(രചന: രജിത ജയൻ)
“നാശം പിടിക്കാൻ ഇതിപ്പോ ഇയാളുടെ സ്ഥിരം പരിപാടി ആണല്ലോ കർത്താവേ, ആരെങ്കിലും ഇതൊന്നു കണ്ടിട്ടയാളെ രണ്ടു പൊട്ടിച്ചിരുന്നെങ്കിൽ..,
രാവിലെ കോളേജിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ റീനയുടെ ആത്മഗതം കേട്ട് കൂടെയുണ്ടായിരുന്ന ജിഷ അവളോട് എന്താണെന്ന് ചോദിച്ചതും റീന അവളോട് ബസ് സ്റ്റാൻഡിൽ വലതുവശം നിൽക്കുന്ന പിങ്ക് ഷർട്ട് ധരിച്ച ആളെ ശ്രദ്ധിച്ചു നോക്കാൻ പറഞ്ഞു…
“എൻറെ ഈശ്വരാ എന്തൊരു വൃത്തികേടാ അയാളീകാണിക്കുന്നത്..?”ഛെ, അറച്ചിട്ട് ശരീരം പുളിക്കുന്നു. ..
റീന പറഞ്ഞിടത്തേക്ക് നോക്കിയ ജിഷ വെറുപ്പോടെ പറഞ്ഞുകൊണ്ട് നിലത്തേക്ക് തുപ്പി …
“നീ ഇതിപ്പോൾ ഇന്ന് ആദ്യമായിട്ടല്ലേ കാണുന്നത് ജിഷേ, ഞാൻ കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായിട്ട് ഇത് കാണുന്നുണ്ട്..
” ഞാൻ ബസ്റ്റാൻഡിൽ എത്തിക്കഴിഞ്ഞാൽ ഉടനെ അയാളും വരുന്നതു കാണാം,” എന്നിട്ട് ഞാൻ കാണുന്ന വിധത്തിൽ നിന്നിട്ട് ഇതാണ് പരിപാടി..
” ഇവിടെയാണെങ്കിൽ മറ്റു യാത്രക്കാരെന്നു അധികമുണ്ടാവില്ല, ഉള്ളവരുടെയൊന്നും ശ്രദ്ധയിൽ പെടാതെയാണിയാളുടെ പരിപാടി ..”ഇതേതാ ആളെന്ന് നിനക്ക് അറിയോടീ റീനേ…?
“എങ്ങനെ അറിയാനടീ.. നീ കണ്ടില്ലേ ഹെൽമറ്റും മാസ് കുമെല്ലാം ഇട്ടിട്ടാണ് ചെറ്റയുടെ നിൽപ്പും പരിപാടിയും.. റീന വെറുപ്പോടെ പറഞ്ഞു
“നിനക്കിത് ആരോടെങ്കിലും പറഞ്ഞുകൂടെ റീനെ..?”ആരോട് പറയാൻ..?അല്ലെങ്കിൽ തന്നെ എന്തു പറയും..?
‘ഏതോ ഒരുഞരമ്പൻ എന്നെ നോക്കി സ്വന്തം നഗ്നത കാണിച്ചു സ്വയംഭോഗം ചെയ്യുന്നെന്നോ ..?
“എന്താ അങ്ങനെ പറഞ്ഞാല്, ഞാൻ പറഞ്ഞു കാട്ടി തരാം നിനക്ക് ..പറഞ്ഞു കൊണ്ട് ജിഷ മുന്നോട്ടു നടന്നതും റീനയവളുടെ കയ്യിൽ പിടിച്ചു
“ഇതൊരു തനി നാട്ടിൻപുറം ആണെന്ന് നിനക്കറിയില്ലേ ടീ, നീ ഇന്നലെ മാത്രം എന്റെ കൂടെ വന്നവളാണ്, ഇവിടുത്തെ ആളുകളെ അറിയില്ല നിനക്ക് ..
“അതെന്താ ഇവിടത്തെ ആളുകളാരും മനുഷ്യരല്ലേ ?ജിഷ ദേഷ്യപ്പെട്ടു റീനയോട്ഇവിടുള്ളവരെല്ലാം മനുഷ്യർ തന്നെയാണ് പക്ഷെ ഇതെല്ലാം ആരോടെങ്കിലും പറയാനോ പ്രതികരിക്കാനാ പോയാൽ പിന്നെ നമ്മൾ തന്നെയായിരിക്കും ഇവിടെ നാണം കെടുക..
”പറഞ്ഞു പറഞ്ഞിവർ ഒടുവിൽ നമ്മളെ തന്നെ നാണം കെടുത്തും ,എനിക്ക് നാളെയും ഇവിടെ തന്നെ വരണം ബസ്സ് കയറാൻ, അതു കൊണ്ട് പൊന്നുമോൾ ഒന്നടങ്ങി നിൽക്ക്.. അയാളെന്തെങ്കിലും ചെയ്യട്ടെ .. റീനയൊരു അപേക്ഷ പോലെ ജി ഷയോട് പറഞ്ഞു
“നമ്മളിങ്ങനെ ചിന്തിക്കുന്നതാണ് റീനേ തെറ്റ്.
പ്രതികരിക്കേണ്ടിടത്ത് നമ്മൾ പ്രതികരിക്കുക തന്നെ വേണം…
പറഞ്ഞുകൊണ്ട് ജിഷയാ മനുഷ്യന്റെ ശ്രദ്ധയിൽ പെടാതെ സ്വന്തം ഫോണെടുത്ത് അയാളുടെ പ്രവർത്തികൾ റെക്കോർഡ് ചെയ്യാൻ തുടങ്ങി
അയാളാവട്ടെ ഇതൊന്നുമറിയാതെ അവരെ നോക്കി സ്വന്തം വികാര തീവ്രതയുടെ പാരമ്യത്തിൽ നിൽക്കുകയായിരുന്നപ്പോൾ …
“എടീ… മതി ,ബസ് വരുന്നു .. നീ വേഗം വാ..ഫോണുമായി നിൽക്കുന്ന ജിഷയെ പിടിച്ചു വലിച്ചു റീന വേഗം ബസ്സിൽ കയറി തിരിഞ്ഞുനോക്കുമ്പോൾ അയാൾ ഒന്നുമറിയാത്തൊരു സാധുവായി ബസ്സിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
“ഹലോ, ഇന്ന് എന്തുപറ്റി ആത്മമിത്രങ്ങൾ രണ്ടും വളരെ സൈലൻറ് ആണല്ലോ ..?”എന്തുപറ്റി രണ്ടാൾക്കും..?
ചോദിച്ചു കൊണ്ട് രാഖി തൻറെ പ്രിയ സുഹൃത്തുക്കളായ റീനയ്ക്കും ജിഷയ്ക്കും അരികിലിരുന്നു.
“എന്തു പറ്റി രണ്ടാൾക്കും..?” എന്താണ് റീനാ നിൻറെ വീട്ടിൽ ഇന്നലെ നിൽക്കാൻ വന്നപ്പോഴുള്ള സന്തോഷമൊന്നും ജിഷയുടെ മുഖത്ത് ഇന്നില്ലല്ലോ…?
” എന്താണ് നീ അവളെ നന്നായി സൽക്കരിച്ചില്ലെടീ..?”സൽക്കാരത്തിനൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല മോളെ, നിൻറെ വീട്ടിൽ വന്നപ്പോൾ ഉള്ളതുപോലെ തന്നെ അടിപൊളി ആയിരുന്നു റീനയുടെ വീട്ടിലുംജിഷ പറഞ്ഞു
“ഹ പിന്നെ എന്ത് പറ്റിയെടാ രണ്ടാൾക്കും ,ഇന്നലത്തെ വിശേഷങ്ങൾ പോലും നിങ്ങൾ പറഞ്ഞില്ല എന്നോട് .
“ഞാനും നിനക്കൊപ്പം റീനയുടെ വീട്ടിലേക്ക് വരാനിരുന്നതല്ലേ, അമ്മയ്ക്ക് പെട്ടെന്ന് ശ്വാസംമുട്ടൽ കൂടിയതുകൊണ്ടല്ലേ എനിക്ക് വരാൻ പറ്റാത്തത്.., എന്നിട്ടാ എന്നോട് നിങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നാൽ ഞാൻ എന്താ കരുതേണ്ടത്..?
സങ്കടത്തോടെ രാഖി ചോദിച്ചതും റീന അവളുടെ കയ്യിൽ പിടിച്ചു.”ഏയ് ഇത് അതൊന്നുമല്ലടി, നിൻറെ അമ്മയെ ഞങ്ങൾക്കറിയുന്നതല്ലേ..?” പിന്നെന്താ നിങ്ങൾക്ക് പറ്റിയത് പറ..?
“ഡാ ഞാൻ കഴിഞ്ഞ ദിവസം നിന്നോട് പറഞ്ഞില്ലേ ഞാൻ ബസ്സ് കയറുന്ന സ്റ്റോപ്പിൽ രണ്ടുമൂന്നു ദിവസമായിട്ട് ഒരാളെ കാണുന്നതും അയാൾ എന്നെ നോക്കി വൃത്തികേട് കാണിക്കുന്നതിനെ പറ്റിയെല്ലാം ….
“ആ പറഞ്ഞു, നിന്നോടയാളുടെ കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കാൻ ഞാനും പറഞ്ഞതല്ലേ ടീ…
രാഖി ചോദിച്ചു
” ഇവളോ…?
അയാളെ അടിക്കാനോ..?
ബെസ്റ്റ്…. ഞാൻ നല്ല രണ്ടു വർത്തമാനം പറയാം എന്ന് പറഞ്ഞപ്പോൾ എന്നെ വിലക്കിയിവൾ…
“നാട്ടിൻപുറമാണ്, ആനയാണ് ,ചേനയാണ്
എല്ലാവരും നമ്മളെ കുറ്റം പറയും എന്നെല്ലാംപറഞ്ഞിട്ട് …
ജിഷ ദേഷ്യത്തിൽ പറഞ്ഞു”ആ.. ബെസ്റ്റ്… എന്നിട്ടെന്തുണ്ടായി..?”എന്തുണ്ടാവാൻ…?ഇവളെ നോക്കി അയാൾ എന്തു കാണിച്ചാലും ഇവൾ പ്രതികരിക്കില്ല എന്ന് അയാൾക്ക് മനസ്സിലായി, അതുകൊണ്ട് ഇന്നും അയാൾ സ്റ്റോപ്പിൽ ഉണ്ടായിരുന്നു .
നല്ല വൃത്തിയായ് വൃത്തികേടും കാണിച്ച്…”ഛെ.. എന്നിട്ട് നീയും അത് കണ്ടിട്ട് പ്രതികരിക്കാതെ വന്നോ ജിഷേ ..?രാഖി ദേഷ്യത്തിൽ ചോദിച്ചു
പ്രതികരിക്കാൻ ഒന്നും ഇവൾ സമ്മതിച്ചില്ലെന്ന് ഞാൻ പറഞ്ഞില്ലേ , ഞാൻ അയാളുടെ ഒരു വീഡിയോ എടുത്തിട്ടുണ്ട് ടാ…
ജിഷ പറഞ്ഞു
“അതെയോ വെരി ഗുഡ്, എവിടെ നോക്കട്ടെ …രാഖി ചോദിച്ചതും ജിഷ ആ വീഡിയോ രാഗിയുടെ ഫോണിലേക്ക് അയച്ചു.
“ഇതിൽ അയാളുടെ മുഖം കാണുന്നില്ലല്ലോ, വൃത്തികെട്ടവൻ ഹെൽമെറ്റും മാസ്കും ഇട്ടോണ്ട് ഇറങ്ങിയേക്കുവാ തോന്നിവാസം കാണിക്കാൻ.. ആരും തിരിച്ചറിയില്ലല്ലോ..?
പറഞ്ഞുകൊണ്ട് ആ വീഡിയോയിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയതും രാഖിയുടെ നെഞ്ചിനുള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി …
അവൾ വീണ്ടും വീണ്ടും ആ വീഡിയോയിലേക്ക് സൂക്ഷിച്ചു നോക്കി.വിശ്വാസം വരാതെയെന്നവണ്ണം അവളുടെ ഇരു ചെന്നിയിലൂടെയും അപ്പോൾ വിയർപ്പ് ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു..
ലൈറ്റ് പിങ്ക് ഷർട്ടും കറുത്ത പാൻറും തലയിൽ ചുവന്ന ഹെൽമെറ്റും ധരിച്ചാ മനുഷ്യൻ അപ്പോഴും അവളുടെ കയ്യിലെ ഫോണിലിരുന്ന് സ്വന്തം പ്രവർത്തി തുടരുന്നുണ്ടായിരുന്നു..
ക്ലാസ് തുടങ്ങി കഴിഞ്ഞും ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയാത്തവണ്ണം മനസ്സ് അസ്വസ്ഥമായി കൊണ്ടിരിക്കുന്നത് രാഖി തിരിച്ചറിയുന്നുണ്ടായിരുന്നു.
തലവേദനയാണെന്ന് കള്ളം പറഞ്ഞ് ഉച്ചയ്ക്ക് ശേഷം ക്ലാസ് കട്ട് ചെയ്ത് വീട്ടിലേക്ക് പോകുമ്പോഴും തന്റെ ധാരണകളെല്ലാം തെറ്റായിരിക്കണേ എന്നൊരു പ്രാർത്ഥനയായിരുന്നു രാഖിയുടെ മനസ്സ് നിറയെ..
വീട്ടിലെത്തി ഉമ്മറത്ത് നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ അവൾ അവരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു.
“ഇന്ന് ഉച്ചവരെ ക്ലാസ്സ് ഉള്ളു അമ്മ …അതാ ഞാൻ നേരത്തെ വന്നത്, അമ്മയ്ക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ..?
അവൾ അമ്മയോട് ചോദിച്ചു”എനിക്കിപ്പോൾ വലിയ കുഴപ്പമൊന്നുമില്ല മോളെ, ചെറിയൊരു ശ്വാസംമുട്ട് മാത്രമേയുള്ളൂ… മരുന്ന് കഴിച്ചാൽ മാറിക്കോളും..
“അമ്മ എന്തിനാ പിന്നെ മുറ്റത്തുനിൽക്കുന്നത്..?”ആ മോളെ, ഞാൻ നമ്മുടെ സൈനബ ഇതിലൂടെങ്ങാനും പോകുന്നുണ്ടോ എന്ന് നോക്കി നിൽക്കായിരുന്നു ,
“ഒരാഴ്ചയായി അവളോട് ഇങ്ങോട്ടൊന്ന് വരാൻ പറയുന്നു ..ആകെ ഒന്ന് തട്ടിയടിച്ച് തൂത്തു തുടയ്ക്കാനായി, വീടിനകം നിറയെ പൊടിയാണ്…
“എത്ര പറഞ്ഞിട്ടും ആ പെണ്ണ് വരുന്നില്ലാന്ന്, അപ്പോ അവളെയൊന്ന് നേരിട്ടു കണ്ടു ചോദിക്കാലോന്ന് കരുതി ..
“അതെന്താ സൈന താത്ത വരാത്തത് ആദ്യമൊക്കെ വന്നിരുന്നല്ലോ ..രാഖി ചോദിച്ചു.
“ആദ്യം എല്ലാം വന്നിരുന്നു പിന്നെ പിന്നെ അവൾക്ക് വരാൻ എന്തോ മടി പോലെ… അമ്മ പറഞ്ഞു ഇന്നെന്തായാലും അവളെ കാണുമോ എന്ന് നോക്കട്ടെ..
“ആ മോളെ നീ ഊണ് കഴിച്ചില്ലല്ലോ, മേശപ്പുറത്ത് ഞാൻ അച്ഛനുള്ള ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്, അതെടുത്തോളൂട്ടോ ..
അമ്മ അച്ഛനെ കുറിച്ച് പറഞ്ഞതും രാഖിയുടെ മുഖം വലിഞ്ഞുമുറുകി… കണ്ണിലൊരഗ്നിഎരിഞ്ഞുവോ ..
പറയുംപോലെ അച്ഛൻ എവിടെയാ അമ്മേ? ഇവിടെയില്ലേ..?വീടിനകത്തേക്ക് നോക്കി രാഖി ചോദിച്ചു
“അച്ഛൻ വന്നിട്ടില്ല മോളെ, രാവിലെ നീ പോണതിനു മുമ്പ് പോയതാണ് ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു ..
അമ്മ പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ തന്നെ ഗേറ്റ് കടന്നു അച്ഛൻറെ സ്കൂട്ടർ വരുന്നത് കണ്ടു അവൾ അയാളെ നോക്കി..
അയാളപ്പോൾ ധരിച്ചിരുന്നത് ലൈറ്റ് പിങ്ക് ഷർട്ടും കറുത്ത പാന്റും ആയിരുന്നു…തലയിലെ ചുവന്ന ഹെൽമെറ്റൂരി ഹാൻഡിലിൽ തൂക്കിയിട്ടയാൾ ചിരിയോടെ രാഖിക്കരിക്കിലെത്തി..
“മോൾ എന്താ ഇന്ന് നേരത്തെ വന്നോ ..?ചോദിച്ചു കൊണ്ടയാൾ അവളുടെ ചുമലിൽ തൊട്ടതും ദേഹത്താകെ പുഴുവരിക്കുന്നതുപോലെ രാഖിക്ക് തോന്നി അവൾ വേഗം തന്നെ തന്റെ മുറിക്കുള്ളിലേക്ക് പോയി.
നിറഞ്ഞുതൂവുന്ന കണ്ണുകൾ തുടക്കുക പോലും ചെയ്യാതെ അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു. അമ്മയുടെ തോളിൽ കയ്യിട്ടു എന്തോ പറഞ്ഞു ചിരിക്കുന്ന അയാളെ കണ്ടതും അവളിൽ വെറുപ്പും ദേഷ്യവും നുരഞ്ഞു പൊന്തി..
ജിഷ അയച്ച വീഡിയോയിലെ മനുഷ്യനെ കണ്ടപ്പോൾ തന്നെ മനസ്സിൽ ഞെട്ടൽ ഉളവാക്കി കൊണ്ടാണ് ഇതു തന്റെ അച്ഛനല്ലേ എന്ന ചിന്ത വന്നത്..
എത്ര ഹെൽമറ്റും മാസ്കും ഇട്ടു മറച്ചാലും തനിക്ക് തന്റ്റെഅച്ഛനെ എവിടെ കണ്ടാലും തിരിച്ചറിയാം…
തൻറെ അച്ഛൻ ഇത്തരത്തിൽ ഒരാളായിരുന്നോ ..? സ്വന്തം മകളുടെ പ്രായമുള്ള, അവളുടെ കൂട്ടുകാരികളോട് എങ്ങനെ ഇത്രയും മോശമായി പെരുമാറാൻ അച്ഛന്പറ്റുന്നു. ..
കഴിഞ്ഞ ആഴ്ച ജിഷയും റീനയും ഒരു ദിവസം ഇവിടെ താമസിക്കാൻ വന്നപ്പോൾ അച്ഛൻ അവരോടെല്ലാം എത്ര സ്നേഹത്തോടെയാണ് പെരുമാറിയത്…
അതോ അതെല്ലാം അഭിനയമായിരുന്നോ ..?അങ്ങനെയാണെങ്കിൽ സ്വന്തം മകളായ എന്നെയും അച്ഛൻ കാണുന്നത്……?
ചിന്തകൾ കാടുകയറിയപ്പോൾ രാഖി ഒരു പൊട്ടികരച്ചിലോടെ കിടക്കയിലേക്ക് വീണു…
ആകെ സ്തംഭിച്ച ഒരു അവസ്ഥയിൽ ഒന്നും മിണ്ടാതെ തരിച്ച് രാഖിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുമ്പോൾ അവളുടെ അമ്മ ശ്വാസം എടുക്കാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..
കൺമുന്നിൽ കാണുന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ അവർ വീണ്ടും വീണ്ടും രാഖിയുടെ കയ്യിലിരിക്കുന്ന അവളുടെ അച്ഛന്റെ ഫോണിലേക്ക് നോക്കി…
അതിൽ നിറയെ പല പെണ്ണുങ്ങളുടെയും നഗ്ന ഫോട്ടോയും വീഡിയോയും ആയിരുന്നു , സൈനബയുടേതുൾപ്പെടെ.
അതിനേക്കാളെല്ലാം അവർ ഞെട്ടിയത് രാജിയുടെ സുഹൃത്തുക്കളുടെ അവരറിയാതെ എടുത്ത ഫോട്ടോയ്ക്കും വീഡിയോയ്ക്കുമൊപ്പം രാഖിയുടെ ഫോട്ടോസും വീഡിയോസും കണ്ടപ്പോൾ ആയിരുന്നു… എല്ലാം തന്നെ അവരുടെ ശരീരത്തിന്റെ മൃദുലതകളെ വെളിവാക്കുന്നതായിരുന്നു .
രാഖി അടിച്ചുവാരാനും മറ്റും കുനിയുമ്പോൾ എടുത്തവീഡിയോ മുതൽ ഉറക്കത്തിൽ അവൾ അറിയാതെ എടുത്ത വീഡിയോ വരെ ഉണ്ടായിരുന്നു അതിൽ… പലതിലും രാഖിയുടെ വസ്ത്രം സ്ഥാനം തെറ്റിയാണ്കിടന്നിരുന്നത്..
“ഇനി അമ്മ പറയൂ ,സ്വന്തം മകളെ പോലും കാമത്തിൻറെ കണ്ണോടെ കണ്ട ഈ ചെറ്റയെ ഞാൻ എന്താ ചെയ്യേണ്ടത്…?
“ഇവിടെ വന്നു സ്വന്തം വീടും മാതാപിതാക്കളുമാണ് നിങ്ങളെന്ന് കരുതിയാണ് ജിഷയും റീനയും പെരുമാറിയത് …
“അവരെ പോലും ഇയാൾ കണ്ടത് മറ്റൊരു കണ്ണിലൂടെയാണ്..” അതുകൊണ്ടാണ് റീനയുടെ ബസ്റ്റോപ്പിൽ ഇയാൾ ചെന്നതും അനാവശ്യം കാണിച്ചതും ..
” മാസ്കും ഹെൽമറ്റും ഇട്ടതുകൊണ്ട് അവർക്ക് ഇയാളെ മനസ്സിലായില്ല… പക്ഷേ അന്നുമുതൽ ഞാൻ ഇയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
“ഒരു മകളോടെന്ന പോലെയല്ല ഇയാൾ എന്നോട് പെരുമാറുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ ഞാനിത് അമ്മയോട് പറയാൻ ഒരുങ്ങിയതാണ്.
” പക്ഷേ തെളിവിനായി എൻറെ കയ്യിൽ ജിഷയെടുത്തഒരു വീഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ടാണ് ഞാൻ ഇയാൾ അറിയാതെ ഇയാളുടെ ഫോൺ നോക്കിയത് …
ഇനി അമ്മ പറയൂ ഞാൻ എന്ത് ചെയ്യണമായിരുന്നു ഇയാളെ ..?” കൊല്ലാനാണ് എനിക്ക് തോന്നിയത്, അതിനുവേണ്ടി തന്നെയാണ് ഇയാളുടെ സ്കൂട്ടറിന്റെ ബ്രേക്കിന്റെ കേബിൾ ഞാൻ മുറിച്ചുമാറ്റിയത്…
അതറിയാതെ എടുത്തു ഓടിച്ച് പോകുന്നതിനിടയിലാണ് ഇയാൾക്ക് ഈ അപകടം പറ്റിയതുംഎണീക്കാൻ പറ്റാത്ത വിധം പകുതി പ്രാണനായി ഇപ്പോൾ തിരികെ കിട്ടിയതും .. ഇനി ഇയാൾ ഒരു പെണ്ണിനെയും വൃത്തിക്കെട്ട രീതിയിൽ നോക്കില്ലല്ലോ ..
ഇതൊന്നും ഞാൻ അമ്മയോട് ഇപ്പോഴൊരു പക്ഷെ പറയില്ലായിരുന്നു…പക്ഷേ ഇയാളെ കുറിച്ചോർത്ത്, ഇയാൾക്ക് വേണ്ടി പ്രാർത്ഥിച്ച് ഓരോ നിമിഷവും എൻറെ അമ്മ ഉരുക്കുന്നതും സ്വന്തം ആരോഗ്യം നശിപ്പിക്കുന്നതും കണ്ടതുകൊണ്ട് മാത്രമാണ് ഞാൻ ഇതെല്ലാം പറഞ്ഞത്..
ഇനി അമ്മ തീരുമാനിക്കൂ ബാക്കി… എന്റെ മനസ്സിലെന്തായാലും എന്റെ അച്ഛൻ മരിച്ചു കഴിഞ്ഞു ..
പറഞ്ഞുകൊണ്ട് രാഖി തിരിഞ്ഞതും അനങ്ങാൻ വയ്യാതെ കിടക്കുന്ന അയാളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി അവളുടെ അമ്മ …
ഒന്ന് അനങ്ങാൻ പോലും കഴിയാതെ ,തന്റെ എല്ലാ കാര്യങ്ങളും ഭാര്യയും മകളും മനസ്സിലാക്കിയെന്നും അതിനു മകൾ തന്ന ശിക്ഷയാണ് മിണ്ടാനോ അനങ്ങാനോ സാധിക്കാതെയുള്ള ഈ കിടപ്പെന്നും മനസ്സിലാക്കിയയാൾ
ഒന്നും പറയാനോ ചെയ്യാനോ കഴിയാതെ ഒഴുകുന്ന കണ്ണുമായി മുഖത്ത് വീണ തുപ്പലുമായി അവരുടെ മുന്നിൽ മലർന്നു കിടന്നു… ഒരു ശവം കണക്ക്…. അല്ല ഒരു ശവമായ് തന്നെ ….