പെണ്ണിന്റെ ശരീരത്തോട് കാട്ടിക്കൂട്ടുന്ന അക്രമം. തടയാൻ കഴിയാതെ ഉരുകി ഒലിച്ചു ഇല്ലാതാകുന്ന പെൺ മനസ്സ്.

അനുവിന്റെ പ്രതികാരം
(രചന: Navas Aamandoor)

എന്തോ തിരഞ്ഞെന്ന പോലെ തന്റെ നേർക്ക് നീണ്ട അയാളുടെ കൈകളെ അനു വെറുപ്പോടെ തട്ടി മാറ്റി.

തന്റെ ശരീരം ചുട്ടു പൊള്ളുന്നത് പോലെ. ഓടി മാറാൻ കഴിയാതെ നിന്ന അവളുടെ ശരീരത്തോട് അയാൾ ചേർന്നു നിൽക്കാൻ ശ്രമിക്കുന്നുണ്ട്.

ഒച്ചവെക്കാൻ കഴിയുന്നില്ല. പേടിച്ചു ഹൃദയമിടിപ്പ് ദ്രുതഗതിയിലായി.ആളുകൾ തിങ്ങി നിറഞ്ഞ ബസ്സിൽ പെണ്ണിന്റെ ശരീരത്തോട് കാട്ടിക്കൂട്ടുന്ന അക്രമം. തടയാൻ കഴിയാതെ ഉരുകി ഒലിച്ചു ഇല്ലാതാകുന്ന പെൺ മനസ്സ്.

ബസ്സിൽ നിന്നും ഇറങ്ങി നടക്കുമ്പോ പെണ്ണായി ജനിച്ചതിൽ അനു ഈശ്വരനെ ശപിച്ചു. കുറച്ചു നേരം കൊണ്ട് മടുത്തു പോയി ഈ ജന്മം. കണ്ണുകളിൽ ആൺ വർഗത്തോട് അരിശം.

ശരീരത്തിൽ ചൊറിയാൻ പുഴു എഴുന്നപോലെ തോന്നിയ നിമിഷങ്ങൾ. വീട്ടിൽ ചെന്നു കയറിയിട്ടും മനസ്സിലെ പുകച്ചിൽ മാറുന്നില്ല.ബാഗ് വലിച്ചു എറിഞ്ഞു കുളിക്കാൻ ഓടി.

എത്ര വെള്ളം കോരി ഒഴിച്ചിട്ടും ശുദ്ധമാവാത്ത പോലെ. കുളിച്ചു കഴിഞ്ഞിറങ്ങിയിട്ടും ഒരു പ്രസരിപ്പും ഇല്ലാതിരുന്ന അനുവിന്റെ കണ്ണുകളിലെ സങ്കടം അവളുടെ അമ്മ തിരിച്ചറിഞ്ഞു.

“എന്റെ അനുമോൾക്കു എന്താ പറ്റിയത്”അവർ സ്നേഹത്തോടെ അനുവിനെ ചേർത്ത് നിർത്തി ചോദിച്ചു.

അമ്മയുടെ മുൻപിൽ അവൾ മനസ്സ് തുറന്നു. പറയുന്നതിന്റെ ഇടയിൽ നിറഞ്ഞ കണ്ണുകൾ തുടച്ചു.

“എന്റെ മോള്‌ ഇത്ര പാവമായാലോ. മോള്‌ വിഷമിക്കണ്ട. നമ്മള് പെണ്ണുങ്ങൾ പതറരുത്. പ്രതികരിക്കണം. എല്ലാ ആണുങ്ങളും അയാളെ പോലെയല്ല. പെണ്ണായി ജനിച്ചില്ലേ മോളേ. ഓടി ഒളിക്കാൻ തുടങ്ങിയാൽ എവിടെ വരെ ഓടും.”

“മ്മ് ” അനു മൂളി കേട്ട് നിന്നു അമ്മ പറയുന്നത്.”നിനക്ക് ഇപ്പൊ പതിനഞ്ചു വയസ്സ്. ഇനി അങ്ങോട്ട് ഇതുപോലെ ഒരുപാട് കഴുകന്മാരെ കണ്മുൻപിൽ കാണും. ശബ്ദംഇടറരുത്. പേടിക്കരുത്. കരണം നോക്കി കൈ വീശി പൊട്ടിക്കണം.”

അമ്മയുടെ വാക്കുകളിൽ നിന്നും മനസ്സിലേക്ക് കയറിക്കൂടിയ ധൈര്യം അവളുടെ മുഖത്തെ സങ്കടം ഇല്ലാതാക്കി.

എങ്കിലും ആ താടിക്കാരന്റെ മുഖം മനസ്സിൽ നിന്നും പോകുന്നില്ല. അന്ന് രാത്രി അയാളുടെ മുഖത്തു പലവട്ടം ആഞ്ഞു അടിക്കുന്നത് അനു മനസ്സിൽ കണ്ടു.

നേരം പുലർന്നു ഉണർന്ന അനുവിലെ പെണ്മനസ്സ് കരുത്തുനേടി.അവൾ എന്തും നേരിടാനുള്ള ചങ്കൂറ്റം ഉറപ്പാക്കി.അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തം കൊടുത്തു സ്കൂളിലേക്ക് പോയി.

പിന്നീടുള്ള ദിവസങ്ങളിലെ യാത്രയിൽ കണ്ണുകളിൽ പ്രതികാരം ഒളിപ്പിച്ചു വെച്ചു ബസ്സിലെ തിരക്കിൽ താടിക്കാരനെ തിരഞ്ഞു. കണ്ടില്ല.

പതിവ് പോലെ സ്കൂളിന്റെ മുൻപിൽ നിന്നും ബസ്സിൽ കയറിയ അനു പിന്നിലേക്ക് മാറിനിന്നു. അവൾ അയാളെ തിരഞ്ഞു.

അന്ന് അനു ഏറ്റവും പിന്നിലായി കമ്പിയിൽ ചാരി നിൽക്കുന്ന താടിക്കാരനെ കണ്ടു.ആ നോട്ടം ആയാളും കണ്ടു. അനു അയാളെ നോക്കി പുഞ്ചിരിച്ചു.

പ്രതികരണം അറിയാൻ മാറി നിന്ന അയാളുടെ മനസ്സിൽ വീണ്ടും ചേർന്നു നിൽക്കാൻ ആഗ്രഹം. അവളുടെ ക്ഷണം സ്വീകരിച്ചു ആൾക്കൂട്ടത്തിലൂടെ മാംസകൊതി നിറക്കാൻ കൊതിക്കുന്ന കഴുകനെ പോലെ അവളുടെ അടുത്തെക്ക് ചെന്നു നിന്നു.

ബസ്സിൽ യാത്രക്കാർ നിറഞ്ഞു.അയാൾ അനുവിന്റെ ശരീരത്തോട് ചേർന്നു നിൽക്കാൻ തുടങ്ങും മുൻപേ അനു തിരിഞ്ഞു നിന്നു അയാളുടെ മുഖത്തു അടിച്ചു.

ബസ്സിൽ ഉള്ളവരോട് കാര്യം പറഞ്ഞു കഴിയുന്നതിനു മുൻപേ താടിക്കാരന്റെ ദേഹത്തു കൈകൾ പതിഞ്ഞു.പിന്നെ അടിയുടെ പെരുന്നാൾ.

ബസ്സ് നിർത്തി യാത്രക്കാർ അയാളെ പുറത്തിറക്കി തല്ലി. വന്നവരും പോയവരും കാര്യമറിയാതെ ചോദിക്കാതെ തല്ല് തുടർന്നു. അതിന്റെ ഇടയിൽ താടിക്കാരൻ തന്റെ ചുണ്ടിലെ ചോര തുടച്ചു അനുവിനെ നോക്കി.അനു അയാളെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ചു നടന്ന് പോയി.

Leave a Reply

Your email address will not be published. Required fields are marked *