വയസ്സൻ ഭർത്താവ്
(രചന: ശ്യാം കല്ലുകുഴിയിൽ)
“ഇങ്ങേർക്കൊക്കെ ഈ പെണ്ണിനെ കിട്ടിയിട്ട് എന്ത് കാണിക്കാൻ ആണോ ആവോ….”
” ആ പെണ്ണിന്റെ വിധി, ഇനിയിപ്പോ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണി ആകാതെ ഇരുന്നാൽ മതിയായിരുന്നു…”
രമേശിന്റെ രണ്ടാം കെട്ടിന് വീട്ടിൽ കൂടിയ അയൽക്കരുടെയും ബന്ധുക്കളുടെയും അടക്കം പറച്ചിലും ചിരിയും ഇടയ്ക്കൊക്കെ രമേശന്റെ ചെവിയിൽ പതിഞ്ഞെങ്കിലും
അയാൾ അത് കേൾക്കാത്ത മട്ടിൽ എല്ലാവർക്കും മുൻപിൽ ചിരിക്കുന്ന മുഖവുമായി തന്നെ നിന്നു…
ഏതാണ്ട് അറുപതിനോട് അടുത്താണ് രമേശന്റെ പ്രായം, മക്കൾക്ക് നാലും ആറും പ്രായം ഉള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത്, അതിൽ പിന്നെ അയാളുടെ ആ രണ്ട് പെണ്മക്കൾക്ക് വേണ്ടിയാണ് രമേശൻ ജീവിച്ചതത്രയും,’പെണ്മക്കൾ അല്ലെ വളർന്ന വരുന്നത് അവർക്ക് എന്തായാലും ഒരമ്മ വേണം..’
അത് പറഞ്ഞ് പലരും അയാളെ കൊണ്ട് മറ്റൊരു വിവാഹം നടത്താൻ ശ്രമിച്ചു എങ്കിലും മറ്റൊരു സ്ത്രീയ്ക്കും തന്റെ മക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എല്ലാത്തിൽ നിന്നും രമേശൻ ഒഴിഞ്ഞു മാറുകയായിരുന്നു…
പെണ്മക്കളെ രണ്ടിനെയും നല്ലപോലെ പഠിപ്പിച്ച് വിവാഹം കഴിച്ചയപ്പിക്കുമ്പോൾ ആ വീട്ടിൽ പിന്നെ അയാൾ തനിച്ചായി.
ഭർത്താക്കന്മാർക്കൊപ്പം വിദേശത്തേക്ക് താമസം മാറ്റിയ മക്കളുടെ തീരുമാനം ആയിരുന്നു തനിച്ചായ അച്ഛന് വീണ്ടുമൊരു കല്യാണം.
ഈ വയസ്സാം കാലത്ത് ഇനി ഇത് വേണ്ട എന്ന് പറഞ്ഞയാൾ ഒഴിഞ്ഞു മാറുമ്പോൾ തനിച്ചായിപ്പോയ രമേശനും ഇടയ്ക്ക് എപ്പോഴേ ഒരു കൂട്ട് വേണമെന്ന് മനസ്സിൽ തോന്നി തുടങ്ങി…
പതിയെ അച്ഛന്റെ എതിർപ്പ് കുറഞ്ഞു വന്നപ്പോൾ മക്കൾ കല്യാണക്കാര്യവും ആയി മുന്നോട്ട് പോയി.
ഇളയ മകളുടെ ഭർത്താവിന്റെ അകന്ന ബന്ധത്തിലുള്ള സ്ത്രീയാണ് സീത, ഏതാണ്ട് നൽപ്പത്തിനോട് പ്രായം തോന്നുന്ന, ഇരുനിറത്തിലുള്ള, അൽപ്പം തടിച്ച ഒരു സ്ത്രീ ആയിരുന്നു അവർ…
അവരും മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ട്, ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്ക വയ്യാതെയാണവർ ആ വീട് വിട്ടിറങ്ങിയത്, തിരികെ വീട്ടിൽ വന്ന അവളെ വീട്ടുകാർ സ്വീകരിച്ചെങ്കിലും കുറ്റപ്പെടുത്തിയത് മുഴുവൻ നാട്ടുകാർ ആയിരുന്നു.
