(രചന: RJ)
“ദേ…. രാഹുലെ ഞാനിപ്പഴേ പറഞ്ഞേക്കാം ഈയൊരു പെൺക്കുട്ടിയെ കാണാൻ കൂടിയേ ഞാൻ നിനക്കൊപ്പം വരൂ.. ഇനി പോവുമ്പോ നീ നിന്റെ കൂട്ടുക്കാരെ ആരെയെങ്കിലും കൂട്ടിക്കോ കൂടെ… എന്നെ ഒഴിവാക്കിയേര് ട്ടോ..”
“ആഴ്ചയിലാഴ്ചയിൽ നിന്റെ കൂടെ പെണ്ണുകണ്ട് കണ്ട് എന്റെ ചെരുപ്പ് തേയുവേം ചെയ്തു വയർ കൂടുവേം ചെയ്തു… അറിയ്യോ നിനക്ക്…?
പിന്നാലെ നടന്നു വാ തോരാതെ പരാതി പറയുന്ന അച്ഛനെയൊന്ന് തിരിഞ്ഞു നോക്കി രാഹുൽ.. അച്ഛന്റെ നോട്ടവും അവനിലേക്കായ്..
അവന്റെ മുഖത്തൊരു കള്ള ചിരി തെളിഞ്ഞു വരുന്നത് അച്ഛനും നോക്കി നിന്നു.. എന്തോ കൊനഷ്ട് ചോദ്യമാണ്…
അച്ഛനുറപ്പിച്ചു..
“അപ്പോൾ ഈ പെണ്ണുകാണലും വെറുതെയാണെന്ന് അച്ഛനുറപ്പിച്ചല്ലേ…?
കുസൃതിച്ചിരിയോടെ പുരികം പൊക്കി ചോദിക്കുന്നവനെ അച്ഛൻ സംശയത്തിലൊന്ന് നോക്കി
“ഞാനെങ്ങനെയാടാ പെൺകുട്ടിയെ കാണുന്നതിനു മുമ്പതു പറയുന്നത്…? നിനക്കെന്താടാ…?
ചോദ്യത്തിനൊപ്പം അച്ഛനും പുരികം പൊക്കിപ്പിടിച്ചവനെ നോക്കി..
“അല്ല അച്ഛനല്ലേ പറഞ്ഞത് അടുത്ത പെണ്ണുകാണലിന് കൂട്ടുകാരെ കൂടെ കൂട്ടാൻ. അതിനർത്ഥം നമ്മളീ കാണാൻ പോവുന്ന ബന്ധവും നടക്കില്ല എന്നല്ലേ…?
ചിരിയോടവൻ ചോദിച്ചതിനൊരു പൊട്ടിച്ചിരിയായിരുന്നു അച്ഛൻ…
പോട ചെക്കാ… ഞാൻ പറഞ്ഞത് സത്യം അല്ലേ ഇതിപ്പോ എത്രാമത്തെ പെണ്ണുകാണലാണ്..? പതിനാലോ പതിനഞ്ചോ..?
കണ്ട പെൺകുട്ടികൾക്കും വീട്ടുകാർകുമെല്ലാം നിന്നെ ഇഷ്ടായിരുന്നു… നിനക്കാണ് ആരെയും ഇഷ്ടപ്പെടാത്തത്…”
“അതിപ്പോ ഇത്രയും സുന്ദരനായ, സൽഗുണ സമ്പന്നനായ എന്നെ ആൾക്കാർക്ക് എളുപ്പം ഇഷ്ടാവും അച്ഛാ… ”
അവന്റെ സംസാരത്തിലച്ഛന്റെ മുഖത്ത് ഉവ്വേ… എന്നൊരു ഭാവം തെളിഞ്ഞതവൻ വ്യക്തമായ് കണ്ടു… അതവന്റെ മുഖത്തെ ചിരിയെ വർദ്ധിപ്പിച്ചു. അവൻ വീണ്ടും തുടർന്നു
“എന്നെ എല്ലാവർക്കും ഇഷ്ടപ്പെടും പക്ഷെ എനിക്ക് അങ്ങനെയല്ല അച്ഛാ…എന്റെ കൂടെ ജീവിതം ഷെയർ ചെയ്യുന്നയാളെ പറ്റി എനിയ്ക്ക് ചില സങ്കൽപ്പമെല്ലാമുണ്ടെന്ന് അച്ഛനറിയാലോ…?
“പിന്നെ അറിയാതെ… ആ സിനിമേലെ പെണ്ണ് പറഞ്ഞ അടിവയറില് മഞ്ഞ് വീണതുപോലുള്ള സങ്കൽപ്പമല്ലേ…
ഈ അടുത്തെങ്ങാൻ വീഴുവോടാ മോനെ ആ മഞ്ഞ്..? അല്ല നിന്നെയൊന്ന് കെട്ടിച്ച് നിന്റെ ശല്യമൊന്ന് ഒഴിവാക്കിയിട്ടു വേണം എനിയ്ക്കെന്റെ ഭാര്യയെ കൂട്ടി നാടുചുറ്റാനിറങ്ങാൻ…
” അച്ഛനീ പറഞ്ഞ അച്ഛന്റെഭാര്യ എന്റെ അമ്മയല്ലേ.. അപ്പോ എന്റെ കല്യാണം കഴിഞ്ഞിട്ട് ഞാനെന്റെ ഭാര്യേം അച്ഛൻ അച്ഛന്റെ ഭാര്യേം കൂട്ടി നമ്മുക്കൊരുമ്മിച്ച് നാടുകാണാൻ പോവാം.. നിങ്ങൾക്ക് നാടുചുറ്റലുമായ് എനിയ്ക്ക് ഹണിമൂണുമായ്… എങ്ങനെയുണ്ട് നല്ല ഐഡിയ അല്ലേ…
അവൻ ചിരിയോടെ അച്ഛനോട് ചോദിച്ചതിനയാൾ അവനെ കൂർപ്പിച്ചു നോക്കി…
“ചുരുക്കം പറഞ്ഞാൽ ഞങ്ങളെ വിട്ടെവിടെയും നീ പോവില്ലെന്ന്..? ഞങ്ങളെ തനിച്ച് വിടില്ലെന്ന്..?
ഒരു ചിരി ചുണ്ടിൽ മറച്ചു പിടിച്ചാണ് അച്ഛന്റെ ചോദ്യം..
“നൂറു ശതമാനംപോവൂല അച്ഛാ… അച്ഛനെവിടെ പോയാലും ഞാൻ കൂടെ വരും.. എനിയ്ക്ക് അച്ഛനില്ലാതെ, അച്ഛനെ കാണാതെ പറ്റില്ലെന്നെ..
പറയുമ്പോൾ അറിയാതെ നിറയുന്നുണ്ടായിരുന്നു അവന്റെ മിഴികൾ.. അതു കണ്ടച്ഛന്റെയും..
“നീ പോട ചെക്കാ… എന്തെങ്കിലും പറയുമ്പോഴേക്കും കണ്ണു നിറയ്ക്കണ നീയാണോടാ പെണ്ണ് കെട്ടുന്നത്.. കഷ്ടം…
അവനെ തന്നോടു ചേർത്ത് നിർത്തി പിടിച്ചതു ചോദിക്കുമ്പോൾ അയാളുടെ കണ്ണുപെയ്തൊഴിയുന്നുണ്ടായിരുന്നു…
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
“മോളെ… ദാ മോൻ കരയുന്നു… ഉറക്കം വന്നിട്ടുണ്ട് കള്ളന്…അവനു പാലു കൊടുത്തുറക്കിയേ മോള്.. എന്നിട്ടു കഴിക്കാം നമ്മുക്ക്…
രാഹുലിന്റെ അമ്മ നീട്ടിയ മോനെ കയ്യിൽ വാങ്ങി തോളത്തിട്ടവൾ ചുറ്റും പകച്ചു നോക്കി.. അവളുടെ വിടർന്ന കണ്ണുകളിൽ നിറയെ പരിഭ്രമവും പേടിയും ആണെന്ന് കണ്ടതും അമ്മയൊരു ചിരിയോടെ അവളെ രാഹുലിന്റെ മുറിയിലേക്ക് ആക്കി..
കുളി കഴിഞ്ഞിറങ്ങിയ രാഹുൽ വാതിൽക്കൽ പതറി നിൽക്കുന്നവളെയൊന്ന് നോക്കി…
താൻ കൊടുത്ത പുടവയണിഞ്ഞ് തന്റെതാലിയും കഴുത്തിലണിഞ്ഞ് കതിരു പോലൊരു പെൺക്കുട്ടി.. അവളുടെ തോളിൽ ഒരു വയസ്സു പോലും തികയാതൊരു ആൺക്കുട്ടി…
കുട്ടിയിൽ നോട്ടമെത്തിയതും അവന്റെ മുഖത്ത് വാത്സല്യം നിറഞ്ഞു.. അവൻ ചെന്നവളുടെ കയ്യിൽ നിന്ന് മോനെയെടുത്ത് തോളിലിട്ടു തട്ടിയതും കുഞ്ഞ് കരച്ചിൽ നിർത്തി അവന്റെ ചൂടിലേക്ക് പതുങ്ങുന്നതവൾ അത്ഭുതത്തോടെ നോക്കി നിന്നു..
”താനൊന്ന് ഫ്രഷായ് വായോ.. എന്നിട്ടുറക്കാം മോനെ…
അവളോടു പറഞ്ഞവൻ മോനെയും എടുത്ത് പുറത്തേക്ക് നടക്കുന്നത് അത്ഭുതത്തോടെ തന്നെയാണവൾ നോക്കി നിന്നത്..
“കണ്ണാ… മോനെ നിനക്കച്ഛനോട് ദേഷ്യമുണ്ടോ…?
‘ആരോരുമില്ലാത്തൊരു പെൺകുട്ടിയെ അതും ഭർത്താവ് മരിച്ചൊരു, കുട്ടിയുള്ളവളെ നിന്റെ തലയിൽ കെട്ടി വച്ചെന്ന് തോന്നുന്നുണ്ടോ…?മോന്റെ സ്വപ്നങ്ങൾ അച്ഛൻ തകർത്തെന്ന് തോന്നിയോ…?
അച്ഛന്റെ കുറ്റബോധത്തോടെയുള്ള ചോദ്യം കേട്ടതും കുഞ്ഞിനെ എടുത്തവൻ അയാളുടെ അരികിലിരുന്നു..
“പണ്ടങ്ങനെയൊരു തോന്നൽ അച്ഛനുണ്ടായിരുന്നെങ്കിൽ ഞാനിന്നിങ്ങനെ എന്റെ അച്ഛന്റെ അടുത്ത് ഇരിക്കോ.. മരിച്ചു പോയ കൂട്ടുക്കാരന്റെ മകനെയും ഭാര്യയേയും എല്ലാ എതിർപ്പുകളെയും തിരസ്കരിച്ച് അച്ഛൻ കൂടെ കൂട്ടിയതുകൊണ്ടല്ലേ എനിയ്ക്ക് എന്റെ ഈ അച്ഛനെയും എന്റെ അമ്മയ്ക്ക് നല്ലൊരു ഭർത്താവിനെയും കിട്ടീത്…?
” ഞാൻ മതി മോനായിട്ടെന്ന് തീരുമാനിച്ചച്ഛൻ വേറൊരു കുഞ്ഞിനെ പറ്റി പോലും പിന്നീട് ചിന്തിച്ചിലല്ലോ..
അയാളിലേക്ക് ചാഞ്ഞവൻ ചോദിച്ചതും അവനെ തന്നിലേക്ക് ചേർത്തയാൾ…
കുറച്ചു ദിവസം മുമ്പ് പെണ്ണുകാണാൻ പോവുംവഴിയാണ് അലറി കരയുന്നകുഞ്ഞിനെയും മാറോടു ചേർത്തോടി കരഞ്ഞവൾ അവർക്കരികിലെത്തിയത്.
ഉറക്കത്തിനിടയിൽ കുഞ്ഞ് തൊട്ടിലിൽ നിന്ന് വീണെന്നും ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ സഹായികണമെന്നും പറഞ്ഞവൾ അവരുടെ കാൽക്കീഴിലേക്കിരുന്നതും പകച്ചവർ…
കുഞ്ഞിനെ ഹോസ്പിറ്റലിലാക്കി നടത്തിയ അന്വോഷണത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്..
അനാഥാലയത്തിൽ വളർന്ന അവളെ സൗന്ദര്യം കണ്ടൊരാൾ വിവാഹം കഴിച്ചു..
വിവാഹശേഷം രണ്ടു മാസം കഴിഞ്ഞൊരപകടത്തിൽ അയാൾ മരണപ്പെട്ടു.. അയാളുടെ മരണശേഷം ആ വീട്ടുകാർ ഇവളെ ഉപേക്ഷിച്ച മട്ടിലായിരുന്നു..
ഇവളുടെ ദോഷം കാരണമാണ് മകൻ മരിച്ചെതെന്നു പറഞ്ഞുള്ള ഉപദ്രവമായിരുന്നു വീട്ടുകാർ.. പിന്നീടാണിവൾ ഗർഭിണി ആണെന്നവർ അറിഞ്ഞത്.. അവരുടെ മകന്റെ കുഞ്ഞല്ല എന്നു പറഞ്ഞായിരുന്നു പിന്നീടുള്ള ഉപദ്രവം..
കുഞ്ഞുണ്ടായ ശേഷവും ഇതവർ തുടർന്നു അതിന്റെ ഭാഗമാണ് കുഞ്ഞിന്റെ ആവീഴ്ച പോലും…
തിരികെ അവളെ അവിടെയാക്കി തിരിച്ചു വന്നെങ്കിലും ഉറക്കം നഷ്ടപ്പെട്ടു അച്ഛന്റെ.. അതു അവസാനിച്ചത് രാഹുലുമായുള്ള അവളുടെ വിവാഹത്തിലാണ്..
ഒരു ശല്യമൊഴിവാക്കുന്ന സന്തോഷത്തോടെ അവളുടെ ഭർതൃവീട്ടുക്കാരവളെയും കുഞ്ഞിനെയും കയ്യൊഴിഞ്ഞു.. ഇന്നായിരുന്നു അവരുടെ വിവാഹം..
“മോനെ….
കുഞ്ഞിനെയും അടക്കിപ്പിടിച്ച് തന്റെ ദേഹത്തു ചാരിക്കിടക്കുന്നവനെ മെല്ലെ വിളിച്ഛൻ ..
“പറഞ്ഞോ അച്ഛാ..,,
കണ്ണടച്ചു തന്നെ പറഞ്ഞവൻ..
“അതല്ല നീയെപ്പോഴും പറയാറില്ലേ നിന്റെ സങ്കൽപ്പം.. അത് നടന്നില്ല അല്ലേ..?
സങ്കടം തിങ്ങിയിരുന്നു അച്ഛനിൽ
“ആരു പറഞ്ഞു..?
അവന്റെ മുഖത്തും ചോദ്യത്തിലും കുസൃതി നിറഞ്ഞു
“എന്റെ സങ്കല്പം പോലെ തന്നെയാണച്ഛാ അവളും മോനുമെന്റെ ജീവിതത്തിലേക്ക് വന്നത്.. അടിവയറിൽ മഞ്ഞുവീഴുന്ന കുളിരോടെ തന്നെ.. അവൾക്കെന്നെ ഉൾക്കൊള്ളാൻ പറ്റുന്ന അന്നു മുതൽ ഞങ്ങൾ സന്തോഷത്തോടെ ഞങ്ങളുടെ ജീവിതം ആരംഭിച്ചോളാം…
നിറഞ്ഞ സന്തോഷത്തോടെ അവൻ പറഞ്ഞതു കേട്ടൊരു പുഞ്ചിരി അച്ഛനിലും അകത്തു വാതിൽ മറവിൽ നിന്നവളിലും തെളിയും നേരം അവൻ കണ്ണുകളടച്ചു..
അവന്റെ മനസ്സിൽ അന്നേരം തെളിഞ്ഞു വന്നിരുന്നു കരയുന്ന കുഞ്ഞിനെ മാറോടമർത്തി മുലപ്പാൽ കൊടുക്കുന്ന ആശുപത്രിയിലെ അവളുടെ സുന്ദര രൂപം.. അവന്റെ സങ്കല്പം പോലെ അവന്റെ ഉള്ളിൽ മഞ്ഞു വീണ കാഴ്ച അതായിരുന്നു…