നിനക്കെന്താ ഈ വീട്ടിൽ മലമറിക്കുന്ന പണി ” – എന്നു ഞാനവളോട് പലതവണ ചോദിച്ചിട്ടുണ്ട്. ശെരിക്കും അതിന്റെ ബുദ്ധിമുട്ട് ഞാനറിഞ്ഞത്

മോഹം
(രചന: P Sudhi)

”ഏട്ടാ…നമ്മുടെ പുതിയ കാറിൽ എന്നെ കയറ്റി ഒന്നു ചുറ്റാമോ… ഇനി ചിലപ്പൊ അതിനു പറ്റിയില്ലെങ്കിലോ…” – ആശുപത്രിക്കിടക്കയിൽ കിടന്നു കൊണ്ടുള്ള അവളുടെ ആ ചോദ്യം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു.

അന്നും ഇന്നും വളരെ കുഞ്ഞുകുഞ്ഞു മോഹങ്ങളേ അവൾക്കുണ്ടായിരുന്നുള്ളൂ… പക്ഷെ അതൊന്നും തിരിച്ചറിയാനും സാധിച്ചു കൊടുക്കാനും കഴിയാത്ത ഒരു ഭർത്താവായിരുന്നു ഞാൻ.

അവളുടെ ഇരുപത്തിമൂന്നാം വയസ്സിൽ ഞാൻ അവളെ വിവാഹം ചെയ്യുമ്പോൾ അവൾക്കു നഷ്ടമായത് എം.ബി.എ എന്ന അവളുടെ സ്വപ്നമായിരുന്നു.

വിവാഹ ശേഷം പഠിപ്പിക്കാമെന്ന വാക്കു ഞാൻ പാലിക്കപ്പെടാതിരുന്നപ്പോഴും അവൾ യാതൊരു പരാതിയും പറഞ്ഞിരുന്നില്ല.

വിവാഹശേഷം ഞാനെന്ന ലോകത്തിൽ അവൾ സന്തോഷത്തോടെ ഒതുങ്ങിക്കൂടി. ഞാൻ കൂട്ടുകാരുമായി ലോകം ചുറ്റുമ്പോൾ വീട്ടിലെ ജോലികളുമായി അവളുടെ ലോകം എന്റെ വീടിന്റെ ഉമ്മറത്തിനും പിന്നാമ്പുറത്തിനുമിടയിലൊതുങ്ങി.

“നിനക്കെന്താ ഈ വീട്ടിൽ മലമറിക്കുന്ന പണി ” – എന്നു ഞാനവളോട് പലതവണ ചോദിച്ചിട്ടുണ്ട്. ശെരിക്കും അതിന്റെ ബുദ്ധിമുട്ട് ഞാനറിഞ്ഞത് അവൾ ആശുപത്രി കിടക്കയിൽ ആയപ്പോഴായിരുന്നു.

രാവിലെ എഴുന്നേറ്റു ചെല്ലുമ്പോൾ കൺമുന്നിൽ കിട്ടുന്ന ചായ മുതൽ തീൻമേശയിൽ എത്തുന്ന എനിക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾക്കൊരു നല്ല വാക്ക് ഞാൻ ഇതേവരെ അവളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല.

അതുണ്ടാക്കാൻ അടുക്കളയിലെ ചൂടിലെ കരിയിലും പുകയിലും കിടന്നവൾ അനുഭവിക്കുന്ന കഷ്ടപ്പാട് ഞാനറിഞ്ഞത് ഞാനാദ്യമായി അടുക്കളയിൽ കയറിയപ്പോഴാണ്.

മാസാവസാനം ശമ്പളം കിട്ടുമ്പോൾ എനിക്കു അടിച്ചുപൊളിക്കാനം കറങ്ങി നടക്കാനുമുള്ള പണം ഞാനതിൽ നിന്നാദ്യം മാറ്റുകയാണ് പതിവ്. എന്നിട്ടൊരു തുച്ഛമായ തുക വീട്ടു സാധനങ്ങൾ വാങ്ങാനും വീട്ടു ചെലവുകൾക്കുമായി അവളെ ഏൽപിക്കും.

ആ തുകകൊണ്ട് വീട്ടാവശ്യങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ അവൾ ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്ന് മനസ്സിലാക്കിയത് ആദ്യമായി വീട്ടു സാധനങ്ങൾ വാങ്ങാൻ ഞാൻ പോയപ്പോഴാണ്.

എന്നിട്ടും ആ നിസാരമായ തുകയിൽ നിന്നവൾ മിച്ചം പിടിച്ചിരുന്നു എന്നോർത്തപ്പോൾ ഞാനത്ഭുതപ്പെട്ടു പോയി.അങ്ങനെ അവൾ പിടിച്ചുണ്ടാക്കിയ ചില നോട്ടുകൾ ജീരകം ഇട്ടു വയ്ക്കുന്ന പാത്രത്തിൽ ഞാൻ കണ്ടിട്ടുണ്ട്.