ഏട്ടത്തിക്ക് ചെറിയ മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും ഏട്ടൻ ആയിരുന്നു അവളുടെ ആശ്വാസം, അമ്മ മരിച്ച ശേഷം കാര്യങ്ങൾ ഒക്കെ നിയന്ത്രിക്കുന്നത് ഏട്ടത്തിയായി,
അവരുടെ കുറ്റപ്പെടുത്തലുകൾ അതിര് കടക്കുമ്പോൾ നിസ്സഹായതയോടെ മിണ്ടാതെ നിൽക്കുന്ന ഏട്ടനെയും പ്രായം ചെന്ന അച്ഛനെയും കണ്ട് തുടങ്ങിയപ്പോഴാണ് ആ വീട്ടിൽ അവൾ അതികപ്പറ്റാണെന്ന് മനസ്സിലായി തുടങ്ങിയത്…
നാട്ടിൽ വന്ന മക്കൾ തന്നെയാണ് അച്ഛനെയും കൂട്ടി സീതയെ കാണാൻ പോയത്…” ഈ വിവാഹത്തിന് സീതയ്ക്ക് താല്പര്യം ഉണ്ടോ…”
മുറ്റത്തെ മാവിൻ ചോട്ടിൽ ഏറെ നേരം പരസ്പരം മിണ്ടാതെ നിന്ന ശേഷമാണ് രമേശൻ സീതയോട് അത് ചോദിച്ചത്…
” എനിക്ക് എതിർപ്പ് ഒന്നുമില്ല…”സീതയുടെ ശബ്ദവും ഉറച്ചത് ആയിരുന്നു, പിന്നെയവർ പര്സപരം ഒന്നും മിണ്ടാതെ തന്നെയാണ് അന്ന് പിരിഞ്ഞത്.
സെറ്റ് സാരിയുടുത്ത് കല്യാണത്തിന് അമ്പലത്തിൽ വരുമ്പോഴാണ് രമേശൻ പിന്നെ സീതയെ കാണുന്നത്. സീതയുടെ കഴുത്തിൽ രമേശൻ താലി കെട്ടുമ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും ഇല്ലാത്തത് രമേശൻ ശ്രദ്ധിച്ചിരുന്നു…
മകളുടെ കയ്യിൽ നിന്ന് നിലവിളക്ക് വാങ്ങി വലതുകാൽ വച്ച് ആ വീട്ടിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് രമേശൻ കണ്ടിരുന്നു,
തിരക്കുള്ള മക്കൾ അന്ന് വൈകുന്നേരം തന്നെ തിരികെ പോകുമ്പോൾ ആ വീട്ടിൽ രമേശനും സീതയും മാത്രമായി..” സീത വേണമെങ്കിൽ ഒന്ന് കുളിച്ച് വന്നോളൂ….”
എല്ലാവരും പോയി കഴിഞ്ഞ് മുറിയിൽ തന്നെ ഇരിക്കുന്ന സീതയോട് രമേശൻ ചെന്ന് പറയുമ്പോൾ അവർ ഒന്നും മിണ്ടാതെ എഴുന്നേറ്റ് ..
” ആ അലമാരയിൽ ഡ്രെസ്സ് ഉണ്ടാകും… “രമേശൻ വീണ്ടും പറയുമ്പോൾ സീത അലമാരയുടെ അടുക്കലേക്ക് ചെന്ന് അത് തുറന്ന് അൽപ്പനേരം അങ്ങനെ നോക്കി നിന്നു…” തുണികളൊക്കെ മക്കൾ വാങ്ങി വച്ചതാ… ”
നിറയെ തുണികൾ കൊണ്ട് നിറഞ്ഞ അലമാരയിലേക്ക് നോക്കി നിൽക്കുന്ന സീതയോട് രമേശൻ പറയുമ്പോൾ, അവർ അതിൽ നിന്ന് ഒരു കോട്ടൻ സാരിയും ബ്ലൗസും എടുത്ത് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു..
