ഡിവോഴ്സ് പെറ്റീഷൻ
“ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! ഇയാളുടെ തമിഴത്തികളുമായുള്ള ബന്ധം അവസാനിപ്പിച്ചെ ഞാൻ അടങ്ങു. നാളെ തന്നെ ഡിവോഴ്സ് പെറ്റീഷൻ കൊടുക്കണം. ” നീലിമ കലികൊണ്ടുതുള്ളി. കോപം കൊണ്ട് അവളുടെ പുരികകൊടികൾ വില്ലുപോലെ വളഞ്ഞു.ദോശക്കല്ലെടുത്ത് അയാളുടെ തല യിലടിക്കാൻ ഒരുവേള അവൾ ചിന്തിച്ചു. “വേണ്ട. അതിനേക്കാൾ നല്ലത് നാലാളുകളുടെ മുന്നിൽ ഇയാളെ നാറ്റിക്കുന്നതാണ് .ഡിവോഴ്സ് പെറ്റീഷൻ കോടതി മുമ്പാകെ വരുമ്പോൾ അയാൾ നാണം കൊണ്ട് തലകുനിക്കും. എല്ലാവരുടെയും കണ്ണിലുണ്ണിയായ ഇയാൾ അപമാന ഭാരത്താൽ ഒളിച്ചോടും. “അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. “ഞാനൊരു മണ്ടിപ്പെണ്ണായതുകൊണ്ട് എന്നെ എപ്പോഴും പറ്റിക്കാമെന്നാണോ ഇയാൾ വിചാരിക്കുന്നത്. അന്നേ എൻ്റെ കൂട്ടുകാരികൾ പറഞ്ഞതാണ് ഇയാളെ പോലെ സുന്ദരനായ ഒരാൾ നിനക്ക് ചേരില്ലെന്ന്. ഞാനത് അയാളോടും പറഞ്ഞതാണ്. അന്ന് ഇയാൾ പറഞ്ഞതെന്താണ് ?സൗന്ദര്യത്തില്ലൊന്നും വലിയ കഥയില്ലെന്നും കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യമെന്നും അതുകൊണ്ടാണ് ഒരു കഴുതയ്ക്ക് മറ്റൊരു കഴുത സുന്ദരനും സുന്ദരിയുമായി തോന്നുന്നതെന്നും സ്നേഹമുണ്ടെങ്കിൽ സൗന്ദര്യം താനെ വന്നുകൊള്ളുമെന്നുമൊക്കെയാണ്. ഞാൻ അയാളുടെ വാക്കുകൾ കേട്ട് വിശ്വസിച്ചു .എല്ലാം എൻ്റെ മണ്ടത്തരം.നാളെത്തന്നെ മോഹനൻ വക്കീലിനെ കണ്ടു പെറ്റീഷൻ കൊടുക്കണം”
അർദ്ധരാത്രി കിടക്കയിൽ എഴുന്നേറ്റിരുന്ന് നീലിമ അത്മഗതം ചെയ്യുമ്പോഴും ഇതൊന്നുമറിയാതെ അവളുടെ ഭർത്താവ് ബാബുരാജ് സ്വസ്ഥമായി കിടന്നുറങ്ങുകയായിരുന്നു.
പിറ്റേദിവസം ബാബുരാജ് കോളേജിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ നീലിമ വസ്ത്രം മാറുന്നതാണ് കണ്ടത്. “ഹലോ മോളൂസെ ഇന്ന് ഏങ്ങോട്ടാണ് യാത്ര? ” അയാൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
അവൾ മറുപടിയൊന്നും പറഞ്ഞില്ല പകരം അയാളെ രൂക്ഷമായി നോക്കി. “ഇന്ന് വലിയ ദേഷ്യത്തിൽ ആണല്ലോ ! എന്തുപറ്റി ?”
അയാൾ വീണ്ടും ചോദിച്ചു.
“എനിക്ക് ദേഷ്യം പിടിച്ചാൽ നിങ്ങൾക്കെന്താ ?നിങ്ങൾക്ക് എപ്പോഴും കോളേജിനെയും കുട്ടികളെയും കുറിച്ച് ചിന്തിച്ചാൽ മതിയല്ലോ. ഞാനിന്ന് ഒരു വക്കീലിനെ കാണാൻ പോകുകയാ.
ഒരു ഡിവോഴ്സ് പെറ്റീഷൻ കൊടുക്കണം”
“വക്കീലിനെ വെറുതെ കാണാൻ പറ്റില്ലട്ടോ, പണം കൊടുക്കണം. കാശ് വേണമെങ്കിൽ അലമാരയിലുണ്ട് എടുത്തോളൂ .ഇനിയും താമസിച്ചാൽ എൻ്റെ കുട്ടികൾ അനാഥരാകും. ” ചിരിച്ചുകൊണ്ട് അയാൾ കാറിലേക്ക് നടന്നു.
“ഇയാൾ എന്തൊരു മനുഷ്യനാ. ഡിവോഴ്സ് പെറ്റീഷൻ കൊടുക്കുമെന്ന് പറഞ്ഞിട്ട് പോലും ഒരു കൂസലുമില്ല “അവളുടെ ദേഷ്യം ഇരട്ടിച്ചു.ആൾകണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ സ്വയം നോക്കി.നെറ്റിയിൽ ഇട്ടിരിക്കുന്ന സിന്ദൂരം അവൾ മായ്ച്ചു കളഞ്ഞു.പിന്നീട് ചിന്തിച്ചു ” എന്തിന് മായിക്കണം ഡിവോഴ്സ് കിട്ടുന്നതുവരെ ഞാൻ അയാളുടെ ഭാര്യയല്ലേ ?”അവൾ വീണ്ടും സിന്ദൂരം നെറ്റിയിൽ ചാർത്തി. ഉറച്ച കാൽവെപ്പോടെ അവൾ വക്കീൽ ഓഫീസ് ലക്ഷ്യമാക്കി നടന്നു. അഡ്വക്കേറ്റ് മോഹനൻ നാട്ടിലെ അറിയപ്പെടുന്ന കുടുംബ കോടതിയിലെ വക്കീലാണ്.കുടുംബം കലക്കി വക്കിൽ എന്നാണ് അയാൾ അറിയപ്പെടുന്നത് . ഡിവോഴ്സ് വാങ്ങിച്ചു കൊടുക്കുന്നത് പ്രഗൽഭനാണ് അയാൾ. തടി ചുരുണ്ട പ്രകൃതം നെറ്റിയിൽ ഭസ്മക്കുറി .അയാളുടെ കുലുങ്ങി കുലുങ്ങിയുള്ള ചിരി കാണുമ്പോൾ കടലിലെ തിരയിളക്കം പോലെ തോന്നും.ചക്കപ്പഴത്തിൽ ഈച്ച പൊതിഞ്ഞിരിക്കുന്നത് പോലെ രാവിലെതന്നെ വക്കാലത്തുമായി ഒരുപാട് വന്നിട്ടുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ അവൾക്ക് അരിശം തോന്നി. “ഇവറ്റകൾക്കൊന്നും വേറെ പണിയൊന്നുമില്ലേ ?” അവൾ ചിന്തിച്ചു.
കുറെനേരം കാത്തുനിന്നപ്പോഴാണ്നീലിമയ്ക്ക് വക്കീലിനെ കാണാൻ കഴിഞ്ഞത്.
മുഖവുര കൂടാതെ അവൾ വക്കീനോട് പറഞ്ഞു
“എനിക്കൊരു ഡിവോഴ്സ് വാങ്ങി തരണം. അതിനായി ഒരു ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്യണം. ”
എന്താ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?”
“പ്രശ്നമില്ലെങ്കിൽ പിന്നെ വക്കീലാപ്പീസിൽ വരണോ സാറെ ?”
“അല്ല നിങ്ങളുടെ ഭർത്താവിൻ്റെ പേര്
ഡോക്ടർ ബാബുരാജ് എന്നാണോ ? അയാൾ അറിയപ്പെടുന്ന അറിയപ്പെടുന്ന അധ്യാപകനാണല്ലോ?അധ്യാപകർ ബാബുരാജ് മാഷിനെ പോലെ ആകണമെന്നാണ് എൻ്റെ മകൻ പറയാറ്. എന്റെ മകൻ കൃത്യമായി ക്ലാസിലിരിക്കുന്ന പീരിയഡ് ബാബുരാജ് മാഷിൻറെതായിരുന്നു. അനർഗളമായ ക്ലാസ് തമാശയും പാട്ടും. അതുകൊണ്ടാണ് അദ്ദേഹം പഠിപ്പിക്കുന്ന പാഠഭാഗം കുട്ടികൾ മറക്കാതിരിക്കുന്നത്. ഞാനും അയാളുടെ ഒരു ഫാനാണ് ട്ടോ. അതുപോകട്ടെ അയാൾ നിങ്ങളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കാറുണ്ടോ?”
” ഇല്ല”
” നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റാറുണ്ടോ? ”
“ഉണ്ട് ”
“അയാൾ നിങ്ങളുണ്ടാക്കുന്ന ഭക്ഷണത്തെ കുറ്റം പറയാറുണ്ടോ? ”
“ഒരിക്കലുമില്ല സാറേ അയാൾ എന്ത് കൊടുത്താലും പരാതിയില്ലാതെ കഴിച്ചോളും.
മൊബൈലിൽ പാട്ട് കേട്ടാണ് അയാൾ ഭക്ഷണം കഴിക്കാറുള്ളത് അതുകൊണ്ടുതന്നെ ഭക്ഷണത്തിൻ്റെ രുചിയെ കുറിച്ച് അയാൾ ചിന്തിക്കാറുണ്ടോയെന്ന് എനിക്ക് തോന്നാറില്ല. ഇന്ന് കളികൾക്ക്ഇന്ന് എങ്ങനെയുണ്ട് എൻറെ പാചകം എന്ന് ചോദിച്ചാൽ അയാൾ പറയും “യഥാ രാജ തഥാ പ്രജ “മനസ്സിലായില്ല എന്ന് പറഞ്ഞാൽ അയാൾ പറയും രാജാവ് എങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കും പ്രജകളും, നീന്നെ പോലെ സൂപ്പറാ നിൻ്റെ കറികളും ‘അയാൾ എന്നെ ആക്കിയതാണോ എന്ന് എനിക്ക് സംശയമുണ്ട്. അയാൾ എല്ലായിപ്പോഴും ബിസിയാണ് . ചിലപ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കും അല്ലെങ്കിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കും. അല്ലെങ്കിൽ പാട്ട് കേട്ട് കൊണ്ടിരിക്കും. ”
“സിനിമയ്ക്കോ ഔട്ടിങ്ങിനോ പോകാറുണ്ടോ?”
“പോകാറുണ്ട് പ്രത്യേകിച്ചും ഒരുപാട് പാട്ടുകൾ ഉള്ള സിനിമയാണ് അയാൾക്കിഷ്ടം ” “അയാൾ ഒരു പാട്ടുകാരനാണോ? ”
” എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. പാട്ടുകൾ കേൾക്കാൻ അയാൾക്ക് വലിയ ഇഷ്ടമാണ്.ഇടയ്ക്ക് ഞങ്ങൾ ഔട്ടിങ്ങിന് പോകാറുണ്ട് എനിക്കിഷ്ടമുള്ള ഭക്ഷണം വാങ്ങിച്ചു തരാനോ വസ്ത്രങ്ങൾ വാങ്ങി തരാനോ അയാൾക്ക് ഒരു നീരസവും തോന്നാറില്ല.എവിടെ പോയാലും ഒന്നുകിൽ അയാളുടെ സഹപ്രവർത്തകരോ അല്ലെങ്കിൽ അയാളുടെ വിദ്യാർഥികളോ അയാൾക്ക് ചുറ്റും കാണും. ഞാൻ ഒറ്റപ്പെട്ട് പോകാറുണ്ട്. അതുകൊണ്ട് ഞാൻ അയാളെ കല്യാണങ്ങൾക്കും മറ്റു വിശേഷങ്ങൾക്കും വിടാറില്ല. സഹപ്രവർത്തകർ നിർബന്ധിച്ചാൽ അയാൾ പറയും നിലമയ്ക്ക് സുഖമില്ല അതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തത്. ”
” നിങ്ങളുടെ വിവാഹം കഴിഞ്ഞ് എത്ര വർഷമായി ? ”
“അഞ്ച് കൊല്ലം. ”
“എന്താ കുട്ടികൾ വേണ്ടെന്ന് വച്ചത് ?അയാൾ ആണോ കുട്ടികൾ വേണ്ടെന്ന് പറഞ്ഞത്?”
” അല്ല ഞാനാണ് ”
ഇതെന്താണ് “അതെന്താ? ”
“കുട്ടികൾ ഉണ്ടായാൽ എൻ്റെ സൗന്ദര്യം കുറഞ്ഞു പോകും.അതുമാത്രമല്ല കുട്ടികളുണ്ടായാൽ എന്നെക്കാൾ ഏറെ അയാൾ കുട്ടികളെ സ്നേഹിച്ചേക്കാം. അതുകൊണ്ടാണ് ഞാൻ പ്രസവത്തിന് തയ്യാറാകാത്തത്. ”
“അയാൾക്കതിൽ വിഷമമുണ്ടോ ”
“അങ്ങേർക്ക് വിഷമമുണ്ടായിരുന്നു ഇല്ലെങ്കിൽ എന്ത്? ഞാൻ അല്ലേ പ്രസവിക്കേണ്ടത്? ”
” അതുപോകട്ടെ,ഇത്രയും സ്നേഹനിധിയായ അയാളിൽ നിന്ന് ഒരു വിവാഹമോചനം നേടണമെന്ന് നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കാനുള്ള കാരണമെന്താണ്?”
“അയാൾ ഇത്രയും കാലം എന്നെ പറ്റിക്കുകയായിരുന്നു അയാൾക്ക് ഒരുപാട് സ്ത്രീകളുമായി പ്രത്യേകിച്ചും തമിഴത്തികളുമായി ബന്ധമുണ്ട്.ഞാനത് മനസ്സിലാക്കാൻ താമസിച്ചുപോയി.അയാൾ പലപ്പോഴും കൂട്ടുകാരുമായി തമിഴ്നാട്ടിലെ അമ്പലങ്ങൾ കാണാൻ പോകുമായിരുന്നു.ഇപ്പോഴാണ് അയാൾ തമിഴ്നാട്ടിൽ പോകുന്നതിന്റെ രഹസ്യം മനസ്സിലായത് ”
“അയാൾക്ക് അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് മനസ്സിലാക്കിയത്?നിങ്ങൾ അയാളുടെ മൊബൈൽ ഫോൺ പരിശോധിക്കാറുണ്ടോ ?”
“ഞാൻ അയാളുടെ മൊബൈൽ ഫോൺ പരിശോധിക്കാറുണ്ട് പക്ഷേ അയാൾ വിളിക്കുന്ന പേരുകളൊന്നും ആ മൊബൈൽ ഫോണിൽ കണ്ടിട്ടില്ല.അയാൾ ഉറക്കത്തിൽ പലപ്പോഴും കണ്ണു മണിയെ കണ്ണു മണിയെ എന്ന് വിളിക്കാറുണ്ട് .എന്നെ അയാൾ മോളെ അല്ലെങ്കിൽ മോളൂസ് എന്നൊക്കെയാണ് വിളിക്കാറുള്ളത് അല്ലാതെ അയാൾ ഒരിക്കലും കണ്ണുമണി യെന്ന് വിളിച്ചിട്ടില്ല ചിലപ്പോഴൊക്കെ അയാൾ കണ്ണു മണിയെ ശിവാനി , കണ്ണുമണിയെ പവിത്ര ,കണ്ണു മണിയെ സുലക്ഷണാ എന്നൊക്കെ വിളിക്കാറുണ്ട്. ”
ഇത് കേട്ടതോടെ മോഹനൻ വക്കീലിന്റെയും ജൂനിയർ വക്കീലന്മാർ ചുണ്ടിൽ ചിരിപടർന്നു
“കണ്ണു മണിയെ ശിവാനി കലക്കി പൊട്ടി നീ
സൊക്ക വെക്കുംപാട്ട് പാടി അസത്തി പോട്ടി നീ ‘
ഇങ്ങനെയും പാടാറുണ്ടോ?”
നീലിമ അത്ഭുതത്തോടെ വക്കീലിനെ നോക്കി. ഇയാൾക്കും ആ സ്ത്രീയുമായി ബന്ധമുണ്ടാകുമെന്ന് അവൾ ചിന്തിച്ചു.
മാഷിന് പാട്ട് ഇഷ്ടമാണെന്നല്ലേ പറഞ്ഞത്. അയാളെ നിങ്ങൾ വിശ്വസിക്കാൻ പാടില്ല പാവംഅയാൾ കുറച്ച് പാട്ട് കേട്ടോട്ടെ. ഇതുപോലുള്ള ഭർത്താക്കന്മാരെ കിട്ടാൻ തപസ് ചെയ്യണം.സി ടിവിയിലെ സരിഗമപ സീനിയർ എന്ന പ്രോഗ്രാമിലെ കണ്ടസ്റ്റന്റിൻ്റെ പേരാണ് അയാൾ പാടിയത് അല്ലാതെ തമിഴ് സ്ത്രീകളൊന്നുമല്ല. അയാൾക്ക് പാട്ട് ഇഷ്ടമായതുകൊണ്ട് അതിൽ ജഡ്ജസ് പാടുന്ന വരികൾ അയാൾ രാത്രിയിൽ പാടി എന്നെ ഉള്ളൂ.അയാളെ ഉറക്കത്തിലെങ്കിലും പാടാൻ അനുവദിക്കൂ. അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ അയാൾക്ക് പരസ്ത്രിബന്ധമൊന്നുമില്ല. ഇനിയെങ്കിലും സംശയരോഗിയാകാതെ എന്തെങ്കിലും നിങ്ങൾക്ക് പറ്റുന്ന ജോലികൾ ചെയ്യുക. പ്രത്യേകിച്ച് ഒരു പണിയും ചെയ്യാതെ വീട്ടിലിരിക്കുന്നതുകൊണ്ടാണ് ഇത്തരം ചിന്തകൾ ഉണ്ടാകുന്നത് എത്രയും പെട്ടെന്ന് ഒരു കുട്ടിയുടെ അമ്മയാകാൻ നോക്കു. കുട്ടികളെ സ്നേഹിച്ച കഴിയുമ്പോൾ ഇത്തരം ചിന്തകൾക്കൊന്നും സമയമുണ്ടാകില്ല. അതുമല്ലെങ്കിൽ എന്തെങ്കിലും ജോലി പ്രവേശിക്കുക അപ്പോഴും സമയമുണ്ടാവില്ല.മടിയന്റെ മനസ് അല്ലെങ്കിൽ വെറുതെ ഇരിക്കുന്ന ആളുടെ തലയാണ് ചെകുത്താന്റെ പണിപ്പുര. അതുകൊണ്ട് ഇത്തരം ചിന്തകളൊക്കെ വെടിഞ്ഞ് രണ്ടുപേരും സുഖമായി ജീവിക്കുക.എന്താ ഇനിയും ഒരു ഡിവോഴ്സ് പെറ്റീഷൻ കൊടുക്കണമെന്ന് തോന്നുന്നുണ്ടോ?”
“ഇല്ല സാറേ ഒരിക്കലുമില്ല. ”
കെണിയിൽ വാല് കുടുങ്ങിയ എലിയെ പോലെയായി അവൾ.എങ്ങനെയെങ്കിലും വക്കീൽ ഓഫീസിൽ നിന്ന് പുറത്തിറങ്ങണമെന്ന ഒറ്റ ചിന്ത മാത്രമേ അപ്പോൾ നീലിമയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. സ്വന്തം ഭർത്താവിനെ അവിശ്വസിച്ചതിലുള്ളകുറ്റബോധത്തോടെ വീട് ലക്ഷ്യമാക്കി കുനിഞ്ഞ ശിരസോടെ അവൾ വീട്ടിലേക്ക് നടന്നു.
