ആ കുട്ടി ഒറ്റയ്ക്കാത്രെ വരുന്നേ ..കുട്ടികളൊന്നും ആയിട്ടില്ലല്ലോ ..അയാളോട് മുഷിച്ചിലായിട്ടാണാവോ ഇനി.

(രചന: Nitya Dilshe)

സന്ധ്യ ദീപത്തിനുള്ള നിലവിളക്കു തുടച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘ കാവിലെപ്പാട്ടെ മാധുരി വീണ്ടും നാട്ടിലേക്ക് വരുന്നു എന്ന്‌ വല്യമ്മ മതിലിനരികിൽ നിന്ന് അമ്മയോട് പറയുന്നത് ….കേട്ടതും ഉള്ളൊന്നു പിടഞ്ഞു …

“”ആ കുട്ടി ഒറ്റയ്ക്കാത്രെ വരുന്നേ ..കുട്ടികളൊന്നും ആയിട്ടില്ലല്ലോ ..അയാളോട് മുഷിച്ചിലായിട്ടാണാവോ ഇനി. ..അല്ലാതെ ആരെക്കാണാനാ ഈ നാട്ടിലേക്ക് …കുറച്ചുദിവസം ഇവിടെ ഉണ്ടാവും ത്രേ ..””

ദീപം കൊളുത്തുമ്പോഴൊഴും നാമം ജപിക്കുമ്പോഴും മനസ്സ് അവിടെങ്ങുമില്ലായിരുന്നു .. എന്തോ ആകെയൊരു വല്ലായ്മ .. എന്തോ ആപത്തു വരുന്നു എന്നാരോ ഉള്ളിലിരുന്നു മന്ത്രിക്കുന്ന പോലെ ..

മാധുരി .. ഇവരെ ഒന്നുരണ്ടു തവണയേ കണ്ടിട്ടുള്ളു.. എന്നേക്കാൾ മൂന്നോ നാലോ വയസ്സിനു മുതിർന്നതാണ് ..പുറത്തെവിടേയൊ നൃത്തം പഠിക്കാൻ പോയിരിക്കാനെന്നു പറഞ്ഞു കേട്ടിരുന്നു .. അതിസുന്ദരി എന്ന് തോന്നിയിട്ടുണ്ട് … ഒരു നാട് മൊത്തം അവരുടെ സൗന്ദര്യം വർണ്ണിക്കുന്നത് കേട്ടിട്ടുണ്ട് ..

മുറച്ചെറുക്കനായ ജയദേവ് എന്ന ജയേട്ടനുമായി വിവാഹം ഉറപ്പിച്ചതായിരുന്നു മാധുരിയുടെ ….

പിന്നെ കേട്ടു ഡൽഹിയിൽ ഉള്ള ഏതോ പണക്കാരനെ കെട്ടി എന്ന് .. ആകെ ഉണ്ടായിരുന്ന അമ്മയെ അങ്ങോട്ട് കൊണ്ടുപോയി …പിന്നെ ഈ നാട്ടിലേക്ക് വന്നിട്ടില്ല …ഇതൊക്കെ മൂന്നുനാലു വർഷം മുമ്പ് നടന്ന കാര്യമാണ് ..

ഇതിനാണോ എന്റെ മനസ്സിങ്ങനെ വേവലാതി കൊള്ളുന്നത് എന്ന് ചോദിച്ചാൽ അല്ല ….ഇപ്പോൾ ഈ ജയദേവിന്റെ പേരുള്ള മോതിരം എന്റെ വിരലിലാണ് കിടക്കുന്നത് ..

ഇതൊക്കെ കഴിഞ്ഞകാര്യങ്ങൾ അല്ലെ .. വിട്ടുകളയാൻ മനസ്സിനോട് പറയുന്നുണ്ടെങ്കിലും അകാരണമായ ഒരു ഭയം മനസ്സിൽ വന്നു മൂടുന്നു ..

ജയേട്ടന്റെ ആലോചന എനിക്ക് വന്നപ്പോൾ അച്ഛന് കൂടുതൽ ചിന്തിക്കാനില്ലായിരുന്നു ..അത്രയും നല്ലൊരു ബന്ധം ഇനി വരാനില്ലെന്നു കേട്ടവരും ഉറപ്പിച്ചു പറഞ്ഞു ..

ജയേട്ടൻ അത്രത്തോളം ആ നാടിനു പ്രിയപ്പെട്ടവനാണ് …ഈ നാട്ടിലെ ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്നവനാണ് ..

നിശ്ചയം കഴിഞ്ഞു രണ്ടുമാസമായെങ്കിലും ആൾ എന്നെ വിളിച്ചിട്ടുള്ളത് ആകെ രണ്ടോ മൂന്നോ തവണയാണ് ..അതും എന്തോ അത്യാവശ്യത്തിന് അച്ഛനെ കിട്ടാതായപ്പോൾ ..രണ്ടുമൂന്നു വാചകങ്ങൾ മാത്രം ..

എങ്കിലും ദിവസവും വഴിയിലെവിടെയെങ്കിലും വച്ച് എനിക്കായി കുസൃതി ഒളിപ്പിച്ച ഒരു പുഞ്ചിരി സമ്മാനിച്ച് ബുള്ളറ്റിലൂടെ കടന്നു പോകുന്നത് കാണാം ..

ഈ ഒരു ചിരിക്കു വേണ്ടിയാണ് ഞാൻ ഒഴിവുദിനങ്ങളിലും ഓരോ കാരണങ്ങളുണ്ടാക്കി അമ്പലത്തിലേക്കോ വായനശാലയിലേക്കോ പോകുന്നത് ..

പിറ്റേന്ന് കോളേജിൽ പോകുമ്പോൾ കണ്ടു മരങ്ങൾ തിങ്ങിനിറഞ്ഞു കോട്ടപോലെ തോന്നിക്കുന്ന കാവിലപ്പാട്ട് വീടും പറമ്പും പണിക്കാർ തിരക്കിട്ടു വൃത്തിയാക്കുന്നു ..

വീട്ടിൽ സഹായത്തിനു വരുന്ന നാണിയമ്മ പറയുന്നത് കേട്ടു, അവർ വന്നാൽ സഹായത്തിനായി ആരും വരേണ്ടെന്നു പറഞ്ഞെന്ന് …

ഒരാഴ്ച കഴിഞ്ഞു കോളേജിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കണ്ടു മാധുരിയെയും പിന്നിലിരുത്തി ജയേട്ടൻ ബുള്ളറ്റിൽ പോകുന്നു …

അല്ലെങ്കിൽ ബസ്‌സ്റ്റോപ്പിലേക്കൊരു നോട്ടം പാളി വീഴുന്നതാണ് ..അന്ന് രണ്ടുപേരും ചിരിച്ചു കൊണ്ടെന്തോ പറയുന്നുണ്ട് ..അവർക്കു വലിയ മാറ്റമില്ല .. കത്തുന്ന അതേ സൗന്ദര്യം ..

ഉള്ളിലെവിടെയോ ഒരു വിങ്ങൽ ..അത് ജയേട്ടൻ നോക്കാഞ്ഞിട്ടോ അതോ അവരെ പിന്നിലിരുത്തി പോകുന്നതിനോ ..എന്തിനെന്നു തിരിച്ചറിയാനാവുന്നില്ല ..എത്ര അടക്കിയിട്ടും കണ്ണുകൾ നിറഞ്ഞു തൂവി ..അതൊരു തുടക്കം മാത്രമായിരുന്നു

ഞായറാഴ്ച പതിവിലും വൈകിയാണ് അമ്പലത്തിൽ എത്തിയത് ..ആൽമരത്തിനടുത്ത് ജയേട്ടന്റെ ബുള്ളറ്റ് കണ്ടു ..ചുറ്റും നോക്കിയെങ്കിലും ആളെ കണ്ടില്ല ..വൈകിയത് കൊണ്ടാവും തീരെ തിരക്കില്ല അമ്പലത്തിൽ ….

തൊഴുതു കഴിഞ്ഞു മീനൂട്ടിനായി അമ്പലകുളത്തിലേക്കു നടക്കുമ്പോൾ കണ്ടു പടവിൽ ജയേട്ടന്റെ നെഞ്ചിൽ ചാരി മാധുരി ..അവർ കരയുന്നുണ്ട് ..ജയേട്ടൻ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നു ..

ഒരു നിമിഷം തറഞ്ഞു നിന്നു ..അവർ കാണുന്നതിന് മുൻപേ തിരിഞ്ഞു നടക്കാനാണ് തോന്നിയത്.. എല്ലാം എന്റെ തോന്നലുകൾ മാത്രമാണെന്ന് പഠിപ്പിച്ച മനസ്സ് വീണ്ടും കൈവിട്ടു പോകുന്നതറിഞ്ഞു …

കണ്ണിൽ നിന്നും ആ ചിത്രം മായുന്നില്ലായിരുന്നു.. മനസ്സ് ഒഴുക്കിൽപ്പെട്ട പുൽനാമ്പു പോലെ… വീട്ടിലേക്കു കയറുമ്പോൾ അമ്മയെന്തോ ചോദിച്ചു .. ഒന്നും കേട്ടില്ല .. എന്താണെന്ന് വീണ്ടും. ചോദിക്കാനും തോന്നിയില്ല …മനസ്സിനകത്തൊരു തീ ആളിക്കത്തുന്നു ..അതിൽ ഞാൻ വെന്തുരുകുന്ന പോലെ ..

ഒന്നുമില്ല എന്ന് മനസ്സിനോട് തർക്കിക്കുമ്പോഴും. ആ ചിത്രം എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു …

കോളേജ് വിട്ടു വരുമ്പോൾ കണ്ടു കാവിലപ്പാട്ടെ വീടിന് മുൻപിൽ ജയേട്ടന്റെ ബുള്ളെറ്റ് ..വീണ്ടും വേദന വന്നു നിറയുന്നു ..അവർ ബന്ധുക്കളാണ് .. ചിലപ്പോൾ സുഹൃത്തുക്കളുമാവാം ..മനസ്സിനെ വീണ്ടും പഠിപ്പിച്ചു ..കോളേജ് വിട്ടു വരുമ്പോൾ പിന്നീടതൊരു സ്ഥിരം കാഴ്ച്ചയായി ..

നാട്ടിൽ പലരും പലതും ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് കേട്ടിരുന്നു ..ഒരിക്കൽ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു ….ജയൻ നല്ലവനാണ് തെറ്റ് ചെയ്യില്ലെന്ന് …എല്ലാവരെയും അകറ്റി ജയനെമാത്രം അവർ വീട്ടിൽ വരുത്തുന്നത് എന്തിനെന്നായിരുന്നു അമ്മയുടെ ചോദ്യം .. അതെ ചോദ്യം തന്നെയായിരുന്നു എന്റെ മനസ്സിലും ..

അച്ഛൻ വിളിച്ചിട്ടാണോ എന്തോ പിറ്റേന്ന് ജയേട്ടൻ വീട്ടിൽ വന്നിരുന്നു.. വല്യച്ഛനുമുണ്ടായിരുന്നുവീട്ടിൽ.. ശ്വാസമടക്കിപ്പിടിച്ച്‌ കാതോർത്തെങ്കിലും എന്താണ് സംസാരമെന്നു കേട്ടില്ല ..എല്ലാവരെയും എല്ലാം വിശ്വസിപ്പിച്ചു ജീവിക്കാൻ കഴിയില്ലെന്ന് അല്പം ഉച്ചത്തിൽ ജയേട്ടൻ പറയുന്നത് കേട്ടു ..

ഇറങ്ങി പോകുന്ന വഴി അകത്തെ വാതിലിൽ ചാരിനിന്ന എന്നെ ഒരു നിമിഷം നോക്കി നിന്നു ..പിന്നെ ബുള്ളെറ്റുമെടുത്തു പാഞ്ഞു പോയി ..ഹൃദയത്തിൽ നിന്നും ജീവൻ പറിഞ്ഞു പോകുന്നതായാണ് തോന്നിയത് ..

പിന്നീട് വഴിയിൽ വച്ച് ജയേട്ടനെ കാണാറേ ഇല്ലായിരുന്നു ..കാവിലപ്പാട്ടു മുറ്റത്ത് ബുള്ളെറ്റ് കാണാറുണ്ടായിരുന്നു .. കാവിലപ്പാട്ടെ യക്ഷി ജയനെ പിടിച്ചുവച്ചിരിക്കാന്നു അമ്മയും വല്യമ്മയും പറയുന്നത് കേട്ടു …

കോളേജിൽ നിന്നും ബസ്സിറങ്ങി വരുമ്പോൾ കവലയിൽ വച്ചൊരു ചെക്കൻ പറയുന്നത് കേട്ടു ..

“”ഞങ്ങളെ കൂടി ഗൗനിക്കാം ട്ടോ ..മറ്റവൻ ഇപ്പൊ അവൾടെ കൂടെയാ..””അല്ലെങ്കിൽ നേരെ നോക്കാത്തവനാ .. അവന്റെയാ വഷളൻ ചിരി കൂടി കണ്ടപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി ..

കാവിലെപ്പാട്ടെത്തിയപ്പോൾ കണ്ടു മുറ്റത്ത് ജയേട്ടന്റെ ബുള്ളെറ്റ് …പെട്ടെന്നൊരാവേശത്തിൽ ആ ഗേറ്റ് തുറന്നകത്തേക്കു കയറി ..മുൻവാതിൽ ചാരിയിട്ടുണ്ട് .. ചെയ്യുന്നത് ശരിയോ തെറ്റോ പിൻവിളി അപ്പോഴാണുണ്ടായത് …

തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അകത്തു നിന്നും ജയേട്ടന്റെ സംസാരം കേട്ടു ..

പിന്നൊന്നും നോക്കിയില്ല .. ഒരുന്മാദിനിയെപ്പോലെ വാതിൽ തുറന്നകത്തു കയറി .. സംസാരം കേട്ട ദിശയിലേക്കു നടന്നു ….കണ്ടു..വാതിലിനരികിൽ ചാരി ഇരിക്കുന്ന മാധുരി ..

ആളനക്കം കേട്ടാവാം അവർ തിരിഞ്ഞു നോക്കി ..ആ കണ്ണുകൾ ഒന്നുകൂടി മിഴിഞ്ഞു.. അമ്പരപ്പോടെ ചാടി എഴുന്നേറ്റു.. വൈകാതെ മറ്റൊരു മുഖവും കണ്ടു ..ജയേട്ടന്റെ ..

തിരിഞ്ഞു നടക്കാനാണ് തോന്നിയത് ..മാധുരി പെട്ടെന്നോടി വന്നു കൈപിടിച്ചു..””അദ്രി”” സ്നേഹമാണ് ആ കണ്ണുകളിൽ ..

“”ഫോട്ടോ കണ്ടിട്ടുണ്ട് ..ഒന്ന് നേരിൽ കാണണമെന്നുണ്ടായിരുന്നു ..”” സൗമ്യമായ വാക്കുകൾ ..

അവർ എന്റെ കണ്ണുകൾ തുടച്ചപ്പോഴാണ് ഞാൻ കരഞ്ഞിരുന്നു എന്ന് മനസ്സിലായത്… ദേഷ്യത്തോടെ ആ കൈകൾ തട്ടിയെറിഞ്ഞു വീണ്ടും നടക്കാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും ..’അദ്രി ‘ എന്ന വിളി ..ഇത്തവണ ആജ്ഞ പോലുള്ള വിളിയാണ് ..ജയേട്ടനാണ് ..

കൊടുങ്കാറ്റു പോലെ വന്നു എന്റെ കൈത്തണ്ടയിൽ പിടിമുറുക്കി ..””എന്തായാലും വന്നതല്ലേ .. മുഴുവൻ അറിഞ്ഞിട്ടു പോയാൽ മതി “”

വാക്കുകളിൽ പരിഹാസമായിരുന്നു ..വളയോട് കൂടി പിടിമുറുക്കിയത് കൊണ്ട് നന്നായി വേദനയെടുത്തു ..

വലിച്ചു കൊണ്ട് വന്നു അകത്തളത്തിലേക്കു തള്ളി ..മുട്ടുകുത്തിയാണ് വീണത് ..കൈയ്യിലെ ഫയൽ തെറിച്ചു പോയി ..

“”ജയദേവ് “” ശാസനയോടെ ഒരു വിളികേട്ടു ..വീൽചെയറിൽ ക്ഷീണിതനെങ്കിലും സുമുഖനായ ഒരു യുവാവ് ..അയാളുടെ കണ്ണിൽ വേദനയുണ്ട് ..അയാൾ കൈ പിടിച്ചു എഴുന്നേൽക്കാൻ സഹായിച്ചു ..

“”ഞാൻ വിനയ് വർമ്മ ..മാധുരിയുടെ ഭർത്താവ് ..ഞാൻ പറഞ്ഞിട്ടാണ് ഇവർ ആരോടും ഒന്നും പറയാതിരുന്നത് …

എന്റെ ഒരാഗ്രഹമായിരുന്നു മാധുരി പറഞ്ഞു കേട്ട വീടും നാടും കാണണമെന്ന് ….വരാനായത് ഈ അവസ്ഥയിലായെന്നു മാത്രം .. ..ഇനി വരാൻ കഴിഞ്ഞില്ലെങ്കിലോ ..”” ശബ്ദം ചെറുതായി ഒന്നിടറി .. ഒന്ന് ശ്വാസമെടുത്തുകൊണ്ട് തുടർന്നു ..

“”ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടം വയ്യടോ ..അത് കൊണ്ട് നാട് കണ്ടില്ല ..ഈ വീട്ടിൽ ഒരു കള്ളനെപ്പോലെ .

നാളെ ഞങ്ങൾ പോകും യു.എസ്‌ നു ..എന്റെ ചികിത്സക്കാണ് .. ഇനിയും വരും ഈ നാടുകാണാൻ ..അല്ലേടോ ..””

അദ്ദേഹം മാധുരിയെ നോക്കി ..അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു ..അവർ എന്റെ അരികിൽ വന്നിരുന്നു ..കവിളുകളിൽ തലോടി ..

“”പോട്ടെ .. സാരമില്ല ..മോൾടെ സ്ഥാനത്ത് ഞാനായാലും ഇങ്ങനെയൊക്കെയേ ചിന്തിക്കു ..ഞങ്ങൾ പോയിട്ട് എല്ലാം പറഞ്ഞാൽ മതി എന്ന് ജയനോട് പറഞ്ഞിരുന്നു ..

ഞങ്ങളുടെ വിവാഹം നടത്തിത്തന്നത് ജയനാണെങ്കിലും നിങ്ങളുടെ വിവാഹത്തിന് നാത്തൂനായി വരാൻ എനിക്ക് കഴിയില്ല ട്ടോ.. കുഞ്ഞിന്റെ നൂലുകെട്ടിനു നമ്മളുണ്ടാവും അല്ലെ വിനയ്‌ ..””അവർ ചിരിയോടെ അദ്ദേഹത്തെ നോക്കി ..ആ മുഖത്തും ചിരി കണ്ടു …

കുറ്റബോധം കൊണ്ട് നീറുകയായിരുന്നു.. തലയുയർത്തി നോക്കിയപ്പോൾ കണ്ടു വാതിൽക്കൽ കൈകെട്ടി എനിക്ക് മാത്രമുള്ള ആ ചിരിയോടെ ജയേട്ടൻ ….

അവരോട് സംസാരിച്ചു നിൽക്കുമ്പോൾ ഉച്ചത്തിൽ ദേഷ്യത്തോടെ ജയേട്ടന്റെ ശബ്ദം കേട്ടു ..””നേരം സന്ധ്യയായി ..സംസാരിച്ചു നിൽക്കാതെ വന്നു കേറടി സിഐഡി ..”

അവരെ നോക്കി കണ്ണുചിമ്മി ചിരിക്കുന്നുണ്ട്.. കൂർപ്പിച്ചൊന്നു നോക്കി പിറകിൽ കയറിയിരുന്നു ..ആദ്യമായാണ് ജയേട്ടനോടൊപ്പം ബുള്ളറ്റിൽ ..

“”വീഴേണ്ടെങ്കിൽ പിടിച്ചിരിക്കടി ..””അടുത്ത അലർച്ചയോടൊപ്പം സൈഡിൽ പിടിച്ച കൈ എടുത്ത് മുറുകെ പിടിച്ചപ്പോഴുണ്ടായ ചുവന്നപാടിൽ ചുണ്ടമർത്തി .. പിന്നെയാ വയറിൽ കൈ പിടിപ്പിച്ചു …ഞങ്ങളുടെ യാത്ര അവിടെ ആരംഭിക്കുകയായിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *