(രചന: Rinna Jojan)
‘രാജേഷിന്റെ വീട്ടിൽതെളിവെടുപ്പിന് കൊണ്ടുവന്നതാണ് എന്നെ…
ഞാൻ ആദി….. തെട്ടപ്പുറത്തെ വേലിക്കരികിൽ നിന്ന് അമ്മ കരയുന്നുണ്ട്…. അമ്മയെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു…. ഇല്ല അമ്മയുടെ കണ്ണീരിനിയും വറ്റിയിട്ടില്ല…… ചേച്ചിയെവിടെ???
നോട്ടം എത്തിപ്പെട്ടത് വീടിന്റെ അടുക്കള വശത്താണ്….. അവിടെ നിന്ന് ശാലു കൈ വീശി കാണിച്ചു… ചേച്ചിയും കൂടെയുണ്ട്…..
പോലീസുകാർക്ക് അവരുടെ ചോദ്യത്തിനെല്ലാം വ്യക്തമായ ഉത്തരം തന്നെ കൊടുത്തു…. ചെയ്ത കാര്യങ്ങൾ ഒന്നും എനിക്ക് മറക്കാനോ ഒളിക്കാനോ ഉണ്ടായിരുന്നില്ല….
അതു കൊണ്ട് തന്നെ അവരുടെ ജോലി വേഗം തീർത്ത് വണ്ടിയിൽ കയറ്റി……
വണ്ടിയിലിരിക്കുമ്പോൾ അമ്മയെയും ശാലുവിനെയും ആണ് ഓർത്തത്.
അച്ചൻ മരിച്ചപ്പോൾ ചേച്ചിയും ഞാനും ചെറിയ കുട്ടികളായിരുന്നു…. അത്യവശ്യം സ്ഥലമുണ്ടായിരുന്നത് കൊണ്ട് കൃഷി ചെയ്തും ചെയ്യിപ്പിച്ചും അമ്മരണ്ടറ്റവും കൂട്ടി മുട്ടിച്ചു….
ബുദ്ധി വളർച്ചയില്ലാത്ത ചേച്ചിയെ വീട്ടിലിരുത്തി അമ്മക്ക് പുറത്ത് പോയി ജോലിയൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. എന്നിട്ടും അമ്മ അല്ലലില്ലാതെ തന്നെയാണ് ഞങ്ങളെ നോക്കിയത്….
അച്ചന്റെ കൂട്ടുകാരൻ രാജുമാമനും കുടുംബവുമായിരുന്നു ഞങ്ങളുടെ ഏതാവശ്യങ്ങൾക്കും ഓടിയെത്തിയിരുന്നത്…. .രാജുമാമന്റെ മകൾ ശാലു എന്റെയും ചേച്ചിയുടെയും കളിക്കൂട്ടുകാരിയായിരുന്നു.
ഇപ്പോഴും ഒരു അഞ്ചു വയസ്സുകാരിയുടെ ബുദ്ധി മാത്രമുള്ള ചേച്ചിക്കൊപ്പം കളിക്കാനും പാട്ടു പാടാനും ഉഞ്ഞാലാടാ നുമൊക്കെ അവൾ സമയം കണ്ടെത്താറുണ്ട് ….
അവൾക്ക് കല്യാണം ആലോചിച്ചു തുടങ്ങിയപ്പോഴാണ് അവളെ ഒരിക്കലും പിരിയാൻ പറ്റില്ലാന്നു ഞാൻ മനസ്സിലാക്കുന്നത്…..
ആദ്യമായി അവളെ പെണ്ണ് കാണാൻ ആള് വന്നപ്പോൾ അവളെന്നോട് ചോദിച്ചു…
ആദീ എന്നെ കെട്ടിച്ചു വിട്ടാ നിനക്കു വിഷമമാവുമോടാന്ന്….
ഉണ്ടാവും… ഇല്ലാതിരിക്കണെങ്കിൽ നിന്റച്ചനോട് നിന്നെ എനിക്കു കെട്ടിച്ച് തരാൻ പറ എന്നവളോട് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവളൊരു പോക്കായിരുന്നു …..
പിറ്റേന്ന് തന്നെ രാജു മാമനും അമ്മായിയും അമ്പലത്തിൽ പോവുന്ന വഴി വീട്ടിൽ വന്ന് അമ്മയോട് അവരെയങ്ങ് കെട്ടിച്ചാലോന്ന് ചോദിച്ചപ്പോൾ അമ്മക്കും സന്തോഷമായിരുന്നു…
ഞങ്ങളുടെ കുഞ്ഞുകുടുംബത്തിന്റെ ആ സന്തോഷം തകർന്നത് രണ്ടാഴ്ച മുമ്പ് ഒരു ശനിയാഴ്ചയായിരുന്നു…
ചേച്ചിയും അടുത്ത വീട്ടിലെ രാജേഷേട്ടന്റെ മക്കൾ മിന്നുവും പൊന്നുവും അകത്തിരുന്ന് കളിക്കുന്നുണ്ട്. മിന്നുവിനോടും പൊന്നുവിനോടും ചേച്ചിയേ ശ്രദ്ധിച്ചോണേ ഞാനിപ്പ വരാന്ന് പറഞ്ഞ് അമ്മ തൊട്ടടുത്ത വീട്ടിൽ കുടുംബശ്രീ മീറ്റിങ്ങിന് പോയതായിരുന്നു…
തിരിച്ചു വന്ന അമ്മ കാണുന്നത് വലിച്ച് കീറിയ ഡ്രസ്സും പാറി പറന്ന തലമുടിയുമായി കട്ടിലിൽ ചുരുണ്ടു കിടക്കുന്ന ചേച്ചിയേയാണ്….. എന്ത് ചെയ്യണമെന്നറിയാതെ അമ്മ ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു…..
മിന്നുവിനോട് പോയി ചോദിച്ചപ്പോ അവരെ അച്ചൻ വിളിച്ചിട്ട് പോയതാന്നെന്ന് പറഞ്ഞു…
വൈകുന്നേരം വന്ന എന്നോട് കരഞ്ഞു തളർന്നാണ് അമ്മ കാര്യം പറഞ്ഞത്…. എന്ത് ചെയ്യുമെന്നറിയാതെ ആരോട് പറയുമെന്നറിയാതെ തകർന്നിരിക്കുമ്പോഴാണ് ശാലു വിളിക്കുന്നത്….
ഫോണെടുത്ത് അവളോട് കാര്യം പറഞ്ഞു. ഒരു പക്ഷേ അവൾക്കേ അമ്മയേയും ചേച്ചിയേയും ആശ്വസിപ്പിക്കാനാവൂ എന്നെനിക്ക് തോന്നി…
ഉടൻ തന്നെ അച്ചനേയും അമ്മയേയും കൂട്ടി അവൾ വീട്ടിൽ വന്നു…. അമ്മക്കതു വലിയൊരാശ്വാസം തന്നെയായിരുന്നു… അവളുതന്നെയാണ് ചേച്ചിയോട് ആരാണ് ചേച്ചിയെ ഉപദ്രവിച്ചതെന്ന് ചോദിച്ചറിഞ്ഞതും…..
കുഞ്ഞുനാൾ മുതൽ കാണുന്ന രാജേഷേട്ടനല്ലാതെ വേറാരും വീട്ടിൽ വന്നിട്ടില്ലെന്നാണ് ചേച്ചീടെ സംസാരത്തിൽ നിന്നു മനസ്സിലായത്…..
പോലീസിൽ പരാതിപ്പെടാമെന്ന് അമ്മായിയും രാജു മാമനും പറയുമ്പോഴും അമ്മക്ക് എന്ത് ചെയണമെന്നറിയില്ലായിരുന്നു…. പുറത്തോട്ടെറങ്ങിയ എന്റെ പുറകെ വന്ന് ശാലു ചോദിച്ചു…. ആദീ നീ എന്താ ഒന്നും പറയാത്തെ എന്താ ചെയ്യേണ്ടേ… പരാതി കൊടുക്കണ്ടെ?
പരാതി കൊടുത്തിണ്ടെന്താ കാര്യം… ഇങ്ങനെയുള്ളവന്റെയൊക്കെ അരിഞ്ഞുകളയാവേണ്ടത് എന്ന് പല്ലുകടിച്ചവൾ പറയുമ്പോഴും എന്റെ മനസ്സ് ശൂന്യമായിരുന്നു…
അവസാനം അമ്മ തന്നെ പറഞ്ഞു പരാതി കൊടുക്കേണ്ട. ബുദ്ധിയില്ലാത്ത എന്റെ കൊച്ചിനെ എന്തിനാ അപമാനിക്കുന്നെന്ന്……
രണ്ട് ദിവസം കഴിഞ്ഞാണ് രാജേഷേട്ടനെ പിന്നെ കാണുന്നത്. എന്നെ കണ്ടതും ആകെ ഒരു വെപ്രാളം.. ഞാനതു കണ്ടില്ലെന്ന് നടിച്ചു. കുട്ടികളെ കളിക്കാനൊന്നും കാണുന്നില്ലല്ലോ രാജേഷേട്ടാന്ന് കുശലം ചോദിച്ചപ്പോൾ അയാളുടെ കണ്ണുകളിൽ ഒരു തിളക്കം എനിക്ക് കാണാമായിരുന്നു……..
വീണ്ടും രാജേഷേട്ടനെ കാണുന്നത് അടുത്ത വെള്ളിയാഴ്ചയാണ്. രണ്ട് ദിവസം കുട്ടികൾക്ക് അവധിയല്ലേ… അവൾക്ക് വീട്ടിപ്പോണംന്നൊരാഗ്രഹം…. കൊണ്ടാക്കി വരുവാണെന്ന് പറഞ്ഞതും എന്റെ മനസ് ജാഗരൂകമായി…..
ഒരു ഗൾഫ്കാരൻ ഫ്രണ്ട് ഒരു കുപ്പി തന്നിട്ടുണ്ട്… ചേച്ചിയില്ലല്ലേ? അങ്ങോട്ടു വന്നാലോ എന്ന് ഒരു ചോദ്യമിട്ടു… നീ വാടാ മോനെ നമുക്കടിച്ച് പൊളിക്കാം എന്ന് പറഞ്ഞ് എന്റെ പുറത്ത് തട്ടി….
വീട്ടിൽ വന്ന് കുളിച്ച് വേഷം മാറി രണ്ട് മൂന്ന് മാസമായി അലമാരയിൽ ഇരിക്കുന്ന കുപ്പിയുമെടുത്ത് അമ്മ കാണാതെ പുറത്തെറങ്ങി…..
sച്ചിങ്സുമായി കാത്തിരിക്കുന്ന രാജേഷേട്ടനെ കണ്ടപ്പോഴും എന്റെ മനസ്സുനിറയെ ചേച്ചിയായായിരുന്നു.. എപ്പോഴും കരുതലോടെ നടന്ന അമ്മയായിരുന്നു…
ആദ്യം ഒന്നു രണ്ട് പെഗ് ഞാനും കഴിച്ചു.പിന്നെ ഓവറായാൽ അമ്മ വഴക്കു പറയുമെന്നും പറഞ്ഞ് നന്നായി ഒഴിച്ച് കൊടുത്തു…… കുറച്ച് കഴിഞ്ഞപ്പോഴേക്കും ആൾ ഉറക്കം പിടിച്ചു…..
കുറെ ദിവസമായി എന്റെ ചെവിയിൽ ഇങ്ങനുള്ളവൻമാരുടെയൊക്കെ അരിഞ്ഞ് കളയണം എന്ന ശാലുവിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുക….
കസേരയിൽ നിന്നും വലിച്ച് തറയിലിട്ട് കയിലിരുന്ന കത്തിയെടുത്ത് ഒറ്റവരയായിരുന്നു…. മുറിഞ്ഞു വീണ ഭാഗം എടുത്ത് പട്ടിക്കൂട്ടിൽ കൊണ്ടിട്ടു കൊടുത്തു….
വീട്ടിൽ ചെന്ന് അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞു… കരയാൻ തുടങ്ങിയ അമ്മയെ ചേർത്ത് പിടിച്ചു പറഞ്ഞു…. എന്റമ്മ തളരരുത്.. ചേച്ചിയെ നന്നായി നോക്കണം…
ഞാനിത്ര എങ്കിലും ചെയ്തില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ നീറേണ്ടി വരും… ഇനീപ്പോ ചെയ്ത തെറ്റിനു ശിക്ഷ കിട്ടിയാലും ബാക്കി ആയുസ്സ് എനിക്ക് സന്തോഷത്തോടെ കഴിയാല്ലോ….
ഞാൻ പോലീസ്സ്റ്റേഷനിൽ വിളിച്ചു പറയാൻ പോവാ… അതിനു മുമ്പ് ശാലുവിനെ വിളിച്ച് ഇങ്ങോട്ടൊന്നു വരാൻ പറയണം….
അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പോലീസ് ആംബുലൻസുമായി വന്ന് രാജേഷേട്ടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി…. അതിനു ശേഷമാണ് വീട്ടിലേക്ക് വന്നത്…….
അമ്മയേം ചേച്ചിയേം ശ്രദ്ധിച്ചോണെ ശാലൂന്ന് പറഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു…
അതു പുറം കൈകൊണ്ട് തുടച്ച് ചിരിച്ചു കൊണ്ടവൾ പറഞ്ഞത്.. ഒന്നു പോയേ ആദീ വെറുതെ അമ്മയെ വിഷമിപ്പിക്കാതെ എന്നായിരുന്നു….
അപ്പോ നിനക്കു വിഷമമില്ലേ പെണ്ണേന്ന് ചോദിച്ചപ്പോഴും അവൾ ചിരിയോടെ പറഞ്ഞത് എന്റെ ആദീ നിനക്ക് വേഗം ജാമ്യം കിട്ടും എന്നായിരുന്നു.. ഇനി കിട്ടിയില്ലെങ്കിലും എത്ര വർഷം വേണമെങ്കിലും ഞാൻ കാത്തിരിക്കും…. കാരണം നീ ചെയ്തതൊരു പുണ്യ പ്രവർത്തിയാണ്….
അല്ലെങ്കിൽ നമ്മുടെ ചേച്ചിക്ക് സംഭവിച്ചത് നാളെ അയാളുടെ മക്കൾക്ക് സംഭവിച്ചേനെ….. എനിക്ക് വേണ്ടത് നിന്നെപ്പോലൊരു ആണിനെയാണ് എന്ന് പറഞ്ഞവൾ എന്റെ നെറുകയിൽ ഒരുമ്മ തന്നാണ് യാത്രയാക്കിയത്…….