പെറ്റ കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലെങ്കിൽ നീയൊക്കെ എന്തിനാണ് കെട്ടാൻ നിൽക്കുന്നതെന്ന് അയാൾ ചോദിച്ചാൽ തീർന്നു…

രചന: ശ്രീജിത്ത് ഇരവിൽ

ഭർത്താവെന്നാൽ കഴുതയെ പോലെ ചുമടെടുത്ത് തന്നെ സന്തോഷിപ്പിക്കാൻ ദൈവം തമ്പുരാൻ നിയോഗിച്ചയാളാണെന്ന ചിന്താഗതിക്കാരിയാണ് സുഗുണന്റെ ഭാര്യ ലത. അവളുടെ തലയിൽ ചെറുതല്ലാത്ത പുരുഷവിരോധവുമുണ്ട്.

സ്ത്രീ അടിമയല്ലായെന്ന് ദിവസത്തിൽ അഞ്ച് തവണയെങ്കിലും ശബ്‌ദിച്ച് അവൾ അയാളുടെ കാത് തിന്നും. പിള്ളേര് രണ്ടെണ്ണത്തിനെ പെറ്റുനോക്കിയ കണക്ക് പറഞ്ഞ് സ്വര്യവും കൊടുക്കില്ല.

ഇതീങ്ങളെയും നിങ്ങളേയും നോക്കി തന്റെ ജീവിതം പാഴായിപ്പോയെന്ന് പറയുമ്പോൾ അവളുടെ ഒക്കത്തിൽ ഞാനൂല് പോലെയിരിക്കുന്ന ഇളയ കുഞ്ഞിനെയൊന്ന് കാണേണ്ടത് തന്നെയാണ്… കാക്ക റാഞ്ചി കൊണ്ടുപോകുന്ന ചുണ്ടെലിയെ പോലെയുള്ള ആ പൈതലിന്റെ മുഖവും മാനസികസഞ്ചാരവും അവളുടെ ചിന്തയിൽ പോലുമുണ്ടാകില്ല.

പെറ്റ കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലെങ്കിൽ നീയൊക്കെ എന്തിനാണ് കെട്ടാൻ നിൽക്കുന്നതെന്ന് അയാൾ ചോദിച്ചാൽ തീർന്നു… പിന്നെ ആ വീട്ടിൽ അവളുടെ ഒച്ചപ്പാടിന്റെ സുഖമല്ലാത്ത കിലുക്കം മാത്രമായിരിക്കും… ആ ബഹളത്തിൽ നിന്ന് ഇറങ്ങിയോടി പറമ്പിലെ കിണറിൽ ചാടിയാലോയെന്ന് വരെ സുഗുണന് തോന്നാറുണ്ട്.

അന്നൊരു ഞായറാഴ്ച്ചയായിരുന്നു. ലതയുടെ കുഞ്ഞമ്മയുടെ നാത്തൂന്റെ പതിനാറടിയന്തിരത്തിന്റെ പത്താം വാർഷികത്തിന് ഒരുങ്ങാൻ പുതിയ സാരിയില്ലായെന്ന തർക്കമായിരുന്നു ആ വീട്ടിൽ…

‘എനിക്ക് ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മെനയുള്ളയൊരു സാരിയുണ്ടോ മനുഷ്യാ…?’

സുഗുണൻ ഒന്നും മിണ്ടിയില്ല. കഴിഞ്ഞ മാസം ലതയുടെ അനിയത്തിയുടെ കുഞ്ഞിന്റെ നൂല് കെട്ടിന് തന്നേയും കൂട്ടി ടൗണിൽ പോയി വാങ്ങിച്ച സാരിയിലായിരുന്നു അയാളുടെ ചിന്ത.

ഒരിക്കൽ ഇട്ട വസ്ത്രം കണ്ടവർ പങ്കെടുക്കുന്ന ഇടത്തേക്കൊന്നും വീണ്ടും അതിൽ കയറി പോകില്ലായെന്നത് ഈ പെണ്ണുങ്ങളുടെയെല്ലാം നിർബന്ധമാണെന്ന് തോന്നുന്നു..

‘മനുഷ്യാ… നിങ്ങള് കേൾക്കുന്നുണ്ടോ…?’ഉണ്ടെന്ന അർത്ഥത്തിൽ സുഗുണൻ തലയാട്ടി.’എനിക്ക് പുതിയയൊരു സാരി വേണമെന്ന്… ചുരിദാറായാലും കുഴപ്പില്ല…’

ഉള്ളത് ഇട്ടിട്ട് പോയാൽ മതിയെന്നും പറഞ്ഞ് സുഗുണൻ വീട്ടിൽ നിന്ന് ഇറങ്ങി. ആഴ്ച്ചയിൽ കിട്ടുന്നയൊരു ഞായർ മാത്രമാണ് അയാളുടെ ജീവിതത്തിലെയൊരു സന്തോഷം .

മദ്യപിക്കുന്ന കൂട്ടുകാരുടെ ഇടയിൽ നിന്ന് മിച്ചറ് മാത്രം തിന്ന് ചിരിക്കുമ്പോൾ അയാൾക്കൊരു പ്രത്യേക ആനന്ദമാണ്. ആ ആനന്ദം വൈകീട്ട് വീട്ടിലെത്തി ലതയ്ക്ക് കാതുകൊടുക്കുന്നത് വരേയുണ്ടാകുമെന്നും അയാൾക്ക് നന്നായി അറിയാം.

അന്നും സുഗുണൻ വരുന്നതും കാത്ത് തലയും ചൊറിഞ്ഞ് ലത മുറ്റത്ത് തന്നെയുണ്ടായിരുന്നു. ഇളയതിനേയും നോക്കി മൂത്തവൻ അകത്ത് ചില കളികളിലൊക്കെയാണ്.

‘നിങ്ങക്ക് കൂട്ടുകാർ മാത്രം മതിയല്ലോ….?’അവൾ തുടങ്ങി. അയാൾ മിണ്ടാതെ അകത്ത് കയറി കുഞ്ഞുങ്ങളുടെ അടുത്ത് പോയിയിരുന്നു..’എന്റെ കാര്യത്തിൽ എന്തെങ്കിലുമൊരു ശ്രദ്ധയുണ്ടോ നിങ്ങക്ക്…?’

അയാൾ കുഞ്ഞുങ്ങളുടെ ഇടയിൽ നിന്നും എഴുന്നേറ്റ് കിടപ്പുമുറിയിലേക്ക് നടന്നു. ഷർട്ട് അഴിച്ച് വെച്ച് ഒരു തോർത്തെടുത്ത് കുളിമുറിയിലേക്ക് കയറാൻ പോകുമ്പോൾ അവളുടെ ശബ്ദത്തിന്റെ കനം കൂടി..

‘നിങ്ങള് പൊട്ടനാണോ മനുഷ്യാ.. ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ…?’മറുപടി കൊടുക്കാതെ കുളിമുറിയുടെ അകത്ത് കയറി, നിറച്ച ബക്കറ്റിലേക്ക് കുനിഞ്ഞ് അയാൾ തലയിട്ടു..

അപ്പോഴും താൻ തന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ലത കതകിൽ മുട്ടുന്നുണ്ടായിരുന്നു. ദേഹത്തേക്ക് എത്ര തണുത്ത വെള്ളം കോരിയൊഴിച്ചിട്ടും സുഗുണന്റെ ഉള്ളിനൊരു സുഖം തോന്നിയില്ല. ചൂട് തന്നെ.. അയാൾക്ക് മാത്രം തൊട്ടറിയാൻ പറ്റുന്ന കൊടുംചൂട്..

ഒരു വീടെന്നാൽ സമാധാനത്തിന്റെ കൂടായിരിക്കണം. അവിടെ പാർക്കുന്നവർക്ക് ശബ്ദം പോലും വേണമെന്നില്ല പരസ്പരം തിരിച്ചറിയാനും മനസ്സിലാക്കാനും.

തിങ്കൾ മുതൽ ശനിവരെ ഓടുന്ന ബസ്സിൽ ഇരിക്കാൻ പോലും നേരമില്ലാതെ യാത്രക്കാർക്ക് ടിക്കറ്റ് കീറിക്കൊടുക്കുന്ന തൊഴിലാണ് സുഗുണന്. തന്റെ ഭാര്യയ്ക്ക് തന്നെ മനസ്സിലാകുന്നില്ലല്ലോയെന്ന കൊടും ദുഃഖം കുറച്ച് വർഷങ്ങളായി അയാൾ അനുഭവിക്കുന്നുണ്ട്…

കുളിമുറിയിൽ നിന്ന് ഇറങ്ങുമ്പോൾ താൻ പോകുകയാണെന്ന് പറയാൻ കയ്യിലൊരു ബാഗുമായി ലത കതകിന് പുറത്ത് തന്നെയുണ്ടായിരുന്നു. പോകരുതെന്നോ പോകൂയെന്നോ സുഗുണൻ പറഞ്ഞില്ല. പകരം നിനക്കിപ്പോൾ എന്താണ് വേണ്ടതെന്റെ ലതേയെന്ന് തലയിൽ അമർത്തി തോർത്തിക്കൊണ്ട് അയാൾ ചോദിച്ചു.

‘ഒരു കസവ് സാരി… അല്ലെങ്കിൽ, ആകാശ നീലയിലൊരു ചുരിദാർ….'”അതിന് പണം വേണ്ടേ…? ”

നിങ്ങളൊക്കെ പിന്നെയെന്തിനാണെന്നും, വീട്ടുജോലി മുഴുവൻ താനല്ലേ നോക്കുന്നതെന്നും പറഞ്ഞ് അവൾ വീണ്ടും തുള്ളി… കഴിഞ്ഞ കുടുംബശ്രീ യോഗത്തിൽ നിന്ന് കേട്ട സ്ത്രീശാസ്തീകരണ പ്രസംഗത്തിൽ നിന്നും മൂന്ന് നാല് വാചകവും അവൾ പറഞ്ഞു.

പിന്നേയും എന്തൊക്കെയോ ശബ്ദിച്ചു… പെണ്ണുങ്ങൾ പുരുഷന്മാരുടെ വീട്ടുജോലിക്കാരിയല്ലെന്നും, സ്വാതന്ത്ര്യം വേണമെന്നും, ചില്ല് കൂട്ടിലെ അലങ്കാരമീനാക്കരുതെന്നും… അങ്ങനെ എന്തൊക്കെയോ…

കുടുംബത്തിലെ ജോലിയും ചെയ്ത് കുഞ്ഞുങ്ങളെ നോക്കുന്ന തങ്ങൾക്ക് കൂലിയുണ്ടെങ്കിൽ ഇങ്ങനെ ഇരക്കേണ്ടി വരുമോയെന്നായിരുന്നു അവളുടെ മൊത്തത്തിലുള്ള ശബ്ദത്തിന്റെ രത്നച്ചുരുക്കം..

സംഗതിയൊക്കെ ശരിയാണെന്ന ബോധം സുഗുണനുമുണ്ട്… പക്ഷേ, പൂർണ്ണ സ്വാതന്ത്ര്യവും വീട്ടുഭരണവുമുള്ള തന്റെ ഭാര്യയെ പോലെയുള്ള പെണ്ണുങ്ങളിൽ നിന്ന് ഇതൊക്കെ കേൾക്കുന്നതാണ് സഹിക്കാൻ കഴിയാത്തത്. സ്ത്രീകളെ

അടിച്ചമർത്തുന്ന പുരുഷന്മ്മാരുടെ കഥകളും കേട്ട് തന്റെ സുഖ ജീവിതത്തിൽ വിഷാദം തിരഞ്ഞ് വിലാപഗീതം പാടാൻ ചില പെണ്ണുങ്ങൾക്കൊരു പ്രത്യേക താല്പര്യമാണെന്ന് അന്ന് അയാൾക്ക് തോന്നി..

ആ രാത്രിയിൽ ലതയും സുഗുണനും പിള്ളാരും രണ്ട് മുറികളിലായി വേർപെട്ടു. പിറ്റേന്ന് അയാൾ ജോലിക്ക് പോയില്ല. പകരം അവളേയും കൂട്ടി ടൗണിലെ സുഹൃത്തിന്റെയൊരു തുണിക്കടയിലേക്ക് പോയി. ഇഷ്ട്ടമുള്ളതെടുത്തോയെന്ന് പറയുമ്പോൾ ലതയുടെ മുഖം തെളിച്ചത്തിൽ വെളുത്തു.

ഇഷ്ട്ടപ്പെട്ട സാരിയും അതിന് ചേർന്നയൊരു ബ്ലൗസും അതേ നിറത്തിൽ അടിവസ്ത്രങ്ങളുമെടുത്ത് ലത സുഗുണനെ തിരഞ്ഞു. സുഹൃത്തുകൂടിയായ കട ഉടമയുമായി സംസാരിക്കുന്ന അയാളുടെ അടുത്തേക്ക് അവൾ നടന്നു.

ലതയെ കണ്ടപ്പോൾ എന്നാൽ എല്ലാം പറഞ്ഞത് പോലെയെന്നും സുഹൃത്തിനോട് പറഞ്ഞ് അവളേയും കൂട്ടി സുഗുണൻ ഇറങ്ങി.

‘ബില്ല് കൊടുക്കണ്ടേ…?’ അവൾ ചോദിച്ചു.”വേണ്ട. നിന്റെ ശമ്പളത്തിൽ നിന്ന് പിടിച്ചോളും…” അയാൾ പറഞ്ഞു.

എന്താണെന്ന് അമ്പരപ്പോടെ അവൾ വീണ്ടും ചോദിച്ചു. സുഗുണൻ വിശദീകരിച്ചു. നാളെ മുതൽ താൻ ജോലിക്ക് പോകുന്നില്ലെന്നും, വീട്ടുജോലിയും ചെയ്ത് പിള്ളേരെ നോക്കുന്നതാണ് ഇനിയുള്ള തന്റെ ജോലിയെന്നും അയാൾ അവളോട് പറഞ്ഞു.

തന്റെ കണ്ടക്ടർ ജോലിക്ക് കിട്ടുന്ന അതേ ശമ്പളത്തിൽ തന്നെയാണ് തുണിക്കടയിൽ നിനക്കും ജോലി തരപ്പെടുത്തിയതെന്നും കൂടി കേട്ടപ്പോൾ ലതയുടെ തല വികസിച്ചു. ഇഷ്ട്ട തുണികൾ വാങ്ങിയപ്പോൾ

തെളിഞ്ഞ അവളുടെ രണ്ട് കണ്ണുകളും പുറത്തേക്ക് ചാടുന്നത് പോലെ വെപ്രാളപ്പെട്ടു. തിരിച്ച് വീട്ടിലെത്തുന്നത് വരെ അവൾ പിന്നേ മിണ്ടിയില്ല…’അതേയ് ഞാൻ പോകുന്നില്ല….’

മുറ്റത്ത് നിന്ന് ഉമ്മറത്തേക്ക് കയറുമ്പോൾ വളരേ ശാന്തമായിട്ടാണ് ലതയത് പറഞ്ഞത്…”എങ്ങോട്ട് പോകുന്നില്ലായെന്ന്…? ”

അവളുടെ പരുങ്ങലും തൊണ്ടയുടെ ഇടർച്ചയും അറിഞ്ഞപ്പോൾ സുഗുണന് ചിരിക്കാനാണ് തോന്നിയത്. അല്ലെങ്കിലും എത്ര സ്വര്യം കെടുത്തിയാലും പെണ്ണൊന്ന് ചിണുങ്ങിയാൽ ചില പുരുഷൻമ്മാരുടെയുള്ളൊന്ന് കുളിരും. പുറത്തെ വെയില് കൊണ്ട് ദേഹം വിയർത്തിട്ടും ആ നേരം അയാളുടെ ഉള്ളൊന്ന് ചെറുതായി തണുത്തു.

സുഗുണന്റെ ചോദ്യത്തിന് മറുപടി പറയാൻ അവളും മടിച്ചു. ഇത്രയും ശാന്തമായിട്ട് ലതയെ അയാൾ അടുത്തകാലത്തൊന്നും കണ്ടിട്ടേയുണ്ടായിരുന്നില്ല. അകത്ത് കയറി വേഷങ്ങൾ അഴിക്കുമ്പോൾ എങ്ങോട്ട് പോകുന്നില്ലായെന്നാണ് നീ പറയുന്നതെന്ന് അയാൾ വീണ്ടും ചോദിച്ചു.

മടിച്ച് മടിച്ച് തലകുനിച്ചുകൊണ്ടാണ് ലത മറുപടി പറഞ്ഞത്. ആ ശബ്ദത്തിനൊരു ചിണുങ്ങലും ചെറുതല്ലാത്തയൊരു കുസൃതിയുമുണ്ടായിരുന്നു. അവൾ പറഞ്ഞത് പതിയേ ആണെങ്കിലും സുഗുണൻ അത് വ്യക്തമായി കേട്ടു..

‘എന്റെ കുഞ്ഞമ്മയുടെ നാത്തൂന്റെ പതിനാറടിയന്തിരത്തിന്റെ പത്താം വാർഷികത്തിന് ഞാൻ പോകുന്നില്ലെന്ന്…’ !

Leave a Reply

Your email address will not be published. Required fields are marked *