കുളിമുറിയിൽ കയറി ഡ്രെസ്സ് മാറ്റി ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ കാരണമില്ലാതെ അവൾ അന്ന് കുറെ കരഞ്ഞു,
കുളി കഴിഞ്ഞ് സാരിയും ഉടുത്ത് തിരികെ മുറിയിൽ വരുമ്പോൾ രമേശൻ അവിടെ ഉണ്ടായിരുന്നില്ല, ഇനി എന്ത് ചെയ്യണം എന്നറിയാതെ അവൾ വീണ്ടും ജന്നാൽ കമ്പികൾ പിടിച്ച് പുറത്തേക്ക് നോക്കി അങ്ങനെ നിന്നു..” സീത വരൂ, ആഹാരം കഴിക്കാം..”
വീണ്ടും മുറിയിൽ രമേശന്റെ ശബ്ദം ഉയർന്നപ്പോൾ ആണ് രമേശൻ മുറിയിൽ എത്തിയത് സീത അറിഞ്ഞത്, മുറിയിൽ നിന്ന് തിരിഞ്ഞു നടക്കുന്ന രമേശന്റെ പിന്നാലെ സീതയും നടന്നു.
മേശപ്പുറത്ത് എടുത്ത് വച്ചിരുന്ന ഉച്ചയ്ക്കത്തെ ഭക്ഷണം ചൂടാക്കിയിരിക്കുന്നു എന്ന് സീതയ്ക്ക് മനസ്സിലായി…
മേശയ്ക്കു മുൻപിൽ ഇരുന്ന സീതയ്ക്ക് ഭക്ഷണം വിളമ്പി കൊടുത്തത് രമേശൻ തന്നെയാണ്. അവൾ തല ഉയർത്തി അയാളെ നോക്കാതെ തന്നെയാണ് അല്പം ഭക്ഷണം കഴിച്ചത്.
രമേശൻ കഴിച്ച പാത്രവും ആയി അടുക്കളയിലേക്ക് പോകുമ്പോഴും സീത തന്റെ മുന്നിൽ ഇരിക്കുന്ന ചോറും പാത്രത്തിൽ വെറുതെ വിരലോടിച്ച് തന്നെ ഇരിക്കുക ആയിരുന്നു…
” വിശപ്പ് ഇല്ലെങ്കിൽ എഴുന്നേറ്റോളു, വെറുതെ അഹരത്തെ അപമാനിക്കേണ്ട…”
അടുക്കളയിൽ നിന്ന് വന്ന രമേശൻ അത് പറഞ്ഞപ്പോൾ കഴിച്ച പാത്രവും ആയി സീത അടുക്കളയിലേക്ക് നടന്നു…
സീത അടുക്കളയിൽ നിന്ന് തിരികെ മുറിയിൽ എത്തുമ്പോൾ രമേശൻ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുക ആയിരുന്നു, എന്ത് പറയണം എന്നറിയാതെ അവൾ കട്ടിലിന്റെ ഒരു മൂലയിൽ ഇരുന്നു…
” സീത കിടന്നോളൂ….”അത് പറഞ്ഞ് അയാൾ മുറിയിലെ ലൈറ്റ് അണച്ച് പുറത്തേക്ക് പോകുമ്പോൾ സീത ഒന്നും മിണ്ടതെ കട്ടിലിൽ കിടന്നു,
അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും വെളുപ്പിന് എപ്പോഴോ ആണ് സീത ഉറങ്ങിയത്. രാവിലെ കണ്ണ് തുറക്കുമ്പോൾ മുറിയിലേക് വെളിച്ചം പടർന്നിരുന്നു…’ ഈശ്വര സമയം കുറെ ആയല്ലോ…’
സീത അതും മനസ്സിൽ പറഞ്ഞ് അഴിഞ്ഞു കിടന്ന മുടി വാരി കെട്ടി സാരി നേരെ ആക്കിക്കൊണ്ട് മുറിയിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.
അവൾ അവിടേക്ക് നടക്കുമ്പോൾ രമേശൻ തലയിൽ തോർത്തും കെട്ടി അടുക്കളയിൽ എന്തോ ചെയ്യുന്നത് കണ്ടു…” ഇനി ഇതൊക്കെ ഞാൻ ചെയ്തോളാം…”
ദോശ കല്ലിൽ കിടന്ന ദോശ മറിച്ചിട്ടുകൊണ്ട് സീത പറയുമ്പോൾ ആണ് രമേശൻ അവളെ കാണുന്നത്, തലയിൽ ചുറ്റിയിരുന്ന തോർത്ത് തോളിലേക്ക് ഇട്ടുകൊണ്ട് രമേശൻ ഒന്ന് ചിരിച്ചു…
” നല്ല ഉറക്കം ആയിരുന്നു അതാണ് വിളിക്കാതെ ഇരുന്നത്…” രമേശൻ കട്ടൻ കാപ്പി ഊതിയറ്റി കുടിക്കുന്ന കൂട്ടത്തിൽ പറഞ്ഞു…” ഞാൻ ഉറങ്ങിപ്പോയി….”സീതയുടെ മുഖത്തും ഉണ്ടായിരുന്നു ചിരി…
” അവൾ പോയെ പിന്നെ ഞാൻ എന്നും രവിലെ എഴുന്നേൽക്കും, അന്നൊക്കെ മക്കൾക്കുള്ള ആഹാരം എല്ലാം ഞാൻ തന്നെ ഉണ്ടാക്കും, പിന്നെ അതങ്ങ് ശീലമായി, മക്കൾ വളർന്നു,
അവരെ കെട്ടിച്ചു വിട്ടു എന്നാലും ഞാൻ എന്നും രാവിലെ എഴുന്നേൽക്കും ശീലങ്ങൾ ഒന്നും പെട്ടെന്ന് മാറ്റാൻ പറ്റില്ലല്ലോ…”
അത് പറഞ്ഞയാൾ കട്ടൻ കാപ്പിയും ആയി പുറത്തേക്ക് നോക്കി അടുക്കള വാതിലിൽ ചാരി നിന്നു. രമേശനോട് എന്ത് പറയണം എന്നറിയാതെ സീതയും വിഷമിച്ചു…
” സീതയ്ക്ക് രാവിലെ കട്ടൻ കാപ്പി കുടിക്കുന്ന ശീലം ഉണ്ടേൽ കാപ്പി ആ പാത്രത്തിൽ ഉണ്ട്…”
കുടിച്ച ഗ്ലാസ് കഴുകി വയ്ക്കുമ്പോഴാണ് രമേശൻ അത് പറഞ്ഞത്. അത് പറഞ്ഞ് പുറത്തെ ചായ്പ്പിൽ കൂട്ടി ഇട്ടിരിക്കുന്ന തേങ്ങ ഒന്നെടുത്ത് അയാൾ പൊതിച്ചു,
അത് മുറിക്കുമ്പോൾ അതിൽ ഒരു മുറിയിൽ ഉണ്ടായിരുന്ന വെള്ളം നേരെ വായിലേക്ക് ആക്കി തിരിഞ്ഞു നോക്കുമ്പോൾ സീത ചിരിച്ചു കൊണ്ട് അയാളെയും നോക്കി നിൽക്കുക ആയിരുന്നു…” ഇതും ഒരു ശീലമായിപ്പോയി…”
ചിരിച്ചു കൊണ്ട് അതും പറഞ്ഞ് ഒരു തേങ്ങ മുറി അടുക്കള സ്ലാബിൽ കമിഴ്ത്തി വച്ച്, മറ്റേ തേങ്ങ മുറി തിരുമാനയി എടുത്തു….
” അത് അവിടെ വച്ചോളൂ ഞാൻ ചെയ്തോളം…”രമേശനെ തടഞ്ഞു കൊണ്ട് സീത പറയുമ്പോൾ രമേശൻ അത് അവിടെ തന്നെ വച്ചു…
” എന്നാൽ ഇന്നിനി സീതയുടെ കൈപുണ്യം നോക്കാം…”ചിരിച്ചു കൊണ്ട് അതും പറഞ്ഞ് രമേശൻ മുറ്റത്തേക്ക് ഇറങ്ങി…
” ആ പിന്നെ ഉച്ചതേയ്ക്ക് ഒന്നും ഉണ്ടാക്കേണ്ട കാപ്പി കുടി കഴിഞ്ഞ് നമുക്ക് ഒന്ന് പുറത്ത് പോകണം…”
മുറ്റത്ത് നിന്ന് പല്ല് തേയ്ക്കുന്ന കൂട്ടത്തിൽ അടുക്കളയിലേക്ക് എത്തി നോക്കി രമേശൻ പറഞ്ഞു…
ഭക്ഷണം ഉണ്ടാക്കി കുളിച്ച് വന്ന് അവർ ഒരുമിച്ചാണ് രാവിലെ കഴിക്കാൻ ഇരുന്നത്. സീതയാണ് അയാൾക്ക് ആഹാരം വിളമ്പി കൊടുത്തതും..
” ആഹാ ചമ്മന്തി നന്നായിട്ടുണ്ട്…”രമേശന്റെ പ്രശംസയ്ക്ക് സീത ഒന്ന് ചിരിച്ചതെയുള്ളൂ…” കഴിച്ച് കഴിഞ്ഞിട്ട് വേഗം റെഡി ആയിക്കോ..”
ഭക്ഷണം കഴിച്ച് കൈ കഴുകുന്ന കൂട്ടത്തിൽ ആണ് രമേശൻ അത് പറഞ്ഞത്, സീത ഭക്ഷണം കഴിച്ച് മുറിയിൽ എത്തുമ്പോൾ രമേശൻ റെഡിയായി കഴിഞ്ഞിരുന്നു, അവൾക്ക് ഡ്രെസ്സ് മാറാനായി അയാൾ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി…
“നമുക്ക് ബസ്സിന് പോകാം…”സീത റെഡിയായി വന്നപ്പോൾ അതും പറഞ്ഞ് വീടും പൂട്ടി രമേശൻ മുറ്റത്തേക്ക് ഇറങ്ങി, ഒപ്പം സീതയും.
അവർ ഒരുമിച്ച് കവലയിലൂടെ നടന്ന് പോകുമ്പോൾ പലരും ഒളിഞ്ഞ് നിന്ന് അവരെ നോക്കുന്നതും കളിയാക്കി ചിരിക്കുന്നതും അവർ രണ്ട് പേരും കണ്ടിരുന്നു. ചിലരുടെ ചിരി കാണുമ്പോൾ സീത അയാളോട് ചേർന്ന് നടന്നു…
കുറച്ച് നേരം ബസ്സ് സ്റ്റോപ്പിൽ നിന്ന ശേഷമാണ് അവരുടെ ബസ്സ് വന്നത്, സീത മുന്നിലൂടെയും രമേശൻ പുറകിലൂടെയും ആണ് ബസ്സിൽ കയറിയത്,
ഒഴിഞ്ഞ സീറ്റിൽ സീത ഇരുന്ന് തിരിഞ്ഞ് രമേശനെ നോക്കുമ്പോൾ അയാൾ അവൾക്കരികിൽ വന്നിരുന്നു.
പുറത്തെ കാഴ്ച്ച കണ്ട് സീത അയാളെ ചേർന്നിരുന്നപ്പോൾ അയാളുടെ ഉള്ളിൽ എവിടെയൊക്കെയോ മീരയുടെ സാമിപ്യം വന്നുപോയി…
ഒരു ചെറിയ കവലയിൽ ആണ് അവർ ബസ്സ് ഇറങ്ങിയത്, അയാൾക്കൊപ്പം സീതയും മുന്നോട്ട് നടന്നു, ആ വഴി ചെന്ന് നിന്നത് പഴയ ഓട് മേഞ്ഞ ചെറിയ വീട്ടിലാണ്.
വീടും പരിസരവും കണ്ടാൽ അറിയാം അവിടെ ആൾതാമസം ഇല്ലെന്ന്, കാട് പിടിച്ച് കിടക്കുന്ന മുറ്റത്തിൽ നിന്ന് അൽപം മാറി ചെന്ന് നിന്ന് അയാൾ നിൽക്കുമ്പോൾ സീതയും അയാൾക്ക് പുറകിലായി നിന്നു…
രമേശൻ അവിടത്തെ പാഴ് ചെടികൾ മാറ്റുമ്പോൾ നീളത്തിൽ ചുടുകല്ലുകൾ നിരത്തി വച്ചിരിക്കുന്നത് സീത കണ്ടു,
ആരെയോ അടക്കം ചെയ്ത സ്ഥലം ആണെന്ന് അവൾക്ക് മനസ്സിലായി എങ്കിലും അതിനെ കുറിച്ചൊന്നും സീത രമേശനോട് ചോദിച്ചില്ല…
അൽപ്പനേരം അവിടെ നിന്ന ശേഷമാണ് രമേശൻ വീടിന്റെ ഉമ്മറത്തേക്ക് കയറിയത്,
കൈ ഉയർത്തി ഉത്തരത്തിൽ പരതുമ്പോൾ താക്കോൽ കൂട്ടം അയാളുടെ കയ്യിൽ തടഞ്ഞു, അതെടുത്ത് വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ സീത ഒന്നും മനസ്സിലാകാതെ ഉമ്മറത്ത് തന്നെ നിൽക്കുക ആയിരുന്നു…
” കയറി വരൂ സീതെ…”വീടിന്റെ ഉള്ളിലേക്ക് കയറി രമേശൻ വിളിക്കുമ്പോൾ സീത മടിച്ച് ആണെങ്കിലും വീട്ടിലേക്ക് കയറി.
ഉള്ളിലേക്ക് കയറുമ്പോൾ ഭിത്തിയിൽ നിറയെ രമേശനും കൂടെ ഒരു സ്ത്രീയും ഉള്ള ഫോട്ടോ തൂക്കി ഇട്ടേക്കുന്നത് കണ്ടു, ആ സ്ത്രീ ആയിരിക്കും അയാളുടെ ഭാര്യ എന്ന അവൾ മനസ്സിൽ ഉറപ്പിച്ചു. അവരുടെ മാത്രമല്ല കുട്ടികളുടെയും ഫോട്ടോ ഉണ്ട്…
” വരൂ സീതെ….”മറ്റൊരു മുറിയുടെ വാതിൽക്കൽ ചെന്ന് നിന്ന് രമേശൻ വിളിച്ചപ്പോഴാണ് സീത ചുവരിലെ ഫോട്ടോയിൽ നിന്ന് കണ്ണെടുത്ത് അയാളെ നോക്കിയത്.
അപ്പോഴേക്കും രമേശൻ മുറിയിൽ കയറി ജന്നലകൾ തുറന്നിട്ടു, മുറിയിലേക്ക് പുറത്ത് നിന്ന് വെളിച്ചവും തണുത്ത കാറ്റും വന്നു തുടങ്ങി…
” സീത ഇരിക്ക്….”കട്ടിലിൽ ഇരുന്ന് കൊണ്ട് രമേശൻ വിളിക്കുമ്പോൾ മുറിയ്ക്ക് ചുറ്റും കണ്ണോടിച്ചു കൊണ്ട് സീതയും ഇരുന്നു..
” മീര അതായിരുന്നു അവളുടെ പേര്, അമ്മയാണ് അവളെ കണ്ടുപിടിച്ചത്, അമ്മയുടെ ഇഷ്ടത്തിന് തന്നെയാണ് അവളെ കെട്ടിയതും, കാണാൻ വല്യ സൗന്ദര്യം ഒന്നും ഇല്ല ആള് അൽപ്പം കറുത്തിട്ട് ആയിരുന്നു…”
മുറിയിലെ മേശപ്പുറത്ത് ഇരുന്ന അവരുടെ കല്യാണ ഫോട്ടോ കയ്യിലെടുത്ത് രമേശൻ പറയുമ്പോൾ അയാളിൽ നിന്ന് ആ ഫോട്ടോ വാങ്ങി സീത നോക്കി ഇരുന്നു…
” അവൾ പഠിക്കാൻ മിടുക്കി ആയിരുന്നു, ഞാൻ അവളെ വീണ്ടും പഠിപ്പിച്ചു,ടെസ്റ്റുകൾ എഴുതിപ്പിച്ച് അവൾ ജോലിയും നേടി, അതുവരെ നമ്മുടെ ജീവിതം സന്തോഷത്തിൽ ആയിരുന്നു, അതിനിടയിൽ മൂത്ത കുട്ടിയും ജനിച്ചു,
ജോലിക്ക് പോയി കഴിഞ്ഞ് പിന്നെ പതിയെ അവളുടെ സ്വാഭാവം മാറി മാറി വന്നു, ആദ്യമൊക്കെ ജോലിയിലെ തിരക്കും ടെൻഷനും കൊണ്ടാകും എന്ന് ഞാനും കരുതി…
പതിയെ പലരും അവളെ കുറിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങി, കൂടെ ജോലി ചെയ്യുന്ന ഒരളുമായി അടുപ്പത്തിൽ ആണ്, അവരെ പല സ്ഥലത്തും വച്ച് കണ്ടു എന്ന് പറഞ്ഞപ്പോഴും ഞാൻ അത് വിശ്വസിച്ചില്ല.
ഇളയവൾ ജനിച്ചു കഴിഞ്ഞ് വീണ്ടും ജോലിക്ക് പോയി തുടങ്ങിയപ്പോഴാണ് എനിക്കും എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയത്, പിന്നെ ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം അവളെ അയാൾക്കൊപ്പം കാണുകയും ചെയ്തു…
അതിൽ പിന്നെ നമ്മൾ തമ്മിൽ തീരെ മിണ്ടതെയായി, നമുക്കിടയിൽ അകൽച്ച കൂടി കൂടി വന്നു,
ഒരു രാത്രി എന്തോ സംസാരിച്ച് തുടങ്ങിയത് വഴക്കിൽ ആണ് അവസാനിച്ചത്, അവനുമായി ഉള്ള ബന്ധം അവൾ സമ്മതിച്ചില്ലെങ്കിലും ഞാൻ തെളിവുകൾ നിർത്തിയപ്പോൾ അവൾക്ക് മറുപടി ഒന്നും ഇല്ലായിരുന്നു….
പിന്നെ നമ്മുടെ ജീവിതത്തിൽ നീണ്ട മൗനം ആയിരുന്നു, മൗനം കൊണ്ടാണ് ഞാൻ അവളെ ശിക്ഷിച്ചത്,
കാര്യങ്ങൾ അറിഞ്ഞ അവൻ ജോലി മാറ്റം വാങ്ങി പോയതോടെ അവളും ആകെ തകർന്നു, ഒരു രാത്രി തെറ്റുകൾ എല്ലാം ഏറ്റുപറഞ്ഞ് അവളെന്റെ കാലുപിടിച്ച് കരഞ്ഞു,
അപ്പോഴും എന്നിൽ മൗനം മാത്രം ആയിരുന്നു എങ്കിലും എനിക്ക് അവളെ വെറുക്കാൻ കഴിയില്ലായിരുന്നു. അന്ന് രാത്രി അവൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല…
എത്രയൊക്കെ തെറ്റ് ചെയ്തു എന്ന് പറഞ്ഞാലും എന്തോ എനിക്ക് അവളെ വെറുക്കാൻ ഈ നിമിഴം വരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം…..”
അത് പറയുമ്പോൾ സീത കാണാതെ രമേശൻ കണ്ണുകൾ തുടച്ചു. സീത ഒന്ന് കൂടി അയാൾക്ക് അരികിലേക്ക് ചേർന്ന് ഇരുന്ന് ആ കൈകളിൽ മുറുകെ പിടിച്ചു….
“ഇവിടെ ജീവിച്ചാൽ മനസ്സ് കൈ വിട്ട് പോകുമെന്ന് ആയപ്പോൾ ആണ് മക്കളെയും കൊണ്ട് ദൂരേക്ക് മാറിയത്,
പക്ഷെ ഇടയ്ക്കൊക്കെ ഞാൻ തനിച്ച് ഇവിടെ വന്നിരിക്കാറുണ്ട്, ഇപ്പോഴും ഈ കാര്യങ്ങൾ ഒന്നും മക്കളോട് പറഞ്ഞിട്ടില്ല ഞാൻ, സീതയോട് എല്ലാം പറയണമെന്ന് തോന്നി, അതാണ് ഇവിടേക്ക് കൂട്ടിയത്…”
രമേശൻ അത് പറഞ്ഞു കഴിയുമ്പോൾ അയാളുടെ തോളിലേക്ക് തല ചാരി സീത ഇരുന്നു…
” നമ്മൾ തമ്മിൽ പ്രായത്തിൽ ഒരുപാട് അന്തരമുണ്ട്, നമ്മൾ പുറത്ത് ഇറങ്ങുമ്പോൾ ഒരുപാട് പരിഹാസ ചിരികൾ കാണാം, അർത്ഥം വച്ച വാക്കുകൾ കേൾക്കാം, അതിനൊയൊക്കെ അവഗണിച്ച് ജീവിച്ചു കാണിക്കാൻ കഴിയണം നമുക്ക്…”
” നമ്മൾ എന്തിന് നാട്ടുകാരെ നോക്കണം, ഒരുപാട് പരിഹാസ ചിരികളും, കെട്ട് കഥകളും കേട്ടവളും നേരിട്ടവളും ആണ് ഞാൻ, ഇപ്പോഴും എന്റെ നാട്ടിൽ തിരക്കിയൽ നല്ല നല്ല കഥകൾ കേൾക്കാൻ പറ്റും.
ആദ്യമൊക്കെ അതോർത്ത് കുറെ കരഞ്ഞും ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാറേയില്ല,
നമ്മെ കുറ്റപ്പെടുത്തുന്നവരുടെ മുന്നിലൂടെ ചിരിച്ചു കൊണ്ട് അങ്ങു നടക്കണം. ആര് കുറ്റപ്പെടുത്തിയാലും നിനക്ക് ഞാനുണ്ട് എന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ ഒരാൾ ഉണ്ടെങ്കിൽ അതിലും വല്യ ആശ്വാസവും സന്തോഷവും വേറെ എന്താണ് ഉള്ളത്….”
സീത അത് പറയുമ്പോൾ രമേശൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു..” എനിക്ക് എല്ലാം അറിയാം, എല്ലാ കാര്യങ്ങളും അറിഞ്ഞിട്ട് തന്നെയാണ് ഞാൻ സീതയെ കാണാൻ തീരുമാനിച്ചതും…”
രമേശൻ അത് പറഞ്ഞു കഴിയുമ്പോൾ സീതയുടെ ഉള്ളിൽ എവിടെയൊക്കെയോ ഒരു നീറ്റിൽ അനുഭവപ്പെട്ടു, പിന്നെ രണ്ടു പേരും ഒന്നും മിണ്ടാതെ അങ്ങനെ കുറെ നേരം ഇരുന്നു…
” നമുക്ക് തിരികെ പോകാം ….”അയാളുടെ കര വയലത്തിൽ നിന്ന് മറിക്കൊണ്ട് സീത പറയുമ്പോൾ പോകാനായി രമേശനും എഴുന്നേറ്റു. വീട് പൂട്ടി താക്കോൽ വീണ്ടും പഴയ സ്ഥലത്ത് വച്ച് രമേശൻ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ സീതയുടെ കൈ ചേർത്ത് പിടിച്ചിരുന്നു..
തിരികെ ബസ്സിൽ കയറി കവലയിൽ ഇറങ്ങുമ്പോൾ വീണ്ടും നാട്ടുകാർ അവരേപറ്റി മുറുമുറുപ്പ് തുടങ്ങി. തങ്ങളെ നോക്കി ചിരിക്കുന്നവരെ കണ്ടപ്പോൾ സീത അയാളിലേക്ക് ചേർന്ന് നടന്ന് ആ കയ്യിൽ മുറുക്കെ പിടിച്ചു,
രമേശനും സീതയും ചിരിച്ചുകൊണ്ട് കവലയിലൂടെ നടക്കുമ്പോൾ നാട്ടുകാർ വീണ്ടും മുറുമുറുപ്പ് തുടർന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു….