മകന് ബൈക്ക് വാങ്ങാനായി കെട്ട് താലി ഊരിക്കൊടുത്ത അമ്മയെ കുറിച്ച് നിങ്ങൾക്കറിയാമോ? എൻ്റെ നാട്ടിലാണ് സംഭവം നടന്നത് .
18 വയസ്സായപ്പോൾ തന്നെ ലൈസൻസ് എടുത്ത മകൻ , സ്വന്തമായൊരു ബൈക്ക് വാങ്ങാൻ കഴിവില്ലാത്തത് കൊണ്ട് ഇടയ്ക്കിടെ കൂട്ടുകാരൻ്റെ ബൈക്ക് ചോദിച്ച് വാങ്ങിയാണ്, ഓരോരോ ആവശ്യങ്ങൾക്കും പൊയ്ക്കൊണ്ടിരുന്നത്
വിധവയായ രാധികചേച്ചി, രണ്ട് മക്കളെയും വളരെയധികം കഷ്ടപ്പെട്ടാണ് വളർത്തിക്കൊണ്ടുവന്നത് ,മൂത്ത മകളെ വിവാഹം കഴിച്ചയച്ചതിനുശേഷം, അമ്മയ്ക്ക് കൂട്ട്, മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെയിരിക്കെ ഒരു ദിവസം,അടുക്കളയിൽ ജോലി ചെയ്യുന്നതിനിടയിൽ അമ്മ തെന്നി വീണത് കണ്ട് ഓടിച്ചെന്ന മകൻ , അമ്മയെ പൊക്കി എഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും, അമ്മയുടെ കാല് നിലത്തു കുത്താൻ പറ്റാത്തത്ര പരിക്ക് സംഭവിച്ചിരുന്നു.
അമ്മയുടെ കാല് ഒടിഞ്ഞെന്ന്
മനസ്സിലായ മകൻ , അവരെ എത്രയും വേഗം
ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി
സ്ഥിരമായി ബൈക്ക് വാങ്ങിച്ച് കൊണ്ടിരുന്ന കൂട്ടുകാരനെ വിളിച്ച് ബൈക്ക് ചോദിച്ചു ,പക്ഷേ കൂട്ടുകാരൻ, ആ സമയത്ത് ബൈക്ക് കൊടുക്കാൻ തയ്യാറായില്ല,
ഓട്ടോറിക്ഷ പോലും കടന്ന് ചെല്ലാത്തത്ര ഇടുങ്ങിയ വഴിയിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം നടന്നോ ,അല്ലെങ്കിൽ ബൈക്കിലിരുത്തിയോ ,മാത്രമേ
ആ മകന് അമ്മയെ റോഡിൽ
എത്തിക്കാൻ കഴിയുമായിരുന്നുള്ളു.
സാരമില്ല മോനെ, നീ സങ്കടപ്പെടേണ്ട,
അമ്മ ഇടത് കാല് കുത്തി ,നടക്കാൻ
പറ്റുമോന്ന് നോക്കട്ടെ,,
കൂട്ടുകാരൻ്റെ കയ്യിൽ നിന്നും ബൈക്ക് കിട്ടില്ലെന്നറിഞ്ഞ്, മകൻ നിസ്സഹായതയോടെ നിൽക്കുന്നത് കണ്ട് ,അമ്മ പറഞ്ഞു.
അതു വേണ്ടമ്മേ എനിയ്ക്ക് ബൈക്കില്ലെന്നല്ലേ ഉള്ളൂ ,പക്ഷേ നല്ല ആരോഗ്യമുണ്ടല്ലോ? ഞാൻ അമ്മയെ തോളിലെടുത്ത് കൊണ്ടുപോകാം
അതും പറഞ്ഞ് മകൻ, അമ്മയെ
ചുമലിലേയ്ക്ക് കമിഴ്ത്തി കിടത്തിയിട്ട് ,ഇരുകൈകളും കൊണ്ട് അമ്മയുടെ ഒടിഞ്ഞ് തൂങ്ങിയ കാല് താങ്ങി പിടിച്ച് കുന്നിൻ മുകളിൽ ഉള്ള വീട്ടിൽ നിന്നും മെല്ലെയിറങ്ങി റോഡിലേക്ക് നടന്നു
മോനേ നിൻ്റെ ചുമലു വേദനിക്കും , നീ നന്നായി കിതക്കുന്നുണ്ട് ,നീ എന്നെ താഴെ ഇറക്ക് , ഞാൻ മെല്ലെ ഒറ്റക്കാല് കുത്തി നടന്നു വന്നോളാം,
മകൻ്റെ ചുമലിൽ കിടന്ന അമ്മയ്ക്ക്
തന്റെ ഒടിഞ്ഞ കാലിൻ്റെ വേദനയെക്കാൾ അസഹനീയമായി തോന്നിയത് ,മകൻ്റെ കിതച്ച് കൊണ്ടുള്ള നടപ്പ് കണ്ടിട്ടായിരുന്നു
അമ്മയൊന്ന് മിണ്ടാതിരിക്കമ്മേ , ,
എനിക്ക് ഒട്ടും വേദനിക്കുന്നില്ല, നമുക്ക് എത്രയും വേഗം ഹോസ്പിറ്റലിൽ എത്തണം
അങ്ങനെ ആ മകൻ അമ്മയെ റോഡിൽ എത്തിച്ചപ്പോഴേക്കും ഒരു ഓട്ടോറിക്ഷ കിട്ടുകയും ,അതിൽ അമ്മയെ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ച് ,മതിയായ
ചികിത്സ നല്കുകയും ചെയ്തു
പിറ്റേദിവസം ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാർജ് ചെയ്ത അമ്മയെയും കൊണ്ട് വീട്ടിലേക്ക് പോകാൻ കഴിയാത്തതിനാൽ കുറച്ചകലെയുള്ള ചേച്ചിയുടെ വീട്ടിലേയ്ക്കാണ് അവൻ പോയത്.
അല്ല ,നീയെന്താ അമ്മയെയും കൊണ്ട് ഇങ്ങോട്ട് വന്നത് ?ഇവിടെ തീരെ സൗകര്യമില്ലെന്നുള്ള കാര്യം നിനക്കറിയില്ലേ ?ആകെ ഒരു ബെഡ്റൂമാണുള്ളത് ,ദാസേട്ടനെ എന്തായാലും പുറത്തു കിടത്താൻ പറ്റില്ലല്ലോ? മാത്രമല്ല ,അമ്മയ്ക്ക് ബാത്റൂമിൽ പോകാനും മറ്റും പുറത്ത് വേറെ ടൊയ്‌ലറ്റുമില്ല, നീയൊരു കാര്യം ചെയ്യ് ,ദാസേട്ടൻ്റെ സ്കൂട്ടറ് ,ഷെഡ്ഡിലിരിപ്പുണ്ട്,
തത്ക്കാലം നീയാ സ്‌കൂട്ടറെടുത്ത് അമ്മയെയും കൊണ്ട് വീട്ടിലേയ്ക്ക് പെയ്ക്കോ, ദാസേട്ടൻ വരുമ്പോൾ സ്‌കൂട്ടറ് ഞാനാ നിനക്ക് തന്നതെന്ന് പറഞ്ഞോളാം,
സ്വന്തം മകളുടെ വായിൽ നിന്ന് വീണ വാക്കുകൾ കേട്ട് ,ആ അമ്മയുടെ
നെഞ്ച് പിടഞ്ഞു.
അത് വേണ്ട ചേച്ചി, വെറുതെ ദാസേട്ടനെ ബുദ്ധിമുട്ടിക്കേണ്ട ,അമ്മയെ ഞാൻ എങ്ങനെയെങ്കിലും വീട്ടിൽ എത്തിച്ചു കൊള്ളാം,
അത്രയും പറഞ്ഞ് അരുൺ വേഗം റോഡിലേക്കിറങ്ങി ,ഒരു ഓട്ടോറിക്ഷ
വിളിച്ചു കൊണ്ടുവന്നു ,
എടീ ചേച്ചി,എന്നെക്കാൾ കൂടുതൽ
അമ്മ നിന്നെയാണ് സ്നേഹിച്ചത് ,
ഞാൻ ഒരാൺകുട്ടിയായതുകൊണ്ട്
അവൻ എങ്ങനെയെങ്കിലും വളർന്നു കൊള്ളുമെന്ന് പറഞ്ഞ്,അമ്മയെന്നെ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു,ഇപ്പോൾ നിനക്ക് നിൻ്റെ ദാസേട്ടനാണ് വലുതല്ലേ ?ആയിക്കോട്ടെ ,നീയും ഒരു അമ്മയല്ലേ? പ്രായമാകുമ്പോൾ നിൻ്റെ മക്കൾ നിന്നോട് ഇതുപോലെ കാണിക്കാതിരിക്കട്ടെ
അത്രയും പറഞ്ഞ്, അരുൺ അമ്മയെ ഓട്ടോറിക്ഷയിലേക്ക് കയറ്റി , സ്വന്തം
വീടിന് മുന്നിലെ ഇടവഴിയിലെത്തിച്ചു.
ഡാ അരുണേ , ,അമ്മയ്ക്ക് ഇത്രയും ബുദ്ധിമുട്ടാണെന്നുള്ള കാര്യം ,ഞാൻ ഓർത്തില്ല ,ഞാൻ എൻ്റെ ബൈക്ക് കൊണ്ടുവന്നിട്ടുണ്ട് ,നമുക്ക് അമ്മയെ ബൈക്കിൽ വച്ചുകൊണ്ട് പോകാം ,
അപ്പോഴേക്കും അരുണിന്റെ കൂട്ടുകാരൻ അവിടെ ബൈക്കുമായി എത്തിയിരുന്നു
അത് കുഴപ്പമില്ലടാ എനിക്കിപ്പോൾ നല്ല ആരോഗ്യമുണ്ടല്ലോ ?നമ്മൾ മക്കൾക്ക് ആരോഗ്യമുള്ളപ്പോഴെ , അമ്മയെയും, അച്ഛനെയും ,ഇതുപോലെ ചുമലിലേറ്റി നടക്കാൻ കഴിയു ,പണ്ട് , നമ്മുടെ
അമ്മമാർ വയറ്റിലിട്ടും തോളിൽ കിടത്തിയും ഒക്കത്ത് വച്ചുമൊക്കെ എത്ര നടന്നിട്ടുള്ളതാണെന്ന് നിനക്കറിയുമോ ?
അതിൻ്റെയൊക്കെ കടം നമുക്കെന്നെങ്കിലും വീട്ടി തീർക്കാൻ പറ്റുമോടാ , ശരി എന്നാൽ പിന്നെ ഞങ്ങള് പോട്ടെ
കൂട്ടുകാരനോട് യാത്രപറഞ്ഞ് തന്നെയും ചുമലിൽ കിടത്തി ,കുന്നിൻ മുകളിലെ വീട്ടിലേയ്ക്ക് കിതപ്പോടെ മകൻ നടന്ന് കയറുമ്പോൾ , ആ അമ്മ തൻ്റെ കഴുത്തിൽ നിന്നും ,കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി ഊരാതെയിട്ടിരുന്ന ,കെട്ട് താലി ,അന്നാദ്യമായി ഊരിയത് എന്തിനാണെന്ന് ,ഇനി പറയണ്ടല്ലോ?
NB:- കഥ ഇഷ്‌ടമായാൽ എന്തെങ്കിലുമൊന്ന് പറയണേ 😄
തൈപ്പറമ്പൻ .
