(രചന : പ്രജിത്ത് സുരേന്ദ്രബാബു)
“മായാ പ്ലീസ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്കാനെങ്കിലും തയ്യാറാക് നീ.. തെറ്റ് പറ്റിപ്പോയി.. അതെനിക്ക് ഏറ്റു പറയണം നിന്നോട്. ”
കെഞ്ചുകയായിരുന്നു ജീവൻ. എന്നാൽ മായയുടെ മുഖത്തെ വെറുപ്പ് മാറ്റുവാൻ ആ വാക്കുകൾക്ക് കഴിയുമായിരുന്നില്ല.
” ഒന്നും കേൾക്കേണ്ട എനിക്ക്.. പൊയ്ക്കോണം.. നാണമില്ലാത്തവനെ.. എനിക്കിനി വേണ്ട നിന്നെ.. കോടതിയിൽ വച്ചു കാണാം നമുക്ക് ഇനി.. ”
അടങ്ങാത്ത ദേഷ്യത്തിൽ അവൾ പറഞ്ഞത് കേട്ട് ജീവന്റെ മിഴികൾ തുളുമ്പി..
” മായാ.. ഒരു വട്ടം.. ഒരു വട്ടം എന്നെയൊന്നു കേൾക്കാൻ മനസ്സ് കാണിക്ക് പ്ലീസ്.. ”
വീണ്ടും വീണ്ടും കെഞ്ചി അവൻ അതോടെ അവളുടെ മുഖത്തെ ദേഷ്യം ഇരട്ടിച്ചു.
” ഇറങ്ങി പോടാ നാണം ഇല്ലാത്തവനെ.. ”
അലറുകയായിരുന്നു മായ. അതോടെ മൗനമായി അങ്ങിനെ നിന്നു ജീവൻ അല്പസമയം.
” ഏറ്റു പറഞ്ഞ തെറ്റുകളുടെ പേരിൽ വീണ്ടും അകറ്റി നിർത്തുമ്പോൾ ഒന്നോർത്തോ മായേ .. അടുത്തു നിർത്തുവാൻ ആഗ്രഹിക്കുന്ന സമയത്ത് അതിനു കഴിയാതെ വരുന്ന ഒരു സാഹചര്യം ഉണ്ടാകും… ”
അത്രയും പറഞ്ഞു അവൻ തിരിഞ്ഞു നടക്കുമ്പോൾ പുച്ഛമായിരുന്നു അവളുടെ മുഖത്ത്.
” മോളെ ഇത്രയ്ക്കും വേണമായിരുന്നോ.. നിങ്ങടെ കുഞ്ഞിന്റെ കാര്യമെങ്കിലും ഓർത്തിട്ട് ഒരു അവസരം കൂടി കൊടുത്തൂടെ അവന്.. ”
അമ്മയുടെ ആ വാക്കുകൾ മായയെ കൂടുതൽ അരിശം കൊള്ളിച്ചു.
” എന്ത് അവസരം.. എന്ത് അവസരമാണ് ഇനി അയാൾക്ക് ഞാൻ കൊടുക്കേണ്ടത്.. എന്നെ കെട്ടി വീട്ടിൽ ഇരുത്തി ഒരു കൊച്ചിനെയും ഉണ്ടാക്കി തന്നിട്ട് കണ്ട പെണ്ണുങ്ങളുടെ കൂടെ അഴിഞ്ഞാടാൻ പോയതല്ലേ അയാള്.. അയാളുടെ ഫോണിൽ ഞാൻ കണ്ട ചാറ്റുകൾ. ഛേ! ഓർക്കുമ്പോ അറപ്പ് തോന്നുന്നു എനിക്ക്.. ”
കലി തുള്ളി മായ അകത്തേക്ക് കയറി പോകുമ്പോൾ ആ അമ്മയുടെ പക്കൽ മറുപടിയില്ലായിരുന്നു.
ജീവന്റെ പെരുമാറ്റത്തിൽ പലപ്പോഴും തോന്നിയ സംശയങ്ങൾ കാരണമാണ് അവന്റെ ഫോൺ പരിശോധിക്കാൻ മായ തീരുമാനിച്ചത്. ആ പരിശോധനയിൽ ഞെട്ടിക്കുന്ന പലതും അവൾ അറിഞ്ഞു. മറ്റൊരു സ്ത്രീയുമായി അവന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. പലപ്പോഴും അവരുമായി വീഡിയോ കോളുകൾ ഉൾപ്പെടെ ചെയ്‌ട്ടുണ്ട്. ആ വിവരങ്ങൾ മായയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ഇപ്പോൾ രണ്ട് പേരെയും രണ്ട് വഴിക്ക് ആക്കിയത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞൂ കാലു പിടിച്ചെങ്കിലും ഇനിയൊരിക്കലും ജീവനുമായി ഒന്നിച്ചു ജീവിക്കുവാൻ കഴിയില്ല എന്ന് മായ അവനോട് തന്നെ ഉറപ്പിച്ചു പറഞ്ഞു. എന്നിട്ടും പ്രതീക്ഷയോടെ പലപ്പോഴായി അവളെ കാണാൻ ജീവൻ വന്നു ആ തരത്തിൽ ഒരു വരവ് ആയിരുന്നു അന്നും എന്നാൽ ഇനിയൊരിക്കലും മായ തനിക്കൊപ്പം വരില്ല എന്ന് ഉറപ്പിച്ചു കൊണ്ട് തന്നെയാണ് അവൻ അന്ന് തിരികെ പോയതും.
” മോളെ എന്താ നിന്റെ തീരുമാനം.. ഇനിയെങ്ങനാ മുന്നോട്ട്.. മോളുടെ കാര്യങ്ങൾ കൂടി നോക്കേണ്ടേ.. ”
രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ അമ്മ ചോദിച്ചത് കേട്ട് ഒരു നിമിഷം മൗനമായി മായ..
” മോളുടെ കാര്യങ്ങൾ നോക്കാൻ അയാൾക്കും തുല്യ ഉത്തരവാദിത്തം ആണല്ലോ.. പിന്നെ എന്റെ കാര്യം.. ഒരു ജോലി കണ്ടെത്തണം.. ഇനിയുള്ള കാലം മോളെ പൊന്ന് പോലെ നോക്കണം.. ”
അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ ശബ്ദമിടറിയിരുന്നു.
” മോളെ ജീവൻ ചെയ്തത് വലിയൊരു തെറ്റാണ്. പക്ഷെ പിടിക്കപ്പെട്ടപ്പോൾ ചെയ്ത തെറ്റിന്റെ വ്യാപ്തി മനസിലാക്കി അവൻ കാലു പിടിച്ചു മാപ്പ് പറഞ്ഞില്ലേ.. ഇനിയൊരിക്കലും ആവർത്തിക്കില്ല എന്ന് ഉറപ്പ് പറഞ്ഞില്ലെ.. ഇനിയും അവനോട് വാശി കാണിക്കണോ.. ഒരു അവസരം കൊടുത്തൂടെ നിനക്ക് ”
അമ്മയുടെ ആ ചോദ്യം കേട്ട് പതിയെ അവരുടെ മുഖത്തേക്ക് നോക്കി മായ.
” ഇനിയും ആവർത്തിക്കില്ല എന്ന് ഉറപ്പ് പറയാൻ പറ്റോ അമ്മേ.. ഞാൻ അയാളെ ആത്മാർത്ഥമായി സ്നേഹിച്ചതാണ് പക്ഷെ ചതിച്ചില്ലേ എന്നെ.. ഇനി എങ്ങിനെ വിശ്വസിക്കും ഞാൻ.. ”
മിഴി നീര് തുടച്ചു കൊണ്ടവൾ ചോദിക്കുമ്പോൾ പതിയെ ചുമലിൽ തട്ടി അമ്മ.
” മോളെ.. ജീവിതം ആണ്.. കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകും.. എടുത്തു ചാട്ടമല്ല വേണ്ടത് മറിച്ചു അവനെ കേൾക്കാനുള്ള മനസ്സ് കാണിക്ക് നീ.. മൂന്ന് വർഷം ഒരുമിച്ചു ജീവിച്ചതല്ലേ നിങ്ങൾ .. അപ്പോൾ അവന്റെയുള്ളിലെ കുറ്റബോധം ആത്മാർത്ഥമാണോ അഭിനയമാണോ എന്നത് ഒന്ന് സംസാരിച്ചാൽ മനസിലാക്കാൻ പറ്റും നിനക്ക്.. എന്നിട്ട് തീരുമാനം എടുക്ക് അതാണ് നല്ലത്. ”
അമ്മ പറഞ്ഞത് കേൾക്കെ ഒരു നിമിഷം ആലോചനയിലാണ്ടു മായ.. ആ പറഞ്ഞതിൽ കാര്യമുണ്ട് എന്ന് അവൾക്കും തോന്നി.
” നോക്കട്ടെ അമ്മേ കുറച്ചു ദിവസങ്ങൾ കഴിയട്ടെ.. മാനസികമായി ഒന്ന് നേരെ ആകുവാൻ എനിക്കൊരല്പം സമയം വേണം..എന്നിട്ട് നോക്കാം”
അത്രയും പറഞ്ഞു കൊണ്ട് കഴിച്ച പാത്രവുമായി പതിയെ എഴുന്നേറ്റു മായ.
രാത്രിയിൽ ഉറക്കം വരാതെ അങ്ങിനെ കിടന്നു അവൾ. ദിവസങ്ങൾക്കു ശേഷം അന്നാദ്യമായി തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ കൂടി വിശകലനം ചെയ്തു അവൾ
‘ഒരു ഭാര്യ എന്ന കടമ മറന്ന് താൻ എപ്പോഴേലും ജീവനോട് പെരുമാറിയിട്ടുണ്ടോ.. ‘
ഈ ചിന്തയായിരുന്നു അവളുടെ മനസ്സിൽ. ഒരുപാട് ചിന്തിച്ചപ്പോൾ ചില ഉത്തരങ്ങളും അവൾക്ക് ലഭിച്ചു.
‘എപ്പോഴൊക്കെയോ.. ഒരു ഭാര്യയുടെ കടമ ചെയ്യാൻ താനും മറന്നു.. ഇനി അതാകുമ്പോ മറ്റൊരു സ്ത്രീയിലേക്ക് ജീവനെ അടുപ്പിച്ചത്.. അങ്ങിനെയെങ്കിൽ തനിക്ക് എന്ത് കൊണ്ട് അത്തരം ചിന്തകൾ ഉണ്ടായില്ല.. ‘
ഒരുപാട് കാട് കയറി ചിന്തിച്ചു കൂട്ടി അവൾ.
‘ ഇല്ല.. എത്ര ന്യായീകരിച്ചാലും ജീവൻ ചെയ്തത് വലിയൊരു തെറ്റ് തന്നെയാണ്.. ദാമ്പത്യത്തിൽ പൊരുത്തക്കേടുകളും തൃപ്തികുറവുകളും ഉണ്ടെങ്കിൽ അത് പരസ്പരം പറഞ്ഞു തിരുത്തണം അല്ലാതെ മറ്റൊരു ഇണയെ തേടി പോവുകയല്ല വേണ്ടത്. ഇനി അമ്മ പറഞ്ഞപോലെ കുറ്റബോധം ആത്മാർത്ഥമാണെന്ന് തോന്നിയാൽ മാത്രം ഒന്നിച്ചു വീണ്ടും ജീവിച്ചു തുടങ്ങാം.. ‘
ഒടുവിൽ ഇങ്ങനൊരു തീരുമാനം എടുത്തു കൊണ്ടാണ് അന്ന് അവൾ ഉറക്കത്തിലേക്ക് ആണ്ടത്..
പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ സമയം ഏഴു കഴിഞ്ഞിരുന്നു. ഫോൺ കയ്യിലേക്ക് എടുത്തു വാട്ട്സാപ്പ് ഓപ്പൺ ആക്കുമ്പോൾ ജീവന്റെ പതിവ് ക്ഷമാപണ മെസേജുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. അത് അവളെ തെല്ലൊന്ന് അസ്വസ്ഥയാക്കാതിരുന്നില്ല.
‘ ഇതെന്താ ഇന്ന് രാവിലെ എണീറ്റില്ലേ.. ‘
മനസ്സിൽ ഓർത്തു കൊണ്ടാണവൾ പതിയെ എഴുന്നേറ്റത്. മോള് നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. മുറി വിട്ട് പുറത്തിറങ്ങുമ്പോൾ ഹാളിലെ സെറ്റിയിൽ അമ്മ മൗനമായിരുന്നിരുന്നു. ഒപ്പം അമ്മാവനും.
” അമ്മ നല്ല ആളാ.. അതിനിടക്ക് കാര്യങ്ങൾ അമ്മാവനെ അറിയിച്ചോ.. രണ്ടാളുടേം ഇരിപ്പ് കണ്ടിട്ട് എന്നെ ഉപദേശിക്കാൻ ഉള്ള പ്ലാൻ ആണെന്ന് തോന്നുന്നല്ലോ എന്നാൽ അതിനു വെറുതെ സമയം കളയേണ്ട. അയാളെ വിളിച്ചു പറയാം ഞാൻ എന്താണെന്ന് വച്ചാൽ വന്നു സംസാരിക്കട്ടെ.. എന്നിട്ട് തീരുമാനം എടുക്കാം ”
മായ ആ പറഞ്ഞത് കേട്ടിട്ടും അമ്മയുടെ മുഖം വിടർന്നില്ല. പകരം അവരുടെ മിഴികളിൽ നീര് തെളിയുന്നതാണ് മായ കണ്ടത്.
” എന്താ അമ്മേ.. എന്താ പറ്റ്യേ.. ആകെ ഒരു വശ പിശക്… ”
സംശയത്തോടെ അവൾ ഒപ്പം ചെന്നിരുന്നപ്പോൾ പതിയെ സാരി തുമ്പിനാൽ മിഴികൾ തുടച്ചു അമ്മ.
” മോളെ.. നീ വേഗം റെഡിയാക് നമുക്ക് ജീവന്റെ വീട് വരെ ഒന്ന് പോകാം ”
അമ്മാവൻ ആണ് മറുപടി പറഞ്ഞത്. എന്നാൽ അത് കേൾക്കെ മായയുടെ മിഴികൾ കുറുകി.
” അവിടേക്കോ… അവിടെ എന്തിനാ പോണേ.. വേണേൽ. ഇങ്ങട് വരട്ടെ ”
സംശയത്തോടെയാണവൾ മറുപടി പറഞ്ഞത്. എന്നാൽ അമ്മ വീണ്ടും കരയുകയായിരുന്നു. അത് കൂടി കാൺകെ മായ ഏറെ ആസ്വസ്ഥയായി.
” എന്താ അമ്മേ.. എന്താ അമ്മാവാ.. എന്താ ഈ രാവിലെ തന്നെ പ്രശ്നം.. എന്തിനാ അയാളുടെ വീട്ടിലേക്ക് രാവിലെ പോണ കാര്യം പറഞ്ഞത് ”
ആ ചോദ്യം ചോദിച്ചു കൊണ്ട് എഴുന്നേറ്റു അവൾ.
” മോളെ.. അവൻ.. ജീവൻ.. അവൻ ഇന്നലെ ഒരു കടുംകൈ ചെയ്തു.. ”
അത്ര മാത്രമേ അമ്മാവൻ പറഞ്ഞുള്ളു. എന്നാൽ അതിൽ നിന്നും കാര്യം മായ വേഗത്തിൽ മനസിലാക്കി.
” ഏ… അ.. അമ്മാവാ.. എന്ത് കടും കൈ.. ആള് ഇനി.. എന്തേലും… ”
വാക്കുകൾ തൊണ്ടയിൽ ഉടക്കവേ വെപ്രാളത്തോടെ അമ്മാവനെ നോക്കി മായ. മറുപടി പറഞ്ഞില്ല പകരം തല കുമ്പിട്ടു അയാൾ. ആ പെരുമാറ്റത്തിൽ നിന്നും ഏകദേശം കാര്യം മനസിലാക്കി മായ.
” അമ്മേ.. എന്താ കാര്യം.. തെളിച്ചു പറയ്.. ”
ഒരു ആന്തൽ അന്നേരം അവളുടെ ഉള്ളിലുമുണ്ടായി.
” മോളെ.. ജീവൻ.. ജീവൻ ആത്മഹത്യ ചെയ്തു. ”
ആ കേട്ടത് മായയുടെ കാതുകളിൽ ഒരു മുഴക്കമായി. കേട്ടത് വിശ്വസിക്കുവാൻ കഴിയാതെ സെറ്റിയിലേക്കിരുന്നു പോയി അവൾ.
” ദൈവമേ…. എന്തിനാ ഇപ്പോ ഏട്ടൻ ഇങ്ങനെ ചെയ്തത്.. എന്തായാലും പറഞ്ഞു തീർക്കാമായിരുന്നല്ലോ.. ”
ഉള്ളു പിടയുന്ന വേദനയിൽ അറിയാതെ പിറു പിറുത്തു പോയി അവൾ. പുറമെ എത്രയൊക്കെ വെറുപ്പ് കാട്ടിയിരുന്നെങ്കിലും ഉള്ളിൽ ജീവനെ എത്ര മാത്രം താൻ സ്നേഹിച്ചിരുന്നു എന്നത് ആ ഒരു ഞെട്ടലിൽ അവൾ മനസിലാക്കി.
‘ തന്റെ പെരുമാറ്റം കടുത്തു പോയോ. ‘
ഒരു നിമിഷം ഉള്ളിൽ കുറ്റബോധത്താൽ നീറി അവൾ. അപ്പോഴേക്കും അകത്ത് മുറിയിൽ മകൾ ഉറക്കമുണർന്ന് കരച്ചിൽ തുടങ്ങിയിരുന്നു. അതോടെ പൊട്ടി കരഞ്ഞു മായ..
ഒടുവിൽ തന്റെ തെറ്റുകൾക്ക് തന്റെ മരണത്തിലൂടെ പ്രായശ്ചിത്തം ചെയ്ത് ജീവൻ യാത്രയായി.
(ശുഭം ).