കൂടെ വരാൻ തയ്യാറായി ഗീത ചേച്ചിയും ഭർത്താവും. ചെക്കിങ്ങിനായി അകത്തു കയറുമ്പോൾ കയ്യ് വീശി പുറത്ത് നിൽക്കുന്നവരെ കണ്ട് നെഞ്ചു പിടഞ്ഞു. ഇതുപോലെ ഒരു ദിവസം ഇവിടെയ്ക്ക് വരാനായി എത്ര പേർക്കൊപ്പമാണ് താനും എയർപോർട്ടിൽ എത്തിയത്.

(രചന: ശാലിനി)

 

തിരികെ റൂമിൽ എത്തിയത് എങ്ങനെയാണെന്ന് അറിയില്ല.. ഓടുകയായിരുന്നോ? അല്ല പറക്കുകയായിരുന്നു! കണ്ട കാഴ്ചകൾ അവളുടെ ശരീരത്തെ അത്രമേൽ

ഭാരമില്ലാതെയാക്കിയിരുന്നു.

 

എങ്ങനെയൊക്കെയോ തിരിച്ചു ഫ്ലാറ്റിൽ എത്തുകയായിരുന്നു. ഓർക്കുംതോറും രേഖയ്ക്ക് കണ്ണീരടക്കാനെ കഴിഞ്ഞില്ല. ഈ മരുഭൂമിയിൽ താൻ പൊടുന്നനെ ഒറ്റയ്ക്ക് ആയത് പോലെ.

 

കണ്മുന്നിൽ കണ്ട കാഴ്ച അപ്പോഴും അവളെ വേട്ടയാടിക്കൊണ്ടിരുന്നു.. തന്റെ എല്ലാമെല്ലാമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഭർത്താവ് മറ്റൊരുത്തിയുടെ ഫ്ലാറ്റിൽ അല്പ വസ്ത്ര ധാരിയായി !!

 

ബാഗിൽ എവിടെയോ കിടന്ന മൊബൈൽ ഫോൺ തപ്പി എടുത്തു. അമ്മയുടെ നമ്പർ എടുത്തു കാൾ ചെയ്യാൻ തുടങ്ങവേയാണ് പുറത്ത് കാളിങ് ബെൽ കേട്ടത്. ങ്‌ഹും, എല്ലാം കഴിഞ്ഞിട്ട് വന്നിരിക്കുന്നു! തുറക്കണോ?

 

വേണ്ട, എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടേ.ഇനിയും ആ മുഖം തനിക്ക് കാണണ്ട.ഇനി ഒരു ബന്ധവും അയാളുമായി തനിക്ക് വേണ്ട.. മതിയായി! എത്രയും പെട്ടന്ന് നാട്ടിലൊന്നു എത്തിയാൽ മാത്രം മതി.

 

ഇത്തവണ ശക്തമായി വാതിലിൽ കൊട്ടുന്ന ശബ്ദം കേട്ട് അവൾക്ക് വിറഞ്ഞു കയറി.

മനഃപൂർവം ആണ്. ഇത് അടുത്തുള്ള ഫ്ളാറ്റിൽ താമസിക്കുന്നവർ കൂടി കേൾക്കാൻ വേണ്ടിയാണ്.

 

അവർ തന്നെ തെറ്റിദ്ധരിച്ചോട്ടെ എന്ന് കരുതാൻ വേണ്ടി മാത്രമാണ്. കണ്ണും മുഖവും തുടച്ചു.

വാതിൽ തുറന്നു കൊടുത്തിട്ട് ഒന്നും സംഭവിക്കാത്തത് പോലെ അവൾ തിരിഞ്ഞു നടന്നു. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാത്തത് ആണ് സംഭവിച്ചത്.

 

പിന്നാലെ പാഞ്ഞെത്തിയ അയാൾ അവളുടെ മുടിക്കെട്ടിൽ ചുറ്റി പിടിച്ചു കൊണ്ട് വലിച്ചിഴച്ചു.

അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ നില തെറ്റിപ്പോയ രേഖ മലർന്നടിച്ചു ഗ്രാനൈറ്റ് പതിച്ച തറയിലേയ്ക്ക് വീണു. മലർന്നു കിടക്കുന്ന അവളുടെ വയറ്റിലേയ്ക്ക് ചവിട്ടാനായി അയാൾ കാലുയർത്തി..

 

“എരണം കെട്ടവളെ നിന്നെയാരാടീ അങ്ങോട്ട് ക്ഷണിച്ചത്. എന്ത്‌ ധൈര്യത്തിലാണ് നീ അവളെ തല്ലിയത്. ഒരു വകയ്ക്കും കൊള്ളാത്ത നിന്നെയൊക്കെ ഇവിടെ പട്ടുമെത്തയിൽ കിടത്തി വാഴിക്കുമെന്ന് കരുതിയോ.. ഇറങ്ങിക്കോണം ഇപ്പൊ ഇവിടുന്ന്.ഇനി ഞാനും നീയും തമ്മിൽ ഇന്നത്തോടെ ഒരു ബന്ധവും ഇല്ല, ഓർത്തോ. ”

 

ചവിട്ടാനുയർത്തിയ കാലിൽ പിടിച്ച് ആഞ്ഞൊരു തള്ള് കൊടുത്തു. പിന്നെ ചീറ്റപ്പുലിയെ പോലെ ചാടിയെഴുന്നേറ്റ് അവൾ അയാൾക്ക് നേരെ ഗർജ്ജിച്ചു.

 

“അല്ലെങ്കിലും ആർക്ക് വേണം തന്റെ കൂടെയൊരു ജീവിതം..തീർന്നു ഇതോടെ നമ്മള് തമ്മിലുള്ള എല്ലാ ബന്ധവും .”

 

അവൾ അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി വെച്ചു കൊണ്ട് അകത്തേയ്ക്ക് പാഞ്ഞു പോയി.

എന്ത്‌ വേണം? ഈ ജീവിതം അങ്ങവസാനിപ്പിച്ചാലോ. ഇവിടെ വെച്ച് ആകുമ്പോൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഒരവസരവും അയാൾക്ക് കിട്ടില്ല .

 

അവൾ വല്ലാത്ത ആവേശത്തോടെ ബാത്‌റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു. മൂർച്ചയുള്ള ഒരു ബ്ലയ്ഡ് അവൾ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു.

ഇതോടെ എല്ലാം അവസാനിക്കട്ടെ.

 

സ്നേഹവും, ബന്ധങ്ങളും,കണ്ണുനീരുകളും, വഞ്ചനകളും എല്ലാമെല്ലാം അവസാനിക്കട്ടെ.

ഇടത്തെ കൈത്തണ്ടയുടെ ഞരമ്പിലേയ്ക്ക് അവൾ മൂർച്ചയുള്ള ഭാഗം ചേർത്ത് വെച്ചു കണ്ണുകൾ ഇറുക്കെയടച്ചു.

 

ഒരൊറ്റ വര.. എല്ലാം അവസാനിക്കാൻ ഒരൊറ്റ വര മാത്രം മതി. പക്ഷെ, അടിവയറ്റിൽ നിന്ന് ഒരു പിടച്ചിൽ.. ഒരു കുഞ്ഞിക്കൈ അരുതേ.. എന്ന് വിലപിച്ചു കൊണ്ട് വയറ്റിൽ അടിക്കുകയും ഇടിക്കുകയും ചെയ്യുന്നു.

 

അവൾ തകർന്നു പോയി. കഴിയുമോ? തന്റെ വയറ്റിൽ ഉരുവായി കഴിഞ്ഞ ഒരു കുഞ്ഞ് ജീവനെകൂടി കൊലയ്ക്ക് കൊടുക്കാൻ കഴിയുമോ. തന്റെ വേദനകൾ ഏറ്റുവാങ്ങാൻ അതെന്ത് തെറ്റാണ് ചെയ്തത്.. ബ്ലയ്ഡ് വലിച്ചെറിഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിന്റെ ഭിത്തിയിൽ തലയിട്ടടിച്ചു നിലവിളിച്ചു.

