(രചന: ശ്രേയ)
” ഇങ്ങനെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു തരാൻ അവന്റെ കയ്യിൽ ലോട്ടറി അടിച്ച പൈസ ഒന്നുമല്ല ഇരിക്കുന്നത്..
അവൻ രാവന്തിയോളം കഷ്ടപ്പെട്ട് പണിയെടുക്കുന്ന പൈസയാണ് നീ ഇങ്ങനെ ഓരോ കാര്യത്തിനും വേണ്ടി നശിപ്പിച്ചു കളയുന്നത് എന്ന് മറക്കരുത്. ”
അമ്മായിയമ്മ ഒരു ഭീഷണി പോലെ അത് പറഞ്ഞപ്പോൾ, ഞാൻ ഒരു പുഴുവിനോളം ചെറുതായി പോയതായി എനിക്ക് തോന്നി.
” ഇനി മേലാൽ ഇങ്ങനെ അവനോട് ആവശ്യമില്ലാത്ത ചെലവും പറഞ്ഞ് ചെല്ലരുത്.”
അത്രയും കൂടി പറഞ്ഞു അമ്മ നടന്നു പോയപ്പോൾ വല്ലാത്തൊരു വേദനയോടെ ഞാൻ അടുക്കളത്തിണ്ണയിലേക്ക് ഇരുന്നു.
കണ്ണിൽ നിന്ന് അറിയാതെ തന്നെ കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു.ഇന്ന് രാവിലെ ഭർത്താവുമായി നടന്ന സംഭാഷണം അമ്മായിയമ്മ കേട്ടിട്ടുണ്ട്. അതിന്റെ ബാക്കി പത്രമാണ് ഇപ്പോൾ ഉണ്ടായ ഈ ഉപദേശം..!
അവൾ രാവിലെ നടന്ന സംഭവങ്ങൾ ഓർത്തെടുത്തു.അടുത്തയാഴ്ച മിനിയുടെ വിവാഹമാണ്.. മിനി എന്ന് പറയുന്നത്, രേഖയുടെ ചെറിയമ്മയുടെ മകളാണ്.
കല്യാണത്തിന് എല്ലാവരും നല്ല ആഡംബരത്തോടെ വരുമ്പോൾ അവരുടെയൊക്കെ മുന്നിൽ താൻ ഒരു മോശക്കാരി ആകാൻ പാടില്ല എന്നൊരു ആഗ്രഹം രേഖയ്ക്ക് ഉണ്ടായിരുന്നു.
അതുകൊണ്ടു തന്നെയാണ് അവൾ ഭർത്താവ് രമേഷിനോട് സംസാരിക്കാൻ തീരുമാനിച്ചത്.
” രമേശേട്ടാ.. അടുത്തയാഴ്ച മിനിയുടെ വിവാഹം ആണെന്ന് അറിയാമല്ലോ.. “ഒരു ആമുഖം പോലെ അങ്ങനെയാണ് രേഖ സംസാരിച്ചു തുടങ്ങിയത്.
” കല്യാണം അടുത്ത ആഴ്ചയല്ലേ.. അപ്പോഴേക്കും നമുക്ക് എന്തെങ്കിലും ചെയ്യാം.. അല്ല നീ ഇപ്പോൾ ആ കാര്യത്തിനെ കുറിച്ച് പറയാൻ എന്താ കാര്യം..? ”
അവിടെ കൊടുക്കുന്ന പണത്തിന്റെ കാര്യമാണ് താൻ സൂചിപ്പിക്കാൻ തുടങ്ങുന്നത് എന്നൊരു തോന്നലാണ് ഭർത്താവിനുള്ളത് എന്ന് രേഖയ്ക്ക് മനസ്സിലായി.
” ഞാൻ അവിടെ കൊടുക്കുന്ന പണത്തിന്റെ കാര്യമല്ല പറയാൻ തുടങ്ങിയത്.. കഴിഞ്ഞ തവണ എന്റെ കമ്മൽ പണയം വച്ചിട്ടാണല്ലോ സിന്ധുവിന്റെ വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ ഇവിടെ നിന്ന് വാങ്ങികൊടുത്തത്..?
ഇപ്പോൾ കല്യാണത്തിന് ഇട്ടുകൊണ്ട് പോകാൻ എനിക്ക് കമ്മൽ ഇല്ല.. ഫാൻസിയിൽ നിന്ന് ഒരു ജോഡി കമ്മൽ വാങ്ങാൻ എനിക്കൊരു 100 രൂപ തരുമോ..? ”
വല്ലാത്തൊരു ജാള്യതയോടെയാണ് രേഖ അത് ചോദിച്ചത്.” നീയെന്താ രേഖ ഇങ്ങനെ ഒന്നുമറിയാത്ത പോലെ സംസാരിക്കുന്നത്..? ഒരു ജോഡി കമ്മലിന് 100 രൂപയോ..? ഇങ്ങനെ അനാവശ്യമായി ചെലവാക്കി കളയാൻ നമ്മുടെ കയ്യിൽ പണമുണ്ടോ..?
നിനക്കിടാൻ കമ്മൽ ഇല്ലെങ്കിൽ തൽക്കാലം അമ്മയുടെ കമ്മൽ വാങ്ങി ഇട്ടോ.. കല്യാണം കഴിഞ്ഞ് തിരികെ വരുമ്പോൾ അമ്മയ്ക്ക് കൊടുത്താൽ മതി.. ”
രമേശ് അത് പറഞ്ഞു മുറിയിൽ നിന്ന് ഇറങ്ങി പോയിട്ടും രേഖയ്ക്ക് വല്ലാത്ത സങ്കടം തോന്നുന്നുണ്ടായിരുന്നു.
ഫാൻസിയിൽ നിന്നുള്ള ഒരു ജോഡി കമ്മൽ പോലും തനിക്ക് സ്വന്തമായി വാങ്ങാൻ കഴിയില്ല എന്നൊരു തോന്നൽ അവൾക്കുള്ളിൽ ഉടലെടുത്ത് കഴിഞ്ഞിരുന്നു.
അതിന് പിന്നാലെയാണ്,അമ്മായിയമ്മയുടെ വക ഈ ഉപദേശം..! അതും കൂടിയായപ്പോൾ രേഖയ്ക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
തനിക്ക് സ്വന്തമായി ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇവരുടെ ആരുടേയും അനുവാദത്തിന് കാത്തു നിൽക്കേണ്ടി വരുമായിരുന്നില്ല..!
വേദനയോടെ രേഖ ഓർത്തു. അപ്പോഴും അവൾക്കുള്ളിൽ തെളിഞ്ഞു വന്നത് മറ്റൊരു രേഖയുടെ മുഖമായിരുന്നു. വിവാഹത്തിനു മുൻപുള്ള രേഖയുടെ മുഖം..!
രേഖയുടെ അച്ഛനും അമ്മയ്ക്കും അവൾ ഒരേയൊരു മകളായിരുന്നു. അച്ഛൻ ഒരു കൂലിപ്പണിക്കാരനാണ്.
അമ്മ അങ്ങനെ പ്രത്യേകിച്ച് ജോലിക്കൊന്നും പോകുന്ന ആളായിരുന്നില്ല. അച്ഛന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് മാത്രമാണ് ആ കുടുംബം മുന്നോട്ട് പോയിരുന്നത്.
അതുകൊണ്ടു തന്നെ പലപ്പോഴും ആ കുടുംബത്തിന്റെ പല ആവശ്യങ്ങളും നടക്കാതെ പോയിട്ടുണ്ട്.
രേഖയുടെ പ്രായത്തിലുള്ള പെൺകുട്ടികൾ പലരും, അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ നടക്കുമ്പോൾ തനിക്ക് അങ്ങനെയൊരു അവസരം കിട്ടുന്നില്ലല്ലോ എന്ന് രേഖ പലപ്പോഴും വിഷമത്തോടെ ഓർത്തിട്ടുണ്ട്.
വർഷത്തിലൊരിക്കൽ മാത്രമായിരിക്കും രേഖയ്ക്ക് പുതുവസ്ത്രം വാങ്ങുക. സ്ലൈഡോ പൊട്ടോ ഒക്കെ വാങ്ങണമെങ്കിൽ പലപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. അത്രത്തോളം ബുദ്ധിമുട്ടി തന്നെയായിരുന്നു ആ കുടുംബം മുന്നോട്ടു പോയത്.
ആ ബുദ്ധിമുട്ടുകൾ കണ്ടു വളർന്നതു കൊണ്ട് തന്നെ, നന്നായി പഠിച്ച് എത്രയും വേഗം നല്ലൊരു ജോലി സ്വന്തമാക്കി, അച്ഛന് താങ്ങായി നിൽക്കാൻ കഴിയണമെന്ന് അവൾക്ക് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു.
ആ ആഗ്രഹം മുൻനിർത്തി തന്നെയാണ് അവൾ നന്നായി പഠിച്ചത്. പഠനം കഴിഞ്ഞ് വെക്കേഷൻ സമയത്ത്, അവൾ ഒരു കമ്പ്യൂട്ടർ ക്ലാസിന് ചേർന്നു.
ആ ക്ലാസ്സ് കഴിഞ്ഞതോടെ അവൾക്ക് തൊട്ടടുത്ത് ഒരു സൂപ്പർമാർക്കറ്റിൽ ചെറിയൊരു ജോലി ശരിയാവുകയും ചെയ്തു. ബില്ലിംഗ് സെക്ഷനിൽ ആയിരുന്നു ജോലി. രാവിലെ മുതൽ വൈകുന്നേരം വരെ ഡ്യൂട്ടി ഉണ്ടാകും.
എത്രയൊക്കെ കഷ്ടപ്പാടുകൾ സഹിച്ചിട്ടാണെങ്കിലും മാസത്തിന്റെ തുടക്കത്തിൽ കയ്യിൽ കിട്ടുന്ന ആ ഒരു പണം, അവൾക്കും അവളുടെ കുടുംബത്തിനും ഒരുപാട് വിലപ്പെട്ടതായിരുന്നു.
അവൾക്ക് ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ അച്ഛനും അമ്മയ്ക്കും അവൾ ഓരോ ജോഡി പുതിയ വസ്ത്രങ്ങൾ വാങ്ങി കൊടുത്തു. അന്ന് അച്ഛന്റെയും അമ്മയുടെയും സന്തോഷം അവൾ കണ്ടറിഞ്ഞതാണ്.
അവൾക്ക് കിട്ടിയിരുന്നത് ചെറിയൊരു വരുമാനം ആണെങ്കിൽ പോലും അതിൽ അവളും ആ കുടുംബവും സന്തുഷ്ടരായിരുന്നു. പലപ്പോഴും അച്ഛന് കൈത്താങ്ങായി നിൽക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു.
അങ്ങനെയിരിക്കെ ബ്രോക്കർ വഴിയാണ് അവൾക്ക് ഒരു വിവാഹാലോചന വരുന്നത്. ആ അച്ഛനും അമ്മയ്ക്കും സന്തോഷം തന്നെയായിരുന്നു.
കാരണം വിവാഹപ്രായം എത്തിയ പെൺമക്കൾ വിവാഹം ചെയ്യാതെ വീട്ടിൽ നിൽക്കുന്നത് എത്രയൊക്കെയാണെങ്കിലും അച്ഛനും അമ്മയ്ക്കും വേദന തന്നെയാണ്.
തങ്ങളുടെ കഴിവിനനുസരിച്ച് നന്നായി തന്നെയാണ് അവർ ആ വിവാഹം നടത്തിയത്.
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറിയപ്പോൾ ഏതൊരു പുതു പെണ്ണിനെയും പോലെ അവൾക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഉണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് അവൾ ജോലിക്ക് പോയി തുടങ്ങിയപ്പോൾ മുതൽ വീട്ടിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി.
രാവിലെ അവൾ ജോലിക്ക് പോയി കഴിഞ്ഞാൽ വീട്ടിലെ പണികൾ ചെയ്യാൻ ആളില്ല എന്ന് അമ്മായി അമ്മ പറഞ്ഞപ്പോൾ, വെളുപ്പിനെ നേരത്തെ എഴുന്നേറ്റു കൊണ്ട് അവൾ പണികളൊക്കെ തീർത്തു വച്ചു.
എന്നിട്ടും അവരുടെയൊന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിരുന്നില്ല. ഒരിക്കൽ ഒരു വൈകുന്നേരം അവൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ 10 മിനിറ്റ് വൈകിയിരുന്നു. അത് അവളുടെ ഭർത്താവിനെയും അമ്മായിയമ്മയെയും ചൊടിപ്പിക്കുകയും ചെയ്തു.
“നാളെ മുതൽ നീ ജോലിക്ക് പോകണ്ട. നേരം വെളുക്കുമ്പോൾ ഇവിടെ നിന്ന് ഇറങ്ങി പോകും. ഇതുപോലെ ഏതെങ്കിലും നേരം ആകുമ്പോൾ കയറി വരികയും ചെയ്യും. അല്ലാതെ ഈ കുടുംബവുമായി ഒരു ബന്ധവും ഇല്ലാത്ത പരിപാടികളാണ് അവൾ കാണിക്കുന്നത്.”
ഭർത്താവ് അത് പറഞ്ഞപ്പോൾ അവൾക്ക് സഹിച്ചില്ല. അവളും അയാളെ എതിർത്ത് സംസാരിക്കാൻ തുടങ്ങി. ഒടുവിൽ അത് എത്തിച്ചേർന്നത് കയ്യാങ്കളിയിൽ ആയിരുന്നു.
പിന്നീട് അവൾക്ക് ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല.വീടും കുടുംബവുമായി ആ ചുറ്റുവട്ടത്ത് തന്നെ കറങ്ങി തിരിയുകയായിരുന്നു അവളുടെ ജീവിതം.
ഇന്നിപ്പോൾ ഒരു പൊട്ട് വാങ്ങണമെങ്കിലും സാനിറ്ററി നാപ്കിൻ വാങ്ങണമെങ്കിലും, എന്തിന് സ്വന്തം ആവശ്യത്തിന് ഒരു രൂപ ചെലവാക്കണമെങ്കിൽ പോലും ഭർത്താവ് ഉൾപ്പെടെ എത്ര പേരോട് കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന് അവൾക്ക് തന്നെ നിശ്ചയം ഇല്ല.
തനിക്ക് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടാതിരുന്നെങ്കിൽ ഒരിക്കലും തനിക്ക് ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു എന്ന് അവൾ പലപ്പോഴും ഓർക്കാറുണ്ട്.
വീട്ടിൽ എല്ലാവർക്കും വസ്ത്രങ്ങൾ വാങ്ങുമ്പോൾ, പണം തികഞ്ഞില്ല എന്നൊരു കാരണം പറഞ്ഞു അവൾക്ക് മാത്രം പലപ്പോഴും അത് കിട്ടാറില്ല. സ്വന്തമായി പണമുണ്ടായിരുന്നെങ്കിൽ അങ്ങനെയെങ്കിലും വാങ്ങാമായിരുന്നു..!
തന്റെ അനുഭവങ്ങൾ ഉള്ളിലുള്ളത് കൊണ്ട് തന്നെ തന്റെ പെൺമക്കളോട് അവൾ പറഞ്ഞു പഠിപ്പിക്കാറുണ്ട്.
” എന്തൊക്കെ സംഭവിച്ചാലും സ്വന്തം കാലിൽ നിൽക്കാൻ ഒരു വരുമാനം പെണ്ണിന് എന്നും അത്യാവശ്യമാണ്. വരുമാനം എത്ര ചെറുതും ആയിക്കോട്ടെ..
പക്ഷേ പെണ്ണിന് സ്വന്തമായി വരുമാനമുള്ളതാണ് അവളുടെ അടിത്തറ. എവിടെയും അവൾക്കൊരു വില കിട്ടണമെങ്കിൽ സ്വന്തമായി വരുമാനം ഉണ്ടാകണം..!”