(രചന: Bobish Mp)
ഞാൻ ഒരിക്കൽപോലും മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ഭൂമിയിൽ അധിക നാളുകൾ ഇല്ല എന്ന് ഡോക്ടർ പറയാതെ പറഞ്ഞപ്പോൾ വല്ലാത്തൊരു മരവിപ്പായിരുന്നു മനസ്സിൽ.
പിന്നീടങ്ങോട്ടുള്ള ചിന്തകൾ മരണത്തെ കുറിച്ചുള്ളതായിരുന്നു. മരണവീടുകളിൽ അധികം പോകുന്ന പതിവില്ലായിരുന്നു .
പലപ്പോഴും അവിടത്തെ കാഴ്ചകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. പക്ഷെ മരണ വീടുകളിൽ എല്ലാം ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ എല്ലാം സാധാരണമായി മാറും.
മരണപ്പെട്ടവർ വെറും ഓർമ്മകൾ മാത്രമായി അവശേഷിക്കും. എന്റെ അസുഖത്തിന്റെ കാര്യം വീട്ടിൽ അറിഞ്ഞപ്പോൾ എന്റെ വീടും ഒരു മരണ വീടായി മാറിയിരിക്കുന്നു . അതും ഞാൻ ജീവനോടെയുള്ളപ്പോൾ തന്നെ.
എത്ര പെട്ടെന്നാണ് ജീവിതം മാറിമറിഞ്ഞത്. എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു.
ചെറിയൊരു ക്ഷീണത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോൾ എന്റെ ജീവിതം കൊണ്ട് പോകുകയാണ്.
പാതി മയക്കത്തിൽ അമ്മ അടുത്ത് വന്നു കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ആഴ്ചകളോളം അത് പതിവായിരുന്നു .
പക്ഷെ നേരത്തെ സൂചിപ്പിച്ച പോലെ എല്ലാം ഒന്ന് രണ്ട് മാസങ്ങൾ കൊണ്ട് സാധാരണമായി. മരണത്തോടുള്ള എന്റെ മനസ്സിലെ ഭയവും മാറിയിരുന്നു. വീട്ടിലെ അടക്കിപ്പിടിച്ചുള്ള കരച്ചിലും തേങ്ങലുകളും അവസാനിച്ചിരുന്നു.
ഞാൻ നേരിട്ട് അനുഭവിച്ച ഒരു വിടവാങ്ങൽ എന്റെമുത്തശ്ശിയുടേത് ആയിരുന്നു. ഏകദേശം ഒരു 3 വർഷം മുന്നേ ആയിരുന്നു അത്.
എന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലായിരുന്നു മുത്തശ്ശി കിടന്നിരുന്നത്. ഇപ്പോഴും മുത്തശ്ശിയുടെ ഞരക്കവും മൂളലും പല രാത്രിയിലും അവിടെ നിന്നു കേൾക്കാറുള്ളത് പോലെ തോന്നാറുണ്ട്.
മരിക്കുന്നതിന് മുന്നേ ഉള്ള ആഴ്ചകളിൽ മുത്തശ്ശി വളരെയധികം വിചിത്രമായായിരുന്നു പെരുമാറിയിരുന്നത്. തനിച്ചു സംസാരിക്കുക. രാത്രി ഒറ്റക്ക് ചിരിക്കുക.
മരണത്തോടക്കുമ്പോൾ മുന്നേ മരിച്ച പ്രിയപ്പെട്ടവരും ചെകുത്താന്മാരും കാണാൻ വരുന്നതാണെന്നാണ് അന്ന് അമ്മയും അമ്മായിമാരും പറഞ്ഞ ന്യായം.
പക്ഷെ എനിക്ക് ഇത്തരം പ്രശ്നങ്ങളൊന്നും വന്നില്ല. അത് മാത്രമല്ല ഇത്തരം കാര്യങ്ങളിൽ എനിക്ക് വിശ്വാസവുമില്ല. പക്ഷെ അത്തരത്തിൽ ഉള്ള ഒരു ധൈര്യം എല്ലാം ചോർന്നു പോയിരിക്കുന്നു.
മരിക്കുന്നതിന് രണ്ട് മൂന്ന് ദിവസം മുന്നേ മുത്തശ്ശിക്ക് എന്തോ ഒരു പേടി ഉണ്ടായിരുന്നു.
രാത്രി ആയാൽ തപ്പി തടഞ്ഞു ഓരോ കസേരയിലും സോഫയിലും മുത്തശ്ശി എന്തെങ്കിലും കൊണ്ട് വയ്ക്കും. ചിലപ്പോൾ പഴയ തുണികൾ, അല്ലെങ്കിൽ എന്തെങ്കിലും പഴയ പാത്രങ്ങൾ.
അമ്മ ഇത് കണ്ടു മുത്തശ്ശിയെ വഴക്ക് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇതിന്മേൽ ആരെങ്കിലും ഇരുന്നു പോകും എന്ന് പറഞ്ഞ് അമ്മ മുത്തശ്ശി കാണാതെ അതൊക്കെഎടുത്ത് മാറ്റും. മുത്തശ്ശി വയ്യാതെ ആയിട്ടും വീണ്ടും ഇത് പതിവായി ചെയ്യുമായിരുന്നു .
തീരെ വയ്യാതെ ആയപ്പോൾ എന്റെ സഹായത്തോടെ ആയിരുന്നു മുത്തശ്ശി അത് ചെയ്യാറ്.
മുത്തശ്ശി മരിക്കുന്ന അന്ന് രാത്രിയിലെ കരച്ചിൽ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മുത്തശ്ശിയുടെ അന്നത്തെ ഓർമ്മകൾ ഇപ്പോൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കാറുണ്ട്.
ഇന്നാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. മരണം അത്ര എളുപ്പം അല്ല എന്ന്. മരണത്തെക്കുറിച്ച് ഉള്ള എന്റ പേടി മാറിയിരുന്നു. പക്ഷെ ഇന്ന് ഉറക്കം വരുന്നില്ല. നെഞ്ചിനുള്ളിൽ നിന്ന് ചെറിയ ഒരു വേദന ഉടലെടുത്തിരിക്കുന്നു. അത് മെല്ലെ കൂടുമായിരിക്കും.
ചിലപ്പോൾ മറ്റു ശരീര ഭാഗങ്ങളിലേക്കും അത് പടർന്നു പിടിക്കുമായിരിക്കും. ചിലപ്പോൾ ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും തോനുന്നു . അങ്ങനെ വന്നാലോ.. ഇത്രയും നാളത്തെ എന്റെ ധൈര്യം അവസാനിച്ചിരിക്കുന്നു.
അതി കഠിന വേദന സഹിച്ചു വേണമായിരിക്കും ഞാൻ ലോകത്തോട് വിട വാങ്ങേണ്ടത്.ഇന്ന് എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങണം എന്നത് മാത്രമായി ചിന്ത.ഹെഡ് സെറ്റ് അടുക്കളയിൽ വച്ച് മറന്ന് പോയി.
അമ്മയെ വിളിച്ചു അത് എടുത്ത് കൊണ്ട് വരാൻ പറഞ്ഞാലോ എന്നു തോന്നി. പിന്നെ വേണ്ട എന്ന് തോന്നി.വെറുതെ അമ്മയുടെ ഉറക്കം കളയണ്ടല്ലോ. പുറമെ കാണിക്കുന്നില്ല എങ്കിലും എൻറെ കാര്യം ഓർത്തു അമ്മയ്ക്ക് ഉള്ളിൽ നല്ല വിഷമം ഉണ്ട്.
വേദന സഹിച്ചുകൊണ്ട് ഞാൻ മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു.ഇൻഡിക്കേറ്ററിന്റെ വെളിച്ചം ഉള്ളത് കൊണ്ട് ലൈറ്റ് ഓൺ ആക്കി ആരെയും ഉണർത്തേണ്ട എന്ന് തോന്നി.
അതേ പോലെ ഉമ്മറത്തുള്ള വെട്ടം ചെറിയ വിടവുകളിലൂടെ അകത്തു വരുന്നുണ്ട്.
ഞാൻ സാധാരണ പോലെ അടുക്കളയിലേക്ക് നടന്നു. പക്ഷെ അപ്രതീക്ഷിതമായി ഞാൻ കണ്ട ആ ഒരു കാഴ്ച.
ജീവിതത്തിൽ ഇന്നേ വരെ അനുഭവിക്കാത്ത ഒരു തരം ഭീതി ഉള്ളിൽ ജനിച്ചു. കാലുകൾ വിറയ്ക്കാൻ തുടങ്ങി.ആദ്യം കരുതിയത് വെറും തോന്നലാണെന്നാണ്. പക്ഷെ അല്ല.
ഇടനാഴിയിലെ കസേരയിൽ എന്റെ നേരെ തിരിഞ്ഞ് ഒരു ഇരുണ്ട രൂപം ഇരിക്കുന്നു.പേടി കൊണ്ട് ശബ്ദം പോലും പുറത്തു വരുന്നില്ല.
നെഞ്ച് വേദന കൂടി വരുന്ന പോലെ തോന്നി.വായിൽ മെല്ലെ മെല്ലെ രക്തത്തിന്റെ രുചി വന്ന് തുടങ്ങിയിരുന്നു. ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ ഞാൻ നിലത്തിരുന്ന് പോയി.
അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്. ആ ഒരു രൂപം മാത്രമല്ല ഇവിടെയുള്ളത് . ഒഴിഞ്ഞ കസേരകളിലെല്ലാം ഇരുണ്ട മനുഷ്യ രൂപങ്ങൾ എന്നെ തന്നെ നോക്കി നിൽക്കുക ആണ്.
പാതി അടഞ്ഞ മുറിയുടെ ഉള്ളിലുള്ള കസേരയിലും ഒരു രൂപം ഇരിക്കുന്നുണ്ട്. എല്ലാ രൂപങ്ങളും എന്നെ തന്നെ നോക്കി നിൽക്കുക ആണ് .
ലൈറ്റ് ഇട്ടാൽ മാത്രമേ എല്ലാം വ്യക്തമാകൂ.പക്ഷെ എഴുന്നേൽക്കാൻ വയ്യ. വായിൽ രക്തത്തിന്റെ രുചി കൂടി വരുന്നപോലെ. നെഞ്ചിനുള്ളിൽ സൂചി കുത്തിയിറക്കുന്ന പോലെയുള്ള കഠിന വേദന.
എങ്ങനെയെല്ലാമോ എഴുന്നേറ്റു ലൈറ്റ് ഓൺ ആക്കാമെന്ന് കരുതിയപ്പോൾ ഇൻഡിക്കേറ്ററിന്റെ ലൈറ്റ് കൂടെ പോയിരുന്നു. കറന്റ് പോയിട്ടുണ്ട്. എങ്ങനെയൊക്കെയോ തപ്പി തടഞ്ഞു ഞാൻ തിരിച്ചു മുറിയിൽ കയറി.
കട്ടിലിൽ നിന്ന് ഫോൺ തപ്പി നോക്കാമെന്ന് കരുതി എങ്കിലും വേദന കൂടിയത് കൊണ്ട് ഒന്നും ചെയ്യാൻ വയ്യായിരുന്നു. പേടി കൊണ്ട് ഒന്ന് കരയാൻ കൂടിയുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതെ ഞാൻ കിടന്നു.
കവിളിലൂടെ കണ്ണ് നീർ ഒഴുകിയിറങ്ങി.വായിലെ രക്തം മെല്ലെ ഇറക്കുമ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു. അന്ന് രാത്രി പേടികൊണ്ടും വേദന കൊണ്ടും മെല്ലെ മെല്ലെ എന്റെ ബോധം നശിച്ചു.
പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ വലിയ പ്രശ്നം തോന്നിയിരുന്നില്ല. ഇന്ന് ലാബിൽ ടെസ്റ്റ് ഉണ്ടായിരുന്നു. ഇന്നലത്തെ കാര്യങ്ങൾ ആയിരുന്നു യാത്രയിൽ ഉടനീളം മനസ്സിൽ.
മുത്തശ്ശി ചെയ്ത പല കാര്യങ്ങളും എന്തിനാണെന്ന് ഇപ്പോഴാണെനിക്ക് മനസ്സിലായത്. അന്ന് മുതൽ ഉറങ്ങുന്നതിനു മുന്നേ എല്ലാ മുറികളിലെയും കസേരയിൽ എന്തെങ്കിലും ഒക്കെ ഞാൻ കൊണ്ട് ഇടാറുണ്ടായിരുന്നു.
മുത്തശ്ശി അന്ന് ഇതൊക്കെ പറഞ്ഞാലും ആരും വിശ്വസിക്കില്ല. നേരിൽ അനുഭവിക്കുമ്പോഴേ എല്ലാവർക്കും ഇതൊക്കെ മനസ്സിൽ ആകൂ. എന്നാലും ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട് വീട്ടിൽ ഒഴിഞ്ഞ കസേരകൾ ഇടരുത് എന്ന്.
ദിവസങ്ങൾ കഴിഞ്ഞു പോയി.പിന്നെ ഞാൻ ആ രൂപങ്ങൾ കണ്ടിരുന്നില്ല. പക്ഷെ ഒരു ദിവസം രാത്രി പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ മെല്ലെ ഉണർന്ന് പോയി . വീട്ടിലെ ഒരു കസേരയും ഞാൻ ഒഴിച്ചിട്ടിരുന്നില്ല.
പക്ഷെ എന്റെ മനസ്സിൽ ചെറിയ ഒരു സംശയം വന്നിരുന്നു. മെല്ലെ ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ഇതു വരെ ചിന്തിക്കാത്ത ഒരു കാര്യം ഉണ്ടെന്ന്.ഞാൻ കാൽ മടക്കിയാണ് കിടക്കുന്നത്. അപ്പോൾ കട്ടിലിൽ ബാക്കി ഉള്ള ഭാഗം…
എന്റെ പേടി സത്യമായിരുന്നു.
ആ ബാക്കി ഉള്ള സ്ഥലത്ത് ഒരു ഇരുണ്ട രൂപം പോലെ ഉണ്ടായിരുന്നു. ഞാൻ പെട്ടെന്ന് ഫോണിലെ ലൈറ്റ് ഓണാക്കാൻ ശ്രമിച്ചു .
പക്ഷെ ഫോൺ കയ്യിൽ നിന്ന് നിലത്തുവീണു. ഞാൻ കാലു നീട്ടിയതും എന്തോ ഒരു ചെറിയ കാറ്റുപോലെ ആ രൂപം എന്റെ ശരീരത്തിലൂടെ സഞ്ചരിച്ചു അപ്രത്യക്ഷമായി.
ഞാൻ എഴുന്നേറ്റു ലൈറ്റ് ഓൺ ആക്കി.മുറിയിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാനാകെ വിയർത്തു കുളിച്ചിരുന്നു.കരച്ചിൽ കേട്ടു എല്ലാവരും ഓടി വന്നിരുന്നു. ഇതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന് എനിക്കറിയാം.
ചിലപ്പോൾ എന്റെ തോന്നലായിരിക്കാം. പക്ഷേ ആ രൂപം മാഞ്ഞു പോയപ്പോൾ എന്റെ ചെവിയിൽ സീൽകാരം പോലെ കേട്ട ആ ശബ്ദം. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ലായിരുന്നു അത്.
” സമയം അടുത്തിരിക്കുന്നു.. “