നല്ല കാലം
(രചന: അരുണിമ ഇമ)
” മോളെ.. നാളെ നീ എപ്പോഴാ വരിക..? ”
ആ ചോദ്യം കേട്ട സരിത ഒന്ന് നെടുവീർപ്പിട്ടു. നാളെ വിഷു ആണ്. എല്ലാവരും ആഘോഷ തിമിർപ്പിൽ ആണ്. പക്ഷെ, താൻ മാത്രം..
” മോളെ.. ഹലോ.. ”
അമ്മ വീണ്ടും വിളിക്കുന്നത് കേട്ടിട്ടും കേൾക്കാത്തത് പോലെ ഫോൺ കട്ട് ചെയ്തു.
അമ്മയ്ക്ക് മറുപടി കൊടുക്കാൻ വയ്യ. അല്ലെങ്കിൽ തന്നെ എന്ത് പറയും..? വിവാഹം കഴിഞ്ഞതോടെ ആ വീടുമായുള്ള ബന്ധം ഉപേക്ഷിച്ചു എന്നോ..?
അതോ.. തന്റെ ഭർത്താവ് തന്നെ അതിന് പ്രേരിപ്പിക്കുന്നു എന്നോ..? ഒന്നും പറയാനില്ല. ആരോടും പരാതി പറയാനുള്ള അർഹത തനിക്കില്ല. അത് താനായി തന്നെ നഷ്ടപ്പെടുത്തിയതാണ്.
അവളുടെ ചിന്തകൾ തന്റെ കഴിഞ്ഞ കാലത്തേക്ക് ഒന്ന് എത്തി നോക്കി.
കണിക്കൊന്ന പൂവ് പോലെ നിർമലമായ ബാല്യത്തിലേക്ക്. അന്ന് എന്ത് രസമായിരുന്നു.
കൂട്ടുകാരോടൊപ്പം കൂടി കണി ഒരുക്കാൻ മാങ്ങയ്ക്കും ചക്കയ്ക്കും കൈതചക്കയ്ക്കും ഒക്കെ വേണ്ടി എത്രയെത്ര പറമ്പുകൾ കയറിയിറങ്ങിയിരിക്കുന്നു…
അന്ന് നിയന്ത്രണങ്ങൾ ഏൽപ്പിക്കാനോ, കുറ്റം പറയാനോ ആരും ഉണ്ടായിരുന്നില്ല.
അതിലൊക്കെ മാറ്റം വന്നത് പിന്നെ എവിടെ നിന്നാണ്..? അയാൾ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം.. അതെ. അതാണ് ശരി.
അയാൾക്ക് മുൻപും പിന്നും എന്ന് എന്റെ ജീവിതത്തെ വേർതിരിച്ചെടുക്കാൻ കഴിയുന്ന വിധമുള്ള മാറ്റങ്ങൾ..
അന്നും ഒരു വിഷു കാലം ആയിരുന്നു. ഞാൻ അയാളെ ആദ്യമായി കണ്ടത് കണി വെക്കാനുള്ള മാങ്ങയ്ക്ക് വേണ്ടി തൊട്ടപ്പുറത്തെ വീടിന്റെ പറമ്പിൽ ചെന്നപ്പോൾ ആയിരുന്നു.
ആ വീട്ടിലെ അമ്മുമ്മയുടെ ഏതോ ഒരു ബന്ധു. അവർ വന്നിട്ടുണ്ടെന്ന് അറിഞ്ഞെങ്കിലും അതിൽ എനിക്കെന്താ കാര്യം എന്നായിരുന്നു ചിന്ത.
അതുകൊണ്ട് തന്നെ ആ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാതെ തന്റെ പണിയിലേക്ക് കടന്നു.
” ഡീ… കള്ളീ… ”
മാവിന്റെ ചോട്ടിൽ നിന്ന് മരത്തിലേക്ക് നോക്കി നിൽക്കുമ്പോൾ ആണ് പുറകിൽ നിന്ന് ഒരു വിളിയൊച്ച കേൾക്കുന്നത്.