വീട്ടു സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് നടന്നു പോകുന്ന അവളെ പലതവണ കണ്ടിട്ടുണ്ടെങ്കിലും ഒന്നു കൂടെ ചെല്ലാനോ അവളെ സഹായിക്കാനോ ചെയ്യാതെ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് ടി.വിയിലോ മൊബൈലിലോ മുഴുകാറാണ് ഞാൻ ചെയ്യാറ്.

അവൾ ആകെ ഒരാവശ്യം പറഞ്ഞിരുന്നത് ഒരു വാഷിങ് മെഷീൻ മാത്രമായിരുന്നു.അതും എനിക്കു ബോണസ് കിട്ടിയപ്പോൾ മാത്രം.

വിട്ടുമാറാത്ത നടുവേദനക്കാരിയായ അവൾ എന്റെ ഭാരമുള്ള ജീൻസും മറ്റു കുപ്പായങ്ങളും അലക്കു കല്ലിൽ അടിച്ചുകഴുകുന്നതിനിടക്ക് വേദനയോടെ നടു നിവർത്തുന്ന അവളുടെ വാഷിങ് മെഷീൻ എന്നൊരാവശ്യം എനിക്കൊരു അനാവശ്യമായിരുന്നു.

പകരം ബോണസു കിട്ടിയ പണം എനിക്കു വിലകൂടിയ ബ്രാൻഡഡ് ഷർട്ടും ഷൂസും വാങ്ങാപയോഗിച്ചപ്പോഴും ഇവൾ കെറുവിച്ചില്ല. അല്ലെങ്കിലും മാസാമാസം ഞാൻ എനിക്കു പുതിയ ഷർട്ടും പാൻസും വാങ്ങുമ്പോഴും ആണ്ടിലൊരിക്കൽ ഞാൻ വാങ്ങി നല്കിയ വില കുറഞ്ഞ കോട്ടൺ സാരിയിൽ അവൾ സംതൃപ്തയായിരുന്നു.

ഒരു കാർ വാങ്ങണമെന്ന എന്റെ അടങ്ങാത്ത ആഗ്രഹസാഫല്യത്തിനായി സ്വന്തം കയ്യിലും കഴുത്തിലുമുളളതൊക്കെ ഊരിനല്കുമ്പോൾ എന്റെ സന്തോഷവും പിന്നെ വല്ലപ്പോഴും എന്റെയൊപ്പം കാറിൽ ഒരു കറക്കമെന്ന മോഹവും മാത്രമായിരുന്നു അവൾക്ക്.

എന്നിട്ടും പുതിയ കാർ വന്നപ്പോൾ അവളെയൊന്നു കയറ്റാൻ പോലും ഞാൻ മെനക്കെട്ടില്ല. പൊടിയും ചെളിയും പിടിച്ചകാർ അവൾ കഴുകിയിടുമ്പോൾ മാത്രം അതിന്റെ മുന്നിലെ സീറ്റിൽ കൊതിയോടെ ഇരുന്നു നോക്കുന്ന അവളെ ഞാൻ പലതവണ കണ്ടിട്ടുണ്ട്.

ഒരു മാസത്തിനു മുൻപ് ” വയ്യ.. എനിക്കൊന്നു ആശുപത്രിയിൽ പോകണം… ” – എന്നവൾ പറഞ്ഞെങ്കിലും എന്റെ തിരക്കുകൾക്കിടയിൽ ഞാനതു കാര്യമാക്കിയില്ല. എനിയ്ക്കൊരു ജലദോഷം വന്നാൽ മരുന്നും മന്ത്രവുമായി ഉറങ്ങാതെ എനിക്കു കാവലിരിയ്ക്കുന്ന അവളെ ഞാൻ മനപ്പൂർവം മറന്നു.

ദിവസങ്ങൾക്കപ്പുറം അടുക്കളയിൽ വീണു കിടന്ന അവളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അന്നാട്ടിൽ പകർന്നു പിടിച്ചൊരു പനി അവളെയും പിടികൂടിയെന്നു തിരിച്ചറിഞ്ഞത്.

ഇന്നിപ്പോൾ അസുഖം കലശലായി ആശുപത്രിക്കിടക്കയിലായപ്പോഴും അവളുടെ മോഹം ഞാനുമായി ഒന്നിച്ച് കാറിൽ ഒരു യാത്ര മാത്രമായിരുന്നു.

കുറച്ചു ദിവസങ്ങൾക്കിപ്പുറം അവളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തി കാറോടിക്കുമ്പോൾ സന്തോഷം കൊണ്ടവളുടെ കണ്ണു നിറയുന്നതു ഞാൻ കണ്ടു.

അവളുടെ വലതുകൈയ്യിൽ മുറുകെ പിടിക്കുമ്പോൾ തണുത്തുറഞ്ഞ അവളുടെ കയ്യിലെ സ്നേഹത്തിന്റെയും കരുതലിന്റെയും ചൂട് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *