എന്റെ അഴകളവുകളെ പോലും പുകഴ്ത്തി സംസാരിക്കാൻ മടിയില്ലാത്ത നീ ഇപ്പൊ എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ലേ. ആ പഴയ സൗഹൃദം

അനുരാഗ പൂക്കൾ
(രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്)

ദൃശ്യയുടെ പാതി നഗ്നമായ മുതുകിൽ അഭിനവ് മൃദുവായി ഊതി. നനുത്ത രോമങ്ങളിൽ ചുടു കാറ്റേറ്റപ്പോൾ അവൾ പുളകിതയായി. ശരീരം ചൂളിച്ച്‌

ഇക്കിളിയോടെ അവൾ തിരിഞ്ഞു നോക്കി. അഭിനവിനെ കണ്ട ദൃശ്യയുടെ മുഖവും കണ്ണും അത്ഭുതത്താൽ വിടർന്നു. അവൾ ഒന്ന് പുഞ്ചിരിച്ചു..

“”ഓ.. ഞാൻ വന്നിട്ട് ഒരു മാസത്തോളമായി. ഇത് വഴി നടന്നു പോകുമ്പോൾ ഈ വീട്ടിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യില്ല നീ. എന്നിട്ട് ഇപ്പൊ പുറകിലൂടെ വന്ന് മനുഷ്യനെ പേടിപ്പിക്കുന്നോ. ഞാൻ കരുതി എന്നെ മറന്നൂന്ന്””..ദൃശ്യ പതുക്കെ പറഞ്ഞു.

“”അത് ഞാൻ.. നീയിപ്പൊ വേറെ ഒരാളുടെ സ്വന്തമല്ലേ. ഇനിയും ഇങ്ങനെ അടുത്തിടപഴകിയാൽ… അല്ലാതെ മറന്നിട്ടൊന്നും അല്ല””. അഭിനവ് പരുങ്ങി.

””അപ്പൊ നീ ഇപ്പൊ ചെയ്തതോ. മുതുകിൽ ഊതിയത്.. അതെന്താടാ. വേറൊരാളുടെ പെണ്ണിനെ ഇങ്ങയൊക്കെ ചെയ്യാമോ””. ദൃശ്യ ശൃംഗാര ചിരിയോടെ ചോദിച്ചു. അഭിനവ് ഒന്നും മിണ്ടിയില്ല. ജാള്യത മറക്കാൻ വെറുതേ ഒന്ന് മുഖം വെട്ടിച്ചു.

“”ആരുടേയും സ്വന്തമല്ല. ഞാനിപ്പൊ സ്വതന്ത്രയാണ്. വിവരങ്ങളൊക്കെ അറിഞ്ഞു കാണും ല്ലേ””.. അവൾ ചോദിച്ചു. അവൻ കനപ്പിച്ച സ്വരത്തിൽ മൂളി.

“”എന്താണ് ഇന്ന് രാവിലെ തന്നെ സെറ്റ് സാരിയൊക്കെ ഉടുത്തിട്ട്. എവിടെ പോകുവാ””..അഭിനവ് ചിരിച്ചു കൊണ്ട് ചോദിച്ചു.

“”പോയി വന്നതാ അമ്പലത്തില്. വന്നപ്പൊ പൂക്കളൊക്കെ വിരിഞ്ഞു നിൽക്കുന്നത് കണ്ടു. കുറച്ചു നേരം ആ ഭംഗിയിൽ മതി മറന്നു നിൽക്കുമ്പോഴല്ലേ ഇയാള് വന്നു

മുതുകിൽ ഊതുന്നത്. എനിക്കാണെങ്കിൽ ഇപ്പോഴും വല്ലാത്ത ഇക്കിളിയാ.. അന്നത്തെ പോലെ””.. ദൃശ്യ മുഖത്ത് നാണം വിരിയിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

അഭിനവ് വിരിഞ്ഞു നിൽക്കുന്ന പൂക്കളെ നോക്കി. റോസാ പൂക്കൾക്കും നന്ത്യാർ വട്ടത്തിനും മന്ദാരത്തിനും വാടാർമല്ലിക്കും നിത്യ കല്യാണിക്കും മല്ലിക പൂക്കൾക്കുമൊക്കെ വല്ലാത്തൊരു ഭംഗി

അവന് തോന്നി. പൂക്കുന്ന മുല്ല പൂവിന്റെ സുഗന്ധം അവിടെ പരന്നൊഴുകി. തണുത്ത പുലരിയിലെ കാറ്റിന് ഇരുവർക്കും തണുപ്പനുഭവപ്പെട്ടു.

“”ഇനി ഈ പൂക്കളെ തലോലിച്ചു ഇങ്ങനെ കാലം തള്ളി നീക്കാനാണോ നിന്റെ പരിപാടി””.. അഭിനവ് ചോദിച്ചു.

“”അല്ലാതെ പിന്നെ…ഞാൻ ഇനി എന്ത്‌ ചെയ്യാനാ അഭി””..ദൃശ്യ പറഞ്ഞു. കൺ കോണിൽ കണ്ണീർ ഊറും മുമ്പ് അവൾ തുടച്ചു. അഭിനവ് മിഴികൾ താഴ്ത്തി. അവന്റെ നെഞ്ച് ചെറുതായൊന്ന് പിടച്ചു.

“”വീട്ടുക്കാരൊന്നും ഉണർന്നില്ലേ””.. അഭിനവ് വേഗം വിഷയം മാറ്റി.””ഉണർന്നിട്ടുണ്ടാവും.. അടുക്കളയിൽ ഏട്ടത്തിയുടെ തട്ടും മുട്ടും കേൾക്കുന്നുണ്ടല്ലോ. അമ്മ കുറച്ചു

കഴിഞ്ഞേ എഴുന്നേൽക്കൂ. ഏട്ടൻ നടക്കാനും പോയിക്കാണും””. ദൃശ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”ശരി… ഞാൻ പോട്ടെ.. നടക്കും വഴി നീ പൂന്തോട്ടത്തിൽ നിൽക്കുന്നത് കണ്ടപ്പൊ ഒന്ന് കയറിയതാണ്””..അഭിനവ് പറഞ്ഞു. അവൻ തിരിഞ്ഞു നടന്നു. “”അഭിനവ്””…അവൾ പതുക്കെ വിളിച്ചു.അവൻ തിരിഞ്ഞു നിന്ന് അവളെ നോക്കി.

“”കളിയായെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ എന്നോട്.. അല്ലെങ്കിൽ അമ്മയോട്.. എന്റെ ഏട്ടനോടെങ്കിലും.. എങ്കിൽ എനിക്കീ ഗതി വരുമായിരുന്നോ””. ദൃശ്യയുടെ മുഖത്ത് സങ്കടം ഉരുണ്ടു കയറുന്നതായി അഭിനവിന് തോന്നി.

“”എന്ത്‌?… മനസ്സിലായില്ല?””.. അഭിനവ് കണ്ണുകൾ മിഴിച്ചു നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

ദൃശ്യ പതുക്കെ അവന്റെ അടുത്തേക്ക് നടന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കി. “”എന്നെ.. എന്നെ ഇഷ്ടമാണെന്ന് ജീവനാണെന്ന് അത്രത്തോളം സ്നേഹമാണെന്ന്.. ഒന്ന് പറഞ്ഞു കൂടായിരുന്നോ അഭീ നിനക്ക്””.. ദൃശ്യയുടെ സ്വരം നേർത്ത് വന്നു..

എന്തൊക്കെയോ പറയാൻ വന്നത് അഭിയിൽ നിന്നും പുറത്തേക്കൊഴുകിയില്ല. അവൻ ദൃഷ്ടികൾ താഴ്ത്തി താഴേക്ക് നോക്കി നിന്നു.

“”അഭീ നിന്റെ സ്നേഹം നീ ഇനിയും നിഷേധിക്കാനാണ് ഭാവമെങ്കിൽ വേണ്ട. ദാ.. ഇത്ര തൊട്ടടുത്ത് നമ്മൾ ചേർന്നു നിൽക്കുന്നുണ്ടെങ്കിൽ അതാണ് പ്രണയം. തമാശയായിട്ടാണെങ്കിലും എന്റെ മുതുകിൽ ഊതാൻ മാത്രം നീ വീണ്ടും

സ്വാതന്ത്ര്യം എടുത്തു എങ്കിൽ ഞാൻ പിന്നെ എന്ത്‌ വിചാരിക്കണം. നിനക്കെന്നോട് വെറുപ്പായിരുന്നു എന്നാണോ.. അതോ നാലഞ്ച് വീടുകൾ

മാത്രം ദൂരമുള്ള നമ്മൾ തമ്മിൽ വെറും സൗഹൃദം മാത്രമാണെന്നോ.. പറയ്””.. ദൃശ്യയുടെ കണ്ണുകളിൽ കണ്ണീർ പടർന്നു..

അഭിനവ് ഒന്നും മൊഴിഞ്ഞില്ല. വെറുതേ ഹൃദയം പിടക്കുക മാത്രം ചെയ്തു. അവൻ വേഗം തിരിഞ്ഞു നടന്നു. “”നിന്റെ ഈ മൗനത്തിൽ ഉണ്ട് ഉത്തരം. നമ്മളറിയാതെ

നമ്മൾ തമ്മിൽ ഇഷ്ടമായിരുന്നു.. ഒരുപാട്””.. ദൃശ്യ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു. എങ്കിലും അവൻ അത് കേട്ടതായി ഭാവിച്ചില്ല.

ദൃശ്യ വീടിനകത്തേക്ക് കയറി. വസ്ത്രം മാറി അടുക്കളയിലേക്ക്‌ ചെന്നു. “”അഭിനവിന്റെ ശബ്ദമാണല്ലോ കേട്ടത്. എന്തിനാ രാവിലെ തന്നെ അവൻ വന്നത്””.. ഏട്ടത്തി ഇഡ്ഡലി ചെമ്പിലേക്ക്

മാവ് കോരിയൊഴിക്കുന്നതിനിടെ ചോദിച്ചു. ആ സ്വരത്തിൽ അല്പം നീരസം നിറഞ്ഞത് പോലെ ദൃശ്യക്ക് തോന്നി.

“”അതെന്താ.. അഭിക്ക് ഇവിടെ വന്നൂടെ. അതിന് നേരവും കാലവും നോക്കാനുണ്ടോ?””. ദൃശ്യ ചോദിച്ചു.

“”അതല്ല.. നിന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ അവനെ ഇവിടേക്ക് കണ്ടിട്ടില്ല. നീ വന്നെന്നറിഞ്ഞു വന്നതാണോ?”” ഏട്ടത്തിയുടെ മുഖത്ത് പരിഹാസം തുളുമ്പി.

“”ആണെങ്കിലെന്ത് അല്ലെങ്കിലെന്ത്. ഞാൻ വന്നു എന്നറിഞ്ഞു വരികയാണെങ്കിൽ ഞാൻ വന്നിട്ട് ഒരു മാസമായില്ലേ.. ഏട്ടത്തീ ഇത് എന്റെയും കൂടി വീടാണ്.

ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് അന്നും ഇന്നും. ഞാൻ ഡിവോഴ്സ് ആവാൻ പോകുന്നെന്ന് കരുതി അവന് ഒരു ചലനവും ഉണ്ടായിട്ടില്ല””.. ദൃശ്യയുടെ സ്വരം ദൃഡതയാർജിച്ചു.

ദൃശ്യ പ്രാതൽ കഴിച്ചു വീണ്ടും പൂന്തോട്ടത്തിലേക്കിറങ്ങി. ഇലകളിൽ തുള്ളിയിട്ട മഞ്ഞിൻ നീർ കുമിളകൾ അവൾ പതുക്കെ തട്ടി തെറിപ്പിച്ചു. ഒരു റോസാ പൂവിന്റെ അറ്റത്ത് മൂക്കിൻ തുമ്പ് ചേർത്ത് മണത്തു.

വള്ളികളാൽ അവൾ മെനഞ്ഞു ഒരുക്കിയെടുത്ത ഹരിത വർണ്ണമാർന്ന ഊഞ്ഞാലിൽ ഇരുന്നു മെല്ലെ മെല്ലെ ആടി. സുഗന്ധ പൂരിതമായ ആ അന്തരീക്ഷം അവളുടെ മനം കുളിർപ്പിച്ചു.

“അഭിനവ് എന്താണ് ഒന്നും പറയാതെ പോയത്. മൗനത്തിന് എപ്പോഴും സമ്മതം എന്ന് അർത്ഥമുണ്ടോ. എന്റെ കഴുത്തിൽ അക്ഷയ്ടെ താലി ചരട് മുറുകുമ്പോൾ അഭിനവിന്റെ മുഖ ഭാവം എന്തായിരുന്നു. സന്തോഷം ആയിരുന്നോ.

സങ്കടം ആയിരുന്നോ. അതോ നിസ്സംഗ ഭാവമായിരുന്നോ. എനിക്കും അവനോട് എന്തായിരുന്നു. ഒന്നറിയാം. സൗഹൃദം മാത്രമല്ല ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. അതിനപ്പുറത്തേക്ക് വളർന്നുന്നുവോ.

അവൻ തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ എനിക്കത് അംഗീകരിക്കുന്നതിന് എന്ത്‌ തടസ്സം. അവന് തിരിച്ചും അങ്ങനെ ആവുമോ….പക്ഷേ”…

“”ദൃശ്യാ… ഊഞ്ഞാലിൽ ഇരുന്ന് കിനാവ് കാണുന്നോ””.. ഏട്ടൻ മൃദുലാണ്.. അവൾ ചിന്തകളിൽ നിന്നുണർന്നു. ഏട്ടനെ നോക്കി ചിരിച്ചു. മൃദുൽ ഊഞ്ഞാൽ ഒന്ന് ആട്ടി വിട്ടു.

“”ദൃശ്യാ.. നമുക്കാ ഡിവോഴ്സ് നോട്ടീസ് തിരിച്ചെടുക്കണോ. ഒന്ന് കൂടി ആലോചിക്കണോ””.. മൃദുൽ പറഞ്ഞു. അവൾ ഊഞ്ഞാലിൽ നിന്ന് താഴെയിറങ്ങി. വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി.

“”അയച്ച നോട്ടീസ് തിരിച്ചെടുക്കാൻ അഭിമാനം അനുവദിക്കുന്നില്ലെങ്കിൽ വേണ്ട. മജിസ്‌ട്രേറ്റിന്റെ ചേമ്പറിലെ ചർച്ചയിൽ നമുക്ക് നിലപാട് മാറ്റിയാലും മതി””… മൃദുൽ പറഞ്ഞു.

“”ഏട്ടാ… എനിക്ക് പറ്റില്ല അക്ഷയുടെ കൂടെ ജീവിക്കാൻ. ആലോചിച്ചു എടുത്ത തീരുമാനമാണ്. ബാഹ്യ സൗന്ദര്യത്തിൽ വീഴുമ്പോൾ പറ്റിയ ഒരു തെറ്റായിരുന്നു എനിക്കാ വിവാഹം. ഞങ്ങൾ ചേരില്ല ഒരിക്കലും. പിന്നെന്തിന് വീണ്ടും കൂട്ടി കെട്ടണം””.. ദൃശ്യ പറഞ്ഞു.

“”അഭിനവ് വന്നിരുന്നോ രാവിലെ?. നീ പോയതിൽ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല””.. മൃദുൽ അവളുടെ ഭാവമാറ്റമറിയാൻ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പ്രത്യേകിച്ച് ഒരു ഭാവവും വരുത്താതെ അവൾ തലകുലുക്കി.വെറുതേ ഒരു ജമന്തി പൂവിനെ തലോടി.

“”അവൻ പെണ്ണന്വേഷിക്കുന്നുണ്ട്. നിന്നോട് പറഞ്ഞിരുന്നോ?””. മൃദുൽ ചോദിച്ചു. അവളുടെ നെഞ്ച് ഒന്ന് പിടച്ചു. എങ്കിലും അവൾ പതറിയില്ല.

“”അതിന് ഞാനെന്ത് വേണം. എന്നോടൊന്നും പറഞ്ഞിട്ടില്ല””.. മൃദുല ശബ്ദം പതറാതിരിക്കാൻ വളരെ പതുക്കെ പറഞ്ഞു. അവൾ ഒരു ലില്ലി പൂ പറിച്ചെടുത്തു ദേഷ്യത്തിൽ ഞെരിച്ചുടച്ചു വലിച്ചെറിഞ്ഞു. അവൾ നിലത്ത് ആഞ്ഞു ചവിട്ടി നടന്നു.

“”അക്ഷയ് യോടുള്ള വിരോധത്തിന് അഭിനവും ഒരു കാരണമാണ് അല്ലേ. ബാക്കി കാരണങ്ങൾ നീ ഉണ്ടാക്കിയതാണോ?””. മൃദുൽ ഉറക്കെ ചോദിച്ചു.

അവൾ നിന്നു. “”ഏട്ടാ.. എന്റെ ചെറിയ ചെറിയ ആഗ്രഹങ്ങൾക്ക് കൂടി അക്ഷയ് എതിര് നിൽക്കുന്നു. ഒരു പൂന്തോട്ടം പോലും അയാൾക്കിഷ്ടമല്ല. അയാൾ വേറൊരു ലോകത്താണ്. ഞാൻ വേറൊരു ലോകത്തും.

ഒരാളുടെ ഇഷ്ടങ്ങൾ പൂർണ്ണമായും വേറൊരാൾ അംഗീകരിക്കണം എന്ന വാശിയൊന്നും എനിക്കില്ല. എങ്കിലും കുറച്ചെങ്കിലും മനസ്സിലാക്കാത്ത ഒരാളോടൊപ്പം എങ്ങനെ….മടുത്തു

തുടങ്ങിയപ്പോഴാണ് ഞാൻ””…..അവൾ തിരിഞ്ഞു നിന്നു.””അഭിനവിനെ പറയേണ്ട. അവന് ഒരു പങ്കും ഇതിലില്ല””.. അവൾ വേഗം നടന്നു നീങ്ങി.

