അത് ഭാര്യയുടെ ശബ്ദമായിരുന്നു. എന്റെ പിറകിൽ തൊട്ടതിന് ശേഷം അവൾ മുന്നിലേക്ക് വന്നു നിന്നു

(രചന: ശ്രീജിത്ത് ഇരവിൽ)

 

ഇനിയെന്ത് ചെയ്യുമെന്ന് ഓർത്ത് നടക്കുമ്പോഴാണ് ഭാര്യ വിളിക്കുന്നത്. സൈക്കിളിൽ നിന്ന് വീണ മോനെയും കൊണ്ട് അവൾ ജില്ലാ ആശുപത്രിയിലേക്ക് പോകുകയാണ് പോലും. നിങ്ങൾ അങ്ങോട്ടേക്ക് പെട്ടെന്ന് വരണമേയെന്നായിരുന്നു കിതപ്പോടെ അവൾക്ക് പറയാനുണ്ടായിരുന്നത്.

 

ഇരുപത്തിമൂന്ന് രൂപ മാത്രമുള്ള കീശയിൽ അമർത്തി പിടിച്ച് ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു. അരുതാത്തതൊന്നും എന്റെ മോന് സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെ നെഞ്ച് ശബ്ദിക്കുകയാണ്. ഫോൺ വെക്കുമ്പോൾ കേട്ട ഭാര്യയുടെ കിതപ്പ് എന്റെ ചങ്കിലും അനുഭവപ്പെടുന്നത് പോലെ. ഭയം ഒളിച്ച് കളിക്കുന്ന കണ്ണുകൾ രണ്ടും ഞാൻ അടച്ചു പിടിച്ചു.

 

ജോലിയിൽ തിരിച്ചെടുക്കണമെന്ന് പറയാൻ എന്റെ പഴയ മുതലാളിയുടെ അടുത്തേക്ക് കാലത്ത് എത്തിയതായിരുന്നു ഞാൻ. ഇല്ലെന്ന് അദ്ദേഹം തീർത്തും പറഞ്ഞു. എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും കൂട്ടാക്കിയില്ല. കുനിഞ്ഞ തലയുമായാണ് അവിടെ നിന്ന് ഞാൻ പിൻവലിഞ്ഞത്. അല്ലെങ്കിലും, ആർത്തിയുടെ ഉള്ളടക്കത്തിൽ നിരാശ തന്നെ ആയിരിക്കുമല്ലോ മുഴച്ച് നിൽക്കുന്നത്…

 

ആറുമാസം മുമ്പായിരുന്നു സംഭവം. മുതലാളിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്ന ഉച്ച നേരം. തമിഴ്നാട്ടിൽ നിന്ന് തേങ്ങയെടുക്കാൻ വന്ന ആളോട് ലോഹ്യം പറഞ്ഞിരിക്കുകയായിരുന്നു. സംസാരത്തിൽ രണ്ട് പേർക്കും കിട്ടുന്ന കൂലിയെ കുറിച്ച് പരാമർശിക്കുകയുണ്ടായി. വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. അയാളുടെ വാക്ക് കേട്ട് ഉണ്ടായിരുന്ന ജോലി വിട്ടത് അബദ്ധമായിപ്പോയി. സമ്പദ്ഘടനയുടെ താഴേ തട്ടിലുള്ളവരുടെ ഓരോ മുന്നേറ്റ നീക്കവും അത്രത്തോളം സൂക്ഷ്മമായി തീരുമാനിക്കേണ്ട കാര്യമാണെന്ന അറിവൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഇനി പറഞ്ഞിട്ട് എന്തുകാര്യം, വർത്തമാനത്തെ നോക്കി പല്ലിളിക്കാനല്ലേ ചില ഭൂതാനുഭവങ്ങൾക്ക് സാധിക്കുകയുള്ളൂ…

 

