നീയിങ്ങിനെ ആണെങ്കിൽ കുറച്ചൂടെ കഴിഞ്ഞാൽ നീയിവളുടെ പാവാടതുമ്പിലാവൂലോടാ …

(രചന: രജിത ജയൻ)

 

“ഇതെന്താടാ.. നീയാ തുണിക്കട മുഴുവൻ നിന്റെ ഭാര്യയ്ക്കായ് മേടിച്ചോണ്ട് വന്നോ…?

 

കയ്യിലിരുന്ന ടെക്സ്റ്റൈൽ കവർ വൈകുന്നേരം ജോലി കഴിഞ്ഞു വന്നു നിമ്മിയെ ഏല്പ്പിക്കും നേരം ദേഷ്യം കലർന്ന സ്വരത്തിൽ അമ്മയുടെ ചോദ്യം വന്നതും സുധീഷ് പതർച്ചയോടെ നിമ്മിയുടെ മുഖത്തേക്ക് നോക്കി

 

അമ്മയുടെ സംസാരം കേട്ട് ഭയന്ന് തല കുമ്പിട്ടു നിൽക്കുന്നവളെ സുധീഷൊന്ന് നോക്കി

 

“കട മുഴുവനുമൊന്നും വാങ്ങീല അമ്മേ അവൾക്ക് കോളേജ്ജിൽ പോവുമ്പോൾ ഇടാൻ രണ്ട് ചുരിദാറും വീട്ടിലിടാൻ രണ്ട് നൈറ്റ് ഡ്രസ്സും മാത്രമേ വാങ്ങിയുള്ളു ..

 

സുധീഷ് പറയുന്നതിനിടയിൽ തന്നെ നിമ്മിയുടെ കയ്യിൽ നിന്ന് ഉഷാമ്മ ആ കവർ പിടിച്ചു വാങ്ങി തുറന്നിരുന്നു

 

അതിലെ ഡ്രസ്സുകൾ സോഫയിലേക്ക് കുടഞ്ഞിട്ടതും അവരുടെ കത്തുന്ന നോട്ടം സുധീഷിലേക്കും നിമ്മിയിലേക്കും പാറി വീണു

 

“നീയാള് കൊള്ളാലോടാ സുധീഷേ.. കഴിഞ്ഞ ദിവസം നിന്റെ പെങ്ങക്ക് പുതിയ ഡ്രസ്സ് വാങ്ങാൻ പൈസ ചോദിച്ചപ്പോൾ നിന്റെ കയ്യിലില്ല ,ഇപ്പോ ദാ അവൻ പെമ്പ്രന്നോത്തിയ്ക്ക് കൈ നിറയെ വാങ്ങിച്ചോണ്ട് വന്നിരിക്കുന്നു .. കൊള്ളാം നിന്റെ സ്വഭാവം.. ഒന്ന് പെണ്ണ് കെട്ടിയപ്പോഴോ നീയിങ്ങിനെ ആണെങ്കിൽ കുറച്ചൂടെ കഴിഞ്ഞാൽ നീയിവളുടെ പാവാടതുമ്പിലാവൂലോടാ …

 

“എന്റെ പൊന്നമ്മേ ഞാനിവൾക്ക് രണ്ട് ഡ്രസ്സ് വാങ്ങിയതിനാണോ അമ്മയീ ഡയലോഗെല്ലാം പറയുന്നത് ..?

 

”ഞാൻ താലികെട്ടി എന്റെ കൂടെ കൂട്ടിയവളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നടത്തി കൊടുക്കേണ്ടത് ഒരു ഭർത്താവെന്ന നിലയിൽ എന്റെ കടമയാണ് ..