ഓൺ ചെയ്തു വെച്ച കമ്പ്യൂട്ടറിലേക്ക് അഭിനവ് വെറുതേ നോക്കിയിരുന്നു. ടൈപ് ചെയ്യുന്ന അക്ഷരങ്ങൾക്കൊന്നും അർത്ഥം കിട്ടുന്നില്ല. മനസ്സ് ചാഞ്ചാടുന്നു. സിസ്റ്റം ഓഫ്‌ ചെയ്ത് അവൻ എഴുന്നേറ്റു.

ഓഫീസിന്റെ പുറത്തേക്കിറങ്ങി. വരാന്തയിലെ ഹാൻഡ് റെയിലിൽ കൈ കുത്തി താഴേക്ക് അലസമായി നോക്കി. ജോലി ഭാരത്തെ കുറിച്ച് ഇടക്കിടക്ക് ഓർപ്പിക്കുന്ന കമ്പനി ഐഡി കാർഡ് കഴുത്തിൽ നിന്നെടുത്ത് പോകറ്റിലേക്കിട്ടു.

“ഞാൻ എന്തിന് വീണ്ടും അവളെ കാണാൻ പോയി. വന്നുവെന്നറിഞ്ഞിട്ടും മനസ്സിന് കടിഞ്ഞാണിട്ട് നിർത്താൻ എനിക്ക് കഴിയാത്തത് എന്ത് കൊണ്ട്. മനസ്സിൽ ഇല്ലായിരുന്നല്ലോ ഒന്നും.

സൗഹൃദം പോലും അവളുടെ വിവാഹത്തോടെ അസ്തമിച്ചതാണല്ലോ. പിന്നെ… പിന്നെന്താണ്.. വീണ്ടും കണ്ടില്ലായിരുന്നെങ്കിൽ ഇങ്ങനെ നെഞ്ച് പിടയുമായിരുന്നോ. അവളെ ഇക്കിളിയാക്കിയത് എന്തിന് .. ആ

സ്വാതന്ത്ര്യം ഞാൻ എന്തിന് വീണ്ടുമെടുത്തു.. പ്രണയമായിരുന്നോ ഞങ്ങൾ തമ്മിൽ. സൗഹൃദങ്ങൾക്കപ്പുറം എന്തൊക്കെയോ ഉള്ളിൽ കതിരിട്ടിരിന്നുവോ.. എങ്കിൽ എന്ത്‌ കൊണ്ട് ഞാനോ അവളോ തുറന്ന് പറഞ്ഞില്ല.

വിവാഹ ദിനത്തിൽ പോലും എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല. വീണ്ടും അവൾ ഓർമ്മകളിൽ എന്തേ ഉണ്ടായില്ല.. പക്ഷെ.. ഇപ്പൊ.. ഇന്ന്… അവളെ കണ്ടപ്പോൾ….അവൾ പറഞ്ഞത്

ശരിയാണോ”…അഭിനവിന്റെ നെഞ്ച് കലങ്ങി മറിഞ്ഞു. ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ അലമാലകൾ പോലെ ആഞ്ഞടിച്ചു.

“”മോനെ… ആ പെൺ വീട്ടുകാരോട് വിവരം പറയണ്ടേ””. രാത്രി അമ്മ അഭിനവിനോട് ചോദിച്ചു..

“”എനിക്ക് ഇഷ്ടായില്ല എന്ന് പറഞ്ഞേക്ക്””.. അഭിനവ് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു. അമ്മ ആശങ്കയോടെ അവനെ നോക്കി. “”ആ ദൃശ്യയാണ് മനസ്സിലെന്ന് ഞങ്ങൾക്കറിയാം.

അവൾ ബന്ധം വേർ പ്പെടുത്തി തിരിച്ചു വന്നിട്ടുണ്ട് അല്ലേ. ആ മോഹം നടക്കില്ല അഭി. അന്ന് തുറന്ന് പറയാൻ ധൈര്യം കാണിക്കണമായിരുന്നു. രണ്ടാം കെട്ടുകാരിയെ കൊണ്ട് വരേണ്ട ഗതിക്കേട് ഈ വീട്ടില് ഇല്ല””.. അവന്റെ അച്ഛൻ വിളിച്ചു പറഞ്ഞു.

അഭിനവ് തിരിഞ്ഞു നിന്നു.””അന്നോ?.. എന്ന്?.. ഞങ്ങള് തമ്മിൽ എന്താണുള്ളത്. നിങ്ങൾക്ക് ആ കുടുംബത്തോടുള്ള ബന്ധം മാത്രമേ എനിക്കുമുള്ളൂ . അന്നും ഇന്നും””..

“”മുഖത്ത് നോക്കിയിട്ട് നുണ പറയുന്നോടാ. അത്രക്ക് ദൃശ്യയോട് അടുത്തിടപഴകിയിട്ട് നിനക്ക് അവളോട് ഒന്നും ഉണ്ടായിട്ടില്ല അല്ലേ””.. അമ്മ പറഞ്ഞു. അഭിനവ് പിന്നെ ഒന്നും

മിണ്ടിയില്ല. ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരങ്ങൾ ആലോചിച്ചു കൊണ്ട് ഉറക്കം വരാതെ രാത്രി മുഴുവൻ അവൻ എഴുന്നേറ്റു നടന്നു.

ദൃശ്യയും നിദ്രയെ പുൽകാതെ മിഴിഞ്ഞ മിഴികളുമായി തണുത്ത പുലർ കാലത്തെ വരവേറ്റു. അവൾ എഴുന്നേറ്റു പൂന്തോട്ടത്തിൽ പോയിരുന്നു. പൂക്കളെ നോക്കി ചിരിച്ചെന്നു വരുത്തി. പിന്നെ ഗേറ്റിന് മുന്നിൽ ചെന്നു അഭിനവിന്റെ പ്രഭാത നടത്തം പ്രതീക്ഷിച്ചു നിന്നു.

നേരമേറെ കഴിഞ്ഞിട്ടും അഭിനവ് വന്നില്ല. പൂണ്ടു കയറിയ നിരാശയേ അവൾ അവൾ പാതി വെച്ചു തടഞ്ഞു നിർത്തി. അവൾ തിരിച്ചു പൂന്തോട്ടത്തിലേക്ക് പോയി ഊഞ്ഞാലിൽ ഇരുന്നു.

“”ഇന്നലെ അങ്ങനെ പറയണ്ടായിരുന്നു. ഇനിയിപ്പൊ ഒരു നോക്ക് പോലും കാണാൻ പറ്റുമോ ആവോ. ഇനി അവൻ ഈ വഴി വരില്ലേ. പ്രണയം എന്നൊരു വാക്ക് ഞങ്ങൾക്കിടയിൽ ആദ്യം

മൊഴിഞ്ഞത് ഞാനല്ലേ. അപ്പൊ ഞാനല്ലേ തെറ്റു കാരി. പ്രണയമാണത്രേ.. ഹും””. ദൃശ്യ വിരിഞ്ഞ പൂക്കളോട് മന്ത്രിച്ചു.

“”എനിക്ക് ഭ്രാന്താകുന്നുണ്ടോ പൂക്കളെ. ആരോടാ ഞാനീ പറയുന്നേ. പ്രണയത്തിന്റെ ചിഹ്നങ്ങളായി ലോകം മുഴുവൻ വാഴ്ത്തി പാടുന്ന നിങ്ങളോടോ. നല്ല കാര്യായി..ഇന്നലെ ഒരു പൂ പറിച്ചു അഭിനവ് എന്റെ കയ്യിൽ തന്നിരുന്നെങ്കിൽ””.. അവൾ വെറുതെ ചിരിച്ചു.

“”ആഹാ.. വീണ്ടും തുടങ്ങിയോ ഈ പൂക്കളോടുള്ള കിന്നാരം പറച്ചിൽ. നീ പോയേ പിന്നെ അവറ്റകൾക്ക് മിണ്ടാനും പറയാനും ആളില്ലാതായി. ഇപ്പൊ ശരിയായി””. ദൃശ്യയുടെ അമ്മ പുറകിൽ വന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. അവളും ചിരിച്ചു.

“”മനസ്സറിയാതെ പ്രണയം മുള പൊട്ടുമോ. എന്റെ നിറഞ്ഞ മാറിടങ്ങളെ അവൻ മുഖത്ത് നോക്കി പുകഴ്ത്തിയിട്ടില്ലേ അന്നൊരിക്കൽ. ശരീര വടിവുകളെ പലവുരു പ്രശംസിച്ചിട്ടില്ലേ. പൊക്കിൾ

മറക്കാതെ സാരി ഉടുത്തതിന് അവൻ ശാസിച്ചിട്ടില്ലേ. ഇറക്കി വെട്ടിയ ബ്ലൗസ് ധരിച്ചതിനും, ഇറുക്കമുള്ള ചുരിദാർ ധരിച്ചതിനും പലക്കുറി ചീത്ത വിളിച്ചിട്ടില്ലേ. അങ്ങനെയൊക്കെ പറയാൻ, ആ സ്വാതന്ത്ര്യമെടുക്കാൻ മാത്രം സൗഹൃദം

വളരുമോ. അത് അനുരാഗമല്ലാതെ മറ്റെന്താണ്. സ്വാർത്ഥത പ്രണയത്തിന്റെ വേറൊരു മറു വാക്കല്ലേ.. അതേ.. അവനെന്നോട് പ്രണയമായിരുന്നു. എനിക്കവനോടും.. ഉറപ്പാണ്”.. അവൾ എഴുന്നേറ്റു.

“ഞാനെന്തിനാണ് ഇന്ന് വഴിമാറി നടന്നത്. ഒരു നോക്ക് കാണാൻ അവളുടെ വീടിനു മുന്നിൽ കൂടി നടന്നാൽ മതിയായിരുന്നു. ഒന്നും മിണ്ടാതിരുന്നാൽ മതിയായിരുന്നല്ലോ. വെറുതെയൊരു കൺ നോട്ടം കണ്ടാൽ മതി.

ഈ നെഞ്ചിലെ വിങ്ങൽ മാറുമായിരുന്നു. എനിക്കുറപ്പാണ് അവൾ ഇന്നും എന്നെ കാത്ത് നിന്നിട്ടുണ്ടാവും. ഇതിപ്പോ വല്ലാത്തൊരു നീറ്റലും പുകച്ചിലും മനസ്സില്…അതേ.. ഉറപ്പാണ്…ഞങ്ങൾ

പ്രണയിക്കുകയായിരുന്നു. എന്തിനാണ് ഞാനീ അഭിനയിക്കുന്നത്”.വഴി മാറി നടന്ന പ്രഭാത നടത്തത്തിനിടെ അഭിനവ് ഓർത്തു. അവൻ തളർന്നു ഒരു ബെഞ്ചിൽ ഇരുന്നു.

പിറ്റേന്നും ദൃശ്യ തീരെ പ്രതീക്ഷയില്ലെങ്കിലും അതിരാവിലെ അവനെ കാത്ത് പൂന്തോട്ടത്തിൽ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ മതിലിനു മുകളിൽ കൂടി അഭിനവിന്റെ തല പൊങ്ങി താഴ്ന്നു. അവളുടെ മുഖം വിടർന്നു തുടുത്തു

ഷോണിമയാർന്നു. മനസ്സ് നിറഞ്ഞു തുളുമ്പി പുറത്തേക്കൊഴുകി. ഗേറ്റിലെ അഴികൾക്കിടയിലൂടെ അവനെ നോക്കി കൈ കെട്ടി നിന്നു. ചുണ്ടിലൊരു പുഞ്ചിരി വന്നും പോയുമിരുന്നു.

ഒരു മിന്നായം പോലെ അവൻ ഗേറ്റിനു മുന്നിലൂടെ ഓടി. പെട്ടെന്ന് തല വെട്ടിച്ചു അവളെ ഒരു നോട്ടം നോക്കി വീണ്ടും ഓടി.ദൃശ്യയിൽ നിരാശ നുഴഞ്ഞു കയറി..

“”ഹേയ്.. അവിടെ നിൽക്ക്””… അവൾ ഉറക്കെ വിളിച്ചു. ഓടി പോയി ഗേറ്റ് തുറന്നു റോഡിലേക്കിറങ്ങി. അഭിനവ് നിന്നു തിരിഞ്ഞു നോക്കി. അവന്റെ ഉള്ള് പട പടാ മിടിച്ചു. അവൾ അവനെ മാടി വിളിച്ചു. അവൻ താഴേക്ക് നോക്കി പതുക്കെ നടന്നു ചെന്നു..

“”എന്താണ് അഭീ കണ്ടിട്ടും കാണാത്ത പോലെ പോവുന്നത്””.. ദൃശ്യയുടെ സ്വരം ചെറുതായി പതറിയിരുന്നു. കൺ തടങ്ങളിൽ ഊറിയ കണ്ണീർ വീഴ്ത്താൻ അവൾ പോളകൾ ഒന്ന് ചിമ്മിയടച്ചു. പിന്നെയൊന്ന് നിറഞ്ഞു ചിരിച്ചു.

“”അത്… ഞാൻ… ശരിക്കും കണ്ടില്ല””.. അവൻ വാക്കുകൾ മനസ്സിൽ ഒളിപ്പിച്ചു.””അത്?… ഏത്?…എന്തിനാ ഈ നടനം. നീ വാ””. ദൃശ്യ കണ്ണുകൾ തുടച്ചു കൊണ്ട് ഗേറ്റ് കടന്നു നടന്നു. കൈകൾ കെട്ടി അഭിനവും പുറകേ നടന്നു. അവർ പൂന്തോട്ടത്തിലെത്തി.

“”എന്തായി നിന്റെ പെണ്ണന്വേഷണം. ആരെയെങ്കിലും ഇഷ്ടപ്പെട്ടോ?””.. ദൃശ്യ ചോദിച്ചു.””ഇല്ല.. ഒന്നും ശരിയായില്ല””.. അവൻ മുഖം ഉയർത്താതെ മറുപടി പറഞ്ഞു.

“”അഭീ.. എന്റെ അഴകളവുകളെ പോലും പുകഴ്ത്തി സംസാരിക്കാൻ മടിയില്ലാത്ത നീ ഇപ്പൊ എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ലേ. ആ പഴയ സൗഹൃദം പോലും അന്നത്തെ എന്റെ സംസാരത്തിൽ ഇല്ലാതായോ””..ദൃശ്യ ചോദിച്ചു.

അഭിനവിന്റെ നെഞ്ചിൽ ഒരു മിന്നൽ പാഞ്ഞു. അവൻ മെല്ലെ മുഖമുയർത്തി അവളെ നോക്കി. അവൾ പല്ലുകൾ വെളിയിൽ കാൺകെ ചിരിച്ചു. അവനും ചിരിച്ചു. കണ്ണുകളിൽ നോക്കി കുറച്ചു

നിമിഷങ്ങൾ അവർ ഒന്നും മിണ്ടാതെ നിന്നു. ദൃശ്യ ഒന്നു തിരിഞ്ഞു നിന്നു ഒരു റോസാ പൂ പറിച്ചു അഭിനവിന് നേരെ നീട്ടി.

“”കുറച്ചു പഴഞ്ചൻ ഏർപ്പാടാണിത് എന്നെനിക്കറിയാം. എന്നാലും നീ ഇത് വാങ്ങ്. നമ്മുടെ ഉള്ളൊന്ന് കുളിർക്കട്ടെ. നിന്റെ മുഖം കണ്ടാൽ അറിയാം. രണ്ട് ദിവസം ഉറങ്ങിയിട്ടില്ല എന്ന്. ഞാനും””..

അഭിനവ് ആ പൂവ് പതുക്കെ കൈ നീട്ടി വാങ്ങി. “”ദാ.. എന്റെ ജീവനായ ഈ പൂക്കളാണ് സത്യം. നമ്മൾ അറിയാതെ..ഇരു ഹൃദയങ്ങളും അറിയാതെ.. നമ്മൾ പ്രണയിക്കുകയായിരുന്നു.

ഈ സത്യം നിഷേധിക്കാൻ വല്ല ന്യായവും നിനക്കുണ്ടോ?””..ദൃശ്യയുടെ കൃഷ്ണമണികൾ വികസിച്ചു വലുതായി. മുഖം ചുവന്നു തുടുത്തു ലാസ്യ ഭാവമാർന്നു.

അഭിനവ് തെല്ല് നേരം മൗനിയായി. “”ഈ വാടിക്കരിയുന്ന പൂക്കളെ വെച്ചിട്ടാണോ സത്യം ചെയ്യുന്നത്. പൂക്കളെ പോലെ പ്രണയവും വാടി കരിഞ്ഞാലോ””.. അഭിനവ് ചിരിച്ചു കൊണ്ട് പറഞ്ഞു. ദൃശ്യയും ചിരിച്ചു.

“”ഇത് വരെ വാടി കരിഞ്ഞില്ലല്ലോ. പ്രണയം മൊട്ടിട്ടിട്ടും ഈ പൂവാടിയിൽ എത്ര പൂക്കൾ വാടി കരിഞ്ഞു. എന്നിട്ടും ഇത് വരെ വിരിഞ്ഞില്ലല്ലോ നമ്മുടെ പ്രണയ പൂമൊട്ടുകൾ. വിരിയട്ടെ ആദ്യം. പിന്നെയല്ലെ വാടുന്നത്””..ദൃശ്യ ചിരിക്കിടെ പറഞ്ഞു.

“”എപ്പോഴേ വിരിഞ്ഞിരിക്കുന്നു. സുഗന്ധം മാത്രം പുറത്തേക്ക് വന്നില്ല എന്നല്ലേയുള്ളൂ..സൗഹൃദങ്ങൾക്കിടയിൽ പ്രണയം വിരിഞ്ഞാൽ വല്ലാത്തൊരു പ്രയാസമാണ്.. അല്ലേ””..അഭിനവ് പറഞ്ഞു.

ദൃശ്യ പതുക്കെ തല കുലുക്കി..””നമ്മൾ വൈകിയോ?””.. അവൾ ചോദിച്ചു.””കുറച്ച്… അതിന് ഇത് പ്രണയം ആണെന്ന് തിരിച്ചറിയേണ്ടേ. നീ പോയപ്പോഴാണ് പലതും നഷ്ടപെട്ട പോലെ തോന്നിയത്. ഒന്നിനും ഒരു താല്പര്യമുണ്ടായിരുന്നില്ല.

എന്താണ് എന്നാലോചിച്ചു എന്നും മനസ്സ് അസ്വസ്ഥമാവും. എല്ലാം ചെയ്താലും എന്തൊക്കെയോ മറന്ന പോലെ””.. അഭിനവ് പറഞ്ഞു.

“”എനിക്ക് അങ്ങനെ ഒന്നുമില്ല. അക്ഷയ്നെ ഇഷ്ടമായിരുന്നു. നിന്റെ ചിന്തകൾ ഒരിക്കൽ പോലും അലട്ടിയിട്ടില്ല..പക്ഷേ…ഞങ്ങൾക്കിടയിൽ വല്ലാത്തൊരു അകലം ആദ്യരാത്രി മുതൽക്കേ എനിക്കനുഭവപ്പെട്ടു.

അത് തളരുകയല്ല ഉണ്ടായത്. അനുദിനം വളർന്നു. മടുപ്പ് മാറ്റാൻ ഒരു പൂവോ പൂക്കളോ പൂന്തോട്ടമോ എനിക്കവിടെ ഒരുക്കി തന്നില്ല. ഞാൻ ആവശ്യപെട്ടിട്ട് പോലും…ഇവിടെ വന്നപ്പോഴാണ് ഈ

പൂന്തോട്ടത്തിനേക്കാൾ എന്തൊക്കെയോ ഒരു കുറവ് എനിക്കനുഭവപ്പെട്ടത്.. അത്.. അത് നീയായിരുന്നു. നിന്നെ കണ്ടപ്പോൾ ആ കുറവ് നികന്നത് പോലെ””.. ദൃശ്യ പറഞ്ഞു…

അഭിനവ് ചിരിച്ചു. ദൃശ്യയും അഭിനവും ആ മലർവാടിയിലൂടെ നടന്നു. കിന്നാരവും പുന്നാരവും അവിടെ തത്തി കളിച്ചു. “”ഡിവോഴ്സ് ഉടൻ ആവും അഭീ””.. ദൃശ്യ പറഞ്ഞു.

അഭിനവ് ഒന്ന് ഇരുത്തി മൂളി. “”ഇനിയെന്താ പരിപാടി””.. അഭിനവ് ചോദിച്ചു…””എന്തെങ്കിലും ജോലിക്ക് ശ്രമിക്കണം. അല്ലാതെ എന്ത്‌ ചെയ്യാനാ””. ദൃശ്യ ഒരു നെടുവീർപ്പോടെ പറഞ്ഞു.

“”ഒരു ഫോൺ കോൾ പോലും നീ വിളിച്ചില്ലല്ലോ ഞാൻ പോയിട്ട്””.ദൃശ്യ ചോദിച്ചു.

“”നീ വിളിച്ചോ.. ഇല്ലല്ലോ..നമ്മൾ രണ്ട് പേരും ഒരു പോലാണ്””..””ആണോ””… ദൃശ്യ പൊട്ടി ചിരിച്ചു.

ബാൽകണിയിൽ നിന്നും മൃദുൽ ഒരു മന്ദഹാസത്തോടെ എല്ലാം നോക്കി നിന്നു. അയാളുടെ ഉള്ളൊന്ന് കുളിർത്തു. “”ഇതൊക്കെ കണ്ടു ചിരിക്കുന്നോ. ഇവൻ മനസ്സിൽ ഉള്ളത് കൊണ്ടാവാം ദൃശ്യ അക്ഷയ് യെ ഒഴിവാക്കി പോന്നത്.. കഷ്ടം””.. മൃദുലിന്റെ ഭാര്യ പറഞ്ഞു.

മൃദുൽ ചിരിച്ചു…””നിനക്കെന്തറിയാം അവരെ കുറിച്ച്.. ഓർമ്മ വെച്ച നാള് മുതല് ഇവര് ഇങ്ങനെയാണ്. അത് പ്രണയത്തിലേക്ക് വഴി മാറുന്നെങ്കിൽ എന്തത്ഭുതം. അക്ഷയ്.. അവനെ കുറിച്ച് ഞാൻ അന്വേഷിച്ചു.

എന്തോ എല്ലാർക്കും അന്ന് തെറ്റ് പറ്റി.അവൾ എടുത്ത തീരുമാനം തന്നെയായിരുന്നു ശരി.. പക്ഷേ.. ദൃശ്യയും അഭിനവും കൂട്ട് എന്നതിലപ്പുറം ഒരു ഇഷ്ടം

അന്ന് ഉണ്ടായിരുന്നുവെങ്കിൽ നമ്മളത് മനസ്സിലാക്കാൻ വൈകി. അവരായിട്ട് പറഞ്ഞതുമില്ല. നമുക്ക് അവിടെയും തെറ്റി””.. മൃദുൽ പറഞ്ഞു.

“”ഒരു വിവാഹത്തിന് അഭിനവിന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ മൃദുൽ””..മൃദുലിന്റെ ഭാര്യ ചോദിച്ചു.

“”ദൃശ്യയെ അവർക്ക് വലിയ കാര്യമായിരുന്നു. ആ സ്നേഹം ഇപ്പോഴും ഉണ്ടാവും. ഇപ്പൊ അവർ സ്നേഹിക്കട്ടെ.. പ്രണയിക്കട്ടെ.. കൊതി തീരും വരെ പ്രിയങ്കരങ്ങൾ കൈമാറട്ടെ.

ഒരിക്കൽ നഷ്ടപെടുത്തിയതാണവർ പ്രണയത്തെ. സൗഹൃദത്തിന്റെ അംശം മാറി പൂർണ്ണമായും അനുരാഗത്തിലേക്ക്‌ അവർ വീഴട്ടെ. എന്നിട്ട് ഇരുവർക്കും സമ്മതമാണെങ്കിൽ അവർ ഒന്നിക്കട്ടെ..

ആ ഒന്നിക്കലിന് ഒന്നും തടസ്സമാകില്ല. പ്രണയം അങ്ങനെയാണ്. പ്രണയത്തെ കുറിച്ച് നിന്നോട് ഞാൻ കൂടുതൽ വിശദീകരിക്കണോ?””.മൃദുൽ ചോദിച്ചു. ഭാര്യ നാണത്താൽ ചിരിച്ചു..

ഇരു വരും കിനാക്കൾ കണ്ടും കേട്ടും പറഞ്ഞും വീണ്ടും വീണ്ടും അവളുടെ പൂവാടിയിൽ സംഗമിച്ചു. ആ മലർ വാടിയിൽ പുതിയ പൂക്കൾ വീണ്ടും വിരിഞ്ഞു. ദിവസങ്ങൾ വാടിയ

റോസാപൂവിതളുകൾ പോലെ കോഴിയവേ പ്രണയം പുതിയ പൂവുകളെ വരവേറ്റു. കാല്പനിക ഭാവത്തോടെ ആ പൂന്തോട്ടവും അവരുടെ പ്രണയവും വീണ്ടും പുതുമ തേടി അലഞ്ഞു.

“”നമ്മുടെ സ്നേഹം നമ്മൾ മാത്രമാണോ തിരിച്ചറിയാൻ വൈകിയത്. നാട്ടുക്കാർ പണ്ടേ ആഘോഷിച്ച് പാടി നടക്കുന്നുണ്ട്. നമ്മൾ പ്രേമമാണെന്ന്. എനിക്കതാണ് കൗതുകം തോന്നുന്നത്””.. ഒരിക്കൽ അഭിനവ് ദൃശ്യയോട് പറഞ്ഞു.

ദൃശ്യ പൊട്ടി ചിരിച്ചു. “”അഭീ… എന്റെ ചെവിയിലും ആ വാർത്തയെത്തി. അക്ഷയ് യുടെ വീട്ടിൽ ആയിരുന്ന സമയത്ത്. ഞാൻ ആ വിവാഹത്തിന് സമ്മതിക്കുമ്പോൾ എന്തായിരുന്നു എന്റെ

മനസ്സിലെന്ന്..എനിക്കറിയില്ല. ഇപ്പൊ ഓർക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്നു. വെറുതേ ഒരു ചടങ്ങ് കഴിഞ്ഞ പോലെ. നിനക്കെന്നോട് വെറുപ്പുണ്ടോ?””.ദൃശ്യ ചോദിച്ചു.

“”എന്തിന് വെറുപ്പ്. എനിക്കും ഇപ്പോഴും അറിയില്ല ആ സമയത്ത് എന്റെ മനസ്സിലെന്താണെന്ന്. കൂട്ടുകാരിയുടെ വിവാഹം എന്നതിൽ കവിഞ്ഞൊന്നും അപ്പൊ മനസ്സിൽ വന്നില്ല..

ഒന്ന് ചോദിക്കട്ടെ.. അക്ഷയ്ക്ക് എന്നെ അറിയുമോ?. നമ്മുടെ സൗഹൃദം അറിയുമോ?””..അഭിനവ് ചോദിച്ചു.

“”അതെനിക്കറിയില്ല. ആരെങ്കിലും വഴി അറിഞ്ഞിട്ടും എന്നോട് മിണ്ടാത്തതാണോ എന്നും അറിയില്ല. അറിയാതിരിക്കാനും തരമില്ല””. ദൃശ്യ പറഞ്ഞു.

“”അക്ഷയ് ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ ചിലപ്പോൾ ചിലപ്പോൾ ഞാനും ഒരു കാരണമാകാം.. അല്ലേ””.. അഭിനവ് ചോദിച്ചു.

“”ആയിരിക്കാം.. ചിലപ്പോൾ അല്ലായിരിക്കാം. പക്ഷെ.. ഞാൻ ഒപ്പിടാൻ കാരണം നീയല്ല. നമ്മൾ സ്നേഹിക്കാൻ ബാക്കി വെച്ചത് നിന്നെ വീണ്ടും കണ്ടപ്പോൾ വീണ്ടും മുളപ്പൊട്ടിയതാണ്.

ചില മറവികൾ പൊടി തട്ടിയെടുത്താൽ ചിലപ്പോൾ നല്ല തിളക്കമായിരിക്കും. ഏതോ നിശ്ചയം പോലെ നമ്മൾ ഒരുമിച്ചു. സൗഹൃദം അല്ല.. പ്രണയത്താൽ ഒന്നിച്ചു””.. ദൃശ്യ പുളകിതയായി. ഇരു വരും കൈകൾ

കോർത്തു പിടിച്ചു ആ പൂവാടിയിലൂടെ നടന്നു. അവന്റെ തോളിലേക്ക് അവൾ പതുക്കെ തല ചായ്ച്ചു. അവൻ അവളെ അരക്കെട്ടിൽ ചുറ്റി പിടിച്ചു കൂടുതൽ ചേർത്തു പിടിച്ചു.

””ഞങ്ങൾ തമ്മിൽ ശാരീരിക ബന്ധമൊന്നും നടന്നിട്ടില്ലാട്ടോ. ആ ഒരു മാന്യത അക്ഷയ് കാണിച്ചു””. ദൃശ്യ പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു.

“”ഞാൻ ഒന്നും ചോദിച്ചില്ലല്ലോ””.. അഭിനവ് നീരസത്തോടെ പറഞ്ഞു.””ഇല്ല.. എങ്കിലും ഞാൻ പറഞ്ഞു. നീയൊരാണല്ലേ. സംശയമുണ്ടെങ്കിലോ””..ഇത് കേട്ട അഭിനവ് ഊറി ചിരിച്ചു.

പ്രണയപൂർവ്വമുള്ള അവരുടെ അലച്ചിനൊടുവിൽ അവസാനം പ്രതിസന്ധികളുടെ മഞ്ഞുരുകി തുടങ്ങി. വൈകാതെ അവർ ഒന്നിച്ചൊരു പൂവാടി കൂടി അഭിനവിന്റെ വീട്ടിൽ തീർത്തു. വീണ്ടും പ്രണയ പൂക്കൾ മൊട്ടിട്ടു വിരിഞ്ഞു..

 

Leave a Reply

Your email address will not be published. Required fields are marked *