അയാളെനിക്കൊരു ഭാര്യയുടെ സ്ഥാനം തന്നിരുന്നെങ്കിൽ. രാവിലെ എഴുന്നേറ്റു വരുന്നയുടൻ ഒരു മോന്ത വെള്ളം കയ്യിൽ കൊടുക്കണം അരമണിക്കൂർ കഴിഞ്ഞു ചായയും.

(രചന: ദേവിക VS)

 

ഗവൺമെന്റ് ഹോസ്പിറ്റലിലെ ഇടുങ്ങിയ വരാന്തയിലൂടെ സാരിയും ഒതുക്കി പിടിച്ചവൾ മുന്നോട്ട് നടന്നു നീങ്ങി.

 

മൂപ്പത്തിയഞ്ച് വയസ്സിനുടുത്തോളം പ്രായം തോന്നിക്കുന്നുണ്ടവൾക്ക് മുഖത്തു ചുളിവുകളൊക്കെ വീണു തുടങ്ങിയിരിക്കുന്നു.

 

നിറം മങ്ങിയൊരു കോട്ടൺ സാരിയാണ് വേഷം. കോലുപോലെ നീണ്ടു ഒട്ടും കട്ടിയില്ലാത്ത മുടിയും.

 

ഫാർമസിയിൽ ചെന്നു മരുന്ന് വാങ്ങിയ ശേഷം ബസ്സ്റ്റോപ്പിലേക്ക് നടന്നു.

 

ആശുപത്രിയിൽ നിന്നുമൊരു അഞ്ചു മിനിട്ട് നടന്നാലേ ബസ്റ്റോപ്പിലേക്ക് എത്തൂ.

 

റോഡിന് ഓരം ചേർന്നുകൊണ്ടവൾ മുന്നോട്ട് നടന്നു നീങ്ങി.

 

നല്ല തിരക്കാണ് റോഡിൽ. റോഡിനു ഇരുവശത്തുമായി കടകളും അതിന്റെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികളും റോഡിലൂടി പോകുന്ന വണ്ടികളും ആകെ തിക്കും തിരക്കുമാണ്.

 

വെയിലിന്റെ കാഠ്യന്യം കൊണ്ട് കുട നിവർത്തി പിടിച്ചായിരുന്നു നടപ്പ്.

 

കുറച്ച് അകലെ നിന്നെ കണ്ടു ഒരുത്തൻ വായിനോക്കി നിൽക്കുന്നത്.

 

കൂളിംഗ് ഗ്ലാസ്സും വെച്ചു വണ്ടിയുടെ കീ കയ്യിലിട്ട് കറക്കി ഫോണിൽ സംസാരിച്ച് കൊണ്ട് വലിയ പത്രാസ്സും കാണിച്ചു നിൽപ്പാണ്.

 

അങ്ങനെയൊരാൾ അവിടുണ്ടെന്നു കാണാത്തത് പോലെ മുന്നോട്ട് നടുന്നു.

 

വേദു ….അല്പം കൂടി മുന്നോട്ട് നടന്നതും പുറകിൽ നിന്നുമുള്ള ആ വിളികേട്ടു കാലുകൾ പിടിച്ചു കെട്ടിയ പോലെ നിന്നു.

 

തിരിഞ്ഞു നോക്കി.

 

അപ്പോഴേക്കും അയാൾ കൂളിംഗ്ഗ് ഗ്ലാസ്സ് മുഖത്ത് നിന്നും ഊരി മാറ്റി.

 

ടാ… വിചപ്പാ നീ ആയിരുന്നോ??? ഞാൻ കരുതി വല്ല വായിനോക്കികളുമാണെന്ന്… അവളൊന്നു ഇളിച്ചുകൊണ്ട് പറഞ്ഞു..

 

അവനുമൊന്നു ചിരിച്ചു.

 

എന്ത് കോലമാടിയിത്.നിന്നെ കണ്ടാൽ പടുകിളവികളെ പോലെയുണ്ടല്ലോ.

 

ജീവിതത്തെക്കുറിച്ച് എന്തെല്ലാം കാഴ്ചപ്പാടുകളും ഫിലോസഫിയും പറഞ്ഞു നടന്ന പെണ്ണാണ്. അവളുടെ ഇപ്പോഴത്തെ കോലം കണ്ടവന് തന്നെ വിഷമം തോന്നി.

 

ജീവിതം ഇങ്ങനെയായി പോയടാ…. ആഗ്രഹിച്ചതോന്നു വിധിച്ചത് മറ്റൊന്ന്…. പറയുമ്പോൾ അവളുടെ കണ്ണിൽ നിരാശ നിറഞ്ഞു നിന്നിരുന്നു.

 

നീ വന്നേ…. നമുക്കൊരു ചായ കുടിച്ചിട്ട് പോകാം…

 

എന്തൊക്കെയോ വിഷമങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുയാണെന്നു തോന്നിയത് കൊണ്ടാണ് വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു ബേക്കറിയിലേക്ക് വിളിച്ചു കൊണ്ട് വന്നത്.

 

ഓർഡർ ചെയ്ത ചായ മുന്നിൽ കൊണ്ട് വെച്ചതും അവളോട് കുടിക്കാൻ പറഞ്ഞിട്ട് അവനും കപ്പ്‌ ചുണ്ടോടു അടുപ്പിച്ചു.

 

നീ ജോലിക്കൊന്നും പോകുന്നില്ലേ….ഉന്തി നിൽക്കുന്ന തൊളെല്ലിലേക്ക് നോക്കി കൊണ്ടവൻ തിരക്കി.

 

ഇല്ലടാ… മൂത്തമകന്റെ പ്രസവം സംബന്ധിച്ച് പോയിക്കൊണ്ടിരുന്ന ജോലി വിട്ടു…

 

പിന്നീട് മോനെ വളർത്തൽ വീടു നോക്കൽ,മൂന്ന് വർഷം കഴിഞ്ഞപ്പോൾ അടുത്തയൊരാൾ കൂടിയായി അങ്ങനെ വർഷങ്ങൾ കടന്നു പോയി. ജീവിതം കരിപിടിച്ച അടുക്കള ചുമരനുള്ളിലായി. ഉള്ളിലെ നോവിനെയൊരു ചിരിയിലോളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു.

 

ഭർത്താവ് എങ്ങനെയുണ്ട്??

 

ആ ചോദ്യത്തിനു ഉത്തരം പറയാൻ അവളൊന്നു മടിച്ചു… പക്ഷെ അടക്കി പിടിച്ച വേദനകളെ ആരോടെങ്കിലുമോന്നു തുറന്നു പറയാൻ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.

 

ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്… ദുശീലങ്ങളോന്നും എടുത്തു പറയാനില്ല എന്നാൽ കൈയ്യിലുള്ളത് മുഴുവൻ അത്ര നല്ല ശീലങ്ങളുമല്ല.

 

പുറത്ത് നിന്നും നോക്കുന്നവർക്ക് ഭർത്താവ് വെള്ളം അടിക്കുന്നില്ല പുക വലിക്കുന്നില്ല പരസ്ത്രീ ബന്ധമില്ല, ലഹരി വസ്തുക്കളുടെ ഒരു ഉപയോഗവുമില്ല. ഇത്രയും പോരെ ഭർത്താവ് പെർഫെക്ട് ആണെന്ന് പറയാൻ.

 

രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് തുടങ്ങുന്ന ജോലിയാണ്…. രാത്രി പത്തുമണിയാകും നടുവൊന്നു നിവർത്താൻ. ചില ദിവസങ്ങളിൽ അതിലും താമസിക്കും.

 

എങ്കിലും പരാതിപ്പെടില്ലായിരുന്നു വിച്ചു അയാളെനിക്കൊരു ഭാര്യയുടെ സ്ഥാനം തന്നിരുന്നെങ്കിൽ.

 

രാവിലെ എഴുന്നേറ്റു വരുന്നയുടൻ ഒരു മോന്ത വെള്ളം കയ്യിൽ കൊടുക്കണം അരമണിക്കൂർ കഴിഞ്ഞു ചായയും.

 

എട്ടരമണിയാകുമ്പോൾ ടേബിളിലേക്ക് വരും ഞാൻ അലക്കി തേച്ചു വെച്ചിരിക്കുന്ന ഷർട്ടും അണിഞ്ഞുകൊണ്ടു. ഒരു ചുളിവ് ഉണ്ടെങ്കിൽ കണ്ണു പൊട്ടുന്ന ചീത്ത പറയും ആരുടെ മുൻപിൽ വെച്ചിട്ട് ആയാലും.

 

ആഹാരത്തിനു ഇത്തിരി ഉപ്പോ പുളിയോ കൂടിയാലും അതുപോലെ തന്നെ,ഒന്നിൽ തട്ടി കളയും അല്ലെങ്കിൽ അത് എന്റെ മേലെ കമഴ്ത്തും.

 

ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോഴേക്കും ചോറ് പാത്രം ബാഗിൽ വെച്ചു കയ്യിൽ കൊണ്ട് കൊടുത്തേക്കണം. പോകാൻ ഇറങ്ങും മുൻപേ അധികമായി ചെയ്യണ്ട ജോലിയുടെ ലിസ്റ്റും തന്നിട്ടേ പോകൂ.

 

ഞാനെന്തോ വെറുതെയിരുന്നു തിന്നുന്ന പോലെ …

 

പോയി കഴിയുമ്പോൾ പിന്നെ ആയാളുടെ അച്ഛന്റെയും അമ്മയുടെയും വേലക്കാരിയായിട്ട് നിൽക്കണം.

 

പറഞ്ഞതൊക്കെ കറക്റ്റ് സമയത്തിന് ചെയ്യിതു കൊടുത്തില്ലെങ്കിൽ മകൻ വരുമ്പോൾ ഇല്ലാത്ത കാര്യങ്ങൾ കൂടി പറഞ്ഞു കൊടുത്തു എനിക്ക് തല്ലു വാങ്ങിത്തരും.

 

അവർ പറയുന്നത് ശരിയാണെന്നോ അതിൽ എന്തെങ്കിലും ന്യായം ഉണ്ടോന്നോ അയാൾ ചിന്തിക്കുകയുമില്ല എന്നോട് ചോദിക്കുകയുമില്ല.

 

വീട്ടിൽ വെറുതെയിരിക്കുന്നുവെന്ന് പറഞ്ഞു രണ്ടു പശുവിനെയും മേടിച്ചു തന്നിട്ടുണ്ട്…

 

ചാണകമൊക്കെ എനിക്ക് അലർജിയാണ്… നീ ഇതു കണ്ടോ…. ചൊറിഞ്ഞു പൊട്ടിയിരിക്കുന്ന കൈകൾ മുന്നിലേക്ക്‌ നീട്ടിക്കൊണ്ടവൾ വിഷ്ണുവിനോടു പറഞ്ഞു.

 

എത്ര നാളുകൊണ്ട് ഞാൻ മരുന്ന് കഴിക്കുന്നുണ്ടെന്നു അറിയോ…. ഡോക്ടർ ഇന്നുകൂടി വഴക്ക് പറഞ്ഞതേയുള്ളൂ… പശുവിനെ കൊടുത്ത് കാശു വാങ്ങാൻ പറഞ്ഞിട്ട്.

 

ഇനിയും ആ ഡോക്ടറുടെ മുന്നിൽ എങ്ങനെ ചെന്നു നിൽക്കും… രാത്രിയിൽ ഉറങ്ങാൻ കഴിയില്ല ചൊറിച്ചൽ കാരണം.

 

പലതും പറയുമ്പോൾ കരച്ചിലടക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.

 

നിസ്സഹായതയുടെ നിഴൽ ആ കണ്ണുകളിൽ നിഴലിച്ചു നിന്നു.

 

മക്കൾക്ക് വേണ്ടി എല്ലാം സഹിച്ചു നിന്നു. എന്റെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം അവർക്ക് വേണ്ടി ത്യജിച്ചു… ത്യാഗത്തിന്റെയും കണക്കുകൾ നിരത്തുകയല്ലടാ, എങ്കിലും പറയാതിരിക്കാൻ കഴിയുന്നില്ല. ഇന്ന് അവർക്കും എന്നെ വേണ്ടാതായി.

 

ഈ കൈകളിലേക്ക് അവർ അറപ്പോടെ നോക്കും…. പടരുമോയെന്ന പേടികാരണം എനിക്കരികിലേക്ക് വരില്ല രണ്ടു പേരും.

 

ഞാൻ വിളമ്പി കൊടുക്കുന്ന ആഹാരം കഴിക്കില്ല… പകർച്ച വ്യാധിയല്ലേ പക്ഷെ എല്ലാം വെച്ചുണ്ടാക്കുന്നത് എന്റെ ഈ കൈ കൊണ്ടാണ്, അതിനവർക്കാർക്കും അയിത്തമില്ല.

 

ചിലപ്പോളൊരു പെൺകുഞ്ഞു ഉണ്ടായിരുന്നെങ്കിൽ അവളെങ്കിലും എനിക്കൊപ്പം ഉണ്ടായനെ…. സാരിയുടെ മുന്താണി വായിലേക്ക് അമർത്തി വെച്ചു കൊണ്ടവൾ പൊട്ടികരഞ്ഞു.

 

വിഷ്ണുവും തടയാൻ നിന്നില്ല… ഉള്ളിലുള്ളതൊക്കെ അവൾ തുറന്നു പറയട്ടെന്ന് കരുതി.

 

കരച്ചിലൊക്കെയോന്നടങ്ങി ശാന്തമായതും അവൾ അവനെ മുഖമുയർത്തി നോക്കി.

 

തന്നെ നോക്കിയിരിക്കുന്ന കണ്ണുകളിലെ ഭാവം എന്തെന്ന് അവൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.

 

കോളേജിൽ ഞങളെല്ലാം ആരാധിച്ചിരുന്നയൊരു പെൺകുട്ടിയുണ്ട്. എന്ത് വന്നാലും മുന്നിൽ നിന്നും ചങ്കൂറ്റത്തോടെ നേരിടുന്നവൾ… കൂടെയുള്ളവർക്കൊരു പ്രശ്നം വന്നാലും അത് പരിഹരിക്കാനും അവൾ മുന്നിൽ തന്നെ കാണും.

 

അങ്ങനെയുള്ള ഒരുത്തിയാണ് സ്വന്തം ജീവിതത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ മുന്നിലിരുന്നു കരയുന്നത്…

 

ജീവിതത്തിൽ ഇനി നിനക്കൊന്നും ചെയ്യാൻ കഴിയില്ല… നിന്റെ ജീവിതം നശിച്ചു പോയിന്നു സ്വയം കരുതുകയാണ്… അങ്ങനെയിരുന്നാൽ ഒരിക്കലും നിനക്ക് ജീവിച്ചു മുന്നേറി വരാൻ കഴിയില്ല വേദൂ.

 

നിരന്തയമായ പോരാട്ടങ്ങളുടെ ഫലമാണ് യഥാർത്ഥ ജീവിത വിജയം. മനസ്സിലായോ….

 

അതുകൊണ്ട് ആദ്യം വേദൂട്ടിയൊരു ജോലിക്ക് പോയി തുടങ്ങണം. സ്വന്തമായി നിനക്കൊരു വരുമാനം ആയി തുടങ്ങുമ്പോൾ തന്നെ നിക്കൊരു വിലയുണ്ടാകും… നിന്റെ വാക്കുകൾക്കും, അഭിപ്രായങ്ങൾക്കും വില തന്നു തുടങ്ങും.

 

പതിയെ നിന്നോടുള്ള അവഗണനയുടെ തോത് കുറഞ്ഞ് വന്നോളും… പിന്നിടത്

പൂർണ്ണമായും ഇല്ലാതെയാകും.അങ്ങനെ അല്ലെന്നുണ്ടെങ്കിൽ അടുത്ത വഴി നമ്മൾ നോക്കും…

 

രണ്ടായാലും നിനക്കൊരു ജോലി വേണം വേദൂ.

 

ജോലി വേണം വിച്ചു ആഗ്രഹവുമുണ്ട് ഒപ്പം താല്പര്യവു പക്ഷെ ഇത്രയും ഗ്യാപ്പ് വന്ന സ്ഥിതിക്ക് ഇനി അതുപോലെയൊരു ജോലി കിട്ടാൻ…. ആശങ്കയോടെ അവൾ പറഞ്ഞു.

 

സുഹൃത്തുക്കളോ ബന്ധുക്കളോ ആരുമായൊരു ബന്ധം എനിക്കില്ല വിച്ചു. അപകർഷത ബോധം എല്ലാത്തിൽ നിന്നും എന്നെ പുറന്നോട്ട് വലിച്ചു. മിഴികൾ തുടച്ചുകൊണ്ടവൾ പറഞ്ഞു

 

നിന്റെ കയ്യിൽ ഫോണുണ്ടോ…

 

ഉണ്ടെന്നു തലകുലുക്കികൊണ്ട് ബാഗിൽ നിന്നൊരു പഴയ നോക്കിയ ഫോൺ എടുത്ത് കൊടുത്തു.

 

ഫോൺ തിരിച്ചു മറിച്ചു നോക്കികൊണ്ട്‌ അവളെയുമോന്നു നോക്കി…

 

ഭർത്താവിന്റെ പിശുക്കു എത്രമാത്രം ഉണ്ടെന്നു തെളിവാക്കുന്നതായിരുന്നു അവളുടെ ഓരോ സാധനങ്ങളും.

 

അവന്റെ നമ്പർ ഫോണിലേക്കു സേവ് ചെയ്തുകൊണ്ടൊരു മിസ്സ്‌ കാൾ അടിപ്പിച്ചു.

 

ജോലി ശരിയാക്കിയിട്ട് ഞാൻ വിളിക്കും… അതല്ല നിനക്ക് എന്ത് സഹായം ആവിശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. നിന്റെയൊരു കൂടപിറപ്പായി ഞാൻ ഉണ്ടാകും. കൈകൾ ചേർത്തു പിടിക്കിക്കാൻ വന്നപ്പോൾ പെട്ടന്നവൾ പിന്നോട്ട് വലിച്ചു.

 

എന്നാൽ മുന്നോട്ടൊന്നു ആഞ്ഞിരുന്നുകൊണ്ടവൻ കൈകളിൽ പിടിച്ചു.

 

ഇരുട്ടിൽ അകപ്പെട്ട എനിക്കൊരു മെഴുകുതിരി വെട്ടം പോലെയായിരുന്നു വിച്ചന്റെ വാക്കുകൾ. ഇത്തവണ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയിരുന്നു.

 

മൂന്ന് മാസങ്ങൾക്കു ശേഷം വേദിക ജോലിചെയ്യുന്ന ഓഫീസിനു മുന്നിൽ അവളെയും കാത്തു നിൽക്കുകയാണ് വിച്ചു.

 

തുടുത്ത കവിളുകളും തിളക്കമുള്ള മുഖവുമായി ഇറങ്ങി വരുന്നവളെ കണ്ടു അവനും സന്തോഷം തോന്നി.

 

നല്ല വിലതോന്നിക്കുന്നൊരു ചുരിദാറാണ് വേഷം…

 

സ്ട്രൈറ്റ് ചെയ്തിട്ടിരിക്കുന്ന മുടിയിഴകൾ മാടിയൊതുക്കി കൊണ്ടവൾ വിടർന്ന ചിരിയോടെ വിച്ചുവിനരുകിലേക്ക് വന്നു.

 

സുന്ദരികുട്ടിയായല്ലോ…. ഒരു കല്യാണം കൂടെ ആലോചിച്ചാലോ.

 

അവളൊന്നു പുഞ്ചിരിച്ചു… കഴിക്കാമായിരുന്നു പക്ഷെ ഞാൻ തൂത്തെറിഞ്ഞാലും പോകില്ലെന്ന് പറഞ്ഞൊരു ഭർത്താവ് കൂടെയുള്ളപ്പോൾ എങ്ങനെയാട…. രണ്ടുപേരും ഒരുപോലെ ചിരിച്ചു പോയി.

 

എല്ലാത്തിനും നന്ദി എന്റെ വിച്ചപ്പനോടു മാത്രമാണ്… വീണ്ടുമൊരു സന്തോഷം നിറഞ്ഞ ജീവിതം എനിക്കായി നൽകിയതിന്.

 

അവന്റെ കൈകൾ കൂട്ടിപിടിച്ചവൾ നന്ദി പറയുമ്പോൾ ഭർത്താവ് ജയൻ അവളെ കാത്ത് എതിർവശത്തു നിൽപ്പുണ്ടായിരുന്നു.

 

കാറിലേക്ക് കയറിക്കൊണ്ട് അവനോടു യാത്ര പറഞ്ഞവൾ മുന്നോട്ട് നോക്കിയിരുന്നു. ഇനിയുമെറെ കാതങ്ങൾ മുന്നോട്ട് പോകാനുണ്ടെന്നുള്ള പ്രതീക്ഷയോടെ.

Leave a Reply

Your email address will not be published. Required fields are marked *