നിന്റെ അമ്മയുടെ കൂടെ ഒരു അങ്കിളിനെ കണ്ടല്ലോ ആരാത് ? രണ്ടുമൂന്ന് ഫ്രണ്ട്സ് അത് ചോദിച്ചപ്പോൾ കൂടെ വർക്ക് ചെയ്യുന്ന അങ്കിൾ

(രചന: അംബിക ശിവശങ്കരൻ)

 

സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ പതിവിലും വൈകിയാണ് അമേയ സ്കൂളിൽ നിന്നിറങ്ങിയത്.

സ്പെഷ്യൽ ക്ലാസ് ഉള്ള ദിവസങ്ങളിൽ എല്ലാം തൊട്ടടുത്ത ബേക്കറിയിൽ കയറി എന്തെങ്കിലും കഴിക്കുക എന്നത് ഒരു പതിവാണ്. അതുകൊണ്ട് ക്ലാസ് കഴിഞ്ഞ ഉടനെ പതിവ് തെറ്റിക്കാതെ സുഹൃത്തുക്കളോടൊപ്പം അങ്ങോട്ടാണ് ചെന്നത്.

കടയുടെ അകത്തേക്ക് കയറിയതും അവിടെ തനിക്കായി കാത്തിരിക്കുന്ന തന്റെ അമ്മയെ കണ്ടതും അവൾക്ക് വലിയ കൗതുകമായി.പക്ഷേ അമ്മയുടെ തൊട്ടരികിൽ ആയി ഇരിക്കുന്ന ആ ആൾ….?

ഇതുവരെ കണ്ടു പരിചയം ഇല്ലാത്ത മുഖം അവളുടെ ആകാംക്ഷ വർദ്ധിപ്പിച്ചു.

“ആഹ്…ദാ അമ്മു വന്നല്ലോ…. സി രാജീവ് ഇതാണ് എന്റെ ഒരേയൊരു മകൾ അമേയ വിശ്വനാഥൻ. ഇവിടെ പ്ലസ് ടുവിനു പഠിക്കുന്നു.”

“അമ്മു ഇത് രാജീവ്. അമ്മയുടെ ഫ്രണ്ട് ആണ് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാജീവിന് ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടി ഇന്നലെ. അതിന്റെ ട്രീറ്റ് തരാം എന്ന് പറഞ്ഞാണ് ഇങ്ങോട്ട് വന്നത്.

നീ എന്തായാലും ഇവിടെ തന്നെ കാണും എന്ന് എനിക്ക് അറിയാലോ അതാണ് ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്തത്.”അവർ രണ്ടാളെയും പരസ്പരം പരിചയപ്പെടുത്തി.

“ഹായ് അമ്മു പഠിത്തമൊക്കെ എങ്ങനെ പോകുന്നു? എക്സാംസ് ഒക്കെ ആയല്ലോ..”അയാളുടെ ദൃഢമായ ശബ്ദമാണ് അവളെ ഉണർത്തിയത്.

“ഗോയിങ് വെൽ..എക്സാം നെക്സ്റ്റ് മന്ത് സ്റ്റാർട്ട് ചെയ്യും.”അത്രമാത്രം മറുപടി പറഞ്ഞവൾ നിർത്തി.

“അമ്മു വേണമെങ്കിൽ ഫ്രണ്ട്സിന്റെ കൂടെ ഇരുന്നോട്ടെ രേഖ… നമ്മളായിട്ട് എന്തിനാ അവരുടെ എൻജോയ്മെന്റ് ഇല്ലാതാക്കുന്നത് എല്ലാവരും ആവശ്യമുള്ളത് ഓർഡർ ചെയ്തോളൂ അങ്കിൾ പേ ചെയ്തേക്കാം മോൾ ചെല്ല്…”

അയാളുടെ നിർദ്ദേശപ്രകാരം ഫ്രണ്ട്സിന്റെ കൂടെ ചെന്നിരിക്കുമ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ അവരിലായിരുന്നു. അമ്മ വല്ലപ്പോഴും മാത്രമേ ഇത്ര സന്തോഷത്തോടെ സംസാരിക്കുന്നത് കാണാറുള്ളൂ. അവരുടെ അടുപ്പം അവളിൽ എന്തൊക്കെയോ ചോദ്യങ്ങൾ സൃഷ്ടിച്ചു.

രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തിയത്.ഷോപ്പിംഗും കഴിഞ്ഞ് പുറത്തുനിന്ന് ഡിന്നറും കഴിച്ചിട്ടാണ് വന്നത്.

സാധാരണ ഷോപ്പിങ്ങിൽ ഉണ്ടാകാറുള്ള ഉത്സാഹമത്രയും അവളിൽ ഇല്ലാതാക്കിയത് അയാളുടെ പ്രസൻസ് ആണ്.

വീട്ടിലെത്തിയെങ്കിലും അവൾ അയാളെ പറ്റി ഒന്നും തന്നെ ചോദിച്ചില്ല.”നീ ചെറുപ്പത്തിൽ കണ്ടിട്ടുള്ളതാണ് രാജീവിനെ… രാജീവിന്റെ അമ്മ രണ്ടു മാസം മുന്നേ മരിച്ചെന്ന്… കഴിഞ്ഞദിവസം പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. പാവം വിവാഹം പോലും വേണ്ടെന്നുവച്ചത് അമ്മയെ നോക്കാനായിരുന്നു.

കുറെ നാളുകളായി രാകേഷിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അവസാനമായി രാകേഷ് ഇവിടെ വന്നിരുന്നത് നിന്റെ ഫസ്റ്റ് ബർത്ത് ഡേക്കാണ്. ഈ വീട്ടിലെ ലാസ്റ്റ് സെലിബ്രേഷനും അതായിരുന്നല്ലോ നിന്റെ അച്ഛൻ പോയതിൽ പിന്നെ…”

അമ്മയുടെ വാക്കുകൾ മുറിഞ്ഞപ്പോൾ മനസ്സിലായി അമ്മ കരയുകയാണെന്ന് ഒന്നും മിണ്ടാതെ അവൾ ഹാളിൽ വന്നിരുന്നു ചുമരിലെ ഫോട്ടോയിലേക്ക് വെറുതെ നോക്കി.

ഒന്നര വയസ്സുള്ളപ്പോഴാണ് അച്ഛന് ഒരു ആക്സിഡന്റ് പറ്റി മരിച്ചതെന്ന് പറഞ്ഞു കേട്ടറിയാം. അമ്മു അവളുടെ അച്ഛന്റെ അതേ പതിപ്പാണെന്ന് പലരും പറയാറുണ്ട്.അച്ഛനെ കണ്ട ഓർമയില്ലെങ്കിലും അച്ഛൻ മനസ്സിൽ എന്നുമുണ്ട്.

അമ്മയ്ക്ക് അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു. പലരും മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോഴും ഞാൻ മരിക്കുമ്പോഴും ദേവന്റെ ഭാര്യയായിട്ട് തന്നെയായിരിക്കും മരിക്കുക എന്ന് അമ്മ മറുപടി പറയാറുണ്ടായിരുന്നു.

ആ നിലപാടിന് മുന്നിൽ അമ്മ എപ്പോഴും ഉറച്ചുനിൽക്കുന്നത് കണ്ടു അമ്മയുടെ ഒരുപാട് ബഹുമാനം തോന്നിയിട്ടുള്ളതാണ്. പക്ഷേ ഇന്നത്തോടെ ആ തീരുമാനം മാറ്റി എഴുതപ്പെടുമോ എന്നൊരു തോന്നൽ… അമ്മയിൽ അയാൾക്കുള്ള സ്വാതന്ത്ര്യം….

വീണ്ടും കുറച്ചു നേരത്തെ അവൾ മൗനമായിരുന്നു”അല്ല എത്രനാൾ എന്ന് കരുതിയാണ് അമ്മ ഒറ്റയ്ക്ക് ജീവിക്കുക.

ഇത്ര വർഷത്തിനിടയ്ക്ക് അമ്മ ഒരു കൂട്ട് ആഗ്രഹിച്ചു കാണില്ലേ? സങ്കടം വരുമ്പോൾ ഒപ്പം നിക്കാൻ ഒരു കൈത്താങ്ങ് കൊതിച്ചു കാണില്ലേ?

അമ്മയുടെ സന്തോഷമാണ് തനിക്ക് ഏറ്റവും വലുത്. താൻ കൂടി ഇല്ലാതായാൽ അമ്മ പൂർണ്ണമായും തനിച്ചാകില്ലേ? അത് പാടില്ല അമ്മയ്ക്ക് ഒരു കൂട്ട് വേണം.”

അവൾ അല്പം നേരം തന്റെ അച്ഛന്റെ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നു.” എന്തിനാ അച്ഛാ എനിക്കൊരു നല്ല ഓർമ്മ പോലും തരാതെ പോയത്? കൂട്ടുകാർക്കൊപ്പം അവരുടെ അച്ഛന്മാരെ കാണുമ്പോൾ ഞാൻ എത്ര മിസ് ചെയ്യാറുണ്ട് എന്നോ അച്ഛനെ….

അച്ഛൻ എന്നെ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ അച്ഛന്റെ സ്ഥാനത്ത് ഞാൻ എങ്ങനെയാ വേറൊരാളെ സങ്കല്പിക്കുക?എനിക്കെന്നും എന്റെ അച്ഛൻ അച്ഛൻ മാത്രമല്ലേ…?”

സങ്കടം മനസ്സിൽ കുമിഞ്ഞു കൂടിയതും മിഴിനീർ ഇറ്റിറ്റു വീഴാൻ തുടങ്ങി”അമ്മു വന്നു കിടക്ക് ലേറ്റ് ആവണ്ട.. നാളെ സ്കൂളിൽ പോണ്ടേ?”

അമ്മയുടെ ശബ്ദം കേട്ടതും കണ്ണുനീർ ഒപ്പിയെടുത്തവൾ മുറിയിലേക്ക് നടന്നു.

പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് ബസ്സിൽ പോകുമ്പോഴും അമ്മയെയും അയാളെയും കാണാനിടയായി.

പതിവ് തെറ്റിച്ച് ബേക്കറിയിൽ കയറാതെ പോന്നതും അവരെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണ്.

“അമേയ നിന്റെ അമ്മയുടെ കൂടെ ഒരു അങ്കിളിനെ കണ്ടല്ലോ ആരാത് ? രണ്ടുമൂന്ന് ഫ്രണ്ട്സ് അത് ചോദിച്ചപ്പോൾ കൂടെ വർക്ക് ചെയ്യുന്ന അങ്കിൾ ആണെന്ന് പറഞ്ഞ് ആ ചോദ്യം അവസാനിപ്പിച്ചെങ്കിലും അത് അങ്ങനെ തന്നെ മനസ്സിൽ തന്നെ കിടന്നു.

വീട്ടിലെത്തിയാലും അമ്മ അയാളോട് ഫോണിൽ സംസാരിക്കാറുണ്ട്. രാത്രിയിൽ പോലും ഏറെനേരം ചിലപ്പോൾ സംസാരിക്കുന്നത് കാണാം. അമ്മ അപ്പോഴൊക്കെ വളരെ ഹാപ്പിയാണ്.

“അമ്മയോട് ഇതേപ്പറ്റി സംസാരിച്ചാലോ? മറ്റുള്ളവർ ഇതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയാൽ എന്താകും അമ്മയെ കുറിച്ച് കരുതുക?”

“അമ്മ വളരെ ബോൾഡ് ആണ് ഇന്നേവരെ ഒരു മോശം വാക്കും പറഞ്ഞു കേൾപ്പിച്ചിട്ടില്ല പക്ഷേ ഇനി….”അവളുടെ മനസ്സിൽ ആശങ്ക വർദ്ധിച്ചു

അവർ കുളിക്കാൻ പോയ നേരമാണ് അവൾ വെറുതെ അവരുടെ ഫോൺ എടുത്തു നോക്കിയത്.

അയാളുടെ കൂടെ ഉള്ള സെൽഫികൾ കണ്ടതും അവൾക്ക് എന്തെന്നില്ലാത്ത അസ്വസ്ഥത തോന്നി. അമ്മ എന്തു ഉദ്ദേശിച്ചാണ്? ഇന്നെല്ലാം തുറന്നു സംസാരിച്ചേ പറ്റൂ അവൾ മനസ്സിൽ ഉറപ്പിച്ചു.

“നീ ഇനിയും ഇവിടുന്ന് എഴുന്നേറ്റില്ലേ അമ്മു സമയം എത്രയായി എന്ന വിചാരം?”അവർ കുളി കഴിഞ്ഞു വന്നതും അവൾ അടിമുടി വിയർത്തു.

എങ്ങനെയാണ് ഇത് അമ്മയോട് പ്രസന്റ് ചെയ്യേണ്ടത്?” അമ്മ ഇവിടെ ഇരിക്ക് എനിക്കൊരു കാര്യം പറയാനുണ്ട്. ”

അമ്മയുടെ കൈപിടിച്ച് തനിക്ക് അഭിമുഖമായി ഇരുത്തുമ്പോൾ അവളിൽ പരിഭ്രാന്തി പടർന്നു .

“എന്താ അമ്മു എന്താ കാര്യം സ്കൂളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?”അവരുടെ ആവലാതി കണ്ടു അവൾ ഇല്ലെന്ന് തലയാട്ടി

” എന്താ അമ്മു നീ കാര്യം പറ””അമ്മയ്ക്ക് അയാളെ ഇഷ്ടമാണോ?”മുഖത്ത് പോലും നോക്കാതെ ഒറ്റ ശ്വാസത്തിലാണ് അവൾ അത് ചോദിച്ചത്.

“ആരെ?”അവരുടെ മുഖത്ത് ആകാംക്ഷ നിഴലിച്ചുരാജേഷ് അങ്കിളിനെ”മടിച്ചു മടിച്ചു അവൾ പറഞ്ഞ ഉത്തരം കേട്ട് അവർ കുറച്ച് സമയം മിണ്ടാതിരുന്നു. പിന്നീട് തുടർന്നു

“അങ്ങനെ ചോദിക്കാൻ എന്താ കാരണം.?”അവൾ തന്റെ കയ്യിലിരുന്ന അവരുടെ ഫോൺ തുറന്ന് അവർ ഒരുമിച്ചുള്ള ഫോട്ടോസ് അവരെ കാണിച്ചു.

“എന്താ അമ്മേ പിന്നെ ഇതിന്റെ അർത്ഥം? അമ്മയ്ക്ക് അങ്കിളിന്റെ പ്രസൻസ് സന്തോഷം തരുന്നുണ്ടെങ്കിൽ എനിക്ക് വിരോധം ഒന്നുമില്ല. അമ്മയ്ക്ക് അങ്കിളിനെ ഇഷ്ടമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കുന്നതല്ലേ നല്ലത് അതാകുമ്പോൾ ആരും തെറ്റായി ഒന്നും പറയില്ലല്ലോ?”

തന്റെ അമ്മയുടെ പ്രതികരണം ചിലപ്പോൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാകാം എന്ന് അവൾക്ക് അറിയാമായിരുന്നു.

” എന്താ അമ്മു.. അമ്മ തെറ്റായ വഴിക്കാണ് പോകുന്നതെന്ന് നിനക്ക് തോന്നിയോ? “അവരുടെ ശബ്ദം ദൃഢമായിരുന്നു.

“അല്ല അമ്മേ ഞാൻ പറയുന്നത് കല്യാണം കഴിച്ചാൽ അമ്മയ്ക്ക് ജീവിതത്തിൽ ഒരു കൂട്ടാവുമല്ലോ അതാ ഞാൻ..”

പറഞ്ഞവസാനിക്കും മുൻപേ അവരവിടെ നിന്നും എഴുന്നേറ്റുപോയി. പറഞ്ഞത് അവിവേകം ആണെന്ന് അവൾക്ക് തോന്നി.

അല്പസമയത്തിനകം അവരവിടേക്ക് തന്നെ തിരിച്ചുവന്നു. ഒപ്പം അവളുടെ ഫോണും കയ്യിൽ ഉണ്ടായിരുന്നു തന്റെ ഫോണെടുത്ത് എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്ന അമ്മയെ അവൾ അതിശയത്തോടെ നോക്കി.

” എന്താ അമ്മേ എന്താ നോക്കുന്നത് അവൾക്ക് ആകാംക്ഷയായി. “”ഇതിൽ ആരുമായാണ് അമ്മു ഞാൻ നിന്റെ വിവാഹം നടത്തേണ്ടത്?”

തനിക്ക് നേരെ നീട്ടിയ ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ തന്റെയും തന്റെ സുഹൃത്തുക്കളുടെയും ഒരുമിച്ചുള്ള ഫോട്ടോയിലേക്ക് ഒരു നിമിഷം നോക്കിയ ശേഷം അവൾ അമ്മയെ തന്നെ ഉറ്റുനോക്കി.

“വിവാഹമോ? അമ്മയ്ക്ക് എന്താ വട്ടായോ? ഇവരൊക്കെ എന്റെ ബെസ്റ്റ് ഫ്രണ്ട്സ് അല്ലേ അത് അമ്മയ്ക്കും അറിയാവുന്നതല്ലേ?”അവളുടെ ശബ്ദം കനത്തു

” അപ്പോൾ എന്റെ സുഹൃത്തിനോടൊപ്പം കണ്ട ഞങ്ങളുടെ ഫോട്ടോയ്ക്ക് മാത്രം എന്തിനാ നീ തെറ്റായ വ്യാഖ്യാനം നൽകിയത്? ”

“എന്നെ പോലെയാണോ അമ്മ?”അത്രയും പറഞ്ഞ് അവൾ നിർത്തിയെങ്കിലും അവൾ ഉദ്ദേശിച്ചത് എന്താണെന്ന് അവർക്ക് വ്യക്തമായിരുന്നു.

“അപ്പോ അമ്മു… ഒരു നിശ്ചിത വയസ്സ് വരെ മാത്രമേ സ്വന്തം വർഗ്ഗത്തിൽ പെട്ടവർ സുഹൃത്തായി പാടുള്ളൂ അല്ലേ?? അതും ഭർത്താവ് മരിച്ച സ്ത്രീകൾ ആയാൽ തീരെ പാടില്ല എന്നാണോ??”

“അയ്യോ അമ്മേ…”അവളുടെ ചുണ്ടിൽ വിരൽ അമർത്തി അവർ അവളെ തടഞ്ഞു”സൗഹൃദങ്ങൾക്ക് അങ്ങനെ പ്രായപരിധി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല അമ്മു…

കളങ്കമില്ലാത്ത സൗഹൃദമാണെങ്കിൽ എന്തിനാണ് പ്രായപരിധി?നീ ഇപ്പോൾ നിന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു അകലവും പാലിക്കാതെയല്ലേ പെരുമാറുന്നത്? അവർക്കൊപ്പം ഇരിക്കുന്നു നടക്കുന്നു ഭക്ഷണം പങ്കുവയ്ക്കുന്നു.

പത്തിരുപത് വർഷം കഴിഞ്ഞാലും ഇതേ സുഹൃത്തുക്കളോട് ഇങ്ങനെ തന്നെ പെരുമാറാൻ കഴിയാത്തത് എന്തുകൊണ്ടാണ്? അപ്പോൾ ആ സൗഹൃദത്തിന് വേറെ വ്യാഖ്യാനം നൽകുന്നത് എന്തിനാണ്?

ഞാനും രാകേഷും പഠിക്കുന്ന കാലം മുതൽക്കേ നല്ല സുഹൃത്തുക്കളാണ് പഠിക്കുന്ന കാലം മുതലേ അവന് ഒരു കുട്ടിയോട് ഇഷ്ടവുമായിരുന്നു. അവളുടെ കല്യാണം വീട്ടുകാർ വേറെ ഒരാളുമായി തീരുമാനിച്ചുറപ്പിച്ചു.

നിനക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോൾ ആയിരുന്നു അത്. ആ ഡിപ്രഷനിൽ നിന്ന് റിക്കവർ ആകാൻ അവനോട് വിദേശത്തേക്ക് പോകാൻ പറഞ്ഞത് ഞാനാണ്. അവളുടെ ഓർമ്മകളിൽ നിന്ന് ദൂരെ ഒരിടത്തേക്കുള്ള ഒളിച്ചോട്ടം.

ഒരു സുഹൃത്തിനോട് പറഞ്ഞ് അത് ഏർപ്പാടാക്കി കൊടുത്തതും നിന്റെ അച്ഛനാണ്.

പിന്നീട് പ്രതീക്ഷിക്കാതെയുള്ള നിന്റെ അച്ഛന്റെ മരണം എന്നെ എല്ലാ സന്തോഷങ്ങളിൽ നിന്നും ഉൾവലിച്ചു. എല്ലാവരിൽ നിന്നും മനഃപൂർവം ഞാൻ ഒരു അകലം പാലിച്ചു.

നിന്റെ അച്ഛൻ എന്റെ മനസ്സിൽ നിന്ന് അത്ര പെട്ടെന്നൊന്നും ഇറങ്ങിപ്പോകാൻ കഴിയുന്ന ഒരാൾ അല്ലല്ലോ? പിന്നീട് നിനക്ക് വേണ്ടി മാത്രമായിരുന്നു എന്റെ ജീവിതം അതിനിടയ്ക്ക് എന്റെ സന്തോഷങ്ങൾ ഞാൻ മനപ്പൂർവം മറന്നെന്നു നടിച്ചു. ”

“വേറെ ജീവിതം തിരഞ്ഞെടുക്കണമെങ്കിൽ എനിക്കെന്നെ ആകാമായിരുന്നു. പക്ഷേ നിന്റെ അച്ഛന്റെ സ്നേഹം പകരം തരാൻ ആരെക്കൊണ്ടും കഴിയില്ലെന്ന് അമ്മയ്ക്ക് മാത്രമല്ലേ അറിയൂ…

