക്കുകൾ വാങ്ങി പഠിച്ചിരുന്ന ഞാനും നിന്റെ ഉമ്മയും ഒരുപക്ഷെ പഠിത്തം തുടർന്നിരുന്നെങ്കിൽ ഇന്ന് ജീവിതം മറ്റൊരു വഴിക്കായേനെ.
ചിന്തിച്ചില്ല. പ്രായത്തിന്റെ ആവേശത്തിൽ പലതും കാണിച്ചു. ഇരുന്നിട്ട് വേണമായിരുന്നു കാലു നീട്ടാൻ.. വിദ്യാഭ്യാസം കഴിഞ്ഞു നല്ലൊരു ജോലിയോ അല്ലെങ്കിൽ സംരംഭമോ ആരംഭിച്ചു അതിൽ വിജയിച്ച ശേഷം ജീവിതത്തിലേക്ക് കടന്നിരുന്നെങ്കിൽ ഇന്ന് അനുഭവിക്കുന്ന സന്തോഷം മറ്റൊന്നായേനെ…
ഉമ്മയെ ആശ്വസിപ്പിക്കുന്ന എന്തിനും കൂടെ നിക്കുന്ന വാപ്പിയെ മാത്രേ മോനറിയു, എല്ലാം ഉള്ളിൽ ഒതുക്കി നീറി നീറി തീർക്കുന്ന ഓരോ നിമിഷവും അനുഭവിക്കുന്നതും അറിയുന്നതും ഞാനാണ്.ഇന്ന് മോന്റെ കാര്യം തന്നെ ആരെങ്കിലും നിങ്ങളറിയാതെ ഒരു വീഡിയോ എടുത്തിരുന്നെങ്കിലോ?
അത് മാത്രമല്ല ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും അത് ഏറ്റവും കൂടുതൽ ബാധിച്ചത് ആ കുട്ടിയെ അല്ലേ?പെൺകുട്ടികൾക്ക് സമൂഹം നൽകിയിരിക്കുന്ന ചില വിളക്കുകൾ.. അത് മാറ്റാൻ ആർക്കും പറ്റില്ലാലോ.. എനിക്കറിയാം, എനിക്ക് മനസ്സിലാവും.. നിങ്ങടെ പ്രായം ഇതാണ്…
പല വികാരങ്ങളും അറിഞ്ഞു തുടങ്ങുന്ന സമയം ആണ്.. പക്ഷെ ബാപ്പക്ക് പറ്റിയ തെറ്റ് കണ്ടോ.. അത് മുഴുവൻ ജീവിതവും മാറ്റി മറിച്ചില്ലേ? ഇപ്പോ ഈ ഒരു പ്രശ്നം കാരണം ആ കുട്ടി സ്കൂൾ മാറിയില്ലേ? നിങ്ങളുടെ സ്വകാര്യത നഷ്ട്ടപെട്ടില്ലേ? പഴയ പോലെ വിളിക്കാനും നെസ്സേജയാക്കാനും പറ്റാത വന്നില്ലേ?… പ്രണയം പരമാവധി സ്വകാര്യമായിരിക്കണം…
നമ്മൾ സ്വന്തം കാലിൽ നിക്കും വരെ… ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ആണെങ്കിൽ എത്ര കാലം വേണമെങ്കിലും നമുക്കായി കാത്തിരിക്കും.. നമ്മളും.. വാപ്പിയുടെ ഏറ്റവും വലിയ നഷ്ടമാണ് മോനേ പ്രഗ്നന്റ് ആയിരുന്നപ്പോൾ ഉമ്മയുടെ കൂടെ ഒട്ടും സമയം ചിലവഴിക്കാൻ പറ്റാത പോയത്..
ഒന്ന് ആലോചിച്ചു നോക്ക്, നമ്മുടെ അഭാവത്തിലും നമുക്കു വരുമാനം വന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് ഉണ്ടങ്കിൽ കുറച്ചു സമയം അല്ല നമ്മുടെ പെണ്ണിന്റെ റസ്റ്റ് തുടങ്ങുന്ന സമയം മുതൽ കുഞ്ഞു പിച്ച വെക്കുന്നത് വരെ നമുക്ക് അവരുടെ കൂടെ മാത്രമായി ഇരിക്കാം..
അത് മാത്രമല്ല ഈ ലോകത്തു ഇഷ്ട്ടപെടുന്ന എവിടേയും അവരെയും കൊണ്ടു സഞ്ചരിക്കാം.. ആ സഞ്ചാരം വണ്ടിക്കു പെട്രോൾ എന്ന പോലെ നമ്മുടെ ജീവിതത്തിനും ആവശ്യമാണ്.ഇന്ന് ഉമ്മാക്ക് ചെയ്തു കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും വാപ്പിക്ക് പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്.. അത് എന്റെ മോനും ഉണ്ടാവരുത്..
