ഇന്നത്തെ കാലത്ത് പെൺക്കുട്ടികൾക്ക് കുറെ ചന്തം മാത്രമുണ്ടായിട്ട് കാര്യമില്ല..നല്ല പഠിപ്പും പിന്നെ

രചന: രജിത ജയൻ

 

“ഇന്നത്തെ കാലത്ത് പെൺക്കുട്ടികൾക്ക് കുറെ ചന്തം മാത്രമുണ്ടായിട്ട് കാര്യമില്ല..നല്ല പഠിപ്പും പിന്നെ കുടുംബത്തിൽ നല്ല പണവും വേണം…

 

“അങ്ങനെയാണെങ്കിൽ പറന്നു വരും നല്ല ചൊങ്കൻചെക്കൻമാർ….കൊത്തി കൊണ്ട് പോവേം ചെയ്യും”

“ഇവിടെ ഇമ്മളെ കുട്ടിയ്ക്ക് ആകെ ഇത്തിരി ചന്തം മാത്രേയുള്ളു ..

ബാക്കി പണവും പഠിത്തവുമെല്ലാം കണക്കാ.. അല്ലേ ഇബ്രായീ…?

പൂമുഖ കോലായിൽ നിസ്സഹായനായ് ഇരിക്കുന്ന ഉപ്പയോട് ബ്രോക്കർ മൂസാക്ക ഓരോന്നും ചോദിക്കുകയും പറയുകയും ചെയ്യുന്നത് കേട്ട് പൂമുഖത്തിനോടടുത്തുള്ള അടുക്കളയിൽപാത്രം കഴുകുകയായിരുന്നു ജാസ്മിൻ..

 

ദിവസേന ഈ ചെറിയ വീടിന്റെ പടി കടന്നു വരുന്ന പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞാൽ ഇത്തരം ഒരു ചർച്ച പതിവാണിവിടെ.

 

പെൺകുട്ടിയുടെ സൗന്ദര്യം മാത്രം നോക്കി കാണാൻ വരുന്നവർ പോലും പോവാൻ നേരത്ത് കഴുത്തിലും കാതിലും ഇത്തിരി പൊന്ന് ചോദിക്കും .

അത് കേൾക്കുമ്പോൾ തന്നെ കുഞ്ഞാമ്മ ആ ആലോചന വേണ്ടാന്ന് പറയും

അവരെയും കുറ്റം പറയാൻ പറ്റില്ല ,നൊന്ത് പ്രസവിച്ച പെൺമക്കൾ മൂന്നെണ്ണം നിരന്നു നിൽക്കുമ്പോൾ ആരാണ് ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മകളെ പൊന്നും പണവും കൊടുത്ത് കെട്ടിക്കാൻ സമ്മതിക്കുക

 

ആകെ സങ്കടം ഉപ്പയെ ഓർത്തു മാത്രമാണ്, തനിയ്ക്കും കുഞ്ഞാമ്മയ്ക്കും ഇടയിൽ ഉരുകുന്നത് ആ പാവമാണ്..

 

തടി കച്ചവടക്കാരനായിരുന്നു ഉപ്പ, പ്രസവത്തോടെ ഉമ്മ മരിച്ച എന്നെ നോക്കാൻ കൂടി വേണ്ടിയാണ് ഉപ്പ രണ്ടാമതൊരു വിവാഹം കഴിച്ചതെങ്കിലും തന്റെ ജീവിതം എല്ലാ കഥകളിലെയും പോലെ രണ്ടാനമ്മ പോര് നിറഞ്ഞതു തന്നെയായിരുന്നു…

 

തന്റെ മൂന്നനിയത്തിമാർക്കും കുഞ്ഞാമ്മയെ പോലെ തന്നെ ,തന്നെ ഇഷ്ട്ടമില്ല..

 

എല്ലാ സങ്കടങ്ങളിൽ നിന്നുമുള്ള രക്ഷയായ് ഏകയുള്ള പ്രതീക്ഷ കല്യാണമാണ് .. തന്നെ മനസ്സിലാക്കുന്നൊരാൾ തന്റെ പുരുഷനായ് വരുമെന്ന പ്രതീക്ഷ …

 

നിക്കാഹിന്റെ തിരക്കുകളൊഴിഞ്ഞ് ആളും ബഹളവും നിലച്ച ആ വലിയ വീടിനുള്ളിലെ മുറിയിൽ കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്കിരിക്കുമ്പോൾ പടച്ചവനോടു പോലും പരിഭവം പറയാൻ പറ്റാത്ത വിധം തളർന്നു പോയിരുന്നു ജാസ്മിൻ

 

തന്റെ ഇനിയുള്ള ജീവിതത്തെ പറ്റിയൊന്ന് വെറുതെ ആലോചിക്കാൻ പോലും അശക്തയായിരുന്നവൾ … എന്നും എപ്പോഴും മറ്റുള്ളവരുടെ കനിവിലും ദയയിലും ജീവിച്ചവൾക്ക് സ്വപ്നങ്ങൾ കാണാൻ എന്താണർഹത ..

 

തന്റെ എല്ലാ സങ്കടങ്ങളും ഈ നിക്കാഹോടെ വർദ്ധിക്കുകയാണല്ലോ ചെയ്തത് എന്ന ചിന്തയിൽ അവളിൽ നിന്നുമൊരു തേങ്ങലുയർന്നു

 

ആ തേങ്ങലും കണ്ണുനീരും കണ്ടു കൊണ്ടാണ് അമീൻ അവിടേക്ക് വന്നത് ..

അവളുടെ നിറഞ്ഞ കണ്ണുകൾ അവന്റെ ഉള്ളിലൊരു നൊമ്പരം സൃഷ്ട്ടിച്ചെങ്കിലും അവനത് ഭാവിക്കാതെ അവൾക്കരികിലിരുന്നു

 

അവനരികിലിരുന്നതും ജാസ്മിൻ യാതൊരു ഭാവവ്യത്യാസമിമില്ലാതെ അവനെ നോക്കി

 

തികച്ചും അപരിചിതനായ താൻ അരികിലിരുന്നിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇരിക്കുന്നവളെ അമീൻ അത്ഭുതത്തോടെ ഒന്നു നോക്കി പോയ് ..

 

മഹർ കഴുത്തിലിടും നേരം ഒരു മിന്നായം പോലെ താൻ കണ്ടതേയുള്ളു അവളുടെ മുഖം, അവളന്നേരവും തന്നെ നോക്കാതെ തല കുനിച്ച് നിൽക്കുകയായിരുന്നു ..

 

അവളുടെ ഇരട്ടിയോളം പ്രായമുള്ള ഒരു രണ്ടാം കെട്ടുക്കാരനായ അതും ആദ്യ ഭാര്യയ്ക്കൊപ്പം താമസിച്ചു കൊണ്ട് ,ആ ഭാര്യ കൂടിയുള്ള വീട്ടിലേക്ക് തന്നെ അവളെ കല്യാണം കഴിച്ചു കൊണ്ടുവന്ന തന്നോട് അവൾക്കിപ്പോൾ തോന്നുന്ന വികാരമെന്തായിരിക്കും .

 

ജാസ്മിനരികെ ഇരിക്കുമ്പോൾ അമീന്റെ മനസ്സിലെ ചിന്ത അതായിരുന്നു

 

എന്നാൽ ജാസ്മിൻ തനിക്കരിക്കിലുള്ളവന്റെ മനോവിചാരങ്ങളൊന്നും അറിഞ്ഞില്ല ,അവളുടെ മനസ്സ് പലവിധ ചിന്തകളാൽ കലങ്ങിമറിഞ്ഞിരുന്നു അന്നേരം

 

“ജാസ്മിൻ … ”

 

അരികിൽ അമീന്റെ പതിഞ്ഞ ശബ്ദം കേട്ടതും അവൾ അവനെ പതറി നോക്കി..

 

അവളോട് എന്തോ പറയാൻ ശ്രമിച്ച് പരാജയപ്പെടുന്ന അമീനിനെ അവൾ കുറച്ചു നേരം നോക്കി നിന്നു

 

“എനിക്കറിയാം നിങ്ങളെന്താണ് പറയാൻ വരുന്നതെന്ന് ,എനിക്ക് സമ്മതമാണ് ഈ നിമിഷം മുതൽ നിങ്ങളുടെ ഭാര്യയായ് എല്ലാ അർത്ഥത്തിലും ജീവിയ്ക്കാൻ, നിങ്ങളുടെ ഭാര്യ കണ്ടിഷ്ട്ടപ്പെട്ട എന്റെ ഈ ശരീരം നിങ്ങൾക്കായ് തരാൻ… നിങ്ങളുടെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ എല്ലാം ..എല്ലാത്തിനും എനിക്ക് സമ്മതമാണ്…”

 

ശബ്ദമിടറാതെ അവന്റ മുഖത്തു നോക്കി അവൾ പറഞ്ഞതും ഇക്കുറി പതറിപോയതവനാണ് ..

 

ഇത്രയും ചെറിയ ഒരു പെൺക്കുട്ടിയിൽ നിന്ന് അത്രയും കരുത്തുള്ള വാക്കുകൾ അവനൊട്ടും പ്രതീക്ഷിച്ചില്ല

 

അവളോടെങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നൊരു ശങ്കയുണ്ടായിരുന്നു മനസ്സിൽ, ഇപ്പോഴതും പരിഹരിച്ചിരിക്കുന്നു

 

അമീൻ വീണ്ടും അവളെ നോക്കിയപ്പോൾ അവളും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു …

 

തനിക്ക് വരുന്ന വിവാഹാലോചനകളൊന്നും നടക്കാത്തതിന്റെ പേരിൽ സങ്കടപ്പെട്ടിരുന്ന ഉപ്പാക്ക് ടെൻഷൻ കൂടി അറ്റാക്ക് വന്നതും ഓപ്പറേഷന് പണം സംഘടിപ്പിക്കാൻ നെട്ടോട്ടം ഓടിയ കുഞ്ഞാമയെ അമീനിന്റെ ആദ്യ ഭാര്യ സമീപിച്ചതും ഓപ്പറേഷൻ നടന്നതുമെല്ലാം അവളുടെ മനസ്സിലൂടെ അന്നേരം കടന്നു പോയ്..

 

വലിയ കോടീശ്വരിയായ അവർക്ക് പ്രസവം പേടിയാണെന്ന് ,അതു കാരണം സ്വന്തം ഭർത്താവിന് വേണ്ടി പ്രസവിക്കാൻ തയ്യാറുള്ള പെണ്ണിനെ അന്വോഷിച്ചിറങ്ങിയവർ കണ്ടെത്തിയത് തന്നെയും ….

 

ഒരെതിർപ്പും പറഞ്ഞില്ല ആരോടും…

 

പറഞ്ഞതൊന്നുമാത്രം, “ആരുടെ കൂടെ വേണമെങ്കിലും പൊറുത്തോളാം ,,, “എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും പെറ്റോളാം…

 

പക്ഷെ അതെല്ലാം നടക്കണമെങ്കിൽ കൂടെ കിടക്കാൻ വരുന്നവൻ നാലാളുടെ മുമ്പിൽ വെച്ച് തനിക്ക് മഹർ നൽകണം ..

 

നാളെ ആരുടെ മുമ്പിലും ഒരു അഴിഞ്ഞാട്ടക്കാരിയായ് തരംതാഴ്ത്തപ്പെടാതിരിക്കാൻ തനിക്ക് അതു മാത്രമേ ആവശ്യപ്പെടാനുണ്ടായിരുന്നുള്ളു

 

ചിന്തകളിൽ മൂടപ്പെട്ട മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ ജാസ്മിൻ ശ്രമിക്കുന്നതിനിടയിൽ അമീൻ അവളിലേക്കുള്ള പ്രയാണം തുടങ്ങി കഴിഞ്ഞിരുന്നു …

 

റൂമിലെ നേർത്ത വെളിച്ചത്തിൽ തന്നിലൊട്ടി അമർന്നു കിടക്കുന്ന അമീനെ യാതൊരു വിധ വികാരങ്ങളുമില്ലാതെ ജാസ്മിൻ നോക്കി കിടക്കുമ്പോൾ നാളെ അവളുടെ ഭാവി എന്തെന്ന് തീരുമാനിക്കുന്ന ജീവന്റെ തുടിപ്പ് അവളിലൂടെയുള്ള അതിന്റെ പ്രയാണം തുടങ്ങി കഴിഞ്ഞിരുന്നു…

 

വർഷങ്ങൾക്കു ശേഷമൊരു ദിവസം …

 

നിറഞ്ഞ സദസ്സിനു മുന്നിലിരുന്ന് തന്റെ മകനൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ്ക്കാരിക്കുള്ള സമ്മാനം ഏറ്റുവാങ്ങുന്ന ജാസ്മിനെ അമീൻ ആരാധനയോടെ നോക്കിയിരുന്നു പോയ്..

 

തീ പോലെ ജ്വലിക്കുന്നുണ്ടവളുടെ സൗന്ദര്യം ഇന്നും..

 

വളരെ വ്യക്തവും സ്ഫുടവുമായ ശബ്ദത്തിൽ അവൾ സദസ്സിനെ നോക്കി സംസാരിക്കുമ്പോൾ അമീന്റെ മനസ്സിൽ തെളിഞ്ഞ അവളുടെ രൂപം ആദ്യരാത്രിയിൽ പതർച്ചയില്ലാതെ തന്നോടു സംസാരിച്ചവളുടേതായിരുന്നു…

 

തളർന്നു പോയില്ല അവൾ എവിടെയും …

 

തോറ്റു കൊടുത്തതുമില്ല ആർക്ക് മുമ്പിലും…

 

അവളെ രണ്ടാം തരക്കാരിയായ് ചവിട്ടി താഴ്ത്താൻ ശ്രമിച്ചവരുടെ തലയിൽ ചവിട്ടി തന്നെയവൾ മുകളിലേക്കുയർന്നു …

 

ജാസ്മിന്റെ മുന്നേറ്റങ്ങളിൽ അടിപതറിയ തന്റെ ആദ്യ ഭാര്യ ഒടുവിൽ അവളുടെ മുന്നിൽ അടിയറവു പറഞ്ഞു… ഒന്നാം സ്ഥാനക്കാരിയായ് ജാസ്മിൻ മുന്നേറിയപ്പോൾ മറ്റവൾ പതിയെ തന്റെ ജീവിതത്തിൽ നിന്നും മടങ്ങി പോയ്… ജാസ്മിന്റെ ആദ്യ വിജയം…

 

സൗന്ദര്യം കൊണ്ടും ശരീരം കൊണ്ടും തന്നെ കീഴ്പ്പെടുത്തിയിരുന്ന ജാസ്മിനു മുന്നിൽ താനെന്നും തോറ്റു കൊടുത്തിട്ടേ ഉള്ളു …

 

വാശിയോടെ ജീവിതത്തെ സമീപിച്ചവൾക്കാവശ്യമായ സപ്പോർട്ടു നൽകി അവളുടെ കൂടെ നിന്നു, ഒരിക്കൽ അവളോടു ചെയ്ത തെറ്റുതിരുത്താനെന്ന പോലെ …..

Leave a Reply

Your email address will not be published. Required fields are marked *