വൈകി വന്നൊരു പൂക്കാലം
രചന: Vandana
” സാജൻ സാറിനോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നുന്നു.. ഇഷ്ടമെന്ന് പറയുമ്പോൾ അതു തന്നെ മാഷേ.. നല്ല പരിശുദ്ധമായ പ്രണയം..സാർ ഇതിനോടകം അത് മനസിലാക്കിയിട്ടുണ്ടാകും എന്നെനിക്കറിയാം.. നമുക്ക്.. നമുക്ക് ഒന്നിച്ചു ജീവിച്ചുകൂടെ സാറേ.. ”
കണ്ണടച്ചു കിടന്നപ്പോൾ സാജന്റെ മനസ്സിൽ തെളിഞ്ഞത് രാധികയുടെ വാക്കുകളാണ്.. ഒരു വൈകുന്നേരത്തു പതിവുള്ള ഒന്നിച്ചുള്ള ചായയുടെ സമയത്താണ് രാധിക മനസ്സ് തുറന്നത്. തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ ഓടിക്കളയുകയും ചെയ്തു..
സാജന് ചിരി വന്നു.. പ്രണയത്തിന് പ്രായമില്ലെന്ന് പറയുന്നത് എത്ര ശരിയാണ്! അല്ലെങ്കിൽ നാൽപതുകളിൽ എത്തി നിൽക്കുന്ന, വിവാഹമോചിതനായ , പതിമൂന്നു വയസുള്ള ഒരു പെൺകുട്ടിയുടെ അപ്പനായ തന്നോട് അവൾക്ക് പ്രണയം തോന്നുമോ??
ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. ചുമട്ടു തൊഴിലാളിയായ അപ്പന്റെ പ്രാരാബ്ദങ്ങളും ജോലിയില്ലാത്ത കാലത്തെ വല്ലായ്മകളും ഒക്കെ കണ്ടറിഞ്ഞു വളർന്നത് കൊണ്ട് സ്ഥിരവരുമാനമുള്ള ജോലി
എന്നതായിരുന്നു അന്ന് തൊട്ടേയുള്ള സ്വപ്നം. അതിനുവേണ്ടിയാണ് പരിശ്രമിച്ചത് മുഴുവൻ. അതിന്റെ ഫലമെന്നോണം കിട്ടിയതാണ് വില്ലേജ് ഓഫീസിലെ ജോലി..
അപ്പനായി ഉണ്ടാക്കിയതും അല്ലാത്തതുമായ പ്രാരാബ്ദങ്ങളും ആണൊരുത്തന്റെ തലയിൽ എഴുതപ്പെട്ട എല്ലാ ബാധ്യതകളും കഴിഞ്ഞു കല്യാണം ആയപ്പോളേക്കും വയസ്സ് ഒത്തിരി അതിക്രമിച്ചു. മുപ്പത്തി രണ്ടാം വയസ്സിൽ അവൾ ജീവിതത്തിലേക്ക് വന്നു. മൃദുല.
അവൾ സുന്ദരിയും പ്രായത്തിൽ ഏറെ ഇളയവളുമായിരുന്നു. ഗവണ്മെന്റ് ജോലിയെന്ന ഒരൊറ്റ കാരണത്താൽ അവളെ തന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ മകളുടെ മനസ്സറിയാൻ അവളുടെ വീട്ടുകാരോ, അവളുടെ മനസ്സറിയാൻ താനോ ശ്രമിച്ചില്ല. ജീവിതത്തിലെ ഏറ്റവും വലിയ പിഴകളിൽ ഒന്ന്..
അവളുടെ ഇഷ്ടങ്ങളും തന്റേതും എന്നും വേറെ വേറെ ആയിരുന്നു. ചെറിയ മുറുമുറുപ്പിൽ തുടങ്ങുന്ന പരിഭവങ്ങൾ വലിയ കലഹങ്ങളിൽ കലാശിച്ചു. അവളോടുള്ള സ്നേഹം അവളെ ബോധ്യപ്പെടുത്തുന്നതിൽ താനും, തന്നോടുള്ള സ്നേഹം സ്ഥാപിച്ചെടുക്കുന്നതിൽ അവളും ദയനീയമായി പരാജയപ്പെട്ടു.
ഒടുക്കം അവളുടെ ഏതോ സുഹൃത്തിനോട് പ്രണയം തളിർത്തപ്പോൾ അത് പരിപൂർണ്ണമായി പരാജയപ്പെട്ടു. മകളെ പ്രസവിച്ചു തനിക്ക് തന്നു നാല് വർഷത്തെ ദാമ്പത്യത്തിന് അവസാനമിട്ട് അവൾ പോകുമ്പോൾ വയസ്സ് മുപ്പത്തി ആറ്..
ഇനിയും പെണ്ണ് കെട്ടാൻ പ്രായം ബാക്കിയാണെന്നു പലരും പറഞ്ഞെങ്കിലും അതിനു ചെവി കൊടുത്തില്ല. പകരം ജീവിതം അവളിലേയ്ക്ക് ചുരുങ്ങി.. മകളിലേയ്ക്.. മൃദുല ഏൽപ്പിച്ചുപോയ നിധി.. തന്റെ റാണിമോൾ..
തന്നെയും മോളെയും ഉപേക്ഷിച്ചു പോയ മൃദുലയോടുള്ള ദേഷ്യം അമ്മയും മറ്റുള്ളവരും കുത്തുവാക്കുകളായും അവഗണനയായും കുഞ്ഞിലേയ്ക്ക് ചൊരിയുന്നു എന്ന് കണ്ടാണ് ട്രാൻസ്ഫർ വാങ്ങി പോന്നത്. പിന്നെ സത്യത്തിൽ ജീവിതം ഒരു യാത്ര തന്നെയായിരുന്നു. പല പല സ്ഥലങ്ങളിലായി മാറി മാറി യാത്ര..
ഇപ്പൊ റാണിമോൾക്ക് വയസ്സ് പതിമൂന്ന് ആകാറായി… ഇനി ഞാൻ ഹൈസ്കൂൾ ആണ് പപ്പാ. ഇങ്ങനെ ഓടാൻ പറ്റത്തില്ല എന്നവൾ കളിയായി പറഞ്ഞപ്പോൾ തനിക്കും തോന്നി.. ഇനി സ്ഥിരമായി ഒരു നാട് വേണമെന്ന്.. അങ്ങനെയാണ് കഴിഞ്ഞ വർഷം ഇവിടെ എത്തിയത്..
മനോഹരമായ ഒരു കൊച്ചു ഗ്രാമം. സ്നേഹമുള്ള നാട്ടുകാർ.. സഹപ്രവർത്തകർ.. പുതിയ സ്കൂളും കൂട്ടുകാരുമൊക്കെ റാണിമോൾക്കും പ്രിയപ്പെട്ടതായി.. അന്നുതോട്ടെ കാണുന്നതാണ് രാധികയെ. പുതിയ
ഓഫീസിൽ ഉള്ളയാളാണ് രാധിക. വളരെ പ്രസന്നവതിയായ എപ്പോളും എല്ലാവരോടും ചിരിച്ചു സംസാരിച്ചു സദാ ഊർജസ്വലയായ ഒരു ചെറുപ്പക്കാരി..
തനിക്ക് ആദ്യം കിട്ടിയ വാടകവീട്ടിൽ വെള്ളത്തിന്റെ പ്രശ്നം തുടങ്ങിയപ്പോളാണ് പുതിയ ഒരു വീട് നോക്കിയത്. എല്ലാത്തിനും പ്യൂൺ അച്ചുവേട്ടൻ സഹായിച്ചു. രണ്ടാമത് കിട്ടിയ
വീട് തനിക്കും മോൾക്കും ഒത്തിരി ഇഷ്ടമായി. ചെറിയ മനോഹരമായ ഒരു കിളിക്കൂട് എന്നാൽ അതിലേറെ അതിശയം തോന്നിയത് തൊട്ടടുത്ത വീട്ടിൽ രാധികയെ കണ്ടപ്പോളാണ്..
രാധികയ്ക്കും അതൊരു ഞെട്ടൽ തന്നെയായിരുന്നു. സൗഹൃദം പുതുക്കുന്നതിനിടെ അവർ ഒറ്റയ്ക്കാണ് താമസം എന്നറിഞ്ഞപ്പോൾ അതിലേറെ അതിശയമായി. കൂടുതൽ എന്തെങ്കിലും ചോദിക്കാൻ മനസ്സ് അനുവദിച്ചില്ല. അവൾ തിരിച്ചും ചോദിച്ചാൽ ഭാര്യ ഉപേക്ഷിച്ചവൻ എന്ന് പറയേണ്ടി വരുമോ എന്ന് ഭയം.. അപകർഷത..