എനിക്കറിയാം നിനക്കവളെ ഇഷ്ടമാണെന്നു. തിരിച്ചും അതെ ഇഷ്ടം ഉണ്ടങ്കിൽ എന്ത് സഹിച്ചും അവൾ കാത്തിരിക്കും.ഉയരങ്ങൾ കീഴടക്കു.. ആഗ്രഹിക്കുന്നതെന്തും വിരൽ തുമ്പിൽ കൊണ്ടുവരാൻ ഉള്ള സാമ്പത്തിക സ്വാതന്ത്ര്യം നേടി എടുക്കു.. വാപ്പി ഉണ്ടട കൂടെ ഒരുത്തനും പ്രശ്നല്ല.. ഞാൻ കൈ പിടിച്ചു തരും നിനക്ക് ”
സന്തോഷത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞു…” ഒരുപാട് താമസിക്കാതെ അങ്ങോടു വാ.. ഉമ്മയെ വിഷമിപ്പിക്കരുത്… ” എണീറ്റു കൊണ്ടു തോളിൽ തട്ടി വാപ്പി പറഞ്ഞു.. അവൻ ചിരിച്ചുകൊണ്ട് തലയാട്ടി..
ബാപ്പ അകത്തേക്ക് നടന്നു.. അജ്മൽ എണീറ്റു നിന്നു കൈ ആകാശത്തിലേക്കു ഉയർത്തി ചിരിച്ചു കൊണ്ടു അമ്പിളിമാമനെ നോക്കി..
” നിങ്ങളെ ചെക്കന്റെ അടുത്തു പോയി തള്ളി മറച്ചല്ലേ? ” അടുക്കളയിലേക്കു കേറി വന്ന ബാപ്പയോട് ഉമ്മ ചോദിച്ചു” എന്ത് തള്ളി മറച്ചെന്നു? “” ഞാൻ കേട്ടു ”
” കൂട്ടുകാരുടെ കൂടെ വിളിച്ചിറക്കിക്കൊണ്ടു വന്നെന്നു, കട്ടിലിന്റെ അടീന്ന് പിടിച്ചു പാതി രാത്രി കെട്ടിച്ചതൊന്നും ചെറുക്കൻ അറിയണ്ട ”
” എന്റെ പോന്നോ ഒന്ന് പതുക്കെ പറയടി.. “” ഒ പിന്നെ.. തള്ളണെനൊക്കെ ഒരു മയം വേണ്ടേ…? പത്താം ക്ലാസ്സിൽ മൂന്ന് കൊല്ലം തോറ്റു സാറുമാര് കഴുത്തേ പിടിച്ചു ഇറക്കി വിട്ടതാ എന്നേച്ചും വല്യൊരു പഠിത്തക്കാരൻ വന്നേക്കുന്നു ”
വാപ്പി ചിരിച്ചു” എടി പോത്തേ… പിള്ളേര് ഈ പ്രായത്തിൽ എന്തേലും ചെയുമ്പോൾ അവരെ കുറ്റം പറഞ്ഞാലൊന്നും അവര് നേരെ ആവത്തില്ല..
പകരം,നമുക്ക് തെറ്റ് പറ്റിയ കാര്യങ്ങൾ എന്ന് തോന്നും വിധം അവരെ പറഞ്ഞു മനസ്സിലാക്കിയാൽ , അത് അവരുടെ തെറ്റാല്ലാത്തോണ്ട് അതിനെ പറ്റി അവര് കൂടുതൽ ചിന്തിക്കും അവരുടെ ലൈഫിൽ അതുണ്ടാവാതെ നോക്കും..
അതെങ്ങനാ കിടക്കാൻ പാ എടുക്കാൻ മുറിയിൽ വന്ന ഇക്കനോട് എന്തേലും ചോദിക്കും മുന്നേ പേടിച്ചു വിറച്ചു ഞാൻ കട്ടിലിനടിയിൽ ഇല്ലാട്ടോ എന്ന് പറഞ്ഞ നിനക്കിത് വെല്ലോം മനസ്സിലാവോ? ”
” ദേ മനുഷ്യ പഴുത്ത ചട്ടകം ഞാൻ ചന്തിക്കു വെക്കും ” ഉമ്മ ചട്ടുകമായി വാപ്പിയുടെ പുറകെ ഓടി… അടുക്കളയിലേക്കു കയറി വന്ന അജ്മൽ സന്തോഷത്തോടെ അവരുടെ കുസൃതികൾ നോക്കി നിന്നു.
കുറ്റപ്പെടുത്താനും മാറ്റി നിർത്താനും എളുപ്പമാണ്… ചേർത്തു നിർത്താനും പറഞ്ഞു തിരുത്താനും ഉള്ളിൽ സ്നേഹം ഉള്ളവർക്കെ കഴിയു.