ഞാനൊക്കെ ഇനി ഈ വയസാം കാലത്ത് ഒന്നേന്ന് തുടങ്ങാൻ എന്ത് പാടാണ് “” ഗീത ചോദിച്ചു

(രചന: പുഷ്യാ. V. S)

 

“”ഡാ മോനേ ഞാൻ ആ സുമയോട് എന്താ പറയേണ്ടേ. അവള് ഇന്നലേം കൂടി വിളിച്ചിരുന്നു.”” ഗീത തന്റെ മകൻ അരുണിനോട് ചോദിച്ചു

 

“” അമ്മയോട് ഞാൻ ഇന്നലെ കൂടി പറഞ്ഞതല്ലേ അത് നടക്കില്ല എന്ന്. അമ്മയ്ക്ക് എന്താ പറഞ്ഞെ മനസ്സിലാവില്ലേ. “” അരുൺ ദേഷ്യം ഭാവിച്ചു.

 

“” അതെങ്ങനാ മോനെ. അവളുടെ മോന്റെ ഫീസ് അടയ്ക്കാനില്ലാഞ്ഞിട്ട് പാവം ഗതികെട്ടാണ് കടം ചോദിച്ചത്. നമുക്ക് എന്തേലും അവശ്യം ഉണ്ടേൽ ഓടി വരണത് ആണ്. എങ്ങനാ മോനേ പറ്റില്ല എന്ന് പറയുന്നേ “” ഗീത ചോദിച്ചു.

 

“” ഇവിടുത്തെ കാര്യങ്ങൾ തന്നെ അവതാളത്തിലാ. അതിന്റിടേൽ ഇങ്ങനെ ആവശ്യമില്ലാത്ത പൊല്ലാപ്പും കൊണ്ട് വരല്ലേ എന്ന് അമ്മയോട് എത്ര തവണ പറഞ്ഞിട്ടുള്ളതാ. എന്റെൽ എന്തായാലും ഒന്നും ഇല്ല.

 

ഇനി അമ്മേടേൽ എന്തേലും സമ്പാദ്യം ഇരിക്കുന്നുണ്ടേൽ സഹായിക്കുക്കുവോ എന്താണ് എന്ന് വച്ചാൽ ചെയ്തോ. രാവിലെ മനുഷ്യന്റെ സമാധാനം കളയാൻ ഓരോന്നും കൊണ്ട് വന്നോളും “” അതും പറഞ്ഞു അരുൺ എഴുന്നേറ്റു പോയി.

 

ഗീത തന്റെ മുറിയിലേക്ക് പോയി. ഓരോന്ന് ഓർമയിലേക്ക് വന്നപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു. പത്തൊമ്പതാം വയസിൽ ആയിരുന്നു തന്റെ കല്യാണം.

 

ഡിഗ്രി അവസാനവർഷം പരീക്ഷ സമയം ആയപ്പോഴേക്കും അരുൺ തന്റെ ഉദരത്തിൽ ജന്മം കൊണ്ടു കഴിഞ്ഞിരുന്നു. ജോലിക്ക് ശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും അവസരം കിട്ടിയിട്ടില്ല. പിന്നെ ഏട്ടൻ ഉണ്ടായിരുന്നപ്പോൾ അതിനെക്കുറിച്ചു ഒന്നും ചിന്തിക്കേണ്ട അവശ്യം വന്നിട്ടില്ല എന്നതാണ് സത്യം.

 

എന്റെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇപ്പോൾ മൂന്നു വർഷം ആയി താനൊരു വിധവ ആയിട്ട്. മകന് സ്നേഹം ഒക്കെ ഉണ്ടെങ്കിലും തന്റെ ചിറകിനടിയിൽ ഒളിക്കുന്ന പ്രായം അല്ലല്ലോ. വിവാഹം കഴിഞ്ഞു. അതിന്റെതായ ചിലവുകൾ അവനും ഉണ്ടാകും.

 

ഒരു വരുമാനം ഇല്ലാത്തതിന്റെ കുറവും ബുദ്ധിമുട്ടും അദ്ദേഹം പോയതിനു ശേഷം ആണ് അറിഞ്ഞു തുടങ്ങിയത്. ഈ നാല്പത്തി ഏഴാം വയസിൽ മകനെ ആശ്രയിക്കുമ്പോൾ അവനൊരു ബാധ്യത ആയി മാറുന്നുണ്ടോ എന്ന പേടിയും അലട്ടുന്നുണ്ട്.

 

“” അമ്മ എന്താ ആലോചിക്കുന്നത്. കുറേ നേരമായല്ലോ ഈ ഇരുപ്പ് തുടങ്ങിയിട്ട് “” മരുമകൾ ജീന ആണ് ചിന്തകൾക്ക് വിരാമമിട്ടത്.

 

“” ഏയ്‌ ഞാനിങ്ങനെ ഓരോന്ന് ഓർത്തുകൊണ്ട് അങ്ങനെ. മോൾക്ക് ഇന്ന് പോണ്ടായിരുന്നോ. “” ഗീത ചോദിച്ചു.

 

“” അത് ശെരി ഞാൻ ഇന്നലെ പറഞ്ഞത് ഒക്കെ അമ്മ മറന്നോ. ഞങ്ങൾക്ക് എക്സാം ആവാറായില്ലേ അതിന്റെ ലീവ് തുടങ്ങി. “” ജീന പറഞ്ഞു.

 

“” ഓ സ്റ്റഡി ലീവ് അല്ലേ. മറന്ന് പോയി. മോളെന്താ ഇപ്പൊ ഇങ്ങോട്ട് വന്നേ. എന്തേലും വേണോ “” ഗീത ചോദിച്ചു.

 

“” ഞാൻ അടുക്കളയിൽ നോക്കിയപ്പോൾ അമ്മേ കണ്ടില്ല അതാ ഇങ്ങോട്ട് വന്നേ. ഉച്ചയ്ക്കത്തേക്ക് എന്തേലും ഉണ്ടാക്കണ്ടേ അമ്മേ “” ജീന ചോദിച്ചു.

 

“” അതൊക്കെ ഞാൻ നോക്കിക്കോളാം മോള് പോയിരുന്നു പഠിക്കാൻ നോക്ക് “” ഗീത മറുപടി കൊടുത്തു.

 

“” ഞാൻ പഠിച്ചോളാം അമ്മേ. ജോലി കഴിയട്ടെ “” ജീന മടിച്ചു നിന്നു

 

“” നീ നിന്റെ വീട്ടിൽ ആയിരുന്നപ്പോൾ എക്സാമിന്റെ തലേന്ന് ഒക്കെ ഇത്ര ആത്മാർത്ഥമായിട്ട് അമ്മയെ സഹായിക്കുമായിരുന്നോ”” ഗീത ചിരിച്ചുകൊണ്ട് ചോദിച്ചു.

 

“” അത് ഇല്ല. എന്നാലും “” ജീന എന്തോ പറഞ്ഞ് നിർത്തി.

 

“” എന്ത് എന്നാലും. ഞാനൊരു കാര്യം പറയാം. കല്യാണത്തിന് മുമ്പ് നിന്റെ അച്ഛനും അമ്മയും ഞങ്ങളോട് പറഞ്ഞത് മോൾക്ക് ഡിഗ്രി കഴിഞ്ഞ് പഠിക്കാൻ താല്പര്യം ഉണ്ട് msc ക്ക് അഡ്മിഷൻ കിട്ടിയിട്ടുണ്ട് പഠിത്തം തടസ്സം വരരുത് എന്ന് അല്ലേ. അന്ന് ഞാൻ അത് അവർക്ക് വാക്ക് കൊടുത്തതാ.

 

അതുകൊണ്ട് പരീക്ഷയുടെ തലേന്ന് ഉള്ള ഈ സഹായം ഒന്നും ഇവിടെ വേണ്ട. ബാക്കി ഉള്ള ദിവസം ഒക്കെ ആവശ്യത്തിന് ജോലി ചെയ്യുന്നും സഹായിക്കുന്നുമൊക്കെ ഉണ്ടല്ലോ അത് മതി.”” ഗീതയുടെ സംസാരം കേട്ടു ജീനയുടെ കണ്ണ് ചെറുതായി നിറഞ്ഞു.

 

“” അമ്മേ. സത്യം പറയാല്ലോ കല്യാണം ഉറപ്പിച്ചപ്പോൾ ഒക്കെ എനിക്ക് നല്ല പേടി ആയിരുന്നു.

 

എന്റെ കല്യാണം കഴിഞ്ഞ ചില കൂട്ടുകാർ ഒക്കെ പറഞ്ഞായിരുന്നു സ്വന്തം വീട്ടിലെ അന്തരീക്ഷം ഒരിക്കലും ചെന്ന് കേറുന്ന വീട്ടിൽ കിട്ടാൻ സാധ്യത ഇല്ല നമ്മൾ അഡ്ജസ്റ്റ് ചെയ്തു വേണം പഠിത്തവും ജോലിയും ഒക്കെ ബാലൻസ് ചെയ്തു കൊണ്ട് പോകാൻ എന്നൊക്കെ. പക്ഷേ ഇവിടെ വന്നപ്പോൾ ഞാൻ കണക്കുകൂട്ടിയ പോലെയൊന്നും അല്ല “”

ജീന പറഞ്ഞു

 

“” എനിക്ക് മനസിലാകും മോളേ. ഞാനും പഠനം പൂർത്തി ആകുന്നതിനു മുമ്പേ വിവാഹം കഴിഞ്ഞു വന്നതാ. മോള് ഡിഗ്രി കഴിഞ്ഞെന്ന് എങ്കിലും പറയാം. ഞാൻ അത് പോലും ആയിട്ടില്ലായിരുന്നു.

 

ഇവിടെ വന്നപ്പോൾ ജീവിതം ആകെ മാറി. ഒരു ഭാര്യയുടേം മരുമകളുടേം വേഷത്തിൽ നിന്ന് ഒരു വിദ്യാർത്ഥിനിയാകാൻ നല്ല പ്രയാസം ആയിരുന്നു. ഞാൻ പഠിക്കുന്നതിൽ ആർക്കും എതിർപ്പുണ്ടെന്നല്ല. പക്ഷേ ജോലി എല്ലാം തീർന്നിട്ട് പടിക്കുവാണേൽ പഠിച്ചോട്ടെ എന്ന ഭാവം ആയിരുന്നു.

 

മോള് പറഞ്ഞപോലെ വീട്ടിലെ സ്വസ്ഥം ആയ അന്തരീക്ഷം പിന്നീട് കിട്ടീല എങ്ങനൊക്കെയോ ഡിഗ്രി കംപ്ലീറ്റ് ആയപ്പോഴേക്കും അരുണിനെ ഞാൻ പ്രെഗ്നന്റ് ആയിരുന്നു. പിന്നെ ജോലിക്ക് പോകുന്നെ പറ്റി സത്യം പറഞ്ഞാൽ ചിന്തിച്ചിട്ടേ ഇല്ല. പക്ഷേ ഇപ്പോൾ ആണ് നഷ്ടബോധം തോന്നുന്നത്.

 

എന്റെ അവസ്ഥ വരാതിരിക്കാൻ ആണ് ഞാൻ മോളോട് പഠിക്കാൻ പറയുന്നേ. പിന്നെ ഇവിടെ അരുണിനും അവന്റെ അനിയത്തിക്കും എക്സാം ആകുന്ന സമയത്തു പഠിക്കാൻ പറഞ്ഞു വഴക്കിടുന്നെ അല്ലാതെ വേറെ ജോലി ഒന്നും ഏൽപ്പിക്കാറില്ല. പിന്നെ മരുമോളോട് മാത്രം എന്തിനു ശല്യം ചെയ്യണം. “” ഗീത പറഞ്ഞു.

 

“” അമ്മയ്ക്ക് ശെരിക്കും ജോലി ഇല്ലാത്തത്തിൽ വിഷമം ഉണ്ടോ. സംസാരം കേട്ടപ്പോൾ അങ്ങനെ തോന്നി “”ജീന ചോദിച്ചു.

 

“” ഉണ്ടോ എന്ന് ചോദിച്ചാൽ നല്ലോണം ഉണ്ട് മോളേ. ഇന്ന് തന്നെ എന്റെ ഒരു കൂട്ടുകാരി അവളെ മോന് ഫീസ് അടയ്ക്കാൻ വേണ്ടി കുറച്ചു പൈസ കടം ചോദിച്ചു. എന്റെൽ ഇല്ല എന്ന് പറഞ്ഞാൽ അവള് എന്താ കരുതുന്നെ.

 

പുറത്തു നിന്ന് നോക്കുന്നവർക്ക് അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ജീവിതം ആണ് എന്റേത് എന്നല്ലേ തോന്നു. ആ ഞാൻ കയ്യിൽ കാശില്ല എന്ന് പറയുമ്പോ കൊടുക്കാൻ മനസില്ല എന്നല്ലേ കരുതുള്ളു. അത് ഓർത്താ അമ്മയ്ക്ക് വിഷമം. ഇങ്ങനെ ഉള്ള അവസരങ്ങൾ വരുമ്പോളാ ജോലി ഏത് പ്രായത്തിലും അത്യാവശ്യം ആണെന്ന് മനസിലാവുന്നേ “” ഗീത ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.