പ്രതീക്ഷിക്കാത്ത വിളിയിൽ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് തന്നെ ദഹിപ്പിക്കാൻ പാകത്തിന് നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ ആണ്.
” താൻ ഏതാ.. എന്താ ഇവിടെ…? ”
അവൻ വീണ്ടും ചോദിച്ചു.
” അതൊക്കെ ചോദിക്കാൻ താൻ ആരാ..? ഞാൻ കള്ളിയൊന്നും അല്ല. എനിക്ക് നല്ലൊരു പേരുണ്ട്.”
” പിന്നെ.. ഞങ്ങളുടെ നാട്ടിൽ ഒക്കെ മോഷണം നടത്തുന്നവരെ കള്ളൻ എന്നും കള്ളി എന്നും ഒക്കെയാ വിളിക്കാറ്.. ”
” തന്നോട് ഞാൻ പറഞ്ഞില്ലേ ഞാൻ കള്ളി അല്ലെന്ന്.. ദേ.. അതാണ് എന്റെ വീട്. നാളെ കണി വെയ്ക്കാൻ മാങ്ങ പൊട്ടിക്കാൻ വന്നതാ ഞാൻ.. ”
” ഇവിടെ ആരോടേലും നീ അതിന് അനുവാദം ചോദിച്ചോ..? അനുവാദം ഇല്ലാതെ ചെയ്യുന്നതാണ് കള്ളത്തരം. ”
അവൻ വിടാൻ ഭാവം ഇല്ലാതെ വീണ്ടും പറഞ്ഞു.
” തന്നോട് ഞാൻ മര്യാദക്ക് പറഞ്ഞില്ലേ ഞാൻ എന്തിനാ വന്നതെന്ന്.. എന്നിട്ട് വീണ്ടും എന്തിനാ ഇത് തന്നെ പറയുന്നത്..? ”
രണ്ട് പേരുടെയും വഴക്കിന്റെ ഒച്ച കേട്ട് ആ വീട്ടിലെ അമ്മുമ്മ പുറത്തേക്ക് വന്നു. കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ അയാളെ കൊണ്ട് തന്നെ എനിക്ക് വേണ്ടിയുള്ള മാങ്ങ പൊട്ടിപ്പിച്ചു.
അന്നൊരു വിജയിയെ പോലെ ആണ് ഞാൻ വീട്ടിലേക്ക് പോയത്.
വിഷു കഴിഞ്ഞതോടെ അവരൊക്കെ തിരികെ പോയി. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ഒരു വിവാഹലോചന ആയിട്ടാണ് അയാളെ പിന്നെ കാണുന്നത്.
ആദ്യം ഒരു അത്ഭുതം ആയിരുന്നു. അയാൾക്ക് പ്രണയമോ.? കാട്ടുപോത്തിനെ പോലെ തന്നോട് പോരിന് വന്നവന് തന്നോട് പ്രണയമോ..?
പിന്നീട് ഓർത്തു, പ്രണയം കൊണ്ട് ആകില്ല. വീട്ടുകാരുടെ നിർബന്ധം ആകും. വേറെ പെണ്ണ് കിട്ടാഞ്ഞിട്ടും ആകാം.
പക്ഷെ, എന്റെ മനസ്സിൽ അയാൾ നാളുകൾക്ക് മുൻപ് സ്ഥാനം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ ആലോചന എന്റെ ഭാഗ്യം ആയി ഞാൻ കണക്കാക്കി.
എന്റെ വീട്ടുകാർക്കും അത് എന്റെ ഭാഗ്യം ആയി ആണ് തോന്നിയത്. ഇരു വീട്ടുകാർക്കും എതിർപ്പില്ലാത്ത ബന്ധം. വിവാഹം ഉറപ്പിച്ചതോടെ അദ്ദേഹം എന്നോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു.
സത്യം പറഞ്ഞാൽ പ്രണയം എന്ന് ഞാൻ വിശ്വസിച്ച നാളുകൾ. അയാൾ അന്ന് പറഞ്ഞ കാര്യങ്ങൾ പലതും എന്നിലുള്ള നിയന്ത്രണങ്ങൾ ആണെന്ന് അന്ന് തോന്നിയില്ല.
അയാൾക്ക് എന്നോടുള്ള പ്രണയം ആയി ഞാൻ കണ്ടു. വിവാഹം ആയപ്പോഴേക്കും അയാൾ പൂർണമായും എന്നിൽ ആധിപത്യം സ്ഥാപിച്ചിരുന്നു.
ആഘോഷമായി വിവാഹം നടന്നു. പക്ഷെ, പിന്നീട് ആണ് അതൊരു കുരുക്ക് ആണെന്ന് മനസ്സിലായത്.
ആദ്യ നാളുകളിൽ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച ഭർത്താവ് പിന്നീട് എപ്പോഴോ അപ്രത്യക്ഷനായി. പകരം സംശയ രോഗിയായ ഒരു ഭർത്താവ് പുനർജനിച്ചു.
സ്വന്തം നാട്ടിലേക്കോ വീട്ടിലേക്കോ വരാൻ പോലും അനുവാദം ഇല്ലാതെ,ഏതെങ്കിലും ആഘോഷങ്ങളിൽ പോലും പങ്കെടുക്കാൻ സമ്മതിക്കാതെ ഈ നഗരത്തിൽ ഒരു ഫ്ലാറ്റിൽ തന്നെ തളച്ചിട്ടു.
പലപ്പോഴും അതിൽ ഞാൻ ബുദ്ധിമുട്ടി. മിണ്ടാനും പറയാനും ആരും ഇല്ലാതെ, എനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത തരത്തിലുള്ള ഒരു ജീവിതം.
രാവിലെ അയാൾ ഓഫീസിൽ പോയാൽ വൈകുന്നേരം വരുന്നത് വരെ ഞാൻ അവിടെ തനിച്ചാണ്. ആകെ ഭ്രാന്ത് പിടിച്ച നാളുകൾ.
ഒരു കുഞ്ഞിന് വേണ്ടി ഞാൻ ആഗ്രഹിച്ചു. അത് അയാളോട് പറയുകയും ചെയ്തു.
” ഇപ്പോ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കേണ്ട. അതിന് ചെലവിന് കൊടുക്കാൻ നിന്റെ കൈയിൽ പണം ഉണ്ടോ..? എന്റെ ജോലി ഒന്ന് സ്റ്റേബിൾ ആവട്ടെ. എന്നിട്ട് നോക്കാം.. ”
അതായിരുന്നു അയാളുടെ മറുപടി. അത് എന്നെ പാടെ തകർത്ത് കളഞ്ഞിരുന്നു.
പിന്നീട് ഞാൻ അതിനെ കുറിച്ച് സംസാരിക്കാതെ ആയി. ദൈവം ഒരു കുഞ്ഞിനെ തരട്ടെ എന്ന് പ്രാർത്ഥിച്ചു.
വർഷത്തിൽ ഒരിക്കൽ ആകും പലപ്പോഴും വീട്ടിലേക്കുള്ള പോക്ക്.
ഓണത്തിന് കുടുംബസമേതം.. മിക്കപ്പോഴും അതും പല കാരണങ്ങളാൽ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.
നാട്ടിൽ പോയി വന്നാൽ പിന്നെ ആ ഓർമകളെ താലോലിച്ചു നാളുകൾ നീക്കണം. അങ്ങനെ ഇരിക്കെ ആണ് ദൈവത്തിന്റെ അനുഗ്രഹം പോലെ ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്.
ആ വാർത്ത അയാളോട് പറയുമ്പോൾ സന്തോഷിക്കും എന്ന് കരുതിയ എനിക്ക് തെറ്റി.
” അത്.. അതെങ്ങനെ സംഭവിച്ചു? പ്രൊട്ടക്ഷൻ എടുത്തിരുന്നതാണല്ലോ?കൊച്ചിന്റെ അച്ഛൻ ഞാൻ തന്നെ ആണോടീ..? ”
അയാളുടെ ആ ചോദ്യം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. അയാൾക്ക് മുന്നിൽ കണ്ണീരോടെ നിൽക്കാൻ അല്ലാതെ എന്ത് ചെയ്യാനാകും എനിക്ക്..?
അയാളുടെ അവഗണനകൾക്കിടയിൽ ഞാൻ പ്രസവിച്ചു. ഓമനത്തമുള്ളൊരു പെൺകുഞ്ഞ്.
അയാളുടെ മറുക് പോലും പകുത്തെടുത്ത ആ കുഞ്ഞിനെ സംശയിക്കാൻ പിന്നീട് അയാൾക്ക് കഴിഞ്ഞില്ല. അയാൾ കുഞ്ഞിനെ സ്നേഹിച്ചു. പക്ഷെ, എന്നോടുള്ള വെറുപ്പിന് മാറ്റം ഒന്നും വന്നില്ല താനും.
ഞാൻ വളർത്തിയാൽ കൊച്ചു ചീത്ത ആയി പോകുമത്രേ!
ഒരിക്കൽ ഒരു വിഷുവിനു വീട്ടിൽ പോകണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ കരണം പുകയ്ക്കുന്ന അടി ആണ് കിട്ടിയത്. ഒപ്പം ഒരു ചോദ്യവും.
” കണ്ണിൽ കണ്ട പാടത്തും തൊടിയിലും കറങ്ങി നടന്നു, വല്ല മരത്തിലും വലിഞ്ഞു കയറി നാട്ടുകാരെ കൊണ്ട് പറയിക്കാൻ ഉള്ള പോക്ക് ആയിരിക്കും..
അതൊന്നും ഇവിടെ നടക്കില്ല.. അതോ.. ഇനി ഉപേക്ഷിച്ചു പോന്ന വല്ലവനെയും കാണാൻ ഉള്ള പോക്ക് ആണോ..?”
ആ ചോദ്യത്തിൽ തന്റെ വായ അടഞ്ഞു.
” എന്തായാലും നീ പോകണ്ട. അഥവാ പോകണം എന്ന് നിർബന്ധം ആണേൽ ഒറ്റയ്ക്ക് പോയാൽ മതി. എന്റെ കൊച്ചിനെ കൊണ്ട് പോകാൻ പറ്റില്ല. പോയാൽ പിന്നെ ഇങ്ങോട്ട് തിരികെ വരാം എന്ന് കരുതണ്ട.. ”
ഭീഷണി പോലെ അയാൾ പറഞ്ഞു. മറ്റൊരു ആശ്രയം ഇല്ലാത്ത എനിക്ക് ആ വാക്കുകൾ തന്ന ഭയം ചെറുതായിരുന്നില്ല.
പിന്നീട് ഈ അനുവാദം ചോദിക്കൽ തന്നെ ഭയം ആയി തുടങ്ങി. അഥവാ ചോദിച്ചാൽ ആ വായിൽ നിന്ന് വരുന്നത് കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ ആയിരിക്കും.
അങ്ങനെ ഉള്ളപ്പോൾ ഈ വിഷുവിനും എങ്ങനെ വീട്ടിലേക്ക് പോകും..? കഴിയില്ല.. ഒരിക്കലും കഴിയില്ല. താൻ അയാൾക്ക് അടിമ മാത്രം ആണല്ലോ.. വികാരങ്ങൾ ഏതും ഇല്ലാത്ത അടിമ..