താൻ അവരുമായി അകലം പാലിച്ചുവെങ്കിലും, പതിയെ റാണിമോളും രാധികയും വലിയ കൂട്ടായി. റാണിമോൾക്ക് അവൾ രാധു ആന്റിയായിരുന്നു.. റാണി സ്കൂൾ വിട്ട് വന്നാൽ രാധികയുടെ വീട്ടിലേയ്ക്ക് പോകുന്നതും, അവിടെ ഒത്തിരി സമയം ചിലവഴിക്കുന്നതും പതിവായിരുന്നു.
രാധിക അവൾക്ക് നൃത്തം പഠിപ്പിച്ചു കൊടുത്തു.. അവളുടെ ഉടുപ്പുകളിൽ ഭംഗിയുള്ള പൂക്കളും പൂമ്പാറ്റകളും തുന്നിച്ചേർത്തു.. അവളുടെ മുടി ഭംഗിയായി പല തരത്തിൽ കെട്ടി കൊടുത്തു.
അവൾക്ക് കണ്ണെഴുതിച്ചും പൊട്ട് തൊടീച്ചും അവളെ ഒരുക്കി. അവൾക്ക് ഒരുപാട് പലഹാരങ്ങളും വിഭവങ്ങളും ഉണ്ടാക്കി നൽകി. അവരൊന്നിച്ച് ഷോപ്പിംങിനും സിനിമയ്ക്കും ഒക്കെ പോയി..
എന്തിനേറേ താൻ രണ്ടു പെഗ്ഗടിക്കുന്ന വരാന്ത്യങ്ങളിൽ രാധികയോടൊപ്പം അവൾ താമസിച്ചു. ഒന്നിനും താൻ എതിരായിരുന്നില്ല.. സത്യത്തിൽ അരുതെന്ന് വിലക്കാൻ ഭയമായിരുന്നു.. വിലക്കിയാൽ മകളും വിട്ടുപോകുമോ എന്ന് ഭയം..
അങ്ങനെ ഒരു ആഴ്ചവസാനം അച്ചുവേട്ടനോടൊത്തു കൂടിയ ദിവസമാണ് രാധികയെ പറ്റി കൂടുതൽ അറിഞ്ഞത്.. തന്റെ കാര്യങ്ങളൊക്കെ ആകെ പറഞ്ഞിരുന്നത് അച്ചുവേട്ടനോടാണ്.
അദ്ദേഹം വെറുമൊരു സാഹപ്രവർത്തകൻ എന്നതിൽ കവിഞ്ഞു നല്ലൊരു സുഹൃത്തും സഹോദരനും ഒക്കെയായിരുന്നു. അന്ന് എന്തൊക്കെയോ പറഞ്ഞു അവസാനം സംസാരം രാധികയിൽ എത്തി.
രാധികയെ പറ്റി അച്ചുവേട്ടൻ വാചാലനായി. സർക്കാർ ജോലി കിട്ടി എന്ന പേരിൽ വീട്ടുകാർ തന്നെ കല്യാണം മുടക്കി കറവപ്പശു ആക്കിക്കളഞ്ഞ ഒരു സാധു. അവസാനം അവരുടെ എല്ലാ
ആവശ്യങ്ങളും കഴിഞ്ഞിട്ടും പിന്നെയും തന്നെ ശ്വാസം മുട്ടിക്കുന്നതിനു പ്രതികരിച്ചപ്പോൾ അഹങ്കാരിയും തന്റെടിയുമായി മുദ്ര കുത്തപ്പെട്ടവൾ..
അവസാനം സ്വന്തം അദ്ധ്വാനമൊക്കെ നഷ്ടപ്പെട്ടു, ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് അവരിൽ നിന്നൊക്കെ അകന്നു ഈ നാട്ടിൽ എത്തി ഒറ്റയ്ക്ക് താമസിക്കുന്നു. കഥകളൊക്കെ കേട്ടപ്പോൾ രാധികയോട് പാവം തോന്നി.. എങ്കിലും തമ്മിലുള്ള അകലം അങ്ങനെ നിന്നു.
പിന്നെ എന്ന് മുതലാണ് രാധികയെ താൻ ശ്രദ്ധിച്ചത്? അവൾ തന്നെ ശ്രദ്ധിച്ചത്? റാണിമോൾ ഒരു വലിയ പെൺകുട്ടിയായ ദിവസം.. രക്തക്കറ പുരണ്ട വസ്ത്രവുമായി അവൾ ഭയന്നു പതറി നിന്ന ദിവസം.. അങ്ങനെ ഒരു ദിവസം താൻ മുൻകൂട്ടി കണ്ടിരുന്നെങ്കിലും അന്ന് ആ ദിവസം എത്തിയപ്പോൾ തീർത്തും നിസ്സഹായനായി..
അവളെ എങ്ങനെ പരിചരിക്കും? എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ ഉഴറിയപ്പോളാണ് രാധികയെ ഓർത്തത്.. അവളുടെ വീട്ടിൽ ചെന്ന് അവളെ കൂട്ടിവന്നു. തന്റെ പരിഭ്രമം കണ്ട് ഭയന്ന് ഓടിവന്ന അവൾ കാര്യമറിഞ്ഞപ്പോൾ പുഞ്ചിരിച്ചു.. റാണിമോളെ ചേർത്തുപിടിച്ചു ചുംബിച്ചു.
തന്റെ അടുക്കളയിൽ കയറി പൊടിയരിക്കഞ്ഞി ഉണ്ടാക്കി. ചെറുചൂടുവെള്ളത്തിൽ അവളെ കുളിപ്പിച്ച് സ്വന്തം കയ്യിൽ നിന്നും നാപ്കിൻ കൊണ്ടുവന്നു അവളെ ധരിപ്പിച്ചു. മുഷിഞ്ഞു പഴകിയ ബെഡ്ഷീറ്റ് മാറ്റി
അവൾ തന്നെ കൊണ്ടുവന്ന പുതിയ ബെഡ്ഷീറ്റ് വിരിച്ചു.. മോൾക്ക് കഞ്ഞി കോരിക്കൊടുത്തു. അവൾക്ക് സാന്ത്വനവും ഉപദേശങ്ങളും ഒക്കെ നൽകി അവളോടൊപ്പം നിന്നു. റാണിമോൾ മയങ്ങിയ ശേഷമാണ് രാധിക മുറി വിട്ട് പുറത്തു വന്നത്..
” സാറ് വല്ലതും കഴിച്ചോ?? “ആദ്യമായി തന്നോടായി അവളുടെ ചോദ്യം..ഇല്ലെന്ന് തലയാട്ടിയപ്പോൾ അവൾ തന്നെ തനിക്കും കഞ്ഞി വിളമ്പി തന്നു. ഒപ്പം അവളും കഴിച്ചു.
” സാറ് പേടിച്ചോ? ഇതൊക്കെ വേണ്ടതല്ലേ സാറേ? പെൺകുട്ടികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിൽ ഒന്നാണിത്.”
താൻ മറുപടി ഒന്നും പറയാഞ്ഞിട്ടും രാധിക പിന്നെയും വാചാലയായി.”മോളിപ്പോ ഉഷാറായി കേട്ടോ.. അവൾക്ക് എല്ലാം അറിയാം.. പെട്ടെന്ന് ആളൊന്നു വല്ലാതായതാണ്.. സാറിനി അതോർത്തു വേവലാതിപ്പെടേണ്ട “പാത്രങ്ങൾ എടുത്തെണീയ്ക്കവേ അവൾ പറഞ്ഞപ്പോ താൻ പുഞ്ചിരിച്ചു.
” രാധിക ഇന്നിവിടെ നിൽക്കാമോ.? മോൾക്ക് വല്ല അസ്വസ്ഥതയും വന്നാൽ… “മടിച്ചു മടിച്ചാണ് ചോദിച്ചത്. പക്ഷേ കേട്ടപാതി അവൾ സമ്മതിച്ചു. അവളും അതാഗ്രഹിച്ച പോലെ..
” അതിനെന്താ സാറേ.. പിന്നെ മോളേ രണ്ടുദിവസം സ്കൂളിൽ വിടേണ്ട.. ഞാനും ലീവ് എടുക്കാം.. “” അത് പ്രയാസമാവില്ലേ? ലീവ് വെറുതെ ”
” എനിക്ക് ആർക്കുവേണ്ടിയും ഒന്നിന് വേണ്ടിയും ലീവ് എടുക്കാനൊന്നും ഇല്ലെന്നെ ”
പറഞ്ഞത് പോലെ തന്നെ അവൾ ലീവ് എടുത്തു.. രണ്ടല്ല.. മൂന്ന് ദിവസം.. മോളുടെ ടീച്ചർമാരെ വിളിച്ചു സംസാരിച്ചതൊക്കെ രാധിക തന്നെയാണ്. അവൾ അവകാശത്തോടെ ഒരോന്ന് ചെയ്തപ്പോൾ തനിക്ക് എതിർക്കാൻ കഴിഞ്ഞില്ല.. രാധികയും റാണിമോളും
തമ്മിലുള്ള ബോണ്ട് കൂടുതൽ ശക്തമാവുകയായിരുന്നു. ഒപ്പം ചില പാളിനോട്ടങ്ങൾ തന്റെ നേർക്കും വന്നു തുടങ്ങി.. അവളുടെ ഒരോ നോട്ടവും, കരുതലും താനും അറിഞ്ഞു തുടങ്ങി..
അന്നത്തെ ദിവസത്തോടെ സംസാരിച്ചു തുടങ്ങാനുള്ള മടി അവൾക്ക് നഷ്ടപ്പെട്ടിരുന്നു. തിരിച്ചു താൻ ഒന്നും പറഞ്ഞില്ലെങ്കിലും ഒരുപാട് വിശേഷങ്ങൾ അവൾ ഇങ്ങോട്ട് പറയാൻ തുടങ്ങി. ആ നാട്ടിലെ കാര്യങ്ങളൊ.. ഓഫീസിലെ താനറിയാത്ത വിശേഷങ്ങളോ.. അല്ലെങ്കിൽ രാധികയുടെ സ്വന്തം വിശേഷങ്ങളോ..
ഒക്കെ. ആദ്യമൊക്കെ താനത് വലിയ കാര്യമായി ഗൗനിച്ചിരുന്നില്ല. പക്ഷേ പോകെ പോകെ ആ വിശേഷങ്ങൾക്ക് വേണ്ടി മനസ്സ് കാത്തിരിക്കാൻ തുടങ്ങി.. പിന്നെ സ്വയം തിരിച്ചറിഞ്ഞു.. ആ കാത്തിരിപ്പ് ആ വിശേഷങ്ങൾക്ക് വേണ്ടിയല്ല..അവൾക്ക് വേണ്ടിയാണെന്ന്.. അവളുടെ സാമീപ്യത്തിനായുള്ള തുടിപ്പാണെന്ന്.. മനസ്സ് വിളിച്ചു പറഞ്ഞു.
തനിക്ക് അവളോട് പ്രണയമാണെന്ന്.. ഹൃദയം ആർദ്രമാവാൻ തുടങ്ങുകയായിരുന്നു.. മനസ്സ് എന്തൊക്കെയോ മോഹിക്കാനും. എന്നിട്ടും താൻ അജ്ഞത നടിച്ചു.. തനിക്ക് അപകർഷതയായിരുന്നു.. നാല്പതു കഴിഞ്ഞ ഒരുവന്റെ ചപലമായ തൃഷ്ണകൾ ഓർത്ത് ..
അതിലേറെ ഭയമായിരുന്നു.. റാണിമോളെ ഓർത്ത്.. അവളുടെ മനസ്സിലെ അച്ഛനെന്ന തന്റെ ചിത്രത്തിൽ വീഴുന്ന പോറലുകൾ ഓർത്ത്.. മുൻ ജീവിതനുഭവങ്ങൾ തന്നെ ഒരു ഭീരുവാക്കിയിരുന്നു.. എന്നിട്ടും ഒരു ദിവസം രാധിക മുന്നിൽ വന്നു നിന്നു.. എന്നിട്ട് തന്നോട് അവളുടെ മനസ്സ് തുറന്നു..
” സാജൻ സാറിനോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നുന്നു.. ഇഷ്ടമെന്ന് പറയുമ്പോൾ അതു തന്നെ മാഷേ.. നല്ല പരിശുദ്ധമായ പ്രണയം..സാർ ഇതിനോടകം അത് മനസിലാക്കിയിട്ടുണ്ടാകും എന്നെനിക്കറിയാം.. നമുക്ക്.. നമുക്ക് ഒന്നിച്ചു ജീവിച്ചുകൂടെ സാറേ..”
ആ വാക്കുകൾ കാതിൽ പിന്നെയും പിന്നെയും ആവർത്തിച്ചു.. എന്നിട്ടും തന്നിലെ ഭീരു തന്റെ നാവിനെയും മനസ്സിനെയും ബന്ധിച്ചു.. ഏറെ ദുഖത്തോടെ എടുത്ത തീരുമാനം
ആയിരുന്നു ട്രാൻസ്ഫറിനു അപേക്ഷ കൊടുക്കാനും രാധികയിൽ നിന്നും അകലാനും.. റാണിമോൾ മാത്രം മതിയിനി ജീവിതത്തിൽ എന്നും.. പക്ഷേ വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ചയിൽ ഞെട്ടിപ്പോയി..
റാണിമോൾ കാത്തിരിക്കുകയായിരുന്നു..” പപ്പാ രാധുവാന്റിയോട് yes പറഞ്ഞോ പപ്പാ..? ആന്റിയെ ഉടനെ നമ്മുടെ കൂടെ കൂട്ടുവോ? ”
റാണിമോളുടെ ചോദ്യത്തിൽ പതറിപ്പോയി.. അപ്പോൾ മോൾക്കും അറിയാമായിരുന്നു.. അവളുടെ സമ്മതം വാങ്ങിയ ശേഷമാണ് രാധിക തന്നോട് പറഞ്ഞത്..” അത് വേണ്ട മോളേ.. നമുക്ക് നമ്മൾ മതി ”
അവളോട് പറഞ്ഞപ്പോൾ ശബ്ദം ഇടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.” കഷ്ടമുണ്ട് പപ്പാ.. എനിക്കറിയാം പപ്പയ്ക്ക് ആന്റിയെയും ഇഷ്ടമാണ്.. എനിക്കും ഒത്തിരി ഇഷ്ടമാണ് പപ്പാ ആന്റിയെ.. പാവമാ.. ആന്റിയെ നമ്മുടെ കൂടെ കൂട്ടാം പപ്പാ ”
റാണിമോളോട് പറയാൻ വാക്കുകൾ ഒന്നും കിട്ടിയില്ല..” നോക്ക് പപ്പാ.. ഞാൻ വലിയ കുട്ടിയായി. എനിക്കറിയാം.. പപ്പയ്ക്ക് ലൈഫിൽ ഒരു കൂട്ട് വേണം.. ഞാൻ പഠിക്കാനോ ജോലിക്കൊ ഒക്കെ പോയാലും എന്റെ പപ്പാ തനിച്ചാവരുത്..
അതുപോലെ ആന്റിയ്ക്കും ഒരു കൂട്ട് വേണം.. പപ്പാ ആന്റിയെ കല്യാണം കഴിച്ചാൽ ഞാൻ ഒരിക്കലും വിഷമിക്കില്ല.. പപ്പയോടു എനിക്കുള്ള ഇഷ്ടം കൂടുകയേ ഉള്ളൂ.. ആന്റിയെ പോലെ ഒരു നല്ല അമ്മയെ തന്നാൽ.. ”
റാണിമോളുടെ കണ്ണുകൾ നിറഞ്ഞു കണ്ടു. അത് പക്ഷേ സങ്കടമല്ലായിരുന്നു.. സന്തോഷമായിരുന്നു. അവളുടെ ഉള്ളിലെ അത്രമേൽ തീവ്രമായ ആഗ്രഹമായിരുന്നു. അവൾക്കൊരു സമ്മതമെന്ന പോലെ ഒരു പുഞ്ചിരി നൽകിയപ്പോളാണ് അകത്തു
നിന്നും രാധികയെ അവൾ കൂട്ടി വന്നത്.. രാധികയുടെ മുഖത്തും സന്തോഷമോ ചമ്മലോ ഒക്കെ കലർന്നൊരു നനഞ്ഞ ചിരിയായിരുന്നു.. മൂന്നുപേരുടെയും കണ്ണുകൾ ചിരിയോടെ നിറഞ്ഞു..
നാളെ ഇനി ഏറ്റവും ലളിതമായ രീതിയിൽ ആ വിവാഹമാണ്.. അതു കഴിഞ്ഞാൽ രാധിക തനിക്കൊരു നല്ലപാതിയായി, റാണിമോളുടെ അമ്മയായി ഈ കൂട്ടിൽ ചേരും.. ഓർത്തപ്പോൾ പിന്നെയും രാധികയുടെ വാക്കുകൾ മനസ്സിൽ നിറഞ്ഞു..
” സാജൻ സാറിനോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നുന്നു.. “ആ ഓർമയിൽ അയാളുടെ ചൊടികളിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞപ്പോൾ തൊട്ടടുത്ത ജാലകത്തിനപ്പുറം മറ്റൊരുവളുടെ ഹൃദയത്തിലും വൈകി വന്നൊരു പൂക്കാലം പരിമളം പരത്താൻ തുടങ്ങിയിരുന്നു..