 

“അതു പോലെ തന്നെ ഒരു സഹോദരൻ എന്ന നിലയിലും മകനെന്ന നിലയിലും ഈ നിമിഷം വരെ ഞാനെന്റെ ഉത്തരവാദിത്ത്വങ്ങൾ എന്നെ കൊണ്ട് കഴിയും വിധത്തിൽ ഭംഗിയായ് നടത്തിയിട്ടുണ്ട്.. അമ്മയതൊന്നും കാണില്ലെങ്കിലും …

 

സുധീഷ് അല്പം ദേഷ്യത്തിൽ പറഞ്ഞതും ഉഷാമ്മയുടെ മുഖം കൂടുതൽ കടുത്തു

 

“പിന്നെ.. നീ ചെയ്തു … സുധേ… മോളേ…

 

സുധീഷിനെ നോക്കി പരിഹാസത്തിലൊന്ന് പറഞ്ഞു കൊണ്ടവർ അകത്തേക്ക് നോക്കി വിളിച്ചതും സുധീഷിന്റെ പെങ്ങൾ സുധ അങ്ങോട്ടേക്ക് വന്നു

 

സോഫയിൽ കിടക്കുന്ന പുതുവസ്ത്രങ്ങൾ കണ്ടതും അവളുടെ കണ്ണുകൾ ആർത്തിയോടെ തിളങ്ങി ,അവൾ വേഗം തന്നെ അവയോരോന്നും എടുത്ത് ദേഹത്ത് വെച്ച് ഭംഗി നോക്കാൻ തുടങ്ങി

 

“സുധേ.. അതവിടെ വെച്ചേക്ക്

അതു നിമ്മിക്ക് വേണ്ടി വാങ്ങിയതാണ്..

 

സുധയുടെ പ്രവൃത്തി കണ്ട സുധീഷ് പെട്ടന്നവളോടു പറഞ്ഞതും അവൾ കയ്യിലെ വസ്ത്രത്തിലേക്കും അമ്മയുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി

 

“നിന്റെ ഭാര്യയ്ക്ക് വേണ്ടി വാങ്ങിയതാണെന്ന് അതിൽ എഴുതി ഒട്ടിച്ചിട്ടൊന്നും ഇല്ലല്ലോ സുധീഷേ ..അതുകൊണ്ട് ഇതിൽ നിന്ന് സുധയും അവൾക്കിഷ്ട്ടമുള്ളതെടുത്തോട്ടെ ,നിന്റെ പെങ്ങള് തന്നെയല്ലേ അവളും

 

പറഞ്ഞു കൊണ്ട് ഉഷാമ്മ അതിൽ നിന്നൊരു ചുരിദാറും നൈറ്റ് ഡ്രസ്സും എടുത്ത് സുധയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു

 

“കഴിഞ്ഞ മാസമല്ലേ അമ്മേ ഞാനിവൾക്ക് ഡ്രസ്സ് വാങ്ങിയത് ,അതും എത്ര രൂപയുടെ … പിന്നെന്തിനാ ഇതീന്ന് എടുക്കുന്നത്

ഇതു ഞാൻ നിമ്മിയ്ക്ക് വാങ്ങിയതാണ് ,അവൾക്ക് കോളേജ്ജിൽ പോവാൻ .. അതവൾക്ക് തന്നെ തിരിച്ചു കൊടുത്തേ സുധേ …

 

“പിന്നെ.. ഞാനിപ്പോ കൊടുത്തത് തന്നെ ഇതേ എനിക്കെന്റെ അമ്മ തന്നതാ ഞാനാർക്കും കൊടുക്കില്ല…

 

സുധീഷിനോട് അഹങ്കാരത്തിൽ പറഞ്ഞു കൊണ്ട് സുധ കയ്യിലെ വസ്ത്രങ്ങളുമായ് അകത്തേക്ക് നടന്നതും അവൾക്കൊപ്പം അവനെയും നിമ്മിയേയും നോക്കി പുച്ഛിച്ചു കൊണ്ട് ഉഷാമ്മയും കൂടെ പോയ്

 

എന്തു ചെയ്യണമെന്നറിയാതെ പതറി നിന്ന സുധീഷിന്റെ കയ്യിൽ നിമ്മി മെല്ലെ ഒന്ന് തൊട്ടു

 

സങ്കടത്താൽ നീറുന്ന സുധീഷിന്റെ മുഖം കണ്ടതും നിമ്മിയുടെ ഉള്ളൊന്ന് പിടഞ്ഞു ,താൻ കാരണമാണീ മനുഷ്യൻ ഇത്രയ്ക്കും സഹിക്കുന്നതെന്നോർത്തവൾ ഉരുകി