 

അവൾക്ക് അമ്മയെ കാണണം എന്ന് തോന്നി. വീട്ടിലേക്ക് പറന്നു ചെല്ലണമെന്ന് തോന്നി. പക്ഷെ, കടലും കരയും താണ്ടി ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് താലി കെട്ടിയവനോടൊപ്പം ഒന്നിച്ചു ജീവിക്കാൻ എത്തിയ തനിക്ക് വിധി സമ്മാനിച്ചത് ഈ ചതിക്കുഴിയായിരുന്നുവല്ലോ എന്നോർത്തപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.

 

മുറിയിൽ അവളുടേതായ സാധനങ്ങൾ മാത്രം ഒരു വലിയ ബാഗിൽ കുത്തി നിറച്ച് ആ ഫ്ലാറ്റിൽ നിന്ന് അവൾ പടിയിറങ്ങി.അയാൾ അവിടെ ഉണ്ടായിരുന്നോ ഇല്ലയോ എന്നൊന്നും ശ്രദ്ധിച്ചില്ല.

 

അവിടെ എത്തിയ നാൾ മുതൽ പരിചയപ്പെട്ട കുറച്ചു മലയാളി കുടുംബങ്ങളുമായി അവൾ വലിയ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു .എന്ത് ആവശ്യമുണ്ടായാലും വിളിക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നതുമാണ്. എന്ത് കാര്യത്തിനും ഒപ്പം നിൽക്കുന്ന ഗീതചേച്ചിയെ തന്നെയാണ് ആദ്യം വിളിച്ചത്.

 

“താനൊന്നുകൊണ്ടും പേടിക്കേണ്ട.എത്രയും പെട്ടന്ന് ഇങ്ങോട്ട് പോര്.വരാൻ ബുദ്ധിമുട്ട് ഉണ്ടേൽ പുള്ളിക്കാരനെ അങ്ങോട്ട് വിടാം.”

 

“അത് വേണ്ട ചേച്ചി..ഞാൻ അങ്ങെത്തിക്കോളാം”

 

പരിചയം ഉള്ള ആരെങ്കിലും കണ്ടാൽ പിന്നെ അവരുടെ വീട്ടിൽ ചെന്ന് അയാൾ ബഹളം വെച്ചെങ്കിലോ എന്ന പേടിയായിരുന്നു.

ടാക്സി കാറിൽ സ്ഥലം പറഞ്ഞു കൊടുത്തു.ഗേറ്റിന് മുന്നിൽ അവർ രണ്ട് പേരും കാത്തു നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ആശ്വാസമാണ് തോന്നിയത്.

 

ഗീതചേച്ചിയുടെ ഭർത്താവിന് സ്വന്തമായി അവിടെ ഒരു വലിയ വെജിറ്റബിൾ ഷോപ്പ് ഉണ്ട്. രണ്ട് പെൺകുട്ടികൾ ആണ് അവർക്കുള്ളത്.

 

മൂത്ത മകളുടെ കല്യാണം കഴിഞ്ഞു അവർ അമേരിക്കയിലാണ്. പരിചയപ്പെട്ട നാള് മുതൽ സ്വന്തം അനിയത്തിയെ പോലൊരു സ്നേഹമാണ് അവർക്ക് തന്നോടുള്ളത്. തന്റെ മുഖത്തെ വല്ലാഴിക കണ്ടാവണം അവർ ചേർത്തു പിടിച്ചു.

 

“വരൂ, വന്ന് എന്തെങ്കിലും കഴിച്ചിട്ട് നീയൊന്ന് വിശ്രമിക്ക്. ”

 

ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. അല്ലെങ്കിലും എല്ലാം അവർക്ക് തന്നെക്കാൾ കൂടുതലായി അറിയാവുന്നതാണല്ലോ!

പെട്ടന്ന് അമ്മയെ ഓർമ്മ വന്നു. കരച്ചിൽ നെഞ്ചിൽ തടഞ്ഞു നിൽക്കുന്നത് പോലൊരു ഭാരം.

 

അവൾക്ക് ഒരു മുറി കാട്ടിക്കൊടുത്തു കൊണ്ട് അവർ വേഗം അടുക്കളയിലേയ്ക്ക് നടന്നു.

പാവം കുട്ടി, ഗർഭിണി ആണ്.. ഈ സമയത്ത് അതിനിങ്ങനെ വന്നല്ലോ. അവൾക്ക് വിശപ്പുണ്ടായിരുന്നില്ല. എങ്കിലും വയറ്റിൽ ഒരു ജീവനുണ്ടല്ലോ എന്ന കരുതി എന്തൊക്കെയോ നുള്ളിപ്പെറുക്കി.

 

“കേട്ടോ രേഖ, സതീഷ് കുറച്ചു മുൻപ് എന്നെ വിളിച്ചിരുന്നു. താൻ ഇവിടെ വന്നിരുന്നോ എന്നറിയാൻ.ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ആണ് സംസാരിച്ചത്.”

 

“എന്റെ പൊന്ന് ചേട്ടാ.. ഞാൻ ഇവിടുന്ന് പോകുന്നത് വരെ ഈ കാര്യം അയാൾ അറിയരുത് . എനിക്ക് ഇനി അയാളുടെ ഒപ്പമുള്ള ഒരു ജീവിതം വേണ്ട.ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ട് നാട്ടിൽ പോയി എങ്ങനെ എങ്കിലും ജീവിച്ചോളാം.”

 

അവൾ വിതുമ്പി. അവർ രണ്ടാളും പരസ്പരം ഒന്ന് നോക്കി.

 

“ഞങ്ങൾക്ക് നേരത്തെ സതീശന്റെ സ്വഭാവം നന്നായിട്ട് അറിയാവുന്നതാണ്.കല്യാണത്തിന് മുൻപ് ഇവിടെ മിക്കവാറും വരാറുണ്ടായിരുന്നു.

 

പക്ഷെ ഞങ്ങൾ കരുതിയത് അത് ഞങ്ങളോടുള്ള താല്പര്യം കൊണ്ടാണെന്നാ.

എന്നാൽ ഇവിടെ അടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മലേഷ്യക്കാരിയെ കാണാൻ വേണ്ടിയാണ് ഇവിടെയ്ക്ക് മുറയ്ക്ക് വന്നതെന്ന് അറിയാൻ വൈകി.

 

എന്തായാലും അയാൾ ആ ബന്ധം ഇതുവരെ ഉപേക്ഷിച്ചിരുന്നില്ല എന്ന് ഇപ്പൊഴാണ് മനസ്സിലായത് !” അവൾക്ക് അത് ഒരു പുതിയ അറിവായിരുന്നു. അപ്പോൾ അയാൾ തന്നെ മനഃപൂർവം ചതിക്കുകയായിരുന്നു.

 

സ്വന്തം സഹോദരന്റെ സുഹൃത്തായിട്ടായിരുന്നു സതീഷ് എന്ന ചെറുപ്പക്കാരൻ അവളുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയിരുന്നത്.ഗൾഫിൽ ആണ് ജോലി.

 

പലപ്പോഴും അവധിക്ക് നാട്ടിൽ എത്തുമ്പോൾ അവിടെ വരികയും, രേഖയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഏട്ടന്റെ കൂട്ടുകാർ പലരും വീട്ടിൽ വരികയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യാറുള്ളത് കൊണ്ട് അവളും സതീഷിനെ മറ്റൊരർത്ഥത്തിൽ കണ്ടിരുന്നില്ല.

 

പക്ഷെ, ഒരിക്കൽ ഏട്ടനെ കാണാൻ വരുമ്പോൾ ഒരു ബുക്ക് കയ്യിലുണ്ടായിരുന്നു. രേഖ വലിയ പുസ്തക പുഴുവാണെന്ന് പറഞ്ഞു എപ്പോഴും കളിയാക്കിയിരുന്ന ആളാണ് അത് തനിക്ക് വായിക്കാൻ വാങ്ങിച്ചതാണെന്ന് പറഞ്ഞു കയ്യിൽ തന്നത്..

 

അന്ന് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു കിടന്നപ്പോൾ അവൾ എഴുന്നേറ്റു മേശപ്പുറത്ത് ഇരുന്ന ആ ബുക്ക്‌ എടുത്തു വായിക്കാൻ ആരംഭിച്ചു. മാധവിക്കുട്ടിയുടെ നോവല്ലകൾ ആയിരുന്നു അത്.

