എന്തും സഹിക്കാൻ ഞാൻ തയ്യാർ ആയിരുന്നു അതിന്റെ ഫലം കണ്ടുതുടങ്ങി അച്ഛൻ ആദ്യത്തെ പോലെ നോർമലായി…

(രചന: J. K)

 

“”””അനു… അച്ഛൻ കേട്ടത് നേരാണോ ആണെങ്കിൽ അച്ഛൻ പിന്നെ ജീവിച്ചിരിക്കില്ല നീ കൂടി അച്ഛനെ ചതിച്ചു എന്നറിഞ്ഞാൽ പിന്നെ എന്തിനാ ഞാൻ ജീവിക്കണേ????””””

 

അച്ഛൻ പറഞ്ഞത് കേട്ട് അനു ആകെ വിഷമിച്ചു.. അച്ഛന് ആരെയും വിശ്വാസമില്ലാതായിരിക്കുന്നു അച്ഛനു പറഞ്ഞിട്ടും കാര്യമില്ല അനുഭവങ്ങൾ അങ്ങനെയാണല്ലോ…

 

ഇതിപ്പോ ക്ലാസിലെ ഒരു കുട്ടിയുടെ കല്യാണമായിരുന്നു, കോളേജിലുള്ളവരെല്ലാം ചേർന്നാണ് പോയത് അന്നേരം ഒരു കൂട്ടുകാരന്റെ കൂടെ ഒരു സെൽഫി എടുത്തു അത് ഫോണിൽ അച്ഛൻ കണ്ടു. അതിനുശേഷം തുടങ്ങിയതാണ് ഇത്….

 

അവളുടെ ചിന്തകൾ കുറെ നാൾ പുറകിലേക്ക് പോയി…. അച്ഛന് ദുബായിലായിരുന്നു ജോലി അവിടെ കഷ്ടപ്പെട്ട് നാട്ടിലേക്ക് പൈസ അയക്കും അതുകൊണ്ടായിരുന്നു ഇവിടെ ഞാനും അമ്മയും താമസിച്ചിരുന്നത്….

 

കല്യാണം കഴിഞ്ഞിട്ടും ഏറെ നാൾ അവർക്ക് കുഞ്ഞുങ്ങളിലായിരുന്നു ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് എന്നെ കിട്ടിയത്…..

 

ഞാൻ പക്ഷേ ജനിച്ചത് ഒരു അസുഖക്കാരി ആയിട്ടായിരുന്നു…. അതുകൊണ്ടുതന്നെ എന്റെ ചികിത്സയ്ക്ക് ഏറെ പണം ചെലവായി നാട്ടിൽ നിക്കകള്ളി ഇല്ലാതെയാണ് അച്ഛൻ ഗൾഫിലേക്ക് പുറപ്പെട്ടത്….

 

എന്നെയും അമ്മയെയും വിട്ടു പോകാൻ അച്ഛന് ഒട്ടും താല്പര്യമില്ലായിരുന്നു പക്ഷേ സാഹചര്യം ഒന്നുകൊണ്ട് മാത്രമാണ് ആ പാവം അങ്ങോട്ടേക്ക് പോയത് നാട്ടിലുള്ള കടങ്ങളെല്ലാം എങ്ങനെയെങ്കിലും വീട്ടി…

 

വീണ്ടും നാട്ടിൽ വന്നു തന്നെ നിൽക്കണം ഞങ്ങളുടെ രണ്ടുപേരുടെയും കൂടെ എന്നായിരുന്നു അച്ഛന്റെ മോഹം…

 

പക്ഷേ കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു എനിക്ക് വേറെയും പലതരത്തിലുള്ള അസുഖങ്ങൾ വന്നുകൊണ്ടിരുന്നു അതുകൊണ്ട് തന്നെ രാവിലെ പകലെന്നോ ഇല്ലാതെ ആശുപത്രിയിൽ എത്തിക്കണമായിരുന്നു…

 

അപ്പുറത്തെ വീട്ടിലെ ഓട്ടോറിക്ഷ ചേട്ടൻ എല്ലാത്തിനും സഹായത്തിനായി വന്നു ക്രമേണ ബാബു ചേട്ടൻ ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ തന്നെയായി….

 

അമ്മയ്ക്ക് അയാളോട് വല്ലാത്ത അടുപ്പമുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അത് വഴിതെറ്റി മറ്റൊരു രീതിയിലാകും എന്ന് എനിക്ക് ആ കുഞ്ഞു പ്രായത്തിൽ മനസ്സിലായില്ല….

 

നാട്ടുകാർ അതും ഇതും എല്ലാം പറയാൻ തുടങ്ങി ഒടുവിൽ അച്ഛന്റെ കാതുകളിലും എത്തി… ആരോ വിളിച്ചു പറഞ്ഞു കൊടുത്തതാണ് അച്ഛൻ ഗൾഫിലെ എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു….

 

നാട്ടുകാർ പറഞ്ഞതിൽ വാസ്തവം ഉണ്ടെന്ന് അച്ഛനെ നാട് വന്നപ്പോൾ മനസ്സിലായിരുന്നു… അമ്മയോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ അമ്മ ദേഷ്യപ്പെട്ടു അയാളുടെ കൂടെ ഇറങ്ങിപ്പോകും എന്ന അവസ്ഥ വരെ എത്തി.

 

അച്ഛന് അത് സഹിക്കാൻ കഴിഞ്ഞില്ല… പക്ഷേ അച്ഛന് എന്ത് ചെയ്യാൻ കഴിയും….

 

അപ്പോഴും അച്ഛൻ സമാധാനിച്ചത് ഞാൻ കൂട്ടിനു ഉണ്ടല്ലോ എന്ന് അതായിരുന്നു അങ്ങനെ അമ്മ പോയിട്ടും അച്ഛനും ഞാനും അവിടെ സ്വസ്ഥതയോടെ താമസിക്കാൻ തുടങ്ങി….

 

പക്ഷേ അച്ഛൻ വല്ലാതെ പുറത്തേക്കിറങ്ങാതെയായി വീട്ടിൽ തന്നെ കൃഷിയും കാര്യങ്ങളും മറ്റും ആയി കഴിച്ചുകൂട്ടാൻ തുടങ്ങി…..

 

ആദ്യമൊക്കെ എല്ലാവരുടെയും കളിയാക്കലുകളും മറ്റും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു..

 

ചെറിയ പ്രായമായതുകൊണ്ട് എനിക്ക് അതൊന്നും മനസ്സിലായില്ല പക്ഷേ അതെല്ലാം അച്ഛന്റെ മനസ്സിനെയാണ് ബാധിച്ചത്… അച്ഛന് ആകെ കൂടെ ടെൻഷൻ ആയിരുന്നു…..

 

എന്നെ പുറത്തേക്ക് വിടാൻ പോലും ഭയമായിരുന്നു അച്ഛന്…..

 

എങ്ങോട്ട് പോവുകയാണെങ്കിലും ഒപ്പം ഉണ്ടാകും എവിടേക്കും ഒറ്റയ്ക്ക് വിടില്ല ആരോ എന്റെ പുറകിൽ ഉണ്ട് എന്നായിരുന്നു അച്ഛന്റെ വിശ്വാസം എന്നെയും അച്ഛനിൽ നിന്ന് അകറ്റാൻ ഒരാൾ…

 

നീ കൂടെ എന്നെ വിട്ടു പോയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല എന്ന് കൂടെക്കൂടെ പറയുമായിരുന്നു…. എന്ത് വേണം എന്ന് എനിക്കും അറിയില്ലായിരുന്നു…

 

ഒരു കൂട്ടുകാരനോട്, കൂട്ടുകാരിയോട് കൂടുതൽ അടുപ്പം കാണിച്ചാൽ അല്ലെങ്കിൽ മറ്റാരുമായെങ്കിലും ഇത്തിരി നേരം സംസാരിച്ചാൽ എല്ലാം അച്ഛനു ഭയമായിരുന്നു….

 

അവരെല്ലാം ഞങ്ങളെ തമ്മിൽ അകറ്റാനുള്ളവരാണെന്ന് ആയിരുന്നു അച്ഛന്റെ വിശ്വാസം…

 

ആദ്യമൊക്കെ ചെറിയ അളവിൽ ആയിരുന്നുവെങ്കിൽ ക്രമേണ ഇത് കൂടിക്കൂടി വന്നു ആരോടും ഒന്ന് മിണ്ടാൻ പോലും പറ്റാത്ത അവസ്ഥയായി…. അച്ഛന്റെ സ്നേഹം ഒരുതരം ശ്വാസംമുട്ടൽ പോലെയായി…

 

ഞാൻ ഇത് ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിയോട് ഡിസ്കസ് ചെയ്തു… ക്ലാസ്സിൽ ഒന്നിലും ശ്രദ്ധിക്കാൻ പറ്റാതെ ഇരിക്കുന്ന എന്നെ കണ്ട് അവൾ ചോദിച്ചറിയുകയായിരുന്നു…..

 

അവളോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു

അവൾ അവളുടെ വീട്ടിൽ പോയി അവളുടെ അച്ഛനോടും…

 

ആ അങ്കിളിന്റെ നിർദ്ദേശപ്രകാരമാണ് അച്ഛനെ ഒരു കൗൺസിലിങ്ങിന് കൊണ്ടുപോകണം എന്ന് ഞാൻ തീരുമാനിച്ചത് ആദ്യമൊക്കെ അച്ഛനോട് പറയാൻ പേടിയായിരുന്നു

 

അച്ഛൻ അത് ഏത് രീതിയിൽ എടുക്കും എന്ന് അറിയില്ല പിന്നീട് മെല്ലെ മെല്ലെ അഛനെ പറഞ്ഞു മനസ്സിലാക്കി അഛനെയും കൊണ്ട് കൗൺസിലിങ്ങിന് പോയി….

 

ഏറെ വിശ്വാസം കാണിച്ചത് അച്ഛന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞുപോയത് അതുകൊണ്ടാണ് അച്ഛൻ മറ്റാരെയും വിശ്വാസമില്ലാത്തത് എല്ലാവരും ആ മനസ്സിൽ സ്വന്തം കുടുംബം തകർക്കാൻ വരുന്ന ആളുകളായി ചിത്രീകരിക്കപ്പെടുന്നത്….

 

കേട്ടപ്പോൾ ഏറെ സങ്കടമാണ് വന്നത് ഒരു പാവം മനുഷ്യനെ ഇത്തരത്തിൽ ആക്കിയത് എല്ലാവരും ചേർന്നല്ലേ… സ്നേഹം കൊടുക്കേണ്ടവർ….കൂടെ നിൽക്കേണ്ടവർ എല്ലാം ചേർന്ന്…..

 

അച്ഛനോട്‌ സംസാരിച്ചതിന് ശേഷം ഡോക്ടർ എന്നെ വിളിപ്പിച്ചു…. എന്നോട് പറഞ്ഞു അദ്ദേഹത്തിന് മോളെ നല്ല വിശ്വാസമാണ് ആവശ്യം എന്ന്…

 

അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം കൂടെ നിൽക്കുകയാണ് ഇപ്പോൾ അത്യാവശ്യം എന്ന്…. ഏറെനാൾ ഒന്നും ഇങ്ങനെ വേണ്ടി വരില്ല ആൾക്ക് നല്ല മാറ്റം വരുമെന്ന് ഡോക്ടർ ഉറപ്പു തന്നിരുന്നു…

 

അതുകൊണ്ട് അദ്ദേഹം എന്തുതന്നെ പറഞ്ഞാലും അതിനേ എതിർക്കരുത് അനുസരിക്കണം എന്ന് ഡോക്ടർ പറഞ്ഞു തന്നു….

 

ഞാൻ അദ്ദേഹം പറഞ്ഞ പ്രകാരം അച്ഛനെ നോക്കി…. അച്ഛൻ പറഞ്ഞത് ഒന്നും എതിർത്തില്ല ആരുമായി കൂട്ടുകൂടരുതെന്ന് പറഞ്ഞപ്പോൾ അത് ഞാൻ അക്ഷരംപ്രതി അനുസരിച്ചു….

 

ക്രമേണ അച്ഛന് എന്നെ ഭയങ്കര വിശ്വാസമായി അച്ഛനിൽ മാറ്റം വന്നു തുടങ്ങി…

 

വിശ്വസിച്ചവരാൽ ചതിക്കപ്പെട്ട ഏറെ വിള്ളൽ വീണ ആ മനസ്സിനെ നേരെയാക്കി എടുക്കാൻ ഏറെ പ്രയത്നിക്കേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞു തന്നിരുന്നു….

 

എന്റെ അച്ഛനുവേണ്ടി എന്തും ചെയ്യാൻ എന്തും സഹിക്കാൻ ഞാൻ തയ്യാർ ആയിരുന്നു അതിന്റെ ഫലം കണ്ടുതുടങ്ങി അച്ഛൻ ആദ്യത്തെ പോലെ നോർമലായി…

 

ഇതിനിടയിൽ എന്റെ പടനം കഴിഞ്ഞു എനിക്കൊരു ജോലി കിട്ടി… ഇനി അച്ഛന് യാതൊരു ബുദ്ധിമുട്ടും വരില്ല അച്ഛനെ പൊന്നുപോലെ നോക്കണം എന്ന് ഞാൻ മനസ് കൊണ്ട് ഉറപ്പിച്ചിരുന്നു….

 

വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് എന്റെ അച്ഛനെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ മാത്രമായിരിക്കും എന്നും…

 

ചിലരുണ്ട്… ചങ്ക് പറിച്ച് ചിലരെ വിശ്വസിക്കുന്നവർ…. അവർക്ക് വേണ്ടി ജീവിക്കുന്നവർ…..അവരോട് ചതി ചെയ്താൽ പിന്നീട് അവർക്ക് അത് താങ്ങാൻ കഴിഞ്ഞെന്നു വരില്ല….

 

അപ്പോഴും ആരും അവരെ ചേർത്തുപിടിക്കാൻ ഇല്ലെങ്കിൽ പൊലിഞ്ഞുപോയേക്കാവുന്ന ചിലർ…

ഒരുപക്ഷേ ഒരു കൈത്താങ്ങ് മതിയാകും അവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാൻ…

Leave a Reply

Your email address will not be published. Required fields are marked *