മുടിഞ്ഞ ലുക്കാണിവൾക്കു…അഥവാ ഉണ്ടെങ്കിലും സാരമില്ല അതൊക്കെ ഈസിയായി പൊളിക്കാം…..

ഇതളോർമ്മകൾ
(രചന: Jils Lincy)

ഡാ… ആ പെൺകൊച്ചിനെ നോക്കിയേ കൊള്ളാല്ലേ… സെക്കന്റ്‌ ഇയർ പി. ജി സ്റുഡന്റ്സിന്റെ ബ്ലോക്കിലിരുന്ന് ആൽബിൻ ജോജോയോട് പറഞ്ഞു…

നീലയിൽ മഞ്ഞ പൂക്കൾ നിറഞ്ഞ ഒരു ഉടുപ്പ് ധരിച്ച വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകുട്ടി കൂട്ടുകാരികളോട് സംസാരിച്ചു കൊണ്ട് നടന്ന് വരികയാണ്…

നീല കളർ ഷൂവും മഞ്ഞ ബാഗും ഇട്ട് നടന്നു വരുമ്പോൾ പാറുന്ന നീളൻ മുടിയിഴകളും… എല്ലാം ഏതോ സിനിമയിലെ നായികയെ പോലെ അവളെ തോന്നിച്ചു… എന്തൊരു ഭംഗി!!എന്ത്‌ നല്ല ചിരി ഇവളെ ഇതിന് മുൻപേ താൻ കാണാതെ പോയതെന്തേ?

ഫസ്റ്റ് ഇയറിൽ ഇങ്ങനൊരു കൊച്ചു വന്ന കാര്യം താനറിഞ്ഞില്ലല്ലോ?
ഇതാണ് താൻ തേടികൊണ്ടിരുന്ന ആൾ!!! ഇതു മതി ഇതു മാത്രം മതി !!!കർത്താവെ ഇനി ഇവൾക്ക് വല്ല ലൈനും ഉണ്ടാകുമോ??? സാധ്യത ഉണ്ട്… മുടിഞ്ഞ ലുക്കാണിവൾക്കു…അഥവാ ഉണ്ടെങ്കിലും സാരമില്ല അതൊക്കെ ഈസിയായി പൊളിക്കാം…..

എന്റെ നോട്ടം കണ്ടിട്ടാണോ എന്തോ കാന്റീനിലേക്ക് തിരിയുന്ന വഴി അവൾ ഒന്ന് മുകളിലേക്ക് നോക്കി.. അല്ലേലും ഈ പെൺപിള്ളേർക്ക് അവരെ പുറകിൽ നിന്നൊരാൾ വായ് നോക്കിയാലും തിരിച്ചറിയാൻ കഴിയും

അപ്പോൾ നീ അരുണിമയെ വിട്ടോ?? എന്റെ നോട്ടം കണ്ടിട്ടാവണം ജോജോയ്ക്ക് ദേഷ്യം പിടിച്ചു…

അരുണയോ…. അവളെന്റെ ഫ്രണ്ട് അല്ലേ??? അല്ലേലും അവൾക്ക് വേറെ ലൈൻ ഉണ്ട്…. എനിക്കിവള് മതി.. ഇവളെ മാത്രം മതി…

ഇപ്പം കിട്ടും നോക്കിയിരുന്നോ….
പുള്ളിക്കാരി ചില്ലറക്കാരിയല്ല ഇത്തവണ ഇംഗ്ലീഷ് സ്പീച്ചിന് എന്നെ തോൽപ്പിച്ച ടീം ആണത്…

നിന്നെ തോൽപ്പിച്ചോ അപ്പോ എനിക്ക് ഇവളെ തന്നെ മതി… ചെറുപ്പം മുതലേ ഒന്നാമനാകുന്ന എന്റെ കൂട്ടുകാരനെ തോൽപ്പിച്ചവൾ തന്നെ എന്റെ ഭാര്യയാകുന്നത് എനിക്കൊരന്തസ്സ് ആണ് അളിയാ ജോജോ!!!

ദേ ആൽബിനെ അവള് നീ കരുതും പോലെ ഒരു പെൺകുട്ടിയല്ല!!she is highly focused on to her academics!!

ഓ പിന്നെ ഞാനിതെത്ര കണ്ടതാ… നീ നോക്കിക്കോ ഞാനിവളെ വളയ്ക്കും… പറ്റിയാൽ കെട്ടുകയും ചെയ്യും…

എന്താ ആൽബിനെ പതിവില്ലാതെ ലൈബ്രറിയിൽ അരുണിമയാണ്…
അല്ലാ ഞാൻ വെറുതെ…

വെറുതെ വായിനോക്കാൻ അല്ലേ??
ഡീ ….നീ വെറുതെ ഓരോന്ന് പറയല്ലേ ഞാനിവന്റെ കൂടെ വന്നതാ പുസ്തകം തിരയുന്ന ജോജോയെ ചൂണ്ടികാണിച്ച് ഞാൻ പറഞ്ഞു….

മ്മ്മം.. നടക്കട്ടെ…നടക്കട്ടെ… ഞാനെല്ലാം അറിയുന്നുണ്ട്…അരൂണിമ ഇറങ്ങിപോയപ്പോൾ ആശ്വാസമായി.. വൈകുന്നേരങ്ങളിൽ നമ്മുടെ കഥാനായിക ലൈബ്രറിയിൽ വരാറുണ്ട് എന്ന ജോജോയുടെ വാക്ക് കേട്ട് വന്നതാണ് എവിടെ അവൾ??

വെറുതെ പുസ്തകങ്ങൾ എടുത്ത് മറിച്ചു നോക്കി വെക്കവേ ദേഷ്യം പിടിച്ചു… ഇവൾക്കൊന്ന് നേരത്തെ വന്നൂടെ… ജോജോയാണെങ്കിൽ മുടിഞ്ഞ വായനയാണ്….

എനിക്കാണെങ്കിൽ പണ്ട് തൊട്ടേ പുസ്തകം അലർജിയാണ്… പിന്നെ പഠിച്ചില്ലെങ്കിൽ വീട്ടിൽ നിന്ന് കിട്ടുന്ന ചീത്തവിളിയും തല്ലും പേടിച്ചു അത്യാവശ്യത്തിനു പഠിക്കും പ്രത്യേകം ശ്രദ്ധിക്കണം അത്യാവശ്യത്തിനു മാത്രം… Postgraduation എടുക്കണം എന്നുള്ളത് അപ്പന്റെ ആഗ്രഹം ആയിരുന്നു അല്ല നിർബന്ധം ആയിരുന്നു… അതു കൊണ്ട് പഠിക്കുന്നു അത്ര തന്നെ….

കുറച്ചു പേർ കയറി വരുന്നുണ്ട്.. അവളും ഫ്രണ്ട്സും ആയിരിക്കും.. ശ്രദ്ധിക്കാതെ നിൽക്കാം… കൈകൾ കൊണ്ട് മുടി ഒന്നൊതുക്കി വെച്ചു… ചുണ്ട് പതുക്കെ നനച്ചു.. എന്ത് ചോദിക്കും??? പേര് തന്നെ ചോദിക്കാം… കാര്യം അവളുടെ പേരും ക്ലാസും തനിക്കറിയാം എന്നാലും ചോദിച്ചു കളയാം….

തോളിലാരോ തട്ടുന്നു… ലൈബ്രറിയിലെ ചേട്ടനാണ്.. മോനേത് ബുക്കാണ് വേണ്ടത്….

അല്ല ഞാൻ വെറുതെ ….എന്തോ ഒന്നും പറയാൻ കിട്ടിയില്ല .. എനിക്ക് ഞാൻ ചുമ്മാ…

അതേയ് മോനേ ഈ സമയത്ത് പെണ്പിള്ളേര് തീരെ വരാറില്ല കാരണം അവർക്ക് ബസ്സ് മിസ്സാകും… വന്നാൽ തന്നെ ബുക്ക്‌ റിട്ടേൺ ചെയ്ത് പെട്ടന്ന് പോകും…..മോനൊരുഉച്ച സമയത്ത് വാ….

പുള്ളീടെ ഉപദേശം!!ജോജോ എവിടെ??
ഡാ!!!നിർത്തെടാ നിന്റെ വായന!!അവളെവിടെ??

ആര്?നീയല്ലേ പറഞ്ഞത് അവൾ വൈകുന്നേരം ലൈബ്രറിയിൽ വരുമെന്ന്?ആ പറഞ്ഞു… അതിന്?എന്നിട്ടെവിടെ?അവളിന്ന് വന്നില്ല.. അതിനെനിക്കെന്ത് ചെയ്യാൻ പറ്റും??

നിന്നോട് ഇന്നലെ ഒരഞ്ചു മിനിറ്റ് എനിക്ക് വേണ്ടി ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ എന്തായിരുന്നു തിരക്ക്??
ഇപ്പോൾ ഏതോ ഒരു പെൺകൊച്ചിന് വേണ്ടി ഒരു മണിക്കൂർ കളയാൻ ഒരു കുഴപ്പവുമില്ല…

അവളെ കാണാനാണെങ്കിൽ നാളെ രാവിലെ ക്യാന്റീനിൽ വന്നാൽ മതി … എന്തൊക്കെ സംഭവിച്ചാലും രാവിലെ ആൾ ക്യാന്റീനിൽ ഉണ്ടാകും ഒരു ദിവസം പോലും മുടങ്ങാതെ…. ഓഹോ അത് നിനക്കെങ്ങനെ അറിയാം???
ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അത്ര തന്നെ..

നിനക്കവളെ കണ്ടു സംസാരിക്കണം എന്നുണ്ടെങ്കിൽ നാളെ രാവിലെ ക്യാന്റീനിൽ പൊക്കോ….എന്നും ക്ലാസ്സ്‌ തുടങ്ങി ഒരു പീരിയഡ് കഴിഞ്ഞാണ് താൻ എത്താറുള്ളത്… ഇതും തനിക്കോട്ടുള്ള ഇവന്റെ വല്ല പണിയാണോ???

അന്ന് രാത്രിയിൽ ഉറക്കം വന്നില്ല ഇതൊക്കെയാണോ സ്പാർക് എന്ന് പറയുന്നത്… എത്രയോ പേരോട് നെഞ്ചും വിരിച്ച് ഇഷ്ടം പറഞ്ഞേക്കുന്നു… പക്ഷേ ഇതിനെന്തോ ധൈര്യം ഇല്ലാത്ത പോലെ.. കർത്താവെ കൈവിടല്ലേ…

കർത്താവ് കേൾക്കുമോ എന്തോ?? ഇന്നേവരെ ഒരാവശ്യത്തിനും വിളിക്കാത്ത ഈ ഉള്ളവനെ പരീക്ഷിക്കരുതേ എന്ന് പറഞ്ഞു ഉറങ്ങാൻ കിടന്നു….

പിറ്റേന്ന് രാവിലെ ആറു മണിക്കേഴുന്നേറ്റു… ഒൻപതരയ്ക്ക് ക്ലാസ്സ്‌ തുടങ്ങും അതിന് മുൻപ് ക്യാന്റീനിൽ എത്തണം… രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞു ഒരുങ്ങി വന്ന എന്നെ കണ്ട് അമ്മച്ചി ഞെട്ടി…

സാധാരണ ഭൂമി കുലുങ്ങിയാലും ഏഴുമണിക്ക് മുൻപ് എണീക്കാത്ത എനിക്ക് എന്ത് പറ്റിയെന്ന് ഓർത്തിട്ടാവണം അമ്മച്ചി… എന്റെ പുണ്യാളാ എന്റെ കൊച്ചിന് നേർവഴി കാട്ടികൊടുക്കണേ എന്ന് അല്പം പരസ്യമായി പ്രാർത്ഥിച്ചു…

അല്ല അമ്മച്ചിയേയും പറഞ്ഞിട്ട് കാര്യമില്ല അതിരാവിലെ റബ്ബർ വെട്ടാൻ പോയ അപ്പനെ പാമ്പ് കടിച്ചിട്ട് ഈ ലോകത്തുള്ള സകല ആളുകളും അമ്മച്ചീടെ നിലവിളി കേട്ട് ഓടികൂടിയിട്ടും…

വീടിനകത്തു സുഖമായി ഇതൊന്നും അറിയാതെ കിടന്നുറങ്ങിയ നല്ല ബെസ്റ്റ് മോൻ എന്നൊരു പേര് കൂടി എനിക്ക് കഴിഞ്ഞ വർഷം കിട്ടിയിരുന്നു… അത് കൊണ്ട് തന്നെ രണ്ട് പ്രളയം കണ്ട് മനസ്സുറച്ച അമ്മച്ചി… ഇവനെന്തിനുള്ള പുറപ്പാടാണെന്ന് മനസ്സിലാകാതെ പുണ്യാളനെ കൂട്ട് പിടിച്ചു….

ഏകദേശം എട്ടു മണിയായപ്പോഴേക്കും കാന്റീനിലെത്തി…അവൾ വന്നിട്ടില്ല
നല്ല വിശപ്പ് രണ്ട് പൊറോട്ടയും ചിക്കൻ കറിയും ഓർഡർ ചെയ്തു…. ചായ ഊതിക്കുടിക്കവേ വാതിൽക്കൽ കണ്ടു അവളെ ഒരു പിങ്ക്ജോർജ്റ്റ് ചുരിദാറിൽ അതീവ സുന്ദരിയായി ഇളം ബ്രൗൺ നിറമുള്ള മുടി അലസമായി അഴിച്ചിട്ടിരിക്കുന്നു…

ഒരു നിമിഷം ഞാൻ അവളിലേക്ക് മിഴികൾ അയച്ച് നോക്കവേ.. അവിടെ ഉള്ള സകല ആളുകളുടെയും .. അതായത് ചായ അടിക്കുന്ന ശങ്കരേട്ടന്റെ വരെ നോട്ടം അവളിലാണെന്ന് കണ്ട് ഒരല്പം അമർഷത്തോടെ ചിക്കന്റെ കാൽ കടിച്ചു പറിച്ചു…..

ഭാഗ്യം ആൾ എന്റെ നേരെ എതിരെയുള്ള കസേരയിൽ ആണിരുന്നത്…വന്നിരുന്നപാടെ സപ്ലൈയർ ദാമുവേട്ടൻ അവളുടെ മുൻപിൽ ഒരു പ്ലേറ്റിൽ എന്തോ കൊണ്ടു വെച്ചു…

എന്താണത്?? നോക്കിയപ്പോൾ ജിലേബി. ഓരോന്നും പതുക്കെ വായിലിട്ട് ആസ്വദിച്ചു കഴിക്കുന്നു..

ഇത്ര രാവിലെ ഇങ്ങനെ എങ്ങനെ മധുരം കഴിക്കാൻ പറ്റുന്നു???
അവളുടെ ആസ്വദിച്ചുള്ള ജിലേബി കഴിപ്പ് കാണവേ എന്റെ പ്ലേറ്റിനുള്ളിലെ ഒരു യുദ്ധം കഴിഞ്ഞ പോലെ കിടക്കുന്ന പൊറോട്ടയും ചിക്കനും എന്നിലെന്തോ ഒരു മടുപ്പുണ്ടാക്കി…..

കൈ കഴുകാൻ പോയി തിരിച്ചു വരവേ എന്റെ കയ്യിലെ ഫോൺ ഞാൻ പതുക്കെ അറിയാത്ത ഭാവത്തിൽ അവളുടെ കസേരക്കടിയിലേക്കിട്ടു!!!പോയാലൊരു ഫോൺ!!!കിട്ടിയാലൊരു പ്രേമം…

സോറി എന്റെ ഫോൺ… അവളാ ഫോൺ പതുക്കെ എടുത്തു ഒരു ചിരിയോടെ എന്റെ കയ്യിലേക്ക് തരുമ്പോൾ ഞാൻ പറഞ്ഞു “ഹലോ ഞാൻ ആൽബിൻ തോമസ് ഫസ്റ്റ് പി ജി”….

അത് കേൾക്കവേ അവൾ പറഞ്ഞു ഞാൻ ഇതൾ രാജ്… ഫസ്റ്റ് ഇയർ B. A..അതൊരു തുടക്കാമായിരുന്നു ആൽബിൻ തോമസിന്റെ ജീവിതത്തെ മാറ്റി മറിച്ച തുടക്കം……

ആ പരിചയപ്പെടൽ അവിടെ അവസാനിച്ചില്ല… അല്ല ഞാൻ അവസാനിപ്പിക്കാൻ അനുവദിച്ചില്ല എന്നതായിരിക്കും ശരി…രാവിലത്തെ കാന്റീൻ സന്ദർശനവും ഇതളുമായിട്ടുള്ള കൂടി കാഴ്ചകളും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി….

ഓരോ തവണയും ഞാൻ പൊറോട്ട ചപ്പാത്തി അപ്പം എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളിലേക്ക് ചേക്കേറി പരീക്ഷണം നടത്തി കാന്റീൻ നടത്തുന്ന ബേബി ചേട്ടന് ലാഭം ഉണ്ടാക്കി കൊടുത്തപ്പോൾ…

വീട്ടിലെ എന്റെ ബ്രേക്ഫാസ്റ് സ്ഥിരമായി പശുവിന്റെ കാടിപാത്രത്തിൽ വീണു കൊണ്ടിരുന്നു… ഇതളിന്റെ ചോയിസും മാറിക്കൊണ്ടിരുന്നു.. അത് ജിലേബിയുടെ കളർ ഓറഞ്ച് മഞ്ഞ എന്ന് മാറ്റികൊണ്ടായിരുന്നു എന്ന് മാത്രം….

ജിലേബി അത്രക്കിഷ്ടമാണോ ഒരിക്കൽ ഞാൻ ചോദിച്ചു…
അങ്ങനെ ഒന്നും ഇല്ല എനിക്ക് മധുരം ഇഷ്ടമാണ് പിന്നെ ഇവിടുത്തെ ജിലേബി നല്ലതാണ്…

മധുരം കഴിച്ചു കൊണ്ട് ജീവിതത്തെ കുറിച്ചോർക്കുമ്പോൾ എല്ലാം കുറച്ചു കൂടി നല്ലതായി തോന്നും… ഹാഫ് ഗേൾ ഫ്രണ്ടിൽ റിയ പ്രണയം നിരാകരിച്ചു പോകുമ്പോളും മാധവ് അവൾ നൽകിയ പാർലെ ജി ബിസ്‌ക്കറ് ഒഴിവാക്കാത്തത് പോലെ…

പുസ്തകം വായിക്കാത്ത എനിക്കെന്ത് മാധവ് എന്ത് റിയ ആകെ പാർലെ ജി മാത്രം കേട്ടിട്ടുണ്ട്… ആൽബിൻ ബുക്സ് വായിക്കാറുണ്ടല്ലേ ഞാൻ ഒരിക്കൽ ബുക്സ് വെക്കാൻ വന്നപ്പോൾ ലൈബ്രറിയിൽ കണ്ടിരുന്നു.. അങ്ങനെ വായിക്കാറൊന്നുമില്ല ഇടക്കൊക്കെ എടുത്തു നോക്കും… ഞാൻ പതുക്കെ വിഷയം മാറ്റാൻ നോക്കി

എടീ ..പുല്ലേ നിന്നെ കാണാനായി ഞാൻ വന്നതാണെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു… പക്ഷേ പറഞ്ഞില്ല!!!

അതിരാവിലെ ഫിലോസഫി പറയുന്നവളോട് എന്ത് പറയാൻ?? മാത്രവുമല്ല എനിക്കെന്തോ അവളെക്കുറിച്ചു കൂടുതൽ അറിയണമെന്നുണ്ടായിരുന്നു…

ഈ പേരൊരു വല്ലാത്ത പേരാണല്ലോ ഇതൾ ഇതാരിട്ടു?? ഒരിക്കൽ ഞാൻ ചോദിച്ചു.. അതെയോ ….അവളൊന്നു ചിരിച്ചു.. ചിരിക്കുമ്പോൾ അവളെ കാണാൻ എന്തൊരു ഭംഗിയാണ്

അപ്പയിട്ട പേരാണ് … അപ്പയ്ക്ക് വായനയും എഴുത്തും ജീവനായിരുന്നു… ശരിക്കും അപ്പയുടെ ആഗ്രഹപ്രകാരമാണ് ഞാൻ ലിറ്ററെച്ചർ എടുത്തത്… പക്ഷേ…

എന്താണ് പക്ഷേ!!അപ്പയിപ്പോൾ ഇല്ല!!മൂന്ന് വർഷങ്ങൾ കഴിഞ്ഞു” ഞങ്ങളെ വിട്ട് പോയിട്ട…

അത് പറയവേ അവളുടെ കണ്ണിൽ നനവ് പടർന്നത് എന്നെ അസ്വസ്ഥനാക്കി… സോറി ഞാൻ അറിയാതെ…..

Its ok albin I’m trying to overcome it”അനിയത്തിയുടെ പേരിലും അല്പം വ്യത്യാസം ഉണ്ട് തളിർ .. തളിർ രാജ്..അവളിപ്പോൾ പ്ലസ്ടു കഴിഞ്ഞു!!

അപ്പക്ക് ബിസിനസ്‌ ആയിരുന്നു!!ഒരു മൈൽഡ് അറ്റാക്ക്!!കഴിഞ്ഞു ഒറ്റനിമിഷം കൊണ്ടെല്ലാം..

മമ്മി ഇപ്പോഴും ok ആയിട്ടില്ല… ബിസിനസ്‌ ഒക്കെ ഒഴിവാക്കി.. അത് വിറ്റ് കിട്ടിയ പൈസയുടെ interest കൊണ്ട് ജീവിക്കുന്നു…ഞാനൊരു സിവിൽ സർവീസ് ഒക്കെ ആണ് aim ചെയ്യുന്നത്…

അത് കൊണ്ടാണ് വീട് വിട്ട് ഇവിടെ ഹോസ്റ്റലിൽ നിൽക്കുന്നത്… ഇവിടെ നല്ല ഫാക്കൾട്ടി ഉണ്ട്!!പിന്നെ നല്ല ലൈബ്രറിയും…. ആദ്യം നല്ല വിഷമം ഉണ്ടായിരുന്നു… ഫ്രണ്ട്‌സ്…നാട്…എല്ലാം വിട്ടുള്ള ഒരു സ്ഥലം… പിന്നെ ഇപ്പോൾ സെറ്റ് ആയി… ആൽബിനെ പോലുള്ള കുറച്ച് ഫ്രണ്ട്സിനെ കിട്ടി… എല്ലാം കൊണ്ടും ഹാപ്പിയാണ്…

ഞാൻ അപ്പയോടായിരുന്നു അറ്റാച്ഡ്!!
അപ്പ എപ്പോഴും എനിക്ക് ജിലേബി വാങ്ങി തരുമായിരുന്നു!! അപ്പ മരിച്ച് കുറച്ചു നാൾ എനിക്കിത് കഴിക്കാൻ ആകുമായിരുന്നില്ല….

വായിൽ വെക്കുമ്പോളേ കണ്ണ് നിറഞ്ഞു തൊണ്ടയിൽ നിന്ന് ഇറങ്ങില്ലാത്ത ഒരവസ്ഥ….. പക്ഷേ ഇപ്പോൾ ഈ ജിലേബി ഇങ്ങനെ കഴിക്കുമ്പോൾ അപ്പയുടെ ഒരു പ്രെസെൻസ് എനിക്ക് ഫീൽ ചെയ്യും..എവിടെയോ ഇരുന്ന് എനിക്കിത് വാങ്ങി വെച്ചപോലെ തോന്നും….

എനിക്കെന്തോ വല്ലാത്തൊരു വിഷമം തോന്നി.. കർക്കശക്കാരനായ എന്റെ അപ്പൻ വൈകുന്നേരം എനിക്കായി അത്താഴം കഴിക്കാൻ കാത്തിരിക്കാറുള്ളത് ഒരു നിമിഷം ഓർത്തു പോയി…. അല്ലെങ്കിലും ചിലത് നഷ്ടപെടുമ്പോൾ മാത്രമേ നാം അതിന്റെ വില മനസ്സിലാക്കൂ….

ഇതളുമായിട്ടുള്ള എന്റെ സൗഹൃദം പ്രണയമായി മാറാൻ അധികം നാളുകൾ വേണ്ടി വന്നില്ല… പക്ഷേ അവളൊരിക്കലും എന്നെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിരുന്നില്ല… അല്ലെങ്കിലും ഈ പെൺപിള്ളേർ എല്ലാ കാര്യങ്ങളും തുറന്ന് പറയില്ല!!!

പറയാതെ തന്നെ അവൾക്കെന്നെ ഇഷ്ടമാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു… ശരിക്കും അവളെ പ്രണയിക്കുന്നത് വരെ ഞാൻ എന്തായിരുന്നോ അതിന് നേർ വിപരീതമായി എന്റെ സ്വഭാവം…

ലൈബ്രറിയിലെ സ്ഥിരം സന്ദർശനം എന്നെ ഒരു പുസ്തകപ്രേമി ആക്കി.. ഞങ്ങളുടെ സംസാരത്തിൽ രാക്ഷ്ട്രീയവും സിനിമയും സംഗീതവും കടന്നു വന്നു… പഠിത്തത്തെ സീരിയസ് ആയി കാണാൻ തുടങ്ങി….. ചുരുക്കത്തിൽ അല്പം കൂടി നന്നായി ഈ ലോകത്തെ കാണാനും പെൺകുട്ടികളെ ബഹുമാനത്തോടെ കാണാനും അവളെന്നെ പഠിപ്പിച്ചു….

ഇരുപത്തിനാലു വയസ്സിനിടയിൽ മറ്റൊരാളോട് തോന്നാത്ത പ്രേമവും സ്നേഹവും വിധേയത്വവും എനിക്കവളോട് തോന്നി….

അല്ലെങ്കിലും ഒരാളോട് പ്രണയം ഉണ്ടായിട്ട് കാര്യമില്ല ആ ആളെ ബഹുമാനിക്കാനുള്ള ചില കാരണങ്ങൾ കൂടി ഉണ്ടാകുമ്പോളാണ് ആ വ്യക്തി നമ്മുടെ സോൾ മേറ്റ്‌ ആകുന്നത്….

ഇതളിന് പഠിത്തമായിരുന്നു ഫസ്റ്റ് ചോയ്സ്… എനിക്കവളും… ആൽബി ഞാൻ സിവിൽ സർവീസ് attain ചെയ്യും എന്നവൾ പറയുമ്പോൾ എനിക്കെന്തോ ഒരു വല്ലാത്ത ഭയം തോന്നുമായിരുന്നു… കാരണം വെറും പി. ജി മാത്രമുള്ള ഒരു ബിസിനസ്‌കാരൻ അവൾക്ക് ഭർത്താവായി ചേരുമോ എന്നുള്ള ഒരു ടിപ്പിക്കൽ കാമുകന്റെ വിഷമം….

ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഞാൻ പഠിത്തത്തിൽ അല്പം കൂടി ശ്രദ്ധിക്കാൻ തുടങ്ങി.. അതിന് ഗുണമുണ്ടായി.. പി ജി പാസ്സ് ആയപ്പോൾ കൂടെ ഒരു ഫസ്റ്റ് ക്ലാസും കൂടി കിട്ടി!!

ഞാൻ പി. ജി കഴിഞ്ഞെങ്കിലും അവൾ ഡിഗ്രീ കഴിയുന്നവരെ … അവിടുത്തെ ഒരു സിവിൽ സർവീസ് അക്കാദമിയിൽ കോച്ചിങ്ങിനു ചേർന്നു…..സിവിൽ സർവീസ് കിട്ടൂല എന്നുറപ്പായിരുന്നു… വല്ല upsc എങ്കിലും കിട്ടിയാൽ അവൾക്കൊപ്പം പിടിച്ചു നിൽക്കാമല്ലോ….

ഇതളിനെ ഒന്ന് അമ്മച്ചിയെ കാണിക്കണം എന്നൊരാഗ്രഹം എനിക്കുണ്ടായിരുന്നു… പക്ഷേ അവൾക്കതിന് താല്പര്യം ഉണ്ടായിരുന്നില്ല… ഇക്കാര്യത്തിൽ തന്നെ ഞാൻ അവളോട് പലപ്പോഴും വഴക്കിട്ടിരുന്നു…

അവളുടെ ഫൈനൽ എക്സാം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന്റെ രണ്ട് ദിവസം മുൻപ് അല്പം ദേഷ്യത്തിൽ ഞാൻ പറഞ്ഞു…

ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ അമ്മച്ചിയെ ഒന്നു കാണിക്കണം എന്നത് എന്റെ ഒരു ചെറിയ ആഗ്രഹമാണ്….

എത്രയോ തവണ ഞാൻ നിന്നോട് അമ്മച്ചിയെ ഒന്ന് വിളിക്കാൻ പറഞ്ഞിരിക്കുന്നു… നീ അതിന് മനസ്സ് കാണിച്ചില്ല!!” അമ്മച്ചിക്ക് സുഖമില്ലാതെയായി എന്നറിഞ്ഞിട്ടും!! നീ വിളിച്ചില്ല അത് പറയവേ എന്തോ എന്റെ സ്വരം അല്പം ഇടറിയിരുന്നു….

ഒരു തവണ ഒരൊറ്റ തവണ എനിക്ക് വേണ്ടി ഒന്ന് നീ ടൗൺ വരെ വരണം.. അമ്മച്ചിയെ ഡോക്ടറെ കാണിക്കാൻ ഞാൻ ടൗണിൽ വരുന്നുണ്ട്… ജസ്റ്റ്‌ ഒന്ന് നിന്നെ കാണിക്കാനാ… അമ്മച്ചി കുറെ തവണയായി നിന്നെ കാണണം എന്ന് പറയുന്നു….ഇതൾ… നീ വരുമോ… നിനക്കെന്നെ വിശ്വാസമില്ലേ??

അവളൊന്നും മിണ്ടിയില്ല പക്ഷേ എനിക്കുറപ്പായിരുന്നു അവൾ വരുമെന്ന്…രണ്ട് ദിവസത്തിനു ശേഷം അമ്മച്ചിയെ കൂട്ടി ഡോക്ടറെ കാണിക്കാൻ ടൗണിൽ പോകാനിറങ്ങി..ഇതളിന് എക്സാം ആയതിനാൽ കുറച്ച് നാളായി വിളി കുറവായിരുന്നു… പകരം അവളുടെ വാട്സാപ്പിൽ സ്ഥലവും സമയവും മെസ്സേജ് ചെയ്ത് അതവൾ റീഡ് ചെയ്‌തെന്ന് ഉറപ്പ് വരുത്തി….

ഹോസ്പിറ്റലിൽ അമ്മയെ കാണിച്ച് ഇറങ്ങിയിട്ടും അവൾ വന്നില്ല ഫോണിൽ വിളിച്ചപ്പോൾ സ്വിച്ചഡ് ഓഫ്‌!! ദേഷ്യവും സങ്കടവും എല്ലാം കൂടി വല്ലാത്തൊരവസ്ഥ…

തന്റെ മുഖം കണ്ടിട്ടാവണം അമ്മച്ചി ചോദിച്ചു അവൾ വരില്ലേ മോനേ… അമ്മച്ചിയോടു എന്ത് മറുപടി പറയുമെന്നോർക്കവേ ഫോണിൽ ഒരു മെസ്സേജ് വന്നു.. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആണ്…

അതൊരു വെഡിങ് ഇൻവിറ്റേഷന്റെ ഫോട്ടോ ആയിരുന്നു… ഇതൾ രാജ് വെഡ്സ് സാം ജേക്കബ് എന്ന സ്വർണലിപിയിലുള്ള എഴുത്ത് കാണവേ ഒരു നിമിഷം ആൽബിന് തനിക്ക് ചുറ്റുമുള്ള ലോകം ഇരുണ്ട് പോകുന്ന പോലെ തോന്നി…..

ആ വെഡ്ഡിങ് ഇൻവിറ്റേഷൻ കാർഡിലെ പേരുകളിലേക്ക് വീണ്ടും വീണ്ടും നോക്കവേ..

ഒരു നിമിഷം കൊണ്ട് താൻ സ്വപ്നം കണ്ടതെല്ലാം തന്റെ കൺ മുൻപിലൂടെ തകർന്നടിയുന്നത് ആൽബിൻ അറിഞ്ഞു.. നിറഞ്ഞു വന്ന കണ്ണുകൾ ഇടം കൈകൊണ്ട് തുടച്ച് പോകാം അമ്മച്ചി… എന്ന് പറഞ്ഞ് കാർ മുൻപോട്ട് എടുത്തു…

തന്റെ മുഖത്തെ ഭാവമാറ്റം കണ്ടിട്ടാവണം അമ്മച്ചി ഒന്നും ചോദിച്ചില്ല… പോകുന്ന വഴി മുഴുവൻ അവളുമൊത്തുള്ള സുന്ദരമായ ഓർമ്മകൾ അലയടിച്ചു വന്നു…

അല്ലെങ്കിലും എല്ലാം തന്റെ തെറ്റാണ്!!അവളൊരിക്കലും തന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല… എന്തിന് അവളുടെ സ്വപ്നങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പറയുന്നതല്ലാതെ…. തന്റെ സ്വപ്നങ്ങളെക്കുറിച്ച് ഒരിക്കലും ചോദിച്ചിട്ടില്ല…

വിഡ്ഢിയാണ് താൻ പ്രണയം കൊണ്ട് മുറിവേറ്റ വിഡ്ഢി… പക്ഷേ എത്ര മുറിവേറ്റാലും.. വീണ്ടും.. വീണ്ടും മനസ്സ് കേട്ടതെല്ലാം തെറ്റാകണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു…

വീടെത്തിയതെങ്ങനെ എന്നറിയില്ല!!
പക്ഷേ വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ അമ്മച്ചി അപ്പനോട്… “ഇനി മേലാൽ ഇവന്റെ കൂടെ എന്നെ മരുന്നിനു വിട്ടേക്കരുത്” അസുഖം സുഖപ്പെടുന്നതിന് മുൻപ് ഇവനെന്നെ കാറിടിപ്പിച്ചു കൊല്ലും “”എന്ന് പറഞ്ഞപ്പോളാണ് ഞാൻ ഇത്രയും നേരം വണ്ടി ഓടിക്കുവായിരുന്നു എന്ന ബോധ്യത്തിൽ എത്തിയത്!

വണ്ടിയിൽ നിന്നിറങ്ങി റൂമിൽ ചെന്ന് കിടന്ന് ഫോണെടുത്തു അവളുടെ നമ്പറിലേക്ക് ഒന്നും കൂടി വിളിച്ചു നോക്കി… രക്ഷയില്ല സ്വിച്ചഡ് ഓഫ്‌.

ആ മെസ്സേജ് വന്ന നമ്പറിലേക്ക് വിളിച്ചു നോക്കി അതും സ്വിച്ചഡ് ഓഫ്‌..ആ മെസ്സേജിലേക്ക് ഒന്നു കൂടി സൂക്ഷിച്ചു നോക്കി.. പെട്ടന്ന് നെഞ്ചിലൊരു കൊള്ളിയാൻ മിന്നി…

ആ വെഡ്ഡിങ് ഇൻവിറ്റേഷൻ നാലു വർഷം മുൻപുള്ളതാണ്… കൃത്യം പറഞ്ഞാൽ ഇതൾ കോളേജിൽ ചേരുന്നതിന് ഒരു വർഷം മുൻപ്…

എന്തോ ചെറിയൊരു ആശ്വാസത്തിന്റെ ഇളം തണുപ്പ് തന്നെ തണുപ്പിക്കുന്നത് പോലെ ആൽബിന് തോന്നി…

എന്നാലും അവൾ മാരീഡ് ആയിരുന്നോ… ഒരിക്കൽ പോലും ഭർത്താവിനെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ. അതോ ഡിവോഴ്സ്ഡ് ആണോ? ഇത്ര ചെറിയ പ്രായത്തിലെ ഒരു വിവാഹം? അതോ ഈ മെസ്സേജ് തെറ്റാണോ?

ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ മനസ്സിൽ കിടന്ന് വീർപ്പു മുട്ടിക്കാൻ തുടങ്ങി… രണ്ടു ദിവസങ്ങൾ കടന്ന് പോയി.. ഇതളിനെ വിളിച്ചിട്ട് കിട്ടുന്നില്ല.. ഒന്നിനും ഒരു താല്പര്യവുമില്ലാതെ റൂമിൽ തന്നെ ഇരുന്നു… ആകെ കൂടി പ്രാന്ത് പിടിക്കുന്ന പോലെ.. അവസാനം ഇതളിന്റെ വീട് അന്വേഷിച്ചു പോകാൻ തന്നെ തീരുമാനിച്ചു…

അപ്പോഴാണ് അവളുടെ വീട് തൃശ്ശൂരാണ് എന്നല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ലല്ലോ എന്നോർത്തത്… അവസാനം ജോജോയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു… അവൻ അവന്റെതായ രീതിയിൽ അന്വേഷിച്ചു…
അവസാനം വീട് കണ്ട് പിടിച്ചു…

പിറ്റേന്ന് രാവിലെ ജോജോയെയും കൂട്ടി വണ്ടിയെടുത്തു തൃശ്ശൂർക്ക് വിട്ടു… ഇരിങ്ങാലക്കുട എത്തിയപ്പോഴേക്കും ഉച്ചയാകാൻ ആയി… ജോജോയുടെ ഒരു ഫ്രണ്ടിന് വീട് അറിയാമായിരുന്നു…

ടൗണിൽ നിന്ന് അല്പം മാറി ഒരു ചെറിയ വീട്.. മുറ്റത്താകെ കരിയിലകൾ വീണ് കിടക്കുന്നു…വീട്ടിലേക്ക് ചെന്ന് കാളിങ് ബെൽ അടിച്ചു… വാതിൽ തുറന്നത് പ്രായമായ ഒരു സ്ത്രീയായിരുന്നു..

ആരാ…??ഞങ്ങൾ ഇതളിന്റെ ഫ്രണ്ട്‌സ് ആണ്…അവളെ ഒന്ന് കാണാൻ ഇതു വഴി വന്നപ്പോൾ കയറിയതാണ്… കയറി വാ മക്കളെ അവള് ഷേർലിയുടെ റൂമിൽ ആണ് അവൾക്കിപ്പം അസുഖം കൂടുതൽ ആണ്… ഞങ്ങൾ പതുക്കെ അകത്തേക്ക് കയറി.. അവിടെ കണ്ടു.. കട്ടിലിന്റെ ഓരോരത്ത് അമ്മയുടെ കയ്യും പിടിച്ചവൾ ഇതൾ…

തങ്ങളെ കണ്ടതും അവൾ ഞെട്ടിയെണീറ്റു . ആൽബിൻ! എന്നെ കണ്ടതും വിശ്വസിക്കാനാവാതെ അവൾ വിളിച്ചു… ഷേർലിക്ക് ഈ ഇടയായി അസുഖം കൂടുതലാണ് … കൂടെ ഉപദ്രവവും… ഇതളിനെ എങ്ങോട്ടും മാറാൻ വിടില്ല… അമ്മച്ചി പറഞ്ഞു….

ഹാ… എന്ത്‌ ചെയ്യാൻ.. വിധി അനുഭവിക്കുക തന്നെ… വയസ്സ് കാലത്ത് ഇതൊക്കെ കണ്ടു മരിക്കാൻ ആണ് എന്റെ വിധി!!!
മമ്മിയുടെ അമ്മയാണ്!! അവൾ പറഞ്ഞു…

തളിരിന് എക്സാം ആണ് അത് കൊണ്ട് അവൾക്ക് വരാൻ പറ്റില്ല…
മമ്മി വളരെ മോശം സിറ്റുവേഷനിൽ ആണിപ്പോൾ… ശരിക്കും പൂർണമായി മനോരോഗി ആയിക്കഴിഞ്ഞു” എന്നെ പോലും ചിലപ്പോൾ തിരിച്ചറിയാറില്ല….

ഞങ്ങൾ സംസാരിച്ചോട്ടെ എന്ന് വിചാരിച്ചാവാം ജോജോയും സുഹൃത്തും റൂമിന് പുറത്തേക്കിറങ്ങി…

ഇതൾഞാൻ വിളിച്ചു “അന്ന് വന്നില്ലെങ്കിൽ പോലും കുഴപ്പമില്ല… പക്ഷേ ഒന്ന് ഫോൺ വിളിക്കാമായിരുന്നു…

എന്റെ മാനസീകാവസ്ഥ… നിനക്ക് ഊഹിക്കാൻ പറ്റുന്നതിന് അപ്പുറമായിരുന്നു… എനിക്ക് മനസ്സിലായി നീ എന്നെ ഒരു സുഹൃത്തായി പോലും കണ്ടിട്ടില്ലായിരുന്നു എന്ന്..

എന്നെ ഇഷ്ടമല്ലെങ്കിൽ പറഞ്ഞു കൂടായിരുന്നോ?? ഇങ്ങനെ ഒരു ഫേ ക്ക് മെസ്സേജ് അയച്ച് എന്തിനെന്നെ വീണ്ടും വീണ്ടും തളർത്തുന്നു….അത് സത്യമാണ് ആൽബിൻ!!ഞാൻ മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളിലൊന്ന്…

പപ്പാ മരിച്ചതിനു ശേഷം ബിസിനസ്‌ കാര്യങ്ങൾ നോക്കുന്ന പപ്പയുടെ സുഹൃത്തിന്റെ മകനായിരുന്നു വരൻ!!
ആൺ തുണയില്ലാതെ മുൻപോട്ട് പോകാൻ പറ്റില്ല എന്ന് എല്ലാരും പറഞ്ഞപ്പോൾ പപ്പയുടെ ജീവനായിരുന്ന കമ്പനി തുടർന്ന് കൊണ്ട് പോകാൻ ഒരാളാകും എന്ന് പറഞ്ഞപ്പോൾ മമ്മി സമ്മതിച്ചു….

പഠിക്കണം എന്ന് കരഞ്ഞു പറഞ്ഞ എന്റെ കാലിൽ വീണ് മമ്മി പറഞ്ഞു സമ്മതിക്കണം താളു അല്ലെങ്കിൽ നമ്മൾ കമ്പനിക്ക് വേണ്ടിയെടുത്ത കടങ്ങൾ നമ്മളെ വിഴുങ്ങുമെന്ന്….
മറ്റ് വഴിയില്ലായിരുന്നു… അങ്ങനെ എന്റെ പതിനെട്ടാം വയസ്സിൽ ഞാൻ കല്യാണപെണ്ണായി…”

മനസമ്മതം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ കല്യാണം.. സർവ്വാഭരണ വിഭൂഷിതയായി കല്യാണത്തിനായി ഒരുങ്ങി പള്ളിയിൽ ചെന്നപ്പോഴാണ് അറിഞ്ഞത്.. ചെറുക്കൻ അവന്റെ ഇഷ്ടക്കാരത്തിയുടെ ഒപ്പം ഒളിച്ചോടി പോയത്രേ…

എനിക്കത് ആശ്വാസം പകർന്നെങ്കിലും…. മമ്മി തകർന്നു പോയി… എന്റെ കുഞ്ഞിന്റെ ജീവിതം ഞാൻ മൂലം തകർന്നല്ലോ എന്നൊരാധി മമ്മിയെ തകർത്തു….

പിന്നീടങ്ങോട്ട് കേസ്..കടങ്ങൾ.. പ്രശ്നങ്ങൾ.. അവസാനം കിട്ടിയ വിലക്ക് കമ്പനിയും വീടും വിറ്റ് ഇപ്പോൾ വാടകക്ക് സുഖമില്ലാത്ത അമ്മയെയും കൊണ്ട് താമസിക്കുന്നു….

ഞാനൊന്നും മിണ്ടിയില്ല സത്യം പറഞ്ഞാൽ ജീവിതത്തിന്റെ കയ്പ്പ് കുടിച്ചുകൊണ്ട് മധുരത്തെ സ്നേഹിക്കുന്ന ആ പെൺകുട്ടിയെ ആ നിമിഷം മുതൽ ഞാൻ വീണ്ടും തീവ്രമായി പ്രണയിക്കാൻ തുടങ്ങിയിരുന്നു ….

ഇതൾ!!! ഞാൻ വിളിച്ചു… എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്… ഒരുപാട് എന്നാൽ ഒരുപാട്… നിനക്ക് ഊഹിക്കാൻ പറ്റുന്നതിന് അപ്പുറം!! നിന്റെ എല്ലാ പ്രശ്നങ്ങളോടും ഒപ്പം ഞാൻ നിന്നെ സ്നേഹിച്ചോട്ടെ?? നിനക്കെന്നെ ഇഷ്ടമാണോ??? അവളൊന്നും മിണ്ടിയില്ല പകരം ആ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണീർ എന്റെ കാൽ ചുവട്ടിൽ വീണു…

അടുത്ത ആഴ്ച്ച ഞാൻ അപ്പച്ചനെയും അമ്മച്ചിയേയും വീട്ടിലേക്ക് വിടും അവർ കാര്യങ്ങൾ സംസാരിക്കും.. മമ്മിയെയും കൂട്ടി എന്റെ പെണ്ണായി കോട്ടയത്തിനു പോരെ കേട്ടോ.. ഇതൾ രാജ് I A S…

കല്യാണം തീരുമാനിച്ചു രണ്ടു കൂട്ടരും കൂടി ഡ്രസ്സ്‌ എടുത്തു… കല്യാണത്തിനായി വിദേശത്തുള്ള പെങ്ങളും അളിയനും എത്തി… അതിനിടയിൽ ആണ് ഇതളിന്റെ ഒരു മെസ്സേജ് എനിക്ക് വന്നത് അതിങ്ങനെ ആയിരുന്നു….

പ്രിയപ്പെട്ട ആൽബിൻ, നമ്മുടെ വിവാഹം നടക്കില്ല കാരണം.. പിന്നീടങ്ങോട്ട് വായിക്കവേ ഒരുവേള താൻ വിശ്വസിച്ചിരുന്നതെല്ലാം തെറ്റിപ്പോയി എന്ന് ആൽബിൻ തോമസ് മനസ്സിലാക്കുകയായിരുന്നു.. അന്നവളെ കെട്ടാൻ വന്ന ചെറുക്കന്റെ കൂടെ ഒളിച്ചോടി പോയ സ്ത്രീ തന്റെ ചേച്ചി അമല ആയിരുന്നത്രെ….

വർഷങ്ങൾക്ക് മുൻപേ കുറച്ചു നാൾ ചേച്ചി മോളെയും കൊണ്ട് ഇവിടെ വന്ന് നിന്നത് ആൽബിനോർത്തു… അത് വെറുതെ ഒരു വരവായിരുന്നില്ല ഒരാഴ്ച്ച മോളിവിടെ നിൽക്കട്ടെ എന്ന് പറഞ്ഞാദ്യം മോളെ കൊണ്ട് വിട്ടു… പിന്നെ താൻ പത്തു ദിവസത്തെ സ്റ്റഡി ടൂർ കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ചേച്ചി വീട്ടിലുണ്ട്…..

ആ സമയത്തെ അപ്പന്റെ വിഷമവും ടെൻഷനും താൻ കണ്ടതാണ്.. പക്ഷേ അതിങ്ങനെ ഒരു പ്രശ്നമാണെന്ന് ആരും പറഞ്ഞിരുന്നില്ല… ഏറെ വൈകാതെ അളിയൻ വന്ന് അവരെ ഗൾഫിലേക്ക് കൊണ്ടു പോവുകയും ചെയ്തു…….

ഇതളിന്റെ ജീവിതത്തെ പാടെ തകർത്ത… അവളുടെ അമ്മയുടെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരിയായ ഒരു സ്ത്രീയുടെ കുടുംബത്തിലേക്ക് മരുമകളായി
വരാൻ അവൾക്ക് സാധിക്കില്ലത്രേ…..

അതായിരുന്നു ഇതൾ എനിക്കവസാനം അയച്ച മെസ്സേജ്……സാറെ…. സെക്യൂരിറ്റിയാണ്സാറുറങ്ങുവാണോ?ഏയ് ഞാൻ എന്തോ ആലോചിച്ചിരുന്നതാണ്..

മാഡം വിളിച്ചിരുന്നു.. മോളെ സ്കൂളിൽ നിന്ന് കൂട്ടി കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട്… ചെയറിൽ നിന്ന് പതുക്കെ എഴുന്നേറ്റു. തൊപ്പിയെടുത്തു തലയിൽ വെച്ചു ആൽബിൻ തോമസ് I P S എന്ന നെയിം ബോർഡ്‌ ശരിയാക്കി വെച്ചു… ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടി കഴിഞ്ഞു….

പെട്ടന്ന് റൂം തുറന്ന് എന്റെ ഭാര്യയും ഞങ്ങളുടെ നാലു വയസ്സുകാരി കനവ് എന്ന കനിമോളും കയറി വന്നു…
ഡാഡി… ഡാഡിയെന്താ മോളെ കൂട്ടാൻ വരാഞ്ഞേ… മോള് കൂട്ടില്ല..

ഡാഡി വന്നില്ലെങ്കിലെന്താ തിരുവന്തപുരത്തി ന്റെ കളക്ടർ നേരിട്ട് വന്നല്ലേ മോളെ കൂട്ടിയെ…. അത് പറയുമ്പോൾ ഇതൾ രാജ് I A S എന്ന എന്റെ മോളുടെ അമ്മക്കുട്ടി അല്ല എന്റെ എല്ലാമെല്ലാമായ താളുവിന്റെ മുഖത്തൊരു ചിരി പടർന്നിരുന്നു….

(അല്ല പിന്നെ തേപ്പ് എന്നൊക്കെ പറഞ്ഞു പ്രണയം ഉപേക്ഷിക്കാൻ നിന്നാൽ അതിനെ നേരം കാണു… ആത്മാർത്ഥമായ പ്രണയത്തിനു അവസാനമേ ഇല്ല അത് മരണത്തിനുമപ്പുറം തളിർത്തു കൊണ്ടേയിരിക്കും…..)

Leave a Reply

Your email address will not be published. Required fields are marked *