 

പക്ഷെ താളുകൾക്കിടയിൽ നിന്ന് ഒരു പേപ്പർ കഷ്ണം താഴേക്ക് പറന്നു വീണത് കണ്ട് എടുത്തു നോക്കുമ്പോൾ മനോഹരമായ കയ്യക്ഷരത്തിൽ രണ്ട് വരി! എനിക്ക് രേഖയെ ഇഷ്ടമാണ്. ഒരുപാട് ഒരുപാട്.. തിരിച്ചും അങ്ങനെ തന്നെയാണെന്ന് കരുതിക്കോട്ടെ..

 

അന്ന് സ്വപ്നത്തിൽ പോലും അങ്ങനെ ഒന്ന് ചിന്തിച്ചിട്ടും കൂടിയില്ല. ഒരുപാട് സുഹൃത്തുക്കൾ കയറിയിറങ്ങാറുള്ള വീട്ടിൽ എല്ലാവർക്കും അവളൊരു അനിയത്തി കുട്ടി മാത്രമായിരുന്നു. ആ ഒരു സ്വാതന്ത്ര്യം എല്ലാവരുടെയും അടുത്ത് അവൾക്കുമുണ്ടായിരുന്നു.

 

ആരും കാണാതെ ആ പേപ്പർ അവൾ ചുരുട്ടിക്കൂട്ടി വേസ്റ്റ് കൊട്ടയിലേക്ക്‌ എറിഞ്ഞു.

അന്ന് രാത്രി മുഴുവനും ആലോചിച്ചു. ഇത് ശരിയാകുമോ..

 

വീട്ടുകാരും ഏട്ടനും ഒക്കെ എന്ത്‌ വിചാരിക്കുമോ?

തങ്ങൾക്കിടയിൽ അത്തരം ചിന്തകൾ ഉണ്ടായിരുന്നു എന്ന് സംശയിക്കും ഉറപ്പ്!

അഥവാ വീട്ടിൽ വന്ന് ആലോചിക്കുകയാണെങ്കിൽ താൻ എന്ത് മറുപടി ആയിരിക്കും കൊടുക്കുക.

 

സതീഷേട്ടനെ ഇഷ്ടപ്പെടാതിരിക്കാനുള്ള കുറവുകളൊന്നും പ്രത്യേകിച്ച് അയാളിൽ ഇല്ല.

വർഷങ്ങളായി വിദേശത്ത് ഒരു ബ്രിട്ടീഷ് കമ്പനിയിൽ ആണ് ജോലി. വീട്ടിൽ അച്ഛനും അമ്മയും ഇളയ ഒരു സഹോദരനും മാത്രമാണുള്ളത്.

 

ഒരേ ജാതി. ഇത്രയുമൊക്കെയേ തനിക്ക് അറിയൂ.അവധിക്ക് വരുമ്പോഴൊക്കെ ഏട്ടനെ കാണാൻ പതിവായി എത്താറുണ്ട്. അപ്പോഴൊക്കെ തനിക്കും എന്തെങ്കിലും ചെറിയൊരു ഗിഫ്റ്റും തരിക പതിവാണ്.

പക്ഷെ, മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്.

 

അതിന് മുൻപ് ഒരു നോട്ടം കൊണ്ട് പോലും മറ്റൊരർത്ഥം കാണാൻ കഴിഞ്ഞിട്ടില്ല. പിന്നീട് രണ്ടു ദിവസത്തേയ്ക്ക് ആളെ കാണാൻ പറ്റിയില്ല.ഒരാഴ്ച കഴിഞ്ഞാൽ സതീഷന്റെ അവധി തീരുകയാണെന്ന് ഏട്ടൻ അമ്മയോട് പറയുന്നത് കേട്ടു.

 

പോകുന്നതിന് മുൻപ് ഏട്ടനും കൂട്ടുകാരും കൂടി ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു.

കുടജാദ്രിയിലേയ്ക്ക്.

 

അമ്പലത്തിലേക്കാണെന്ന് അറിഞ്ഞതോടെ അമ്മയ്ക്കും ചെറിയൊരു ആഗ്രഹം.എങ്കിൽ പിന്നെ എല്ലാവരുടെയും വീട്ടുകാരെയും കൂടെ ഉൾപ്പെടുത്തി ടൂർ പോകാമെന്നു നിർദ്ദേശിച്ചത് ഏട്ടനാണ്. അത് കേട്ടപ്പോൾ വല്ലാത്ത ഉത്സാഹം തോന്നി.ഒത്തിരി നാളുകൾ കൂടിയാണ് ഒരു ദൂര യാത്രയ്ക്ക് പോകുന്നത്.

 

അതും..സതീഷേട്ടനും ഒപ്പമുണ്ടെന്നത് ചെറിയൊരു ആശങ്കയുണ്ടാക്കിയിരുന്നു.

എന്തെങ്കിലും പറയുമോ.ചോദിച്ചാൽ താൻ എന്ത് മറുപടി കൊടുക്കണം..

 

രണ്ടു ദിവസത്തേയ്ക്ക് ആയിരുന്നു യാത്ര.

അന്ന് ബുക്ക്‌ കയ്യിൽ തന്നിട്ട് പോയ ആളിനെ പിന്നീട് കാണുന്നത് യാത്ര പോകുന്ന അന്നാണ്.

 

മുഖത്തുനോക്കാൻ ചെറിയൊരു വിമ്മിഷ്ടം തോന്നി.എങ്കിലും ഒന്നും ഭാവിക്കാതെ പഴയത് പോലെ എല്ലാവരോടും തമാശ പറഞ്ഞും ചിരിച്ചും പാട്ടു പാടിയും അടിച്ചു പൊളിച്ചു.

 

അമ്പലത്തിൽ തൊഴുതു കഴിഞ്ഞ് പ്രദക്ഷിണം ചെയ്യുമ്പോൾ എന്താണ് പ്രാർത്ഥിച്ചത് എന്നൊരു ചോദ്യം പിന്നിലായി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ സതീഷേട്ടൻ!

ഒപ്പം ആരെയും കണ്ടില്ല.

 

അമ്മ കൂടെയുള്ളവർക്കൊപ്പം വഴിപാട് സാധനങ്ങൾ വാങ്ങിക്കാനായി ക്യുവിൽ നിക്കുമ്പോൾ അവൾ ഒറ്റയ്ക്ക് പ്രദക്ഷിണ വഴിയിലൂടെ മെല്ലെ നടക്കുകയായിരുന്നു.

അവൾ ഒരു വിളറിയ ചിരി ചിരിച്ചു.

 

“സതീഷേട്ടൻ എന്നാണ് പോകുന്നത്?”

“ഞാൻ മറ്റെന്നാൾ പോകും.അതിനു മുൻപ്

ഒരു മറുപടി കിട്ടിയാൽ കൊള്ളായിരുന്നു.”

 

അവൾക്ക് ലേശം പരിഭ്രമം തോന്നി.

ചുറ്റുപാടും ഒന്ന് നോക്കി.എല്ലാവരും പലയിടങ്ങളിലായി നിന്ന് ഫോട്ടോ എടുപ്പാണ്.

 

“ഞാൻ എന്ത്‌ പറയാനാണ്.ഏട്ടൻ വീട്ടിൽ ചോദിക്കൂ.അവർക്ക് സമ്മതമാണെങ്കിൽ എനിക്ക് കുഴപ്പമില്ല..”

 

“ഹ്ഹോ, പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.. വീട്ടുകാരുടെ സമ്മതത്തോടെ പ്രേമിക്കുന്നതും ഒരു രസമാണ് അല്ലേ?”

സതീഷേട്ടൻ ചിരിച്ചു.

 

“അപ്പോൾ വെറുതെ പ്രേമിക്കാനാണോ..?കല്യാണം കഴിക്കാനല്ലേ?”

 

“രണ്ടും വേണമല്ലോ. പ്രേമം തോന്നുന്നവരെ വേണമല്ലോ കല്യാണം കഴിക്കാൻ..”

അവൾ എന്തോ പറയാനായി തുടങ്ങിയതും അമ്മയും മറ്റുള്ളവരും വരുന്നത് ആണ് കണ്ടത്.

