(രചന: V. L)
“”നിന്നെ പോലെ ഒരു നേഴ്സ് പെണ്ണിനെ കെട്ടാനും വേണ്ടി വകയില്ലാത്തവൻ അല്ല ഞാൻ. നഴ്സിംഗ് പഠിക്കാൻ പോകണമെന്ന് പറഞ്ഞപ്പോഴേ പറഞ്ഞതല്ലേ. എനിക്ക് ഇതിൽ താല്പര്യമില്ലെന്ന്. പക്ഷെ അപ്പോൾ നീ എന്താ എന്നോട് പറഞ്ഞത്??? ഒരു നേഴ്സ് ആകുക എന്നത് എന്റെ സ്വപ്നമാണ്.
ആരൊക്കെ എന്തെല്ലാം പറഞ്ഞാലും എന്റെ ആഗ്രഹം അനുസരിച്ചു ഞാൻ പഠിക്കും. ഇഷ്ടമല്ലെങ്കിൽ അരുണേട്ടന് എന്നെ വേണ്ടെന്ന് വെയ്ക്കാം.. പക്ഷെ ഞാൻ എനിക്ക് ഇഷ്ടമുള്ളത് തന്നെ പഠിക്കും…
അന്ന് നിന്റെ വാശിയ്ക്ക് കൂട്ടു നിന്നപ്പോൾ ഞാൻ കരുതി പഠിത്തമൊക്കെ കഴിയുമ്പോൾ നീ തന്നെ പറയുമെന്ന്. എനിക്ക് ഏട്ടനെ മതിയെന്ന്. അങ്ങനെ ഒരുപാട് ആഗ്രഹത്തോടെ കല്യാണത്തിന്റെ കാര്യം പറയാൻ വന്നതാണ് ഞാൻ.
പക്ഷെ അതിനു പകരം അവൾക്കിപ്പോൾ മുംബൈയ്ക്ക് പോകണം പോലും. അവിടെ ഏതോ ഹോസ്പിറ്റലിൽ ട്രെയിനി ആയി കിട്ടി പോലും. ഇത് എന്നോട് പറയാൻ എന്തെങ്കിലും കുറ്റബോധമുണ്ടോ എന്ന് നോക്കിയേ.
നീ എവിടെയെങ്കിലും പോകാൻ നോക്ക്. പക്ഷെ ഇനിയൊരിക്കലും നീയും ഞാനും തമ്മിൽ ഒരു ബന്ധവും കാണില്ല. ഇതോടെ തീർന്നു അഞ്ചു വർഷത്തെ പ്രണയം. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെയും….””
ദേഷ്യത്തോടെ അരുൺ പറഞ്ഞതും, അശ്വതിയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇതൊക്കെ നേരുത്തേ പ്രതീക്ഷിച്ചതാണ്. എങ്കിലും അഞ്ചു കൊല്ലത്തെ തന്റെ പ്രണയം, വിശ്വാസം…
അതിനെയെല്ലാം ആണ് ഇപ്പോൾ അരുണേട്ടൻ ചോദ്യം ചെയ്യുന്നത്. എന്തോ, അതെല്ലാം കേട്ടു ഒരു തേപ്പുകാരി ആകാനും തോന്നുന്നില്ല. തെറ്റ് തന്റെ ഭാഗത്തു അല്ലാത്ത കാലത്തോളം എന്തിനു താൻ അയാളുടെ വായിലുള്ളതെല്ലാം കേൾക്കണം???
“”അരുണേട്ടൻ ഇത് പറഞ്ഞു പറഞ്ഞു എവിടേക്കാണ് കയറി പോകുന്നത്?? അല്ലെങ്കിൽ തന്നെ നിങ്ങൾ ഇത്രയും പറയാനും വേണ്ടി ഇവിടെ എന്ത് ഉണ്ടായി??? ഒരു നേഴ്സ് ആകണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. ഒരായിരം തവണ നിങ്ങളോട് അതിന്റെ കാരണവും ഞാൻ പറഞ്ഞിട്ടുള്ളതാണ്.
കുഞ്ഞായിരുന്ന എന്റെ അനിയന്റെ സർജറിയ്ക്ക് ഒരു ഹോസ്പിറ്റലിൽ കയറിയപ്പോഴാണ് ആദ്യമായി ഒരു നേഴ്സ് എന്നാൽ എന്താണെന്ന് ഞാൻ കാണുന്നത്. പേടി കാരണം കണ്ണും നിറച്ചിരുന്ന എന്റെ അമ്മയെ സമാധാനിപ്പിക്കാനും, ഒരു മടിയുമില്ലാതെ അനിയന്റെ ഓരോ കാര്യവും ചെയ്യാനും, നിങ്ങൾ ഈ അവസാനിക്കുന്ന നേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്തിനാണ് സമൂഹത്തിനു ഈ ജോലിയോട് ഇത്ര പുച്ഛമെന്ന് എനിക്കറിയില്ല. പക്ഷെ ആ ദിവസം എന്റെ അനിയന് വേണ്ടി, ഞങ്ങൾ ജീവിതത്തിൽ ആദ്യമായി കണ്ട നേഴ്സ് ചെയ്തത് പോലെ, എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഞാനും ആഗ്രഹിച്ചതാണ്. അതിനു ഇനി നിങ്ങൾ എന്തെല്ലാം പറഞ്ഞാലും എനിക്ക് ഒന്നുമില്ല. ഞാൻ ആഗ്രഹിച്ച കാര്യം ചെയ്യൂക തന്നെ ചെയ്യും.
പിന്നെ എന്റെ അച്ഛൻ ലക്ഷങ്ങൾ കൊടുത്തു എന്നെ പഠിപ്പിച്ചത് നിങ്ങളുടെ വീട്ടിലെ അടുക്കളകാരി ആകാൻ അല്ല. സ്വന്തം കാലിൽ നിൽക്കാൻ വേണ്ടിയാണ്. ആരുടേയും ആശ്രയമില്ലാതെ സ്വന്തം കാലിൽ ജീവിക്കാൻ.
പ്രണയത്തിനു വേണ്ടി എന്റെ അച്ഛന്റെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ എല്ലാം തകർക്കാൻ വേണ്ടി ദുഷ്ടയായ മകൾ അല്ല ഞാൻ. എനിക്ക് അരുണേട്ടനെ പോലെ തന്നെ പ്രധാനമാണ് എന്റെ കുടുംബവും. അതിനു ഇനി നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഒരു മാറ്റവും വരാനും പോകുന്നില്ല.
ഇത്ര നാളും ഇത്രയധികം പഠിക്കാൻ ഉണ്ടെങ്കിലും, ഓരോ രാത്രിയിലും ഞാൻ നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തിയിരുന്നു. എന്റെ ഓരോ സങ്കടവും, സന്തോഷവും എല്ലാം ആദ്യം പറയുന്നത് നിങ്ങളോടായിരുന്നു. അത്രയധികം സ്നേഹിച്ചിരുന്നു ഞാൻ.
ഏട്ടന് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും നഴ്സിങ്ങിന് പോയപ്പോൾ, വെറുതെയെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു, ഏട്ടൻ എന്നോട് പറയുന്നത്, നീ നിന്റെ ഇഷ്ടത്തിന് ജോലി ചെയ്തോ എന്ന്. പക്ഷെ അതിനു പകരം ഇത്രയും അപമാനം ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
ഒരു വാക്ക് ചോദിക്കട്ടെ അരുണേട്ടാ?? നമ്മൾ ഒക്കെ മനുഷ്യരാണ്. നാളെ എന്താണ് പറ്റുന്നതെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല. ആർക്കും എന്തും സംഭവിക്കാം. ഒരാളുടെ ജീവനും എത്ര നാൾ എന്ന് ഉറപ്പ് പറയാൻ ദൈവത്തിനല്ലാതെ ആർക്കും പറ്റില്ല. അങ്ങനെയുള്ളപ്പോൾ എന്തിനാണ് ഈ അഹങ്കാരം???
ഒരിക്കലും ഒരു ഹോസ്പിറ്റൽ കേസും ആർക്കും വരില്ലെന്ന് നമുക്കൊന്നും ഉറപ്പ് പറയാൻ പറ്റില്ല അരുണേട്ടാ. അപ്പോഴും നിങ്ങൾ ഈ പുച്ഛിച്ച നഴ്സുമാർ തന്നെ കാണു. എന്തിനും ഒരു സപ്പോർട്ട് ആയി. അല്ലാതെ ഈ പറയുന്ന ഹൈ ക്ലാസ്സ് ജോലിയുള്ളവർ ആരും വന്നു ഹോസ്പിറ്റലിൽ നിൽക്കില്ല. അതൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്…. “”
അശ്വതി പറഞ്ഞതും, അതിനു പുച്ഛമായിരുന്നു അരുണിന്റെ മറുപടി. അവൾ എന്തൊക്കെ ഇനി പറഞ്ഞാലും അതൊന്നും അരുൺ അംഗീകരിക്കില്ലെന്ന് മനസിലായതും, അച്ചു അവനോട് പറയുന്നത് തന്നെ നിർത്തി. പണ്ടുള്ളവർ പറയുന്നത് പോലെ, പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലല്ലോ. താൻ പിടിച്ച മുയലിനു കൊമ്പ് നാലെന്നു കരുതിയിരിക്കുന്നവനോട് എന്ത് പറയാൻ???
“”അപ്പോൾ നീ പറഞ്ഞു വരുന്നത് നിന്റെ തീരുമാനത്തിന് മാറ്റം ഇല്ലെന്നാണോ?? എന്നേക്കാൾ വലുതാണോ നിനക്ക് നിന്റെ ജോലി?? അല്ലെങ്കിൽ തന്നെ എനിക്ക് നല്ലൊരു ഗവണ്മെന്റ് ജോലിയില്ലേ. അത് പോരെ നമുക്ക് ജീവിക്കാൻ?? എന്തിനാ അച്ചു നീ ഈ വാശി കാണിക്കുന്നത്??? ഒരു യെസ് പറയടി…””
ആദ്യമൊക്കെ വാശി കാണിച്ചവന്റെ സ്വരം അവസാനമായപ്പോൾ ഇടറിയിരുന്നു. എന്തൊക്കെ പറഞ്ഞാലും അശ്വതിയെ അവൻ സ്നേഹിച്ചിരുന്നു.
“”എനിക്കണോ വാശി അതോ ഏട്ടനാണോ?? നി ങൾ ദാ ഈ നിമിഷം വരെ സ്വന്തം കാര്യം മാത്രമാണ് ചിന്തിക്കുന്നത്. എന്തെ ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടെങ്കിൽ ജീവിക്കാൻ പറ്റില്ലേ?? അല്ലെങ്കിൽ തന്നെ ഒരു ഗവണ്മെന്റ് ജോലിയുണ്ടെന്ന് കരുതി ഞാൻ എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം കളയണോ??
ഈ നിമിഷം വരെ ഏട്ടൻ പറഞ്ഞില്ല അല്ലെങ്കിൽ നീ നാട്ടിൽ എവിടെയെങ്കിലും ജോലിക്ക് പോകാമെല്ലോ. അപ്പോൾ നമുക്ക് രണ്ടിടത്തായി നിൽക്കേണ്ടല്ലോ എന്ന്. ആദ്യം മുതൽ നിങ്ങൾക്ക് എന്റെ ജോലിയെ ഇഷ്ടമല്ല. അങ്ങനെയുള്ളപ്പോൾ നമ്മൾ എങ്ങനെ സമാധാനത്തോടെ ജീവിക്കും??? എന്തായാലും ഒന്നും ചെയ്യാതെ, വെറുതെ വീട്ടിലിരിക്കാൻ എനിക്ക് പറ്റില്ല ഏട്ടാ…..””
ഇനി ഈ ബന്ധം തുടരാൻ പറ്റില്ലെന്ന് അശ്വതി പറയാതെ പറഞ്ഞതും, അരുണിനും മതിയായി. എന്തൊക്കെ പറഞ്ഞാലും അവളുടെ ജോലി അവന് അംഗീകരിക്കാൻ പറ്റുന്നത് ആയിരുന്നില്ല.
“”എന്തായാലും അത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഇനി നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. മതിയെല്ലാം. ഇങ്ങനെ തമ്മിൽ വഴക്കിട്ടു ജീവിക്കാൻ എനിക്കും വലിയ താല്പര്യമില്ല. എന്തായാലും നിനക്ക് നിന്റെ വാശിയാണ് വലുത്.
എനിക്ക് എന്റെ വാശിയും. ഈ ബന്ധം നമുക്ക് ഇവിടെ നിർത്താം അശ്വതി. നീ പറഞ്ഞത് പോലെ, ഇങ്ങനെ വഴക്കിട്ടു മുന്നോട്ട് ജീവിക്കാൻ പറ്റില്ലല്ലോ. എന്നേക്കാൾ നല്ലൊരാളെ നിനക്ക് കിട്ടും. ബൈ…””
അത്ര മാത്രം പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ രണ്ട് പേരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു. പക്ഷെ തമ്മിൽ അടിയിട്ടു ജീവിക്കുന്നതിലും നല്ലത് പിരിയുന്നതാണെല്ലോ.
പിന്നീട് ജോലിയുടെ ആവിശ്യത്തിനായി അശ്വതി മുംബൈയിലേക്കു പോയപ്പോൾ, അരുൺ അവന്റേതായുള്ള തിരക്കിലേക്കും പോയി. ആ ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം അശ്വതി അവനെ നേരിൽ കാണുന്നത് രണ്ട് വർഷങ്ങൾക്ക് ശേഷമാണ്.
അതും, അരുണിന്റെ കല്യാണത്തിന്. അപ്പോൾ അവളെ ചേർത്തു പിടിക്കാൻ അലനുമുണ്ടായിരുന്നു. മുംബൈ മലയാളി. അശ്വതി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഗൈനക്കോളജി ഡിപ്പാർട്മെന്റിലെ ഡോക്ടർ.
അരുണിന്നുള്ള ഗിഫ്റ്റ് കൊടുത്ത ശേഷം, ഫോട്ടോ എടുക്കാനായി കൂടെ നിന്നപ്പോൾ, ഇത് ആരാ എന്നുള്ള അവന്റെ ചോദ്യത്തിന് ഒരു ചിരിയോടെ മറുപടി പറഞ്ഞത് അശ്വതി തന്നെയാണ്.
“”ഇത് ഡോക്ടർ അലൻ. ഞങ്ങൾ ഒരേ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്. രണ്ട് മാസത്തിനു ശേഷം ഞങ്ങളുടെ വിവാഹമാണ്. പിന്നെ രണ്ട് പേർക്കും ലണ്ടൻ ഒരു ഹോസ്പിറ്റലിൽ ജോലി ശെരിയായിട്ടുണ്ട് അരുണേട്ടാ. കല്യാണത്തിന് ശേഷം ഞങ്ങൾ പോകും…””
പിന്നീട് ഒന്നും പറയാതെ അവിടെ നിന്നും തിരിച്ചു നടക്കുമ്പോൾ, അലൻ അവളെ തന്നോട് ചേർത്തു പിടിച്ചിരുന്നു. എത്രയൊക്കെ പറഞ്ഞാലും, ആദ്യ പ്രണയം എല്ലാവർക്കും സ്പെഷ്യൽ ആയിരിക്കുമെല്ലോ.
“”കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ അച്ചു. ഇപ്പോഴത്തെ ലൈഫിൽ നീ ഹാപ്പിയാണ്. അത് പോലെ തന്നെ അവനും. നമ്മൾ പറയില്ലേ, അവനവനു വിധിച്ചത് എങ്ങനെയാണെങ്കിലും അടുത്തേക്ക് എത്തുമെന്ന്. അത്ര മാത്രമേയുള്ളു ഇതും. അതിന് നീയിങ്ങനെ സെന്റി ആയിട്ടി ഒരു കാര്യവുമില്ല. past is past. So just accept the fact and move on…!
പിന്നെ എന്നെ ഒന്ന് ഇച്ചായാ എന്ന് വിളിക്കാൻ പറയുമ്പോൾ അവൾക്ക് പറ്റില്ല. പകരം അവനെ അരുണേട്ടാ എന്ന് വിളിക്കാം. അത് wrong ആണ് ട്ടോ….””
ഒരു പിണക്കത്തോടെ അലൻ പറഞ്ഞതും, അത് വരെ വീർത്തു കെട്ടിയ മുഖത്തേക്ക് ഒരു പുഞ്ചിരി വരാൻ അധിക സമയം വേണ്ടിവന്നില്ല.
അല്ലെങ്കിലും ചേരേണ്ടത് ചേരുമ്പോൾ അല്ലെ എന്തിനും ഒരു ഭംഗി ഉണ്ടാവു…!