കണ്ടവന്റെ കൂടെ ഇറങ്ങിപ്പൊയി ഒക്കെത്തൊരു കൊച്ചുമായി പിന്നേം നാണമില്ലാതെ കേറി വന്നിരിക്കുന്നു ശവം

(രചന: ദേവൻ)

 

” കണ്ടവന്റെ കൂടെ ഇറങ്ങിപ്പൊയി ഒക്കെത്തൊരു കൊച്ചുമായി പിന്നേം നാണമില്ലാതെ കേറി വന്നിരിക്കുന്നു ശവം. ഇവിടെ പൊറുതി പറ്റില്ലെന്ന് അവളുടെ മുഖത്തു നോക്കി പറഞ്ഞാലെന്താ നിങ്ങൾക്ക്. നിങ്ങടെ പേരിലല്ലേ അച്ഛൻ മരിക്കുംമുന്നേ എല്ലാം എഴുതിവെച്ചത്. ”

 

ശാരിയുടെ ഉറഞ്ഞുതുള്ളൽ റൂമിന് പുറത്തേക്ക് കേൾക്കുമെന്ന് ആയപ്പോൾ ശരത്ത്‌ ആകെ ആസ്വസ്തനായി.

 

“നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ?. അല്ലെങ്കിൽ പതിയെ പറ. എന്നോട് അല്ലെ പറയുന്നത്. ഞാൻ നിന്റ മുന്നിൽ തന്നെ അല്ലെ ഇരിക്കുന്നത്. അപ്പൊ എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞാൽ പോരെ? അപ്പുറത്ത് വയ്യാത്ത ഒരാൾ കിടപ്പുണ്ടെന്ന് ഓർമ്മ വേണം. അമ്മയ്ക്ക് മിണ്ടാനേ കഴിയാത്തുള്ളു. കേൾക്കാൻ ഒരു കുഴപ്പമില്ല. ഈ സമയത്ത് അവരെ കൂടെ വിഷമിപ്പിക്കാൻ….”

 

ശരത് അസ്വസ്ഥതയോടെ തല കുടഞ്ഞുകൊണ്ട് എഴുനേൽക്കുമ്പോൾ വിടാൻ ഭാവമില്ലായിരുന്നു ശാരിയ്ക്ക്.

 

” അമ്മയും കേൾക്കട്ടെ… ഇവിടെ നിന്ന് കണ്ടവന്റെ കൂടെ ഇറങ്ങിപോകുമ്പോൾ അവൾ ഓർത്തില്ലല്ലോ ഈ പറയുന്ന അച്ഛനേം അമ്മയെയും ഒന്നും . എന്നിട്ട് കണ്ടവന്റെ കൊച്ചിനേം ഒക്കത് വെച്ച് കേറി വന്ന അവളെ ഓർത്തു ഇവരെന്തിനു ദുഃഖിക്കണം. ”

 

അവളുടെ പുച്ഛത്തോടെ ഉള്ള സംസാരം ശരത്തിനു വല്ലാത്ത അരോചകം തോന്നി.

ഇവളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് കൂടുതലും മൗനം പാലിക്കാൻ ശ്രമിക്കും. പക്ഷേ , പിന്നെയും വായിൽ കോലിട്ട് ന്തേലും പറയിപ്പിച്ചാലെ അവൾക്ക് സമാധാനം ആകൂ എന്ന് ശരത്തിന് നല്ലപോലെ അറിയാം.

 

” എടി, നിനക്ക് നിന്റ കാര്യങ്ങൾ നോക്കിയാൽ പോരെ. അവളെങ്ങനെ ഒരാളെ ഇഷ്ടപ്പെട്ടു. അന്ന് എല്ലാവരും എതിർത്തപ്പോൾ അവൾ അവന്റ കൂടെ പോയി. എന്ന് കരുതി അങ്ങനെ തള്ളികളയാൻ പറ്റോ അമ്മയ്ക്ക്.

ദേഷ്യം ഉണ്ടാകും. എന്ന് കരുതി വീണു പോകുമ്പോൾ പുറംകാലു കൊണ്ട് തട്ടികളഞ്ഞാൽ സന്തോഷം ആകുമോ..

പിന്നെ അവളിവിടെ നിൽക്കുന്നത് ആണ് നിന്റ പ്രശ്നം എങ്കിൽ അതിനൊരു വഴി ഞാൻ കണ്ടെത്തിക്കൊള്ളാം. പോരെ..

 

പിന്നെ ഇതുപോലെ പ്രേമിച്ചു കെട്ടിയവരാ നമ്മളും. അത് നീ മറക്കണ്ട.

ആഹ് ഇതൊക്കെ ആരോട് പറയാൻ…

 

പണ്ടാരോ പറഞ്ഞിട്ടുണ്ട്. പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ ആണെന്ന്. ഹോ ”

 

അവളെ അമർഷത്തോടെ കൈ കൂപ്പി കാണിച്ചുകൊണ്ട് ശരത് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചുകൊണ്ട് ശാരി പിറകിൽ നിന്ന് പറയുന്നുണ്ടായിരുന്നു

” പ്രേമിച്ചിട്ടുണ്ടെങ്കിൽ എന്നെ എന്റെ വീട്ടുകാർ നിങ്ങടെ കൂടെ നാലാള് അറിയേ ആണ് കെട്ടിച്ചുവിട്ടത്, അല്ലാതെ നിങ്ങടെ പെങ്ങൾ ചെയ്തപ്പോലെ പാതിരാത്രി പിൻവാതിൽ നിങ്ങടെ കൂടെ ഇറങ്ങിവന്നത് അല്ല ഞാൻ. ” എന്ന്.

 

പക്ഷേ, അതൊന്നും കേട്ട ഭാവം പോലും കാണിച്ചില്ല അവൻ.

 

ശരത് അമ്മയുടെ മുറിയിലെത്തുമ്പോൾ സരിതയും മോളും അമ്മക്കരികിൽ ഉണ്ടായിരുന്നു. അവനെ കണ്ട മാത്രയിൽ അവൾ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അവൻ അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു.

 

” ഏട്ടാ.. ഞങ്ങള് പൊയ്ക്കോളാ… തെറ്റ് ചെയ്തത് ഞാൻ അല്ലെ.. എന്നെപോലെ ഉള്ള ഒരുവളെ ശാരിയ്ക്ക് പെട്ടന്ന് അംഗീകരിക്കാൻ കഴിയുന്നുണ്ടാവില്ല. ഞാൻ കാരണം ഒരിക്കൽ എല്ലാവരും വേദനിച്ചതാണ്. ഇനിയും വേദനിപ്പിക്കാൻ വയ്യ.

അമ്മയെ ഒന്ന് കാണണം എന്ന് തോന്നി. മാപ്പ് അർഹിക്കാത്തത് ചെയ്തിട്ട് ഒടുക്കം ആരുമില്ലാതായപ്പോൾ മെല്ലെ തഞ്ചത്തിൽ കേറി വന്നവളായിട്ടേ എല്ലാവരും കാണൂ.. ശാരിയും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകൂ.. തെറ്റ് പറയാൻ പറ്റില്ലല്ലോ. ഇനി നിൽക്കനില്ല. ”

 

അമ്മയുടെ കയ്യിൽ ഒന്ന് മുറുക്കെ പിടിച്ചുകൊണ്ട് അവൾ പോവാണെന്ന് പതിയെ തലയാട്ടി.

കണ്ണുകൾ നിറഞ്ഞൊഴുകുന്ന അമ്മയ്ക്ക് ഒരു പുഞ്ചിരി കൂടി സമ്മാനിച്ചു മോളെയും കൂട്ടി അവൾ പുറത്തേക്ക് നടക്കുമ്പോൾ ശരത് അവളെ പിറകിൽ നിന്നും വിളിച്ചു.

 

” ഈ സമയത്ത് നീ ഇനി എങ്ങോട്ട് പോവാനാ. ന്തായാലും ആയില്ലേ. നാളെ പോകാം.. ഇപ്പോൾ നീ മോളെയും കൂട്ടി റൂമിൽ പോയി ഒന്ന് ഫ്രഷ് ആവു. ബാക്കി ഒക്കെ മെല്ലെ തീരുമാനിക്കാം. ”

 

അവൾ മറുത്തെന്തെങ്കിലും പറയും മുന്നേ ശരത് മോളെയും കൂട്ടി മറ്റൊരു മുറിയിലേക്ക് നടന്നുകഴിഞ്ഞിരുന്നു.

 

രാവിലെ എഴുന്നേൽക്കുംമുൻപ് ശാരി ശരത്തിനെ തട്ടിയുണർത്തി ചോദിച്ചത് ” അവരെ ഇനിയും ഇവിടെ പാർപ്പിക്കാൻ ആണോ പ്ലാൻ ” എന്നായിരുന്നു.

 

“നേരം ഒന്ന് വെളുത്തോട്ടെ എന്റെ പൊന്ന് ശാരി. വല്ലാത്ത കഷ്ട്ടം തന്നെ. മനുഷ്യന് ഒരു സമാധാനം തരില്ലെന്ന് വെച്ചാൽ… ഒരു കാര്യം ചെയ്യ്, നീ ഇവള് പോകുംവരെ നിന്റ വീട്ടിൽ പോയി നിന്നോ.. അതായിരിക്കും നല്ലത്. അല്ലാതെ ങ്ങനെ ഒരു അവസ്ഥയിൽ ന്തായാലും അവളെ പെരുവഴിയിൽ ഇറക്കിവിടാൻ എനിക്ക് പറ്റില്ല. കേട്ടല്ലോ. അവൾക്ക് താമസിക്കാനും ജീവിക്കാനും ഒരു വഴി കണ്ടെത്തികൊടുക്കേണ്ടത് എന്റെ കടമയാണ്. നിനക്ക് സഹിക്കാൻ പറ്റില്ലെങ്കിൽ കുറച്ചു ദിവസം നീ നിന്റ വീട്ടിൽ പോയി നിന്നോ. ”

 

അവന്റ വളരെ ലാഘവത്തോടെ ഉള്ള മറുപടി കേട്ടപ്പോൾ അവൾക്ക് ദേഷ്യം പെരുത്തുകയറുന്നുണ്ടായിരുന്നു. ആ ദേഷ്യത്താൽ തന്നെ അവൾ വേഗം ഒരു ബാഗിൽ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്ത് പോകാൻ റെഡിയായി.

 

” നീ നിൽക്ക്, ഞാൻ ഒന്ന് കുളിച്ചു വരട്ടെ… ഞാൻ വീട്ടിൽ കൊണ്ടാകാം. ” എന്ന് പറഞ്ഞ ശരത്തിനെ രൂക്ഷമായി നോക്കി അവൾ.

 

“ഓഹ്, വേണ്ട… നിങ്ങളിവിടെ കടമ നിറവേറ്റി ഇരുന്നോ. എന്റെ വീട്ടിൽ പോവാൻ എനിക്ക് അറിയാം. ”

 

അതും പറഞ്ഞ് ചാടിതുള്ളി പുറത്തേക്ക് പോകുന്ന ശാരിയേ പുഞ്ചിരിയോടെ നോക്കി അവൻ.

 

സ്വന്തം വീട്ടിലെത്തുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു അമ്മ.

ശാരിയെ കണ്ടപ്പോൾ സംശയത്തോടെ അവളുടെ മുഖത്തേക്കൊന്നു നോക്കി അവർ.

 

” നീ ഒറ്റക്കെ ഉള്ളോ. ശരത് എവിടെ? ”

 

അവരുടെ സംശയത്തോടെ ഉള്ള ചോദ്യം കേട്ട് അവൾ കണ്ണുകൾ. നിറച്ചുകൊണ്ട് അമ്മയുടെ അരികിൽ വന്നിരുന്നു.

 

പിന്നെ എല്ലാ കാര്യങ്ങളും അമ്മയ്ക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ അമ്മ ദേഷ്യത്തോടെ അവളെ നോക്കി.

 

“ഈ ചെറിയ ക്കാര്യത്തിന് ആണോ നീ ങ്ങോട്ട് പോന്നത്. കൊള്ളാം. ആ പെണ്ണും കൊച്ചും വന്നെന്ന് കരുതി നിനക്ക് എന്താടി. അവളുടെ കൂടെ വീടല്ലേ അത്. അവൾക്ക് ഒരിക്കൽ അങ്ങനെ ഒരു അബദ്ധം പറ്റി എന്ന് കരുതി അവൾക്ക് ഒരു പ്രശ്നം വരുമ്പോൾ പുറംകാലുക്കൊണ്ട് തട്ടാണോ ചെയ്യേണ്ടത്? ”

 

അമ്മയുടെ ചോദ്യം കേട്ടപ്പോൾ അമ്പരപ്പോടെ അമ്മയുടെ മുഖത്തേക്ക് നോക്കി അവൾ.

 

” എടി. നീയും ങ്ങനെ ഒരാളെ സ്വയം കണ്ടെത്തിയതല്ലേ? ”

 

“എന്ന് കരുതി ഞാൻ നിങ്ങളെ ഒക്കെ വേണ്ടെന്ന് വെച്ച് ഇറങ്ങിപോയിട്ട് ഒന്നും ഇല്ലല്ലോ. നല്ല അന്തസ്സ് ആയല്ലേ എന്നെ കെട്ടിച്ചത്. ”

 

അവളുടെ ന്യായീകരണം കേട്ടപ്പോൾ ആ അമ്മയുടെ മുഖത്തു മകളോട് പുച്ഛം ആയിരുന്നു.

 

” എടി, നിന്റ പിടിവാശിക്ക് മുന്നിൽ ഞങ്ങൾ മൗനം പാലിച്ചത് കൊണ്ട് നിനക്കിപ്പോ അന്തസ്സ് പറയാനായി. അന്ന് ആ കൊച്ചിന്റെ കാര്യത്തിൽ ആ വീട്ടുകാർ പിടിവാശി പിടിച്ചപ്പോൾ അവൾ അവളുടെ ഇഷ്ടം തിരഞ്ഞെടുത്തു.

അന്ന് വരെ നോക്കി വളർത്തിയ വീട്ടുകാരെ ഉപേക്ഷിച്ചു പോയത് തെറ്റ് തന്നെ ആണ്. എന്ന് കരുതി ഒരു ആവശ്യം വരുമ്പോൾ കയ്യൊഴിയണം എന്നാണോ. ? അങ്ങനെ ഉള്ളവർ ഉണ്ടാകും . എന്ന് കരുതി എല്ലാവരും അങ്ങനെ ആയിക്കൊള്ളണം എന്നില്ല.

പിന്നെ നിന്നെപ്പോലെ കുറെ എണ്ണം ഉണ്ട്. തമ്മിൽതല്ലിക്കാൻ കാത്തു നിൽക്കുന്ന ചില പെണ്ണുങ്ങൾ.

പറഞ്ഞിട്ട് കാര്യമില്ല….

 

ഒന്നോർത്തോ… ആ പെണ്ണ് വന്നെങ്കിൽ അത് അവളുടെ വീട്ടിലേക്ക് ആണ്. അവളേ അംഗീകരിക്കാനും കൈ വിടാതെ കൂടെ നിർത്താനും ശരത്തിനും അമ്മയ്ക്കും കഴിഞ്ഞെങ്കിൽ അത് അവരുടെ നല്ല മനസ്സ്.

അതിനിടയിൽ കുത്തിതിരിപ്പ് ഉണ്ടാക്കി ഇതുപോലെ ഇവിടെ വന്നു നിൽക്കാൻ ആണ് മോൾടെ ഉദ്ദേശം എങ്കിൽ അമ്മ സമ്മതിക്കില്ല.

അതുകൊണ്ട് എന്റെ പോന്നുമോള് ഉള്ളിൽ പോയി വല്ലതും എടുത്തുകഴിച്ചു വേഗം പോവാൻ നോക്ക്. ”

 

അമ്മ കൂടെ കൈവിട്ടെന്ന് മനസ്സിലായപ്പോൾ ശാരി ആകെ ആസ്വസ്ഥമായി. തിരികെ പോകുകയല്ലാതെ വേറെ വഴിയില്ലെന്ന് മനസ്സിലായപ്പോൾ വിഷമത്തോടെ അവൾ അമ്മയുടെ കയ്യിൽ പിടിച്ചു.

 

” ഇനി ഒറ്റയ്ക്ക് ങ്ങനാ ഞാൻ അങ്ങോട്ട്… അമ്മ കൂടെ വരോ കൊണ്ടുവിടാൻ ”

 

അവസാനപ്രതീക്ഷയോടെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ അമ്മ ഇല്ലെന്ന് തലയാട്ടി.

 

” രണ്ടാമതൊന്ന് ആലോചിക്കാതെ ഒറ്റയ്ക്ക് ഇറങ്ങിപോന്നതല്ലേ. മോള് ഒറ്റയ്ക്ക് തന്നെ പോയാൽ മതി. കേട്ടല്ലോ. അല്ലേൽ ശരത്തിനെ ഒന്ന് വിളിച്ചുനോക്ക്. അവൻ ആയത് കൊണ്ട് വരുമായിരിക്കും.

 

പിന്നെ പോകുമ്പോൾ ഒരു കാര്യം മറക്കണ്ട…നിന്റെ ഉള്ളിലുള്ള കിഴങ്ങ് അങ്ങ് കുത്തിപ്പറിച്ചു കളഞ്ഞിട്ട് പോണം അങ്ങോട്ട്…. തമ്മിൽ തല്ലിക്കാൻ പെട്ടന്ന് കഴിയും.. തമ്മിൽ ചേർത്ത് പിടിക്കാൻ ആണ് പ്രയാസം.

ഒന്നു കൂടെ മോൾ ഓർത്തോ…

 

മനസ്സിൽ നന്മ ഉണ്ടെങ്കിലേ മനുഷ്യന് ന്നിലനിൽപ്പും ഉള്ളൂ… “

Leave a Reply

Your email address will not be published. Required fields are marked *