ചിലരെങ്കിലും..
(രചന: Unni K Parthan)
“നിങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു എന്റെ കുഴപ്പമാണോ…
എല്ലാരുടെയും നിർബന്ധം മൂലം നിങ്ങൾ എന്റെ തലയിൽ വന്നു പെട്ടു..
ഒഴിവാക്കാനും ഇനി പറ്റില്ല ലോ…”
രാവിലെ തന്നേ അടുക്കളയിൽ നിന്നും രോഹിണിയുടെ ശബ്ദം ഉയർന്നു തുടങ്ങി..
വായിച്ചിരുന്ന
പത്രത്തിൽ നിന്നും തലയുയർത്തി പ്രകാശൻ അടുക്കളയിലേക്ക് തല ചെരിച്ചു നോക്കി..
പിന്നെ ഹാളിൽ സ്റ്റഡി ടേബിൾ ഇരുന്നു പഠിക്കുന്ന മകൾ ദേവികയേയും നോക്കി..
“അമ്മക്ക് ഇല്ലാത്തതു മറ്റുള്ളവർക്ക് വേണം എന്ന് കരുതുന്നത് തെറ്റാണ്..”
ദേവികയുടെ മറുപടി കേട്ട് പ്രകാശൻ ഞെട്ടി..
അമ്പരപ്പോടെ പ്രകാശൻ ദേവികയേ നോക്കി…
ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ വാക്കുകൾ പ്രകാശനെ ഞെട്ടിച്ചിരുന്നു…
ഇത്രയും നാളുകൾക്ക് ഇടയിൽ അമ്മയേ എതിർത്തു മകൾ സംസാരിച്ചു പ്രകാശൻ കേട്ടിട്ടില്ല…
ഒന്നും സംഭവിക്കാത്തത് പോലേ ദേവിക പുസ്തകത്തിലേക്ക് കണ്ണുകൾ പായിച്ചു..
“എന്താ..
എന്താടീ…അസത്തെ നീ പറഞ്ഞത്…”
അടുക്കളയിൽ നിന്നും ചവിട്ടി തുള്ളി വന്നു ദേവികയുടെ കൈയ്യിൽ അമർത്തി നുള്ളി കൊണ്ട് രോഹിണി കലി തുള്ളി..
ദേവിക ഒന്നും മിണ്ടാതെ പുസ്തകത്തിൽ കണ്ണും നട്ട് ഇരുന്നു..
“എന്താ…
നീ പറഞ്ഞത് ന്ന്…”
രോഹിണിയുടെ ശബ്ദം അലർച്ചയായി മാറി..
പ്രകാശൻ വേഗം പത്രം മടക്കി വെച്ച് ഹാളിലേക്ക് വന്നു…
“അമ്മ പറഞ്ഞതിന് മറുപടി പറഞ്ഞു അത്രേം ഉള്ളൂ..”
ദേവികയുടെ കൂസലില്ലായ്‌മ രോഹിണിയേ ഒന്നുടെ ചൊടുപ്പിച്ചു…
“എന്താ..
എനിക്ക് സ്നേഹമില്ലേ…”
“ആരോട്…”
ദേവികയുടെ മറുപടി രോഹിണിയേ നിശബ്ദയാക്കി..
“അമ്മക്ക് ആരോടും സ്നേഹമില്ല..
പിന്നെ എങ്ങനെ മറ്റുള്ളവർ അമ്മയേ സ്നേഹിക്കണമെന്ന് അമ്മക്ക് പറയാൻ കഴിയും..”
കുഞ്ഞു വായിൽ നിന്നും ഇരുത്തം വരുന്ന വാക്കുകൾ വരുന്നത് കേട്ട് രോഹിണി അമ്പരപ്പോടെ പ്രകാശനേയും ദേവികയേയും മാറി മാറി നോക്കി…
“ഞാൻ കണ്ടിട്ടില്ല..
അമ്മ സ്നേഹത്തോടെ അച്ഛനോട് പെരുമാറുന്നത്..
എന്തിന്..
എന്നോട് പോലും അമ്മ സ്നേഹത്തോടെ പെരുമാറിയിട്ടില്ല..
എന്നും എന്നെ കുറ്റപെടുത്തിയിട്ടേ ഉള്ളൂ..
ഞാൻ കറുത്ത് പോയതിന്..
എന്നും എന്നെ ചീത്ത പറഞ്ഞിട്ടേ ഒള്ളൂ…
എവിടേലും പോകുമ്പോ എന്നെ കൂടെ കൂട്ടാറുണ്ടോ അമ്മ..
അമ്മക്ക് നാണക്കേട്..
വെളുത്തു സുന്ദരിയായ അമ്മക്ക് കറുത്ത്..
കരിവണ്ടിനേ പോലേയുള്ള എന്നെ കൂടെ കൂട്ടാൻ അമ്മക്ക് മടി..
പലപ്പോഴും അമ്മയുടെ പ്രവർത്തികൾ കാണുമ്പോൾ ഞാൻ സ്വയം ചിന്തിച്ചു പോകാറുണ്ട്..
ഞാൻ അമ്മയുടെ മോളാണോ എന്ന്..
എനിക്ക് ഓർമ വെക്കുമ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ്…
അച്ഛനെ കുത്ത് വാക്കുകൾ കൊണ്ടും..
ശാപ വചനങ്ങൾ കൊണ്ടും പ്രാകുന്നത്…
ഒരിക്കൽ പോലും അച്ഛൻ അമ്മയേ എതിർത്തു പറഞ്ഞു കേട്ടിട്ടില്ല…
അത് എന്താണ് എന്നും ഞാൻ ഒരുപാട് ആലോചിച്ചു…
എനിക്ക് ഉത്തരം ഇന്ന് വരേ കിട്ടിയിട്ടില്ല..
എല്ലാ ക്ലാസിലും പഠിക്കാൻ മിടുക്കിയായ എന്നെ അമ്മ ഒന്ന് അഭിനന്ദിച്ചിട്ട് പോലുമില്ല..
എന്നേക്കാൾ മാർക്ക് കുറവുള്ള അമ്മയുടെ അനിയന്റെ മക്കൾക്ക് അമ്മയുടെ സമ്മാനങ്ങൾ..
അതൊക്കെ എന്റെ കൺമുന്നിൽ ഞാൻ കണ്ടിട്ടുണ്ട്..
എന്തിനാ ഏറെ..
എത്രയെത്ര ജോലികൾ അമ്മക്ക് കിട്ടി..
മറ്റുള്ളർ കൊതിക്കുന്ന ജോലികൾ…
അമ്മ പോയോ…
പോയില്ല..
എന്താ അമ്മ പറഞ്ഞത്…
“അങ്ങനെ ഞാൻ ജോലിയെടുത്തു തിന്ന് കൊഴുക്കാൻ ആരും നോക്കേണ്ടാ ന്ന്…
അമ്മക്ക് അമ്മയുടെ കൂടപ്പിറപ്പുകൾ മാത്രം മതി..
അച്ഛന്റെ വീട്ടിലേ ആരേലും ഇങ്ങോട്ട് വന്നാൽ പച്ച വെള്ളം അമ്മ കൊടുക്കുമോ..
അരമണിക്കൂർ പോലും ഇവിടെ ഇരുത്തുമോ…
അല്ല..
അവർ ഇരിക്കുമോ ഇല്ല..
കാരണമെന്താ..
അത്രക്ക് മഹത്വരമാണല്ലോ അമ്മയുടെ സ്നേഹം..
പണം..
പണം മാത്രം മതി അമ്മക്ക്..
മാസ മാസം അച്ഛന്റെ ശമ്പളം അമ്മയുടെ കൈയിലേക്ക് വരുമ്പോൾ മാത്രം ഞാൻ കണ്ടിട്ടുണ്ട് ഒരു ചിരി..
അതല്ലാതെ അമ്മ ഈ വീട്ടിൽ ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല…
സ്നേഹം…
അതൊരു ഗിവ് ആൻഡ് ടേക്ക് പോളിസിയാണ്..
സ്നേഹം കൊടുത്തു സ്നേഹം വാങ്ങുക..
അത്..
എന്റെ അച്ഛന് ആവോളം ഉണ്ട്..
എന്റെ അമ്മക്ക് സ്നേഹം എന്താണ് ന്ന് പോലും അറിയില്ല..
സ്നേഹിക്കുന്നത് എങ്ങനാണ് ന്ന് പോലും അറിയില്ല..
പിന്നെ എങ്ങനാ അമ്മേ..
അമ്മക്ക് സ്നേഹം കിട്ടുക..”
പുസ്തകം മടക്കി കൈയ്യിൽ പിടിച്ചു സ്റ്റഡി ടേബിളിൽ നിന്നും എഴുന്നേറ്റ് ദേവിക മെല്ലേ അവളുടെ റൂമിലേക്ക് നടന്നു..
ഒന്നും മിണ്ടതേ..
തരിച്ചു നിൽക്കുന്ന രോഹിണിയുടെ തോളിൽ തന്റെ വലതു കൈത്തലം അമർത്തി പ്രകാശൻ…
വാടിയ താമര തണ്ട് പോലേ രോഹിണി പ്രകാശന്റെ നെഞ്ചിലേക്ക് ചാരി…
***************************************************
രാത്രി..
“എനിക്ക് സ്നേഹിക്കാൻ അറിയില്ലേ..”
ചുമരിന്റെ അറ്റത്തേക്ക് പതിവ് പോലേ നീങ്ങി കിടന്നു രോഹിണി ചോദിച്ചത് കേട്ട് പ്രകാശൻ കൈയ്യിൽ ഇരുന്ന പുസ്തകം ടേബിളിലേക്ക് വെച്ചു…
പിന്നെ കട്ടിലിന്റെ മറ്റേ അറ്റത്തു വന്നു കിടന്നു..
“എന്തേ നിങ്ങൾ ഒന്നും പറയാത്തെ..
നമ്മുടെ മോള് പറഞ്ഞത് കേട്ടില്ലേ..”
“ഇപ്പോളെങ്കിലും നീ മോളേ എന്ന് വിളിച്ചുലോ..”
പ്രകാശന്റെ മറുപടി കേട്ട് രോഹിണിയുടെ ശരീരത്തിൽ ഒരു വിറയൽ വന്നു..
രോഹിണിയുടെ ഓർമ്മകൾ പിറകിലേക്ക് പോയി ഒറ്റ നിമിഷം കൊണ്ട് ഒരായിരം കാഴ്ചകൾ..
“ശരിയാണ്..
ഞാൻ മോളേ എന്ന് ഒരിക്കൽ പോലും വിളിച്ചിട്ടില്ല..”
രോഹിണിയുടെ മനസ് മറുപടി കൊടുത്തു..
“ഉണ്ടോ….”
പ്രകാശൻ പതിയേ ചോദിച്ചു..
“ഇല്ല..”
“എന്തായിരുന്നു കാരണം..”
കുറച്ചു നേരത്തെ നിശബ്ദത..
“ഉത്തരം ഞാൻ തന്നേ പറയാം..
ആൺ കുട്ടിയേ കാത്തിരുന്ന തന്റെ മുന്നിലേക്ക്..
വന്നത് ഒരു പെൺകുട്ടിയായിരുന്നു..
അതും..
കറുത്ത് വിരൂപമായ മുഖമുള്ള ഒരു പൈതൽ..
എനിക്ക് ഓർമയുണ്ട് ഇപ്പോളും അന്നത്തെ ആ ദിവസം..
ഒറ്റ നോട്ടമേ താൻ നോക്കിയുള്ളു നമ്മുടെ ദേവു മോളേ…
“അയ്യേ…
ഇതെന്താ ഇങ്ങനെ…”
ആ വാക്കുകൾ തുളച്ച് ഇറങ്ങിയത്…
എന്റെ മാത്രം നെഞ്ചിലേക്കല്ലാ..
അന്ന് അവിടെ…
ഉണ്ടായിരുന്ന ഡോക്ടറിന്റെയും..
നേഴ്‌സുമാരുടെയും ഹൃദയത്തിലേക്ക് ആയിരുന്നു…
ഇങ്ങനെയും ഒരമ്മയോ…
അവരുടെയും എന്റെയും ഉള്ളിൽ ആ മുഖഭാവം ആയിരുന്നു…
അന്ന് വരേ നിനക്ക് എന്നോട് ഒത്തിരി സ്നേഹമായിരുന്നു..
പിന്നെ..
ക്രമേണെ നീ മാറി…
എല്ലാരോടും ദേഷ്യം…
അത് എന്റെ വീട്ടുകാരോടും എന്നോടും..
നമ്മുടെ മോളോടും..
ഒരിക്കലും ഒരു അമ്മ എങ്ങനെയൊക്കെ ആയിക്കൂടാ എന്നുള്ളതിന് ഉള്ള തെളിവായിരുന്നു പിന്നീടുള്ള നിന്റെ ജീവിതം…
പല വട്ടം നമ്മൾ തമ്മിൽ അതിന്റെ പേരിൽ വഴക്കിട്ടുണ്ട്..
പക്ഷേ…
തനിക്കു ഒരു മാറ്റവും ഉണ്ടായിരുന്നില്ല..
ക്രമേണ ഞാൻ മൗനം പാലിക്കാൻ തുടങ്ങി…
അതും തനിക്കു ആയുധമായിരുന്നു..
പിന്നീട് മോള് പറഞ്ഞത് പോലേ..
അവൾക്ക് ഓർമ വെക്കുന്ന കാലം മുതൽ എന്നെ ക്രൂരമായി താൻ വേദനിപ്പിച്ചു കൊണ്ടേ ഇരുന്നു..
അതൊക്കെ നമ്മുടെ മകൾ അറിയുന്നുണ്ടായിരുന്നുവെന്ന് ഇന്നാണ് ഞാൻ അറിഞ്ഞത്..
കണ്ടിട്ടില്ലേ..
അഞ്ചാം ക്ലാസിലെ റിസൾട് വന്നതിന് ശേഷം നമ്മുടെ മോൾക്ക് ഉണ്ടായ ഒരു മാറ്റം..
അതിന് താൻ മോളുടെ മാറ്റം ഒന്നും അറിഞ്ഞിട്ടില്ല ലോ…
അന്ന്..
റിസൾട് വന്നു ഓടി വന്നു നിന്നേ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ വന്ന മോളേ നീ തട്ടി മാറ്റി..
തന്റെ അനിയന്റെ മക്കൾക്ക് നീ വെച്ച് നീട്ടിയ ചോക്ലേറ്റ് അവർ വാങ്ങുമ്പോൾ..
നമ്മുടെ മോള് എന്നെ ദയനീയമായി നോക്കി…
ആ നോട്ടം ഇന്നും എന്റെ മനസ്സിൽ മായാതെയുണ്ട്..
അന്ന് നമ്മുടെ മോള് മാറി..
പിന്നീട് ഒരിക്കൽ പോലും അവൾ പുസ്തകത്തിലേ സംശയങ്ങൾ എന്നോട് പോലും ചോദിക്കാതെയായി…
എല്ലാം അവൾ സ്വയം പഠിക്കാൻ ശീലിച്ചു…
ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാൻ..
എന്നോട് അവൾ ഒരു സംശയം ചോദിച്ചിരുന്നുവെങ്കിൽ എന്ന്..
പക്ഷേ…
ഇന്ന് ഈ നിമിഷം വരേ ചോദിച്ചിട്ടില്ല..
ഇപ്പോളോ..
അവൾക്കു പഠിക്കാൻ നമ്മുടെ സഹായം വേണ്ടി..
സ്കൂളിൽ നിന്നും ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ്പ്..
അതും അവൾക്ക് എത്ര വേണമെങ്കിലും പഠിക്കാനുള്ള കാലം വരേയും..
നമ്മുടെ മോള് അവളുടെ വഴി ഇപ്പോളേ തിരഞ്ഞെടുത്തു..
നമുക്ക് ചോദ്യം ചെയ്യാൻ കഴിയില്ല..
കാരണം അവൾ മിടുക്കിയാണ്..
ലക്ഷ്യമുണ്ട്…
അത് നേടുക തന്നേ ചെയ്യും..
അവളുടെ അനുഭവമായിരുന്നു..
അവളുടെ ജീവിതം..
കാലം അവളിൽ നല്ലൊരു അമ്മയേ നൽകും..
അവൾക്ക് കിട്ടാതേ പോയ സ്നേഹവും വാത്സല്യവും അവളുടെ മക്കൾക്ക് ലഭിക്കും..
അവൾ നല്ലൊരു സ്ത്രീയാകും..
സമൂഹം അവളുടെ വാക്കുകൾക്ക് ചെവിയോർത്തു നിൽക്കുന്ന കാലം.. അത് വരിക തന്നേ ചെയ്യും..
ഉറങ്ങിക്കോ…
നാളേ രാവിലെ എഴുന്നേൽക്കണ്ടേ.. ”
കൈയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു പ്രകാശൻ കിടന്നു….
അടക്കി പിടിച്ച തേങ്ങലുകൾ നാലു ചുവരുകൾക്കുള്ളിൽ അലയടിക്കാൻ തുടങ്ങി..
“തിരിച്ചറിവുകൾ വൈകി വന്നാലും..
കുഴപ്പമില്ല..
പക്ഷേ…
തിരുത്താൻ കഴിയുന്ന മനസുണ്ടെങ്കിൽ മാത്രമേ തിരിച്ചറിവ് കൊണ്ട് കാര്യമുള്ളൂ…
നമ്മുടെ മകൾക്ക് അതിന് കഴിയും..
വേണേൽ തനിക്കും..”
ഇരുട്ടിൽ കണ്ണുകൾ തുറന്നു പിടിച്ചു കൊണ്ട് പ്രകാശന്റെ ശബ്ദം നാലു ചുവരുകൾ ഏറ്റെടുത്തു…
തേങ്ങലിന്റെ ശബ്ദം ഉയർന്നു…
അതൊരു പൊട്ടി കരച്ചിലായി ചുമരുകൾ ഏറ്റെടുത്തു..
ശുഭം..
പൂർത്തിയായി എന്ന് പറയാൻ കഴിയില്ല..
വർഷങ്ങളുടെ വീർപ്പു മുട്ടൽ..
വാക്കുകളിലൂടെ ദേവിക പറഞ്ഞതിന്
മറുപടി ചിലപ്പോൾ പിന്നീട് വരികളായി വരാം..
ചോദ്യങ്ങളും…
അതിനുള്ള ഉത്തരങ്ങളുമാണ് ലോ ജീവിതം…
കാത്തിരിക്കാം..
പുതിയ പുലരിയിൽ ശുഭ വാർത്തകൾ..
Unni K Parthan