 

“” എന്നാൽ പിന്നെ അമ്മയ്ക്ക് എന്തേലും ഒരു ജോലി നോക്കിക്കൂടെ ” ജീന ചോദിച്ചു.

 

“” അതെങ്ങനാ മോളേ ഈ പ്രായത്തിൽ. ഇനി എങ്ങനെ നടക്കാനാ “” ഗീത ഒഴിഞ്ഞുമാറി.

 

“” ദേ അമ്മേ അമ്മ അല്ലേ ഇപ്പൊ പറഞ്ഞേ ജോലി ഏത് പ്രായത്തിലും അത്യാവശ്യം ആണെന്ന്. എന്നിട്ട് കാര്യത്തോട് അടുക്കുമ്പോൾ അമ്മ പ്രായം പറഞ്ഞു ഒഴിഞ്ഞു മാറുകയാണോ. അത് പറ്റത്തില്ല “” ജീന ആവേശത്തോടെ പറഞ്ഞു.

 

“” എന്നാലും മോളേ… ഞാനൊക്കെ ഇനി ഈ വയസാം കാലത്ത് ഒന്നേന്ന് തുടങ്ങാൻ എന്ത് പാടാണ് “” ഗീത ചോദിച്ചു

 

“” അതേ പാടാണ്. പിന്നെ അമ്മയ്ക്ക് അത്ര വയസായിട്ട് ഒന്നും ഇല്ല. നല്ല ആരോഗ്യവും ഉണ്ട്. പിന്നെ ഈ പ്രായത്തിൽ എന്തെല്ലാം തുടങ്ങാം. അമ്മയ്ക്ക് തയ്ക്കാൻ അറിയാല്ലോ. പിന്നെ സ്ത്രീകൾക്ക് ചെറിയ സംരംഭം ഒക്കെ തുടങ്ങാൻ ലോൺ ഒക്കെ കിട്ടും. അത് നോക്കാം. ഇനി അതും അല്ലേൽ അമ്മയ്ക്ക് ട്യൂഷൻ എടുത്തൂടെ.

 

അമ്മയ്ക്ക് അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ. പോരാത്തതിന് അരുണും അരുണിമയും ഒക്കെ സ്കൂളിൽ ആയിരുന്നപ്പോൾ അമ്മ തന്നെയാ അവരെ പഠിപ്പിച്ചേ എന്ന് ഞാൻ കേട്ടിട്ടുണ്ട്. ആലോചിച്ചാൽ പല വഴികൾ ഇല്ലേ അമ്മേ. അമ്മ എന്ത് വേണം എന്ന് ആലോചിക്ക്. ഞാൻ സപ്പോർട്ട് ചെയ്യും “” ജീന പറഞ്ഞു.

 

കുറച്ചു നാളുകൾക്ക് ശേഷം അവരുടെ വീടിന്റെ ടെറസിൽ കുട്ടികളുടെ ബഹളം കേൾക്കുന്നുണ്ട്. ജീന പറഞ്ഞത് പോലെ ഒരു ട്യൂഷൻ തന്നെയാണ് ഗീത തിരഞ്ഞെടുത്തത്. ആദ്യം ഒക്കെ അരുൺ വല്യ താല്പര്യം കാണിച്ചില്ല എങ്കിലും ഒന്ന് രണ്ട് വർഷം കൊണ്ട് കുട്ടികളുടെ എണ്ണം വർധിച്ചു.

 

ഗീതയോടൊപ്പം ജീനയും ക്ലാസ് എടുക്കാൻ സഹായിക്കാറുണ്ട്. അതുപോലെ തന്നെ തന്റെ കൂട്ടുകാരി സുമയുടെ മകനും അവിടെ പഠിപ്പിക്കാൻ വരാറുണ്ട്. അന്ന് തന്നെ കൊണ്ട് സഹായിക്കാൻ കഴിഞ്ഞില്ലേലും അവന് പഠനം കഴിയുന്ന വരെ ഒരു വരുമാനമാര്ഗം താൻ കാരണം ഉണ്ടായല്ലോ എന്ന് ഓർക്കുമ്പോൾ ഗീതയ്ക്ക് വളരെ സന്തോഷം ഉണ്ട്…

Leave a Reply

Your email address will not be published. Required fields are marked *