തന്നെ മറന്നു മറ്റൊരു പെൺകുട്ടിയുടെ ചൂട് തേടി പോയി തുടങ്ങി എന്ന് ആ ഒരു ഫോൺകോളിൽ നിന്ന് തന്നെ മനസ്സിലായി.

(രചന: ശ്രേയ)

“പ്ലീസ്… ചെയ്തു പോയത് തെറ്റുകൾ ആണെന്ന് എനിക്ക് ഇപ്പോൾ നന്നായി അറിയാം.തെറ്റുകൾ തിരിച്ചറിഞ്ഞു ഒരാൾ മാപ്പ് പറയുമ്പോഴല്ലേ ഏറ്റവും വലിയ പശ്ചാത്താപം.. ഞാനിപ്പോൾ അങ്ങനെ ഒരു അവസ്ഥയിലാണ്.

നീയും മക്കളും ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.. നീ മക്കളെയും കൂട്ടി തിരിച്ചു വരണം. ഇനിയുള്ള കാലം നമുക്ക് ഒരുമിച്ച് ജീവിക്കാം..!

ഇതുവരെ ഞാൻ ചെയ്തു കൂട്ടിയ തെറ്റുകൾ ഒന്നും ഇനി ആവർത്തിക്കില്ല എന്ന് ഞാൻ നിനക്ക് വാക്ക് തരാം..”

ദയനീയം ആയിരുന്നു അനീഷിന്റെ വാക്കുകൾ.അശ്വതി അപ്പോഴും കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

അവന്റെ രൂപവും ഭാവവും ഒക്കെ കാണുമ്പോൾ അവനോട് ഉള്ളിൽ എവിടെയോ അലിവ് തോന്നുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പക്ഷേ അതിനൊന്നും അവൻ അർഹനല്ല എന്നൊരു തിരിച്ചറിവ് അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

അവൻ തന്നോട് ചെയ്തതിന് ഒരിക്കലും അവനെ കൺമുന്നിൽ കാണാനോ അവനോട് സംസാരിക്കാനോ പോലും താൻ ശ്രമിക്കേണ്ടതല്ല. പക്ഷേ ഒരുകാലത്ത് പ്രാണനെ പോലെ സ്നേഹിച്ചവനാണ്. അവനെ അങ്ങനെ ഒഴിവാക്കാൻ മനസ്സ് സമ്മതിക്കുന്നില്ല.

അവൻ പറഞ്ഞത് ഒന്നും സമ്മതമല്ല എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ട്. പക്ഷേ മക്കൾ..!എന്തൊക്കെ പറഞ്ഞാലും അവർക്ക് അച്ഛനെ ജീവനാണ്.

മോൻ ഇന്നലെയും അച്ഛനെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവൻ അച്ഛൻ കുട്ടിയാണ്.

എന്ത് തീരുമാനമെടുക്കണം എന്നറിയാതെ അവൾ ഉഴറി.” ഞാൻ ആലോചിച്ചിട്ട് പറയാം.. ”

മറുപടിയായി അത്രമാത്രം പറഞ്ഞുകൊണ്ട് വണ്ടി വച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു. അവന്റെ കണ്ണുകൾ തന്നെ പിന്തുടരുകയായിരിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു.

പക്ഷേ തിരിഞ്ഞുനോട്ടം.. അതിന് തനിക്ക് ഒരിക്കലും കഴിയില്ല..!ചിന്തിച്ചു കൊണ്ട് അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു.

ഗേറ്റ് കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു ഉമ്മറത്തിരിക്കുന്ന മോനെയും മോളെയും. തന്നെ കണ്ടപ്പോൾ രണ്ടാളും കൂടി വണ്ടിക്ക് അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു.

” നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് വണ്ടിയുടെ മുന്നിലേക്ക് ഇങ്ങനെ ചെന്ന് കയറരുത് എന്ന്..? നിനക്കെന്താ മോനൂട്ടാ എത്ര പറഞ്ഞാലും മനസ്സിലാവാത്തത്.. മ്?

മുന്നിലേക്ക് അപ്പു വന്ന് ചാടിയപ്പോൾ തന്നെ അവനെ ശാസിച്ചു കൊണ്ട് അമ്മു പിന്നാലെ വന്നു.