വീണ്ടും രാജേഷിനെ കണ്ടപ്പോൾ പഴയ ലൈഫ് തിരിച്ചു കിട്ടിയത് പോലെ തോന്നി എനിക്ക്.ജീവനുതുല്യം സ്നേഹിച്ച അമ്മയെ നഷ്ടപ്പെട്ട അവനെ കണ്ടപ്പോൾ ഞങ്ങൾ തുല്യദുഃഖിതരാണെന്ന് തോന്നി. ഒരു നോട്ടം കൊണ്ട് പോലും അവൻ തെറ്റായി എന്നെ സമീപിച്ചിട്ടില്ല.

നേരത്തെ വിവാഹം കഴിഞ്ഞതുകൊണ്ടാണ് അല്ലെങ്കിൽ എനിക്ക് നിന്റെ അത്രയും പ്രായമുള്ള കുട്ടി ഉണ്ടാകില്ലായിരുന്നു.

അവനിപ്പോൾ നാൽപത്തി രണ്ട് വയസ്സ് ആയിട്ടുള്ളൂ.. എന്റെ പരിചയത്തിൽ ഒരു കുട്ടിയുണ്ട് സെക്കൻഡ് മാരേജ് ആണ് പക്ഷേ നല്ല കുട്ടിയാണ് ഭർത്താവിന്റെ സ്വഭാവദൂഷ്യം കൊണ്ട് ഡിവോഴ്സ് ചെയ്തതാണ് .

അവനെ പറഞ്ഞു മനസ്സിലാക്കി അത് നടത്തണമെന്നുണ്ട്. എനിക്ക് നീയുണ്ട് അവനോ??

അതിനുവേണ്ടിയാണ് കുറച്ചുദിവസമായി അമ്മ ശ്രമിക്കുന്നത്. അല്ലാതെ പ്രേമമോ മറ്റോ ഒന്നുമല്ല. അമ്മയ്ക്ക് ജീവിതത്തിൽ ഒരാളോട് മാത്രമേ അത് തോന്നിയിട്ടുള്ളൂ. അതിന് ദൈവം ആയുസ്സും കൊടുത്തില്ല.”

കണ്ണുനിറഞ്ഞൊഴുകിയ നേരം അവൾ അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.

“സോറി അമ്മ”അവരവരുടെ നെറുകയിൽ ചുംബിച്ചു.പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞതും അയാളുടെ അരികിലേക്ക് ആദ്യം ഓടിച്ചെന്നത് അളാണ്

” ഹായ് അങ്കിൾ ഹൗ ആർ യൂ? “അയാം ഫൈൻ ഡിയർ”” അമ്മൂ ഒരു വിശേഷമുണ്ട് ഞാൻ ഇന്നലെ പറഞ്ഞ കാര്യം ഓക്കേ ആയിട്ടോ..വൈകാതെ തന്നെ നമുക്ക് ഒരു കല്യാണം കൂടാം. ”

“ശരിക്കും?”അവളുടെ കണ്ണിലെ തിളക്കം നക്ഷത്ര ശോഭ പോലെ മിന്നി.”അതെ മോളെ.. നിന്റെ അമ്മയ്ക്ക് എന്നെ വെറുതെ വിടാൻ ഉദ്ദേശമില്ലെന്ന്. പിന്നെ ഉറ്റ സുഹൃത്ത് പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ?”

“അത് പറ്റില്ല. പിന്നെ അങ്കിൾ കല്യാണ പരിപാടിയൊക്കെ ഞങ്ങൾ ഡിസൈഡ് ചെയ്യും അങ്കിൾ ഒന്നും ചെയ്യാതെ നിന്ന് തന്നാൽ മതി.നോ പറഞ്ഞേക്കരുത് അല്ലേ അമ്മേ?”

“അതെ അതെ അത് ഞങ്ങൾ തീരുമാനിക്കും രാകേഷ്”” അയ്യോ ഞാൻ ഒന്നും പറയുന്നില്ല ഇനി താലി കെട്ടേണ്ട കർമ്മവും ഞാൻ ചെയ്യേണ്ട എന്ന് പറയില്ലല്ലോ? ” അത് പറഞ്ഞതും മൂവരും മതിമറന്ന് ചിരിച്ചു. കുറേ കാലങ്ങൾക്ക് ശേഷം.

Leave a Reply

Your email address will not be published. Required fields are marked *