 

“സുധിയേട്ടാ ഫ്രഷായിട്ട് വരൂ ഞാൻ ചായയെടുത്തിട്ട് വരാം

 

സുധീഷിനോട് പറഞ്ഞു കൊണ്ടവന് മുഖം കൊടുക്കാതെ നിമ്മി വേഗം അടുക്കളയിലേക്ക് നടന്നതും അവളുടെ നിറമിഴികൾ ഒരു മാത്ര സുധീഷിന്റെ കണ്ണിലുടക്കി .. അവന്റെ നെഞ്ചിലൊരു സങ്കട കടലിരമ്പി അവളെയോർത്ത്

 

അമ്മയുടെ സ്വന്തം ആങ്ങളയുടെ ഏകമകളാണ് നിമ്മി

 

കുട്ടിക്കാലത്തു തന്നെ അമ്മയും അമ്മാവനും പറഞ്ഞു വെച്ച ബന്ധമായിരുന്നു നിമ്മിയും താനുമായുള്ളത്

 

മുതിർന്നു വരുംതോറും ഞങ്ങളുടെ മനസ്സിലെ ഇഷ്ട്ടവും വളർന്നുകൊണ്ടിരുന്നു ,അന്നെല്ലാം അമ്മയ്ക്കും സുധയ്ക്കും ജീവനായിരുന്നു നിമ്മിയെ

 

താനെന്തെങ്കിലും കാരണം കൊണ്ടവളോട് പിണങ്ങിയാൽ പോലും അമ്മയും സുധയും തന്നെ വഴക്കുപറയും നിമ്മിയെ വേദനിപ്പിച്ചെന്ന് പറഞ്ഞ്, ആ അമ്മയും സുധയുമാണിന്ന് കണ്ണിനു മുമ്പിൽ നിമ്മിയെ കണ്ടാൽ കടിച്ചു കീറാനെന്ന പോലെ നിൽക്കുന്നത്

 

എല്ലാം മാറി മറഞ്ഞത് എത്ര പെട്ടന്നാണ് ,കൂടെയുണ്ടായിരുന്നവരുടെ ചതി മൂലം ഒട്ടും പ്രതീക്ഷിക്കാതെ അമ്മാവന്റെ മലഞ്ചരക്ക് വ്യാപാരം നഷ്ട്ടത്തിലായ് വലിയൊരു കടകെണിയിലേക്ക് ആ കുടുംബം വീണുപോയത് പെട്ടന്നായിരുന്നു .

 

അതിന്റെ ആഘാതത്തിൽ അമ്മാവനൊപ്പം നഷ്ടമായത് അവരുടെ വീടുൾപ്പെടുന്ന സമ്പത്തുകൾ കൂടെയായിരുന്നു

 

അമ്മാവൻ ഇല്ലാതായതിനു ശേഷവും അമ്മായി ശത്രുക്കൾക്കെതിരെ കേസും മറ്റുമായ് മുന്നോട്ട് നീങ്ങിയെങ്കിലും കുറച്ചു മാസങ്ങൾക്ക് മുമ്പ് ഒരാ റ്റാക്കിന്റെ രൂപത്തിൽ നിമ്മിയെ തനിച്ചാക്കി അമ്മായിയും യാത്രയായ്

 

ആദ്യം അച്ഛനും തീരെ പ്രതീക്ഷിക്കാതെയൊരു ദിവസം അമ്മയെയും നഷ്ട്ടപ്പെട്ട് ഇനിയെന്ത് എന്നറിയാതെ വാടക വീട്ടിൽ തനിച്ചായ്പോയ നിമ്മിയെ ഒന്നാശ്വസിപ്പിക്കാൻ പോലും അമ്മയും സുധയും ആ വീട്ടിലേക്ക് ചെന്നില്ല..

 

നിമ്മിയുടെ ജാതകദോഷ മാണ് അവളുടെ മാതാപിതാക്കളുടെ മരണത്തിനുംമറ്റു നാശനഷ്ട്ടങ്ങൾക്കും കാരണമെന്ന് അമ്മ പറഞ്ഞപ്പോൾ ഞെട്ടിയത് താനായിരുന്നു ,അവളെ തന്നിൽ നിന്നടർത്തി മാറ്റാൻ അമ്മ സ്വീകരിക്കുന്ന മാർഗ്ഗങ്ങളോർത്ത്..

 

തന്റെ ഭാര്യയായ് ഈ വീടിന്റെ മരുമകളായ് നിമ്മിയെ ഒരിക്കലും സ്വീകരിക്കില്ല എന്നമ്മ പറഞ്ഞപ്പോൾ താൻ തിരിച്ചറിയുകയായിരുന്നു അമ്മ സ്നേഹിച്ചത് നിമ്മിയേയോ സ്വന്തം ആങ്ങളെയോ അല്ല മറിച്ച് അവരുടെ സമ്പത്തിനെ ആയിരുന്നൂന്ന് ..

 

ആരുടെ എതിർപ്പും കാര്യമാക്കിയില്ല ഒരു താലി കെട്ടി നിമ്മിയെ

താൻ തന്റെ കൂടെ കൂട്ടി .

 

അന്നു മുതൽ ഇതാ ഇന്നുവരെ അവളും അവളെ സംരക്ഷിക്കുന്നതിന്റെ പേരിൽ താനും അമ്മയിൽ നിന്ന് നേരിടുന്നതാണ് ഈ കുറ്റപ്പെടുത്തലും പരിഹാസവുമെല്ലാം ,അമ്മയെ സഹായിക്കാനെന്നവണ്ണം ഭർതൃവീട്ടിൽ നിന്ന് സുധ കൂടി ഇവിടേക്ക് വന്നതോടെ എല്ലാം പൂർത്തിയായ് ..

 

വിവാഹം കഴിപ്പിച്ചയച്ച സുധയുടെ കാര്യങ്ങളും അവളുടെ കെട്ടിയവന്റെ കാര്യങ്ങളുമെല്ലാം നടത്തി കൊടുക്കേണ്ടതിപ്പോൾ തന്റെ മാത്രം ഉത്തരവാദിത്തമാണ് എന്ന രീതിയിലാണ് അമ്മയുടെയും സുധയുടെയും പെരുമാറ്റം

 

നിമ്മിയ്ക്ക് എന്നു പറഞ്ഞ് ഒന്നും ഇവിടെ കൊണ്ടുവരാൻ പാടില്ല എല്ലാം സുധയ്ക്ക് കൂടി പങ്ക് വെയ്ക്കപ്പെടും അതിപ്പോൾ ഉടുക്കുന്ന വസ്ത്രമാണെങ്കിലും കഴിക്കുന്ന ഭക്ഷണമാണെങ്കിലും എല്ലാം സുധയുടെ ബാക്കിയാണ് നിമ്മിയ്ക്ക് ..

 

നിമ്മിയേയും കൂട്ടിയൊരു വാടക വീട്ടിലേക്ക് മാറാം എന്നു വെച്ചാൽ ഇപ്പോൾ തന്നെ കൊണ്ടതിന് കഴിയില്ല ,ഒരു സാധാരണക്കാരനായ തന്നെ കൊണ്ട് എത്തിച്ചാൽ എത്തിപ്പെടാത്ത വിധത്തിലാണ് തന്റെ മേലുള്ള സാമ്പത്തിക ബാധ്യത അതിൽ സുധയുടെ കല്യാണത്തിനെടുത്ത ലോൺ മുതൽ നിമ്മിയുടെ അച്ഛന്റെ കേസ് നടത്തി കൊണ്ടു പോവുന്ന ബാധ്യത വരെ വരും..

 

ഓരോന്നോർത്ത് സുധീഷ് തന്റെ മുന്നോട്ടുള്ള ജീവിതത്തെ പറ്റി ആകുലപ്പെടുമ്പോൾ അകത്തെ മുറിയിൽ ഉഷാമ്മയും സുധയും നിമ്മിയിൽ നിന്ന് തട്ടിയെടുത്ത വസ്ത്രങ്ങളുടെ ഭംഗി നോക്കുന്ന തിരക്കിലായിരുന്നു.