പലപ്പോഴും അവൾ ഒരു ചേച്ചി എന്നതിനേക്കാൾ ഉപരി അവന് ഒരു അമ്മയായി മാറുന്ന കാഴ്ച താൻ കണ്ടിട്ടുണ്ട്. ആദ്യത്തെ കുഞ്ഞ് ഒരു പെൺകുഞ്ഞ് ആണെങ്കിൽ രണ്ടാമത്തെ കുഞ്ഞിന് അമ്മമാർ രണ്ടായിരിക്കും എന്ന് എവിടെയോ വായിച്ചത് ഓർമ്മയുണ്ട്..!

കുഞ്ഞുങ്ങളെയും കൂട്ടി അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു തന്റെ വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വരുന്ന അമ്മയെയും ഏട്ടത്തിയേയും.

” എന്തായി അച്ചു പോയിട്ട്..? അവൻ എന്തിനാ നിന്നെ കാണണം എന്ന് പറഞ്ഞത്..? ”

താൻ കൊണ്ട് കൊടുത്ത മിഠായിയുമായി മക്കൾ രണ്ടാളും ഏട്ടന്റെ മോന്റെ അടുത്തേക്ക് പോയ സമയം കൊണ്ട് അമ്മ ചോദിച്ചു. അതേ ചോദ്യം ഏട്ടത്തിയുടെ കണ്ണിലും താൻ കണ്ടു.

” ചെയ്തത് ഒക്കെ തെറ്റായിരുന്നു എന്ന് തിരിച്ചറിവുണ്ടത്രേ. ഇനിയുള്ള കാലം തെറ്റുകൾ ഒന്നും ചെയ്യാതെ ജീവിച്ചോളാം എന്ന്. പക്ഷേ ഞാനും കുട്ടികളും തിരിച്ചു ചെല്ലണം.. ”

പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഏട്ടത്തിയും അമ്മയും ഒക്കെ ഒരു വല്ലായ്മയോടെ നിൽക്കുന്നതു കണ്ടു.

“ഇത്രയുമൊക്കെ ചെയ്തു കൂട്ടിയിട്ടും നിന്റെ മുന്നിൽ വന്നു ഇങ്ങനെ പറയാൻ അവനെ ഒരല്പം പോലും ഉളുപ്പ് തോന്നുന്നില്ലല്ലോ എന്നാണ്..”ദേഷ്യത്തോടെ അമ്മ പല്ല് ഞെരിക്കുന്ന ശബ്ദം താൻ കേട്ടു.

അമ്മയോട് മറുപടിയൊന്നും പറയാതെ നേരെ മുറിയിലേക്ക് പോയി. അവിടെ ചെന്ന് ഒന്ന് ഫ്രഷായി വീട്ടിലേക്ക് കിടക്കുമ്പോഴും ചിന്തകൾ മുഴുവൻ ഹരിയേട്ടനെ ചുറ്റിപ്പറ്റി ആയിരുന്നു.

എന്റെ അറിവോ സമ്മതമോ കൂടാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതായിരുന്നു അനീഷ്. ഒരു ബ്രോക്കർ വഴി വന്ന ആലോചനയായിരുന്നു അത്.

ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതു കൊണ്ട് തന്നെ വിവാഹത്തിന് ഞാൻ തയ്യാറായിരുന്നില്ല. എനിക്ക് ഇപ്പോൾ ഒരു വിവാഹം വേണ്ട എന്ന് കഴിയുന്നതും ഞാൻ വീട്ടിൽ പറഞ്ഞതാണ്.

പക്ഷേ കുടുംബമഹിമയും തറവാട്ടു പാരമ്പര്യവും ജോലിയും അങ്ങനെ പല കാരണങ്ങളും അനീഷിനെ സപ്പോർട്ട് ചെയ്യാൻ വീട്ടുകാർക്ക് ഉണ്ടായിരുന്നു. എല്ലാവരുടെയും നിരന്തരമായ നിർബന്ധങ്ങൾക്ക് വഴങ്ങി ആ വിവാഹത്തിന് താൻ സമ്മതിച്ചു കൊടുക്കേണ്ടി വന്നതാണ്.