 

പിന്നീടുള്ള യാത്രകളിൽ അവളുടെ ഫോണിൽ അവന്റെ മെസ്സേജുകൾ തുരുതുരെ വന്ന് കൊണ്ടിരുന്നു. നമ്പർ എങ്ങനെ ആണ് സംഘടിപ്പിച്ചതെന്നറിയില്ല. ചോദിച്ചപ്പോൾ അതിനാണോ പാടെന്ന് മറു ചോദ്യം അയച്ചു.

 

യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേയ്ക്കും ഇരുവരും മനസ്സ് കൊണ്ട് അടുത്തിരുന്നു.

തിരിച്ച് പോകുന്ന ദിവസം യാത്ര പറയാനായി വന്ന ആൾ അടുക്കളയിലേയ്ക്ക് വന്ന് മുഖവുര ഒന്നും കൂടാതെ അമ്മ ചിരകി വെച്ചിരുന്ന തേങ്ങാ പ്പീര ലേശം വായിലേയ്ക്ക് ഇട്ടു കൊണ്ട് പറഞ്ഞു.

 

“അമ്മേ ഞാൻ ഇവിടെ ഒരാളോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അമ്മ, അച്ഛനോട് പറഞ്ഞു അതൊന്ന് സമ്മതിച്ചു തരണം.”

 

ആരോട്, എന്ത് കാര്യം എന്ന മട്ടിൽ അമ്മ സതീഷിനെ ഒന്ന് നോക്കി.

സതീഷ് രേഖയെ നോക്കി ഒന്ന് കണ്ണിറുക്കി.

പിന്നെ, അതൊക്കെ വഴിയേ അറിയിക്കാം.

 

ഞാൻ ചെന്നിട്ട് വിശദമായി എല്ലാം വിളിച്ചു പറയാം.. ”

 

എല്ലാം തുറന്നു പറയാൻ തന്നെയാണ് വന്നത്, എന്നിട്ടും ഒന്നും തെളിച്ചു പറയാൻ സതീഷിന് കഴിഞ്ഞില്ല.

രാഹുലിന്റെ അമ്മയ്ക്ക് ഒരുപക്ഷെ ഇത് സമ്മതം ആയില്ലെങ്കിലോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു.

 

അമ്മ എന്താ കാര്യം എന്ന മട്ടിൽ രേഖയെ നോക്കി. അവളാകട്ടെ ഒന്നും അറിയാത്ത ഭാവത്തിൽ കയ്യിലിരുന്ന മൊബൈൽ ഫോണിൽ എന്തൊക്കെയോ തിരക്കിട്ടു നോക്കുന്നതായി ഭാവിച്ചു.

 

അന്ന് വൈകിട്ട് രേഖ കണക്കിന് അയാളെ പരിഹസിച്ചു. എന്തൊരു ധൈര്യമാണ്.ഞാൻ വിചാരിച്ചു എല്ലാം പറഞ്ഞു, പോകുന്നതിനു മുൻപ് മനസ്സമ്മതവും നടത്തുമെന്ന്!

 

അയാൾ ഒരു ചിരി ഇമോജി അവൾക്കിട്ടു.

ഞാൻ നിന്റെ ഏട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ട്, നീ എന്താ എന്നെ കുറിച്ച് കരുതിയത്..?

രേഖ ഒന്ന് ചൂളി.

 

ദൈവമേ! ഏട്ടൻ എല്ലാം അറിഞ്ഞിട്ടാണോ ഒന്നും അറിയാത്ത ഭാവത്തിൽ നിൽക്കുന്നത്!

എങ്കിൽ അമ്മയോടും അച്ഛനോടും പറഞ്ഞിട്ടുണ്ടാവുമല്ലോ. നാണക്കേട് ആയി..

തന്നെ കുറിച്ച് എന്ത്‌ വിചാരിച്ചിട്ടുണ്ടാവും അവര്! മിണ്ടാപ്പൂച്ച കലം ഉടയ്ക്കുമെന്ന് നാളെ കേൾക്കാം..

 

അവൾക്ക് സതീഷിനോട് അരിശം തോന്നി. ഇത്ര ധൃതി പിടിച്ച് എന്തിന് ഇതൊക്കെ പറയണം.

ചാറ്റിങ് മതിയാക്കി അവൾ ഫോൺ മാറ്റിവെച്ചു.

രാവിലെ എഴുന്നേറ്റു വരുമ്പോൾ മുഖത്ത് ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവം വരുത്താൻ ആകുന്നത് ശ്രമിച്ചു.

 

പക്ഷെ, കാപ്പി പകർന്നെടുത്തു മുറിയിലേയ്ക്ക് രക്ഷപ്പെടാൻ തുനിയുമ്പോഴേക്കും അമ്മ കണ്ട് പിടിച്ചു.

 

“ഡാ രാഹുലെ ഇവിടെ ഒരു കള്ളിപ്പൂച്ച ദേ ആരും കാണാതെ കാപ്പിയും കൊണ്ട് കടന്ന് കളയാൻ ഒരുങ്ങുന്നു.”

 

“പൊ അമ്മേ.. ഞാൻ എന്റെ വീട്ടിൽ നിന്ന് കാപ്പി എടുത്തു കുടിക്കുന്നത് ആദ്യമായിട്ടാണോ?”

 

“അത് ആദ്യമായിട്ടല്ല.പക്ഷെ, മറ്റു പലതും ചെയ്യുന്നത് ഒരു മനുഷ്യനും അറിയാതെയാണല്ലോ.. എന്നാലും മിണ്ടാപ്പൂച്ച..”

ബാക്കി തുടരാൻ അവൾ അനുവദിച്ചില്ല.

 

“ഒരു പൂച്ചയും ഇല്ല,എലിയുമില്ല.. എല്ലാം എല്ലാവരുടെയും സമ്മതത്തോടെ മാത്രം മതി..”

അതും പറഞ്ഞു അവൾ ഒരൊറ്റ ഓട്ടം വെച്ച് കൊടുത്തു. കണ്ടില്ലെടാ കള്ളിയുടെ ഒരു ഓട്ടം എന്ന മട്ടിൽ അമ്മ അവനെ ഒന്ന് നോക്കി.

 

“അമ്മേ അച്ഛൻ എന്ത്‌ പറഞ്ഞു? അച്ഛന് ഇഷ്ടക്കേട് വല്ലതും ഉണ്ടോ. അവൻ പ്രത്യേകം ചോദിച്ചത് അതാണ് ”

 

“എന്തിനാ മോനെ ഇഷ്ടക്കേട് വിചാരിക്കുന്നത്.

അവന് എന്താ ഒരു കുഴപ്പം? നല്ല പയ്യനല്ലേ..നല്ല ജോലിയും സ്വഭാവവും ഇല്ലേ.

 

പോരെങ്കിൽ നമ്മൾക്ക് എല്ലാവർക്കും വർഷങ്ങളായി അറിയാവുന്നവരും.അവളുടെ ഭാഗ്യമാണ് ഈ ബന്ധം.” വാതിൽ പഴുതിലൂടെ ഒളിച്ചു നിന്ന് അത് കേട്ട രേഖ കോരിത്തരിച്ചു.

അത് സത്യമാകാൻ പോകുന്നു!

 

കേട്ടതും പറഞ്ഞതുമെല്ലാം അവൾ അവന്റെ ഫോണിലേയ്ക്ക് മെസ്സേജ് ഇട്ടു കൊണ്ടിരുന്നു.

അത് വായിച്ച അവൻ പൊട്ടിച്ചിരിച്ചു.

അവൾക്ക് ഒരു പുതിയ പേരും കണ്ട് പിടിച്ചു.

 

‘മിണ്ടാപ്പൂച്ച ” ഒരു പൂച്ചയുടെ ഇമോജി ഇട്ട് അവളെ അവൻ ചൊടിപ്പിച്ചു. സതീഷിനെ യാത്ര ആക്കാൻ അവളുടെ ഏട്ടൻ രാഹുലും എയർപോർട്ടിൽ കൂടെ പോയിരുന്നു. ഒരു വർഷം കഴിഞ്ഞു അവൻ നാട്ടിൽ തിരിച്ച് വരുമ്പോൾ രണ്ടാളുടെയും വിവാഹം നടത്താനാണ് അവർ തീരുമാനിച്ചിരുന്നത്.

 

പിന്നീടുള്ള ഒരു വർഷക്കാലം അവർ ഇരുവരും പ്രേമത്തിന്റെ ഒരു മായിക ലോകത്തിലായിരുന്നു.

ഇണങ്ങിയും പിണങ്ങിയും ഓരോ ദിനങ്ങളെയും അവർ ഒരുവിധം ഉന്തി തള്ളി വിട്ടു.

വർഷം ഒന്ന് കഴിഞ്ഞത് വളരെ പെട്ടെന്നായിരുന്നു..

 

നിശ്ചയം കഴിഞ്ഞു ഒരാഴ്ചക്കുള്ളിൽ വിവാഹം നടത്താനാണ് തീരുമാനിച്ചത് .. എല്ലാം നേരത്തെ തീരുമാനമായിരുന്നതിനാൽ നിശ്ചയം വലിയ അർഭാടമായി ഒന്നും വേണ്ടെന്ന് എല്ലാവരും കൂടി ഒരേ സ്വരത്തിൽ പറഞ്ഞു.

 

ദിവസം കുറിക്കുക, പിന്നെ ജാതകങ്ങൾ തമ്മിൽ കൈമാറുക. അങ്ങനെ എല്ലാം തീരുമാനിച്ച പ്രകാരം വിവാഹവും ഭംഗിയായി നടന്നു.

 

കല്യാണം കഴിഞ്ഞു യാത്ര ചോദിക്കുന്ന നേരത്ത് അവൾക്ക് കരയാനുള്ള കാരണങ്ങൾ ഒന്നും ഇല്ലായിരുന്നു. നേരത്തെ അറിയാവുന്ന അടുത്ത കൂട്ടുകാർ. പിന്നെ എപ്പോൾ വേണമെങ്കിലും അച്ഛനെയും അമ്മയെയും ഏട്ടനെയുമൊക്കെ കാണാൻ ഓടിവരാം.

 

എന്നിട്ടും അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു. എത്ര അറിയാവുന്നവരായാലും താൻ ഇനി ഈ വീട്ടിൽ ഇല്ലല്ലോ എന്നൊക്കെ ഓർത്ത് അവൾക്ക് നെഞ്ചു പൊടിയുന്നത് പോലെ തോന്നി. പഴയ സ്വാതന്ത്ര്യം ഇല്ലാതാകുമോ..അവൾക്ക് അതായിരുന്നു ഭയം.

 

വിവാഹം കഴിഞ്ഞു വിരുന്ന് വരലും പോക്കും എല്ലാം അതിന്റെ മുറയ്ക്ക് നടന്നു.

സതീഷ് അവധി കഴിഞ്ഞ് പോയത് രണ്ട് മാസം കഴിഞ്ഞായിരുന്നു. അവൾക്കുള്ള വിസ റെഡി ആയാലുടനെ പോരാൻ ഒരുങ്ങിയിരുന്നോണം എന്ന് ആശ്വസിപ്പിച്ചു കൊണ്ട് അവൻ യാത്രയായി.

 

വെറും ആറുമാസത്തെ വിരഹം മാത്രമായിരുന്നു അവൾ അനുഭവിച്ചത്. ഭാഗ്യവതി എന്നാണ് രേഖയെ പലരും വിശേഷിപ്പിച്ചത്.

 

കണ്ടില്ലേ, കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്ന് ആയിട്ടില്ല, അതിന് മുൻപ് കൂടെ കൊണ്ട് പോയത് കണ്ടോ..! അവൻ മിടുക്കനാണെന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ എന്ന് ചോദിച്ച് അമ്മ മരുമകനെയോർത്ത് അഭിമാനം കൊണ്ടു.

 

അവനോടൊത്തുള്ള പുതിയ ജീവിതം അവൾക്ക് സന്തോഷം നിറഞ്ഞതായിരുന്നു. ഒരു ഫ്ലാറ്റിൽ അവർ രണ്ട് ഇണക്കുരുവികൾ യഥേഷ്ടം സല്ലപിച്ചു.. എല്ലാ മലയാളി സുഹൃത്തുക്കൾക്കും അവർ പാർട്ടി കൊടുത്തു.എല്ലാവർക്കും രേഖയെ ഒത്തിരി ഇഷ്ടമാവുകയും ചെയ്തു.

 

നല്ല കുട്ടി, സതീഷ്‌ ഇതിലെങ്കിലും ഒന്ന് ഒതുങ്ങിയാൽ മതിയായിരുന്നു. കൂട്ടത്തിൽ കുറച്ചു പ്രായം ചെന്ന സേതുവേട്ടനാണ് അത് പറഞ്ഞത്.അത് കേട്ട് കൂടെയുള്ളവർ അർത്ഥം വെച്ച് പരസ്പരം ഒന്ന് നോക്കി.

 

അതൊക്കെ ചെറുപ്പത്തിന്റെ തിളപ്പിൽ തോന്നുന്നതല്ലേ ചേട്ടാ,.ഈ കുട്ടിയെ കണ്ടിട്ട് അവനെ മെരുക്കാൻ പറ്റിയ ഇനമാണെന്ന് തോന്നുന്നില്ല.ഇതൊരു പാവം പെണ്ണ്!

 

മാസം മൂന്ന് കഴിഞ്ഞു അവൾ വിദേശത്ത് എത്തിയിട്ട്.ഇതിനോടകം കുറെ മലയാളി കുടുംബങ്ങളുമായി അവൾ നല്ല ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

 

ജോലിയില്ലാത്ത പെണ്ണുങ്ങൾ വീട്ടു ജോലികളെല്ലാം തീർത്ത് രേഖയ്ക്കൊപ്പം ചിലവഴിക്കാൻ എത്തുക പതിവായിരുന്നു.

വരുന്നവർക്കെല്ലാം ജ്യൂസ് കൊടുത്ത് സൽക്കരിക്കുകയും ചെയ്യ്തു.

 

അങ്ങനെ ഒരു ഇടവേളയിലാണ് പുറത്തെ സംസാരങ്ങൾ അവൾ കേൾക്കാൻ ഇടയായത്.

കേട്ടത് മറ്റാരുടെയോ കാര്യം മാത്രമാകണേയെന്ന് അവൾ പ്രാർത്ഥിച്ചു.

 

“അല്ല, ആ പെണ്ണ് രണ്ടും കല്പിച്ചാണെന്ന് തോന്നുന്നു.സതീഷിന്റെ കെട്ട് കഴിഞ്ഞിട്ടും അയാളെ വിടാൻ ഉദ്ദേശമില്ലെന്ന് തോന്നുന്നു.’

 

“ഒന്ന് പതുക്കെ പറ ഗീതചേച്ചി .. ആ കുട്ടി കേൾക്കണ്ട.”

 

“എന്നാലും സൂസ അവളുടെ സ്ഥാനത്തു

നമ്മളെ ഒന്ന് സങ്കല്പിച്ചു നോക്ക്..” സൂസൻ എന്തോ പറയാൻ ഒരുങ്ങിയതും രേഖ കയറി വരുന്നത് കണ്ട് അവൾ സ്വയം നിയന്ത്രിച്ചു.

 

മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തെങ്കിലും വാടിപ്പോയിരുന്നു രേഖയുടെ മനസ്സ്.

ഇവർ സംസാരിച്ചത് തന്റെ സതീഷേട്ടന്റെ കാര്യം തന്നെ ആയിരിക്കുമോ.. എങ്ങനെ ആണ് ഒന്നറിയുക.

 

ചേച്ചയോട് തുറന്നു ചോദിച്ചാലോ.. അല്ലേൽ വേണ്ട, പിന്നെ ഫോണിലൂടെ ചോദിച്ച് അറിയാം. അതാകുമ്പോൾ മുഖം കാണില്ലല്ലോ!

അന്ന് എല്ലാവരും പിരിഞ്ഞു പോയിക്കഴിഞ്ഞിട്ടും ആ വിഷയം തന്നെയായിരുന്നു മനസ്സിൽ.

 

സതീഷേട്ടൻ ഇല്ലാത്ത സമയത്തെ പറ്റൂ.

പിറ്റേന്ന് രാവിലെ അയാൾ ജോലിക്ക് പോയതും അവൾ ഗീത ചേച്ചിയെ ഫോണിൽ വിളിച്ചു.

എത്ര ചോദിച്ചിട്ടും ഒന്നും തുറന്നു പറയാൻ അവർ തയ്യാറായില്ല.

 

ഒടുവിൽ ഞാൻ എല്ലാം അറിഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ അവർക്ക് പറയാതിരിക്കാനുംകഴിഞ്ഞില്ല.

 

വിവാഹത്തിന് വളരെ നാളുകൾക്കു മുൻപേ സതീഷിന് ഒരു ഫിലിപ്പ്യൻസ് പെണ്ണുമായി ഉള്ള ബന്ധം! അവർ ഒന്നിച്ചായിരുന്നു താമസം. ഇപ്പോഴും അത് തുടരുന്നുണ്ടെന്നാണ് അറിഞ്ഞത്..

 

“താൻ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട. അറിയാത്ത ഒരു നാട്ടിൽ വന്നിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അയാൾ നിന്നോടെങ്ങനെ പെരുമാറുമെന്ന് പറയാൻ പറ്റില്ല. തല്ക്കാലം ക്ഷമിക്ക്. പതുക്കെ പതുക്കെ ആ ബന്ധത്തിൽ നിന്ന് അയാൾ മാറിക്കോളും.. ”

 

ഹൃദയത്തിലേയ്ക്ക് തീ കോരിയിട്ടത് പോലെയാണ് തോന്നിയത്. ഇങ്ങനെ ഉള്ള ഒരാളാണോ തന്നെ നിർബന്ധിപ്പിച്ച് പ്രണയ കുരുക്കിൽ അകപ്പെടുത്തിയത്.

 

വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് വീട്ടിൽ പറഞ്ഞത്. അന്ന് മുതൽ അവൾ അയാളിൽ നിന്ന് മാനസികമായി അകലാൻ തുടങ്ങി.

രാത്രിയിൽ അവൻ കെട്ടിപ്പുണരാൻ എത്തുമ്പോൾ ഛർദിക്കാൻ തോന്നി.

 

ഈശ്വരാ.. താൻ ഇത്രയും നാൾ കൂടെ കഴിഞ്ഞത് മറ്റൊരുത്തിയുടെ ഉച്ചിഷ്‌ടത്തിനോടൊപ്പമായിരുന്നല്ലോ..

കഥകൾ ഓരോന്നായി അറിഞ്ഞു തുടങ്ങിയപ്പോഴേക്കും അവളുടെ വയറ്റിൽ ഒരു ജീവൻ മുളച്ചു തുടങ്ങിയിരുന്നു.

 

ജോലിക്ക് പോയിട്ട് അയാൾ വരാൻ വൈകുമ്പോഴൊക്കെ അവൾക്കൊപ്പമായിരിക്കും എന്ന് ഊഹിച്ചു. പക്ഷെ, അപ്പോഴും അയാൾ അവളോട് വളരെ സ്നേഹത്തോടെ പെരുമാറി.

അയാൾ നല്ലൊരു നടനാണ്. രണ്ടു തോണിയിലും കൂടി ഒരേപോലെ കാൽ വെച്ച് തുഴയാൻ അറിയാവുന്ന മിടുക്കൻ!

 

ഒന്നാം വിവാഹ വാർഷികത്തിനാണ് അവൾക്ക് തന്റെ കണ്മുന്നിൽ തന്നെ അവരെയിരുവരെയും ഒന്നിച്ചു കാണാൻ കഴിഞ്ഞത്. അതിന് മുൻപ് സുഹൃത്തുക്കൾ പറഞ്ഞത് അപ്പോഴും അവൾ വിശ്വസിച്ചിരുന്നില്ല.

 

തന്നിൽ നിന്ന് പ്രണയം പിടിച്ചു വാങ്ങിയ ആളിന് അങ്ങനെ ഒരു ബന്ധം ഉണ്ടാവുമോ?

ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അവളിൽ മാത്രം അവശേഷിച്ചു.

 

അന്ന് ഫ്രണ്ട്സിനോടൊപ്പം മാളിൽ ഷോപ്പിംഗിന് പോയത് സതീഷ് അറിയാതെയായിരുന്നു.

ആനിവേഴ്സറിക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണം, അതായിരുന്നു അവളുടെ മനസ്സിൽ.

 

സതീഷ് രാവിലെ ജോലിക്ക് പോയ പിന്നാലെ അവളും റെഡിയാവുകയായിരുന്നു.

സതീഷിന് ഏറെ ഇഷ്ടപ്പെട്ട ഒരു പെർഫ്യൂം തിരയവേയാണ് എതിരെ ഉള്ള മിററിൽ അവളാ കാഴ്ച കണ്ടത്!

 

സതീഷ് കൂടെയുള്ള ഒരു ഫിലിപ്പൈൻകാരി പെണ്ണിന്റെ ദേഹത്ത് പെർഫ്യൂം അടിച്ചു കൊടുക്കുന്നു. അവൾ അത് വാങ്ങിച്ചു തിരികെ അയാളുടെ ഷർട്ടിലും കോളറിലുമൊക്കെ സ്പ്രേ ചെയ്യുന്നു!

 

“കണ്ടോ, ഇപ്പൊ വിശ്വാസമായോ? ഇത് തന്റെ സതീഷേട്ടൻ തന്നെയല്ലേ?” ഗീതചേച്ചി കാതിൽ മന്ത്രിച്ചു. അവൾ നിന്നിടത്ത് നിന്ന് ഉരുകിപ്പോയി. അതുവരെ മനസ്സിൽ പ്രതിഷ്ഠിച്ച തങ്ക വിഗ്രഹം ഉടഞ്ഞു താറുമാറാവുകയായിരുന്നു.

 

കയ്യിൽ പ്രിയതമന് വേണ്ടി സെലക്ട്‌ ചെയ്ത ബോട്ടിൽ അവളുടെ കയ്യിൽ നിന്ന് വഴുതി.

അയാൾ കാണാതെയിരിക്കാൻ അവർ പെട്ടന്ന് അവിടെ നിന്ന് മറ്റൊരു ഭാഗത്തേയ്ക്ക് ഒഴിഞ്ഞു നിന്നു.

 

ആടിയും പാടിയും യുവമിഥുനങ്ങളെപ്പോലെ രണ്ടാളും പോകുന്നത് കണ്ട് അവൾ ചുട്ട് പഴുത്തു. ദ്രോഹി! വഞ്ചകൻ! വീട്ടിൽ ഇത് അറിഞ്ഞാൽ അവർ ആരെങ്കിലും വിശ്വസിക്കുമോ. അന്ന് ഒന്നും വാങ്ങാതെയാണ് അവർ മടങ്ങിയത്. രേഖയുടെ മൗനം അവരെയും മൂഡ് ഓഫാക്കി കളഞ്ഞു.

 

വാർഷികദിനത്തിന്റെ കാര്യം പോലും അവൾ മനഃപൂർവ്വം അയാളെ ഓർമ്മിപ്പിച്ചില്ല.

ഒരു പ്രതികാരം പോലെ വരണ്ട ഒരു ദിവസമാക്കി അവൾ അതിനെ മാറ്റി.പ്രത്യേകമായി ഒന്നും തന്നെ അന്ന് ഒരുക്കിയില്ല.

 

വയറു വേദനിക്കുന്നു എന്ന് പറഞ്ഞു അവശത ഭാവിച്ച് കയറി കിടന്നു. അപ്പോഴൊക്കെ, ഒരിക്കൽ പോലും ആദ്യത്തെ വാർഷികം സ്വന്തം ഭർത്താവ്

ഓർമിക്കാൻ വഴിയില്ലെന്ന് അറിയാം .

 

പക്ഷെ, രാത്രിയിൽ അയാൾ അവളെ ചുറ്റിപ്പിടിച്ചു കൊണ്ട് കുറെ സോറി പറഞ്ഞു. മറന്നു പോയത് മനഃപൂർവം അല്ല, തിരക്ക് മൂലമാണ്. അതിന് എന്ത്‌ പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം എന്നൊക്കെ നന്നായി അഭിനയിച്ചു ഫലിപ്പിച്ചു.

അവൾ അലിഞ്ഞില്ല. വെറുമൊരു മെഴുകു പ്രതിമ കണക്ക് ചലനമില്ലാതെ കിടന്നു.

 

“എനിക്ക് നല്ല സുഖമില്ല. റെസ്റ് എടുക്കണം ”

എന്ന് മാത്രം പറഞ്ഞു അയാൾക്കെതിരായി കണ്ണും പൂട്ടി തിരിഞ്ഞു കിടന്നു.

പിന്നീടൊരിക്കൽ അറിഞ്ഞു,അന്ന് വൈകിട്ട് കൂട്ടുകാരിൽ ആരോ ഓർമ്മിപ്പിച്ചപ്പോഴാണത്രേ ആനിവേഴ്സറിയുടെ കാര്യം തന്നെ അയാളോർത്തത്!

 

അതോടെ വാശിയായി. അവളെയും അവനെയും ഒന്നിച്ച് ഒരു ദിവസം പിടികൂടണം എന്ന്.

കൂടെ നിൽക്കാൻ വിശ്വസ്ഥരായ സുഹൃത്തുക്കൾ തന്നെ ധാരാളമായിരുന്നു.

 

അവർ പലരിൽ നിന്നും വിവരങ്ങൾ സംഘടിപ്പിച്ചു. അയാളുടെ രഹസ്യക്കാരിയുടെ വാസസ്ഥലം കണ്ടു പിടിച്ചു. ഒറ്റയ്ക്ക് പോകാനായിരുന്നു തീരുമാനം. പക്ഷെ, കൂട്ടുകാരികൾ സമ്മതിച്ചില്ല.

 

ക്യാരീയിങ് ആയിരിക്കുന്ന ഈ സമയത്ത് വേണ്ടാത്ത പണിക്കൊന്നും പോകണ്ട,അതല്ല ഇത് നിന്റെ ജീവിതമാണ്,നീ മാത്രമാണ് ഇപ്പോൾ തീരുമാനമെടുക്കേണ്ടത് എന്ന് തോന്നുന്നുവെങ്കിൽ ഞങ്ങളും ഒപ്പം ഉണ്ട്, എന്തിനും ഏതിനും.

 

രേഖ കരഞ്ഞു പോയി.

 

താലി കെട്ടി ഈ മരുഭൂമിയിൽ കൊണ്ട് വന്നു തീ തീറ്റിക്കുന്ന ഭർത്താവിന് പോലും ഇല്ലാത്ത ആത്മാർത്ഥത എവിടെയൊക്കെയോ നിന്ന് വന്ന ആ കുടുംബിനികൾക്ക് ഉണ്ടല്ലോ.. അവരുടെ സപ്പോർട്ട് കൂടി ഇല്ലായിരുന്നെങ്കിൽ താനൊറ്റയ്ക്ക് എന്തെങ്കിലും അവിവേകം കാട്ടിപ്പോയേനെ എന്ന് പോലും അവൾ ചിന്തിച്ചു.

 

ഒരു വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് അവൾക്ക് വന്ന ഫോൺ കോളിൽ നിന്ന് ഉടനെ ചെന്നാൽ കാമുകിയുടെ ഫ്ലാറ്റിൽ നിന്ന് അയാളെ കയ്യോടെ പിടിക്കാമെന്ന സന്ദേശം അവളെ ത്രസിപ്പിച്ചു.

മൂവർ സംഘം ഫ്ലാറ്റ് കണ്ട് പിടിച്ചു.കൂട്ടുകാരികൾ അല്പം മാറി നിന്നു.

 

അവൾ ഡോർ ബെൽ അടിച്ച്, ഉള്ളിലെ സംഘർഷം പുറമെ ഭാവിക്കാതെ ധൈര്യം സംഭരിച്ചു കാത്തു നിന്നു.

 

അനക്കമൊന്നും ഇല്ലാതെ വന്നപ്പോൾ വീണ്ടും കാളിങ് ബെല്ലിലേയ്ക്ക് വിരൽ നീണ്ടതും

വാതിൽ മെല്ലെ തുറക്കപ്പെട്ടു.

വാതിലിനപ്പുറം സ്ലീവ് ലെസ്സ് ഫ്രോക്ക് ധരിച്ച വെളുത്തു തുടുത്ത ഒരു സുന്ദരിയെ കണ്ട് രേഖയുടെ തൊണ്ട വല്ലാതെ വരണ്ടു.

 

ജീവിതത്തിൽ ഇന്നേവരെ ഇങ്ങനെ ഒരു അവസ്ഥയെ നേരിടേണ്ടി വരുമെന്ന് ആരറിഞ്ഞു?

പ്രണയിച്ചു വിവാഹം കഴിച്ചവന്റെ അവിഹിതം കണ്ട്പിടിക്കാൻ ഇറങ്ങിതിരിച്ചിരിക്കുന്ന ഗർഭിണിയായ ഒരു ഭാര്യ!!

 

ആരാ, എന്ത് വേണം എന്നൊക്കെ അവൾ ഹിന്ദിയിലും ഇംഗ്ലീഷിലും ചോദിക്കുന്നുണ്ട്.

 

“എനിക്ക് എന്റെ ഭർത്താവിനെ വേണം.

തരാൻ കഴിയുമോ ” അലർച്ചയോടെ ആണവൾ ചോദിച്ചത്. ശബ്ദം പക്ഷെ, ലേശം പോലും പുറത്തേക്ക് ഉയർന്നില്ല!

 

ഉള്ളിൽ തന്നെ അടഞ്ഞു പോയിരിക്കുന്നു!

അവൾ വീണ്ടും വീണ്ടും എന്തൊക്കെയോ ഉറക്കെ ചോദിക്കുന്നത് കേട്ടിട്ടാവണം അകത്തു നിന്ന് ഒരു തല നീണ്ടു വന്നത്.

 

“ദാ, എനിക്ക് അവനെ വേണം.എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ ഭർത്താവിനെ ” അയാൾക്ക് നേരെ കൈ ചൂണ്ടി ഇംഗ്ലീഷിൽ അവൾ ഉറക്കെ അലറി.

 

ഫിലിപ്പൈൻ സുന്ദരി ഒന്ന് ഞെട്ടി! പതർച്ചയോടെ പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കി. അവിടെ അയാൾ വിളറി വെളുത്തു നിൽക്കുന്നു. ഒരു ഉന്മാധിനിയുടെ ഭാവത്തോടെ അവൾ മുന്നിൽ നിന്നവളെ തള്ളി മാറ്റി അയാൾക്കരികിലേയ്ക്ക് നടന്നു., അല്ല പാഞ്ഞു!

 

ഒരു ടവൽ മാത്രമായിരുന്നു അപ്പോഴയാളുടെ വേഷം! അടിമുടി വിറയൽ പടർന്ന ശരീരത്തിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ടത് അവൾ പോലും അറിയാതെയായിരുന്നു. സർവ്വശക്തിയുമെടുത്ത് അയാളുടെ മുഖത്തേയ്ക്ക് ആഞ്ഞൊരു തുപ്പ്!

തടയാൻ വന്ന മാദക സുന്ദരിയുടെ മുഖം അടച്ച് ഒന്ന് കൊടുത്തു.

 

ശുഭം! വാക്കുകൾക്കോ, വാചകങ്ങൾക്കോ, കണ്ണുനീരുകൾക്കോ, പരിഭവങ്ങൾക്കോ ഒന്നും അവിടെ സ്ഥാനമില്ലായിരുന്നു.

 

കനത്ത കാലടികളോടെ അവിടെ നിന്നിറങ്ങുമ്പോൾ ഒപ്പം അവളെ ചേർത്തു പിടിച്ചു കൊണ്ട് അവരും കൂടെ നടന്നു.

എന്ത് സംഭവിച്ചാലും നീ ഭയക്കരുത്, ഞങ്ങൾ കൂടെയുണ്ട് എന്ന് ആശ്വസിപ്പിച്ചിട്ടാണ് അവളെ തിരികെ ഫ്ളാറ്റിൽ വിട്ടിട്ട് അവർ പോയത്.

 

അതിന് ശേഷമുള്ള സംഭവവികാസങ്ങൾക്കുമ മപ്പുറത്തെ ഒരു ബാക്കി പത്രം പോലെ അവൾ ചേർത്തു പിടിച്ചവർക്കൊപ്പം അന്ന് രാത്രി കഴിഞ്ഞു വീണ്ടും എല്ലാം ഓർത്തെടുത്തു കൊണ്ട്..

 

മൊബൈൽ ഫോൺ അയാളെ ഭയന്ന് എപ്പോഴോ സ്വിച്ചഡ് ഓഫ്‌ ചെയ്തിരുന്നു. ഏട്ടനെ തന്നെയാണ് വിളിക്കാൻ തോന്നിയത്. അറിയട്ടെ, സ്വന്തം പെങ്ങളെ വശികരിച്ച് വിവാഹം കഴിച്ച ആത്മാർത്ഥ സ്നേഹിതൻ എങ്ങനെ ഉള്ളവനായിരുന്നുവെന്ന്! അറിഞ്ഞതൊന്നും ഇതുവരെയും ആരെയും അറിയിച്ചിരുന്നില്ല.

 

എല്ലാത്തിനും ഒരു തെളിവ് വേണം. അല്ലെങ്കിൽ ഒരു സംശയ രോഗിയോ, മാനസിക രോഗിയോ ഒക്കെയായി ചിത്രീകരിക്കാൻ അയാൾ പലതും ചെയ്യും എന്നുറപ്പുണ്ടായിരുന്നു.

 

ഏട്ടന്റെ ശബ്ദം ഫോണിലൂടെ കേട്ടതും അതുവരെ പിടിച്ചു വെച്ച ധൈര്യം മുഴുവനും ചോർന്നു പോയി. ഏട്ടാ… എന്ന് നിലവിളിച്ചു കൊണ്ട് ഒന്നും തുറന്നു പറയാൻ കരുത്തില്ലാതെ അവൾ വെറുതെ ഫോണും പിടിച്ചു നിന്നു.

 

മറുപ്പുറത്തെ പരിഭ്രാന്തമായ സ്വരം കേട്ട് അവൾ ഓരോന്നായി പറഞ്ഞു തുടങ്ങി. എല്ലാം കേട്ട് കഴിഞ്ഞു കുറെ നേരത്തേയ്ക്ക് വല്ലാത്ത നിശബ്ദത ആയിരുന്നു. പിന്നെ ഉറച്ച ശബ്ദത്തിൽ അയാൾ അവളെ ആശ്വസിപ്പിച്ചു.

 

“ഒട്ടും വൈകണ്ട, നീയെത്രയും പെട്ടന്ന് നാട്ടിലേയ്ക്ക് പോര്. ഞാൻ വേണ്ടതെല്ലാം ചെയ്തോളാം. ഇനി ആ ചതിയനുമായി ഒരു ബന്ധവും നമുക്ക് വേണ്ട. ”

 

“ഏട്ടാ,, ഞാൻ വരുന്നത് വരെ അമ്മ ഇത് അറിയരുതേ..അമ്മയ്ക്ക് സഹിക്കില്ല ”

 

ഏട്ടൻ ഒന്ന് മൂളുക മാത്രം ചെയ്തു. ഫോൺ കട്ട് ചെയ്ത് ഓഫ്‌ ആക്കി വെച്ചിട്ട് അവൾ ഉറങ്ങാനായി കിടന്നു. അയാൾ മുടിയിൽ പിടിച്ചു വലിച്ചു താഴെ വീണപ്പോൾ ഉണ്ടായ നൊമ്പരം അപ്പോഴും വിട്ട് മാറിയിരുന്നില്ല.

 

തന്റെ വയറിന് നേരെ ഉയർത്തിയ ആ കാൽ ആഞ്ഞൊന്നു പതിച്ചിരുന്നെങ്കിൽ ഒരുപക്ഷെ, ഇപ്പോൾ താനോ, തന്റെ വയറ്റിൽ ഈ കുഞ്ഞോ ഉണ്ടാകുമായിരുന്നില്ല! കണ്ണ് നീർ ഒഴുകി വീണു കുതിർന്നു പോയ തലയിണയിൽ അവൾ മുഖമിട്ടുരുട്ടി.

 

ഉറക്കം മാറി നിന്ന് അവളെ നോക്കി ഇരുട്ടിൽ കൊഞ്ഞനം കുത്തി! പക്ഷെ, അന്നത്തെ രാത്രി മാത്രമല്ല, ഇനിയുള്ള രാത്രികളിൽ എന്നെങ്കിലും തനിക്ക് സമാധാനത്തോടെയോ, സന്തോഷത്തോടെയോ ഉറങ്ങാൻ പറ്റുമോ ?

 

അന്ന് ഇറങ്ങിപ്പോരുമ്പോൾ അവൾ തന്റെതായ എല്ലാ രേഖകളും, സാധനങ്ങളും ഒപ്പം എടുത്തിരുന്നു. ആ ബുദ്ധി പറഞ്ഞു കൊടുത്തത് ഗീത ചേച്ചി തന്നെയായിരുന്നു.

 

അത് കൊണ്ട് തന്നെ തിരിച്ചു പോകാനുള്ള വിസ റെഡി ആകാൻ കാലതാമസം ഒന്നും വന്നില്ല. എയർപോർട്ടിലേയ്ക്ക് പോകുമ്പോൾ അതുവരെ ഒപ്പം നിന്ന സ്നേഹിതരെ പിരിയുന്ന നൊമ്പരം മാത്രമായിരുന്നു അവൾക്ക്.

 

അപ്പോഴും കൂടെ വരാൻ തയ്യാറായി ഗീത ചേച്ചിയും ഭർത്താവും. ചെക്കിങ്ങിനായി അകത്തു കയറുമ്പോൾ കയ്യ് വീശി പുറത്ത് നിൽക്കുന്നവരെ കണ്ട് നെഞ്ചു പിടഞ്ഞു. ഇതുപോലെ ഒരു ദിവസം ഇവിടെയ്ക്ക് വരാനായി എത്ര പേർക്കൊപ്പമാണ് താനും എയർപോർട്ടിൽ എത്തിയത്.

 

അന്ന് കണ്ണ് നീര് തുടച്ചു കൊണ്ട് ചിരിക്കുന്ന അമ്മയ്ക്ക് പകരം, രക്ത ബന്ധത്തിന്റെ കണക്ക് പറച്ചിലുകളൊന്നും അവകാശപ്പെടാനില്ലാത്ത അന്യയായ രണ്ട് പേർ പുറത്ത് നിന്ന് കണ്ണ് തുടയ്ക്കുന്നു!

 

വിധിയുടെ ക്രൂരത ഇത്രയും കൂടുതൽ തനിക്ക് മാത്രം ഏറ്റു വാങ്ങേണ്ടി വന്നത് എന്ത് കൊണ്ടാണ്? മുൻജന്മത്തിൽ അത്രയ്ക്കും പാപിയായിരുന്നോ താൻ?

 

ഓർത്തും, കരഞ്ഞും അവൾ സീറ്റിലേയ്ക്ക് മെല്ലെ ചാരി കിടന്നു.. ഒരു രണ്ടാം ജന്മം കിട്ടിയ താൻ അത്രയ്ക്കും പാപിയാണോ? ഏയ്‌, അല്ല.. ഇത് വെറുമൊരു ടെസ്റ്റ്‌ മാത്രമല്ലേ.. അതിജീവിക്കും താൻ ..

 

എല്ലാ പരീക്ഷണങ്ങളെയും നേരിടാൻ ഇനിയുള്ള കാലം തനിക്ക് ധാരാളം മതി. ഒപ്പം കൂടാൻ ഒരു കുഞ്ഞ് സ്വപ്നം കൂട്ടിനുണ്ടല്ലോ.. അത് മതി ഇനിയങ്ങോട്ടുള്ള ജീവിതത്തിന്!! അവൾ മെല്ലെ കണ്ണുകൾ അടച്ചു ഉറങ്ങാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *