കലാലയ മുറ്റത്തെ വാകമര ചുവട്ടിൽ 5 വർഷങ്ങൾക്കു ശേഷം ഞാൻ അവനെ കാത്തിരുന്നു. പറയാതെ പോയ എന്റെ പ്രണയത്തെ……… എന്റെ സഖാവിനെ…. പ്രണയിച്ചു കൊതി തീരും മുന്നേ കാലം എന്നിൽ നിന്നും അകറ്റിയ എന്റെ പ്രാണനെ…..
വേനൽ ചൂടിൽ പൊള്ളി ചുവന്നു നിൽക്കുന്ന വാകപ്പൂക്കൾ എന്റെ മേൽ വീണ് കൊണ്ടേ ഇരുന്നു.
നിന്നോടുള്ള എന്റെ പ്രണയം വാകപ്പൂക്കൾ പോലെ ആണ് സഖാവെ…… അതിനു രക്തത്തിന്റെ വർണ്ണമാണ്. സൂര്യന്റെ തീച്ചൂടേട്ടു ചുവന്നു തുടുത്ത വാകപ്പൂക്കൾ ആണെനിക്ക് നിനക്ക് തരാനുള്ള സമ്മാനം…..
നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷം ഒരു ഗെറ്റ് ടുഗെതെറിനായി ഈ കലാലയത്തിന്റെ പടികൾ ചവിട്ടുമ്പോൾ പോയ കാലത്തിന്റെ സ്മരണകൾ എന്റെ ഹൃദയത്തെ തീ പോലെ പൊള്ളിച്ചു.
തിരിച്ചു കിട്ടില്ല എന്നുറപ്പുള്ള എന്റെ പ്രണയത്തെ ഞാൻ ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുന്നു.
പരിപാടി തുടങ്ങാനായി എന്നാരോ പറയുന്നത് കേട്ടു ഞാൻ ഹാളിലേക്ക് കയറി ഇരുന്നു. പഴയ സുഹൃത്തുക്കളോടൊക്കെ വിശേഷം പറയുമ്പോളും ഞാൻ തേടിയത് എന്റെ സഖാവിനെ ആയിരുന്നു…….
അവസാനം ഞാൻ കണ്ടു വാതിൽ പടിയിൽ എന്റെ സഖാവിനെ………. ജുബ്ബയും മുണ്ടും പിന്നെ തോളിലിട്ടിരിക്കുന്ന സഞ്ചിയും സഖാവിനു കാഴ്ചയിൽ കൂടുതൽ പ്രായം തോന്നിച്ചു. പക്ഷെ ആ കണ്ണുകളിലെ തിളക്കം ഇന്നും മാഞ്ഞിട്ടില്ല.
പരിപാടി കഴിഞ്ഞു എല്ലാവരും പോയിട്ടും ഞാൻ അൽപനേരം കൂടി ആ വാകമരച്ചുവട്ടിൽ ഇരുന്നു. മാനം കറുത്ത് തുടങ്ങിയിരുന്നു. നഷ്ട പ്രണയത്തിന്റെ ഓർമ പോലെ ഓരോ വാകപ്പൂകളും എന്നിൽ പതിച്ചു കൊണ്ടിരുന്നു………
ഒടുങ്ങാത്ത പ്രണയമാണ് എനിക്ക് സഖാവിനോടും വാകപ്പൂക്കളോടും………..
അടുത്താരോ വന്നിരിക്കുന്നത് പോലെ തോന്നി…
നോക്കാതെ തന്നെ എനിക്കറിയാം ഇതെന്റെ സഖാവാണെന്നു…….
സഖാവിന്റെ മണവും ശബ്ദവും എന്തിനു നിശ്വാസം പോലും എനിക്ക് ഏത് ദൂരെ നിന്നാലും അറിയാം………
” എല്ലാവരും പോയി….. താൻ പോവുന്നില്ലേ “?
“കുറച്ചു കഴിയട്ടെ സഖാവെ……… ഈ കലാലയത്തിനും വാകപ്പൂകൾക്കും എന്നോടെന്തോ പറയാൻ ഉള്ള പോലെ……… ”
വീണ്ടും മൗനം ഞങ്ങൾക്കിടയിൽ വിജയത്തിന്റെ കൊടി നാട്ടി……………
” പിന്നെ സഖാവിന്റെ സഖി എവിടെ? മക്കളെ ഒന്നും കൊണ്ടു വന്നില്ലേ? ”
അതിനു സഖാവ് ഒന്നു പുഞ്ചിരിച്ചു.
” കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ കലാലയത്തിൽ നിന്നെനിക്കൊരു വാകപ്പൂവ് കിട്ടി. ഇന്നത്തെന്റെ നെഞ്ചിൽ പടർന്നു പന്തലിച്ചു കിടക്കുന്നുണ്ട്. പക്ഷെ ഒരു കുറവ് മാത്രം അതിനിത് വരെ ഒരു വാകപ്പൂവ് പോലും എനിക്ക് സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല………”
ഞാൻ സംശയത്തോടെ സഖാവിനെ നോക്കി.
” എനിക്കിഷ്ട്ടം സൂര്യനാവാൻ ആണ്.കാരണം വാകപ്പൂക്കൾ പ്രണയിക്കുന്നത് സൂര്യനെ ആണ്. സൂര്യ രശ്മികൾ കൊണ്ടുള്ള ചുംബനമേറ്റാണ് അവ ഇത്രയും ചുവന്നത്………………… ”
“സഖാവ് എന്താണ് പറഞ്ഞ് വരുന്നത്? ”
” എന്റെ ഉള്ളിലെ വാകമരം പൂക്കണമെങ്കിൽ നീ വേണം എന്റെ കൂടെ……………. എന്റെ പ്രാണനായി…… എന്റെ പ്രണയമായി………..
തൊലി ചുളിഞ്ഞു കണ്ണിലെ തിളക്കം മായാൻ തുടങ്ങുമ്പോൾ നിന്റെ മടിയിലിരുന്നു വേണം എന്റെ നെഞ്ചിലെ വാകമരത്തിലെ അവസാന പൂവും കൊഴിഞ്ഞു വീഴാൻ …………. അവസാനം ആറടി മണ്ണിൽ ഞാൻ ഈ ഭൂമിയോട് ചേരുമ്പോൾ, നനഞ്ഞു കുതിർന്ന മണ്ണിൽ തളർന്നു വീഴാൻ ഒരു വാകപ്പൂവ് പോലെ നീ വേണം…………..”
മനസ്സ് നിറഞ്ഞു ഞാൻ ആ നെഞ്ചിലേക്ക് തല ചായ്ച്ചു……. അപ്പോഴേനിക്ക് കാണാമായിരുന്നു ആ നെഞ്ചിലെ വാകമരം. പൂക്കുന്നത്………… രക്തവര്ണത്തിലുള്ള വാകപ്പൂക്കളാണ് സഖാവെ നിനക്കുള്ള എന്റെ സമ്മാനം…………..
കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ ഇന്നിതാ എന്റെ ഒരു കൈയ്യിൽ എന്റെ പ്രണയമുണ്ട്………….. മറുകൈയ്യിൽ എന്റെ പ്രണയത്തെ എനിക്ക് തന്ന……… വാകപ്പൂക്കളും………….
അവസാനിച്ചു……..
രചന : ദേവി
