(രചന: രജിത ജയൻ)
“എന്നാലുമെന്റെ ശിഖേ.. ഇതൊക്കെ ഇത്തിരി കൂടുതൽ അല്ലേ…?
മറ്റൊരാളുടെ സങ്കടങ്ങളിൽ സന്തോഷിക്കുന്ന മനസ്സ് നന്നല്ല എന്നാ പറയുക.. നീയിപ്പോൾ ചെയ്യാൻ പോണത് അതാണ് ട്ടോ..
ആ… അതെ എന്റെ മനസ്സ് നന്നല്ല… ചീത്തയാ… ഞാനും ചീത്തയാ… നിങ്ങൾക്ക് സഹിക്കാൻ പറ്റില്ലെങ്കിൽ എന്നെ അങ്ങ് കളഞ്ഞേരേ…..
അല്ലെങ്കിലും നിങ്ങൾക്ക് പണ്ടേ അവളോടാണല്ലോ ചായ്വ്വ് …
അവളല്ലേ നിങ്ങളുടെ ചങ്ക്.. ഞാൻ വലിഞ്ഞുകയറി വന്ന് ഇഷ്ട്ടം പിടിച്ചു വാങ്ങിയവളാണല്ലോ …?
വാശിയോടെ പറഞ്ഞു തുടങ്ങി ഒടുവിൽ കണ്ണു നിറച്ച് കരയാനൊരുങ്ങുന്ന ശിഖയെ കണ്ടതും ഇനിയൊന്നും പറയാനില്ലാത്ത പോലെ ബിജു സംസാരം അവസാനിപ്പിച്ച് പിൻ വാങ്ങി..
അല്ലെങ്കിലും അവളുടെ പതിവ് അതാണ്.. വേണ്ടാത്ത കാര്യങ്ങൾക്ക് വാശി പിടിക്കും .. ഒടുക്കം അത് നേടി എടുക്കാൻ വേണ്ടി കരച്ചിലും ബഹളവുമാവും ..
അത്രയുമാവുമ്പോൾ പിൻ വാങ്ങുകയാണ് ബിജു ചെയ്യുക… പുള്ളി ഇത്തിരി സമാധാനത്തിന്റെ ആളാണേ
പതിവില്ലാത്ത വിധം മൂളിപ്പാട്ടോടു കൂടി വീടിനുള്ളിലാകെ നിറഞ്ഞു നിൽക്കുന്ന ശിഖയെ ഇടയ്ക്കിടെ ബിജു പാളി നോക്കി…
സ്ക്കൂൾ വിട്ടു വന്നാൽ ഫോണുമായ് സോഫയിൽ ചടഞ്ഞ് കൂടിയിരിക്കുന്നവളാണിന്ന് പാട്ടും പാടി ഓരോന്നും ചെയ്ത് നടക്കുന്നത്…
ഇടയിൽ ഫോണെടുത്ത് ഇന്നു കണ്ട അത്ഭുത കാഴ്ച ആരോടെല്ലാമോ വിളിച്ചും മെസ്സേജ് അയച്ചും അറിയിക്കുന്നുണ്ടായിരുന്നു .
അത്താഴം കഴിഞ്ഞ് കിടക്കുന്നതിനു മുമ്പ് അല്പസമയം ഫോൺ നോക്കുകയായിരുന്നു ബിജു
” എന്നാലുമെന്റെ ബിജുവേട്ടാ… എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഞാനാ ഹോട്ടലിൽ കണ്ടത് ഇന്ദു ദേവിയെ തന്നെയാണെന്ന്…”
“കോളേജ് ബ്യൂട്ടി ആയിരുന്നില്ലേ അവൾ.. എത്രചെക്കൻമാർ പിന്നാലെ നടന്നതാ.. ”
“അവരൊക്കെ ഇന്നവളെ ഒന്നു കാണണമായിരുന്നു.. ”
“അതെന്താ ശിഖാ.. അങ്ങനെ …? ഇപ്പോൾ അവളെ കാണാൻ ചന്തം ഇല്ലേ..? അതോ വേറെന്തെങ്കിലും മാറ്റം ഉണ്ടോ അവൾക്ക്..?
ശിഖയുടെ വിവരണം കേട്ട ബിജു അസഹിഷ്ണുതയോടെ ചോദിച്ചു ..
“എന്താ ഒരു ശുഷ്കാന്തി … പണ്ടത്തെ ചങ്കിനെ പറ്റിയറിയാൻ …,ശിഖയുടെ മുഖം പുച്ഛത്താലൊന്നു കോടി
അല്ലാ.. ഇനിയിപ്പോ ചങ്ക്, ചങ്ക് എന്ന് പറഞ്ഞ് അവളിനി പണ്ട് നിങ്ങളുടെ ചങ്കിലെങ്ങാനും കയറിക്കൂടിയാരുന്നോ ..?
അങ്ങനെയാണെങ്കിൽ എന്നെ കെട്ടിയതോടെ നിങ്ങൾ രക്ഷപ്പെട്ടു ഒന്നൂല്ലെങ്കിലും ഞാനൊരു എൽ പി സ്കൂൾ ടീച്ചറല്ലേ..?
“അവളോ ഒരുചെറിയചായക്കടയുമായിട്ടിരിപ്പാണ് ,
വല്ല ആളുകളും കയറിയാൽ കയറി അത്ര തന്നെ…
“ഹോ.. എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, പഠിച്ചയിടത്തെല്ലാം ഒന്നാം സ്ഥാനക്കാരിയായിരുന്നവളുടെ ഇന്നത്തെ ഒരവസ്ഥയേ … ”
“അവളെ കണ്ടു പഠിക്ക് …
അവളെ പോലെ ആവാൻ നോക്ക്…
എന്തൊക്കെയായിരുന്നു ഓരോരുത്തർക്ക് …
നമ്മളോടെല്ലാം പുച്ഛവും പരിഹാസവും … എന്നിട്ടപ്പോൾ എന്തായ്… ”
”ഹോ..എന്തായാലും നാളെ പറ്റുമായിരുന്നെങ്കിൽ ഒന്നൂടി പോയിട്ടാ കാഴ്ച കാണാമായിരുന്നു ,എന്തു ചെയ്യാം ലീവില്ലല്ലോ..”
“പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്ത പോലെ ശിഖപിന്നെയും പറഞ്ഞു കൊണ്ടിരുന്നതും ബിജു ഫോണെടുത്തു വെച്ച് കിടക്കാനൊരുങ്ങി
ബിജുവേട്ടൻ കിടക്കാൻ പോവ്വാ…?
അവൻ ഫോണെടുത്ത് വെച്ചതു കണ്ട് ശിഖ അവനോട് ചോദിച്ചു കൊണ്ടാനെഞ്ചോരം ചേർന്നു കിടന്നു..
പതിവില്ലാതെ തന്നിലേക്കണഞ്ഞുവരുന്നവളെ ബിജുവും ഒന്നു നോക്കി..
സാധാരണ തന്റെ ഒരു ഉറക്കം കഴിഞ്ഞാലും ഫോണിൽ കളിച്ചിരിക്കുന്നവളാണ് ഇന്ന് തന്റെ നെഞ്ചോരം വന്നൊട്ടി കിടന്ന് കിന്നരിക്കുന്നത് …
“സമയം എത്രയായെന്ന് നോക്ക് ശിഖാ… നിനക്കും ക്ഷീണമില്ലേ…?
“സ്കൂളിൽ നിന്ന് കുട്ടികളെ ഡാം കാണിക്കാൻ കൊണ്ടു പോയിട്ട് നീയാ..വെയിലു മുഴുവൻ കൊണ്ടതല്ലേ .. ഉറങ്ങാൻ നോക്ക് നീ…”
അവളെ തന്നോട് ചേർത്തു പിടിച്ചാ നെറ്റിയിൽ ഒരുമ്മ നൽകി ബിജു പറഞ്ഞതും കണ്ണു നിറഞ്ഞു ശിഖയുടെ…
“എന്തിനാടീ ഇപ്പോൾ നീ കണ്ണു നിറക്കണത്..? പ്രായം കൂടുംതോറും നീ വെറും വാശിക്കാരിയായ് മാറുന്നുണ്ട് ട്ടോ …”
ബിജു പറഞ്ഞതിന് മറുപടിയായ് ശിഖ അവന്റെ നെഞ്ചിൽ അമർത്തി ഒരുമ്മ കൊടുത്തവനെ ഇറുക്കി കെട്ടിപ്പിടിച്ചു …
തൊട്ടും തലോടിയുമവസാനമൊരു കൂടിച്ചേരലിലേക്ക് അവർ നീങ്ങിയപ്പോൾ പതിവില്ലാത്ത വിധം ഇത്തവണ ആവേശം ശിഖയ്ക്കായിരുന്നു ..
തളർന്നൊടുവിൽ അവളിലൊതുങ്ങിക്കിടക്കുമ്പോൾ ബിജു അവളെ ചുംബനങ്ങളാൽ മൂടുന്നുണ്ടായിരുന്നു
“ബിജുവേട്ടാ… സത്യം പറഞ്ഞാൽ എനിക്ക് ആദ്യമൊന്നും ഇന്ദു ദേവിയോട് യാതൊരു ദേഷ്യവും ഉണ്ടായിരുന്നില്ല..
“പക്ഷെ.. പിന്നീട് ബിജുവേട്ടനും അവളുമൊക്കെ വലിയ കൂട്ടുകാരയപ്പോൾ ബിജുവേട്ടൻ അവൾക്ക് കൊടുക്കുന്ന സ്നേഹവും പരിഗണനയുമെല്ലാം കണ്ടിട്ടാണ് എനിക്കാദ്യമായ് അവളോട് വെറുപ്പും ദേഷ്യവുമെല്ലാം തോന്നി തുടങ്ങിയത് …”
“ബിജുവേട്ടൻ എന്റെ അല്ലേ.., എന്റെ അമ്മാവന്റെ മകൻ.. എന്നെ കല്യാണം കഴിക്കേണ്ടയാൾ … അങ്ങനെ ഒരാൾ എന്നെക്കാളധികം വേറെ ഒരു പെണ്ണിനെ സ്നേഹിക്കുന്നു എന്നു തോന്നിയതിൽ നിന്നുണ്ടായതാണ് ബാക്കിയെല്ലാം … ”
“നിങ്ങളെല്ലാം ഏറെ പുകഴ്ത്തി നല്ല ഉയർന്ന ഒരു നിലയിൽ, വലിയ ഒരു ദ്യോഗസ്ഥആവുമെന്ന് പറഞ്ഞവൾ ഒരു ചെറിയ ചായക്കടയുമായ് ജീവിതം തള്ളിനീക്കുന്ന കാഴ്ച ,ഇന്ന് ഡാം കാണാൻ പോയപ്പോഴാണ് ഞാൻ കണ്ടത്…”
“വലിയ രാജകുമാരിയെ പോലെ ജീവിച്ചിരുന്നവൾ ഇന്നങ്ങനെ ഒരു ജീവിതം ജീവിക്കുന്നത് കണ്ടപ്പോൾ ശരിയ്ക്കും തോന്നേണ്ടത് വിഷമമാണെങ്കിലും എനിക്ക് തോന്നിയത് സന്തോഷമാണ് … ”
“അതെന്റെ പോരായ്മ തന്നെയാവും … പക്ഷെ ഞാനെന്തോ ഇങ്ങനെയായ്പോയ്… ”
“എന്റെ ഭർത്താവിന്റെ മുമ്പിൽ എന്നും ഉയർന്നും മികച്ചും നിൽക്കേണ്ടത് ഞാനല്ലേ.. ആണ് ഞാൻ മാത്രമാണ്.. ”
“അതു കൊണ്ടു തന്നെ നിങ്ങളുടെ പണ്ടത്തെ പ്രിയ കൂട്ടുകാരിയുടെ ഇന്നത്തെ അവസ്ഥ ഞാനിടയ്ക്കിടെ പറഞ്ഞു കൊണ്ടിരിയ്ക്കും .. ”
“വെറുതെ എനിക്കൊരു സന്തോഷത്തിന്…. ഒന്നൂല്ലെങ്കിലും പണ്ട് അവളെ ഓർത്തു ഞാനെന്റെ കുറെ സന്തോഷങ്ങൾ വേണ്ടാന്ന് വച്ചതല്ലേ … ”
പിന്നെയുമോരോന്നു പറഞ്ഞു കൊണ്ടവൾ ഉറക്കത്തിലേക്ക് വഴുതിവീണപ്പോൾ ബിജു കൈ നീട്ടി തന്റെ ഫോണെടുത്തു
അതിലെ ഇന്നത്തെ വൈറൽ വാർത്തയിലൂടെ അവന്റെ കണ്ണുകളോടി…
സ്നേഹ സദനത്തിലെ കുരുന്നുകൾക്കൊപ്പം കലക്ടറുടെ ഒരുദിവസം…
ആ വാർത്തയിലുണ്ടായിരുന്നു തികച്ചും സാധാരണക്കാരിയായ് ജീവിയ്ക്കുന്ന കലക്ടറെ കുറിച്ചുള്ള വിവരണങ്ങൾ..
വിജയത്തിന്റെ പടവുകൾ താണ്ടുപ്പോഴും നന്മയുടെ വഴിയേ മാത്രം സഞ്ചരിക്കുന്ന ചെറുപ്പക്കാരിയായ കലക്ടറെക്കുറിച്ച്
ഒടുവിൽ സ്നേഹസദനത്തിലെ കുട്ടികൾക്കൊപ്പം അവരിലൊരാളായ് ജീവിയ്ക്കുന്ന കലക്ടറുടെ ഫോട്ടോയ്ക്ക് ഇന്ദു ദേവിയുടെ മുഖമായിരുന്നു.
ബിജുവിന്റെ ചങ്കായ ശിഖയുടെ കണ്ണിലെ കരടായ അതേ ഇന്ദു ദേവി..
ഇന്നവൾ സ്നേഹസദനത്തിലെ കുട്ടികളുടെ ഒപ്പം ഒരു കുഞ്ഞു ഹോട്ടലിൽ അവർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന ഫോട്ടോയും വീഡിയോയും കണ്ടതും ബിജുവതൊന്ന് നോക്കി
ഇന്ദുവിന്റെ മുഖത്തെ നിറചിരിയിൽ കണ്ണുടക്കിയതും അവനോർമ്മ വന്നത് ഉച്ചയ്ക്ക് ശേഷം തന്നെ വിളിച്ച ഇന്ദുവിനെ ആയിരുന്നു..
“എടാ.. നിന്റെ ഭാര്യയെ ഞാനിന്നിവിടെ വെച്ച് കണ്ടൂട്ടോ.. ഞാനാരാണെന്നൊന്നും അവൾക്കറിയില്ലല്ലോ.. ”
“അവളുടെ മുമ്പിൽ ഞാനീ ചെറിയ ചായകടയുടെ ഉടമസ്ഥയാ.. ജീവിയ്ക്കാൻ കഷ്ട്ടപ്പെടുന്നവൾ
അതങ്ങനെ തന്നെ മതീട്ടോ..”
“കൂടുതൽ തിരുത്താനും വിവരിക്കാനും പോയിട്ട് നിന്റെ ഉള്ള സമധാനം കളയണ്ട..”
“എന്നോടുള്ള കുശുമ്പ് നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ്, നിന്നെ അത്രയേറെ ഇഷ്ട്ടമായതുകൊണ്ടാണ്.. അതെന്നും നിന്റെ കൂട്ടുകാരി എന്ന നിലയിൽ എനിക്ക് ഇഷ്ടവുമാണ് .. ”
ഇന്ദുവിന്റെ വാക്കുകളോർത്തവനൊരു ചിരിയോടെ അരികിൽ കിടന്നുറങ്ങുന്ന ശിഖയെ നോക്കി…
“എന്റെ പ്രിയ കൂട്ടുകാരി എന്നേ അവളുടെ ഉയർച്ചയുടെ പടവുകൾ താണ്ടി കഴിഞ്ഞു ശിഖാ.. ”
” പക്ഷെ അതൊരിക്കലും ഞാൻ പറഞ്ഞ് നീയറിയില്ല, കാരണം നിന്നെ നീയായ് തന്നെ കാണാനാണ് എനിക്കിഷ്ടം … ”
“അതിലുപരി എന്റെ ജീവിതത്തിലെ സമാധാനം കളയാൻ വയ്യ മോളെ… ഞാനേ ഒരു സമാധാന പ്രിയനാണ്…”
പതുങ്ങിയ ഒച്ചയിൽ അവളുടെ കാതോരം പറഞ്ഞു കൊണ്ടവൻ അവളെ പുൽകി ഉറങ്ങുമ്പോൾ ഇതൊന്നുമറിയാതെ ഇന്ദുവിനെക്കാൾ മേലെയാണിന്ന് താനെന്ന ചിന്തയിൽ ശാന്തമായ ഉറക്കത്തിലായിരുന്നു ശിഖ…