ജില്ലാ ആശുപത്രി വഴി പോകുന്ന ബസ്സ്‌ വന്ന് നിന്നപ്പോൾ ഞാൻ അതിൽ കയറി ഇരുന്നു. പത്ത് രൂപയുടെ ടിക്കറ്റ് എടുത്തതിന് ശേഷം പോയ കാലത്തിലേക്ക് തന്നെ സഞ്ചരിച്ചു. ആ ലോറിക്കാരൻ തമിഴൻ പറഞ്ഞതൊക്കെ ശരിയായിരുന്നു. ദിവസക്കൂലി വെച്ച് കണക്ക് കൂട്ടിയാൽ പോയ സ്ഥലത്ത് നിന്ന് ഇരട്ടി കൂലി തന്നെ ലഭിച്ചിരുന്നു. കൊപ്ര ഉണക്കി ചാക്കിൽ കെട്ടുന്നതായിരുന്നു പണി. പക്ഷെ, മാസത്തിൽ പത്തുനാൾ മാത്രമേ പണി ഉണ്ടാകുകയുള്ളൂ. രണ്ട് മാസം കഴിയുമ്പോഴേക്കും നിർത്തി പോരുകയായിരുന്നു…

 

മുതലാളിയുടെ അടുത്ത് ഉണ്ടാകുമ്പോൾ കൃത്യമായി ശമ്പളം കിട്ടിക്കൊണ്ട് ഇരുന്നതാണ്. അദ്ദേഹത്തിന്റെ തോട്ടത്തിലെ പണിക്കാരനായി കൂടിയ നാല് വർഷവും അതിനൊരു മുടക്കവും സംഭവിച്ചിരുന്നില്ല. പോരാത്തതിന് ഓണത്തിനും വിഷുവിനുമെല്ലാം കൈനീട്ടവും കിട്ടുമായിരുന്നു. ലാഭമെന്ന് കേട്ടപ്പോൾ കൈയ്യിൽ ഉണ്ടായിരുന്നതെല്ലാം നഷ്ട്ടപ്പെടുത്തിയ എനിക്ക് എന്നോട് തന്നെയൊരു പരിഹാസം തോന്നി.

 

ബസ്സ്‌ നിന്നു. ഭാര്യയെ ഫോണിൽ വിളിച്ചുകൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക് ഞാൻ ധൃതിയിൽ നടക്കുകയാണ്. നെഞ്ചിടിപ്പിന് കാലടികളുടെ ശബ്ദമുണ്ടായിരുന്നു. എത്ര നീട്ടി നടന്നിട്ടും മുന്നോട്ട് പോകാത്തത് പോലെ. ചുറ്റുപാടിൽ നിന്ന് ഉയരുന്ന ശബ്ദമെല്ലാം ഒന്നായി എന്റെ കാതിൽ വീഴുന്നയൊരു അനുഭവം! അതിൽ എന്നേയും ആരോ വിളിക്കുന്നത് പോലെ…

 

‘അശോകേട്ടാ… അശോകേട്ടാ…’

 

തോന്നൽ ആയിരുന്നില്ല. അത് ഭാര്യയുടെ ശബ്ദമായിരുന്നു. എന്റെ പിറകിൽ തൊട്ടതിന് ശേഷം അവൾ മുന്നിലേക്ക് വന്നു നിന്നു. ആ മുഖത്ത് വലിയയൊരു ദുഖമൊന്നും വെളിപ്പെടാത്തത് കൊണ്ട് എനിക്ക് ഇത്തിരി സമാധാനം തോന്നി. മോന് എന്ത്‌ പറ്റിയെന്ന് ചോദിക്കും മുമ്പേ നെറ്റിയിൽ നാല് തുന്നലുണ്ടെന്ന് അവൾ പറയുകയായിരുന്നു. ശ്വാസം തിരിച്ച് കിട്ടുന്നത് എങ്ങനെയാണെന്ന് ആ നിമിഷം കൃത്യമായി ഞാൻ അനുഭവിച്ചു.

 

മോനെ വാർഡിലേക്ക് മാറ്റി. കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാമെന്ന് പറയാൻ പോലും എനിക്ക് കഴിഞ്ഞില്ല. അതിന്റെ കൂടെ ഇനിയെന്ത് ചെയ്യുമെന്ന ചിന്ത കൂടി അമർന്നപ്പോൾ ശരീരം വിയർത്തു.

 

‘ഇത് പുറത്തൂന്ന് വാങ്ങണം…’

 

ആകെ അസ്വസ്ത്ഥനായി ഇരിക്കുന്ന ആ വേളയിൽ ഒരു മരുന്ന് കുറിപ്പ് നീട്ടിക്കൊണ്ട് ഭാര്യ പറഞ്ഞതായിരുന്നു. എന്റെ പരുങ്ങൽ കണ്ടപ്പോൾ അഞ്ഞൂറ് രൂപയും അവൾ എനിക്ക് തന്നു. തന്റെ കൈയ്യിൽ ഇതേയുള്ളൂവെന്നും അവൾ ചേർത്തു. അയലത്ത്ന്ന് വാങ്ങിയതാണ് പോലും. മൂന്നുനാല് മാസമായി പണിയില്ലാതെ ഇരിക്കുന്ന എന്റെ കൈയ്യിൽ ഒന്നും ഉണ്ടാകില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. പലയിടത്തും സ്ഥിര ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും അങ്ങട് ശരിയായില്ല.

 

‘മുതലാളി എന്ത് പറഞ്ഞു…?’

 

അവൾ ശബ്ദം കുറച്ച് ചോദിച്ചു. അതൊന്നും നടക്കില്ലെന്ന് പറഞ്ഞ് മരുന്ന് വാങ്ങാനായി ഞാൻ നടന്ന് തുടങ്ങി. എല്ലാ മരുന്നുകളും ടെസ്റ്റുകളും സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കാൻ എന്തുകൊണ്ടാണ് ഈ ഗവണ്മെന്റിന് സാധിക്കാത്തതെന്നും ആലോചനയിൽ വന്നിട്ടുണ്ടായിരുന്നു. ഭാര്യയുടെ ഗർഭകാല സ്കാനിംഗ് മുഴുവൻ ഇവിടുത്തെ ഡോക്റ്റർ പുറത്ത് നിന്നാണ് എടുപ്പിച്ചത്. എന്തുകൊണ്ടാണെന്ന് ചോദിക്കാനുള്ള വിവരം എനിക്ക് ഇല്ലാതായിപ്പോയി. അത് ഇത്തിരിയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നുവല്ലോ…

 

‘അറുന്നൂറ്റി പത്ത് രൂപയാകും’

 

മരുന്ന് കടക്കാരൻ പറഞ്ഞത് കേട്ടിട്ടും ങേയെന്ന് അറിയാതെ ഞാൻ ചോദിച്ചുപോയി. ആ മനുഷ്യൻ അറുന്നൂറ്റി പത്ത് രൂപയാകുമെന്ന് വീണ്ടും പറഞ്ഞു. ബില്ല് എടുക്കുന്നതിന് മുമ്പേ എത്രയാകുമെന്ന് ചോദിച്ചത് എന്തായാലും നന്നായി. പകുതി മരുന്ന് വാങ്ങിയാൽ പോരെയെന്ന് ഭാര്യയോട് ചോദിക്കാന്ന് കരുതിയപ്പോൾ കുപ്പായത്തിന്റെ കീശയിലോ, മുണ്ടിന്റെ മടിക്കെട്ടിലോ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. ശരിയാണ്. മോന്റെ അടുത്ത് ഇരുന്നപ്പോൾ അത് അവിടെ വെച്ചിരുന്നു…

 

‘അശോകാ…’

 

മരുന്നും വാങ്ങി തിരിഞ്ഞ് നടന്ന എന്നെ ആരോ വിളിച്ചു. സതീശനാണ്. അവന്റെ കൈയ്യിലും മരുന്നും ജൂസുമൊക്കെയുണ്ടായിരുന്നു. അവന്റെ അമ്മയ്ക്കാണ് സുഖമില്ലാതായിരിക്കുന്നത്. മോന്റെ കാര്യം അറിഞ്ഞെന്നും അവൻ ചേർത്തൂ. നാട്ടുകാരനും പഴയ കൂട്ടുകാരനും ആയത് കൊണ്ട് മുഖവരയില്ലാതെയാണ് കുറച്ച് കാശ് കടമായി തരുമോയെന്ന് സതീശനോട് ഞാൻ ചോദിച്ചത്.

 

‘എത്രയാ ഉദ്ദേശിക്കുന്നേ…?’

 

ഒരു ആറായിരം രൂപയെങ്കിലും ഇല്ലാതെ മുന്നോട്ട് പോകില്ലായെന്നായിരുന്നു എന്റെ മറുപടി. അവൻ ആലോചിച്ചു. ശേഷം എന്നേയും കൂട്ടി തിരിച്ച് നടന്നു. എ.ടി.എമ്മിലേക്ക് ആണെന്ന് കണ്ടപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നി. എന്നെ പുറത്ത് നിർത്തി അവൻ ആ പണം തരുന്ന കൂട്ടിലേക്ക് കയറി. അപ്പോൾ തന്നെ തിരിച്ച് ഇറങ്ങുകയും ചെയ്തു. യന്ത്രം പ്രവർത്തിക്കുന്നില്ല പോലും. ആഞ്ഞ് നടന്നാൽ അഞ്ച് മിനുട്ടുകൊണ്ട് എത്തുന്ന മറ്റൊരു എ.ടി.എമ്മിലേക്ക് ഞങ്ങൾ നടന്നു…

 

എന്തായാലും സതീശനെ കണ്ടുമുട്ടിയത് നന്നായി. ഉണ്ടായിരുന്ന നല്ലയൊരു ജോലി കളഞ്ഞതിന്റെ ആഘാതം കുടുംബം ഉൾപ്പടെ അനുഭവിക്കുന്നത് ഇനിയും താങ്ങാൻ പറ്റില്ല. സ്ഥിര ജോലി ഇല്ലെങ്കിലും കിട്ടുന്നതിനൊക്കെ പോയേ പറ്റൂ…

 

‘എടാ… ഞാൻ മറന്നുപോയി. ഉണ്ടായിരുന്ന പണമെടുത്ത് ഭാര്യയെ ഏൽപ്പിച്ചത് ഞാൻ ഓർത്തില്ല…’

 

രണ്ടാമത് കയറിയ എ ടി എമ്മിൽ നിന്ന് ഇറങ്ങുമ്പോൾ സതീശൻ പറഞ്ഞതാണ്. ഒറ്റ നിമിഷം കൊണ്ട് പ്രതീക്ഷകൾ തെറ്റുന്നതിന്റെ മാനസികാവസ്ഥ അനുഭവിച്ചവർക്കേ മനസ്സിലാകുകയുള്ളൂ. മുളയിലേ കരിഞ്ഞുപോയ വിത്ത് പോലെ ഞാൻ ആ നട്ടുച്ചയിൽ വെറുതേ നിന്നു.

 

‘കിട്ടമോയെന്ന് അറിയില്ല. ഭാര്യയോട് ചോദിച്ച് നോക്കാം…’

 

എന്നും പറഞ്ഞ് ആശുപത്രിയിലേക്ക് തന്നെ സതീശൻ തിരിച്ച് നടക്കുമ്പോഴും ഞാൻ ആ എ.ടി.എമ്മിന്റെ മുമ്പിൽ തന്നെയായിരുന്നു. ഒഴിഞ്ഞുമാറാൻ പറയുന്ന കള്ളമാകരുതെന്ന പ്രാർത്ഥനയോടെ പതിയേ ഞാൻ അവനെ പിന്തുടർന്നു. ഒരാഴ്ച്ചയെങ്കിലും ഇവിടെ കിടക്കേണ്ടി വരും. വാടകയും കൊടുക്കണം. ദൈനംദിന ചിലവുകൾ. ഓർക്കുമ്പോൾ തന്നെ തല പെരുകുന്നു. കിതപ്പോടെയാണ് അവന്റെ ഒപ്പത്തിന് ഒപ്പം ഞാൻ എത്തിയത്.

 

‘ആറായിരം ഇല്ലെങ്കിലും.. പറ്റുന്ന പോലെ എന്തെങ്കിലും നീയെനിക്ക് തരാതിരിക്കരുത്…’

 

നോക്കാമെടായെന്ന് മാത്രം സതീശൻ പറഞ്ഞു. അവന്റെ ഭാവവും എനിക്ക് അനുകൂലമായിരുന്നില്ല. എന്റെ വീണ്ടുവിചാരമില്ലായ്മയിൽ എല്ലാ ദയനീയതകളും ഞാൻ അർഹിക്കുന്നു. മുതലാളിയുടെ തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ ആവിശ്യങ്ങളെല്ലാം നടന്നിരുന്നു. പത്തിൽ ജയിച്ച മോന് പറഞ്ഞത് പോലെ സൈക്കിൾ വാങ്ങി കൊടുക്കാനൊക്കെ അങ്ങനെയാണ് സാധിച്ചത്. വീട്ട് കാര്യം മാത്രം നോക്കി അവളും സ്വസ്ഥം. നേട്ടം ഉണ്ടാകുമെന്ന് കരുതി കൈയ്യിൽ ഉള്ളത് വിടുമ്പോൾ എത്രത്തോളം ആലോചിക്കണമെന്ന് ജീവിതം തല്ലി പഠിപ്പിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ആയെന്ന് തെളിയിക്കാൻ ഇനിയൊരു അവസരം ഉണ്ടാകുമോയെന്നേ അറിയാനുള്ളൂ…

 

‘പാതിയെ വാങ്ങിയുള്ളൂ….’

 

കേട്ടതും, എന്താ വൈകിയതെന്ന് ചോദിച്ച് ഭാര്യ തിരിഞ്ഞു. നിങ്ങള് ഇറങ്ങിയപ്പോൾ തന്നെ മുതലാളി വിളിച്ചിരുന്നുവെന്നും, വന്നിരുന്നുവെന്നും, ഇപ്പോൾ പോയതേയുള്ളൂവെന്നും അവൾ ചേർത്തു. ഡിസ്റ്റാർജ് ആയതിന് ശേഷം പണിക്ക് കേറിക്കോയെന്ന് കൂടി മുതലാളി പറഞ്ഞുപോലും…

 

എല്ലാം കേട്ടപ്പോൾ തലക്കെട്ടുമായി മയങ്ങുന്ന മോന്റെ അരികിൽ ഞാൻ ഇരിക്കുകയായിരുന്നു…

 

‘ഇതാ…

വേണ്ടായെന്ന് പറഞ്ഞിട്ടും

മുതലാളി തന്നു..’

 

ഞാൻ മറന്നുവെച്ച ഫോണിന്റെ കൂടെ കുറച്ച് പണം കൂടി നീട്ടിക്കൊണ്ടാണ് അവൾ അത് പറഞ്ഞത്. ഒരു പകൽക്കിനാവ് പോലെ ഞാൻ അത് വാങ്ങി. എല്ലാ ചേർത്ത് പിടിക്കലോട് കൂടി മുതലാളി എനിക്ക് വീണ്ടുമൊരു അവസരം തന്നിരിക്കുന്നു. മുൻ‌കൂർ പണവും തന്ന് എന്നെ തിരിച്ചെടുക്കേണ്ട യാതൊരു കാര്യവും അദ്ദേഹത്തിന് ഇല്ലാതിരുന്നിട്ടും എന്നോട് ദയ കാട്ടിയിരിക്കുന്നു…

 

അല്ലെങ്കിലും, ജോലിക്കാരായാലും, ബന്ധുക്കളായാലും തിരുത്താനൊരു അവസരത്തിനായി കെഞ്ചുമ്പോൾ ക്ഷമിക്കുന്നതിന്റെ പേര് കൂടിയാണല്ലോ മനുഷ്വത്വം. ആയുസ്സിൽ ഏറെ പരീക്ഷിക്കപ്പെട്ട ദിവസമായിരുന്നുവത്. തുടക്കം തൊട്ട് ഓർക്കുമ്പോൾ തന്നെ ഉള്ള് വിങ്ങുന്നു. സങ്കടവും സന്തോഷവും കൊണ്ട് കലങ്ങിയ ഒരു ഉപ്പുപുഴ തന്നിലേക്ക് ഒഴുകുന്നുണ്ടെന്ന അർത്ഥത്തിൽ കണ്ണുകൾ നീറുന്നു. പൊട്ടി ഒലിക്കുമെന്ന് കണ്ടപ്പോൾ പുറം കൈകൊണ്ട് ഞാനത് തുടച്ച് കളയുകയായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *