നിങ്ങളെ തേച്ചിട്ടു പോയ ആ നായര് പെണ്ണുണ്ടായിരുന്നില്ലേ.. മാളവിക അവളുടേതാ ..”..

 

സഹയാത്രിക

എഴുത്ത്: Rajesh Dhibu

 

കൊച്ചി എയർപോർട്ടിൽ വെച്ച് കോട്ടു ഊരി കൈത്തണ്ടയിലേയ്ക്ക് ഇട്ടപ്പോൾ പോക്കറ്റിൽ എന്തോ കിലുങ്ങുന്ന പോലെ തോന്നിയവന് .

കിലുങ്ങുന്ന സാധനം കൈയ്യിൽ എടുത്തുപ്പോൾ ചിരിയും അതോടൊപ്പം ആകാംക്ഷയും..

ശ്ശെടാ ഇതെങ്ങനെ എന്റെ പോക്കറ്റിൽ..ഒന്നു കൂടെ സൂക്ഷിച്ചു നോക്കി..ഇത് മുഴുവനായി ഇല്ലല്ലോ ..

എതോ ഒരു പാദസരത്തിന്റെ പകുതിയേ ഉള്ളൂ..സിസിലിയുടേതാകാൻ വഴിയില്ല. സ്വർണ്ണമല്ലാതെ ഈ വെള്ളിക്കൊലുസ് അവളുടെ കാലിലോ ..

ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. രാഹുൽ അതിനെ കുറിച്ച് തൽക്കാലം വിട നൽകിക്കൊണ്ട് എമിഗ്രേഷൻ ക്യൂവിലെ തിരക്കിലേയ്ക്ക് ശ്രദ്ധ തിരിച്ചു.

എമിഗ്രേഷനും

ക്ലിയറൻസുമെല്ലാം

കഴിഞ്ഞു ഫ്ലയറ്റിൽ കയറി ഇരുന്നു…

വീട്ടിൽ നിന്ന് അമ്മയുടെ വക പോത്തിറച്ചിയും ചപ്പാത്തിയും കഴിച്ചത് ദഹിക്കണമെങ്കിൽ കടുപ്പത്തിൽ ഒരു നാലെണ്ണം അടിക്കണം.

ബിസ്സിനസ്സ് ക്ലാസ്സിൽ സീറ്റുകൾ കാലിയായിരുന്നു.

അവൻ ഫോണെടുത്തു സിസിലിയെ വിളിച്ചു..

എടി സിസിലിയേ എല്ലാം കഴിഞ്ഞെടീ..അമ്മച്ചീ എന്നാ എടുക്കുവാ “അമ്മച്ചീ കിടന്നു കരയുവാ..”

പാവം..അമ്മച്ചിയേ നന്നായി നോക്കണം. കേട്ടോ ടി.”ദേ മനുഷ്യ. നിങ്ങൾ വേണ്ടാത്ത കാര്യങ്ങളൊന്നും ഒപ്പിക്കണ്ട.

ഞാൻ നാളെത്തന്നെ എന്റെ വീട്ടിലോട്ട് പോവാണ്.”അപ്പോ അമ്മച്ചി ..? “”ഇത്ര നാള് എങ്ങിനെയാ കഴിഞ്ഞത് അങ്ങിനെത്തന്നെ കഴിഞ്ഞേച്ചാ മതി.

എന്നെ കിട്ടത്തില്ല പറഞ്ഞേക്കാം..”..”പിന്നെ സിസിലി നീ എന്തോ സർപ്രെസ്

തരാമെന്ന് പറഞ്ഞിരുന്നില്ലേ എന്നതാ അത്..”

“ഇച്ചായന്റെ കോട്ടിൽ ഉണ്ട് ..കണ്ടുവോ.”കണ്ടായിരുന്നു .. ഇത് എനിക്ക് മനസ്സിലായില്ല ..”.

“അത് നിങ്ങടെ പഴയ കാമുകി.നിങ്ങളെ തേച്ചിട്ടു പോയ ആ നായര് പെണ്ണുണ്ടായിരുന്നില്ലേ.. മാളവിക അവളുടേതാ ..”..

“ഇത് നിനക്കെങ്ങിനെ കിട്ടി..”ഇന്നലെ ഇച്ചായന്റെ പഴയ പെട്ടി വൃത്തിയാക്കിയപ്പോൾ കിട്ടിയതാ..”.

അവൻ വീണ്ടും ആ പാദസരം കൈയ്യിലെടുത്തു. ശരിയാണ് എന്റെ മാളുവിന്റെയാ.. കണ്ണുനിറഞ്ഞെങ്കിലും ശബ്ദത്തിലൂടെ സിസിലി തിരിച്ചറിയാതിരിക്കാൻ തിരക്കാണ് എന്നു പറഞ്ഞവൻ ഫോൺ വെച്ചു. .

രാഹുലിന് സിസിലിയേ പണ്ടേ ഭയമായിരുന്നത് കൊണ്ട് കയർത്തു ഒന്നുപറയാൻ ധൈര്യമുണ്ടായില്ല.

ലണ്ടനിലെ ജോലി ഉപേക്ഷിച്ച് അവളെ നാട്ടിലേയ്ക്ക് പറഞ്ഞയക്കാൻ രാഹുലിനും ഒട്ടും താല്പര്യമുണ്ടായിരുന്നില്ല സമ്പത്തിന്റെ വലിയ ഒരു വഴിയാണ് അടഞ്ഞത് ..

കുട്ടികളുടെ പഠിത്തവും ഇട്ടുമൂടാനുള്ള സ്വത്തും ഉള്ളതുകൊണ്ട് സിസിലിയ്ക്ക് നാടാണ് ഇഷ്ടം.. വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ..

രാഹുൽ തനിച്ച് ലണ്ടനിലേയ്ക്ക്…ഇനിയുള്ള ജീവിതം അടിച്ചു പൊളിയ്ക്കാൻ…ഒരോന്നു ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ്..

തൊട്ടടുത്ത സീറ്റിലേയ്ക്ക് വന്ന അഥിതിയുടെ കിളി ശബ്ദം കേട്ടത്..”എസ്ക്യൂസ്മി…”

.അവൻ തല ഉയർത്തി നോക്കി.. അവന്റെ കണ്ണുകൾ തുറിച്ചു.കർത്താവേ നീ എന്നെ പരീക്ഷിക്കുകയാണോ. സാക്ഷാൽ മാളവികയെ പോലെ ഒരുവൾ..

ഉള്ളിൽ ചിരിച്ചു കൊണ്ട് അവൾക്ക്. കടക്കുവാനായി കാലുകൾ നീക്കി വെച്ചു..അവളുടെ മുഖത്തുനിന്നു കണ്ണെടുക്കാതെ അൽപനേരം നോക്കി നിന്നു..

അവൻ കയ്യിലുണ്ടായിരുന്ന മൊബൈൽ തുറന്നു.. ഗൂഗിൾ ഡ്രൈവിൽ സ്റ്റോർ ചെയ്ത പഴയ മാളൂന്റെ ഫോട്ടോകൾ തപ്പി എടുത്തു..

ഫോട്ടോയിലും പാറി കിടന്ന അവളുടെ മുടിയിഴകളിലൂടെ ആ നുണകുഴികളി ലേക്കും മാറി മാറി നോക്കി.. കർത്താവെ ഇതു അവൾ തന്നെ.. ഞാൻ സ്വപ്നം കാണുകയാണോ..

എങ്ങിനെയാ ഒന്നു ചോദിയ്ക്കാ അവൾക്കു എന്നെ മനസ്സിലായില്ല എന്നു തോന്നുന്നു.. ചിലപ്പോൾ അറിയാമായിരിക്കും..

അറിയാത്തമാതിരി അഭിനയിക്കുന്നതാവും ..എങ്ങിനെയാ ഒന്നു മിണ്ടുക .. അവൾ ആണെങ്കിൽ ഇങ്ങോട്ട് നോക്കുന്നത് പോലും ഇല്ല…സമയം കിടക്കുകയല്ലേ…

പുറത്തേക്കു കണ്ണും നട്ടു ഇരിക്കുന്ന അവളുടെ മുഖം ഒന്നു കാണുവാൻ അവൻ കാത്തിരുന്നു….

ഏറെനേരം കാത്തിരുന്നിട്ടും അവൾ തിരിഞ്ഞു നോക്കാതായപ്പോൾ അവൻ ഗതികെട്ടു രണ്ടു കല്പ്പിച്ചു ചോദിച്ചു…

താങ്കൾ ലണ്ടനിലേക്ക് ആണോ പോകുന്നേ ? “ഒന്നും സംസാരിക്കാതെ അവന്റെ മുഖത്തേക്ക് നോക്കാതെ അതെ ഭാവത്തിൽ അവൾ തലയാട്ടി…

ഹാവൂ രക്ഷപ്പെട്ടു അവിടെ വരെ ഒരു കമ്പനിയായി..എന്നോടാണോ പെണ്ണേ നീ മിണ്ടാതിരിക്കുന്നത് നിന്നെക്കൊണ്ട് ഞാൻ സംസാരിപ്പിക്കും.. എന്ന് മനസ്സിൽ ഉറപ്പിച്ചു ഒരു ചിരിയും പാസ്സാക്കി..

വിമാനം ഉയരുന്നത് വരെ അവൾ പുറ ത്തേക്കു തന്നെ നോക്കി ഇരുന്നു.. കുറച്ചു കഴിഞ്ഞു അവൾ നേരെ ഇരുന്നപ്പോൾ അവൻ തന്റെ ചോദ്യവലിയിൽ നിന്നു ആദ്യത്തെ ചോദ്യം എടുത്തിട്ടു..

“എന്താ പേര്.. “ജിൻസി മേരി കുര്യൻ “പേര് കേട്ടതും അവൻ ഒന്നു ഞെട്ടി.. മാളവിക ഇങ്ങിനെ ജിൻസി ആകും.. എന്നാലും മുഖത്ത് ഭാവമാറ്റം വരുത്താതെ അടുത്ത ചോദ്യവുമായി അവൻ ചെന്നു.

“നാട്ടിൽ എവിടെയാണ്..?”അമ്പലക്കടവ് ബസ് സ്റ്റോപ്പിന്റെ അടുത്താ… “അവിടെ എവിടെയായിയിട്ടു വരും..”ബസ് സ്റ്റോപ്പിന്റെ അവിടുന്ന് മൂന്നാമത്തെ വീട്.. ”

“അവിടെ വീട്ടുപേര് “അവൻ ആശ്ചര്യത്തോടെ ചോദിച്ചുകിഴക്കേ പറമ്പിൽ നാരായണൻനായർ”എന്റെ അമ്മച്ചി !!! ഇതു മാളവിയുടെ അച്ഛന്റെ” പേര്..

ഒരു നിമിഷം അവൻ നിശബ്ദനായി.. അപ്പോൾ ഈ ജിൻസി മേരി ?.. മാളവിക എങ്ങനെ ജാൻസി മേരിയായി..

അവളോട് ചോദിക്കണം എന്നുണ്ട് എന്നാൽ വാക്കുകൾ പുറത്തേക്കു വരുന്നില്ല.. ഒരു പക്ഷേ അവൾ വിമാനത്തിൽ വെച്ച് തന്നെ അപമാനിച്ചാലോ .

അതു ആരെങ്കിലും കേട്ടാൽ അത് മോശമല്ലേ.. തൽക്കാലം ഒന്നും അറിയാത്തപോലെ പോലെ ഇരുന്നു..

കുറച്ചു കഴിഞ്ഞു അവൻ സ്വയം പരിചയപ്പെടുത്തി എന്റെ പേര് രാഹുൽ ജോൺസൺ.. ഞാൻ ചോലക്കാട്ടിലെ തോമാച്ചന്റെ മകൻ”ഉം “അവൾ ഒന്നു മൂളി..

കർത്താവേ ഇവൾ വീണ്ടും എന്റെ ക്ഷമ പരീക്ഷിക്കുകയാണ്..ഇവളോട് ചോദിക്കാതെ ഇരുന്നാൽ യാത്രയിൽ മുഴുവൻ തന്നെ അതു അലട്ടി കൊണ്ടേ ഇരിക്കും..

ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൻ അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു… ലണ്ടനിൽ എന്തുചെയ്യുന്നു ”

“ഞാൻ ബാങ്ക് ഓഫ് അമേരിക്കയിൽ ബിസിനസ് അനലിസ്റ്റ് ജോലി ചെയ്യുന്നു..”അപ്പോൾ ഹസ്ബൻന്റ്..? “”

ചേട്ടായി അതേ ബാങ്കിൽ തന്നെയാണ് ജോലി.. “എന്റെ ഈശ്വരാ ഇത്രയും പറഞ്ഞിട്ട് അവൾ ഒന്നങ്ങോട്ട്‌ അടുക്കുന്നില്ല.. ഒന്നുകിൽ മനപ്പൂർവ്വം എനിക്കിട്ടു പണിയുന്നതാണ്..

അല്ലെങ്കിൽ ഇവൾക്ക് ഒന്നും ഓർമ്മയില്ല.. എന്തായാലും ഒരു ശ്രമം കൂടി നടത്തി നോക്കാം..കുട്ടിയുടെ അച്ഛനെ എനിക്കറിയാം നാരായണൻനായരെ എനിക്ക് പരിചയമുണ്ട്… ”

“അതേയോ.. “എന്നെ അറിയുമോ ഞാനും നിങ്ങളുടെ നാട്ടുകാരൻ തന്നെയാണ്… “”ക്ഷമിക്കണം സർ എനിക്ക് പരിചയമില്ല…”

അതു കേട്ടതും അവന്റെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി… എന്തായാലും ഇത്രയൊക്കെ ആയി ഇവളെ കൊണ്ട് സത്യം പറയിപ്പിച്ചിട്ടു തന്നെ കാര്യം… അവനു വാശിയായി..

എനിക്ക് കുട്ടിയെ അറിയാം കുട്ടിയുടെ പേര് മാളവിക എന്നല്ലേ.. “”ആയിരുന്നു.. “..

എന്നിട്ട് ഇപ്പോൾ എന്താ ജിൻസി മേരി കുര്യൻ എന്ന് പറഞ്ഞത്.. “അതൊരു കഥയാണ് സാർ.. ”

ബുദ്ധിമുട്ടില്ലെങ്കിൽ പറയാം..എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല..സർ “അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു രണ്ടും കെട്ടവനെ സ്നേഹിച്ചു,,.. വിവാഹം കഴിക്കണം എന്ന് ഒരു പാട് ആഗ്രഹിച്ചു..

അവൻ ഒരു ക്രിസ്ത്യാനി ആണെന്നറിഞ്ഞിട്ടും അവനെ തന്നെ വിവാഹം കഴിക്കണം എന്നാണ് വിചാരിച്ചത്…വീട്ടുകാരെ എതിർത്തിട്ടും അവനോടൊപ്പം ജീവിക്കാൻ വേണ്ടി ഇറങ്ങിപ്പോകാൻ വരെ തീരുമാനിച്ചതായിരുന്നു…

എന്നാൽ സാമ്പത്തികമായി പിന്നാക്കം നിന്ന ഞങ്ങളെ അവൻ ഒഴിവാക്കി.. ആ വാശിക്ക് ഞാനൊരു ക്രിസ്ത്യനെ തന്നെ വിവാഹം കഴിച്ചു..

നല്ലൊരു ആണൊരുത്തൻ.. പേര് കുര്യൻ.. ഇന്ന് അവരോടൊപ്പം സന്തോഷമായി ലണ്ടനിൽ താമസിക്കുന്നു.. വിവാഹത്തിന് ശേഷം ഞാൻ മതവും മാറി എന്റെ പേരിനോടൊപ്പം ഭർത്താവിന്റെ പേര് ചേർത്തു..

അങ്ങനെയാണ് ജാൻസി മേരി കുര്യൻ എന്ന പേര് കിട്ടിയത്..”അവൾ പറഞ്ഞത് കേട്ട് തരിച്ചിരിക്കുകയായിരുന്നു അവൻ..

മറുത്തൊന്നും പറയാനോ.തിരിച്ചൊരു ചോദ്യം ആവർത്തിക്കാനോ അവനു മനശക്തി ഉണ്ടായിരുന്നില്ല…

ഇവളെയാണ് പെണ്ണ് എന്നു പറയുന്നത്..കുറ്റബോധത്തിന്റെ തീ ചൂളയിൽ കിടന്നവൻ ഉരുകി..സത്യത്തിൽ തനിക്കാണ് തെറ്റ് പറ്റിയത്..

സ്നേഹത്തിനേക്കാളും പണം ആണ് വലുത് എന്നു മനസ്സിലാക്കിയ താൻ ഒരു വിഡ്ഢിയാണ് പമ്പരവിഡ്ഢി…ജീവിതത്തിൽ സ്നേഹം എന്ന പദത്തിന്റെ അർത്ഥം അവൾ എന്നെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചിരിക്കുകയാണ്…

നഷ്പ്പെടലിന്റെ ഓർമ്മക്കായി അവൾ നൽകിയ ആ പാദസരം കയ്യിലെടുത്തു നെഞ്ചോട് ചേർത്തു പിടിച്ചു..അറിയാതെയാണെങ്കിലും ഒരു തുള്ളി കണ്ണുനീർ ആ കണ്ണുകളിൽ നിന്നു അടർന്നു വീണു..

ഇതൊന്നും കാണാതെ ഒരു തൂവാല കൊണ്ടു മുഖം മറച്ചു അവൾ സുഖമായി ഉറങ്ങുകയായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *