(രചന: രജിത ജയൻ)
” ഒരിക്കൽ നിങ്ങൾ വേണ്ടാന്നു പറഞ്ഞുപേക്ഷിച്ചു പോയതല്ലേ അവനെ ..?
” ഇപ്പോൾ വീണ്ടും വന്നവനെ വേണംന്ന് പറയുമ്പോൾ തിരികെ തരാൻ ഞാൻ വളർത്തിയ പട്ടിയോ പൂച്ചയോ ഒന്നുമല്ല അവൻ.. എന്റെ മോനാ.. എന്റെ പൊന്നുമോൻ ..
“നിങ്ങളല്ല സാക്ഷാൽ ദൈവം തമ്പുരാൻ ഇറങ്ങി വന്നവനെ ചോദിച്ചാലും ഞാൻ തരില്ല..
“എന്റെ പ്രാണനാ എന്റെ മോൻ.. ,,
“അവനെ കാണാതെ, അവനോടു മിണ്ടാതെ ഞാനെങ്ങനെയാ ജീവിക്കാ… തരില്ല ഞാനവനെ..
തനിക്കു മുമ്പിൽ യാചനയോടെ തൊഴു കയ്യുമായ് നിൽക്കുന്നവർ തന്റെ മകൻ കാർത്തിക്കിനു ജന്മം നൽകിയവരാണെന്നു പോലും ഓർക്കാതെ കവിത ശബ്ദം ഉയർത്തി ..
കവിതയുടെ കവിളിലൂടെ ചാലിട്ടൊഴുക്കുന്ന കണ്ണുനീരിലേക്കും ,അവളുടെ വേദന തുളുമ്പുന്ന മുഖത്തേക്കും നോക്കി മോഹൻ ഒന്നും മിണ്ടാതെ യവളെ തന്നിലേക്ക് ചേർത്തു നിർത്തി
അരുമയോടെ അവളെ തഴുകിയയാൾ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു ..
“ലുക്ക് മിസ്റ്റർ മോഹൻ, നിങ്ങളെങ്കിലും ഞങ്ങളെയും ഞങ്ങളുടെ അവസ്ഥയേയും മനസ്സിലാക്കണം ,
“കാർത്തിക് എന്നൊരു പ്രതീക്ഷയല്ലാതെ മറ്റൊന്നും ജീവിതത്തിലവശേഷിക്കാത്തവരാണ് ഞാനും കൃഷ്ണയും ..
“അവനെ ഞങ്ങൾക്കു വേണം, വിട്ടുതരണം നിങ്ങളവനെ പൂർണ്ണമനസ്സോടെ ഞങ്ങൾക്ക് …
ഒരു യാചന പോലെ മാത്യൂസ് പറഞ്ഞതു കേട്ടതും അവനരിക്കിലിരുന്ന കൃഷ്ണ രോഷത്തോടെ ചാടിയെഴുന്നേറ്റു ..
“എന്തു സ്റ്റുപ്പിഡിറ്റിയാണ് മാത്യൂസ് ഈ കാണിക്കുന്നത് ,ഞാൻ പ്രസവിച്ച ,മാത്യൂസ് എന്നിലൂടെ ജനിപ്പിച്ച നമ്മുടെ മകനാണ് കാർത്തിക്…
“അവനെ നമ്മൾക്ക് കൊണ്ടുപോവാൻ ഇവരുടെ കാലൊന്നും നമ്മൾപിടിക്കേണ്ട കാര്യമില്ല,
“അവനെ നമ്മുടെ മകൻ കാർത്തികിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ മാത്രം മതി,
“ഇവരുടെ ഈ ലോ ക്ലാസ് ജീവിതം വലിച്ചെറിഞ്ഞവൻ വരും അവനെ മാത്രം കാത്തിരിക്കുന്ന നമ്മുടെ ലക്ഷ്വറി ജീവിതത്തിലേക്ക് …,,
വീറോടെ കൃഷ്ണ പറഞ്ഞതും കവിതയുടെ കണ്ണിലൊരഗ്നിയെരിയുന്നത് മാത്യൂസ് കണ്ടു …
“ച്ഛി … നിർത്തെടീ നിന്റെ ലക്ഷ്വറി ജീവിതത്തിന്റെ വീമ്പു പറച്ചിൽ ..
“നൊന്തു പ്രസവിച്ച കുഞ്ഞിനെയൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇരുപത്തിരണ്ടു വർഷം മുമ്പ് നീ നിന്റെ വീട്ടുകാർക്കൊപ്പം പോയപ്പോഴും നീ ഇപ്പോ പറഞ്ഞ ഈ ലക്ഷ്വറി ജീവിതം നിനക്കുണ്ടായിരുന്നു..
” പക്ഷെ അന്നു നിനക്ക് നീ ഇപ്പോൾ നമ്മുടെ മകൻ, നമ്മുടെ മകൻ .. എന്ന് ആവർത്തിച്ചു പറയുന്ന എന്റെ കാർത്തിക്കിനെ നിനക്ക് വേണ്ടായിരുന്നല്ലോ ..?
“അന്നു നിങ്ങൾക്കവൻ അപമാനമായിരുന്നു ,നാണക്കേടായിരുന്നു …
“നിങ്ങളെ ഞാൻ കുറ്റപ്പെടുത്തില്ല ,കാരണം അന്നവൻ നിങ്ങളുടെ പതിനെട്ടാമത്തെ വയസ്സിൽ നിങ്ങൾക്കു പറ്റിയൊരു തെറ്റായിരുന്നു ..
” പ്രണയിച്ചവൻ തന്ന സമ്മാനം …
“പക്ഷെ വ്യത്യസ്ത മതസ്ഥതരായതിനാൽ വീട്ടുക്കാർ നിങ്ങളുടെ വിവാഹത്തെ എതിർത്തപ്പോൾ നിങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു…
“നിങ്ങളവനെ പ്രസവിച്ചിട്ട ആശുപത്രിയിലെ ഒരു സാദാ നഴ്സായിരുന്ന ഞാനവനെ ഏറ്റെടുത്ത് എന്റെയും മോഹനേട്ടന്റെയും മകനാക്കി വളർത്തിയത് ഞങ്ങൾക്ക് മക്കളില്ലാത്തതു കൊണ്ടു തന്നെയാണ് …
പക്ഷെ നിങ്ങളോ..?
” അറിയാതെ പറ്റിയൊരു തെറ്റ് തിരുത്താനെന്നപ്പോലെ നിങ്ങളെ ഗർഭിണിയാക്കിയ മാത്യുവിനെ തന്നെ പിന്നീട് വിവാഹം കഴിച്ചപ്പോൾ ,നിങ്ങളൊമ്മിച്ച് ജീവിതം ആരംഭിച്ചപ്പോഴൊന്നും നിങ്ങളവനെ അന്വേഷിച്ചില്ലല്ലോ ?
കൂടെ കൊണ്ടു പോയ് മകനാണെന്നു പറഞ്ഞു ആരെയുംപരിചയപ്പെടുത്തിയില്ലല്ലോ ?
“എന്തിന് അവനെന്തു പറ്റിയെന്ന് പോലും അന്വേഷിച്ചില്ലല്ലോ ?
“എന്നിട്ടിപ്പോൾ വന്നേക്കുന്നു മകനെ അന്വോഷിച്ച് ..
“തരില്ല ഞാൻ ..
“അന്നും അവനു ഞാനേ ഉണ്ടായിരുന്നുള്ളു.. ഇനിയും അവനു ഞാനേ ഉണ്ടാവുള്ളു ..
“അവനു വേണ്ടി ഇനിയാരും ഇവിടെ കാത്തു നിൽക്കണമെന്നില്ല .. പോകാം നിങ്ങൾക്ക് … ഉം…
കർശന ശബ്ദത്തിൽ കൃഷ്ണയോടും മാത്യൂസിനോടും പറഞ്ഞു കൊണ്ട് കവിത പുറത്തേക്കു നോക്കിയതും വാതിൽക്കൽ അവൻ, കാർത്തിക് നിൽക്കുന്നുണ്ടായിരുന്നു ..
അകത്തെ സംസാരമെല്ലാം കേട്ടുകൊണ്ട് ….
“മോനെ …. അവനെ കണ്ടതും ഒരേങ്ങലോടെ കവിതയവനരികിലേക്ക് ഓടിയവന്റെ നെഞ്ചിൽ ചേർന്നു നിന്നാർത്തു കരയുന്നതു കണ്ട മോഹൻ ആ കാഴ്ച കാണാനാവാതെ മുഖം തിരിക്കുമ്പോഴും കാർത്തിക്കിന്റെ നോട്ടം പതിഞ്ഞത് കൃഷ്ണയുടെയും മാത്യൂസിന്റെയും മുഖത്തായിരുന്നു …
അവനെ ആദ്യമായ് കൺമുന്നിൽ കണ്ട കൃഷ്ണ അമ്പരന്നു പോയി …
ഇത്തിരിയില്ലാത്ത ഒരു പൊടി കുഞ്ഞായവനെ ജനിച്ചല്പസമയത്തിനുള്ളിൽ തന്നെ ഉപേക്ഷിച്ചു പോരുമ്പോൾ പോലും അവന്റെ മുഖത്തേക്ക് താനൊന്ന് നോക്കിയതു പോലുമില്ല ..
എന്നാലിപ്പോൾ തന്റെ മകൻ ,തനിക്ക് മുമ്പിൽ തന്നോളം വലുപ്പത്തിൽ …. അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ….
“മാത്യൂ… നോക്ക്.., നമ്മുടെ മകൻ … നിന്റെ പ്രതിരൂപം പോലെ തന്നെയുണ്ട് അല്ലേ…?
പറഞ്ഞു കൊണ്ടവർ മാത്യൂനെ നോക്കിയതും അയാളും നോക്കി കാണുകയായിരുന്നു തന്റെ മകനെ .. ജീവിതത്തിലാദ്യമായ് …
“മോനെ.. കാർത്തിക് ..
കൃഷ്ണ അവനെ വിളിച്ചവന്റെ അരികിലേക്ക് ചെന്നതും തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കരയുന്ന കവിതയെ കാർത്തിക് തന്നിൽ നിന്നടർത്തി മാറ്റുന്നതൊരു ഞെട്ടലോടെ മോഹൻ കണ്ടു നിന്നു…
കവിതയും ഞെട്ടിയിരുന്നു കാർത്തിക്കിന്റെ പ്രവൃത്തിയിൽ …
“മോനെ.. മോന് ഞങ്ങളെ മനസ്സിലായോ ..?
ഞങ്ങളാണ് നിന്റെ യഥാർത്ഥ മാതാപിതാക്കൾ ..
“ഇവർ വെറും വളർത്തുകാർ മാത്രമാണ് …
കവിതയെ ചൂണ്ടി കൃഷ്ണ പറഞ്ഞതും കാർത്തിക് കവിതയെ നോക്കി …
ഉരുകിയൊലിക്കുന്ന മെഴുകുതിരി നാളം പോലെ അവന്റെ അമ്മ …
അവന്റെ കണ്ണുകൾ നിറഞ്ഞു …
പെട്ടന്നവൻ കവിതയെ തന്റെ ഇരു കൈകൾ കൊണ്ടും കെട്ടിപ്പിടിച്ചവരെ തന്റെ നെഞ്ചോരം ചേർത്തു പിടിച്ച് തെരുതെരെ ഉമ്മവച്ചവരുടെ മുഖം നിറയെ .. ,,
വീണ്ടും വീണ്ടുമവരെ തന്നിലേക്കു തന്നെ ചേർത്തു പിടിച്ചു .ഒരിക്കലും വിട്ടു പോവില്ലെന്നു പറയുംമ്പോലെ ..
“എന്റെ അമ്മയാ.. ,,,
എന്റെ മാത്രം ..,,
കവിതയുടെ നെറ്റിയിലൊരു ഉമ്മ കൊടുത്തുകൊണ്ട് കാർത്തിക് കൃഷ്ണയെ നോക്കി മെല്ലെ പറഞ്ഞു
കാർത്തിക് ..മോനെ..,,,
ഞാനാണ് ,ഞങ്ങളാണ് നിന്റെ മാതാപിതാക്കൾ ..
കൃഷ്ണ പറഞ്ഞു കൊണ്ട് കാർത്തികിനരികിലേക്ക് ചെന്നതും അവൻ കവിതയെ കൂടുതൽ ചേർത്തു പിടിച്ചു കൊണ്ട് പിന്നോട്ടു നീങ്ങി …
മോഹൻ വേഗം അവനരികിലെത്തി അവന്റെ തോളിൽ പിടിച്ചു…
“കാർത്തിക്…. ,,
ശ് ……. ,,,,
എന്തോ പറയാനായി കൃഷ്ണ വാ തുറന്നതും തന്റെ ചൂണ്ടുവിരൽ ചുണ്ടത്ത് വെച്ച് മിണ്ടരുതെന്നവരോട് കാർത്തിക് പറഞ്ഞപ്പോൾ പകച്ചു പോയത് കൃഷ്ണയെക്കാൾ കവിതയായിരുന്നു….
“കാർത്തിക്, നിങ്ങൾ എന്നെ ഇപ്പോൾ വിളിക്കുന്ന ഈ പേരു പോലും എനിക്കിട്ടത് എന്റെ ഈ അച്ഛനും അമ്മയുമാണ് ..,,
” പിന്നെ നിങ്ങൾക്കെങ്ങനെ എന്നെയാ പേരു വിളിക്കാൻ പറ്റും..?
കാർത്തിക് കൃഷ്ണയോട് ചോദിച്ചതും മാത്യൂ വന്നവന്റെ കയ്യിൽ പിടിച്ചു
“മോൻ ക്ഷമിക്കണം ഞങ്ങളോട് ,
“അറിയാത്ത പ്രായത്തിൽ ഞങ്ങൾക്കു പറ്റിയൊരു തെറ്റിന്റെ പുറത്ത് ഇനിയും മോൻ ഞങ്ങളെ ശിക്ഷിക്കരുത് ,
ഞങ്ങളുടെ സാഹചര്യം മോനറിയില്ല…,,
“എന്തു സാഹചര്യം?
” ഒരിക്കൽ നാണക്കേടിൽ നിങ്ങളെന്നെ ഉപേക്ഷിച്ചു ,പിന്നീട് നിങ്ങൾ വിവാഹം കഴിച്ചപ്പോൾ എന്നെ തിരികെ നിങ്ങൾ സ്വികരിച്ചോ ഇല്ലല്ലോ ..?
” വിവാഹത്തിനു മുമ്പേ നിങ്ങൾക്കൊരു കുട്ടി പിറന്നിരുന്നൂന്ന് നാട്ടുക്കാരും കുടുംബക്കാരും അറിയുന്നതിന്റെ നാണക്കേടിൽ എന്നെ നിങ്ങൾ അന്വോഷിച്ചു പോലുമില്ല ..
“എന്നിട്ടിപ്പോൾ എന്തിനെന്നെ അന്വേഷിച്ചു വന്നു ..?
മോനെ.. അത്… അത്…
ഉത്തരം പറയാനാവാതെ മാത്യൂസും കൃഷ്ണയും പരുങ്ങുന്നതു കണ്ട കാർത്തികിന്റെ ചുണ്ടിലൊരു പരിഹാസചിരി വിരിഞ്ഞു
“പറയാൻ ബുദ്ധിമുട്ടണ്ട ഞാൻ പറയാം ..
“കൃഷ്ണ എന്നു പറയുന്ന എന്നെ പ്രസവിച്ച സ്ത്രീയുടെ അച്ഛൻ പാരമ്പര്യമായ് കൈമാറി വന്ന നിങ്ങളുടെ സ്വത്തുവകകൾ എല്ലാം എന്റെ പേരിൽ എഴുതി വെച്ചതുകൊണ്ട്…
എന്താ ശരിയല്ലേ..?
കാർത്തിക് ചോദിച്ചതും കൃഷ്ണയും മാത്യൂസും അമ്പരന്നു പരസ്പരം നോക്കി …
ഇവനിതെങ്ങനെ അറിഞ്ഞെന്ന ഭാവത്തിൽ…
“രണ്ടാളും അത്ഭുതപ്പെടണ്ട ,ഇതെല്ലാം ഇവിടെ വന്നു പറഞ്ഞത് നിങ്ങളുടെ അച്ഛൻ തന്നെയാണ് ,
“ഒരിക്കൽ പുള്ളിയുടെ വാശി മൂലം നിങ്ങളെന്നെ ഉപേക്ഷിച്ചു, പിന്നീട് നിങ്ങൾ ഒന്നിച്ചപ്പോൾ എന്നെ കൂടെ നിങ്ങളുടെ കൂടെ ചേർക്കാൻ നിങ്ങളുടെ അച്ഛൻ നിങ്ങളോട് പറഞ്ഞെങ്കിലും നാണക്കേടോർത്ത് നിങ്ങളത് ചെയ്തില്ല, ആ വാശിക്ക് അദ്ദേഹം ചെയ്തതാണത് ..
“മാത്രമല്ല എന്നെയും തിരഞ്ഞു കണ്ടു പിടിച്ചദ്ദേഹം എന്നോടു മാപ്പും പറഞ്ഞു…
“സമ്പാദ്യം നഷ്ട്ടപ്പെടുമെന്ന് കണ്ടപ്പോൾ മാത്രം ജന്മം നൽകി ഉപേക്ഷിച്ചവനെ തിരഞ്ഞു വന്ന നിങ്ങളെക്കാൾ എനിക്ക് പ്രിയപ്പെട്ടതിവരാണ് …
“ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് എനിക്ക് ജന്മം നൽകിയവർ …
“ഇനി നിങ്ങൾ കാത്തു നിൽക്കണമെന്നില്ല ..
” ഞാനിവിടെ തന്നെ ഉണ്ടാവും എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം..പൊയ്ക്കോളൂ നിങ്ങൾ..
“വരരുത് ഇനിയി പടികടന്ന് മോഹന്റെയും കവിതയുടെയും മകനെ അന്വേഷിച്ച് .. വന്നാൽ ഇന്നത്തെ ഈ മര്യാദ ലഭിച്ചൂന്ന് വരില്ല …
വലം കയ്യാൽ കവിതയെയും ഇടം കയ്യാൽ മോഹനെയും തന്നോടു ചേർത്തു നിർത്തിയതു കാർത്തിക് പറയുമ്പോൾ അവന്റെ എരിയുന്ന കണ്ണുകൾ കൃഷ്ണയോടും മാത്യൂസിനോടും പറയുന്നുണ്ടായിരുന്നു അവനവരുടെ ആരുമല്ലെന്ന് ..
അവൻ കവിതയുടെ മാത്രം മകനാണെന്ന് …. ചിലപ്പോഴെങ്കിലും രക്തബന്ധത്തെക്കാൾ കട്ടി ഹൃദയബന്ധങ്ങൾക്കാണെന്ന് ….