 

ദിവസങ്ങൾ മുന്നോട്ടു പോകുംതോറും നിമ്മിയുടെ ആ വീട്ടിലുള്ള ജീവിതം കൂടുതൽ കൂടുതൽ ദു:സ്സഹമാവുന്നത് സുധീഷ് അറിയുന്നുണ്ടായിരുന്നെങ്കിലും അവനതിനെതിരെ ഒന്നും പ്രതികരിക്കാത്തത് സുധയിലും ഉഷാമ്മയിലും കൂടുതൽ കരുത്തേക്കി.

 

“സുധീഷേ.. മോനെ…

നിമ്മീ… മോളെ…,,

 

രണ്ടു മാസങ്ങൾക്ക് ശേഷമൊരു ദിവസം സുധീഷും നിമ്മിയും വീട്ടിലേക്ക് വന്നു കയറുമ്പോൾ ഉമ്മറത്തിരുന്ന ഉഷാമ്മ അത്യാഹ്ളാദത്തോടെ സുധീഷിനും നിമ്മിയ്ക്കും നേരെ ചെന്നു, സന്തോഷത്താൽ അവരുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു അപ്പോൾ ..

 

“മോനെ സുധീഷേ… നമ്മൾ ജയിച്ചെടാ… നിമ്മീ മോളെ എന്റെ കുട്ടിയെ ഈശ്വരൻ കൈവിട്ടിട്ടില്ല ട്ടോ .. നമ്മൾ ജയിച്ചു..

 

നിമ്മിയുടെ ശരീരം തന്റെ ശരീരത്തേക്ക് ചേർത്തമർത്തി അവളുടെ നെറുകയിൽ ഉമ്മ വെച്ചു കൊണ്ട് അമ്മ പറയുന്നത് ഒരു ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു സുധീഷ്, അവന്റെ മുഖവും സന്തോഷത്താൽ നിറഞ്ഞിരുന്നു.

 

“ഏട്ടാ… ഏടത്തിയമ്മേ .. ഇതാ പായസം എടുക്കൂ രണ്ടാളും ..

 

കയ്യിൽ പായസവുമായ് വന്ന് സുധ പറയവേ നിമ്മി ഉഷാമ്മയിൽ നിന്ന് നോട്ടം മാറ്റി സുധയെ നോക്കി ,സുധ നിമ്മിയെ നോക്കി തെളിഞ്ഞു ചിരിച്ചു

 

“മോനെ ഉച്ചയ്ക്ക് വക്കീൽ വന്നിരുന്നു ഇവിടെ ,അമ്മാവന്റെ കേസ് വിധി വന്നൂന്ന് ,നീയല്ലേ കേസ് നടത്തിയത് നമ്മുക്കനുകൂലമായാണ് വിധി ,നിമ്മിക്ക് നഷ്ട്ടപ്പെട്ട വീടും സ്ഥലവും എല്ലാം തിരിച്ചു കിട്ടിയെടാ മോനെ കൂടാതെ നഷ്ട്ടപരിഹാരമായ് വലിയൊരു തുകയും ഉണ്ടെന്ന്.. നമ്മുടെ നല്ല കാലം തെളിഞ്ഞെ ടാ മോനെ തെളിഞ്ഞു ..

 

സന്തോഷാധിക്യത്താൽ ഉഷാമ്മ ഓരോന്നും വിളിച്ചു പറയുന്നത് സുധീഷൊരു ചിരിയോടെ നോക്കി നിന്നതിനു ശേഷം വീടിനകത്തേക്ക് പോയ് കയ്യിലൊരു ബാഗുമായ് തിരികെ വന്നു

 

” നീയിതെന്താ ബാഗുമായിട്ട് ..?

 

അമ്പരപ്പോടെ അവന്റെ കയ്യിൽ കടന്നുപിടിച്ചു കൊണ്ട് ഉഷാമ്മ ചോദിച്ചു

 

“ഞാനും ഇവളും ഇവിടെ നിന്ന് താമസം മാറുകയാണമ്മേ …

 

അവൻ പറഞ്ഞതും ഒരു ഞെട്ടലോടെ സുധയും ഉഷാമ്മയും മുഖത്തോട് മുഖം നോക്കി..

 

“അമ്മയും സുധയും ഞെട്ടണ്ട, അമ്മാവന്റെ കേസിന്റെ വിധി വന്നിട്ട് കുറെ ദിവസമായ് ,വീടും വസ്തുക്കളും നഷ്ട്ടപരിഹാര തുകയും കയ്യിൽ കിട്ടാനുള്ള കാത്തിരിപ്പായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ,ഇന്നതും ശരിയായ് നിമ്മിയുടെ അച്ഛൻ അവൾക്കായ് സമ്പാദിച്ചത് ഒരു പൈസ പോലും നഷ്ട്ടമാവാതെ അതിന്റെ ഇരട്ടിയായ് ഇന്നവളുടെ കയ്യിലുണ്ട്, ഞങ്ങളിന്നു മുതൽ അവളുടെ വീട്ടിലാണ് ..

 

“പിന്നെ വക്കീൽ ഇന്നിവിടെ വന്ന് വിവരം പറഞ്ഞത് ഞാൻ പറഞ്ഞിട്ടാണ്, കാരണം ആ വാർത്ത അറിഞ്ഞ സമയം മുതൽ ഈ നേരം വരെ നിങ്ങളൊന്ന് സന്തോഷിച്ചോട്ടേന്ന് ഞാൻ കരുതി അത്ര മാത്രം.. സമ്പത്തു കണ്ടു മാത്രം സ്നേഹം വാരി നൽക്കുന്ന നിങ്ങൾ കുറച്ചു നേരത്തേക്കെങ്കിലും നിമ്മിയെ ഒന്ന് സ്നേഹിച്ചോട്ടേന്ന് കരുതി

 

പരിഹാസത്തോടെ സുധീഷ് പറഞ്ഞതും നാണക്കേടിനാൽ സുധയും അമ്മയും തല താഴ്ത്തി

 

“നിങ്ങളോടെനിക്ക് യാതൊരു സ്നേഹമോ സഹതാപമോ തോന്നുന്നില്ല അമ്മേ..കാരണം നിമ്മി നിങ്ങളുടെ മകനായ എന്റെ ഭാര്യ മാത്രമായിരുന്നില്ല മറിച്ച് നിങ്ങളുടെ കൂടപ്പിറപ്പിന്റെ മകളും കൂടിയായിരുന്നു ,ആ അവളാണ് നിങ്ങളുടെ മുന്നിൽ നാണം മറയ്ക്കാൻ തുണിയ്ക്കും, വിശപ്പകറ്റാൻ ഭക്ഷണത്തിനും വേണ്ടി നിങ്ങളുടെയും നിങ്ങളുടെ മകളുടെയും കാരുണ്യം കാത്തു നിന്നത് .. അതൊന്നും മറന്നു കൊണ്ട് നിങ്ങളെ ഒരിക്കലും എനിയ്ക്ക് സ്നേഹിക്കാനാവില്ല ,കൂടെ കൂട്ടാനും ..

 

“അപ്പോൾ ശരി നിങ്ങൾ അമ്മയും മകളും നിങ്ങളുടെ നഷ്ട്ടങ്ങളുടെ കണക്കുമെടുത്ത് ഇവിടെ ഇരിക്കൂ ,ഞങ്ങൾ ഇനിയെങ്കിലും ഞങ്ങൾ സ്വപ്നം കണ്ട ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ..

 

നിമ്മിയെയും നെഞ്ചോടു ചേർത്ത് പിടിച്ച് സുധീഷ് അവരുടെ സ്വപ്നത്തിലേക്ക് നടന്നകന്നപ്പോൾ കൈമോശം വന്ന സ്വപ്നത്തെയോർത്ത് ഉഷയും മകളും അവിടെ തറഞ്ഞു നിന്നു ..

Leave a Reply

Your email address will not be published. Required fields are marked *