(രചന: ശ്രേയ)
” ഞാൻ അവളെ കാണാൻ പോകണമെന്ന് അമ്മയ്ക്ക് എന്താണ് ഇത്ര നിർബന്ധം..? അനുഭവിക്കാവുന്നതിന്റെ പരമാവധി അവൾ കാരണം നമ്മൾ അനുഭവിച്ചു കഴിഞ്ഞു.
അമ്മയെ പോലും അവൾ എത്രയോ തവണ അപമാനിച്ചിരിക്കുന്നു..? എന്നിട്ടും കഴിഞ്ഞതെല്ലാം മറന്നു അവളെ സപ്പോർട്ട് ചെയ്യാൻ അമ്മയ്ക്ക് എങ്ങനെ കഴിയുന്നു..?”
ദേഷ്യത്തോടെയാണ് ആരവ് അമ്മയോട് ചോദിച്ചത്. അപ്പോഴും അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അതിന്റെ അർത്ഥം എന്താണെന്ന് മാത്രം അവനു മനസ്സിലായില്ല.
” അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലേ മോനേ..? മനുഷ്യന് മറവി ഒരു അനുഗ്രഹമാണ് എന്ന് പറയുന്നത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒക്കെയാണ്.
കഴിഞ്ഞതെല്ലാം മോൻ മറക്കണം. എന്നിട്ട് അമ്മയോടൊപ്പം വരണം. നമുക്ക് അവളുടെ വീട് വരെ ഒന്ന് പോകണം.. ”
അമ്മ നിർബന്ധം പിടിക്കുമ്പോൾ തന്നെ അതിന് പിന്നിൽ എന്തോ ഒരു കാരണമുണ്ട് എന്ന് അവനു ഊഹിക്കാൻ കഴിഞ്ഞിരുന്നു.
പതിവില്ലാതെ ചുവന്ന അമ്മയുടെ മുഖത്ത് നിന്ന് തന്നെ അമ്മയ്ക്ക് എന്തൊക്കെയോ വിഷമങ്ങൾ ഉണ്ട് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
അതെല്ലാം കൂടി കണ്ടപ്പോൾ അമ്മയെ അധികം എതിർത്ത് നിൽക്കാൻ അവനു കഴിഞ്ഞില്ല.
” ഞാൻ പോയി റെഡിയായി വരാം.. വേഗം റെഡിയായിക്കോ.”അവൻ തിരക്കു പിടിച്ച് പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചു. അവൻ മുറിയിലേക്ക് കയറി പോകുന്നത് കണ്ട് അവർ കണ്ണീർ വാർത്തു.
അധികം വൈകാതെ അവൻ തയ്യാറായി വന്നു.കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് അവൻ കയറാൻ ഒരുങ്ങിയപ്പോൾ, അമ്മ അവനെ തടഞ്ഞു.
“വേണ്ട മോനെ വണ്ടി ഡ്രൈവർ എടുത്തോളും..”അമ്മയുടെ പതിവില്ലാത്ത തരത്തിലുള്ള ഓരോ പ്രവർത്തികളും അവൻ സംശയത്തോടെയാണ് വീക്ഷിച്ചത്. അമ്മ എന്തുകൊണ്ടാണ് ഇങ്ങനെ പ്രവർത്തിക്കുന്നത് എന്ന് അവന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
എങ്കിലും അമ്മയോട് വാദപ്രതിവാദങ്ങൾക്ക് നിൽക്കാതെ അവൻ ഡോർ തുറന്ന് പിന്നിലേക്ക് കയറിയിരുന്നു. അവനോടൊപ്പം തന്നെ അമ്മയും കയറിയിരുന്നതോടെ ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തു.
ആ വീടിന്റെ ഗേറ്റ് കടന്ന് വണ്ടി റോഡിലേക്ക് ഇറങ്ങുമ്പോൾ അവൻ ചിന്തിച്ചത് മുൻപൊരിക്കൽ അവളോടൊപ്പം ഈ വീട്ടിലേക്ക് കയറി വന്ന രംഗമായിരുന്നു.
അന്ന് ഈ വീട്ടിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. എല്ലായിടവും ഒരു ആഘോഷത്തിന് എന്നപോലെ ഒരുങ്ങി നിൽപ്പായിരുന്നു. അതെ അന്ന് അവരുടെ കല്യാണം ആയിരുന്നു..!!
വിവാഹം കഴിഞ്ഞ് ആദ്യമായി ഈ വീട്ടിലേക്ക് വന്നു കയറിയപ്പോൾ അവളുടെ കണ്ണിൽ കണ്ട കൗതുകം അവന് ഇപ്പോഴും ഓർമ്മയുണ്ട്. വീടിന്റെ ഓരോ മുക്കും മൂലയും ആർത്തിയോടെ അവളുടെ കണ്ണുകൾ പാഞ്ഞു നടക്കുന്നത് അവൻ കണ്ടതാണ്.
അതിനുള്ള കാരണം ചോദിച്ചപ്പോൾ അവൾ അത് പറയുകയും ചെയ്തു.” ഇനിയുള്ള എന്റെ ജീവിതം ഈ വീട്ടിൽ ആണല്ലോ. ഇതിന്റെ ഓരോ മുക്കും മൂലയും ഞാൻ പരിചിതമാകേണ്ടതാണ്. അതിലേറെ ഇനിയും ഇവിടെ എത്രത്തോളം മനോഹരമാക്കാമെന്ന് ഞാൻ ആലോചിക്കട്ടെ.. ”
കുസൃതി കലർത്തി അവൾ പറഞ്ഞപ്പോൾ അവനും ഒപ്പം ചിരിച്ചു. വന്നു കയറിയ ഉടനെ ആ വീടും വീട്ടുകാരും അവൾക്കും സ്വന്തമായല്ലോ എന്നോർത്ത് അവന് സന്തോഷമാണ് തോന്നിയത്.
അവളെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചാണ് അവൻ അപ്പോൾ ആലോചിച്ചത്.
അവളെ ആദ്യമായി കണ്ടത് കോളേജിൽ പഠിക്കുന്ന സമയത്താണ്. തന്റെ ജൂനിയർ ആയി വന്നതായിരുന്നു അവൾ.
റാഗ് ചെയ്യാൻ ശ്രമിച്ച സീനിയേഴ്സിനെ അവൾ നിർത്തി പൊരിച്ചു എന്നറിഞ്ഞു. അതാരാ അങ്ങനെയൊരു പെൺകുട്ടി എന്നൊരു കൗതുകത്തോടെയാണ് അവളെ അന്വേഷിച്ചത്.
കണ്ടപ്പോൾ തീരെ ചെറിയ ഒരു പെൺകുട്ടി.ഒരു പാവക്കുട്ടിയെ പോലെ കൗതുകത്തോടെ ഓരോ ഇടവും അവൾ വീക്ഷിക്കുന്നത് തനിക്ക് അത്ഭുതമാണ് നൽകിയത്. ഈ പെൺകുട്ടി തന്നെയാണോ സീനിയേഴ്സിനോട് മുട്ടിയത് എന്ന് ആ സമയത്ത് സംശയം തോന്നി.
പിന്നീട് കൂട്ടുകാരിൽ നിന്ന് അറിഞ്ഞു ആളെ കാണുന്ന പോലെ ഒന്നുമല്ല എന്ന്. പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിക്കാൻ അവൾ മിടുക്കിയാണ് എന്ന് പിന്നീട് മനസ്സിലായി.
എന്തായാലും പതിയെ പതിയെ അവൾ തന്റെ മനസ്സിൽ കയറിയിരിപ്പായി. അത് അവളെ അറിയിക്കാതിരിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽ അവളത് കണ്ടെത്തുക തന്നെ ചെയ്തു.
അവൾ പോകുന്ന ഇടത്ത് മുഴുവൻ എന്നെ കണ്ടു തുടങ്ങിയപ്പോൾ അവൾക്ക് സംശയം ആയിരുന്നു. അങ്ങനെ ഒരിക്കൽ അവൾ എന്നോട് അത് ചോദിക്കുകയും ചെയ്തു.
” ചേട്ടൻ കുറെ നാളായല്ലോ എന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.. ചേട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് തുറന്നു പറയണം.. അല്ലാതെ വെറുതെ മനസ്സിൽ വച്ചു കൊണ്ടു നടന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ..?”
അവൾ കുസൃതിയോടെ മുന്നിൽ നിന്ന് ചോദിച്ചപ്പോൾ താൻ ഒന്ന് പതറിപ്പോയി. അത് കണ്ടപ്പോൾ അവൾ ചിരിക്കുകയും ചെയ്തു.
“ചേട്ടന് പറയാൻ പറ്റില്ലെങ്കിൽ ഞാൻ പറയാം. എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. എന്റെ വീട്ടിൽ ആകെ ഞാനും എന്റെ അച്ഛനും മാത്രമേ ഉള്ളൂ. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് കുറെ നാളായി.
ക്യാൻസർ ആയിരുന്നു. ഇതാണ് തൽക്കാലം എന്റെ ഫാമിലിയെ കുറിച്ച് പറയാനുള്ളത്. ചേട്ടൻ ഒരു മറുപടി ഇപ്പോൾ തരണം എന്നില്ല. നന്നായി ആലോചിച്ച് പിന്നീട് പറഞ്ഞാൽ മതി..”
അവൾ അതും പറഞ്ഞു നടന്നു പോയപ്പോൾ സ്വപ്നം കാണുകയാണോ എന്നും സംശയമായിരുന്നു.
അതല്ല എന്ന് ഉറപ്പിച്ചത് പിറ്റേന്ന് അവൾ മറുപടിയും ചോദിച്ചു വന്നപ്പോഴാണ്. പിന്നീട് ഒരു നിമിഷം പോലും ആലോചിക്കാതെ അവളെ തനിക്കും ഇഷ്ടമാണ് എന്ന് തുറന്നു പറഞ്ഞു.
അധികം ബഹളങ്ങൾ ഇല്ലാത്ത ഒരു ശാന്തമായ നദി പോലെയായിരുന്നു ഞങ്ങളുടെ പ്രണയം. കോഴ്സ് കഴിഞ്ഞ് ജോലി കിട്ടിയതിനു ശേഷം വിവാഹത്തെക്കുറിച്ച് വീട്ടിൽ ചിന്തിച്ചു തുടങ്ങിയപ്പോൾ അവളെ കുറിച്ച് തന്നെയായിരുന്നു ആദ്യം തുറന്നു പറഞ്ഞത്.
അമ്മ മാത്രമുള്ള തനിക്ക്, അമ്മയുടെ ഭാഗത്തു നിന്ന് യാതൊരു വിധ എതിർപ്പുകളും നേരിടേണ്ടി വന്നില്ല. അവളുടെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചത് അമ്മ തന്നെയായിരുന്നു.
അവിടെയും എതിർപ്പുകൾ ഒന്നുമില്ല എന്ന് കണ്ടതോടെ തനിക്ക് വല്ലാത്ത ആശ്വാസമായിരുന്നു.
ഒരുപാട് പേരെ വിളിച്ച് അറിയിച്ച്, ആർഭാടത്തോടെയുള്ള ഒരു വിവാഹം വേണ്ട എന്നുള്ളത് ഞങ്ങൾ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു.
അതു പ്രകാരം വളരെ അടുത്ത കുറച്ചു ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി ചെറിയൊരു ചടങ്ങായിട്ടായിരുന്നു വിവാഹം നടത്തിയത്.
വിവാഹം കഴിഞ്ഞ് വന്നു കയറിയ നാൾ മുതൽ അവൾ ആ വീടിനെ സ്വർഗ്ഗമാക്കി മാറ്റുകയായിരുന്നു. പക്ഷേ ഒന്നൊന്നര മാസങ്ങൾക്ക് ശേഷം അവളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി.
എന്തിനും ഏതിനും ദേഷ്യവും വാശിയും മാത്രമായി മാറി അവളുടെ സ്വഭാവം. അമ്മ എന്ത് ചെയ്താലും അതിനൊക്കെ കുറ്റങ്ങൾ മാത്രം. തന്നെ എപ്പോഴും സംശയം.
അവസാനം കൈവിട്ടുപോയി എന്ന് തോന്നിയ ഒരു സമയത്താണ് അവളെ തല്ലിയത്. ആ സമയത്ത് വികാരത്തിന്റെ പുറത്ത് ചെയ്തതാണ്. പക്ഷേ അവൾ അത് വലിയൊരു വിഷയമാക്കി മാറ്റി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
അവളെ എത്രയൊക്കെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും പിന്നീട് ഒരു വഴിയും ഉണ്ടായിരുന്നില്ല. അതിന്റെ അവസാനം കയ്യിൽ എത്തിച്ചേർന്നത് ഒരു ഡിവോസ് പെറ്റീഷൻ ആയിരുന്നു.
അത് കണ്ടപ്പോൾ താൻ ആകെ തളർന്നു പോയിരുന്നു. എങ്കിലും അവളുടെ ഇഷ്ടം നടക്കട്ടെ എന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട് അതിൽ ഒപ്പിട്ടു കൊടുത്തു.
അതോടെ അവളെ മറക്കാൻ തുടങ്ങിയതായിരുന്നു.ഇപ്പോൾ ഇതാ വീണ്ടും അവളുടെ അടുത്തേക്ക് ഒരു യാത്ര..!!
അവൻ അത് ചിന്തിച്ചു തീർന്നതും അവർ അവളുടെ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയിരുന്നു. കൂടി നിൽക്കുന്ന ആളുകളെ കണ്ടപ്പോൾ അവനു വല്ലാത്ത ഭയം തോന്നിത്തുടങ്ങി.
കാര്യമറിയാതെ ഒരു പകപോടെ അവൻ അമ്മയെ നോക്കി. എന്നാൽ അമ്മ അവന് മുഖം കൊടുക്കാതെ പുറത്തേക്കിറങ്ങി പോയി. അമ്മയെ പിന്തുടർന്ന് ആ വീടിന്റെ ഉമ്മറത്തേക്ക് കയറിയ അവൻ കണ്ടത് വെള്ള പുതച്ച് കിടക്കുന്ന അവളെ ആയിരുന്നു.
കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ അവൻ പറഞ്ഞു നിൽക്കുമ്പോൾ ചുറ്റും നിൽക്കുന്നവർ പറയുന്നത് അവൻ കേൾക്കുന്നുണ്ടായിരുന്നു.
” നല്ലൊരു പെൺകുട്ടി ആയിരുന്നു.. കല്യാണം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് അതിനു ബ്ലഡ് ക്യാൻസർ ആണെന്ന് അറിഞ്ഞത്..
അതുകൊണ്ടാണെന്ന് തോന്നുന്നു ഡിവോഴ്സ് ആയത്. ഇപ്പോൾ കുറച്ചു നാളായി ആ കുട്ടി ഇവിടെത്തന്നെ ഉണ്ടായിരുന്നു. ഞാൻ ആ മാഷിന്റെ കാര്യമാണ് ആലോചിക്കുന്നത്. ഇതിപ്പോൾ അദ്ദേഹം തനിച്ചായില്ലേ..? ”
പകുതി ബോധത്തിൽ എന്നപോലെ അവൻ അത് കേൾക്കുമ്പോൾ അവൾക്ക് അങ്ങനെയൊരു അസുഖം ഉണ്ടായിരുന്നോ എന്ന് മാത്രമാണ് അവൻ ഓർത്തത്.
അവളുടെ അച്ഛൻ വന്നു തോളിൽ തട്ടിയപ്പോൾ പകപോടെ അദ്ദേഹത്തെ നോക്കി.
” ഈ അവസാന നിമിഷത്തിലെങ്കിലും എന്റെ മോളെ ശപിക്കല്ലേ മോനെ. അവൾക്ക് സുഖമില്ല എന്നറിഞ്ഞപ്പോൾ അവൾ ഏറ്റവും അധികം വേദനിച്ചത് നിന്നെ ഓർത്തായിരുന്നു.
നിന്റെ ജീവിതത്തിൽ അവൾ നിന്നാൽ പിന്നീട് ഒരിക്കലും നീ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു.
അതുകൊണ്ട് മാത്രമാണ് നിന്നെ വെറുപ്പിച്ച് നിന്റെ ജീവിതത്തിൽ നിന്ന് അവൾ ഇറങ്ങി നടന്നത്. അവളുടെ ആത്മാവിന് വേണ്ടി മോൻ പ്രാർത്ഥിക്കണം. അവൾക്ക് ചെയ്തു കൊടുക്കാവുന്ന ഒരേയൊരു കാര്യം അതാണ്..”
അത്രയും പറഞ്ഞു ഒരു പൊട്ടിക്കരച്ചിലോടെ അദ്ദേഹം അകത്തേക്ക് കയറി പോകുമ്പോൾ സത്യവും മിഥ്യയും എല്ലാംകൂടി കലർന്ന് അവന്റെ തലയ്ക്കുള്ളിൽ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.
ബോധമില്ലാതെ അവൻ നിലത്തേക്ക് വീഴുമ്പോൾ അവളുടെ ആത്മാവ് അവിടെനിന്ന് പറന്ന് അകന്നു കഴിഞ്ഞിരുന്നു.