അതിന്റെ ഒരു ഇഷ്ടക്കേട് അനീഷിനോട് തുടക്കത്തിൽ തനിക്ക് ഉണ്ടായിരുന്നു.പക്ഷേ വളരെ പെട്ടെന്ന് തന്നെ ഹരിയേട്ടൻ അത് മനസ്സിലാക്കി എടുക്കുകയും ചെയ്തു.

“താൻ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയാണെന്ന് എനിക്കറിയാം. നന്നായി പഠിക്കുന്ന തനിക്ക് ഇപ്പോൾ ഒരു വിവാഹം ചിന്തിക്കാൻ പോലും കഴിയാത്തതാണ് എന്നും അറിയാം.

തന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒന്നും ഞാൻ ഒരിക്കലും തടസ്സം നിൽക്കില്ല. ആ പേരിലാണ് താൻ എന്നോട് ഇഷ്ടക്കേട് കാണിക്കുന്നതെങ്കിൽ അത് വേണ്ട..”

അദ്ദേഹം അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. പിന്നീട് അദ്ദേഹത്തിന് നല്ലൊരു സുഹൃത്ത് ആവാൻ ഞാൻ ശ്രമിച്ചു.

എന്റെ മനസ്സ് മനസ്സിലാക്കിയതു പോലെ തന്നെയായിരുന്നു അനീഷിന്റെ പെരുമാറ്റവും.എന്റെ എല്ലാ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അനീഷ് കൂട്ടുനിന്നു.

എന്നെ എന്നെക്കാളും അധികം മനസ്സിലാക്കിയത് അനീഷ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിസ്വാർത്ഥമായ സ്നേഹം തന്നെയായിരുന്നു അയാൾക്ക് എന്നോട്.

എത്രകാലം എന്ന് വച്ചിട്ടാണ് അത് കണ്ടില്ലെന്ന് നടിക്കുക..? എനിക്കും സംഭവിച്ചത് അതുതന്നെയായിരുന്നു.

അയാളുടെ സ്നേഹം ഒരുപാട് കാലം ഒന്നും കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിഞ്ഞില്ല. പരസ്പരം ഇഷ്ടപ്പെട്ടു.

ദാമ്പത്യ വല്ലരിയിൽ രണ്ടു മക്കളും ഉണ്ടായി. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തന്നെയായിരുന്നു ഞങ്ങളുടെത്.

എനിക്ക് കൂടി ജോലി കിട്ടിയതോടെ കുടുംബത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പു വന്നു എന്ന് തന്നെ ഞങ്ങൾ കരുതി.അങ്ങനെ കുറെയേറെ നേട്ടങ്ങൾ ഉണ്ടായപ്പോൾ ജീവിതത്തിൽ പല നഷ്ടങ്ങളും ഉണ്ടായി.

ജോലിത്തിരക്കും കുട്ടികളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാം കൂടിയായപ്പോൾ ഞങ്ങൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ കുറഞ്ഞു എന്ന് തന്നെ പറയാം.

അതിന്റെ പരിണിത ഫലം ആയിരിക്കണം അനീഷ് എന്നിൽ നിന്നും അകന്നു തുടങ്ങി.പക്ഷേ അതൊന്നും ഞാൻ അറിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.

ഒരു ദിവസം യാദൃശ്ചികമായി അനീഷിന്റെ ഫോണിലേക്ക് വന്ന ഒരു ഫോൺ കോൾ ആണ് ഈ വിവരങ്ങൾ എന്നെ അറിയിച്ചത്.

അവനോടൊപ്പം ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയായിരുന്നു വിളിച്ചത്. ഫോണെടുത്തത് ഞാനാണ് എന്നറിയാതെ അവൾ പലതും പറയുന്നുണ്ടായിരുന്നു.

” ഇന്നലെ എന്താ അനീഷേട്ടൻ നേരത്തെ ഉറങ്ങിയത്..? എല്ലാ ദിവസവും രാത്രിയിൽ എന്നെ വിളിക്കാറുള്ളതല്ലേ..?

ഞാൻ ഒരുപാട് കാത്തിരുന്നു.. ഇന്ന് കൂടി എന്നെ പറ്റിക്കരുത് കേട്ടോ..ഇന്ന് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞതല്ലേ..? എപ്പോഴാ വരുന്നത്..? ഇവിടെ ആരുമില്ല.. വേഗം വേണം കേട്ടോ..”

അവൾ പറഞ്ഞത് കേട്ടപ്പോൾ വല്ലാത്തൊരു വേദന ആയിരുന്നു ഉള്ളിൽ..!അനീഷ് തന്നെ മറന്നു മറ്റൊരു പെൺകുട്ടിയുടെ ചൂട് തേടി പോയി തുടങ്ങി എന്ന് ആ ഒരു ഫോൺകോളിൽ നിന്ന് തന്നെ മനസ്സിലായി.

അതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉള്ള അനീഷിന്റെ റിയാക്ഷൻ ആയിരുന്നു ഏറ്റവും ഞെട്ടിച്ചത്.

” നിനക്ക് ഒന്നിനും സമയമില്ലാഞ്ഞിട്ടല്ലേ..? എനിക്കുമുണ്ട് വികാരങ്ങളും വിചാരങ്ങളും ഒക്കെ.. ”

താൻ പൂർണ്ണമായും തകർന്നുപോയ നിമിഷമായിരുന്നു അത്.അധികം താമസിയാതെ ഡിവോഴ്സ് ഫയൽ ചെയ്തു.

വികാരങ്ങൾ ശമിപ്പിക്കാൻ മറ്റൊരു പെണ്ണിനെ തേടി പോയാൽ ഭർത്താവിനോട് ക്ഷമിക്കാൻ ഒരു തരത്തിലും തനിക്ക് കഴിയില്ലായിരുന്നു. ഒരാളെപ്പോലെ തന്നെ വികാരവിചാരങ്ങൾ തനിക്കും ഉണ്ടല്ലോ..

എപ്പോഴെങ്കിലും താൻ മറ്റൊരു പുരുഷനെ അയാൾക്ക് പകരം കണ്ടെത്തിയിരുന്നെങ്കിൽ അയാൾ ക്ഷമിക്കുമായിരുന്നോ..? അങ്ങനെ ചിന്തിച്ചപ്പോൾ അയാൾ ഇനി ജീവിതത്തിൽ വേണ്ട എന്ന് തന്നെ തോന്നി.

ഡിവോഴ്സ് കേസ് നടക്കുന്ന സമയത്തും ഇനി എന്നെ അയാൾക്ക് വേണ്ടെന്നും പുതിയൊരു പെൺകുട്ടിയെ അയാൾ ജീവിതത്തിലേക്ക് കണ്ടെത്തിയിട്ടുണ്ട് എന്നുമൊക്കെ തന്നോട് പറഞ്ഞതാണ്.

ഇതിപ്പോൾ ഡിവോഴ്സ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞു. അതിനിടയിൽ ഇപ്പോൾ തന്നെയും കുട്ടികളെയും വേണമെന്ന് ആവശ്യം..!

ചിന്തകൾക്കൊടുവിൽ ഉറച്ച ഒരു തീരുമാനം അവൾ എടുത്തു കഴിഞ്ഞിരുന്നു.

” ഒരിക്കൽ എന്നെ വേണ്ടെന്നുവച്ച് നിങ്ങൾ മറ്റൊരു പെണ്ണിനെ തേടി പോയതാണ്. ഇനിയും ഒരുപക്ഷേ അതൊന്നും ആവർത്തിച്ചുകൂടായ്ക ഇല്ലല്ലോ.. അതുകൊണ്ട് മുറിച്ചു മാറ്റിയതൊന്നും ഇനി വീണ്ടും കെട്ടി മുറുക്കാൻ നിൽക്കണ്ട.. ”

ആ ഒരു മെസ്സേജ് അയാൾക്ക് അയച്ചിടുമ്പോൾ അയാളുടെ റിയാക്ഷൻ എന്തൊക്കെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.പക്ഷേ വയ്യ..! ഇനിയും ചതിക്കപ്പെടാൻ നിന്നു കൊടുക്കാൻ വയ്യ..!!

(ഈ കഥയുടെ കോപ്പിറൈറ്റ് ഞങ്ങൾ വാങ്ങിയിട്ടുള്ളതാണ്.. ഞങ്ങളുടെ അനുവാദം കൂടാതെ ഈ കഥകൾ മറ്റെവിടെയും പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല.©️ᴋᴀᴅʜᴀᴋᴏᴏᴛᴛᴜ)

Leave a Reply

Your email address will not be published. Required fields are marked *