ഞാൻ ഒത്തിരി ക്ഷമിച്ചു. ഓരോ പ്രശ്നങ്ങളിലും നിന്നിൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇനി എനിക്ക് വയ്യ.. സമാധാനവും സന്തോഷവും ഇല്ലാതെ ഈ വീട്ടിൽ ജീവിക്കാൻ ഞാനില്ല.

തിരികെ

രചന: Navas Amandoor

 

അയാൾ ഒരഴെത്ത് എഴുതിവച്ചിട്ടായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്.

 

“രമ്യാ… ഞാൻ ഒത്തിരി ക്ഷമിച്ചു. ഓരോ പ്രശ്നങ്ങളിലും നിന്നിൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇനി എനിക്ക് വയ്യ.. സമാധാനവും സന്തോഷവും ഇല്ലാതെ ഈ വീട്ടിൽ ജീവിക്കാൻ ഞാനില്ല.

 

ഞാൻ എവിടെയെങ്കിലും ഉണ്ടാവും. നിന്നെയും മക്കളെയും മറക്കില്ല. മൊബൈലിൽ വിളിക്കണ്ട.. ഞാൻ മൊബൈൽ കൊണ്ടുപോകുന്നില്ല. മക്കളോട് പറഞ്ഞാൽ മതി അച്ഛൻ ജോലിക്ക് പോയതാണെന്ന്.”

 

ഒരുപാട് നേരമായി ലോകേഷ് ബസ് കാത്ത് നിൽക്കുന്നത്. കുറേ നേരം ബസ് സ്റ്റാൻഡിൽ നിന്നു. ആരോ പറഞ്ഞു ബൈപാസ്സ് ജംഗ്ഷനിൽ പോയി നിന്നാൽ അവിടെ നിന്ന് ബസ് കിട്ടുമെന്ന്. അങ്ങനെ ബൈപാസ്സിലെത്തി… ഇവിടെ ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറിൽ കൂടുതലായി.

 

“ചേട്ടാ… ഇന്ന് ബസ് മിന്നൽ പണിമുടക്കാണ്.. വരുന്ന വണ്ടിക്കൊക്കെ കൈ കാണിച്ചോ… ആരെങ്കിലും നിർത്തിത്തന്നാൽ ഭാഗ്യം.”

 

ഓട്ടോക്കാരന്റെ സംസാരത്തിൽ നിന്നും ഇന്ന് ഇനി ബസ് കിട്ടില്ലെന്ന് ഉറപ്പിച്ചു വരുന്ന വണ്ടികൾക്ക് നേരെ ലോകേഷ് കൈ നീട്ടാൻ തുടങ്ങി. ഒരാളും മൈൻഡ് ചെയ്തില്ല. എങ്കിലും കൈ കാണിക്കൽ തുടർന്നു.

 

പല വണ്ടിയും അയാളെ ശ്രദ്ധിക്കാതെ കടന്നുപോയപ്പോൾ കൈ കാണിക്കാതെ ഒരു കാർ അയാളുടെ മുൻപിൽ നിർത്തി.

 

“വരുന്നോ… ഞങ്ങൾ എറണാകുളത്തേക്കാണ്.”

 

“യെസ്… ഞാൻ ഉണ്ട്.”

 

ആ കാറിൽ മൂന്ന് പേരുണ്ടായിരുന്നു. ഭാര്യയും ഭർത്താവും അവരുടെ മകളും. കാറിന്റെ ഡോർ തുറന്ന് അയാളുടെ ഭാര്യ പിൻസീറ്റിൽ കയറി. ലോകേഷ് മുൻപിൽ കയറി ഇരുന്ന് ഡോർ അടച്ചു. വണ്ടി മുന്നോട്ട് പോയി.

 

“ഞങ്ങൾ കുറച്ചു നേരമായി നിങ്ങൾ ഇവിടെ വണ്ടികൾക്ക് കൈ കാണിക്കുന്നത് കാണുന്നത്..”

 

“എങ്ങനെ കണ്ടു…?”

 

“നിങ്ങൾ നിൽക്കുന്നതിന്റെ കുറച്ചു മുൻപിലെ കോഫി ഷോപ്പിൽ ഞങ്ങൾ ഉണ്ടായിരുന്നു.എന്റെ പേര് ഫൈസി…എന്റെ ഭാര്യ റസിയ .. ഞങ്ങളുടെ മകൾ ദിയ..

റസിയയുടെ വീട് ഇവിടെയാ.. ഞങ്ങൾ ഒരു നിക്കാഹിനു വന്നതാണ്.”

 

“ഞാൻ ലോകേഷ്… വീട് തൃശൂർ.”

 

“ഇവിടെ കണ്ണൂരിൽ എന്താണ് പരിപാടി..?”

 

“ഞാൻ നാട് വിട്ട് പോന്നതാണ്.”

 

എന്താണ് ഇയാൾ പറയുന്നതെന്ന ഭാവത്തിൽ ഫൈസി അയാളെ നോക്കി. ആ നോട്ടത്തിൽ ഇത് പണിയാകുമോ എന്നൊരു ചോദ്യവും ഉണ്ട്.

 

“പേടിക്കണ്ട… ഞാൻ എന്റെ കെട്ടിയോളെ ടോർച്ചർ സഹിക്കാൻ പറ്റാതെ നാട് വിട്ടതാ… ഈ പോക്ക് തിരിച്ചു പോക്കാണ്.”

 

“എന്താണ് പ്രശ്നമെന്ന് പറ… ഇങ്ങനെ വീടും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോകാൻ എന്തായിരുന്നു കാരണം..?”

 

ലോകേഷ് ആ കാരണം പറയാൻ തുടങ്ങി.

 

“കല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങൾക്കു ശേഷം വാടകക്ക് ഒരു വീട് എടുത്തു താമസം തുടങ്ങി. ഇപ്പോൾ രണ്ട് മക്കളുണ്ട്. ഒരാണും ഒരു പെണ്ണും. ഭാര്യയുടെ പേര് രമ്യ. അവൾക്ക് എന്നെ ജീവനാണ്. ഞാനും മക്കളുമാണ് അവളുടെ ലോകം.”

 

“അതിനാണോ നിങ്ങൾ നാട് വിട്ടത്…?”

 

“അല്ലന്നേ… വീട്ടിൽ എന്നും ഓരോ പ്രശ്നങ്ങളാണ്… ഉണ്ടാക്കിയ ഭക്ഷണം തിന്നില്ലെങ്കിൽ പ്രശ്നം.. നേരത്തിനു ഉറങ്ങിയില്ലെങ്കിൽ പ്രശ്നം.. പാട്ട് വെച്ചാൽ.

ഒച്ചയിൽ സംസാരിച്ചാൽ.. നേരത്തിനു കുളിച്ചില്ലെങ്കിൽ… അങ്ങനെ എല്ലാം പ്രശ്നമാണ്.. ഒരു ജയിലിൽ വാർഡനെ പോലെ ഓരോന്ന് ഓരോന്നായി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും.”

 

ലോകേഷ് അത് പറയുമ്പോൾ ഫൈസി മിററിലൂടെ റസിയയെ നോക്കി കണ്ണിറുക്കി ചിരിച്ചു.

 

“ലോകേഷ്… ഈ അസുഖം ഒരുവിധം പെണ്ണുങ്ങൾക്ക് ഉണ്ടെന്ന് തോന്നുന്നു. ”

 

“ആയിരിക്കാം… പക്ഷെ അവൾ കുറച്ചു ഓവറാണ്. നിസ്സാര കാര്യങ്ങൾക്ക് മക്കളെ വരെ ഇങ്ങനെ ശകാരിച്ചു കൊണ്ടിരിക്കും. പിന്നെ വേറെയൊരു കാര്യം എന്നോട് ഒരു പെണ്ണും മിണ്ടാൻ പാടില്ല. പെണ്ണായി പിറന്ന ഒരാളും എന്റെ മൊബൈലിൽ വിളിക്കാനും പാടില്ല.. സത്യം പറഞ്ഞാൽ അവളെ എനിക്ക് പേടിയാണ്.”

 

“പേടിയോ..അത് കൊള്ളാലോ..

കുറച്ചൊക്കെ ഭാര്യയെ പേടിക്കുന്നത് തെറ്റില്ലാന്നാണ് എന്റെയൊരു ഇത്… അങ്ങനല്ലെ റസിയ.”

 

റസിയ മറുപടിയൊന്നും പറയാതെ മോളെ നോക്കി ചിരിച്ചു.

 

കാർ മാഹിയിലെത്തി. ഫൈസി അടുത്ത് കണ്ടൊരു പെട്രോൾ പമ്പിൽ വണ്ടി കയറ്റി. വണ്ടി നിർത്തിയപ്പോൾ റസിയയും മോളും ടോയ്‌ലെറ്റിലേക്ക് പോയി.കുറച്ചു സമയത്തിന് ശേഷം വണ്ടി പിന്നെയും ഓടിത്തുടങ്ങി.

 

“ഇവിടെന്ന് പെട്രോൾ അടിച്ചാൽ കുറച്ചു ലാഭം ഉണ്ട്.. ഇയാൾ ബാക്കി പറ.”

 

വലതു വശത്ത് കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകൾ കാണുന്നുണ്ട്. ഈ കടൽ പോലെയാ മനുഷ്യനും.. ചില സമയം ശാന്തമായിരിക്കും. എത്ര വീടുകളാണ് ഈ തിരമാലയിൽ തകർത്തു കളഞ്ഞത്. ഓർമ്മകൾ ബാക്കിയാക്കി തിരയുടെ കുസൃതിയുടെ അടയാളമായി പൊളിഞ്ഞു വീണതിന്റെ ബാക്കിയായി വീടുകളുടെ അവശിഷ്ടങ്ങൾ.

 

“ഒരു ദിവസം എന്റെ ഒരു ഫ്രണ്ട്…കൂടെ പഠിച്ചതാണ്. അവൾ എന്റെ വീടിന്റെ അടുത്ത് വരെ വന്നപ്പോൾ എന്നെ വിളിച്ചു… എന്നെക്കാണാൻ വരുന്നെന്നു പറഞ്ഞു. ഞാൻ അത് രമ്യയോട് പറഞ്ഞു…. ന്റെ പൊന്നോ…

 

അവൾ അതിന് എന്നെ കുറേ ചീത്ത പറഞ്ഞു… നിങ്ങൾക്ക് കാണാൻ ഏതെങ്കിലും പാർക്കിൽ പോയിക്കോന്ന്… ഞാനും എന്തൊക്കെയൊ പറഞ്ഞു.. ദേഷ്യം വന്നാൽ അവൾ തോന്നുന്നത് വിളിച്ചു പറയും… എന്നെ ജയിക്കുക മാത്രമാകും ലക്ഷ്യം.”

 

ലോകേഷ് പറഞ്ഞു നിർത്തി. വെള്ളക്കുപ്പിയുടെ മൂടി തുറന്നു.. കുറച്ചു വെള്ളം വായിലേക്ക് ഒഴിച്ചു.

 

“ആ ദിവസം.. എനിക്ക് ശരിക്കും സങ്കടം തോന്നി. ഇത്രയും കാലം കൂടെ ജീവിച്ചിട്ടും അവൾക്ക് എന്നെ മനസ്സിലായല്ലില്ലോ എന്നോർത്തപ്പോൾ കണ്ണ് നിറഞ്ഞു. അന്ന് രാത്രിയാ ഞാൻ വീട് വിട്ടത്.”

 

ഒരു സിനിമക്കഥ കേൾക്കുന്ന പോലെ മൂന്ന് പേരും ലോകേഷിന്റെ കഥയിൽ മുഴുകി ഇരുന്നു.

 

“കിട്ടുന്ന ജോലി എടുത്ത് എല്ലാ മാസവും ക്യാഷ് അയക്കാം. വീടിന്റെ വാടക കൊടുക്കാനും മക്കളെ പഠിപ്പിക്കാനും പണം വേണ്ടേ.. മോൾക്ക് അഞ്ച് വയസ്സാണ് കുറച്ചു ക്യാഷ് അവളുടെ ഭാവിക്ക് വേണ്ടിയും മാറ്റി വെക്കണം. ഇങ്ങനെയായിരുന്നു എന്റെ പ്ലാൻ. കണ്ണൂരിൽ ഒരു ഫ്രണ്ട് ഉണ്ട്.. ഞാൻ അവന്റെ അടുത്ത് ആയിരുന്നു.”

 

ലോകേഷിന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് ഫൈസി ബാക്കി പറയാൻ പറഞ്ഞില്ല. ഫൈസി ആ സമയം കുറച്ചു മുന്നിൽ കാണുന്ന തട്ട് കടയുടെ അടുത്തേക്ക് വണ്ടി ഓടിച്ചു.

 

ഓരോ സ്ഥലങ്ങളും കാഴ്ചകളും വേഗത്തിൽ ഓടി മറയുന്നു. കൂടെ ഉള്ളവരെ ഇങ്ങനെ മാറുന്ന കാഴ്ചകളെ പോലെ മനസ്സിൽ നിന്ന് പറിച്ചു കളയാൻ പറ്റില്ല. ഫൈസി തട്ട് കടയുടെ അരികിൽ വണ്ടി നിർത്തി. ചായ പറഞ്ഞു. കുറച്ചു നേരം കാറിൽ നിന്നും പുറത്തിറങ്ങി നിന്ന് ചായ കുടിച്ചു. കോഴിക്കോട് നഗരത്തിന്റെ കാഴ്ചകളിലൂടെയാണ് ഇനി സഞ്ചാരം.

 

കാർ മുന്നോട്ട് നീങ്ങി. ഫൈസി മൊബൈൽ ഓപ്പൺ ചെയ്തു പഴയ പാട്ടിന്റെ കുടുക്ക തുറന്നു. പാട്ട് കേട്ട് ലോകേഷ് ഉറങ്ങി. റസിയയും ദിയ മോളും. നേരത്തെ ഉറങ്ങിയെന്നു തോന്നുന്നു.

 

ഒന്ന് ഉറങ്ങി ഉണർന്നത് പോലെ കാർ കുറ്റിപ്പുറവും കുന്നംകുളവും കഴിഞ്ഞു തൃശൂർ എത്താറായപ്പോൾ ഫൈസി ലോകേഷിനെ തട്ടി വിളിച്ചു..

 

“എന്തൊരു ഉറക്കമാ…തൃശൂർ എത്താറായി.”

 

ലോകേഷ് കണ്ണുകൾ തുറന്നു. ഫൈസിയെ നോക്കി ചിരിക്കാൻ ശ്രമിച്ചു

 

“ഞാൻ ഇന്നലെ തീരെ ഉറങ്ങിയില്ല. അതുകൊണ്ടാണ് ഇങ്ങനെ ഉറങ്ങിപ്പോയത്. സാധാരണ വണ്ടിയിൽ കിടന്നു ഞാൻ ഉറങ്ങാറില്ല.”

 

“സമയം ഒരുപാട് ആയില്ലേ… ഞാൻ കൊണ്ട് വിടാം വീട്ടിൽ. ഏത് വഴിയെ പോണെന്നു പറഞ്ഞാൽ മതി.”

 

അവരുടെ സംസാരം കേട്ട് റസിയ കണ്ണ് തുറന്നു. ദിയ ഉമ്മിച്ചിയുടെ മടിയിൽ തല വെച്ച് നല്ല ഉറക്കത്തിലാണ്.

 

“ഇക്കാ… ഏതെങ്കിലും ഷോപ്പിൽ ഒന്ന് നിർത്തോ…കുറേ നാളായി വീട് വിട്ട് പോയിട്ട് തിരിച്ചു ചെല്ലുന്നതല്ലേ എന്തെങ്കിലും മക്കൾക്ക് വാങ്ങണ്ടേ….?”

 

“ഹേയ്… കുറേ നാളൊന്നും ആയിട്ടില്ല. ഞാൻ ഇന്നലെ രാത്രിയാ നാട് വിട്ടത്.”

 

അത് കേട്ട് ഫൈസിയും റസിയയും ആശ്ചര്യത്തോടെ മുഖത്തോടു മുഖം നോക്കി.. പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ആ ചിരികേട്ടു ദിയയും ഉണർന്നു.

 

“എന്താ ഉമ്മിച്ചി…. ചിരി.”

 

“ഈ അങ്കിൾ ഇന്നലെയാ നാട് വിട്ടതെന്ന്.. അത് കേട്ട് ചിരിച്ചതാ.”

 

“ഇന്നലെ രാത്രി തൃശൂരിൽ നിന്ന് പോന്നു. വെളുപ്പിന് കണ്ണുരിലെത്തി. പക്ഷെ അവിടെ എത്തിയപ്പോൾ മുതൽ മനസ്സിൽ എന്തോ എടങ്ങേറ് പോലെ… ഉറപ്പാണ് അവൾ സങ്കടം കൊണ്ട് കരയുകയാകും.. അവളുടെ കരച്ചിൽ കാണുമ്പോൾ മക്കൾക്കും സങ്കടമാകും. രാവിലെ എന്റെ ഫ്രണ്ടിനെ കണ്ടു.. കുറച്ചു നേരം അവന്റെ ഒപ്പം സംസാരിച്ചു. ഉച്ചക്ക് ബസ് കാത്തു നിന്നപ്പോഴാണ് നിങ്ങളെ കണ്ടത്.”

 

“അടിപൊളി… നല്ല നാട് വിടൽ..”

 

ലോകേഷ് പറഞ്ഞു കൊടുത്ത വഴിയിലൂടെ ഫൈസി വണ്ടി ഓടിച്ചു. എത്രയൊക്കെ സങ്കടം ഉണ്ടായാലും ഉണ്ടാക്കിയാലും അവർക്കിടയിൽ അത് കുറച്ചു നേരത്തെ പ്രയാസം മാത്രമാണ്. ഒരു പുഞ്ചിരിയിലോ ഒരു തലോടലിലോ ആ സങ്കടം ഓടിയൊളിക്കും. മരണത്തിനു പോലും അടർത്തി മാറ്റാൻ പറ്റിയെന്ന് വരില്ല ഈ സ്നേഹബന്ധം.

 

“എനിക്കറിയാം… അവൾ ഇന്നലെ രാത്രിയും ഈ രാത്രിയും ഉറങ്ങില്ല. നമ്മൾ ചെല്ലുമ്പോൾ അവൾ വീടിന്റെ ഉമ്മറത്ത് ഉണ്ടാവും ഫൈസി…

ഇതുപോലെയുള്ള പെണ്ണിനെ വിട്ട് കാലൻ വിളിച്ചാൽ പോലും പോകാൻ തോന്നോ..”

 

കാറിന്റെ ഹെഡ് ലൈറ്റ് അകലെ നിന്ന് കണ്ടപ്പോൾ രമ്യ റോഡിലേക്ക് ഇറങ്ങി വന്നു.

 

അയാളെ ഇറക്കി വണ്ടി തിരിക്കുമ്പോൾ ഫൈസിയുടെ നോട്ടം അവരിൽ ആയിരുന്നു. രമ്യയുടെ അരികിലേക്ക് പുഞ്ചിരിയോടെ ചെന്ന ലോകേഷ് അവളുടെ കൈപിടിച്ചു.

 

“കണ്ടില്ലേ… വഴക്കിട്ടതും പിണങ്ങിയതും നാട് വിട്ടതും… ഒന്നും ഈ സമയം അവർക്കിടയിൽ ഇല്ല. എത്ര സന്തോഷത്തോടെയാണ് അവളെ അവൻ ചേർത്ത് പിടിച്ചിട്ടുള്ളത്.”

 

“അതേ ഇക്കാ.. ഞാനും ശ്രദ്ധിച്ചു.കഴിഞ്ഞ നിമിഷം വരെയുള്ളത് എങ്ങനെയാണ് ഇതുപോലെ മറക്കാൻ കഴിയുന്നത്.. ”

 

“പരസ്പരമുള്ള സ്‌നേഹം സത്യമാകുമ്പോൾ എല്ലാം മറക്കാനും പൊരുത്തപ്പെടാനും കഴിയും. ജീവിതത്തിൽ സ്‌നേഹം അഭിനയിക്കുന്നവർ ചെറിയ തെറ്റുകൾക്ക് പോലും ക്ഷമിക്കാൻ കഴിയാത്ത തരത്തിൽ കലഹിക്കും.”

 

അവരെ നോക്കി നിന്ന ലോകേഷിനു നേരെ കാറിന്റെ ഡോറിലെ ഗ്ലാസ്‌ താഴ്ത്തി കൈ വീശിക്കാണിച്ചു കൊണ്ട് ഫൈസി മുന്നോട്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *